ഇരുണ്ട ആകാശത്തില്‍ അങ്ങിങ്ങായ് ചില നേരിയ രേഖകള്‍ കോറിയിട്ട് ഒരു വെള്ളി വെളിച്ചം ഗുന്ജ്ജന്റെ മുഖത്തു പതിച്ചു. സജലങ്ങളായ അവളുടെ കണ്‍കോണുകള്‍ക്ക് തിളക്കം നല്കി ആ വെളിച്ചം മറഞ്ഞപ്പോള്‍ പിറകെ ഒരു മേഘഗര്‍ജനം ഭൂമിയില്‍ വീണു ചിതറി. ആ ശബ്ദമുയര്‍ത്തിയ ഭീതിയില്‍ അലമുറയിട്ടു കരയുകയാണ് തേജ. പത്തു വയസ്സുകാരന് രാജു കൊച്ച്ചനിയത്തിയെ മുറുകെ പുണര്‍ന്ന് ആശ്വസിപ്പിക്കുന്നുണ്ട്. വെള്ളക്കെട്ടുകള്‍ക്ക് നടുവിലെ മണ്‍തിട്ടകളില്‍ ഉയര്‍ത്തിയ പ്ലാസ്റ്റിക് കൂടാരങ്ങളിലെ വിളക്കിന് നാളങ്ങള്‍ കാറ്റിന്റെ കുസൃതിയില്‍ അണയണോ അതോ തുടര്‍ന്ന് കത്തണോ എന്ന ആശങ്കയില്‍ ആണ്.
വക്കു ചളുങ്ങിയ വട്ടപാത്രത്തില്‍ രണ്ടു പിടി *ആട്ടയില്‍ ഉപ്പു ചേര്‍ത്തു കുഴക്കുകയാണ് ഗുഞ്ഞ്ജന്.
കല്ലടുപ്പിനു മുകളിലെ ചപ്പാത്തി തവക്കടിയില്‍ പുകയുന്ന **കൊയില കുത്തി ഇളക്കി ഊതി കൊണ്ടിരിക്കേകൊടും തണുപ്പിലും താന്‍ വല്ലാതെ വിയര്‍ക്കുന്നുവോ എന്നവള്‍ സംശയിച്ചു. കൂട്ടുകാരന് പൂച്ചയുടെ കഴുത്തില്‍ ഒരു ചുവപ്പ് നാട കെട്ടുകയാണ് രാജു. ഇടയ്ക്കിടെ വിശക്കുന്നു എന്നവന് അമ്മയെ ഓര്‍മിപ്പിക്കുന്നുണ്ട്. ചൂട് പിടിച്ച തവക്ക് മുകളില്‍ ചപ്പാത്തി വേവാനിട്ട് പുറത്തു മഴ കനക്കുന്നത് നോക്കി ഗുന്ജ്ജനിരുന്നു. അടുപ്പിലെ കൊയിലയോടൊപ്പം അവളുടെ മനസ്സും പഴുത്തു ചുവക്കയാണ് എന്നവള്‍ക്ക് തോന്നി.
മൂലയ്ക്ക് മാറ്റിയിട്ട വൃത്തികെട്ട ഭാണ്ഡം പോലെ ചുരുണ്ട് കിടക്കയാണ് ഭോല. തെരുവ് സര്ക്കസ്സിനു
മുന്നോടിയായി മുഴക്കുന്ന ഡോളക്ക് നാദത്തെ അനുസ്മരിപ്പിക്കും വിധം അയാള്‍ തീവ്രമായി ചുമച്ചു
കൊണ്ടിരുന്നു. അയാള്‍ക്ക് അസുഖം കൂടുതലാണ്. കടുത്ത പനിയും ചുമയും അയാളെ സംസാരിക്കാന്‍ പോലും ശേഷിയില്ലാത്ത വിധം തളര്‍ത്തിയിട്ടുണ്ട്. ഭക്ഷണം വെറും വെള്ളം മാത്രമാക്കി ശ്വാസം നില നില്ക്കുന്ന അസ്ഥിപന്ജരമായി അയാള്‍ ചുരുങ്ങിയിരിക്കുന്നു.
നാളെ ബാസന്തിയെ കണ്ട് അല്‍പ്പം പണം ചോദിക്കാം . അവള് പിഴയാണെന്ന് എല്ലാരും പറയുന്നു. ഇല്ലായ്മയില്‍ സഹായിക്കുന്ന അവളുടെ പിന്നാമ്പുറ കഥകള്‍ താന്‍ എന്തിനറിയണം? ഭോലയെ വൈദ്യനെ കാണിക്കാതെ വയ്യ. മക്കള്‍ക്ക് റൊട്ടി കൊടുത്ത് ഭര്‍ത്താവിന്റെ ചുണ്ടിലേക്ക് ചൂടാറിയ കാപ്പി പകര്‍ന്നു നല്കവേ പുറത്തു മരിച്ചു കിടന്ന ഇരുളിന്റെ മുഖത്തേക്ക് മിന്നല്‍ വീണ്ടും വെളിച്ചമെറിഞ്ഞു കൊണ്ടിരുന്നു. തളം കെട്ടിയ നിശബ്ദത ഭഞ്ജിച്ചു മഴ കൂരക്കു മുകളിലെ പ്ലാസ്റിക് പാളിയില്‍ തീര്‍ക്കുന്ന ചന്നം പിന്നം ശബ്ദം വേറിട്ട് കേള്‍ക്കാം. നേത്താവലി എന്ന ഈ ഗ്രാമത്തില്‍ ഊര് തെണ്ടികളായ തങ്ങള്‍ തമ്പടിച്ചിട്ട് മാസങ്ങള്‍ ആയെന്നവളോര്‍ത്തു. അസ്വാസ്ഥ്യം കൂടും വിധമുള്ള ഭോലയുടെ ചുമ അവളുടെ കണ്‍കളില്‍ കയറാന്‍ വെമ്പുന്ന നിദ്രയെ ആട്ടിയകറ്റുകയാണ്. ഈ രാത്രി ഒന്ന് വേഗത്തില്‍ അവസാനിച്ചെങ്കില്‍ എന്നവള്‍ ആശിച്ചു.
നേരം നന്നായി വെളുക്കുന്നതിനു മുന്‍പ് തന്നെ അവള് ബാസന്തിയുടെ കൂടാരത്തിലെത്തി.
" ഭോലക്ക് വയ്യ ... കടുത്ത ജ്വരം "
കിതച്ചു കൊണ്ടാണവള്‍ അതത്രയും പറഞ്ഞു തീര്‍ത്തത്.
"വൈദ്യനെ കാണിച്ചില്ലേ ?" ബാസന്തി തിരക്കി ...
"കുടിയില്‍ ആട്ട വാങ്ങാന്‍ കാശില്ല"
അവളുടെ കണ്ണുകളിലെ നനവ് പതുക്കെ കവിളുകളില്‍ പടരുന്നത് ബാസന്തി കണ്ടു.
"നീ കരയാതെ ... ആത്മാറാമിന്റെ തള്ള് വണ്ടിയില്‍ നമ്മുക്കോനെ വൈദ്യന്റെ അടുത്തു കൊണ്ടുവാം "
ഒരു പക്ഷി തൂവല്‍ തൂക്കിയെടുക്കും പോലെ ഭോലയുടെ ശരീരം കൈത്തണ്ടയില്‍ കോരി വണ്ടിയില്‍
കിടത്തിയപ്പോള്‍ ആത്മാറാമിന്റെ കൈകള്‍ പോള്ളിയിരുന്നു.
"കടുത്ത ജ്വരം ... ആവതില്ല .. വെക്കം പോകാം "
കുറച്ചു പുകയില കറുത്ത പല്ലിനും ചുണ്ടിനും ഇടയില്‍ തിരുകി അയാള്‍ വണ്ടി വലിക്കാന്‍ തുടങ്ങി.
ഗ്രാമപാതയിലൂടെ നീങ്ങുന്ന കൈവണ്ടിക്ക് പുറകെ കണ്ണീരാല്‍ കുതിര്‍ന്ന മുഖവുമായി ബാസന്തിക്കൊപ്പം ഗുഞ്ഞ്ജന് നടന്നു.
സര്‍ക്കാര്‍ വൈദ്യരുടെ ആശുപത്രി മുറ്റത്ത് വണ്ടി നിര്‍ത്തി കൂടി നിന്ന രോഗികളോടായി ആത്മാരാം
പറഞ്ഞു.
"കടുത്ത ജ്വരം ... ആവതില്ല .. വെക്കം വൈദ്യരെ കാട്ടണം"
രോഗികള്‍ മാറി കൊടുത്ത വഴിയിലൂടെ ഭോലയെ കൈകളിലെടുത്ത് അയാള്‍ അകത്തേക്ക് നടന്നു.
വൈദ്യരെ കണ്ടു വന്ന ബാസന്തി ഗുന്ജ്ജനെ ആശുപത്രി മുറ്റത്തെ ഒഴിഞ്ഞ കോണിലേക്ക് വിളിച്ചു.
"ക്ഷയമാ .. മൂര്‍ചിചിരിക്കണ് ... തുപ്പണതും തൂറണതും ഒക്കെ നോക്കീം കണ്ടും വേണം ..
യ്യും കുട്ട്യോളും അടുത്തു എട പഴകണ്ട ... പട്ടണത്തില്‍ കൊണ്ടോണം ന്ന പറേണത്...
ജ്വരം കുറയാന്‍ മരുന്ന് തന്നിട്ടുണ്ട് "
ബാസന്തിയുടെ വാകുകള്‍ക്ക് ഗുന്ജ്ജന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും സൃഷ്ടിക്കാനായില്ല.
എങ്കിലും ആ മിഴികള്‍ പെയ്തു കൊണ്ടിരുന്നു .
മടക്ക യാത്രയില്‍ ബാസന്തി പറഞ്ഞു
"അന്നേ കാണാന്‍ ചേലുണ്ട് ... ഇക്ക് തരനതിലും പത്തുറുപ്പിക കൂടുതല്‍ തരാന്‍ ആളും ണ്ട് ... അന്ന്
യ്യ് ശീലാവത്യാര്‍ന്നു ..
ഇപ്പഴും ചോയിക്കാ .. ഇങ്ങനെ പട്ടിണി കിടന്നു ദീനം വന്നു മരിക്കണാ?"
"എന്നാലും ബാസന്ത്യേ.. അന്റെ കയുത്തില് കുങ്കന് കെട്ടിയ ചരടില്ലേ ?"
ഗുന്ജ്ജന്റെ മറുചോദ്യം കേട്ടതും ബാസന്തിയുടെ ക്രോധമുയര്‍ന്നു.
ഫൂ... വായില്‍ നിറഞ്ഞ മുറുക്കാന്‍ ദ്രാവകം നീട്ടി തുപ്പി ബാസന്തി പറഞ്ഞു ...
"കുങ്കന്റെ ചരട് ... ഒനാണു എന്നെ ആദ്യം വിറ്റു കാശ് വാങ്ങീത് " അതൊരട്ടഹാസമായി ഗുഞ്ഞ്ജന് തോന്നി.
" മാനം പോയോള്‍ക്ക് പിന്നെന്തു മാനക്കെട് ?
അനക്കറിയോ ... നാട്ടിലെ എല്ലാ സെട്ടുമാര്ടെം മുന്നില്‍ ബാസന്തി കൈ നീട്ടിട്ടിണ്ട് .. ഒരു
ചായ കാശിന്.. കയ്യിലെ അമ്പത് പൈസാ തന്നു എന്പതു വയസ്സാരന്‍ നോക്കനത് നമ്മടെ മാറിലും ചന്തീലും...."
"കാഴ്ച കോലം പോലെ നാട് മുഴോന്‍ തെണ്ടി നടന്നു പാതിരക്ക് പൈപ്പ് വെള്ളം കുടിച്ചു ഉറങ്ങാതെ
കയിഞ്ഞ ആ കാലം ഇക്കിനി വേണ്ട... ഇപ്പം ബാസന്തിക്ക് എല്ലാണ്ട്... കാശിന് കാശ് ...
ഹോട്ടല്‍ തീറ്റ .. സില്‍മാ ... അങ്ങനെ എല്ലാം. ഇരുട്ടിയാല്‍ കവലേലെ റിക്ഷക്ക് ഉള്ളില്‍ അയ്യഞ്ചു മിനുട്ട് കയറി ഇറങ്ങും .. നോട്ടുകളാ കയ്യില്‍ വരാ .. അന്നോട് പറാന്‍ വയ്യ .. ഇയ്യ് കവലയില്‍ കുത്തി മറഞ്ഞ് കുട്ട്യോള്‍ക്ക് വല്ലോം വാങ്ങിചോടക്ക് "
ബാസന്തിയുടെ മുഖത്ത് ഒരു യുദ്ധ വിജയത്തിന്റെ സംതൃപ്തി ഗുഞ്ഞ്ജന് ദര്‍ശിക്കാനായി !!
ആ തള്ള് വണ്ടിക്കൊപ്പം അവരും മുന്നോട്ടു ചലിക്കുകയാണ് ..
ചുമക്കാന്‍ ശക്ത്തി ഇല്ലാഞ്ഞാകാം ഭോലയില്‍ നിന്നും നേരിയ ഞരക്കങ്ങള്‍ മാത്രമേ പുറത്തു വരുന്നുള്ളൂ . കത്തുന്ന വിറകു കൊള്ളി കയ്യിലെടുക്കും പോലെയാണ് അത്മാറാം ഭോലയെ കൂടാരത്തിലെക്കെടുത്തു കിടത്തിയത് . ഏത് നിമിഷവും ഇവന്റെ അന്ത്യമായേക്കാം എന്നാവും അന്നേരം അയാള്‍ ചിന്തിച്ചത്.
"വൈദ്യന് തന്ന ഗുളിക കൊട് ..... ഓന് വല്ലാതെ വെറക്കിണ് " ... അല്‍പ്പം പുകയില കൂടി
വായില്‍ ഇട്ടു ആത്മാറാം ഗുന്ജ്ജനോട് പറഞ്ഞു..
ഭോലക്ക് ഗുളിക കൊടുത്ത് സര്‍ക്കസ് സാമഗ്രികളെടുത്തു കവലയിലെക്കിറങ്ങും മുന്‍പ് ഗുഞ്ഞ്ജന് അയാളെ ഒന്ന് കൂടി നോക്കി. കണ് തുറന്ന് അവളെ യാത്രയയക്കാന്‍ പോലും അശക്തനാണയാള്‍. മുഷിഞ്ഞ പുതപ്പു നിവര്‍ത്തി അയാളെ മൂടുമ്പോള്‍ വിണ്ടു കീറിയ അയാളുടെ ചുണ്ടുകളില്‍ ഈച്ചകള്‍ പാറുന്നതവള്‍ ശ്രദ്ധിച്ചു.
വലതു കയ്യില്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ച പൂച്ചയും ഇടതു തോളില്‍ തൂങ്ങുന്ന ഡോളക്കുമായി മഴ
വെള്ള ചാലുകള്‍ വീണ പാതയിലൂടെ നേത്താവലി കവലയിലേക്കു നടക്കയാണ് രാജു.
ഡോളക്കിന്റെ വലുപ്പ കൂടുതല്‍ മൂലം അവന് ഒരു വശം ചെരിഞ്ഞാണ് നടക്കുന്നത് . റോഡില്‍ കിടന്ന തകര പാട്ട തട്ടി തെറിപ്പിച്ചാണ് അവന്റെ നടത്തം. തലയിലെ ചാക്ക് കെട്ടും
തോളിലെ മുഷിഞ്ഞ മാറാപ്പിലെ തേജയെയും ചുമന്നു ഗുഞ്ഞ്ജന് അവനെ അനുഗമിക്കുന്നുണ്ട് . ഓരോ തവണയും ഇരട്ടി ആവേശത്തോടെ ആ പാഴ് വസ്തു തട്ടി തെറിപ്പിക്കുന്ന രാജുവില്‍ പതിവിനു
വിപരീതമായ എന്തോ അസാധാരണത്വം അവള് ദര്‍ശിച്ചു . അവനു വിശക്കുന്നുണ്ടാകാം....
അതിജീവനത്തിന്റെ വികൃത മുഖത്തേക്കുള്ള കടുത്ത പ്രഹരങ്ങളായി ഗുഞ്ഞ്ജന് ആ കുഞ്ഞു കാലിളക്കങ്ങളെ വായിച്ചെടുത്തു. കത്തുന്ന വിശപ്പിനോടുള്ള അവന്റെ പ്രതിഷേധം ഡോളക്കില്‍ അടിച്ചു തീര്‍ത്തു കവലയില്‍ ആളെ കൂട്ടുകയാണവനിപ്പോള്‍ .
കണ്ടു മറന്ന മേയ്യാട്ടങ്ങളില്‍ പുതുമ പോരാഞ്ഞാകാം ഏറെ നേരത്തെ ഗുന്ജന്റെ കസര്‍ത്തിനു ശേഷവും ഡോളക്കിനു മുന്നില്‍ വെച്ച പാത്രത്തില്‍ നാണയമൊന്നും വീണില്ല. നെറ്റിയിലെ വിയര്‍പ്പു തുടച്ചു മാറ്റി മണ്ണില്‍ കളിക്കുന്ന തേജയെ മടിയില്‍ വെച്ചു വേവലാതി പൂണ്ട് അവള്
രാജുവിനരികിലിരുന്നു. അവന്റെ കുഞ്ഞു കൈകള്‍ തളര്‍ന്നു തുടങ്ങി എന്നറിയിക്കും വിധം ഡോളക്ക് നാദം നേര്‍ത്തിരിക്കുന്നു.
പടിഞ്ഞാറ് ചുവക്കാന്‍ തുടങ്ങി. നിരാശ പേറുന്ന മനസ്സുമായി അവള് നാത്തു സേട്ടിന്റെ കടക്കു മുന്നിലേക്ക് നടന്നു. തലയിലെ ഗാന്ധി തൊപ്പി നേരെ വെച്ച് സേട്ട് ഗുന്ജ്ജനെ തറപ്പിച്ചൊന്നു നോക്കി. എന്നിട്ട് മുന്നോട്ടു പോകാന്‍ കൈ കൊണ്ട് ആംഗ്യം നല്കി. അത് കാണാത്ത മട്ടില്‍ അവിടെ തന്നെ നിന്ന് അവള് പതിഞ്ഞ സ്വരത്തില്‍ യാചിച്ചു.
"സേട്ട് ... എനിക്കൊരു കാല്‍ക്കിലോ ആട്ട തരൂ ... കാശ് ഞാന്‍ നാളെ കളിച്ചു കിട്ടിയാല്‍
തരാം "
ഒരു പൊട്ടി ചിരിയായിരുന്നു അതിനുള്ള മറുപടി!!.
"നീ കുറെ കളിക്കും ... ഈ നേത്താവലിയില്‍ ആര്‍ക്കു കാണണം നിന്റെ കളി?
നിങ്ങള്‍ക്കീ ജന്മം ദൈവം വിധിച്ചത് പട്ടിണിയാണ് ... നിനക്ക് ആട്ട തന്ന് പട്ടിണി മാറ്റി
ഞാന്‍ ദൈവ ഹിതത്തിനെതിരായി പ്രവത്തിച്ചു കൂടാ ....
എനിക്ക് ദൈവ ശിക്ഷ ലഭിക്കും ."
സേട്ടിന്റെ തത്വ ശാസ്ത്രം താള ബോധമില്ലാത്ത ഏതോ വാദ്യക്കാരന്റെ പെരുമ്പറവാദനം പോലെ അവളുടെ കാതുകളില്‍ മുഴങ്ങവേ ശരീരമാകെ വിറകൊള്ളുന്നത് അവള് അറിഞ്ഞു. കണ്ണുകളെ ഇരുള് മൂടാന്‍ തുടങ്ങി . ആ ഇരുളില്‍ നിന്നും വെള്ളകെട്ടിന് നടുവിലെ കൂടാരം തെളിഞ്ഞു വരുന്നു .
ചലനമറ്റു കിടക്കയാണ് ഭോല അതിനുള്ളില്‍ . കൂടാരത്തിന് മുകളില്‍ തത്തി കളിച്ചിരുന്ന കാറ്റ്
പെട്ടന്നൊരു സംഹാരഭാവം കൈകൊണ്ട് കൂടാരത്തിന്റെ മുകളെടുക്കുന്നു.
കാറ്റിന്റെ താണ്ഡവം നിലയ്ക്കുന്നില്ല. ഭോലയുടെ ശരീരത്തില്‍ നിന്ന് മുഷിഞ്ഞ പുതപ്പു തട്ടി
പറിക്കയാണ് കാറ്റ്. നഗ്നമായ ആ അസ്ഥിപന്ജ്ജരത്തിന്റെ മാറ് പിളര്‍ന്നു
ജീവന്റെ പക്ഷി മേല്‍ഭാഗം തുറന്ന കൂടാരത്തില്‍ നിന്ന് വിഹായസ്സിലേക്ക് പറന്നകലുന്നത് അവള് മനസ്സില്‍ കണ്ടു. ആ മുഖം ഈച്ചകള്‍ പൊതിഞ്ഞു വികൃതമാക്കിയിരിക്കുന്നു. ചെവികള്‍ രണ്ടിലും കൈചേര്‍ത്ത് അവളലറി വിളിച്ചു
" ഭോലാ ..."
അവളുടെ ദീന നാദം നേത്താവലി കവലയില്‍ അലിഞ്ഞലിഞ്ഞില്ലാതായി.
അവള് കിതക്കയാണ്.
ഒരു ദീര്‍ഘ നിശ്വാസത്തിനു ശേഷം ഏതോ ഭ്രാന്തമായ ഒരാവേശം അവളെ മുന്നോട്ടു നയിച്ചു. ആ പദ ചലനങ്ങള്‍ക്കൊപ്പം അവളുടെ ചുണ്ടുകളും ചലിച്ചു കൊണ്ടിരുന്നു.
"ഞങ്ങള്‍ക്കും ജീവിക്കണം ... ഒരു നേരമെങ്കിലും റൊട്ടി കഴിച്ച് .....
ഞങ്ങള്‍ക്കും ജീവിക്കണം "
പകലിന്റെ നിറം വല്ലാതെ മങ്ങി കഴിഞ്ഞു. ക്ഷീണിച്ച കണ്ണുകളാല്‍ ചുറ്റിലും അമ്മയെ തിരയുകയാണ് രാജു. ഒടുവില്‍ അവന് അമ്മയെ കണ്ടെത്തി. റോഡരികില്‍ നിര്‍ത്തിയിട്ട റിക്ഷയില്‍ ചാരി നിന്ന് നിഴല്‍ രൂപങ്ങളോട് വില പറയുകയാണവള്‍ !
ഇരുളിന് കനമേറുമ്പോള്‍ പങ്കിട്ടു നല്‍കാനുള്ള അവളുടെ മാംസത്തിന്റെ വില !!
രാജുവിന്റെ തളര്‍ന്ന കൈകള്‍ തീര്‍ക്കുന്ന ഡോളക്ക് നാദം അപ്പോഴും ഒരു തേങ്ങലായ്
നേത്താവലിയിലെ കവലയില്‍ മുഴങ്ങി കൊണ്ടിരുന്നു.
* ആട്ട ... ധാന്യ മാവ്
** കൊയില ... കല്‍ക്കരി
112 അഭിപ്രായ(ങ്ങള്):
നാടിന്റെ മുപ്പതു ശതമാനം ജനങ്ങള്‍ക്ക് യാതൊരു വിധ തൊഴിലും നല്കാന് കഴിയാത്ത ഭരണ കൂടങ്ങളോ...... അതോ നാത്തൂ സേട്ടിനെ പോലുള്ള കടോര മനസ്സുകളോ ?
ഇവരില്‍ ആരാണ് പട്ടിണി അവസാന ശ്വാസമെടുക്കും വരേയ്ക്കും പാതിവൃത്യം മുറുകെ പിടിക്കാനാഗ്രഹിക്കുന്ന ഗുന്ജ്ജന്മാരെ തെരുവുകളിലേക്ക് വലിച്ചിഴക്കുന്നത് ?
കഥ എഴുതി പരിചയമില്ല . പോരായ്മകള്‍ ഉണ്ടാകാം.. തിരുത്തി തരുമല്ലോ
വേണുവേട്ടാ,
എഴുത്ത്, ഭാഷ, സാഹിത്യം ഒന്നും കലര്‍പ്പില്ലാതെ.......
ഒരു പ്രൊഫഷണല്‍ എഴുത്തിന്റെ കരസ്പര്‍ശം ഇതിലുണ്ട്. ഇഷ്ടമായി.
ഇതു ലോകാവസാനത്തോളം ഉള്ള പാവപ്പെട്ടവന്റെ വേദനയാകയാല് കഥാ തന്തുവില്‍ അത്ര പുതുമയില്ല എന്നു പറയുന്നതില്‍ പ്രസക്തിയില്ല.
എഴുത്തിന്റെ ശൈലി, വായനാ സുഖം എന്നിവ മറ്റെല്ലാത്തിനെയും അതിജീവിച്ചു.
ഒറ്റവാക്കില്‍ "കറ തീര്‍ന്ന എഴുത്ത്"
വേണു, കഥ ഒഴുക്കോടെ വായിച്ചു പോകാന്‍ പറ്റി.
എങ്കിലും പറഞ്ഞു പറഞ്ഞു പിഞ്ഞിപ്പോയ പ്രമേയം എന്ന് പറയാതെ വയ്യ.
വളരെ മനോഹരമായ അവതരണം. കേട്ട പ്രമേയം എങ്കിലും ജോസലെറ്റ് പറഞ്ഞത് പോലെ ഒരിക്കലും പരിഹരിക്കപ്പെടാതെ നീളുന്ന ഒന്നാകയാല്‍ ഇടക്കുള്ള ഈ ഓര്‍മ്മപ്പെടുത്തലുകള്‍ ഒഴിവാക്കാന്‍ നമുക്കാവില്ല.
നല്ലെഴുത്ത് ഇഷ്ടായി.
കഥ വളരെ ഹൃദയ സ്പര്‍ശിയായി.പാവങ്ങള്‍ . അങ്ങനെ ഒരു വേശ്യ കൂടി ജന്മമെടുത്തു .
സുന്ദരമായ ആഖ്യാനം. തുറന്ന സമ്പദ്വ്യവസ്ഥയുടെ കാലത്തും ഈ പട്ടിണിയെക്കുറിച്ച് സംസാരിക്കുന്നതെന്ത് എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. രാജ്യത്തെ ഇരുപത് കോടി കുട്ടികള്‍ ഇന്ന് രാത്രിയും ഉറങ്ങാന്‍ കിടക്കുന്നത് ഒന്നും കഴിക്കാതെയാണ്. അതാര് അഡ്രസ് ചെയ്യും? എനിക്ക് വളരെ ഇഷ്ടപ്പെട്ടു വേണുവേട്ടാ, വളരെ ഇഷ്ടപ്പെട്ടു.നാട്ടില്‍ നിന്ന് പോന്നുവല്ലേ, നന്നായി. തുടര്‍ന്നും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍
കഥ എഴുതാന്‍ പഠിച്ചു കൊണ്ടിരിക്കുന്ന ആള് എന്നാ വിലാസം ഇനി മാറ്റിയേക്കുക...(പലയിടത്തും താങ്കള്‍ അങ്ങനെ പറഞ്ഞത് കണ്ടിട്ടുണ്ട്..)..
ഭാഷ, അവതരണം, ശൈലി ...എല്ലാം എല്ലാം...അതി മനോഹരം... അത് കൊണ്ട് തന്നെ വിഷയത്തിന്റെ പോരായ്മ എനിക്ക് കാണാന്‍ കഴിഞ്ഞില്ല...
നന്ദി...
കഥ എഴുതി പരിചയമില്ല . പോരായ്മകള്‍ ഉണ്ടാകാം.. തിരുത്തി തരുമല്ലോ....
എന്റെ വേണുവേട്ടാ നല്ല ഒഴുക്കോടെ നല്ല ശൈലിയില്‍ എഴുതിയ ഈ കഥ പരിചയമില്ലാത്ത ഒരു കൈകളില്‍ നിന്നു വന്നതാണെന്ന് ആരും വിശ്വസിക്കുകയില്ല.... പോരായ്മകള്‍ പരമാവധി പരിഹരിച്ചു കൊണ്ടുള്ള ഈ എഴുത്തിന് വേണുവേട്ടന്റെ കൈകള്‍ കൊണ്ടല്ലാതെയുള്ള തിരുത്തുകള്‍ ആവശ്യമാണെന്നും തോന്നുന്നില്ല....
സ്വീകരിച്ച പ്രമേയത്തില്‍ എനിക്ക് അപാകത തോന്നുന്നില്ല.... സമൂഹവും മനുഷ്യനും അസമത്വങ്ങളും നിലനില്ക്കുവോളം സര്‍ഗസൃഷ്ടികളില്‍ ഇത്തരം വിഷയങ്ങള്‍ പ്രസക്തമാണ്....
വേറൊരു കാര്യം കൂടി ---- വേണുവേട്ടന്റെ എഴുത്തിന്റെ ഗ്രാഫ് കുത്തനെ ഉയരുകയാണ്.....
എപ്പോഴും പ്രസക്തിയുള്ള കഥ. ഇടയ്ക്കു ചിലവരികള്‍ അസാദ്ധ്യമായിരുന്നു!!! നല്ല കയ്യടക്കത്തോടെ മുഴുവനും പറഞ്ഞു. വാക്കുകളുടെ വിന്യാസം മനോഹരമായിരിക്കുന്നു. തുടക്കത്തിലെ വരി, സേട്ടിന്റെ കളിയാക്കല്‍ ഒക്കെ മറക്കാന്‍ കഴിയില്ല.
ആശംസകള്‍.
വേണുവേട്ടാ....
മുകളില്‍ പറഞ്ഞവരുടെ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്.
കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാണിക്കാനില്ലാത്ത ഒഴുക്കൊടെയുള്ള എഴുത്ത്....
അഭിനന്ദനങ്ങള്‍ .... ആശംസകള്‍ ...
പ്രിയ സുഹൃത്തേ ഈ രചനാവൈഭവം അഭിനന്ദനീയം.കഥയ്ക്ക് ഒരു പുതുമണമുണ്ട്.മറ്റു കഥകളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ശൈലിയും.അകമഴിഞ്ഞ അഭിനന്ദനങ്ങള്‍..!
എത്ര പറഞ്ഞു പഴകിയ പ്രമേയവും വായനകാരന്റെ
മനസ്സില്‍ അല്പം ചലനം സൃഷ്ടിക്കാന്‍ പര്യാപ്തമായി എങ്കില്‍
അത് കഥാകാരന്റെ വിജയം..അത്തരത്തില്‍ ഇത് പൂര്‍ണമായും
ഒരു വിജയം ആണ്..കാരണം അവസാന ഭാഗങ്ങള്‍, ഗത്യന്തരം
ഇല്ലാതെ തന്റെ ചെറുത്തു നില്പിന് അടിയറവു പറയുന്നതും
ഡോലക് കൊട്ടി കൈ തളരുന്ന കുട്ടിയുടെ ദൈന്യതയും വായനക്കാരുടെ
മനസ്സു സ്പര്‍ശിക്കുന്ന എഴുത്ത് തന്നെ...അഭിനന്ദനങ്ങള്‍...ഇനിയും ആ
ആമുഖ വാക്യങ്ങള്‍ ഒഴിവാകുക ആണ് ഭംഗി കേട്ടോ....എഴുതി പരിചയം
ഇല്ല എന്ന്...പിന്നെ പുതിയ പ്രമേയങ്ങള്‍ ഭംഗി ആയി വഴങ്ങുന്ന
രചന ശൈലി ഉള്ളത് കൊണ്ടു ഇനി അങ്ങനെ കൂടി ശ്രമിക്കൂ...
ആശംസകള്‍...
അവതരണം മനോഹരമായിരിക്കുന്നു വേണുവേട്ടാ.. തുടക്കം മുതൽ ഒടുക്കം വരെയുള്ള ഒഴുക്കും വാക്കുകളുടെ പ്രയോഗങ്ങളും എഴുത്തിന്റെ ശക്തി തെളിയിക്കുന്നു. അഭിനന്ദനങ്ങൾ..
മികവുറ്റ ആഖ്യാനത്തിലൂടെ,കഥ മനോഹരമാക്കിയിരിക്കുന്നു.!
നല്ല ഒഴുക്കോടെ വായിച്ചു.
എന്തേലുമൊരു കുറ്റം പറയാതെ പോണതെങ്ങ്നെയാ..!
ഒരു കാര്യം ചെയ്യ്, ഖണ്ഡിക തുടങ്ങുമ്പോൾ വലത്തേക്ക് അൽപ്പംകൂടി മാറ്റിത്തുടങ്ങിക്കോളൂ..
ആഹാ സമാധാനായി..!
ഈ നല്ല എഴുത്തിന് ആശംസകൾ വേണുവേട്ടാ..
വേണുജീ..
>>ഞങ്ങള്‍ക്കും ജീവിക്കണം<<< ഈ വാക്കുകളിലുണ്ട് ജീവിതത്തോടുള്ള അത്യാര്‍ത്തി..
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു..
പശ്ചാത്തലത്തിലെ പുതുമ നന്നായി.
അഭിനന്ദനങ്ങള്‍..
വ്യതിരിക്തമായ അവതരണ മികവും, ഭാഷയുടെ ഭംഗിയും പ്രത്യേകം പ്രശംസിക്കപ്പെടുന്നു. വേണുവേട്ടന് നല്കുന്ന ഈ വയനാ സുഖം നുകര്‍ന്ന് പോകുമ്പോള്‍ നമ്മള് കടപ്പെട്ടവരാണ് . തീര്‍ത്തും ...
നാം ചുറ്റും കാണുന്ന യാഥാര്‍ത്ഥ്യങ്ങള്‍.. നന്നായിട്ടുണ്ട് വേണുട്ടാ ,ആദ്യ ഭാഗത്ത് തന്നെ അറിയുന്നുണ്ട് ആ അവതരണ മികവ്. ഓരോ വരികളിലും പക്യതയാര്‍ന്ന എഴുതി തെളിഞ്ഞ ശൈലി പ്രകടമാകുന്നുണ്ട് ഇനിയും വായിക്കുക എഴുതുക .എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
കുറ്റമറ്റ ഒരു കഥ വായിച്ചു. ഒന്നും കൂട്ടാനും കുറയ്ക്കാനും ഇല്ല. അതി ഭാവുകത്വവും ഇല്ല. എല്ലാം പാകത്തിന്. കഥാപാത്രങ്ങളുടെ പേരുകള്‍ തിരഞ്ഞെടുത്തതില്‍ പോലും സൂക്ഷ്മത പാലിച്ചിരിക്കുന്നു.
പാതിവൃത്യത്തില്‍ നിന്നും അഭിസാരികയിലേക്കുള്ള പരിണാമഗുപ്തിയില്‍ ജീവിത സാഹചര്യങ്ങള്‍ക്കുള്ള പങ്കു അനുവാചകര്‍ക്കു ബോധ്യമാകും വിധം സ്വാഭാവികതയോടെ അവതരിപ്പിച്ചു.
അതില്‍ കൂടുതല്‍ ഒരു കഥയ്ക്ക് എന്ത് വേണം. അഭിനന്ദനങ്ങള്‍ വേണു ജി.
ജ്വലിക്കുന്ന കുറേ കൊയലക്കനലുകൾ ഉള്ളിലെറിഞ്ഞാണു കഥ അവസാനിക്കുന്നതു... ഭാഷയുടെ സൗന്ദര്യം കഥയെ മികച്ചതാക്കുന്നു.
നന്നായി പറഞ്ഞു വേണുവേട്ടാ ആശംസകള്‍
നല്ലൊരൂ കഥ വായിച്ചു, പ്രദീപ് കുമാർ പറഞ്ഞത് പോലെ, എഴുത്തിന്റെ ഗ്രാഫ് കുത്തനെ ഉയർന്നുകൊണ്ടിരിക്കുന്നു. അഭിനന്ദനം
സ്വന്തമായ ശൈലിയൂടെ കഥയെ സരസമായി അവതരിപ്പിച്ചു ..നല്ല വായനാ സുഖം നല്കിയതോടപ്പം . കഥയില്‍ ജീവിക്കാന്‍ പാട് പെടുന്ന ചില ജന്മങ്ങളെ പച്ചയായി അവതരിപ്പിച്ചു . ആശംസകള്‍ വേണു ചേട്ടാ .. ബൈ .. അപ്ന അപ്ന
നേത്താവലിയിലെ കാറ്റ് മനസ്സില്‍ ചുറ്റിയടിക്കുന്നു,
രാജുവിന്റെ ഡോളക്ക് ഇടമുറിയാതെ ശബ്ദിക്കുന്നു...
വിശന്ന് കഴിയുന്ന മക്കളും രോഗിയായ ഭര്‍ത്താവും ഗുന്ജ്ജനെ കൊണ്ട്
'ഒരു നേരമെങ്കിലും റോട്ടി തിന്ന് ജീവിക്കാന്‍ തീരുമാനമെടുപ്പിക്കുമ്പോള്
വായനക്കാരുടെ മനസ്സില്‍ നിസ്സഹായതക്കോപ്പം കുറ്റബോധവും.....
'കഥയെഴുതി പരിചയമില്ലാത്ത' വേണുഗോപാലിന്റെ കഥയ്ക്ക് മുന്നില്‍ പ്രണാമം.
വേണുവേട്ട ..കഥയല്ലിത് ജീവിതം ...
ആ ബാസന്തിയെ ,ഗുഞ്ഞ്ജനെ ഞാന്‍ കാണുന്നു.. പണ്ടൊരിക്കല്‍ ഒരു സായാഹ്നത്തില്‍ ചുവന്ന തെരുവില്‍ കണ്ട കാഴ്ച .. വാതിലും ജനലുമില്ലാത്ത പൊട്ടിപോളിഞ്ഞ മുറികള്‍ക്ക് മുന്നില്‍ ഒരു നേരത്തെ ആഹാരത്തിനായി അര്‍ദ്ധ നഗ്നരായി ഇരയെ കാത്തിരിക്കുന്ന ഒരു പാട് സ്ത്രീകളും ,പെണ്‍കുട്ടികളും ..റോഡരികിലൂടെ നടന്നു പോകുന്നവരെ പൊക്കിയെടുത്തു കൊണ്ടുപോകുന്ന പെണ്ണുങ്ങള്...അന്നൊരിക്കല്‍ ഇരുകയും മാറത്തെ ഇരു പോക്കറ്റിലുംപിടിച്ചു പേടിച്ചു വിറച്ചു ചുവന്ന തെരുവിന് നടുവിലൂടെ പോരേണ്ടി വന്നപോള് കണ്ട കാഴ്ച ..ഇന്നും ന്റെ കണ്മുന്നില് ..അവരും ഇതുപോലെയുള്ള ജന്മങ്ങളാവും ല്ലേ ...പറയാന്‍ വാക്കുകളില്ല ..കഥ എഴുതാനറി യാത്ത ഞാനും എഴുതി ഇത്തിരി....സ്നേഹ പൂര്‍വം ..
പുതുമയുള്ള പ്രമേയങ്ങൾ കൂടി കണ്ടെത്തുകയാണെങ്കിൽ വേണുവേട്ടൻ കസറും !
ഈ ബ്ലോഗില്‍ ഞാന്‍ ഇത് വരെ വായിച്ചവയില്‍ ഏറ്റവും മനോഹരമായ ഒരു പോസ്റ്റ്.. കൈത്തഴക്കം, കൈയൊതുക്കം, ശൈലി, ഭാഷ, കഥക്ക് തിരഞ്ഞെടുത്ത പശ്ചാത്തലം എല്ലാത്തിലും പ്രൊഫഷണലിസം കാണാന്‍ കഴിഞ്ഞു. ഈ കഥ ഏതെങ്കിലും ആഴ്ചപ്പതിപ്പിലേക്കോ മാഗസിനിലേക്കോ അയച്ചു കൊടുക്കുക. തീര്‍ച്ചയായും ഇത് കൂടുതല്‍ പേര് വായിക്കപ്പെടട്ടെ..
തുടക്കം മുതല്‍ അവസാനം വരെ എന്നും ഈ പ്രമേയം അങ്ങനെ തന്നെ. അവതരണം ഉഷാറായി.
അഭിനന്ദനങ്ങൾ,വളരെ നന്നായി എഴുതി.
കഥയെഴുതുവാൻ അറിയില്ല എന്ന് എഴുതരുതെന്ന്......ങാ. പറഞ്ഞില്ലെന്ന് വേണ്ട.
ഈ കഥ ലോകത്തിന്റെ പല ഭാഗങ്ങളിലും ആവർത്തിച്ചുകൊണ്ടിരിയ്ക്കുന്നു. ഈ പ്രമേയം അന്യമാകുന്ന എന്തിനാണ് മനുഷ്യർ ഇത്ര കഷ്ടപ്പെട്ടിരുന്നത് എന്നു ചോദിയ്ക്കുന്ന ഒരു തലമുറയെ കാണുവാൻ ഈ ഭൂമിയ്ക്ക് എന്നെങ്കിലും ഭാഗ്യമുണ്ടാകട്ടെ.
ഒന്നും പഴകുന്നില്ല .ചുമച്ചു തുപ്പുന്ന പാവം തെരുവ് സര്‍ക്കസ്സുകാരനും സ്വന്തം ശരീരത്തിന് വില പേശുന്ന അവന്റെ ഭാര്യയും ഒന്നും .വെനുവേട്ടന്റെ എഴുത്തിന്റെ ഗ്രാഫ് വളരെ വളരെ ഉയര്‍ന്നു എന്നാ അഭിപ്രായം തന്നെയാണെനിക്കും ..അഭിനന്ദനങ്ങള്‍
തെരുവിലെ മനുഷ്യരുടെ നേര്‍ക്കാഴ്ചയാണിത്. ഒരു ചാണ് വയറിന്നു വേണ്ടി ശരീരം കാഴ്ച വെക്കേണ്ടി വരുന്ന പാവം നാടോടി സ്ത്രീ. നല്ല കഥ. നന്നായി എഴുതി.
വേണുവേട്ടാ ഞാനിതിനെ പറ്റി എന്താ പറയുക ? ഹോ....! അതിലെ ആഭൊലയുടെ മരണത്തിന്റെ വിശദീകറ്റണം വായിച്ചപ്പോൾ ഞാൻ വായന നിർത്തി,ആദ്യം മുതൽ ഒന്നുകൂടി തുടങ്ങി. അത്രയ്ക്ക് മനസ്സിൽ ആഴത്തിൽ പതിച്ച് പോയി ആ വിശദീകരണം. നല്ല ഒരു കഥ. ഇന്നത്തെ ആദ്യവായനയാ. ഇനി എല്ലാ വായനകളിലും ഇതിന്റെ ഹാങ്ങോവർ ഉണ്ടാകും. ആശംസകൾ.
വളരെ നല്ല കഥ. ഇതാണ് ഇപ്പോഴും വടക്കേ ഇന്‍ഡ്യയിലെ നമ്മുടെ ഗ്രാമങ്ങളിലെ ജീവിതം. ഭാരതത്തെ അറിയണമെങ്കില്‍ അങ്ങോട്ടു തന്നെ പോകണം. ജീവിതത്തിന്റ യഥാര്‍ത്ഥമുഖം വരച്ചുകാട്ടിയ കഥാകാരന് അഭിനന്ദനങ്ങള്‍
ഗംഭീരം... അവതരണം
വായനാ സുഖം തരുന്ന നല്ല ഭാഷ
ആരൊക്കെ എത്രയൊക്കെ എഴുതിയാലും ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത നല്ല വിഷയം.
വായിച്ചു കഴിഞ്ഞപ്പോൾ ഒരു വിങ്ങൽ....
നല്ല കഥഎഴുത്തുകാരന് ഒരുപാട് ആസംസകൾ
ജോസ്.. ആദ്യ വായനക്കും അഭിപ്രായത്തിനും നന്ദി !
ശ്രീമതി സേതുലെക്ഷ്മി .. പ്രമേയ പുതുമ ഇല്ല എന്നത് തന്നെയാണ് എന്റെ കഥകളുടെ മുഖ്യ പോരായ്മ.. പരിഹരിക്കാന്‍ ശ്രമിക്കാം ...
രാംജി സര്, റോസിലി ജി, ആരിഫ് ജി, ഖാദൂ നല്ല വായനക്ക് നന്ദി .
പ്രദീപ് മാഷേ .. ഗുരു സ്ഥാനീയറില് നിന്നും ഇത്തരം വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഉള്ള സന്തോഷം വലുതാണ്
ശ്രീ അജിത്ത് .. വസ്തുനിഷ്ഠമായ വിലയിരുത്തലിനു നന്ദി.
അബ്സാര്‍ ഡോക്ടര്‍, മോഹമ്മേദ് കുട്ടി മാഷേ, എന്റെ ലോകം, ജെഫു, ശ്രി പ്രഭന്, വില്ലജ് മാന്‍, പരപ്പനാടന്‍, ഷാജി ഷാ.. വായനക്ക് നന്ദി
ശ്രീ അക്ബര്‍, അജിത്ത് .. നല്ല വിലയിരുത്തലിനു നന്ദി ഏറെയുണ്ട്.
നിലേഷ്, ബെഞ്ചാലി, അപ്ന അപ്ന മുതലാളി, വായനക്ക് നന്ദി
ശ്രീമതി മാണിക്യം .. ഈ പ്രോല്‍സാഹനം എങ്ങിനെ മറക്കാന്‍
അഷറഫ് മാനു ... മുംബയില്‍ ഒക്കെ കറങ്ങിയ ആള് ആണല്ലേ !
വിഡ്ഢി മാന്‍ .. ശ്രദ്ധിക്കാം
ശ്രീ മനോരാജ് ... അഭിപ്രായം നെഞ്ചോട് ചേര്‍ക്കുന്നു ..
എച്മു .. ഇനി അങ്ങിനെ പറയില്ല ... വായനക്ക് നന്ദി
സിയാഫ് ജി, കേരളെട്ടന്, മനു, ശ്രീമതി കുസുമം & ഉഷശ്രീ
ഈ നല്ല വായനക്ക് ഹൃദയം നിറഞ്ഞ നന്ദി
വേണുവേട്ടാ....
ഞാന്‍ ഈ ബ്ലോഗില്‍ വായിച്ചതില്‍ ഏറ്റവും ഇഷ്ടമായ കഥ....!
ഭാഷയുടെ ഭംഗി. മനസ്സറിഞ്ഞു പറഞ്ഞ കഥ.
രാജ്യത്തിന്റെ പുരോഗതിക്കൊപ്പം വിശന്നു പൊരിയുന്ന ചേരികളും കുടിലുകളും എണ്ണത്തില്‍ കൂടി വരിക തന്നെയാണ്. അതുകൊണ്ട് തന്നെ പ്രമേയം പഴകുന്നില്ല.
‘മൂലക്ക് മാറ്റിയിട്ട വൃത്തികെട്ട ഭാണ്ഡം പോലെ ചുരുണ്ടു കിടക്കുകയാണ് ഭോല. തെരുവ് സര്‍ക്കസിന് മുന്നോടിയായ് മുഴങ്ങുന്ന ഡോളക് നാദം പോലെ അയാള്‍ തീവ്ര്മായ് ചുമച്ചു.’
ഭോലയെ നേരില്‍ കാണുന്നു.. ആ ചുമ മനസ്സിലേക്ക് പടരുന്നു.
വായിച്ചു കഴിയുമ്പോള്‍ ‘ഞങ്ങള്‍ക്കും ജീവിക്കണം’ എന്ന് ആരൊക്കെയോ വിളിച്ചു പറയുന്ന ആര്ത്ത നാദം ബാക്കിയാവുകയാണ്...
അഭിനന്ദനങ്ങള്‍ വേണുവേട്ടാ.. ഒരുപാട് നല്ല കഥകള്‍ ഇനിയും പിറക്കട്ടെ...
അതെ, ഇത് കഥ തന്നെ.. അസ്സല് ഒരു കഥ.. പാവപ്പെട്ടവന്റെ കതന കഥ.
... വെറുമെഴുത്ത് ...
വേണുവേട്ടാ ,,കൂടുതല്‍ ഇഷ്ട്ടമായത് രചനാശൈലിയാണ് ,,ഒറ്റ വീര്‍പ്പില്‍ വായിച്ചു തീര്‍ത്ത ഒരു നല്ല കഥ ..ബൂലോകം നിലവാരത്തകര്‍ച്ച യിലേക്ക് പോകുന്നു എന്ന് പരിതപിക്കുന്നവര്‍ക്ക് ഒരു നല്ല മറുപടി ,,,
ഹോ ഇതൊരു വല്ലാത്ത പിരിമുറുക്കം മനസ്സില്‍ തീര്‍ത്തല്ലോ വേണുവേട്ടാ... രാജ്യത്തെ മുഴുവന്‍ പാവങ്ങളുടെയും പട്ടിണി അകറ്റാന്‍, രണ്ടുനേരം അവര്‍ക്ക് പശിയടക്കാന്‍ എന്തേലും ഒരു സംവിധാനം.... അത് നാട് ഭരിക്കുന്നവരുടെ ബാധ്യതയാകുന്ന ഒരു നിയമനിര്‍മാണം തന്നെ നാട്ടില്‍ ഉണ്ടാവണം.
നല്ല കഥ. നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ..
അഭിനന്ദന പ്രവാഹങ്ങൾക്കിടയിൽ എന്നേയും പരിഗണിയ്ക്കൂ...
ഹൃദയം നിറഞ്ഞ ആശംസകൾ വേണുവേട്ടാ...!
പിടിച്ചിരുത്തിയ വായന നൽകി..
സംസ്ക്കാരമുള്ള മനുഷ്യന്റെ സ്വഭാവം, ചിന്ത, ജീവിതം മാറ്റി മറിയുന്ന കാഴ്ച്ചയാണ് ഈ വായന നൽകിയത്..നന്ദി..!
സംഭാഷണങ്ങൾ കഥയ്ക്ക് ജീവൻ നൽകുന്നു എന്നത് എത്ര വാസ്തവം..
എല്ലാം അനുഭവിച്ചു, ഒരൊറ്റ വായനയിൽ നിന്ന്..മികവുറ്റ സൃഷ്ടി തന്നെ...അഭിനന്ദനങ്ങൾ...!
വേണു ജീ
മനോഹരമായിട്ടുണ്ട് കഥ.
ഞാനും നോക്കുന്നത് വിഷയത്തിന്റെ പുതുമയിലേക്കല്ല. കഥ ആസ്വദിക്കാന്‍ പറ്റിയോ എന്നാണ്.
ഒരു നേരത്തെ അന്നത്തിനു വേണ്ടി ജീവിതത്തിനു വില പറയുന്നവര്‍,
അനുകമ്പയില്ലാത്ത ലോകത്ത് കണ്ണീരില്‍ കുളിക്കുന്നവര്‍,
വിശന്ന വയറിനു മുന്നില്‍ നിസ്സഹായതോടെ വയിതെറ്റിപോകുന്നവര്.
ഇവരുടെ ജീവിതം ഭംഗിയായി വരച്ചിട്ടിട്ടുണ്ട് ഇവിടെ.
അഭിനന്ദനങ്ങള്‍
വേണു ഏട്ടാ .... വരാന്‍ വൈകിയതിനു ക്ഷമ . . . രണ്ടു ദിവസായി ഒരു കൂട്ടുകാരന് വിരുന്നിനു ഉണ്ടായിരുന്നു .
അനുഭവങ്ങളില്‍ നിന്നും കഥയിലേക്കുള്ള യാത്രയില്‍ ഒരു കൈയ്യോതുക്കമുള്ള കഥാ കാരന്റെ ജനനം . . . .
കഥ ഇഷ്ടമായി എന്ന് പറയട്ടെ . . . അതിലും എനിക്ക് ഇഷ്ടമായത് നര്മ്മതോടെയുള്ള പഴയ എഴുത്ത് തന്നെയാണ് (എനിക്ക് ഇഷ്ടം നര്‍മ്മം മാത്രം ആണ് , പ്രായത്തിന്റെയാ ട്ടോ).
കഥകള്‍ ഇനിയും പിറക്കട്ടെ . . .
മരിച്ച ഇരുളിലേക്കുള്ള ഇടിമിന്നല്‍ പൊലെ
പുറത്ത് ദൈന്യതയുടെ ആഴം കൂട്ടിയുള്ള
മഴയുടെ ദുരിതം പേറുന്ന മുഖവും ,നേരും ..
നേത്താവലി ഗ്രാമത്തിലേ ഒരു കുടുംബത്തിന്റെ
കണ്ണുനീര് ഒട്ടും ചോരാതെ തീവ്രമായീ പകര്‍ത്തിയിട്ടുണ്ട് ..
ഇന്നിന്റെ ബന്ധങ്ങളില്‍ നാം കാണാതെ പൊകുന്ന
പവിത്രമാം താലി ബന്ധം അവസ്സാനം വരെ കരുതലൊടെ
കാക്കാന്‍ കാലം അനുവദിക്കാത്ത ഗുന്ജ്ജന്റെ നിമിഷങ്ങള്‍ ..
ഒരുപാട് സമാന കഥകളിലൂടെ നാം കടന്നു പൊയിട്ടുണ്ടെങ്കിലും
വേണുവേട്ടന്റെ മനസ്സിന്റെ ആഴങ്ങളില്‍ തുടിക്കുന്ന
ചിലതിന്റെ രുചികള്‍ കൂട്ടി ചെര്ത്തൊരുക്കിയ നോവ് !
ഭോല ഒരു സമൂഹത്തേ പ്രതിധിധാനം ചെയ്യുന്നു ..
പതറിയ പൊകുന്ന കുടുംബത്തിന്റെ നെടും തൂണാകേണ്ടീ
വരുന്ന വീട്ടമ്മമാരെയും ,പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മറച്ച
കൂടാരങ്ങള്‍ക്കുള്ളില്‍ സ്വന്തം വിധിയേ വരെ മന്ദസ്മിതമോടെ
നേരിടുന്ന ആ പെണ്മനസ്സ് ,രണ്ടു മക്കളുടെ നടുവിലും
പ്രതീഷകളൊടെ ജീവിക്കുന്നു ,സ്വന്തം ഭര്‍ത്താവിന്റെ
അസുഖത്തിന്റെ കാഠിന്യമറിയുമ്പൊഴും അവള് നിര്‍വികാരമായ
ഭാവങ്ങളൊടെ നില്ക്കുന്നു ,ജീവിതം എത്ര ദുസ്സഹമാണല്ലെ !
ഒരുവള്‍ പിഴയാണെന്ന് പറയുവാന്‍ ,അവളെ കല്ലെറിയുവാന്‍
നാം ഒത്തു കൂടുകയും , നാവനക്കുകയും ചെയ്യുമ്പൊള്‍
അവളിലേ ആഴങ്ങളിലേ വേവറിയിന്നുണ്ടൊ ആരെലും ..
സുഖം വിറ്റു ജീവിക്കുന്നവര്‍ ഒരു നേരത്തേ സുഖം അറിയുന്നുണ്ടാകുമോ ..?
തേടീ പൊകുന്നവരെ കാലം മാറ്റി നിര്‍ത്തുകയും ,എല്ലാം ഉള്‍കൊള്ളുന്ന
ഈ പാവങ്ങളെ സമൂഹം അടര്‍ത്തി മാറ്റുകയും ചെയ്യുന്നു ..
സാഹചര്യങ്ങളുടെ സമ്മര്‍ദ്ധത്തില്‍ മനുഷ്യ മനസ്സ്
ചെയ്തു പൊകുന്ന സഹസങ്ങളെ നാം എന്തു ചെല്ലപേരിട്ടു വിളിക്കും ..
ഒരു കല്ലിന്റെ കൂര്‍പ്പില്‍ രക്തം പൊടിയുമ്പൊള്
അവള്‍ക്ക് ഒരു നേരം വറ്റ് കൊടുക്കാന്‍ മടിച്ച നാത്തു സേട്ടിനേ
പൊലെയുള്ളവരെ വിസ്മരിക്കുന്നു ..
ബാസന്തി നെയ്ത വലയില്‍ വീണുപൊകുകയല്ല അവള്
കാലം അവളെ കൊണ്ടെത്തിക്കുന്നു ,,ഇനി രാജുവിന്റെ ഭാവീ ..
തേജയുടെ മേനീ .. ചിന്തനീയം തന്നെ ..
വലിയ പട്ടണത്തിനോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തിന്റെ
ഉള്ളറകളിലേക്ക് എന്നേ കൂട്ടികൊണ്ടു പൊയി
ഈ വരികളും കഥാപാത്രങ്ങളും ..പാവപെട്ടവന് എവിടെയും
ഒന്നാണല്ലൊ ഭാഷ .. നോവിന്റെ ദുരിതത്തിന്റെ ഭാഷ ..
ഏട്ടനത് ഭംഗിയായ് ചിത്രീകരിച്ചു .. ഒരു നോവിന്റെ തുമ്പില്‍
കൊരുത്ത് വരികളിലേക്ക് നീട്ടി ഇട്ടിരിക്കുന്നു ..
സ്നേഹപൂര്‍വം..
പ്രസ്ക്തങ്ങളായ ചിലതവശേഷിപ്പിക്കുന്നു.ആശംസകൾ..
മനോഹരമായ എഴുത്ത് വേണുവേട്ടാ ...എനിക്ക് വളരെ ഇഷ്ടായി ...ഭാഷ ,അവതരണം ഒക്കെ നന്നായിട്ടുണ്ട് ...ഒഴുക്കോടെ വായിക്കാന്‍ സാധിച്ച നല്ലൊരു കഥ ...ഇനിയും എങ്ങിനെ വിശേഷിപ്പിക്കണം എന്നറിയില്ല അത്രയ്ക്ക് ഇഷ്ടായി എഴുത്തിന്റെ ശൈലി ...!!
മുഹൂര്‍ത്തങ്ങളെല്ലാം മനസ്സില്‍ സ്പര്‍ശിക്കും വിധം മികച്ച അവതരണം.കഥയില്‍ പലയിടത്തും അത്ഭുതകരമായ രചനാശൈലി തിളങ്ങിക്കണ്ടു.തെരുവുമക്കളുടെ നരക ജീവിതം കണ്ടറിഞ്ഞ ഒരു മനസ്സിന്റെ ചിന്തകളുടെ പകര്‍ത്തിയെഴുത്ത് തന്നെയാണ് ഈ വരികള്‍ ..അഭിനന്ദനങ്ങളോടെ..
ഹൃദയത്തില്‍ തൊടുന്ന രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.. എന്തെ മലയാ ളികളല്ലാത്ത കഥാപാത്രങ്ങളെ തിരഞ്ഞെടുത്തത് ?
രാവിലെ ഒരു കമന്റ് ഇട്ടിരുന്നു അത് ഗൂഗിള്‍ കൊണ്ട് പോയി എന്ന് തോന്നുന്നു
നല്ല കഥ വേണുവേട്ടാ ...മറ്റൊന്നും പറയാനില്ല
കയ്യൊതുക്കം,
കയ്യടക്കം,
ഹൃദയസ്പര്‍ശി...
പഴയ വീഞ്ഞിന് വീര്യമേറും...
അതിനാല്‍ അവ പുതിയ തോല്ക്കുടങ്ങളില് സൂക്ഷിക്കുന്നു...!
വായിക്കുന്നവരുടെ മനസിനെ കഥ നടക്കുന്നിടത്തേയ്ക്ക് കൂട്ടിക്കൊണ്ടിപോവുക എന്നത് എല്ലാവര്ക്കും സാധിക്കുന്ന ഒന്നല്ല. വരികളില്‍ നല്ല വിഷ്വല്‍ എഫക്റ്റ്.
നര്‍മ്മവും അനുഭവവും മാത്രമല്ല, വേദനകളും എഴുതി സംവദിപ്പിക്കാനുള്ള ഈ കഴിവ് പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു.
വേണുഗോപാല്‍ജി കഥ എഴുതി പരിചയമില്ലയ്മ ഒന്നും തോന്നിയതേയില്ല.. നല്ല ഒഴുക്കുള്ള എഴുത്ത്. മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍
ആധുനിക യുഗത്തിലെ വായനക്കാരന്റെ/മനുഷ്യന്റെ മനസിലേക്ക് നവീനമായ ഭാവപ്രകാശം ചൊരിഞ്ഞിരിക്കുന്നു.
ഭാവുകങ്ങള്‍
മനോഹരമായ രചനാശൈലിയില്‍ മറ്റൊരു കഥകൂടി..അഭിനന്ദനങ്ങള്‍ വേണുവേട്ടാ...
നന്നായി അവതരിപ്പിച്ചു. ആശയത്തില്‍ പുതുമയില്ലായിരിക്കാം . പക്ഷെ, ആദ്യം മുതല്‍ അവസാനം വരെ ഒഴുക്കോടെ വായിച്ചു, അത് തന്നെയല്ലേ എഴുത്തുകാരന്റെ വിജയം.
വേണുവേട്ടാ , പതിവ് രീതിയില്‍ നിന്ന് മാറിയുള്ള ഈ കഥ ഇഷ്ടായി. ഒരു സിനിമയില്‍ കാണുന്നത് പോലെ നേത്താവലി കവലയും ഗുന്ജനും രാജുവും വായനക്കാരന്റെ മുന്നില്‍ ഉണ്ടായിരുന്നു. അത്രയും മനോഹരമായിരുന്നു കഥ പറഞ്ഞ രീതി. അഭിനന്ദനങ്ങള്‍.
നല്ല ഒഴുക്കോടെ വയ്ച്ചു തീര്‍ക്കാന്‍ കഴിയുന്ന അവതരണം അസ്സലായിട്ടുണ്ട്..... :)
പെട്ടന്ന വായിച്ചു തിര്‍ത്തു
കുറേ കാര്യങ്ങള്‍ ഇതിലൂടെ വിളിച്ചു പറഞ്ഞു
"ഞങ്ങള്‍ക്കും ജീവിക്കണം"
അതെ, കൊട്ടാരത്തില്‍ മാത്രമല്ല: തെരുവിലുമുണ്ട് കഥയും കവിതയും ജീവിതവും .!
ഓരോ നാമവും കാഴ്ചയും വ്യക്തമായി കേള്‍ക്കുന്നു കാണുന്നു അറിയുന്നു.
അവയത്രയും എവിടെയോക്കെയോ കൊള്ളുന്നു.
വേണുവേട്ടാ.. നേത്താവലി യിലെ കാറ്റില്‍, ജീവിക്കാന്‍ ബദ്ധപ്പെടുന്നവരുടെ ദുരിതങ്ങളുടെ ഈറന്‍ ഉണ്ട്.. എനിക്ക് തോന്നിയ ഒന്ന് പറഞ്ഞോട്ടെ? പശ്ചാത്തലം /കഥാപാത്രങ്ങള്‍ ഉത്തരേന്ത്യന്‍ ആവുമ്പോള്‍ സംവേദനം ചെയുഉന്ന സംഭാഷണ ശകലങ്ങളുടെ ഭാഷ യ്ക്ക് നമ്മുടെ നാടന്‍ വായ്താരിയുടെ ആവശ്യം ഉണ്ടോ? അതിനു ഒരു തര്‍ജ്ജമയുടെ മാനം അല്ലെ വരേണ്ടത്? (ഒരു സംശയം മാത്രം ആണ്)
നിങ്ങള്‍ക്ക് ദൈവം പട്ടിണിയാണ് തന്നിട്ടുള്ളത് അതിനെതിരെ ഞാന്‍ പ്രവര്‍ത്തിച്ചാല്‍ അത് ദൈവ ദ്രോഹമാകും എന്ന് സേട്ടിന്റെ വാക്കുകള്‍ക്ക് മുന്നില്‍ ബാസന്തിയുടെ വാക്കുകള്‍ കൂടി സമര്‍പ്പിക്കുമ്പോള്‍ (എല്ലാ സേട്ടിനു മുന്നിലും കൈ നീട്ടിയിട്ടുണ്ട്, അമ്പത് പൈസ തന്നതിന് ശേഷം അവരുടെ നോട്ടം മാറത്തേക്കും ചന്തിയിലേക്കുമാണെന്ന) കഥാപാത്രത്തിനുണ്ടാകുന്ന തനിയാവര്‍ത്തനമാണ് കഥയിലെ തന്തു. പട്ടിണിമാറ്റാന്‍ ശരീരം വില്‍ക്കേണ്ടി വരുന്ന ബാസന്തിയുടെ തനിപ്പകര്ച്ച തന്നെയാകുന്നു ഗുഞ്ജന്‍ എന്ന കഥാ പാത്രവും. തനിയാവര്‍ത്തനമെന്ന പേര് ഈ കഥക്ക് കൊടുക്കാമായിരുന്നു. കഥയും വിവരണവുമെല്ലാം നന്നായിട്ടുണ്ട്, ആശംസകള്‍
ഇരുത്തം വന്ന , മനോഹരമായ ഒരു രചന..ഗുജ്ജന്റെ നിസ്സഹായത മനസ്സിലൊരു നൊമ്പരമായി അവശേഷിക്കുന്നു...
Aparichithathwathinte jeevithanubhavangal...!
Manoharam, Ashamsakal...!!!
“നിങ്ങൾക്കീ ജന്മം ദൈവം വിധിച്ചത് പട്ടിണിയാണ്... നിനക്ക് ആട്ട തന്ന് പട്ടിണി മാറ്റി ഞാൻ ദൈവഹിതത്തിനെതിരായി പ്രവർത്തിച്ചുകൂടാ... എനിക്ക് ദൈവ ശിക്ഷ ലഭിക്കും..”
ഈ വരികളാണ് എനിക്കിഷ്ടപ്പെട്ടത്. ഇൻഡ്യാമഹാരാജ്യത്തിലെ പത്തു ശതമാനം വരുന്ന കോടീശ്വരന്മാരുടെ പ്രാർത്ഥനയല്ലെ അത്...!
അവരൊന്നു മറിച്ചു ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമല്ലെ നമ്മുടെ നാട്ടിലുള്ളു...!!
നല്ല കഥ.
ആശംസകൾ...
nalla manoharamaaya oru kadha koodi thaankalude rachanayil ....aashamsakal...
വേണു ജി നല്ല കഥ നല്ല വായന ദുഃഖം നല്കി പ്രേമയവും വളരെ നല്ലത് തന്നെ വളരെ നന്നായിരിക്കുന്നു ആശംസകള്‍
മിനിഞ്ഞാന്ന് വായിച്ചതാ. പക്ഷെ എന്തുപറഞ്ഞാലാ മതിയാവുക എന്നും ചിന്തിച്ചു തിരിച്ചുപോയി.
പട്ടിണിയും ദാരിദ്ര്യവും സമ്പന്നതയും ജീവിതവും ഒക്കെക്കൂടി സമാസമം ചേര്‍ത്ത് വായിക്കുന്നോന്റെ ചങ്കിലെ തീ ആളിക്കത്തിച്ചല്ലോ വേണുജീ.
റിനി ശബരിയുടെ കമന്റ് കണ്ടപ്പോള്‍ ആശ്ചര്യം തോന്നി. ഒരു പോസ്റ്റിനു കീഴില്‍ എത്ര ആത്മാര്‍ത്ഥമായിട്ടാ അദ്ദേഹം അഭിപ്രായം പറയുന്നത്!
നന്ദി; വേണുജിക്കും റിനി ശബരിക്കും.
നല്ലൊരു കഥ.കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
:(
റൊട്ടിയും കപ്ടയുമില്ലാത്തവര്ക്ക് സൌന്ദര്യം ശാപമാകുന്ന നാട്ടില്‍ ഭരിക്കുന്നവര്‍ ഭരിക്കും .. അല്ലാത്തവര്‍ പൊരിയും ..!!!
അഭിനന്ദനങ്ങള്‍
ലേ മിസറബിള്‍...
നല്ല അവതരണം, അഭിനന്ദനങ്ങള്‍....
സാഹിത്യത്തിൽ ചാലിച്ച് എത്രമണോഹരമായാണ് ഭായ് താങ്കൾ ഈ കഥയിലൂടെ വായനക്കാരുടെ ചിന്താമണ്ഡലം കീഴടക്കിയിരിക്കുന്നത്...!
അഭിനന്ദനങ്ങൾ...
പ്രമേയമെത്ര പഴയതായാലും ഈ കഥ നല്കുന്ന സന്ദേശം എന്നും പുതുമയോടെ നിലനില്‍ക്കുന്നുണ്ട്. ആ കൊച്ചു കുഞ്ഞിന്റെ ദോലക്കിന്റെ ശബ്ദം നമ്മുടെ അധികാരികളുടെ കര്‍ണ്ണപുടങ്ങളില്‍ ഒരു ദീനരോദനമായി പതിയുന്നുണ്ട്. ഭോലെയുടെ ചുമ സമ്പത്തു കൊണ്ട് അനുഗ്രഹിക്കപ്പെട്ടവര്‍ കേള്‍ക്കാഞ്ഞിട്ടല്ല. ഗുഞ്ജനില് ഒരു സഹോദരിയെ കാണാഞ്ഞിട്ടുമല്ല. നമ്മിലെ, എന്നോ മരിച്ചു പോയ ചില ആര്‍ദ്രവികാരങ്ങളുടെ കുറവാണ് പാതിവ്രുതത്തിന് വിലപോശാന് നമ്മിലെ ഒരു വലിയവിഭാഗത്തെ ഉന്തിയിടുന്നത്, അവരെന്നും പട്ടിണിയില്‍ തന്നെ കഴിയുന്നത്, നമ്മുടെ ചേരികള്‍ വളര്‍ന്ന് വിശാലമാവുന്നത്. ഇരട്ടയക്കം സാമ്പത്തിക വളര്‍ച്ചയിലും ദൈവങ്ങളുടെ സെഞ്ചറി നേട്ടങ്ങളിലും താരസുന്ദരിയുടെ കടിഞ്ഞൂല്‍ പേറിലുമൊക്കെ നാം ഘോരഘോരം പ്രസംഗിക്കുമ്പോള്‍, മനസ്സിന്റെ ഭാഷയില്‍ കണ്ണീരുകൊണേഴുതിയ ഈ കഥ സമൂഹത്തിലെവിടെയോ അവശേഷിക്കുന്ന നന്മയുടെ ഒരു കൊച്ചു പ്രതിഫലനം മാത്രമാണ്.
നല്ല എഴുത്ത്. ആ ജാമ്യം വേണ്ടായിരുന്നു. പതം വന്ന, കൈത്തഴക്കമുള്ള രചന. ഇത് കൂടുതലാളുകള്‍ വായിക്കാനായി അച്ചടി മാധ്യമങ്ങളിലെത്തിച്ചാല് നന്നായിരുന്നു.
വേണുജീ, ഇന്നാണു വായിയ്ക്കാൻ സാധിച്ചത്. സാകിനാക തെരുവുകളിൽ ഞാൻ ചെലവഴിച്ച പത്ത് ദിനങ്ങൾ ഓർത്തുപോയി. ആട്ടയും, സേട്ടുവും, ബസന്തിയും, ആത്മാറാമും, ഭോലയും,ഡോലക്കും...... വാക്കുകൾ കൊണ്ട് വായനക്കാരനെ മുംബൈ തെരുവുകളിലൂടെ കൈപ്പിടിച്ച് നടത്തുന്ന കരവിരുത്!
ഭായ്, നിങ്ങൾ ജോലി രാജി വെച്ചേക്ക്... സീരിയസ്ലി.... എഴുത്ത് ഒരു പ്രൊഫഷനായി സ്വീകരിയ്ക്കൂ...
അഭിനന്ദനങ്ങൾ!
പിന്നെ, “...ഒരു പക്ഷി തൂവൽ തൂക്കിയെടുക്കും പോലെ ഭോലയുടെ ശരീരം കൈത്തണ്ടയിൽ കോരി....”എന്ന പ്രയോഗത്തിൽ എന്തോ ഒരു പോരായ്മ തോന്നി. എന്താണെന്നങ്ങോട്ട് പറയാനാകുന്നുമില്ല. വേണുജി തന്നെ സമയം കിട്ടിയാൽ ഒന്ന് ശരിപ്പെടുത്താനുണ്ടോ എന്നാലോചിയ്ക്കൂ. :)
വിഷയം "പഴയ"താണെന്ന് പറയാന്‍ എങ്ങിനെ കഴിയുന്നു . ഇതേ നോവും വിചാരവും അനുഭവിക്കുന്നവര്‍ ഇന്നും നമുക്കിടയില്‍ ജീവിക്കുമ്പോള്‍ ഈ വിഷയം എങ്ങിനെ പഴയതാകുന്നു ? .
പലരും കൈകാര്യം ചെയ്ത വിഷയമായിരിക്കാം ........
പക്ഷെ ,
കാറ്റിന്റെ കുസൃതിയില്‍ അണയാണോ അതോ തുടര്‍ന്ന് കത്തണോ എന്ന മട്ടില്‍ നില്ക്കുന്ന വിളക്കിന്റെ നാളം മുതല്‍ ഈ കഥയും അതിന്റെ പശ്ചാത്തലവും മനസ്സില്‍ ദൃശ്യ രൂപം കൊണ്ടു..
"എല്ലാരും പിഴയെന്നു പറയുന്ന ബാസന്തിയെ," രാത്രി പിഴപ്പിച്ചവര്‍ തന്നെ പകലില്‍ കൂകി വിളിക്കുമ്പോഴും,
എല്ലാം ഉള്ളിലൊതുക്കി നന്മയുടെ മറ്റൊരു വശം ഉളള ഇത്തരം ബാസന്തിമാരെ ,
നേരം വേഗം പുലരാന്‍ ആഗ്രഹിക്കുമ്പോള്‍ , രാത്രിയുടെ ദൈര്‍ഘ്യം വല്ലാത്ത അസ്വസ്ഥതയായി അനുഭവപ്പെടുന്ന കരഞ്ഞു കലങ്ങിയ കണ്ണുമായി ഭര്‍ത്താവിന്റെ പായക്കരികില്‍ ഇരിക്കുന്ന ഗുഞ്ഞ്ജന് ,
കറുത്ത പുകയില ചുണ്ടുകള്‍ക്കിടയില്‍ തിരുകി ബോലയുടെ ശരീരം കൈത്തണ്ടയില്‍ തങ്ങി വണ്ടിയില്‍ കിടത്തുന്ന ആത്മ റാം
തങ്ങള്‍ ചെയ്യുന്ന എന്ത് പ്രവര്‍ത്തിക്കും ഈശ്വരന്റെ ചേര്‍ത്ത് ന്യായീകരണം കണ്ടെത്താന്‍ ശ്രമിക്കുന്ന , അല്ലെങ്കില്‍ മനസ്സിലെ കുറ്റബോധത്തെ വാക്കുകളെ കൊണ്ടു ന്യായീകരിക്കാന്‍ ശ്രമിക്കുന്ന സാധാരണക്കാരനായ കച്ചവടക്കാരന് നാത്തൂ സേട്ട്..
ഇവരെല്ലാം എവിടെയെക്കെയോ വെച്ചു ഞാന്‍ കണ്ട മുഖങ്ങള്‍ ആണ് .......
അത് കൊണ്ടായിരിക്കണം ഇത് ഇപ്പോഴും കഥയായി വായിക്കാന്‍ എനിയ്ക്കു കഴിയുന്നില്ല .
രാജുവിന്റെയും അവളുടെ കൊച്ചനുജത്തിയുടെയും മുന്നോട്ടുള്ള ജീവിതം മനസ്സിനെ ഇപ്പോഴും അസ്വസ്ഥമാക്കുന്നു .
അത് കൊണ്ടു തന്നെ മികവുറ്റ ഭാഷയും ശൈലിയും ഒന്നും എന്നെ ആകര്‍ഷിക്കുന്നില്ല .
മറിച്ച്
രാജുവിന്റെ തളര്‍ന്ന കൈകള്‍ ഡോളക്കില്‍ സൃഷ്ടിക്കുന്ന നാദം മാത്രം ................
ആശംസകള്‍ വേണുവേട്ടാ ................
പച്ചയായ നമ്മുടെ ഈ ജീവിതാവസ്ഥകളെ ഇതില്‍ പരം മികച്ച രീതിയില്‍ എങ്ങിനെയാണ് അവതരിപ്പിക്കുക. ആഫ്രിക്കന്‍ രാജ്യങ്ങളിലെ മൊത്തം ദരിദ്രരെക്കാള്‍ കൂടുതലാണ് നമ്മുടെ നാട്ടിലെ ദരിദ്രര്‍ എന്നാണു കണക്ക്. ബാസന്തി അവരുടെ അവസ്ഥകളെ ശരിക്കും പ്രതിഫലിപ്പിക്കുന്നു. വേണുവേട്ടന് കൂടുതല്‍ കഥകള്‍ എഴുതണം എന്നാണു പറയാനുള്ളത്.
നല്ല പദ സമ്പത്ത് കൊണ്ട് കഥയെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.നോര്‍ത്ത് ഇന്ത്യയുടെ തെരുവീഥികള്‍ ഇത് പോലെ ഒരുപാട് കഥകള്‍ പറയാനുണ്ടാവും ..എന്നാലും വിഷയം ഒന്ന് തന്നെ ആയാലും കുറച്ചു കൂടി മാറ്റത്തോടെ അവതരിപ്പിച്ചാല്‍ ഇതിലും നന്നാവും
വളരെ നന്നായിപ്പറഞ്ഞു വേണുഗോപാല്‍ജി...
കഥയുടെ തീമിനേക്കാള്‍ കൂടുതല്‍ അതുപറഞ്ഞ രീതിയാണ് അഭിനന്ദിക്കപ്പെടേണ്ടതെന്നു തോന്നി.
വെന്നുവേട്ട ഇന്നാണ് ഞാന്‍ ഈ കഥ കാണുന്നത് താമസിച്ചു പോയി. വായിച്ചില്ലങ്കില്‍ വലിയ നഷ്ടമാകുമായിരുന്നു.
ബ്ലോഗിലൂടെ ലഭിക്കുക നിലവാരം കുറഞ്ഞ കഥകളാണ് എന്നു പറയുന്നവര്‍ക്ക് ഒരു മറുപടിയാണ് വെന്നുവെട്ടനെ പോലെയുള്ളവരുടെ കഥകള്‍, ഒരു എഡിറ്റിങ്ങും കുട്ടിങ്ങും ഇല്ലാതെ എഴുതിയത് അങ്ങിനെ തന്നെ പോസ്റ്റ് ചെയ്തപ്പോള്‍ സാധാരണ വലിയ എഴുത്തുകാരന്നു പറയപ്പെടുന്നവര്‍ അവരുടെ കഥാ പുസ്തകത്തിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും എഴുതുന്ന അതേ സ്റ്റാഡേര്‍ഡ് അല്ലങ്കില്‍ അതിനേക്കാള്‍ ഒന്നു കൂടി മെച്ചപ്പെട്ടിരിക്കുന്നു ഈ എഴുത്ത്. പലരും പറഞ്ഞത് പോലെ പ്രമേയം പഴയതാണ് എന്ന അഭിപ്രായം എനിക്കില്ല ഇതില്‍ വെന്നുവേട്ടന് നല്കിയ സന്ദേശം വളരെ വലുതാണ്, പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളാണ് ഇവിടെ വരച്ചിട്ടിരിക്കുന്നത് അതിനു ഉപയോഗിച്ച രീതിയും ശൈലിയും ഭാഷയും എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടിരിക്കുന്നു. പ്രതീപ് സര് പറഞ്ഞത് പോലെ എഴുത്തിന്റെ ഗ്രാഫ് കുത്തനെ ഉയര്‍ന്നിരിക്കുന്നു വെന്നുവെട്ടാ അഭിനന്ദനങ്ങള്‍..
പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നവരും അവരോടു അല്പം കരുണ കാണിക്കുന്നതിന് പകരം ദൈവം നിനക്കു വിധിച്ചത് അതാണ് ഞാന്‍ സഹായിച്ചാല്‍ ദൈവ ഹിതം മാറുമെന്ന് ചിന്തിക്കുന്ന കഥയിലെ സേട്ടുവിനെ പോലെ എത്ത്ര എത്ര ക്രൂരന്മാരായ സേട്ടുമാര്‍ നമുക്ക് ചുറ്റിലും... വിവിധ രൂപത്തില്‍ നാം അവരെ കാണുന്നു എന്നു മാത്രം.
ഈ കഥയിലെ ഓരോ കഥാ പാത്രത്തെയും വിലയിരുത്താനും മനസ്സിലാക്കാനും രണ്ടു തവണ ഞാന്‍ വായിച്ചു ഒരു ഒഴുക്കന്‍ മട്ടില്‍ വായിച്ചു ഒഴിവാക്കാന്‍ പറ്റുന്ന ഒരു കഥയല്ല ഇത്..
ഒരു നല്ല കഥ വായിച്ച ഫീലിങ് എനിക്കു ലഭിച്ചത് പോലെ എല്ലാ വായനക്കാര്‍ക്കും ലഭിച്ചു എന്നത് മുകളിലെ കൊമേണ്ട്സുകള് വിളിച്ചു പറയുന്നു ഇനിയും ന്ല്ല കഥയുമായി വരുമെന്ന പ്രതീക്ഷയോടെ ..
എല്ലാ ആശംസകളും
Katha valare valare nannayirikkunnu.Oro vari vayikkumbozhum aa drishyangalellam kanmunniloode kadannupoyi..Anumodanathinde orayiram poochendukal.Iniyum dharalam ezhutoo.Uyarangalil ethan Sarveswaran anugrahikkatte
ഞാന്‍ ഇവിടെ കറങ്ങിത്തിരിഞ്ഞു വീണ്ടു വന്നത് കൊണ്ട് ഈ അഭിനന്ദനപ്രവാഹം കാണാന്‍ സാധിച്ചു.
ആരോ പറഞ്ഞു കേട്ടിട്ടുണ്ട്, ലോകത്ത് എങ്ങനെയൊക്കെ എഴുതിയാലും ഏതാണ്ട് തൊള്ലായിരത്തില് പരം കഥാസന്ദര്‍ഭങ്ങളെ ഉള്ളൂ എന്ന്. അപ്പോള്‍ ആഖ്യാനത്തിലെ ശൈലിയിലുള്ള വ്യത്യസ്തതകൊണ്ടാണ് എഴുത്തുകാരാന് സ്രേഷ്ടനാകുന്നത് എന്നത് വാസ്തവം. അതുകൊണ്ട് ബിജുവേട്ടന്(ഡേവിസ്) പറഞ്ഞപോലെ സി.എഫ്.ഒ പണിയൊക്കെ വിട്ട് ഇതങ്ങു പ്രൊഫഷന് ആക്കിയെടുത്താല്‍ ശിഷ്ടകാലം കഷ്ടപ്പെടാതെ കഴിയാം. ഇടയ്ക്ക് ഓരോ പൊന്നാടയും വാങ്ങാം. :)
ഞാന്‍ കഴിഞ്ഞ ആഴ്ചയില്‍ വായിച്ചിരുന്നു , കമ്മന്റും ഇട്ടെന്നാണ് ഓര്‍മ്മ , നല്ല ഒഴുക്കുള്ള ശൈലിയില്‍ മികവോടെ ഒതുക്കത്തോടെ പറഞ്ഞു..വീണ്ടും പ്രതീക്ഷകളോടെ..
കാട്ടു കുറുഞ്ഞിയുടെ അഭിപ്രായത്തൊടൊരു വിയോജിപ്പ്. ഉത്തരേന്ത്യന്‍ പശ്ചാത്തലവും കഥാപാത്രങ്ങളും മലയാളത്തിലെഴുതിയ കഥയില്‍ നമ്മുടെ നാടന്‍ ശൈലിയില്‍ സംസാരിച്ചത് കൂടുതല്‍ നന്നായെന്നാ എനിക്കു തോന്നിയത്. കഥയുടെ പ്രമേയം പഴയതാണെങ്കിലും നല്ല ഒതുക്കത്തോടെ തന്നെ കഥ പറഞ്ഞു.എല്ലാവരും പറഞ്ഞ പോലെ “എഴുതാനറിയില്ല” എന്ന ആ വിശേഷണം ഇനിയെങ്കിലും ആവര്‍ത്തിക്കാതിരിക്കുക. വിണ്ടും ഒരു തെരുവു വേശ്യയെ കൂടി സൃഷ്ടിച്ച് ജനമദ്ധ്യത്തിലേക്കിറക്കി വിട്ട നമ്മുടെ സാമൂഹിക സാഹചര്യത്തോടുള്ള അമര്‍ഷം ഇവിടെ അറിയിക്കട്ടെ!.
കഥ നന്നായി, വേണുവേട്ടാ
ഈ കഥാ തന്തു പുതുമ നഷ്ടപ്പെട്ടതെങ്കില്‍, മനുഷ്യജീവിതം പുതുമ നഷ്ടപ്പെട്ടതാണെന്നു കരുതിയാല്‍ മതി.
നന്നായി എഴുതി വേണുഗോപാല്‍ജി. ജീവിതമാകുന്ന കഥ.
വളരെ ഇഷ്ടപ്പെട്ടു.
വേണു ജി .., നന്നായിരിക്കുന്നു , അഭിനന്ദനങ്ങള്‍ !
ഒപ്പം എഴുത്തിനോട് കാട്ടുന്ന കറകളഞ്ഞ ആത്മാര്‍ത്ഥത , അങ്ങയുടെ ഓരോ സൃഷ്ട്ടിയിലും , നിഴലിച്ച് നില്ക്കുന്നു !!
ഇനിയും എഴുതൂ
വേണുവേട്ടാ ... പറയാന്‍ വാക്കുകളില്ല .. കഥ ഒരു പാട് ഇഷ്ട്ടപ്പെട്ടു ..
വീണ്ടും വരാം .. സ്നേഹാശംസകളോടെ .. സസ്നേഹം ...
കഥ നന്നായിരിക്കുന്നു. കഥയല്ല, ചിലരുടെ ജീവിതം തന്നെയല്ലേ ഇതു്?
എന്റെ വിവരക്കുരവാകം ,വായനയുടെ തുടക്കത്തില്‍ മുഴുവന്‍ വായിക്കാനുള്ള ഒരു കൌതുകം വരുന്നില്ല.
എന്നാലും കടിച്ചു പിടിച്ചു വായിച്ചു തീര്‍ത്തു. ആശയം എനിക്കിഷ്ട്ടപ്പെട്ടു. അഭിനന്ദനങ്ങള്‍.
(ഒരു ദോഷൈക ദൃക്ക് സ്വഭാവം എന്നിലുണ്ട് താനും.)
പ്രിയ മദീനത്തീ ..
ആദ്യമേ ഈ എളിയവന്റെ ബ്ലോഗ്ഗില്‍ എത്തി കഥ വായിച്ചു അഭിപ്രായം പങ്കു വെച്ച്ചതിലുള്ള നന്ദി അറിയിക്കുന്നു. വായനയുടെ രുചിയും തലങ്ങളും പലരിലും വിഭിന്നമാണല്ലോ? തീര്‍ച്ചയായും ഒരാള്‍ക്ക് രസിക്കുന്നത് മറ്റൊരാള്‍ക്ക് രസിക്കണം എന്നില്ല. അത് ദോഷൈകദൃക്കു സ്വഭാവം ആണെന്ന് ഞാന്‍ കരുതുന്നില്ല. കഥയെഴുത്തില്‍ വെറും വിദ്യാര്‍ത്ഥി ആണ് ഞാന്‍ . പഠിക്കാന്‍ ഇനിയും ഏറെയുണ്ട്. ആയതിനാല്‍ ഈ അഭിപ്രായത്തെ അതര്‍ഹിക്കുന്ന ഗൌരവത്തോടെ തന്നെ ഞാന്‍ നെഞ്ചേറ്റുന്നു. വരും ദിനങ്ങളില്‍ നല്ല എഴുത്തിനായി തീര്‍ച്ചയായും ശ്രമിക്കും. ഈ പ്രോല്സാഹനത്തിനു ഒരിക്കല്‍ കൂടി നന്ദി ...
വരാൻ വൈകിയതിന് ഒരു വല്ലായ്ക ഉണ്ട്..
വേണുജിയുടെ സ്ഥിരം വായനക്കാരൻ എന്ന നിലയിൽ ഈ കഥയിലുടനീളം ആഖ്യാന ശൈലിയിൽ ഒരു പ്രൊഫഷണലിസം കാണുന്നുണ്ട് എന്ന് സംശയലേശമന്യേ എനിക്ക് പറയാൻ കഴിയും..
ഭരണകൂടത്തിന്റെ നയ വൈകല്യങ്ങൾ ഇങ്ങനെ തുടരുന്ന കാലത്തോളം ദാരിദ്ര്യവും പട്ടിണിയും ഇത്തരം ജീവിതങ്ങളും നമ്മൾ കാണേണ്ടി വരും..
ഇനിയും കഥയെഴുതുന്ന വിദ്യാർത്ഥി എന്ന് പറഞ്ഞ് നിങ്ങ നുമ്മളെ പറ്റിക്കല്ലെ.. ഇഷ്ടപ്പെട്ടു..!!
Good story ...
good writing and wonderful narration !!!
congrats.....
...ആദ്യമാണെന്നുതോന്നുന്നു, ഇവിടെയൊന്നു വരാനായത്. സുന്ദരമായ ആഖ്യാനശൈലിയാണ് എന്നെ ഏറ്റവുമാകർഷിച്ചത്. കഥാപാത്രങ്ങളെ നിരത്തിനിർത്തി, ‘ഇതാ ഇതാണ് ജീവിതത്തിലെ പരിശുദ്ധാത്മാവുക’ളെന്ന് ചൂണ്ടിക്കാണിച്ചുതരുന്ന ശൈലിതന്നെ വളരെ ഉത്തമം. നമുക്കറിയാവുന്ന ഒരു വിഷയത്തിനെ ‘ഇങ്ങനേയും അവതരിപ്പിക്കാ’മെന്ന് കാണിച്ച് വിജയിച്ചിരിക്കുന്നു. നല്ല രചന. ആദ്യകമെന്റായിക്കൊടുത്ത ‘മുൻകൂർ ജാമ്യം’ ഒരു ‘ആധാരമെഴുത്തുകാര’ന്റെ വിനയമായിക്കാണുന്നു. എഴുത്തുപോലെ നല്ല മനസ്സും......അനുമോദനങ്ങൾ....
ഈ പോസ്റ്റ് വായിച്ചു അഭിപ്രായം കുറിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി ... ഈ പ്രോല്‍സാഹനം വളരെ വിലപെട്ടതാണ്
ഡിയര്‍ വേണുവേട്ടാ ആദ്യമായാണിത് വഴി .... .. വന്നപ്പോള്‍ തന്നെ ഹൃദയം നൊന്തു ...
മനോഹരമായ ഒരു ശൈലിയിലൂടെ ഒരു വലിയ സമൂഹത്തിന്റെ ജീവിതം വരച്ചു കാട്ടിയിരിക്കുന്നു ...അഭിനന്ദിക്കാതെ പോവാന്‍ വയ്യ....ആശംസകള്‍ ...... കഥയുടെ പുതിയ താളുകള്‍ തേടി ഇനിയും വരാം....................... ഒരു വട്ടം കൂടെ ആശംസകള്‍ .........:))
മനോഹരമായിരുന്നു താങ്കളുടെ കഥാ ശൈലി..ഒപ്പം കരളലിയിക്കുന്ന കഥ... ആളുകൾ പട്ടിണി കിടന്ന് പൊരിയുമ്പോൾ കോടികൾ കള്ളപ്പണങ്ങൾ കൈവശം വെച്ച് ജനങ്ങളെ സേവിക്കുന്ന ജനപ്രതിനിധികളെ കാണുമ്പോൾ വെറുപ്പു തോന്നുന്നു…മനസ്സിൽ പതിയുന്ന ഓരോന്നും വ്യത്യസ്ഥ ചിത്രങ്ങളാക്കി താങ്കൾ ഒഴുക്കോടെ പറഞ്ഞു.. ആശംസകൾ നേരുന്നു…
ഈ ബ്ലോഗിനെ കുറിച്ച് ഇരിപ്പിടം പറയുന്നത്
ഹൃദയസ്പര്‍ശിയായ കഥ.
വായനാസുഖം തരും ശൈലിയില്‍ മനോഹരമായി
അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍
കമന്റ് നമ്പര്‍ - 100
ആശംസകള്‍
കഥ വായിച്ചു...നൊമ്പരങ്ങൾ ബാക്കിയായോ..കാണാതെ പോകുന്ന ജീവിതങ്ങൾ..അല്ലാ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ജീവിതങ്ങളുടെ നേർക്കാഴ്ച...വേണുവേട്ടാ വാക്കുകൾ ഹൃദയം തുളച്ചു പോകുന്നു...നിഴലുകളോട് വിലയുറപ്പിക്കുന്ന അവളും നേർത്ത തേങ്ങലായ് രാജുവും മനസ്സിലെവിടെയോ ഇപ്പോഴും മുറിവുകൾ സൃഷ്ടിക്കുന്നു...ഇത് കഥാകാരന്റെ കഴിവ്...ആശംസകൾ..
( ഒരു ഇടവേളയ്ക്ക് ശേഷം വന്നതുകൊണ്ടാ പല പോസ്റ്റ്സും കണ്ടിട്ടില്യാ.. ഇനിയും വരാം )
ഹൃദയസ്പര്‍ശിയായ കഥ.
അവതരണ മികവാണ് ചേട്ടന്റെ കഥകള്‍ മറ്റുള്ള പോസ്റ്റുകളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നത് കഥ ആണെങ്കിലും ഇതില്‍ കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന പേരുകള്‍ യെവിടുതെതാ ? ആശംസകള്‍ ചേട്ടാ
കഥയില്‍ ഉള്‍പ്പെടുത്തിയ പ്രമേയം സാമൂഹിക പ്രസക്തി ഉള്ള ഒരു വിഷയമാണെങ്കിലും, അതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധേയമായ എനിക്കിഷ്ടമായ മറ്റൊരു കാര്യം വേണുവേട്ടന് ഈ കഥ പറയാന്‍ തിരഞ്ഞെടുത്ത കഥാ പശ്ചാത്തലം ആണ്..സാധാരണക്കാരില്‍ നിന്നും ഒട്ടേറെ പിറകില്‍ നില്ക്കുന്ന ഒരു കൂട്ടം കരിയില്‍ പുരണ്ട മനുഷ്യ കോലങ്ങളുടെ കഥ, വേണുവേട്ടന് നല്ല പദപ്രയോഗങ്ങളുടെ അകമ്പടിയോടു കൂടെ പറയുകയും കൂടി ചെയ്തപ്പോള്‍ അത് ഹൃദയത്തിലേക്ക് തുളച്ചു കയറുന്ന ഒരമ്പിനോളം കൂര്‍ത്തു നിന്നു.
ആരും പറയാത്ത കഥകള്‍ ഭൂമിയില്‍ ഉണ്ടാകില്ല, പറഞ്ഞതും കേട്ടതുമായ കഥകള്‍ കൂടുതല്‍ വ്യത്യസ്തതയോടെ , തീക്ഷണതയോടെ എല്ലാവരിലേക്കും കൂടുതല്‍ പുതുമയോടെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും ഇനിയും ഉണ്ടാകട്ടെ. എല്ലാ വിധ ഭാവുകങ്ങളും ആശംസകളും ...
വേണുവേട്ടാ..ഇവിടെ വരാന്‍ വൈകിപ്പോയി.. ഇന്നാണ് ഇവിടെ വരാന്‍ നിയോഗമുണ്ടായതെന്നു മാത്രം കരുതുക.
വായിക്കാൻ ഇത്ര വൈകിയല്ലോ എന്ന മനസ്താപത്തോടെയാണിതെഴുതുന്നത്. ചരിത്രത്തോളം പഴക്കമുള്ളതായാലും, മനുഷ്യന്റെ ദുരിതങ്ങളെപ്പറ്റി, ജീവിത പരിസരങ്ങളോടു സംവദിക്കുന്ന എഴുത്തുകാരന് എഴുതാതിരിക്കാനാകില്ല. എഴുത്ത് വായനക്കാരിലുണ്ടാക്കുന്ന പ്രതികരണത്തിലാണു കാര്യം. അഭിനന്ദനങ്ങൾ, വേണുജീ; ഹൃദയത്തിലേയ്ക്കെത്തിയ എഴുത്തിന്.
അവതരണ ശൈലി വളരെ മികവുറ്റതാകയാല് നല്ല വായനാനുഭവം ഉണ്ടായ പോലെ..ഇവിടെ വരാന്‍ ഞാന്‍ വൈകി പോയി എന്ന് തോന്നുന്നു...സാമൂഹത്തില്‍ നിന്നും ഒരേടു കണ്ടെത്തി വളരെ ഭംഗിയായി തനമയത്വത്തോറ്റെ അവതരിപ്പിച്ച കഥാകൃത്തിനു സ്നേഹഭാഷയില്‍ ആശംസകള്‍ അര്‍പ്പിക്കുന്നു.......
വേണുജി ഹൃദയത്തില്‍ തൊട്ട എഴുത്ത് ... നന്നായിരിക്കുന്നു
വേണുജീ, രണ്ടു പോസ്റ്റ് ഇടാനുള്ള സമയമായി.
ക്ഷമയ്ക്കും ഒരതിരുണ്ട്!
അപേക്ഷയല്ല. ഇതൊരു ഭീഷണിയാണ്!
കഥയൊന്നുകൂടെ വായിച്ചപ്പോള്‍...
കൂടുതല്‍ ആസ്വാദ്യകരമായിത്തോന്നി. കണ്ണൂരാന്‍ പറഞ്ഞപോലെ പുതിയതുപോസ്റ്റാന് സമയമായി. പുതുതെന്തെങ്കിലുമുണ്ടാവുമെന്നുകരുതിയാണിപ്പോള് ഞാന്‍ വന്നത്. അപ്പോളൊന്നുകൂടെ വായിച്ചുകളയാം.. ഏതായാലും വന്നതല്ലേ.. എന്നുകരുതി..
നൊമ്പരത്തിന്റെ കഥ..
ഹൃദയം നിറഞ്ഞ ആശംസകള്‍!!!
ഇനിയും ഒരുപാട് നല്ല കഥകളും കാതോര്‍ത്ത്..
hmm...................
rajmon ente hrdayam keerimurichukalanju. vaayichappol kannu niranju. swabhavikatha thonnipikkunna, jeevanulla kathapathrangal.
Post a Comment