skip to main | skip to sidebar

Pages

  • Home
  • കഥ
  • കവിത
  • നര്‍മ്മം
  • അനുഭവം
  • യാത്ര
  • നുറുങ്ങുകള്‍

THUNCHANY

January 10, 2014

ചേമ്പിലക്കുടയും തെക്കന്‍കാറ്റും


" ഹോ.. വല്ലാത്ത മഴ
ട്രെയിനുകള്‍ ഓടുന്നുവോ ആവോ ?
സ്കൂള്‍ ബസ്‌ വന്നോ എന്ന് നോക്ക്യേ ..."

അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട്ടുകള്‍ക്കൊപ്പമുയരുന്ന ഭാര്യയുടെ നീണ്ട വിളി കേട്ടാണ് അയാള്‍ ഉണര്‍ന്നത്.   കട്ടിലിനോട് ചേര്‍ന്ന് കിടന്ന ടീപ്പോയില്‍ വെച്ച ആവി പൊങ്ങുന്ന ചായയുമെടുത്ത് അയാള്‍ ഹാളിലേക്ക് നടന്നു.  പുറത്തു മഴ തിമിര്‍ത്തു പെയ്യുന്നു.  മഴയുടെ ആരവത്തെ മറികടന്ന് താഴെ ഗേറ്റില്‍ നിന്നും അമ്മമാരുടെ കലപില അയാളിലേക്ക് എത്തുന്നുണ്ട്.  ചൂടുള്ള ചായ ഒരു കവിള്‍ നുകര്‍ന്ന്  കര്‍ട്ടന്‍ വശങ്ങളിലേക്ക് വകഞ്ഞു മാറ്റി അയാള്‍ ജനല്‍ ഗ്ലാസ്‌ തുറന്നു താഴേക്ക്‌ നോക്കി. 

മറ്റു കുട്ടികളോടൊപ്പം മോളും അവിടെ തന്നെയുണ്ട്.  യൂണിഫോമിന് മുകളില്‍ ജാക്കറ്റും അതിനു മുകളില്‍ മഴക്കോട്ടുമണിഞ്ഞതു പോരാഞ്ഞ് കുടയും ചൂടി നിന്ന് മഴയെ വെല്ലു വിളിക്കയാണ് കുട്ടികള്‍.  മോള്‍ ഇടയ്ക്കിടെ തന്നെ നോക്കി ചിരിക്കുന്നുണ്ട്.  നേരം കഴിഞ്ഞും എത്താന്‍ വൈകുന്ന സ്കൂള്‍ ബസ്സിനെക്കുറിച്ചുള്ള പരാതികള്‍  പങ്കു വെക്കയാണ് അമ്മമാര്‍.    തുറന്ന ജനലിലൂടെ കാറ്റിനെ കൂട്ടുപിടിച്ച്  അകത്തെത്തുന്ന തൂവാനം അലോസരപ്പെടുത്തിയതിനാലാകാം ജനലിനോട് ചേര്‍ത്തിട്ട സോഫയില്‍ ഉറക്കത്തിലായിരുന്ന പൂച്ചയുണര്‍ന്നു അകത്തേക്ക് പോയി.  അവന്റെ ബാക്കിയുറക്കം സ്റ്റോര്‍ റൂമില്‍ അവനായി മാറ്റി വെച്ച കടലാസ്സു പെട്ടിയിലാകാം.

വല്ലാത്തൊരു മൂളലോടെ പെട്ടെന്ന് അതിക്രമിച്ചെത്തിയ തെക്കന്‍ കാറ്റ് കുട്ടികളുടെ കുടകള്‍ ആട്ടിയുലച്ചത് മതിവരാതെ ഒരു കുമ്പിള്‍  വെള്ളം  അയാള്‍ക്ക്‌ മേല്‍ തളിച്ചാണ് കടന്നു പോയത്.  ആര്‍ത്തു പെയ്യുന്ന മഴയില്‍ ഒരു നിഷേധിയെപ്പോലെ ഇടയ്ക്കിടെ കടന്നാക്രമിക്കുന്ന ഈ കാറ്റുമായി അയാള്‍ പണ്ടേ ചങ്ങാത്തത്തിലാണല്ലോ.  വീശിയടിച്ചു തിരികെപ്പോയ കാറ്റിനോടൊപ്പം  അയാളുടെ ഓര്‍മ്മകളും യാത്രയാവുകയാണ്.   നാല്‍പ്പതു വത്സരങ്ങള്‍ പുറകിലേക്ക്  ...

ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ ഇടയ്ക്കിടെ ഉയര്‍ന്നു കേള്‍ക്കുന്ന മേഘഗര്‍ജ്ജനങ്ങള്‍ക്കൊപ്പം തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്ന മഴ.  മുട്ടോളം തേങ്ങുന്ന ചെമ്മണ്‍പ്പാതയിലെ കലക്ക വെള്ളത്തിലൂടെ പ്രയാസപ്പെട്ട് പാദങ്ങള്‍ മുന്നോട്ടു വെച്ചു നടന്നു പോകുന്നൊരു ആറാംക്ലാസ്സുകാരന്‍.   പ്ലാസ്റ്റിക്ക് കവറിലാക്കി റബ്ബര്‍ കൊണ്ട് ബന്ധിച്ച പുസ്തകകെട്ട് ഒരു കൈ കൊണ്ട് ഷര്‍ട്ടിനടിയില്‍ മറച്ചു പിടിച്ച്‌ മറു കൈ കൊണ്ട് വലിയൊരു ചേമ്പില തലയ്ക്കു മീതെ കുടയായ്‌ പിടിച്ചാണ്  അവന്റെ നടത്തം.  വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ ഇടയ്ക്കിടെ പാഞ്ഞെത്തി തന്റെ ചേമ്പിലക്കുടയുടെ സംതുലനം തെറ്റിച്ചു മടങ്ങുന്ന ആ തെമ്മാടിക്കാറ്റിനോടുള്ള നീരസം അവന്റെ മുഖത്ത് വായിക്കാം.  തെക്ക് ദിശയില്‍ നിന്നും ശബ്ദമില്ലാതെ കടന്നു വന്നു ആവും വിധം ഉപദ്രവിച്ച് കളിയാക്കി ചിരിച്ചു മടങ്ങി പോകുന്ന  കാറ്റിന്റെ വികൃതിയില്‍ ഒട്ടു മുക്കാലും നനഞ്ഞു കുതിര്‍ന്ന അവന്റെ ചുണ്ടുകള്‍ തമ്മില്‍ കൂട്ടിയിടിക്കാന്‍ തുടങ്ങിയിരിക്കുന്നു.  സ്കൂളിലെത്താന്‍ ഇനി കാതങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.  പുറകില്‍ നിന്നൊരു കൈ തോളില്‍ പതിഞ്ഞപ്പോള്‍ ഒരു ഞെട്ടലോടെയാണവന്‍ തലയുയര്‍ത്തി നോക്കിയത്. ചിരിയാര്‍ന്ന മുഖത്തോടെ ഹെഡ്മാഷ്..

വളഞ്ഞകാലന്‍ കുടകീഴിലേക്ക് അവനെ പിടിച്ചു ചേര്‍ത്തു മാഷ്‌ ചോദിച്ചു.

"ആകെ നനഞ്ഞല്ലോ നീയ്‌ ?'

ഒരു കുട സ്വപ്നം കാണാന്‍ പോലും കഴിയാത്ത എന്നെപ്പോലൊരു ദരിദ്ര കര്‍ഷകന്റെ മകന് നനയാനല്ലേ കഴിയൂ മാഷേ.... എന്ന് മാഷോടൊപ്പം നടന്നകലുമ്പോള്‍ ആ കുഞ്ഞു മനസ്സന്നു മന്ത്രിച്ചിരിക്കണം.

അന്ന് സ്കൂള്‍ അസംബ്ലിയില്‍ മാഷിന്റെ സംസാരം ശ്രോതാക്കളെ മുഴുവന്‍  വിസ്മയിപ്പിച്ചു കൊണ്ടായിരുന്നു.   ദരിദ്രകുടുംബങ്ങളില്‍ നിന്നും കുടയില്ലാതെ മഴ നനഞ്ഞെത്തുന്ന നമ്മുടെ വിദ്യാര്‍ഥികള്‍.  അവര്‍ മഴ നനയാതെ സ്കൂളില്‍ എത്താന്‍ എന്താണ് മാര്‍ഗ്ഗം?

ഒരു വേള എല്ലാരും മൌനമവലംബിച്ചു നിന്നു.  ഒടുവില്‍ പരിഹാരനിര്‍ദ്ദേശവും മാഷില്‍ നിന്ന് തന്നെ വന്നു. വില കുറഞ്ഞ പനയോല കൊണ്ടുണ്ടാക്കിയ തൊപ്പിക്കുട ധരിച്ച് നാളെ മുതല്‍ അവര്‍ സ്‌കൂളില്‍ വരട്ടെ.  അവരോടൊപ്പം നമുക്കും തൊപ്പിക്കുട ധരിച്ചെത്താം  എന്ന മാഷിന്റെ വാക്കുകള്‍ കേട്ട് കുട്ടികളും അധ്യാപകരും കാതടപ്പിക്കും വിധം കയ്യടിച്ചപ്പോള്‍ അവന്റെ മനസ്സില്‍ തോഴുത്തിനോട് ചേര്‍ന്ന ചായ്പ്പില്‍ എട്ടനുപെക്ഷിച്ച വക്ക് കീറിയ തൊപ്പിക്കുട നിറയുകയായിരുന്നു.  തന്റെ ചേമ്പില കുടയുടെ സ്ഥാനം തെറ്റിച്ചു കാലവര്‍ഷത്തില്‍ കുതിര്‍ത്തെടുത്തു സ്കൂളിനെ വലിയൊരു വിപ്ലവത്തിലേക്ക് വഴിനടത്തിയ തെക്കന്‍ കാറ്റിന്റെ വികൃതികളെ ആ നിമിഷം മുതല്‍  അവന്‍ ഇഷ്ട്ടപെട്ടു തുടങ്ങി.

"പെരിങ്ങോട് ഹൈസ്കൂളില്‍ തൊപ്പിക്കുട വിപ്ലവം "

ഈ മഹാ സംഭവത്തോടെ പെരിങ്ങോട് എന്ന പാലക്കാടന്‍ ഗ്രാമവും,  അവിടത്തെ ഹൈസ്കൂളും അതിന്റെ സാരഥിയായ പ്രധാനാദ്ധ്യാപകന്‍ ശ്രീ കെ എം ശങ്കരന്‍ നമ്പൂതിരിപ്പാടും മാധ്യമങ്ങളില്‍ ഇടം നേടുകയായിരുന്നു.  പിറ്റേ ദിവസം ഏതോ പത്രത്തിന് വേണ്ടി നടത്തിയ ഫോട്ടോ സെഷനില്‍  തൊപ്പിക്കുട ധരിച്ചു അണി നിരന്ന കുട്ടികള്‍ക്കിടയില്‍ മാഷിനരികുപ്പറ്റി നിന്ന ആ ദരിദ്ര ബാലന്റെ  ലവണ ജലം നിറഞ്ഞ കണ്‍കളിലെ തിളക്കം മാഷ്‌ കണ്ടുവോ ആവോ?

നനുത്ത കൈകളാല്‍ താടിപിടിച്ചുയര്‍ത്തി  നിങ്ങള്‍ കരയുകയാണോ എന്ന ഭാര്യയുടെ ചോദ്യം കേട്ടാണ് അയാള്‍ ഓര്‍മ്മകളില്‍ നിന്നും തിരികെയെത്തിയത്.   ഗേറ്റിനപ്പുറം മഴമറയില്‍ ലയിച്ചില്ലാതാവുന്ന സ്കൂള്‍ ബസ്സിന്റെ പിന്‍ഭാഗം അയാള്‍ക്ക്‌ അവ്യക്തമായി കാണാം. അമ്മമാരുടെ കലപിലകള്‍ പലയിടങ്ങളായി ചിന്നി ചിതറി നേര്‍ത്തുകഴിഞ്ഞിരിക്കുന്നു.  ജനല്‍ ഗ്രില്ലിലെ ചട്ടിയില്‍ ആടിയുലയുന്ന തുളസിയുടെ ശാഖികള്‍ കണ്ണീരൊപ്പാനെന്നോണം  അയാളുടെ കണ്‍കളിലേക്ക്  ചായുന്നുണ്ട്. 

ഏയ്‌ .... അത് സന്തോഷാശ്രുവല്ലേ  ....

നേരിയ പുഞ്ചിരിയോടെ തുളസിച്ചെടിയില്‍ കയ്യോടിച്ച് ജനല്‍ ഗ്ലാസ്‌ വലിച്ചടച്ചയാള്‍ തിരികെ നടക്കുമ്പോള്‍  ജനലിനു പുറത്ത്  തെക്കന്‍ കാറ്റിന്റെ  നിര്‍ത്താതെയുള്ള ചൂളം വിളി അയാള്‍ക്ക്‌ കേള്‍ക്കാമായിരുന്നു.  
                                                     

പെരിങ്ങോട് ഹൈസ്കൂളിലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ ഓര്‍മ്മകളില്‍ ഇതള്‍ വിരിഞ്ഞ ഒരു കൊച്ചനുഭവമാണ് മുകളില്‍ എഴുതിയത്.  ഇത്തരം ആയിരക്കണക്കിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമായ നിരവധി അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നെഞ്ചേറ്റുന്ന ഒരു പ്രധാനാദ്ധ്യാപകന്‍.  അദ്ദേഹത്തെക്കുറിച്ചും അദ്ദേഹം ഹൃദയത്തോട് ചേര്‍ത്തു വെച്ച പെരിങ്ങോട് സ്കൂളിനെക്കുറിച്ചും  ആദരപൂര്‍വ്വം ചിലത് കുറിക്കട്ടെ.

വിദ്യാഭ്യാസം വരേണ്യ വര്‍ഗ്ഗത്തിന്റെ മാത്രം അവകാശമായി കരുതിയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അന്യ ഗ്രാമങ്ങളെപ്പോലെ തന്നെ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായമായ കുടിപള്ളിക്കൂടം അഥവാ ആശാന്‍ പള്ളിക്കൂടം മാത്രമായിരുന്നു പെരിങ്ങോട് ഗ്രാമത്തിലെ സാധാരണ ജനതയുടെയും  വിദ്യാഭ്യാസത്തിന്റെ ആശ്രയ കേന്ദ്രം.  അരീക്കര വളപ്പില്‍ എന്ന എഴുത്തച്ചന്‍ കുടുംബക്കാര്‍ ആയിരുന്നു ഇത്തരമൊരു കുടിപള്ളികൂടം നടത്തിയിരുന്നത്.  

നാടിന്റെ നെടു നായകത്വം വഹിക്കാന്‍ പ്രാപ്തിയുള്ളവരായ പൂമുള്ളിമനയിലെ അന്നത്തെ കാരണവര്‍ ശ്രീ നാരായണന്‍ നമ്പൂതിരിപ്പാട്‌ ആണ് മേല്‍പ്പറഞ്ഞ കുടിപള്ളിക്കൂടം ഏറ്റെടുത്ത് ഒരു ലോവര്‍ പ്രൈമറി വിദ്യാലയം 1912 ല്‍ സ്ഥാപിച്ചത്.  എണ്‍പതോളം കുട്ടികളും നാല് അദ്ധ്യാപകരുമായി സ്ഥാപിതമായ വിദ്യാലയം 1930 ല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ ആയും 1962 ല്‍ ഹൈസ്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു.  2012 ല്‍ ശതാബ്ദി ആഘോഷിച്ച ഈ അക്ഷര മുത്തശ്ശി ഇന്നൊരു ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ആണ്.

                                                         
                                                  പെരിങ്ങോട്  എല്‍ പി സ്കൂള്‍

                                                   
കഴിഞ്ഞ കൊല്ലം നടത്തിയ ഹരിത വിദ്യാലയങ്ങളുടെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പന്ത്രാണ്ടാമത്തെതും പ്രൈമറി വിദ്യാലയങ്ങളില്‍ ആദ്യ ഹരിത വിദ്യാലയവുമായി  പെരിങ്ങോട് പ്രൈമറി സ്കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു.


                                                          പെരിങ്ങോട് ഹൈസ്കൂള്‍  
                                           
നൂറ്റാണ്ടിന്റെ  പകുതിയില്‍ ഈ വിദ്യാലയത്തിന്റെ സാരഥ്യം ഏറ്റെടുത്തു കഴിഞ്ഞ് തുടര്‍ വര്‍ഷങ്ങളില്‍  ശ്രി കെ എം ശങ്കരന്‍ നമ്പൂതിരിപ്പാട്‌ കൈവരിച്ച നേട്ടങ്ങള്‍ നിരവധിയുണ്ടെങ്കിലും എടുത്തു പറയേണ്ടത് അദ്ദേഹം മുന്‍ കയ്യെടുത്തു നടപ്പിലാക്കിയ പഞ്ചവാദ്യ പരിശീലനം തന്നെയാണ്.  മലയാളം പണ്ഡിറ്റ്‌ എന്ന് ഞങ്ങള്‍ വിളിക്കുന്ന ഞങ്ങളുടെ മലയാളം അദ്ധ്യാപകന്‍ ശ്രീ ഗോപാലന്‍ നായരുടെ മേല്‍നോട്ടത്തില്‍ പരിശീലനം നേടിയ കുട്ടികള്‍ തുടര്‍ച്ചയായി മുപ്പത്തി ഏഴു വര്‍ഷമാണ് സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനമലങ്കരിച്ചത്.



വര്‍ഷങ്ങള്‍ക്കു ശേഷം പെരിങ്ങോട് സ്കൂളില്‍ നിന്നും പരിശീലനം നേടിയ വാദ്യ കലാകാരന്മാര്‍ ഒന്നിച്ചപ്പോള്‍ അതൊരു റെക്കോര്‍ഡ്‌ ആയി മാറുകയായിരുന്നു.  മൂന്നര മണിക്കൂറോളം അവരൊന്നിച്ചു കൊട്ടി കയറിയത് ലിംകാ ബുക്ക്‌ ഓഫ് റെക്കോര്‍ഡ്‌സിലേക്ക്.





നേട്ടങ്ങള്‍ ഏറെയുണ്ടെങ്കിലും സാധാരണക്കാരില്‍  സാധാരണക്കാരനായ ഞങ്ങളുടെ മാഷ്‌ അഹങ്കാരം തൊട്ടു തീണ്ടാത്ത വ്യക്തിത്വത്തിനുടമയാണ്.  ജീവിത സായന്തനത്തില്‍ എത്തി നില്‍ക്കുമ്പോഴും തന്റെ തട്ടകമായ വിദ്യാലയത്തിന്റെ മുഖ്യ പരിപാടികള്‍ക്കെല്ലാം കാര്‍മ്മികത്വം വഹിക്കാന്‍ ഊര്‍ജ്ജസ്വലനായി ഇന്നും ഓടിയണയുന്ന ഞങ്ങളുടെ വന്ദ്യ ഗുരുനാഥനെ കുറിച്ചെഴുതാന്‍ അദ്ദേഹത്തിന്റെ ആയിരക്കണക്കായ ശിഷ്യസമ്പത്തില്‍ ഒരാളായ എനിക്ക് ഈ ഇടം തികയുമെന്നു തോന്നുന്നില്ല.  മനസ്സുകൊണ്ടാ പാദങ്ങളില്‍ വീണു നമസ്കരിച്ചു ഞാന്‍ മന്ത്രിക്കട്ടെ...... മാഷേ പ്രണാമം !!


                                      ശ്രീ കെ എം ശങ്കരന്‍ നമ്പൂതിരിപ്പാട്‌  (പഴയകാല ചിത്രം)

 
                                          



                                                       മാഷ്‌ ... ഇന്നത്തെ ചിത്രം
                                               
പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 18:29 77 അഭിപ്രായ(ങ്ങള്‍) Email This BlogThis! Share to Twitter Share to Facebook

March 30, 2013

പ്രയാണം



ഉച്ച വെയിലിന്‍ ചൂട് കുറയാന്‍ തുടങ്ങുന്നതെ ഉള്ളൂ.  കാലത്തിറക്കിയ ഇളനീര്‍ ഭൂരിഭാഗവും വിറ്റ് പോയിരിക്കുന്നു.  അവശേഷിക്കുന്ന അഞ്ചാറെണ്ണം മുന്നിലേക്ക്‌ നീക്കി വെച്ച്  വശങ്ങള്‍ പൂതലിച്ച മരമേശക്ക് പുറകില്‍ മോഹന്‍ ഇരുപ്പുറപ്പിച്ചു. 

തിരകളുടെ നനുത്ത  തലോടലുകള്‍  ഏറ്റുവാങ്ങി മയങ്ങുന്ന തീരം. മണലില്‍ കുത്തി നിര്‍ത്തിയ നാല് മുളങ്കാലുകള്‍ക്ക് മുകളില്‍ പ്ലാസ്റ്റിക്‌ പായ മറച്ച ഇളനീര്‍ക്കട.  തീരത്ത്‌ അവിടവിടെ കൊച്ചു കൂട്ടങ്ങളായി വളര്‍ന്നു പൊങ്ങിയ   ചെടികള്‍ ഉച്ചവെയില്‍ തല്ലിക്കെടുത്തിയ ഉന്മേഷം  വീണ്ടെടുക്കാനുള്ള തത്രപ്പാടില്‍ ആടിയുലയുകയാണ്.

അമ്മയുടെ മരണ ശേഷം അനാഥത്വം പതിച്ചു കിട്ടി ഈ തീരത്തണയുമ്പോള്‍ മുതുകില്‍ മുദ്രണം ചെയ്ത അമ്മാവന്റെ തുകല്‍ ബെല്‍റ്റിന്റെ പാടുകള്‍ മാഞ്ഞിരുന്നില്ല.  പകല്‍ മുഴുവന്‍ ഇളനീര്‍ വിറ്റു രാത്രിയില്‍ മുളങ്കാലുകളോട്  ചേര്‍ത്തുകെട്ടിയ മേശമേല്‍ അമ്മയുടെ ഓര്‍മ്മകളില്‍ മുങ്ങിപൊങ്ങിക്കിടക്കുമ്പോള്‍ നാളത്തെ പുലരിയിലേക്ക് കണ്ണുകള്‍ തുറന്നു പിടിച്ചിരിക്കും.  അത്തരം ഉറക്കമില്ലാത്തൊരു രാത്രിയിലാണ് നിലക്കാത്ത കിതപ്പോടെ  അവരോടിയെത്തിയത്.  കിഷോര്‍ എന്ന പത്തു വസ്സുകാരനും അതെ പ്രായക്കാരി തമന്നയും . 

" ബചാവോ ഭയ്യ ... പോലീസ് ഗല്ലി ഗല്ലി സെ സബ്‌ കോ ഉടാ ലെ ജാ രഹാ ഹേ"

വിറയലോടെ അതിലേറെ ദൈന്യതയോടെയുള്ള ആ തെരുവ് പിള്ളേരുടെ വാക്കുകള്‍ കേട്ടതും മറിച്ചൊന്നു ചിന്തിച്ചില്ല.  ഇരുവരെയും മേശക്കടിയിലേക്ക് തള്ളിയിട്ടു  കാലിചാക്കിട്ടു മൂടിയപ്പോള്‍ മുതല്‍ അവര്‍ തനിക്കും ഈ തീരത്തിനും  സ്വന്തമാവുകയായിരുന്നു. 

കാലത്ത് വണ്ടിയില്‍ നിന്നും ഇളനീര്‍ ഇറക്കാന്‍ തന്നെ  സഹായിച്ചു കഴിഞ്ഞാല്‍  തീരത്തെ പൊതിയുന്ന മഞ്ഞിലേക്ക്‌ അവര്‍ നടന്നു മറയും.  വൈകുന്നേരങ്ങളില്‍ അതെ മഞ്ഞിന്‍ മറ പിടിച്ചു  തിരികെയെത്തി മേശക്കടിയില്‍ ചുരുളും.  മാതാപിതാക്കളുടെ രൂപം പോലും ഓര്‍ത്തെടുക്കാന്‍  കഴിയാത്ത അവരോട് വല്ലതും കഴിച്ചുവോ എന്ന് ചോദിച്ചാല്‍ മുന്‍കൂട്ടി   തയ്യാറാക്കി വെച്ച ഉത്തരം പോലെ കഴിച്ചു എന്നവര്‍ ഒരേ സ്വരത്തില്‍ മറുപടി നല്‍കിയിരിക്കും,

വെയിലാറാന്‍ തുടങ്ങിയിരിക്കുന്നു.  സായാന്ഹത്തിന്റെ അന്ത്യപാദത്തിലാണ് തീരം സജീവമാകുന്നത്.  കടയ്ക്കല്‍പ്പം മാറി സിമന്റ് ബെഞ്ചിലിരിക്കുന്ന യുവതി ആരെയോ തിരയുകയാണ്.  കയ്യിലെ തൂവാലയാല്‍ ഉപ്പ് കാറ്റടിച്ചു വരണ്ട മുഖവും കഴുത്തും തുടക്കുന്നതോടൊപ്പം അവള്‍ ചായം തേച്ച ചുണ്ടുകള്‍ തമ്മില്‍  ചേര്‍ത്തു നനക്കുന്നതും കാണാം. 

"തൊടാ ഔര്‍ ഇന്തസാര്‍ ......  വോ ജരൂര്‍ ആയേഗാ ...."

ബെഞ്ചിന് പുറകിലെ ബോണ്‍സായി മരത്തണലില്‍ മുഷിഞ്ഞു കിടന്ന ഭ്രാന്തന്റെ ജല്‍പ്പനങ്ങള്‍ അവളെ അലസോരപ്പെടുത്തുന്നുണ്ട്.

കാതങ്ങള്‍ക്കപ്പുറമുള്ള ബുദ്ധവിഹാരത്തില്‍ നിന്നുയരുന്ന പെരുമ്പറ നാദം അന്തരീക്ഷത്തില്‍ അലിഞ്ഞലിഞ്ഞില്ലാതാവുന്നു.   വരിയായ്‌ നീങ്ങുന്ന പെന്‍ഗ്വിന്‍ കൂട്ടങ്ങളെ അനുസ്മരിപ്പിക്കും വിധം വിഹാരത്തിലേക്ക് നടന്നകലുന്ന ബുദ്ധഭിക്ഷുക്കള്‍ . തീരത്തുപേക്ഷിച്ച ജീര്‍ണ്ണിച്ച തോണിക്ക് മുകളില്‍ ചിറകുണക്കുന്ന കടല്‍ കാക്കകള്‍ . പൂപ്പല്‍ പിടിച്ച തോണിയുടെ പാര്‍ശ്വങ്ങളില്‍ ഇര തേടിയാവാം  ഇടയ്ക്കിടെ അവ  കൊക്ക് ചേര്‍ക്കുന്നുണ്ട്. 

തിരകള്‍ കരയിലേക്ക് അടിച്ചു കയറ്റുന്ന നനഞ്ഞ മണലില്‍ ചിപ്പികള്‍ തേടുന്ന തെരുവ് പിള്ളേരോടൊപ്പം കിഷോറും ചേര്‍ന്നിരിക്കുന്നു.  കടല്‍ ജലത്തെ ഭയന്നാകാം അവരുടെ കളികള്‍ അകലേയിരുന്നു വീക്ഷിക്കയാണ് തമന്ന.  ആരോ പാതി കടിച്ചെറിഞ്ഞ ആപ്പിള്‍ അവള്‍ക്കരികെ ഉറുമ്പരിച്ചു കിടക്കുന്നുണ്ട്. മെലിഞ്ഞു കരിവാളിച്ച  ഉടലിന് ചേരാത്ത വലിയ വയറില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന പാതി കീറിയ ട്രൌസര്‍ മുകളിലോട്ടു വലിച്ചു കയറ്റി ഉറുമ്പരിച്ച ആപ്പിളിലേക്ക്   നോക്കി നില്‍ക്കുന്ന ഒരു  മൂന്നു വയസ്സുകാരന്‍.  ഇടയ്ക്കിടെ അവന്‍ ആപ്പിളിനെയും  തമന്നയെയും മാറി മാറി  നോക്കുന്നുണ്ട്.

വെയില്‍ അല്‍പ്പം കൂടെ കുറഞ്ഞിരിക്കുന്നു.  തീരത്തെ ജന സാന്ദ്രത വര്‍ദ്ധിക്കാന്‍ തുടങ്ങി.  കാത്തിരുപ്പിനൊരറുതിയെന്നോണം സിമന്റ് ബെഞ്ചിലിരുന്ന യുവതി കറുത്ത് കുറുകിയ  ഒരു യുവാവിനെ കെട്ടി പുണര്‍ന്നു നടന്നകലാനുള്ള തയ്യാറെടുപ്പിലാണ്.   രണ്ടടി മുന്നോട്ടു നീങ്ങിയതും അവരെ തടഞ്ഞു നിര്‍ത്തി യുവാവിനെ ഇക്കിളിയാക്കി  കാശിരക്കുന്ന രണ്ടു ഹിജഡകള്‍.  ഹിജഡകളുടെ തലോടലിനനുസരിച്ചു വളഞ്ഞു പുളയുന്ന യുവാവിനെ നോക്കി ചിരിക്കയാണ് തമന്നയിപ്പോള്‍ .  ആ  തക്കം മുതലെടുത്ത്  ആപ്പിള്‍ കൈക്കലാക്കിയ ബാലന്‍ അത്  തൂത്തു  വൃത്തിയാക്കി ഭക്ഷിക്കാനുള്ള ശ്രമത്തിലാണ്.

വര്‍ണ്ണ തൂവലുകള്‍ കൊണ്ടലങ്കരിച്ച ഒരു കുതിര വണ്ടി പാഞ്ഞടുക്കുന്നു.  ഈറന്‍ മണല്‍ത്തരികള്‍ തൂത്തെറിഞ്ഞു കുതിക്കുന്ന കുതിരക്കാലിന്‍ ചലനങ്ങള്‍ക്കൊപ്പം ആടിയുലയുന്ന വണ്ടിയില്‍ കടല്‍ കാഴ്ചകള്‍ കണ്ടു രസിക്കുന്നൊരു സായിപ്പും മദാമ്മയും.  ദൂരദര്‍ശിനിയിലൂടെ അനന്തതയിലേക്ക് നോട്ടമയക്കുന്നതോടൊപ്പം അസുഖകരമായ വണ്ടിയുടെ വേഗത കുറക്കാന്‍ വണ്ടിക്കാരനെ ഓര്‍മ്മിപ്പിക്കുന്നുണ്ടവര്‍

വണ്ടിയില്‍ നിന്നും താഴെയിറങ്ങിയ മദാമ്മ കുട്ടികളുടെ കളികള്‍ ക്യാമറയില്‍ പകര്‍ത്തുകയാണിപ്പോള്‍ .  അല്‍പ്പ നേരത്തിനു ശേഷം കുട്ടികളെയും  കൊണ്ട്   വണ്ടി വീണ്ടും  സവാരി തുടരുന്നു .  സന്തോഷത്താല്‍ മതിമറന്ന ആ പട്ടിണി കൂട്ടത്തില്‍ നിന്നും  നിലക്കാത്ത ആര്‍പ്പുവിളികള്‍ ഉയര്‍ന്നു കൊണ്ടിരുന്നു. 

തോളില്‍ തൂങ്ങുന്ന തുകല്‍ ബാഗില്‍ നിന്നും പുറത്തെടുത്ത  വര്‍ണ്ണ കടലാസുകളില്‍ പൊതിഞ്ഞ മാധുര്യം ഓരോരുത്തര്‍ക്കും നല്‍കുകയാണ് സായിപ്പ്.  കുട്ടികള്‍ക്കിടയില്‍ ആഹ്ലാദത്താല്‍ മതിമറന്ന് തുള്ളുകയാണ് കിഷോറും തമന്നയും.  ആ നിമിഷങ്ങളില്‍ അവര്‍ക്കൊപ്പം അവരെപ്പോലെ അനാഥനായ തന്റെ മനസ്സും ആനന്ദിക്കയാണെന്ന് മോഹന്‍  അറിയാതെ അറിഞ്ഞു.

അസ്തമയ  ശോണിമ കടല്‍ ജലത്തില്‍ വീണു പടരാന്‍ തുടങ്ങിയിരിക്കുന്നു.  പരസ്പരം കെട്ടിപ്പുണര്‍ന്നും കളിപറഞ്ഞും നീങ്ങുന്ന പ്രണയ ജോടികള്‍ .  പകല്‍ മറയുന്നതിനു മുന്‍പേ തന്നെ വിളക്ക്കാലുകള്‍ക്കടിയില്‍ ഉന്തു വണ്ടികളും കൊണ്ട് കച്ചവടക്കാര്‍ നിരന്നു കഴിഞ്ഞു.  ബെല്‍പൂരി, പാനിപൂരി, സാന്‍ഡ്വിച്, ഐസ് ക്രീം തുടങ്ങിയ വേറിട്ട രുചികള്‍ അവര്‍ വില്പ്പനക്കായ്‌ നിരത്തിയിരിക്കുന്നു.   താങ്ങാനാവാത്ത ശരീര ഭാരവും പേറി പഞ്ചാബികളും ഗുജറാത്തികളുമടങ്ങുന്ന കൊച്ചുകൂട്ടങ്ങള്‍ വണ്ടികളെ ചുറ്റിപ്പറ്റി നിന്നു. 

"ഭയ്യ ... ഹം ആനെ കോ ദേര്‍ ഹോയെഗാ ... അന്ഗ്രെസ്‌ ലോഗ് ഖാന ഖിലാ രഹാ ഹെ..."

കിഷോറിന്റെ ശബ്ദം കേട്ടാണ് തീരക്കാഴ്ച്ചകളില്‍ നിന്നും മടങ്ങിയത്.   വിദേശികള്‍  ഒരു നേരത്തെ ആഹാരം അവര്‍ക്ക് വാങ്ങി നല്‍കുന്നു എന്ന വലിയ സന്തോഷത്തിലാണ് കുട്ടികളിപ്പോള്‍ .സായിപ്പിനും മദാമ്മക്കും ഒപ്പം തുള്ളി ചാടി നടന്നകലുന്ന അവരെ നോക്കി മനസ്സ് മന്ത്രിച്ചു.  ഇന്നെങ്കിലും അവര്‍ വയര്‍ നിറയെ ആഹാരം കഴിക്കട്ടെ .....

ഇരുട്ട് പരക്കാന്‍ തുടങ്ങിയിരിക്കുന്നു.  നിയോണ്‍ വിളക്കുകളുടെ തിളക്കം തീരത്തെ വിഴുങ്ങാനെത്തുന്ന ഇരുട്ടിനെ വെല്ലുവിളിക്കുന്നുണ്ടെങ്കിലും അവിടവിടെ ഒറ്റതിരിഞ്ഞു നില്‍ക്കുന്ന തെങ്ങിന്‍ മറപ്പറ്റി പാത്തും പതുങ്ങിയും ഇരുട്ട് തീരത്ത്‌ കയറാന്‍ ശ്രമം നടത്തുന്നുണ്ട്. 

ബാക്കി വന്ന  ഇളനീര്‍ ചാക്കിലാക്കി മേശക്കടിയില്‍ തള്ളി ഇന്നത്തെ വിറ്റുവരവ് എണ്ണി തിട്ടപ്പെടുത്തി പോക്കറ്റില്‍ നിക്ഷേപിക്കുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ്  വിറയാര്‍ന്ന രണ്ടു കൈകള്‍ മോഹന്റെ  കാല്‍കളില്‍ പിടിമുറുക്കിയത്.

ഒരു നിമിഷം സ്തംഭിച്ചു നിന്ന തന്നെ  നോക്കി തൊഴുകൈകളോടെ ഒരു യുവതി.

അവള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.  മുഖ മണ്ഡലത്തില്‍ വിഷാദം വീണുകിടന്ന അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.

"  ആരാ ...  എന്ത് വേണം ? "

തൊണ്ടയില്‍ കുരുങ്ങി കിടന്ന അത്രയും വാക്കുകള്‍ പുറത്തെത്തിക്കാന്‍ മോഹന്‍ നന്നേ പണിപ്പെട്ടു.  യുവതിയോടൊപ്പം അയാളും വിറക്കുന്നുണ്ട്.  തൊഴുതു നില്‍ക്കുന്ന അവളെ പിടിച്ചു കുലുക്കി നീ ആരാണ് എന്ന് വീണ്ടുമന്വേക്ഷിക്കാന്‍ തുടങ്ങിയതും അതിനുത്തരമെന്നോണം  തന്റെ മുന്നിലേക്ക്‌ കൊടുംകാറ്റ് പോലൊരുവന്‍  ആര്‍ത്തലച്ചെത്തിയതും ഒരുമിച്ചായിരുന്നു. 

"എയ് അണ്ണാ...... ചോട് ദോ ഉസ്ക്കോ "

അലര്‍ച്ച കണക്കെയുള്ള അവന്റെ ആജ്ഞ കേട്ടതും യുവതി ഭയന്ന് വിറച്ചു മോഹനെ കെട്ടിപിടിച്ചു കഴിഞ്ഞിരുന്നു.   മേശമേല്‍ കിടന്ന ഇളനീര്‍ വെട്ടുകത്തി കയ്യിലെടുത്തു മുന്നോട്ടാഞ്ഞതും അവന്‍ വല്ലാതൊന്നു  ഞെട്ടിയതായി മോഹന് തോന്നി. 

എവിടെ നിന്നോ വീണു കിട്ടിയ ധൈര്യം മുന്‍നിര്‍ത്തി മോഹന്‍   ചോദിച്ചു.

"അഗര്‍ ചോട്ന നഹിന്‍ ചാഹ്തെ ഹെ തോ ...... "

കൊടുംകാറ്റില്‍ ഉലയുന്ന കരിമ്പന കണക്കെ കുലുങ്ങി കുലുങ്ങിയുള്ള അവന്റെ കനമുള്ള ചിരി ഒരു അട്ടഹാസത്തിലേക്ക് വഴിമാറിയതു വളരെ പെട്ടെന്നായിരുന്നു.

" സാലാ .. ചാര്‍ ടക്കെ ക്കാ മദ്രാസി .... ബായിഗിരി ദിഗാത്ത ഹെ ക്യാ ... വോ ബി അപ്നെ പാസ്‌ ...... തുമാരാ ജാന്‍ ലേക്കെ ബി മെ ഉസ്കോ ലേ ജായേഗാ  മാ  ...."

അവന്‍ പറഞ്ഞു മുഴുമിപ്പിക്കും  മുന്‍പേ മോഹന്‍ കയ്യിലിരുന്ന വെട്ടുകത്തി അവനു നേരെ വീശി കഴിഞ്ഞിരുന്നു.  

ഒട്ടും പ്രതീക്ഷിക്കാതിരുന്ന മോഹന്റെ നീക്കത്തില്‍ നിന്നും രക്ഷപ്പെടാന്‍ തിടുക്കത്തില്‍  പിന്നോട്ട് മാറിയപ്പോള്‍ മണലില്‍ മലര്‍ന്നു വീണ അവന്റെ മുഖത്തേക്ക്  കാലുകളാല്‍  മണല്‍ കോരിയിട്ടു മറ്റൊന്നും ചിന്തിക്കാതെ അവളെയും വലിച്ചു കൊണ്ടോടുകയായിരുന്നു.   തീരത്ത്‌ നിന്നും റോഡില്‍ എത്തിയ ശേഷവും ഭീതി വിട്ടകലാത്തതിനാല്‍ തിരിഞ്ഞു നോക്കാന്‍ മനസ്സനുവദിച്ചില്ല.

അടയാള വിളക്കുകള്‍ തെളിയാന്‍ കാത്തു കിടന്ന വാഹന വ്യൂഹങ്ങളെയും തടയണകളില്ലാതെ ഒഴുകിക്കൊണ്ടിരുന്ന ജനനദികളെയും മറികടന്നു കൊണ്ടുള്ള   ആ ഓട്ടത്തിന് പ്രത്യേക ലക്ഷ്യമൊന്നും ഇല്ലായിരുന്നുവെങ്കിലും ഒഴുകുന്ന ആള്‍ക്കൂട്ടത്തിലൂടെ ഓടിയെത്തിയത് ദാദര്‍ സ്റേഷന്റെ ഏഴാം നമ്പര്‍ പ്ലാട്ഫോമിലാണ്.

പ്ലാട്ഫോം വിടാന്‍ തുടങ്ങുന്ന ഒരു ദീര്‍ഘദൂര വണ്ടിയുടെ വാതിലിലേക്ക് വീണ്ടും ആ ഓട്ടം നീളുകയാണ്.  പാളത്തിലുരഞ്ഞു കേഴുന്ന വണ്ടിച്ചക്രങ്ങള്‍ക്ക് വേഗത കൂടുന്നുണ്ട് . ഒരു വിധത്തില്‍ അവളേയും തൂക്കിയെടുത്തു വണ്ടിക്കകത്തെത്തിയപ്പോള്‍ മാത്രമാണ്  ശ്വാസം നേരെ വീണത്‌.

വണ്ടിക്കകത്തേക്ക് തങ്ങള്‍ പ്രവേശിച്ച രീതി ഒട്ടും ഇഷ്ടപ്പെടാത്ത വിധം പലരും പലതും പിറുപിറുക്കുന്നുണ്ട്. 

ഇങ്ങനെ മരിക്കേണ്ട വല്ല കാര്യവുമുണ്ടോ? സമയത്തിനു സ്റേഷനില്‍ എത്തേണ്ടേ  എന്നൊക്കെ ചോദിക്കുന്നവര്‍ക്ക് തങ്ങള്‍ നേരിട്ട പരീക്ഷണങ്ങളെക്കുറിച്ച്  എന്തറിയാന്‍?

അവള്‍ ആകെ തളര്‍ന്നിരിക്കുന്നു.  വാടിക്കരിഞ്ഞ ഒരു ചേമ്പിന്‍തണ്ട് പോലെ തന്റെ ദേഹത്ത് വീണു കിടന്ന അവളോട്‌ മോഹന്‍ വീണ്ടും ചോദിച്ചു.

നീ ആരാ ..?
എന്താ നിന്റെ പേര് ...?

ഉത്തരമായി അവള്‍ നല്‍കിയ ചില ആംഗ്യ  വിക്ഷേപങ്ങള്‍ കണ്ടു മോഹന്റെ നെഞ്ച് പിടച്ചു.
അവള്‍ ഊമയാണ്.  താനാരെന്നു  വെളിപ്പെടുത്താന്‍ കഴിയാത്ത നിസ്സഹായ.

വണ്ടിക്കിപ്പോള്‍  വേഗത ഇരട്ടിച്ചിരിക്കുന്നു.  സീറ്റുകളിലും സീറ്റുകള്‍ക്ക് ഇടയില്‍ പേപ്പര്‍ വിരിച്ചും ആളുകളിരിക്കുന്നു.  വാതിലിനോടു ചേര്‍ന്നുള്ള ഇടുങ്ങിയ മൂലയില്‍ അവളെയും ചേര്‍ത്തു പിടിച്ചു അയാളുമിരുന്നു.  തറയില്‍ ചിതറി കിടന്ന കടലാസ്സു തുണ്ടുകളും ഭക്ഷണാവശിഷ്ടങ്ങളും അതൊരു ജനറല്‍ ബോഗി തന്നെ എന്ന സൂചന നല്‍കിയത്   മോഹന് തെല്ലാശ്വാസം പകരുന്നുണ്ട് 

നേരം പാതി രാത്രിയോടടുക്കുന്നു.  പലയിടങ്ങളിലും  യാത്രക്കാരെ ഇറക്കിയും കേറ്റിയും വണ്ടി ഓടി കൊണ്ടിരുന്നു  .   ഭയവും ക്ഷീണവും കീഴ്പ്പെടുത്തിയ അവള്‍ മോഹന്റെ തോളില്‍ തല ചായ്ച്ചുറങ്ങുകയാണ്  ചിന്തകള്‍ കാട് കയറുന്നു.  ഈ ഊമയെയും കൊണ്ട് തന്റെ ഈ യാത്ര എങ്ങോട്ടാണ്?  ഇവള്‍ ആര് .. എന്ത് എന്നോന്നുമറിയാതെ ......... !!!   

അടുത്ത ഏതെങ്കിലും സ്റേഷനില്‍ വണ്ടി നിര്‍ത്തുമ്പോള്‍ അവളറിയാതെ ഇറങ്ങി രക്ഷപ്പെട്ടാലോ?

ഏതോ കരാള ഹസ്തത്തില്‍ നിന്നും രക്ഷപ്പെടുത്തിയ  ഈ മിണ്ടാപ്രാണിയെ മറ്റു പലര്‍ക്കും പിച്ചി ചീന്താന്‍  എറിഞ്ഞു കൊടുക്കുന്നത് പാപമല്ലേ  എന്ന മനസ്സിന്റെ മറു ചോദ്യത്തിന് മുന്നില്‍ ഒരു നിമിഷം ചെറുതായൊന്നു  നടുങ്ങിയോ?
  
ആ  പാപ ചിന്ത നല്‍കിയ കുറ്റ ബോധത്തില്‍  നിന്നുള്ള മുക്തിക്കെന്നോണം കണ്ണീര്‍ ചാലുകളുണങ്ങിയ അവളുടെ കവിളുകളില്‍ വിരലുകളാല്‍  തലോടി കൊണ്ടിരിക്കവേ  പതിയേ അയാളും ഉറക്കത്തിലേക്ക് വഴുതി വീഴുകയായിരുന്നു. 

പേപ്പര്‍ .. പേപ്പര്‍ ...  പത്രവില്‍പ്പനക്കാരന്റെ അസുഖകരമായ  വിളിയാണ് മോഹനെ ഉറക്കത്തില്‍ നിന്നുണര്‍ത്തിയത്. വണ്ടി ചാലിസ്ഗാവ് എന്ന സ്റേഷനില്‍ ആണിപ്പോള്‍ .  ഇത് വടക്ക് ദിശയിലേക്കുള്ള ഏതോ വണ്ടിയായിരിക്കാമെന്നയാളൂഹിച്ചു

തലേ  രാത്രിയിലെ നടുക്കം ഇനിയും മാറിയിട്ടില്ല.  ഒരു കൊച്ചു കുട്ടിയെപ്പോലെ തന്റെ മടിയില്‍ തല ചായ്ച്ചുറങ്ങുകയാണ് അവളിപ്പോഴും.  പോക്കറ്റില്‍ നിന്നും  ചില്ലറ നല്‍കി പത്രം വാങ്ങിക്കുമ്പോള്‍ തീരത്ത്‌ നടന്ന സംഭവം  മനസ്സില്‍ വീണ്ടും വീണ്ടും  തെളിയുകയായിരുന്നു. 

പത്രം കയ്യിലെടുത്തപ്പോള്‍ തന്നെ കൈകള്‍ വിറക്കാന്‍ തുടങ്ങിയിരുന്നു.  ആദ്യതാളിലെ വാര്‍ത്തയില്‍ അറിയാതെ കണ്ണുടക്കിയപ്പോള്‍ അയാള്‍ ഒരു അഗ്നികുണ്ഡത്തിനു നടുവിലേക്ക് എടുത്തെറിയപ്പെട്ട വിധം എരിപൊരി കൊണ്ടു. 

"തെരുവ് കുട്ടികളെ ഉപയോഗിച്ച് നീല ചിത്ര നിര്‍മ്മാണശ്രമം .  വിദേശ ദമ്പതികള്‍ ദാദറിലെ ഹോട്ടലില്‍ അറസ്റ്റില്‍ ....

കുട്ടികള്‍ താമസിച്ചിരുന്ന  ഇളനീര്‍ക്കടയുടമയുടെ തീരോധാനത്തില്‍ ദുരൂഹത...
സംസ്ഥാനം വിട്ടു പോകാതിരിക്കാന്‍ പോലീസ് തിരച്ചില്‍ വ്യാപകം"


വാര്‍ത്തക്കൊപ്പം  ചേര്‍ത്ത കിഷോറിന്റെയും തമന്നയുടെയും  ചിത്രങ്ങളില്‍ നിന്നും നോട്ടം  പിന്‍ വലിക്കവേ  സ്പോടനസജ്ജമായ ഒരഗ്നിപര്‍വ്വതം അയാളില്‍ രൂപം  കൊണ്ടിരുന്നു.  നിമിഷങ്ങള്‍ പോകെ പോകെ  ആ ജ്വാലാമുഖിയുടെ  ശിരസ്സില്‍ നിന്നും തീയും പുകയും ബഹിര്‍ഗമിക്കുന്നതയാളറിഞ്ഞു.  ദിഗന്തങ്ങള്‍ പൊട്ടുമാറുച്ഛത്തില്‍ ഒരു സ്പോടനം ഏതു നിമിഷത്തിലും നടന്നേക്കാമേന്നയാള്‍ ഭയന്നു.  അയാള്‍ വല്ലാതെ കിതക്കുന്നുണ്ട്.

രക്ഷപ്പെട്ടേ മതിയാകൂ.   അപ്പോള്‍ ഇവളോ?
ആകാശത്തിനു  താഴെ സ്വന്തമെന്നവകാശപ്പെടാന്‍ ആരുമില്ലാത്തവരെ പല രീതിയിലും സമൂഹം  ചൂഷണം ചെയ്തു കൊണ്ടിരിക്കുമെന്ന വലിയ  സത്യം അനുഭവിച്ചറിഞ്ഞ നിമിഷങ്ങളാണ് പിന്നിട്ടത്. വയ്യ...ഇനിയും പലരാല്‍ പിച്ചിചീന്തപ്പെടാന്‍ ഇവളെ  പെരുവഴിയിലുപേക്ഷിച്ചു പോകാന്‍  തനിക്കാവില്ല .  ഇവളെ രക്ഷപ്പെടുത്തിയേ മതിയാകൂ. അയാളുടെ മനസ്സ് മന്ത്രിച്ചു.. 
വണ്ടി   ചീറിപ്പായുകയാണ്. വണ്ടിയുടെ ചലനത്തിനോപ്പം  വാതിലുകളിലൂടെയും ജനലുകളിലൂടെയും ചൂളം വിളിയുമായെത്തിയ  കാറ്റ് അയാളിലെ തീയണക്കാന്‍ പര്യാപ്തമായില്ല.  അണക്കാനാവത്ത വിധം ആ അഗ്നി  അയാളുടെ മനോമുകുരത്തിലേക്ക്  ശക്തിയോടെ പടര്‍ന്നേറുകയാണ്. ആളിപ്പടരുന്ന തീയില്‍ നീറി നീറി  അയാളൊരു തീപ്പക്ഷി ആയി പരിണമിക്കുകയാണിപ്പോള്‍ .  അഗ്നിച്ചിറകുകള്‍ വിടര്‍ത്തി പറക്കാനൊരുങ്ങുന്ന പക്ഷി. 

തളര്‍ന്നു മയങ്ങുന്ന അവളുടെ മുഖമിപ്പോള്‍ സൂര്യരശ്മിയേറ്റ മഞ്ഞുതുള്ളി പോലെ തിളങ്ങുന്നതായയാള്‍ക്ക് തോന്നി.  കണ്ണുകള്‍ സജലങ്ങളായി കാഴ്ച മറയും മുന്‍പേ  അവളുടെ നെറ്റിയില്‍ കൊക്കുരുമ്മിയശേഷം   അവളേയും ചിറകിലെറ്റി കുതിച്ചു പായുന്ന തീവണ്ടിയുടെ തുറന്ന വാതായനത്തിലൂടെ ആ പക്ഷി പുറത്തേക്ക് പറന്നു......  അനന്ത വിഹായസ്സിലേക്ക് ...


പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 18:28 100 അഭിപ്രായ(ങ്ങള്‍) Email This BlogThis! Share to Twitter Share to Facebook

September 08, 2012

ജന്നത്തുല്‍ ഫിര്‍ദൌസ്

മക്ക പിടിച്ചടക്കാന്‍ എത്തിയ അബ്രഹത്തിന്റെ ആനപ്പടയെ കല്ലെറിഞ്ഞു തുരത്തിയ അബാബില്‍ പക്ഷി കൂട്ടങ്ങള്‍!!

അവ മാനത്ത് തീര്‍ത്ത അന്ധകാരത്തെ മനസിലാവാഹിച്ചു കിടക്കയാണ് സൈനബ.

"നാഥാ .... നിന്‍ വിളി എന്തേ വൈകുന്നു ?"
അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു.

തൊഴുത്തിന്നിറയത്തു കണ്‍പൂട്ടിയുറങ്ങുന്ന കാവല്‍ നായ മുസാഫിറിനെ ഈച്ചകള്‍ ശല്യം ചെയ്യുന്നുണ്ട്.  തൊഴുത്തിന്‍ കഴുക്കോലില്‍ ഇടയ്ക്കിടെ മുഖം കാട്ടി മടങ്ങുന്ന രണ്ടുനാലെലികളും ചുറ്റിലും വട്ടമിട്ടു പറക്കുന്ന  കൊതുകിന്‍ കൂട്ടവും പിന്നെ ഈ നായയും മാത്രമാണല്ലോ അവള്‍ക്കിവിടെ കൂട്ട്.

വാളാരന്‍ കുന്നിന്റെ ചെരുവില്‍ നിന്നും റഷീദ്‌ കൊണ്ട് വന്നതാണവനെ !
ഉരുക്കളെ തെളിച്ചു കുന്നിറങ്ങുമ്പോള്‍ കേട്ട  കാക്കകള്‍ കൊത്തി മുറിവേല്‍പ്പിച്ച നായ കുഞ്ഞിന്റെ രോദനം.  അവനെ കുന്നിന്‍ ചെരുവില്‍ ഉപേക്ഷിച്ചു പോരാന്‍ തോന്നിയില്ലത്രേ.

റഷീദ്‌ അങ്ങിനെയാണ്.  അയാളെ പോലെ അനാഥ ജന്മം വിധിച്ചു കിട്ടിയ ഏതു ജീവനെയും അവഗണിക്കാന്‍ അയാള്‍ക്കാവുമായിരുന്നില്ല!

വഴിയില്‍ നിന്ന് കിട്ടിയത് കൊണ്ടാണവനെ വഴിയാത്രക്കാരന്‍ എന്നര്‍ത്ഥം വരുന്ന മുസാഫിര്‍ എന്ന പേര്‍ വിളിച്ചതെന്ന്  റഷീദ്‌ പറഞ്ഞതവളോര്‍ത്തു. 
കുളിപ്പിച്ച് വൃത്തിയാക്കി ശരീരത്തിലെ മുറിവുകളില്‍ ഉപ്പും അട്ടക്കരിയും ചേര്‍ത്ത മിശ്രിതം വെച്ച് കെട്ടുമ്പോള്‍ വേദന കൊണ്ട് കരഞ്ഞ മുസാഫിറിനോടൊപ്പം അന്ന് റഷീദും കരഞ്ഞിരുന്നു.

റഷീദിന്റെ  കഥയും മറിച്ചായിരുന്നില്ലല്ലോ !

നിറഞ്ഞ  നിലാവുള്ള ഒരു രാത്രിയില്‍ പെരുമ്പിലാവ് ചന്ത കഴിഞ്ഞു പോത്തുകളെ തെളിച്ചെത്തിയ ഉപ്പയോടൊപ്പം വന്ന തടിച്ചുരുണ്ട പയ്യന്റെ രൂപം സൈനബയുടെ ഓര്‍മ്മകളില്‍ തെളിഞ്ഞു.  പോത്തിന്‍ കൊമ്പില്‍ കെട്ടിയ പന്തത്തിന്‍ വെളിച്ചത്തില്‍ അന്ന് കണ്ട അവന്റെ തിളങ്ങുന്ന കണ്ണുകള്‍.

കയ്യിലെരിയുന്ന ചൂട്ടുകറ്റ തെങ്ങിന്‍ കടക്കല്‍ കുത്തി കെടുത്തി ആരോടെന്നില്ലാതെ ഉപ്പ പറഞ്ഞു !

"ഇബന്‍ റഷീദ്‌ ... ചന്ത പടിക്കല്‍ അരിപ്പ ചൂട്ടു വിക്കണ കുണ്ടനാ.....
യത്തീമാ .......  ഞാന്‍ കൂടെ കൂട്ടി പോന്നു.  ബടള്ളത് ബല്ലതും തിന്നു കുടിച്ചു കടേല്‍ നിക്കട്ടെ ...... എറച്ചി എത്തിക്കാന്‍ ഒരു സഹായാവൂലോ.... "

മറുപടിയായി പക്ഷാഘാതം ഗോവണി ചുവട്ടില്‍ തളര്‍ത്തിയിട്ട ഉമ്മയുടെ ജീവനില്ലാത്ത മൂളല്‍ മാത്രം സൈനബ കേട്ടു.  അല്ലെങ്കിലും അറവുകാരന്‍ പോക്കരുടെ ബീടര്‍ ആയ നിമിഷം മുതല്‍ അവരുടെ സ്വരത്തിന് മിഴിവില്ലായിരുന്നുവല്ലോ!!

ഉച്ച വരെ കൈതക്കുട്ടയില്‍ പോത്തിറച്ചിയും ചുമന്നു ഗ്രാമ വീഥികളിലൂടെ നാഴികകള്‍ നടക്കും റഷീദ്‌.  വീടുകള്‍ കയറിയിറങ്ങി ഇറച്ചി കൊടുത്ത് തിരികെയെത്തുന്ന അവന്റെ മുഖത്ത് ക്ഷീണത്തിന്‍ നിഴല്‍ പരന്നിരിക്കും.  ഉച്ചക്കഞ്ഞി മോന്തി വീണ്ടും വാളാരന്‍ കുന്നിലേക്ക് പോത്തുകളെ തെളിച്ചു നീങ്ങുമ്പോള്‍ നിഴല്‍ പോലെ വാലാട്ടി മുസാഫിറും അവനെ  അനുഗമിക്കും.  പുഞ്ചിരിയോടെ അവരെ കൈവീശി  യാത്രയയക്കാന്‍ കാത്തു നിന്ന ആ നല്ല നാളുകള്‍ ഇന്നും തെളിമയോടെ സൈനബയുടെ ഓര്‍മ്മയിലുണ്ട്.

കാലത്ത് ഓത്തു പള്ളിയിലേക്കുള്ള അവളുടെ യാത്രയും റഷീദിനോടൊപ്പമായിരുന്നു.  വഴി നീളെ അവന്‍ പറയുന്ന കഥകളില്‍ പെരുംപിലാവിലെ സിനിമാ കൊട്ടകയും, ചന്ത നാളിലെ കച്ചോടങ്ങളും, ചന്ത പുറകിലെ ഉപ്പാന്റെ പറ്റുകാരി കദീസുമ്മയും മറ്റും ഒന്നിന് പിറകെ ഒന്നായി വന്നു നിറയുമായിരുന്നു.

ഇടയ്ക്കു ഇറച്ചി കുട്ട താഴേയിറക്കി ഇടവഴിയിലേക്ക് ചാഞ്ഞ ചെടികളില്‍ നിന്നും ചാമ്പക്ക പറിച്ചു  കൈവെള്ളയില്‍ വെച്ച് തന്നിരുന്ന അവനോട് അറിയാതെ ഒരാരാധന തന്റെയുള്ളില്‍  അന്നേ മുള പൊട്ടിയിരുന്നു.

സ്വര്‍ഗ്ഗത്തിലെ ജന്നത്തുല്‍ ഫിര്‍ദൌസ് എന്ന ആരാമവും,  പടച്ചവന്റെ സ്നേഹം ലഭിച്ചവര്‍ക്കു മുന്നില്‍ താനേ തുറക്കുന്ന അതിന്‍ വാതിലുകളും,  അവിടെ അള്ളാഹുവൊരുക്കുന്ന പൂക്കളും കായ്കനികളും മറ്റും അവന്‍ വാക്കുകളാല്‍ വരച്ചു വെക്കുമ്പോള്‍ ഒരു മാലാഖയായി മാറി  ജന്നത്തുല്‍ ഫിര്‍ദൌസില്‍ പാറി പറന്നു നടക്കുമായിരുന്നു സൈനബ.

"മാളെ...... ച്ചിരി കഞ്ഞി ബെള്ളം കുടിക്കണ്ടേ ?"

കുഞ്ഞുമ്മുത്താന്റെ വിളിയാണ് സൈനബയെ ചിന്തകളില്‍ നിന്നുണര്‍ത്തിയത് !

കുടിയടച്ച് ഉപ്പയും രണ്ടാനമ്മയും  പെരുംപിലാവിനു പോയപ്പോള്‍ അവള്‍ക്കു കഞ്ഞി നല്‍കാന്‍ നിയോഗിച്ചതാണവരെ.  പെരുന്നാള്‍ കഴിഞ്ഞു അവര്‍  മടങ്ങിയെത്തും വരെ തന്റെ വിസര്‍ജ്ജ്യങ്ങള്‍ വൃത്തിയാക്കുന്നതും ദേഹം തുടച്ചു ശുചിയാക്കുന്നതും അഗതിയായ ഈ വൃദ്ധ തന്നെ.

വരണ്ട ചുണ്ടുകളിലേക്ക് കഞ്ഞി പകര്‍ന്നു നല്‍കുമ്പോള്‍ ഉമ്മയുടെ തറവാടിന്റെ ഗതകാല പ്രതാപങ്ങളും ഉമ്മയുടെ സല്‍വൃത്തികളും ഇടമുറിയാതെ പെയ്യുന്ന പെരുമഴ പോലെ അവരുടെ ചുണ്ടില്‍ നിന്നും പൊഴിഞ്ഞു  കൊണ്ടിരിക്കും. 

"ഇത്രേം നല്ല മനുസര്‍ക്ക് ഇത്ര വലിയ ശിക്ഷ എങ്ങിനെ നല്‍കുന്നു റബ്ബേ "  എന്നൊരു ആത്മഗതവും പേറി കണ്‍ നിറച്ചാണ് അവര്‍ പോയത്.   ഉമ്മയെ അടുത്തറിയാവുന്ന ഏതൊരു ഗ്രാമവാസിയുടെയും കണ്ണില്‍ സൈനബ  കാണുന്ന പതിവ് കാഴ്ചയാണല്ലോ ആ നനവ്‌.

ശരീരം തളര്‍ന്നു കിടന്ന ഉമ്മയെ നോക്കി ഒന്നെളുപ്പം മയ്യത്തായെങ്കില്‍ എന്ന് നിരവധി തവണ ബാപ്പ പ്രാകുന്നത് കേട്ടിട്ടുണ്ട്.  ഒടുവിലത് ഫലിച്ചപ്പോള്‍ കബറിലെ മണ്ണിന്‍ നനവ്‌ വിടും മുന്‍പ് വീടിനു മുന്‍പില്‍ കുടമണി കിലുക്കവുമായി പാഞ്ഞെത്തിയ കാളവണ്ടിയുടെ കിതപ്പ്.  അതൊരു മരവിപ്പായി സൈനബയില്‍ പടരുകയായിരുന്നു.  കദീസുമ്മയെ രണ്ടാം ഭാര്യയാക്കി ഉപ്പ വന്ന ആ  നിമിഷം ഗോവണി ചുവട്ടില്‍ നിന്നുയര്‍ന്ന അവളുടെ തേങ്ങലിന് മറുപടിയെന്നോണം വന്ന ഉപ്പയുടെ ചോദ്യം ...

"എന്ത്യേ.... ഇബടെ ആരേലും മയ്യത്തായിക്കണാ?"

അന്ന്  മുതല്‍ തമ്പുരാന്‍ അവള്‍ക്കു  നരകം  വിധിച്ചു നല്‍കുകയായിരുന്നു !

എന്തിനും കുറ്റം മാത്രം കൂലി നല്‍കി ജീവിതം ദുസ്സഹമാക്കിയ പോറ്റമ്മയുടെ ചെയ്തികളുടെ നെരിപ്പോടില്‍ ഉരുകി അവസാനിക്കയാണെന്നു തോന്നിയ നാളുകള്‍.  റഷീദിക്കയുടെ സ്നേഹം മാത്രമായിരുന്നു ആ നാളുകളിലെ ഏക ആശ്വാസം,

രാപ്പകല്‍ പോത്തിനെ പോലെ പണിയെടുക്കുന്നത് നിന്നെ ഓര്‍ത്ത്‌ മാത്രമാണെന്ന് റഷീദിക്ക പറയുമ്പോള്‍ മനസ്സില്‍ കുടിയേറാന്‍ തുടങ്ങിയ അനാഥത്വത്തെ ആട്ടിയകറ്റുകയായിരുന്നു സൈനബ.

എന്തിനും പോന്ന ഒരുവന്‍ നാഥനായുണ്ട് എന്ന വിശ്വാസം അവളില്‍ നിറഞ്ഞ നിമിഷങ്ങള്‍  ആയിരുന്നു അവ.   ആ വിശ്വാസമാണല്ലോ ഉപ്പയോട് ഒരിക്കലും എതിര്‍വാക്ക് പറയാത്ത അവള്‍ക്ക് രണ്ടാനമ്മയുടെ  സഹോദരനെ ഭര്‍ത്താവായി വേണ്ടെന്നു പറയാനുള്ള ധൈര്യം നല്‍കിയത്.  റഷീദിനോടുള്ള  അവളുടെ സ്നേഹം ഉപ്പയോടു വെട്ടി തുറന്നു പറയാനും പ്രേരകമായത് അതെ സനാഥത്വ ചിന്ത തന്നെ.

അന്ന് അവളുടെ നേര്‍ക്കുയര്‍ന്ന  ഉപ്പാന്റെ കാലുകള്‍ ചീന്തിയെറിഞ്ഞത് സ്വപ്നങ്ങളുടെ നിറക്കൂട്ടാല്‍ അവള്‍ വരച്ച ജീവിത ചിത്രങ്ങളായിരുന്നു.  ആ താഡനം ക്ഷതമേല്‍പ്പിച്ചത് അവളുടെ നെട്ടെല്ലിനോടൊപ്പം അവളെ സ്നേഹിക്കുന്ന നിരവധി ഗ്രാമ മനസ്സുകളെ കൂടിയായിരുന്നു.

വിവരമറിഞ്ഞ് വാളാരം കുന്നിറങ്ങി പാടവും പുഴയും കടന്നു കാറ്റു പോലെ ആശുപത്രിയില്‍ കുതിച്ചെത്തിയ റഷീദിക്കയുടെ കഴുത്തില്‍ കൈമുറുക്കി ഉപ്പ പറഞ്ഞ വാക്കുകള്‍.

"ഹറാം പെറന്ന ഹമുക്കെ .....

തെണ്ടി നടന്ന അനക്ക് ഞമ്മടെ  പയങ്കഞ്ഞി കുടിച്ചു തൊക്കും തൊലീം ബെച്ചപ്പോ ഞമ്മടെ മോളോടാ മോഹബത്ത്.....

നാളെ സുബഹിക്ക് മുന്നേ ഈ നാട് ബിട്ടോണം .....

അല്ലെങ്കി അന്നെ കൊത്തിയരിഞ്ഞു പോത്തിറച്ചീന്റെ കൂടെ നാട്ടാര്‍ക്ക് തൂക്കി ബിക്കും ഞാന്‍ .... കേട്ടെടാ..... ഹിമാറെ ...."

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തന്നെ നോക്കി നടന്നു നീങ്ങിയ ഇക്കയുടെ ദൈന്യതയാര്‍ന്ന മുഖം ഇന്നും ഒരു വേദനയായി മനസ്സിലുണ്ട്.  ഇക്കയുടെ നന്മക്കായുള്ള പ്രാര്‍ഥനകളായിരുന്നു പിന്നീടെന്നും.

വരവൂരിലെ ഒരു തടി മില്ലില്‍ തടി അറവ് ആണെന്നും  ഒരു നാള്‍ വന്നു കൂടെ കൊണ്ട് പോകുമെന്നും  ഇക്ക പറഞ്ഞു വിട്ടതായി നായര്‍ വീട്ടിലെ വാസുട്ടന്‍ പറഞ്ഞപ്പോള്‍ ഒരു നിര്‍വ്വികാരതയാണ് തന്നെ ആവരണം ചെയ്തത്.  പള്ളി പറമ്പിലെ പച്ച മണ്ണ് മാത്രം സ്വപ്നം കണ്ടു കഴിയുന്ന തനിക്കായി എന്തിന് പാവം ഇക്കയുടെ ജീവിതം ഹോമിക്കണം?

ഇക്ക പോയതോടെ കച്ചവടം നിലച്ച ഇറച്ചിക്കടയടഞ്ഞു കിടന്നു.  കൂടെ ഉരുക്കള്‍ ഒഴിഞ്ഞ തൊഴുത്തും!

"തീട്ടോം മൂത്രോം കോരി ന്റെ മൂട് ബിട്ടു ...
ഈ മാരണം എടുത്തു ആ തോയുത്തിലെക്ക് കേടത്ത്യാ ന്താ?

ആ വാക്കുകള്‍ കേട്ട നിമിഷം ഉപ്പ ഒന്ന് ഞെട്ടിയോ?

രണ്ടാനമ്മയുടെ പുതിയ വെളിപാടിനാല്‍ തന്റെ സ്ഥാനം തൊഴുത്തിലേക്ക് പറിച്ചു നടപ്പെട്ടത്‌ ഉപ്പയെ അസ്വസ്ഥനാക്കിയോ?

"ന്നാലും കദ്യാ...... അതിനെ ബല്ല പട്ടീം നായ്ക്കളും കടിച്ചു കൊന്നാലോ?"

"അങ്ങനെ ആ തൊന്തരവ് ങ്ങട് ഒയിയും ...."

പോറ്റമ്മയുടെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ ഉപ്പാന്റെ വാക്കുകള്‍ ഒളിച്ചു കളിച്ചു.

പകല്‍ അവസാനിക്കുന്നു .  വിരസതയുടെ നീണ്ട രാത്രി വിരുന്നെത്തുകയാണ്. അതോര്‍ക്കുമ്പോഴേ മനം മടുക്കുന്നു.

ഒരു കറുകപുത്തൂര്‍ പള്ളി നേര്‍ച്ച കഴിഞ്ഞു മടങ്ങുമ്പോള്‍ റഷീദിക്ക വാങ്ങി സമ്മാനിച്ച കസവുറുമാല്‍.  അത് നെഞ്ചോട്‌ ചേര്‍ത്തു ഇക്കയുടെ സ്മരണകളില്‍ മുഴുകി നേരം വെളുപ്പിക്കും.  ഇടയ്ക്കിടെ നിഴലുകളെ നോക്കി കുരക്കുന്ന മുസാഫിറിനെ അരികില്‍ വിളിച്ചു തലോടും.  പട്ടി നജസാണെന്ന് പറഞ്ഞു കദീസുമ്മ  എവിടെ കണ്ടാലും ഉപദ്രവിക്കുമെങ്കിലും ഒരു സംരക്ഷകനെ പോലെ ആ മിണ്ടാപ്രാണി തോഴുത്തിന്നിറയത്തു കാവല്‍ കിടക്കും.  ജന്മം നല്‍കിയ പിതാവ് നല്‍കാത്ത സംരക്ഷണം  ഈ സാധു മൃഗം നല്കുന്നുവല്ലോ എന്നോര്‍ത്ത് സൈനബയുടെ  കണ്‍ നിറഞ്ഞു.

നിലാവ്  പരന്നു തുടങ്ങി.  തോട്ടത്തിലെ കമുങ്ങുകള്‍ക്കിടയില്‍ മറയാന്‍ മനസ്സില്ലാതെ ഇരുട്ട് പതുങ്ങി നിന്നു.  തോട്ട പച്ചപ്പില്‍ അവിടവിടെ നനുത്ത മഞ്ഞും  നിലാതുണ്ടുകളും  ആശ്ലേഷിച്ചു കിടന്നു.  തൊട്ടപ്പുറത്തെ നായര്‍ പറമ്പിലെ സര്‍പ്പക്കാവില്‍ നിന്നുയരുന്ന കൂമന്‍ മൂളലുകള്‍ കേള്‍ക്കാം. ഇടയ്ക്കിടെ ആ കാവില്‍ നിന്ന് കാലന്‍കോഴികളും  കരയാറുണ്ട്.

കാലന്‍കോഴി കരഞ്ഞാല്‍ അടുത്ത നാളുകളില്‍ തന്നെ മരണവാര്‍ത്തയെത്തും  എന്ന് നായരുടെ മകള്‍ സുമ പറയാറുണ്ട്‌.  കല്യാണം കഴിഞ്ഞു  വിദേശത്ത് കഴിയുന്ന  ആ നല്ല കൂട്ടുകാരി  ഇന്നത്തെ   തന്റെ ഈ ദുസ്ഥിതി അറിയുന്നുവോ ആവോ ?

"കണ്ട കാഫ്രിങ്ങടെ ചെങ്ങാത്തം കൊണ്ടാ അന്റെ ഈ കുത്തിവയ്ത്തോക്കെ ..."എന്ന് രണ്ടാനമ്മ ഇടയ്ക്കിടെ ശകാരിക്കുമ്പോള്‍ നിന്റെ വരുത്തി  ഉമ്മക്ക് എന്നെ കാണുന്നത് ചതുര്‍ഥിയാണെന്ന സുമയുടെ വാക്കുകള്‍.   സൈനബ ചിന്തകളില്‍ മുഴുകി കണ്ണടച്ച് കിടന്നു.

പതിവില്ലാത്ത മുസാഫിറിന്റെ സ്നേഹമസൃണമായ മുരളല്‍ കേട്ടാണ് സൈനബ കണ്‍തുറന്നത്.   കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.  മുന്നില്‍ നില്‍ക്കയാണ് റഷീദിക്ക.  താന്‍ കിനാവ്‌ കാണുകയാണോ എന്നവള്‍ സംശയിച്ചു.  അറിയാതെ അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു.... ഇക്കാ .....

അരികെയിരുന്നു വിറയാര്‍ന്ന  കൈകളാല്‍ നീല ഞരമ്പുകള്‍ കെട്ട് പിണഞ്ഞ അവളുടെ കൈകള്‍ പുണര്‍ന്നു  അയാള്‍ വിളിച്ചു ...സൈനൂ......

"ഇതെന്താണ് പൊന്നെ ........ഇക്ക ഈ കാണണത്?

അയാളുടെ ഇടറിയ ശബ്ദം പാതി വഴിയില്‍ മുറിഞ്ഞു വീണു.

അല്‍പ്പനേരത്തെ മൌനത്തിനു ശേഷം അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു !

"ഇക്കാ ... പാതി മയ്യത്തായ എനിക്ക് വേണ്ടി.....  ങ്ങടെ ജീവിതം ?

അവളുടെ സ്വരമിടറി.

റഷീദിന്റെ കൈകള്‍ അവളുടെ കഴുത്തില്‍ ചേര്‍ത്തു  കൊണ്ടവള്‍ പറഞ്ഞു.

"ഈ കൈകള്‍ ബലമായൊന്നമര്‍ന്നാല്‍ നമുക്ക് പുതിയ ദിശകളിലേക്ക് വഴി പിരിയാം ...  എനിക്കെന്റെ ഉമ്മയുടെ അടുത്തേക്കും ഇക്കാക്ക് നല്ലൊരു ജീവിതത്തിലേക്കും "

നീണ്ട മൌനത്തിനു ശേഷം സൈനബയില്‍ നിന്നും കേട്ട ആ വാക്കുകള്‍ കൂരമ്പുകളായി റഷീദിന്റെ നെഞ്ചകം തുളച്ചു.  അവളെ വാരിയെടുത്തു മാറില്‍ ചേര്‍ത്ത് ആ മുഖത്തേക്കയാള്‍ ഇമ വെട്ടാതെ നോക്കിയിരുന്നു.

അവളുടെ മുഖത്ത് നാളുകള്‍ മുന്‍പ് കണ്ട നിറങ്ങളുടെ മായാജാലങ്ങള്‍ ഒരു വിദൂര സ്മരണ മാത്രമായ് തീര്‍ന്നിരിക്കുന്നു.  കുഴിഞ്ഞ കണ്ണുകള്‍ക്ക്‌ ചുറ്റും കറുപ്പ് പടര്‍ന്നു കിടന്നു.  പണ്ട് ചുമന്നു തിളങ്ങിയ ചുണ്ടുകള്‍ വെയിലേറ്റു കരിഞ്ഞ ഏതോ പൂവിന്‍ ദലങ്ങളെ ഓര്‍മ്മിപ്പിച്ചു.

തോട്ടത്തിലെ മഞ്ഞിനെ തലോടിയെത്തിയ   തണുത്ത കാറ്റ് തഴുകുന്നുണ്ടെങ്കിലും റഷീദിന്റെ നെറ്റിയില്‍ അങ്ങിങ്ങായി വിയര്‍പ്പ് കണികള്‍ ഉരുണ്ടു കൂടിയിരുന്നു.  അയാളുടെ കണ്ണില്‍ നിന്നുതിര്‍ന്ന നീര്‍മണികള്‍ ഒന്നൊന്നായ് സൈനബയുടെ മുഖത്ത് വീണു ചിതറി.  എന്തോ നിശ്ചയിച്ചുറച്ച മട്ടില്‍ അവളെ കൈകളാല്‍ കോരി ചുമലിലിട്ടു അയാള്‍ നടന്നകന്നു.  അയാളുടെ കാലുകളെ തൊട്ടുരുമ്മി ആ കാവല്‍ നായയും അയാളെ അനുഗമിച്ചു.

ഒരു താമരത്തണ്ട് പോലെ റഷീദിന്റെ ചുമലില്‍ മയങ്ങുകകയാണ് സൈനബ.

" നമ്മള്‍ എങ്ങോട്ടാണീ യാത്ര ?"

ആകസ്മികമായി അവളില്‍ നിന്നുയര്‍ന്ന ആ ചോദ്യത്തിന് ഉത്തരം തേടുകയാണ് റഷീദിപ്പോള്‍!

"പണ്ട് ഞാന്‍ നിന്നോട് പറയാറുള്ള ജന്നത്തുല്‍ ഫിര്‍ദൌസ് നീ ഓര്‍ക്കുന്നുവോ ?  ആ ഉദ്യാനത്തിന്‍ വാതിലുകള്‍ ഇന്ന് പടച്ചോന്‍ നമുക്കായ് തുറക്കും.  എത്രയും പെട്ടെന്ന് നമുക്കവിടെ ചെന്ന് ചേരണം. "

ഒരു  ദീര്‍ഘ നിശ്വാസത്തിന്‍ അകമ്പടിയോടെയാണ് റഷീദ്‌ അത്രയും പറഞ്ഞു തീര്‍ത്തത്.  തന്റെ ചുമലില്‍ പടര്‍ന്ന നനവ് നല്‍കിയ ചൂടില്‍ നിന്നും അവളുടെ ദുഖം മിഴിനീരായ്‌ പെയ്തൊഴിയുന്നത് അയാളറിഞ്ഞു.

തോട്ടം പിന്നിട്ടു പാടത്തേക്ക് പ്രവേശിച്ചിരിക്കുന്നു അയാളിപ്പോള്‍.  പാടത്തിനപ്പുറം പുഴയാണ്.  പാടക്കരയിലെ ഏതോ കുടിലില്‍ നിന്നുയര്‍ന്ന മൌലൂദിന്‍ നാദം അയാളുടെ കാല്‍ ചലനങ്ങള്‍ക്കനുസരിച്ചു നേര്‍ത്തുനേര്‍ത്തില്ലാതായി കൊണ്ടിരുന്നു.

"ഈ നേരത്ത് കടത്ത് കിട്ടോ .... ഇക്കാ ?"

നേരിയ സ്വരത്തില്‍ സൈനബയില്‍ നിന്നും പുറത്തു വന്ന ചോദ്യം കേള്‍ക്കാതെ ഉറച്ച കാല്‍വെയ്പ്പുകളോടെ റഷീദ്‌ മുന്നോട്ടുള്ള പ്രയാണം തുടര്‍ന്നു.  നാവു പുറത്തിട്ടു വല്ലാതെ കിതച്ചു കൊണ്ട് മുസാഫിറും അയാള്‍ക്കൊപ്പം ഓടുകയാണ് .   

മുന്നില്‍ പുഴയിലെക്കുള്ള വഴിയില്‍ വിവസ്ത്രയായി കിടന്ന നിലാവിന്‍ നഗ്നതയില്‍  ചവിട്ടി അയാള്‍ നടന്നകന്നപ്പോള്‍ ആ  കാവല്‍ നായ ഇടതടവില്ലാതെ കുരച്ചു കൊണ്ടിരുന്നു.

പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 01:27 132 അഭിപ്രായ(ങ്ങള്‍) Email This BlogThis! Share to Twitter Share to Facebook
ലേബലുകള്‍: കഥ

June 16, 2012

അതിഥി ദേവോ ഭവ:


മുംബൈയില്‍ എത്തി ആദ്യ കുറച്ചുനാള്‍ ഞാന്‍ നാട്ടുകാരനും എന്‍റെ  ബന്ധുവുമായ  ചന്ദ്രേട്ടനോടൊപ്പമാണ്  താമസിച്ചത്.  അദ്ദേഹത്തിന്‍റെ വിവാഹശേഷം എന്‍റെ ജീവിതം അന്റൊപ് ഹില്ലില്‍ തന്നെയുള്ള  കമ്പനിയുടെ ബാച്ചിലര്‍ ക്വാര്ട്ടെര്‍സിലേക്ക് പറിച്ചുനടപ്പെട്ടു.

ഏക്കര്‍ കണക്കിന് സ്ഥലത്ത് പല സെക്ടറുകളിലായി വ്യാപിച്ചു കിടക്കുന്ന സെന്‍ട്രല്‍ ഗവണ്മെന്റ് ജീവനക്കാരുടെ വസതികളില്‍ ഒരു കെട്ടിടത്തിന്‍റെ നാലാമത്തെ നിലയിലാണ് കമ്പനി വാടകയ്ക്കെടുത്ത രണ്ടു ഫ്ലാറ്റ്‌.  ഒരു മുറിയും അടുക്കളയും മാത്രമുള്ള ഒരു ഫ്ലാറ്റില്‍ കമ്പനി  മാനേജര്‍ ഭാര്യയോടൊപ്പം താമസിക്കുന്നു.  രണ്ടു മുറിയും അടുക്കളയും അടങ്ങുന്ന മറ്റേ ഫ്ലാറ്റില്‍ ഞങ്ങള്‍ അഞ്ചു ബാച്ചികള്‍. 

ഞാന്‍, അനില്‍, വിജയന്‍, ജോസ്, ഗിരി എന്നിവരാണ് ആ പഞ്ചപാണ്ഡവര്‍.

റൂമില്‍ സ്റ്റവ്വും പാത്രങ്ങളും ഒക്കെ ഉണ്ടായിരുന്നെങ്കിലും ജോലി ദിനങ്ങളില്‍ ഒരു ചായ പോലും വെച്ചുകുടിക്കാതെ മുഴുവന്‍ സമയ തീറ്റയും ഹോട്ടലുകളില്‍ ആക്കിയായിരുന്നു ഞങ്ങളുടെ ജീവിതം.  കാലത്ത് ഓഫീസിലേക്ക് തിരിക്കുമ്പോള്‍ കണ്ണേട്ടന്‍ നടത്തുന്ന ഹോട്ടലായ കൈരളിയില്‍ നിന്നും അപ്പവും മുട്ടക്കറിയും.  ഉച്ചക്ക് ഓഫീസിലെ ക്യാന്റീനില്‍ നിന്നും പാതി വെന്ത ചപ്പാത്തിയും പ്ലേറ്റില്‍ ഒഴിച്ചാല്‍ പല വഴിക്കായ്‌ പായുന്ന ഉരുളക്കിഴങ്ങ് കറിയും.  അത്താഴമായി കൈരളിയില്‍ നിന്ന് തന്നെ നാലഞ്ചു പൊറോട്ടയും ബീഫും.  ഇതായിരുന്നു ഭക്ഷണ ക്രമം.

കൈരളിയിലെ സ്ഥിരം കസ്റ്റമേഴ്സ് ആയതിനാല്‍ രാത്രി പന്ത്രണ്ടുമണിക്ക് പോലും കടയടച്ചു വീട്ടില്‍ പോകാന്‍ നിര്‍വാഹമില്ലാതെ ഞങ്ങളുടെ ആഗമനവും കാത്തിരിക്കും കണ്ണേട്ടന്‍.

"ഇനി പന്ത്രണ്ടു കഴിഞ്ഞു വന്നാല്‍ നീയൊക്കെ പട്ടിണി കിടക്കും"  എന്നൊരു പതിവ് താക്കീത്  തരുമെങ്കിലും പിറ്റേ ദിവസവും സ്വന്തം മക്കളെയെന്നപോലെ കണ്ണേട്ടന്‍ എന്ന ആ നല്ല മനുഷ്യന്‍ ഞങ്ങള്‍ക്കായി കാത്തിരിക്കും.

ഞങ്ങളുടെ റൂമിലെ  തല മുതിര്‍ന്ന കാരണവര്‍ ആണ് ജോസേട്ടന്‍. ആലപ്പുഴക്കടുത്തു ചേര്‍ത്തല സ്വദേശിയായ അദ്ദേഹം ഞങ്ങള്‍ക്കെല്ലാം ഒരു ജേഷ്ഠ സഹോദരനെ പോലെയായിരുന്നു.  പാചക കലയില്‍ പ്രാവീണ്യം ഏറെയുള്ള അദ്ദേഹത്തിന്‍റെ പാചകപാടവം അവധി നാളുകളില്‍ മീന്‍ കറി, മട്ടന്‍ കറി, ബീഫ്‌ ഫ്രൈ എന്നിവയൊക്കെയായി  ഞങ്ങള്‍ രുചിച്ചറിയാറുണ്ട്. 

എല്ലാ ശനിയാഴ്ചകളിലും  വൈകുന്നേരം ജോസേട്ടനെ അല്‍പ്പം നേരത്തെ വീട്ടിലേയ്ക്കയക്കാന്‍  ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.  കാരണം അന്ന്   ജോസേട്ടന് കുര്‍ളയില്‍ പോയി ബീഫ്‌ വാങ്ങി ഫ്രൈ ചെയ്തു വെക്കേണ്ടതും അതോടൊപ്പം തന്നെ  അടുത്ത ബില്‍ഡിങ്ങിലെ മിലിട്ടറി രാമേട്ടന്‍റെ വീട്ടില്‍ നിന്നും രണ്ടുകുപ്പി റം കൂടി വാങ്ങി വെക്കേണ്ടതുമുണ്ട്.  കൈരളിയില്‍ നിന്നും പത്തിരുപത്തഞ്ചു പൊറോട്ടയും കെട്ടിപ്പൊതിഞ്ഞു വഴി നീളെ പുളുവടിച്ചു ഞങ്ങള്‍ വീട്ടിലെത്തുമ്പോഴേക്കും ജോസേട്ടന്‍ വറുത്ത ബീഫ്‌ പാത്രങ്ങളിലാക്കി മദ്യം വിളമ്പാനുള്ള ഗ്ലാസ്‌ കൂടി കഴുകി നിരത്തിയിരിക്കും.

ജോസേട്ടനും, അനിലും, വിജയനും കൂടി മദ്യപാനസദസ്സ് കൊഴുപ്പിക്കുമ്പോള്‍ അന്ന് കുടിക്കാന്‍ ലൈസന്‍സ് എടുത്തിട്ടില്ലാത്ത ഞാനും ഗിരിയും  മൂക്കറ്റം പോത്തും പൊറോട്ടയും കയറ്റി  ഈ മദ്യപന്മാര്‍  പറയുന്നതെന്തും ലോക മഹാസംഭവങ്ങള്‍  എന്നു സമ്മതിക്കും വിധം തലയാട്ടിക്കൊണ്ടിരിക്കണം..  അതാണ്‌ നിയമം.

കള്ളുകുപ്പിയുടെ ലേബല്‍ വായിക്കുമ്പോഴേക്കും കിക്ക്‌ ആകുന്ന ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു ലോല ഹൃദയനായ ജോസേട്ടന്‍.  ആയതിനാല്‍ രണ്ടെണ്ണം ചെല്ലുമ്പോഴേക്കും അദ്ദേഹം നാട്ടുവര്‍ത്തമാനങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങും.  അന്ന് അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത്  അദ്ദേഹത്തിന്റെ  സ്ത്രീലമ്പടനായ  നാട്ടുകാരന്‍ ഒരു നായരെ കുറിച്ചായിരുന്നു.

പരസ്ത്രീകളിലുള്ള അമിതാസക്തി കൊണ്ടാകാം പാവം നായര്‍ക്ക് കല്യാണം കഴിഞ്ഞു കുറച്ചുദിവസത്തിനകം തന്നെ ഭാര്യയോട് ബൈ പറയേണ്ടി വന്നു.  വിഭാര്യനായതോട് കൂടി നായര്‍ കന്നിമാസത്തിലെ ശ്വാന പ്രമുഖനെ പോലെ നാട് മുഴുവന്‍ അലഞ്ഞു തിരിഞ്ഞു  രാത്രിയില്‍ വീട്ടില്‍ വന്നു കിടന്നുറങ്ങും.

ഒരു ദിവസം കാലത്ത് കുളിച്ചു കുട്ടപ്പനായി നാട് നിരങ്ങാന്‍ ഇറങ്ങിയപ്പോള്‍ ശകുനം കണ്ടത് വീട്ടിലേക്കു കയറി വരുന്ന ഒരു കാക്കാലനെയും കാക്കാത്തിയെയും.

"അയ്യാ ... ബെശക്കന്നു..  കയിക്കാന്‍ ബല്ലതും താങ്കോ  ....."

തമിള്‍ചുവ കലര്‍ന്ന മലയാളത്തില്‍ കാക്കാലന്‍റെ ഇരക്കല്‍ കേട്ട നായര്‍ പറഞ്ഞു,

"ഇവിടെ ആരുമില്ല.....  ചോറും കഞ്ഞിയും ഒന്നും വെപ്പില്ല ... പൊയ്ക്കോ"

അപ്പോഴാണ്‌ മുറ്റത്തെ ഉയരം കൂടിയ പ്ലാവിന്‍റെ ഉച്ചിയില്‍ നില്‍ക്കുന്ന വലിയ ചക്ക കാക്കാലന്‍ ശ്രദ്ധിച്ചത്.  ചക്ക ചൂണ്ടി കാക്കാലന്‍ വീണ്ടും ചോദിച്ചു

"ഇന്ത ചക്ക   കൊടുങ്കോ ..."

കൂടെയുള്ള യൌവനയുക്തയായ കാക്കലത്തിയെ കണ്ണാല്‍ അടിമുടി ഒന്നുഴിഞ്ഞു നായര്‍ പറഞ്ഞു,

"കേറി ഇടാമെങ്കില്‍ ഇട്ടോ ..."

ഇലക്ടിക് പോസ്റ്റ്‌ പോലെ ശിഖരങ്ങള്‍ ഒന്നും ഇല്ലാതെ നില്‍ക്കുന്ന പ്ലാവിന്‍റെ ഉച്ചിയിലെ ചക്കയിലേക്ക് നോക്കി കാക്കാലന്‍ വാ പൊളിച്ചു നിന്നു.

"നിനക്ക് ഞാന്‍ ഏണി ചാരി തരാം ... നീ കയറിക്കോ ..... " നായര്‍ മാര്‍ഗ്ഗം നിര്‍ദേശിച്ചു.

നായര്‍ ചാരിയ ഏണിയിലൂടെ കാക്കാലന്‍ പ്ലാവിന്‍റെ ഉച്ചിയില്‍ എത്തിയതും നായര്‍ ഏണി എടുത്തുമാറ്റി കക്കാത്തിയെ കൈക്ക് പിടിച്ചു അകത്തേക്ക് കയറ്റി വാതിലടച്ചു.

"പിന്നീടെന്തു സംഭവിച്ചു ... ? "

എന്നൊരു ചോദ്യം  ഞങ്ങളുടെ മുന്നിലേക്ക്‌ എറിഞ്ഞു കൊണ്ട്  കാറ്റിലും കോളിലും അകപ്പെട്ട പായ്‌വഞ്ചി  പോലെ ജോസേട്ടന്‍ ആടിയുലയാന്‍ തുടങ്ങി.

അകത്ത് കയറി വാതിലടച്ചതിനു ശേഷമുള്ള മര്‍മ്മപ്രധാനമായ ഭാഗങ്ങള്‍ നഷ്ടമാകുമെന്നു ഭയന്ന് ഞങ്ങള്‍ ജോസേട്ടനെ തട്ടി ഉണര്‍ത്തി സ്റ്റെഡി ആക്കാന്‍ ശ്രമിക്കയാണ്. 

എത്ര നിവര്‍ത്തി വെച്ചാലും വെള്ളം കൂടുതലായ മണ്ണ്  കുഴച്ചു പണിത തൃക്കാക്കരപ്പനെ പോലെ ഇടിഞ്ഞു പൊളിഞ്ഞു താഴേക്കു വരികയാണ് ജോസേട്ടന്‍.

കഥയുടെ ക്ലൈമാക്സ്  നഷ്ടമാകും എന്ന് കരുതി ടെന്‍ഷന്‍ അടിച്ച ഗിരി അല്‍പ്പം വെള്ളം കൈക്കുടന്നയിലെടുത്തു ജോസേട്ടന്‍റെ മുഖത്ത് തളിച്ചതും ഉഷാര്‍ വീണ്ടെടുത്ത ജോസേട്ടന്‍ ഗ്ലാസ്സില്‍ ബാക്കി വന്ന സ്മാള്‍ കൂടെ വിഴുങ്ങി നിവര്‍ന്നിരുന്നു.

"വാതിലടച്ചിട്ടെന്തുണ്ടായി ജോസേട്ടാ ......????"

ആ ചോദ്യം ഞങ്ങള്‍ നാല് പേരുടെ വായില്‍ നിന്നും ഒരുമിച്ചാണ് വീണത്‌ !!!

"കാക്കാത്തി വാവിട്ടു കരഞ്ഞു കൊണ്ടിഴുന്നു  ..... " ജോസേട്ടന്റെ നാവു കുഴഞ്ഞു തുടങ്ങി

"പാവം കാക്കാലന്‍ എന്ത് ചെയ്യാന്‍ ...???"
 
പാതിയടഞ്ഞ കണ്ണുകളാല്‍  ഞങ്ങളെ മാറി മാറി ദയനീയമായി  നോക്കിയതും  ജോസേട്ടന്‍ തറയില്‍ കമിഴ്ന്നു കിടന്നതും ഒരുമിച്ചായിരുന്നു. 

പാവം കാക്കാലന്‍റെ നിസ്സഹായാവസ്ഥ  ഓര്‍ത്ത്‌ ഞങ്ങള്‍  കൂട്ടത്തോടെ ചിരിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് കാളിംഗ്  ബെല്‍ ശബ്ദിച്ചത്.

കള്ളുകുപ്പികളെയും ഗ്ലാസുകളെയും അസംബ്ലിക്ക് വരിയായ്‌ നില്‍ക്കുന്ന സ്കൂള്‍ കുട്ടികളെ പോലെ വാതില്‍ പുറകിലേക്ക്   മാറ്റി വെച്ച്   ഞാന്‍ വാതില്‍ തുറന്നു. 

ഒരു മൂന്നടി അഞ്ചിഞ്ചുകാരനെയും എഴുന്നെള്ളിച്ചു കൊണ്ട്   ഞങ്ങളുടെ മാനേജര്‍ മുന്നില്‍.  ഞാന്‍ ആ കുള്ളനെ അടിമുടി ശരിക്കൊന്നു നോക്കി.  അവന്‍റെ മൂക്കിനു താഴെ കോംപസ്‌ വെച്ച് വരച്ച കൃത്യതയോടെ വൃത്താകൃതിയിലുള്ള ബുള്‍ഗാന്‍ താടി കണ്ടു എനിക്ക് ചിരി പൊട്ടി...

"ഇത് ഡേവിഡ്‌ ... നാട്ടില്‍ എന്‍റെ ഭാര്യയുടെ അടുത്ത വീട്ടുകാരന്‍ ആണ്.  എന്റെ റൂമിലെ സ്ഥലപരിമിതി വേണുവിന് അറിയാമല്ലോ .... ഒരു രാത്രി ഒന്ന് അഡ്ജസ്റ്റ് ചെയ്യണം"  മാനേജര്‍ പറഞ്ഞു.

"അതിനെന്താണ് സാര്‍ ???  ചൂട് കാരണം ഞങ്ങള്‍ ഹാളില്‍ വെറും നിലത്താണ് കിടക്കുന്നത്.  ബെഡ്റൂമില്‍ കട്ടിലും കിടക്കയും കാലി.  ഒരു പ്രോബ്ലവും ഇല്ല.

എന്നില്‍ പതഞ്ഞു പൊങ്ങുന്ന ആതിഥ്യമര്യാദ കണ്ടു കുള്ളന്‍റെ ദേഹത്തു രോമങ്ങള്‍ എഴുന്നുനിന്നുവോ എന്നൊരു സംശയം.  വാതിലടച്ച് അകത്തു കയറിയതും ഏതോ വിചിത്ര ജീവിയെ കാണും മട്ടില്‍ എല്ലാരും കുള്ളനെ പകച്ചു നോക്കുന്നു.

തീരെ ബോധിച്ചില്ല എന്ന മട്ടില്‍ അടുക്കളയിലേക്കു വലിഞ്ഞു പായ വിരിക്കാനുള്ള  തിരക്കിലാണ് അനില്‍.  അദേഹത്തിന് ചില രാത്രി ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യേണ്ടതിനാല്‍  അതിനുള്ള  സ്വകാര്യത തേടിയാണ് ഈ അടുക്കള ശയനം.  കിട്ടുന്ന ശമ്പളത്തിന്‍റെ നല്ലൊരു വിഹിതം ചിലവാക്കി വാങ്ങി കൂട്ടുന്ന  ഇത്തരം ഗ്രന്ഥങ്ങള്‍ അമൂല്യ നിധി ശേഖരം കണക്കെ പെട്ടിയിലടുക്കി സൂക്ഷിക്കുക അദ്ദേഹത്തിന്‍റെ ശീലമാണ്.

ഇടയ്ക്കു ചില നാളുകളില്‍ ഇല്ലാത്ത പനിയോ വയറുവേദനയോ അഭിനയിച്ച്  ഓഫീസില്‍ നിന്നും അവധിയെടുത്ത് ബാക്കിയുള്ളവരും അനിലിന്‍റെ ഈ ഗ്രന്ഥശേഖരം പാരായണം ചെയ്യാറുണ്ട്   എന്നത് അനില് പോലും അറിയാത്ത സത്യം!!!

നല്ല ഒരു സഭയുടെ ആസ്വാദ്യത കളഞ്ഞു കുളിച്ച കുള്ളന്‍ കശ്മലനെ മനസ്സാ പ്രാകി കൊണ്ട് ഹാളില്‍ വിലങ്ങനെ കമഴ്ത്തിയിട്ട ജോസേട്ടനെ നീളത്തില്‍ കിടത്തുന്ന പ്രക്രിയയില്‍ മുഴുകിയിരിക്കയാണ് വിജയനും ഗിരിയും.

അലമാരിയില്‍ അലക്കിവെച്ച കിടക്ക വിരിയെടുത്തു കിടക്കയില്‍ രണ്ടു തട്ട് തട്ടി വിരിച്ച ശേഷം ഞാന്‍ അതിഥിയായ കുള്ളനോട് കിടന്നു കൊള്ളാന്‍ നിര്‍ദേശിച്ചു.

ഇത്രയും തങ്കപ്പെട്ട മനുഷ്യര്‍ ഇന്നത്തെ ലോകത്തു വിരളം എന്നാണ് കുള്ളന്‍റെ മനസ്സ് ആ സമയം  പറയുന്നതെന്നു ഞാന്‍
വായിച്ചെടുത്തു.  ലൈറ്റ് കെടുത്തി ഹാളില്‍ വന്നു കിടന്നപ്പോള്‍  വലിയ ഒരു ചിരിയോടെ വിജയനും ഗിരിയും പറഞ്ഞു.  അതിഥി ദേവോ ഭവ: ......  ആ വാക്യത്തിന്‍റെ അര്‍ത്ഥം ഉള്‍ക്കൊണ്ടു ഞാനും അവരുടെ ചിരിയില്‍ പങ്കു ചേര്‍ന്നു.

രാവേറെ ചെന്നപ്പോള്‍ മൂത്രശങ്ക അകറ്റാന്‍  ഞാനെഴുന്നേറ്റു കക്കൂസിലേക്ക് നടക്കവേ പുറത്തു നിന്നും റൂമില്‍ പ്രതിഫലിക്കുന്ന മങ്ങിയ വെളിച്ചത്തില്‍ കണ്ട കാഴ്ച എന്നെ ഭയപ്പെടുത്തി. കക്കൂസിന്  മുന്നില്‍ പേപ്പറില്‍ പൊതിഞ്ഞ ഒരു മനുഷ്യ ശരീരം.  വല്ലാത്തൊരുള്‍ഭയത്തോടെ ഞാനെന്റെ കാലുകള്‍ പുറകോട്ടു വലിച്ചു ലൈറ്റ് ഓണ്‍ ചെയ്തു.  ആസകലം പേപ്പറില്‍ പൊതിഞ്ഞ ഈ ശരീരം ആരുടെതാണ്???
 
ബെഡ് റൂമില്‍ നോക്കിയപ്പോള്‍ കട്ടിലില്‍ അതിഥിയില്ല.   കമിഴ്ന്നു കിടക്കുന്ന ശരീരം മലര്‍ത്തിയിടാന്‍ ശ്രമിച്ചതും ശരീരം ഉണര്‍ന്നു എണീറ്റിരുന്നു.  ആളെ തിരിച്ചറിഞ്ഞ ഞാന്‍ ചിരിയടക്കി ചോദിച്ചു ....

എന്ത് പറ്റി ഡേവിഡ്‌ ???

"എന്റിഷ്ട്ടാ .... ങ്ങടെ ആ കെടക്കയെന്താ മൂട്ട വളര്‍ത്തു കേന്ദ്രാ ,,,,,,,,, ???
"
ഹോ.... മൂട്ടയുണ്ടോ ?? ഒന്നും അറിയാത്തവനെ പോലെ  ഞാന്‍ ചോദിച്ചു.

"മൂട്ടണ്ടാന്നാ...... ????  ന്‍റെ പൊന്നിഷ്ട്ട ..പട്ടി കടിച്ചു വലിക്കും  പോലല്ലേ  രാത്രി മുഴോന്‍ ന്നെ കടിച്ചു വലിച്ചേ .....  കൊറേ സഹിച്ച്..   ഒടുവില്‍ അലമാരെന്നു കൊറച്ചു പേപ്പറും വാരി  ഞാന്‍ ജീവനും കൊണ്ട് ഓടി ഇബടെ വന്നു കെടന്നു"

കക്കൂസില്‍ കയറി അണ പൊട്ടിയ ചിരി പുറത്തു കേള്‍ക്കാതിരിക്കാന്‍  വെള്ളം തുറന്നു വിട്ടുകൊണ്ട്   ഞാന്‍ മനസ്സില്‍ ചോദിച്ചു.

എടാ ഉണ്ണാക്കാ ... നീയെന്താ കരുത്യെ ??  നിന്നെ ഫൈബര്‍ ഫോമില്‍ കിടത്തി തറയില്‍ കിടന്നുറങ്ങാന്‍ ഞങ്ങള്‍ വെറും തറകള്‍ ആണെന്നോ ??

പിറ്റേന്നു കാലത്ത് മാനേജരുടെ റൂമിന്‍റെ ബെല്‍ അടിച്ചു അതിഥിയെ തിരിച്ചേല്‍പ്പിക്കുമ്പോള്‍ ഡേവിഡിനോട് അദ്ദേഹം ചോദിച്ചു.

"എങ്ങനെയുണ്ടായിരുന്നു ഇന്നലെ ഉറക്കം ?"

"എന്ത് പറയാനെന്റിഷ്ട്ടാ.....?  ഇന്നലത്തെ രാത്രിണ്ടലാ....   അത് ... ഈ ജന്മത്ത് ഞാന്‍,,,,,"

ഡേവിഡ്‌ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്‍പ് ഞങ്ങള്‍ പടികളിറങ്ങി താഴേക്കു സ്കൂട്ടായി. 
താഴെ ഇറങ്ങിയ ഞങ്ങള്‍ അഞ്ചു പേരും ഒരേ സ്വരത്തില്‍  പറഞ്ഞു ....

"അതിഥി ദേവോ ഭവ:"
പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 12:58 97 അഭിപ്രായ(ങ്ങള്‍) Email This BlogThis! Share to Twitter Share to Facebook
ലേബലുകള്‍: അനുഭവം

March 15, 2012

നേത്താവലിയിലെ കാറ്റ്



ഇരുണ്ട ആകാശത്തില്‍ അങ്ങിങ്ങായ്‌  ചില നേരിയ  രേഖകള്‍ കോറിയിട്ട് ഒരു വെള്ളി വെളിച്ചം ഗുന്ജ്ജന്റെ മുഖത്തു പതിച്ചു.  സജലങ്ങളായ അവളുടെ കണ്‍കോണുകള്‍ക്ക് തിളക്കം നല്‍കി ആ വെളിച്ചം മറഞ്ഞപ്പോള്‍ പിറകെ  ഒരു മേഘഗര്‍ജനം ഭൂമിയില്‍ വീണു ചിതറി.  ആ ശബ്ദമുയര്‍ത്തിയ ഭീതിയില്‍ അലമുറയിട്ടു കരയുകയാണ് തേജ.  പത്തു വയസ്സുകാരന്‍ രാജു  കൊച്ച്ചനിയത്തിയെ മുറുകെ പുണര്‍ന്ന് ആശ്വസിപ്പിക്കുന്നുണ്ട്.  വെള്ളക്കെട്ടുകള്‍ക്ക് നടുവിലെ മണ്‍തിട്ടകളില്‍ ഉയര്‍ത്തിയ പ്ലാസ്റ്റിക് കൂടാരങ്ങളിലെ വിളക്കിന്‍ നാളങ്ങള്‍ കാറ്റിന്റെ കുസൃതിയില്‍ അണയണോ അതോ തുടര്‍ന്ന് കത്തണോ എന്ന ആശങ്കയില്‍ ആണ്.

വക്കു ചളുങ്ങിയ വട്ടപാത്രത്തില്‍ രണ്ടു പിടി *ആട്ടയില്‍ ഉപ്പു ചേര്‍ത്തു കുഴക്കുകയാണ് ഗുഞ്ഞ്ജന്‍.
കല്ലടുപ്പിനു മുകളിലെ ചപ്പാത്തി തവക്കടിയില്‍ പുകയുന്ന **കൊയില കുത്തി ഇളക്കി ഊതി കൊണ്ടിരിക്കേകൊടും തണുപ്പിലും താന്‍ വല്ലാതെ വിയര്‍ക്കുന്നുവോ എന്നവള്‍ സംശയിച്ചു.  കൂട്ടുകാരന്‍ പൂച്ചയുടെ കഴുത്തില്‍ ഒരു ചുവപ്പ് നാട കെട്ടുകയാണ് രാജു.   ഇടയ്ക്കിടെ വിശക്കുന്നു എന്നവന്‍ അമ്മയെ ഓര്‍മിപ്പിക്കുന്നുണ്ട്. ചൂട് പിടിച്ച തവക്ക് മുകളില്‍ ചപ്പാത്തി വേവാനിട്ട് പുറത്തു മഴ കനക്കുന്നത് നോക്കി ഗുന്ജ്ജനിരുന്നു.  അടുപ്പിലെ കൊയിലയോടൊപ്പം അവളുടെ  മനസ്സും പഴുത്തു ചുവക്കയാണ് എന്നവള്‍ക്ക് തോന്നി.

മൂലയ്ക്ക് മാറ്റിയിട്ട വൃത്തികെട്ട ഭാണ്ഡം പോലെ ചുരുണ്ട് കിടക്കയാണ് ഭോല.  തെരുവ് സര്‍ക്കസ്സിനു
മുന്നോടിയായി മുഴക്കുന്ന ഡോളക്ക് നാദത്തെ അനുസ്മരിപ്പിക്കും വിധം അയാള്‍ തീവ്രമായി ചുമച്ചു
കൊണ്ടിരുന്നു. അയാള്‍ക്ക്‌ അസുഖം കൂടുതലാണ്.  കടുത്ത പനിയും ചുമയും അയാളെ സംസാരിക്കാന്‍ പോലും ശേഷിയില്ലാത്ത വിധം തളര്‍ത്തിയിട്ടുണ്ട്.  ഭക്ഷണം വെറും വെള്ളം മാത്രമാക്കി ശ്വാസം നില നില്‍ക്കുന്ന അസ്ഥിപന്ജരമായി അയാള്‍ ചുരുങ്ങിയിരിക്കുന്നു.

നാളെ ബാസന്തിയെ കണ്ട് അല്‍പ്പം പണം ചോദിക്കാം .  അവള്‍ പിഴയാണെന്ന് എല്ലാരും പറയുന്നു.  ഇല്ലായ്മയില്‍ സഹായിക്കുന്ന അവളുടെ പിന്നാമ്പുറ കഥകള്‍ താന്‍ എന്തിനറിയണം?  ഭോലയെ വൈദ്യനെ കാണിക്കാതെ വയ്യ.  മക്കള്‍ക്ക്‌ റൊട്ടി കൊടുത്ത് ഭര്‍ത്താവിന്റെ ചുണ്ടിലേക്ക്‌ ചൂടാറിയ കാപ്പി പകര്‍ന്നു നല്‍കവേ പുറത്തു മരിച്ചു കിടന്ന ഇരുളിന്റെ മുഖത്തേക്ക് മിന്നല്‍ വീണ്ടും വെളിച്ചമെറിഞ്ഞു കൊണ്ടിരുന്നു.  തളം കെട്ടിയ നിശബ്ദത ഭഞ്ജിച്ചു മഴ കൂരക്കു മുകളിലെ പ്ലാസ്റിക് പാളിയില്‍ തീര്‍ക്കുന്ന ചന്നം പിന്നം ശബ്ദം വേറിട്ട്‌ കേള്‍ക്കാം.  നേത്താവലി എന്ന ഈ ഗ്രാമത്തില്‍ ഊര് തെണ്ടികളായ തങ്ങള്‍ തമ്പടിച്ചിട്ട് മാസങ്ങള്‍ ആയെന്നവളോര്‍ത്തു.  അസ്വാസ്ഥ്യം കൂടും വിധമുള്ള ഭോലയുടെ ചുമ അവളുടെ കണ്‍കളില്‍ കയറാന്‍ വെമ്പുന്ന നിദ്രയെ ആട്ടിയകറ്റുകയാണ്.  ഈ രാത്രി ഒന്ന്  വേഗത്തില്‍ അവസാനിച്ചെങ്കില്‍ എന്നവള്‍ ആശിച്ചു.

നേരം നന്നായി വെളുക്കുന്നതിനു മുന്‍പ് തന്നെ അവള്‍ ബാസന്തിയുടെ കൂടാരത്തിലെത്തി.
" ഭോലക്ക് വയ്യ ... കടുത്ത ജ്വരം "
കിതച്ചു കൊണ്ടാണവള്‍ അതത്രയും പറഞ്ഞു തീര്‍ത്തത്.
"വൈദ്യനെ കാണിച്ചില്ലേ ?" ബാസന്തി തിരക്കി ...
"കുടിയില്‍ ആട്ട വാങ്ങാന്‍ കാശില്ല"
അവളുടെ കണ്ണുകളിലെ നനവ്‌ പതുക്കെ കവിളുകളില്‍  പടരുന്നത്‌ ബാസന്തി കണ്ടു.
"നീ കരയാതെ  ... ആത്മാറാമിന്റെ തള്ള് വണ്ടിയില്‍ നമ്മുക്കോനെ വൈദ്യന്റെ അടുത്തു കൊണ്ടുവാം "

ഒരു പക്ഷി തൂവല്‍ തൂക്കിയെടുക്കും പോലെ ഭോലയുടെ ശരീരം കൈത്തണ്ടയില്‍ കോരി വണ്ടിയില്‍
കിടത്തിയപ്പോള്‍ ആത്മാറാമിന്റെ കൈകള്‍ പോള്ളിയിരുന്നു.
"കടുത്ത ജ്വരം ... ആവതില്ല .. വെക്കം  പോകാം "
കുറച്ചു പുകയില കറുത്ത പല്ലിനും ചുണ്ടിനും ഇടയില്‍ തിരുകി അയാള്‍ വണ്ടി വലിക്കാന്‍ തുടങ്ങി.
ഗ്രാമപാതയിലൂടെ നീങ്ങുന്ന കൈവണ്ടിക്ക് പുറകെ കണ്ണീരാല്‍ കുതിര്‍ന്ന  മുഖവുമായി ബാസന്തിക്കൊപ്പം ഗുഞ്ഞ്ജന്‍ നടന്നു.

സര്‍ക്കാര്‍ വൈദ്യരുടെ ആശുപത്രി മുറ്റത്ത്‌ വണ്ടി നിര്‍ത്തി കൂടി നിന്ന രോഗികളോടായി ആത്മാരാം
പറഞ്ഞു.
"കടുത്ത ജ്വരം ... ആവതില്ല .. വെക്കം വൈദ്യരെ കാട്ടണം"
രോഗികള്‍ മാറി കൊടുത്ത വഴിയിലൂടെ ഭോലയെ കൈകളിലെടുത്ത് അയാള്‍ അകത്തേക്ക് നടന്നു.

വൈദ്യരെ കണ്ടു വന്ന ബാസന്തി ഗുന്ജ്ജനെ ആശുപത്രി മുറ്റത്തെ ഒഴിഞ്ഞ കോണിലേക്ക് വിളിച്ചു.
"ക്ഷയമാ .. മൂര്‍ചിചിരിക്കണ് ... തുപ്പണതും തൂറണതും ഒക്കെ നോക്കീം കണ്ടും വേണം ..
യ്യും കുട്ട്യോളും അടുത്തു എട പഴകണ്ട ... പട്ടണത്തില്‍ കൊണ്ടോണം ന്ന പറേണത്...
ജ്വരം കുറയാന്‍ മരുന്ന് തന്നിട്ടുണ്ട് "

ബാസന്തിയുടെ വാകുകള്‍ക്ക് ഗുന്ജ്ജന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും സൃഷ്ടിക്കാനായില്ല.
എങ്കിലും ആ മിഴികള്‍ പെയ്തു കൊണ്ടിരുന്നു .
മടക്ക യാത്രയില്‍ ബാസന്തി പറഞ്ഞു
"അന്നേ കാണാന്‍ ചേലുണ്ട് ... ഇക്ക് തരനതിലും പത്തുറുപ്പിക കൂടുതല്‍ തരാന്‍ ആളും ണ്ട് ... അന്ന്
യ്യ് ശീലാവത്യാര്‍ന്നു ..
ഇപ്പഴും ചോയിക്കാ .. ഇങ്ങനെ പട്ടിണി കിടന്നു ദീനം വന്നു മരിക്കണാ?"

"എന്നാലും ബാസന്ത്യേ.. അന്റെ കയുത്തില്‍ കുങ്കന്‍ കെട്ടിയ ചരടില്ലേ ?"
ഗുന്ജ്ജന്റെ മറുചോദ്യം കേട്ടതും ബാസന്തിയുടെ ക്രോധമുയര്‍ന്നു.

ഫൂ... വായില്‍ നിറഞ്ഞ മുറുക്കാന്‍ ദ്രാവകം നീട്ടി തുപ്പി ബാസന്തി പറഞ്ഞു ...
"കുങ്കന്റെ ചരട് ... ഒനാണു  എന്നെ ആദ്യം വിറ്റു കാശ് വാങ്ങീത് "   അതൊരട്ടഹാസമായി ഗുഞ്ഞ്ജന് തോന്നി.

" മാനം പോയോള്‍ക്ക് പിന്നെന്തു മാനക്കെട് ?
അനക്കറിയോ ...  നാട്ടിലെ എല്ലാ സെട്ടുമാര്ടെം മുന്നില്‍ ബാസന്തി കൈ നീട്ടിട്ടിണ്ട് .. ഒരു
ചായ കാശിന്‌..  കയ്യിലെ അമ്പത് പൈസാ തന്നു എന്പതു വയസ്സാരന്‍ നോക്കനത് നമ്മടെ മാറിലും  ചന്തീലും...."

"കാഴ്ച കോലം പോലെ നാട് മുഴോന്‍ തെണ്ടി നടന്നു പാതിരക്ക് പൈപ്പ് വെള്ളം കുടിച്ചു ഉറങ്ങാതെ
കയിഞ്ഞ ആ കാലം ഇക്കിനി വേണ്ട...   ഇപ്പം ബാസന്തിക്ക് എല്ലാണ്ട്... കാശിന്‌ കാശ് ...
ഹോട്ടല് തീറ്റ .. സില്‍മാ ... അങ്ങനെ എല്ലാം.  ഇരുട്ടിയാല്‍ കവലേലെ റിക്ഷക്ക്‌ ഉള്ളില്‍ അയ്യഞ്ചു മിനുട്ട് കയറി  ഇറങ്ങും .. നോട്ടുകളാ കയ്യില്‍ വരാ ..  അന്നോട്‌ പറാന്‍ വയ്യ  .. ഇയ്യ് കവലയില്‍ കുത്തി മറഞ്ഞ് കുട്ട്യോള്‍ക്ക് വല്ലോം വാങ്ങിചോടക്ക്  "

ബാസന്തിയുടെ മുഖത്ത് ഒരു യുദ്ധ വിജയത്തിന്റെ സംതൃപ്തി ഗുഞ്ഞ്ജന്  ദര്‍ശിക്കാനായി !!
ആ തള്ള് വണ്ടിക്കൊപ്പം അവരും മുന്നോട്ടു ചലിക്കുകയാണ് ..

ചുമക്കാന്‍ ശക്ത്തി ഇല്ലാഞ്ഞാകാം ഭോലയില്‍ നിന്നും നേരിയ ഞരക്കങ്ങള്‍ മാത്രമേ പുറത്തു വരുന്നുള്ളൂ . കത്തുന്ന വിറകു കൊള്ളി കയ്യിലെടുക്കും പോലെയാണ് അത്മാറാം ഭോലയെ കൂടാരത്തിലെക്കെടുത്തു കിടത്തിയത്‌ .  ഏത് നിമിഷവും ഇവന്റെ അന്ത്യമായേക്കാം എന്നാവും അന്നേരം   അയാള്‍ ചിന്തിച്ചത്.

"വൈദ്യന്‍ തന്ന ഗുളിക കൊട് ..... ഓന്‍ വല്ലാതെ വെറക്കിണ് " ... അല്‍പ്പം പുകയില കൂടി
വായില്‍ ഇട്ടു ആത്മാറാം  ഗുന്ജ്ജനോട് പറഞ്ഞു..

ഭോലക്ക് ഗുളിക കൊടുത്ത് സര്‍ക്കസ് സാമഗ്രികളെടുത്തു കവലയിലെക്കിറങ്ങും മുന്‍പ് ഗുഞ്ഞ്ജന്‍ അയാളെ ഒന്ന് കൂടി നോക്കി.  കണ്‍ തുറന്ന് അവളെ യാത്രയയക്കാന്‍ പോലും  അശക്തനാണയാള്‍.    മുഷിഞ്ഞ പുതപ്പു നിവര്‍ത്തി അയാളെ മൂടുമ്പോള്‍ വിണ്ടു കീറിയ അയാളുടെ ചുണ്ടുകളില്‍ ഈച്ചകള്‍  പാറുന്നതവള്‍   ശ്രദ്ധിച്ചു.

വലതു കയ്യില്‍ നെഞ്ചോട്‌ ചേര്‍ത്തു  പിടിച്ച പൂച്ചയും ഇടതു  തോളില്‍ തൂങ്ങുന്ന ഡോളക്കുമായി മഴ
വെള്ള ചാലുകള്‍ വീണ പാതയിലൂടെ നേത്താവലി കവലയിലേക്കു നടക്കയാണ് രാജു.
ഡോളക്കിന്റെ വലുപ്പ കൂടുതല്‍ മൂലം അവന്‍ ഒരു വശം ചെരിഞ്ഞാണ്‌ നടക്കുന്നത് .  റോഡില്‍ കിടന്ന തകര പാട്ട തട്ടി തെറിപ്പിച്ചാണ് അവന്റെ നടത്തം.   തലയിലെ ചാക്ക് കെട്ടും
തോളിലെ മുഷിഞ്ഞ മാറാപ്പിലെ തേജയെയും ചുമന്നു ഗുഞ്ഞ്ജന്‍ അവനെ അനുഗമിക്കുന്നുണ്ട് .  ഓരോ തവണയും ഇരട്ടി ആവേശത്തോടെ ആ പാഴ് വസ്തു തട്ടി തെറിപ്പിക്കുന്ന രാജുവില്‍  പതിവിനു
വിപരീതമായ എന്തോ അസാധാരണത്വം അവള്‍ ദര്‍ശിച്ചു  . അവനു വിശക്കുന്നുണ്ടാകാം....

അതിജീവനത്തിന്റെ വികൃത മുഖത്തേക്കുള്ള കടുത്ത പ്രഹരങ്ങളായി ഗുഞ്ഞ്ജന്‍ ആ കുഞ്ഞു കാലിളക്കങ്ങളെ വായിച്ചെടുത്തു.  കത്തുന്ന വിശപ്പിനോടുള്ള അവന്റെ പ്രതിഷേധം ഡോളക്കില്‍ അടിച്ചു തീര്‍ത്തു കവലയില്‍ ആളെ  കൂട്ടുകയാണവനിപ്പോള്‍ .

കണ്ടു മറന്ന മേയ്യാട്ടങ്ങളില്‍ പുതുമ പോരാഞ്ഞാകാം  ഏറെ നേരത്തെ ഗുന്ജന്റെ കസര്‍ത്തിനു ശേഷവും ഡോളക്കിനു മുന്നില്‍ വെച്ച പാത്രത്തില്‍ നാണയമൊന്നും  വീണില്ല. നെറ്റിയിലെ വിയര്‍പ്പു തുടച്ചു മാറ്റി  മണ്ണില്‍ കളിക്കുന്ന തേജയെ മടിയില്‍ വെച്ചു വേവലാതി പൂണ്ട്  അവള്‍
രാജുവിനരികിലിരുന്നു.  അവന്റെ കുഞ്ഞു കൈകള്‍ തളര്‍ന്നു തുടങ്ങി  എന്നറിയിക്കും വിധം ഡോളക്ക് നാദം നേര്‍ത്തിരിക്കുന്നു.

പടിഞ്ഞാറ് ചുവക്കാന്‍ തുടങ്ങി.  നിരാശ പേറുന്ന മനസ്സുമായി അവള്‍ നാത്തു സേട്ടിന്റെ കടക്കു മുന്നിലേക്ക്‌ നടന്നു. തലയിലെ ഗാന്ധി തൊപ്പി നേരെ വെച്ച് സേട്ട് ഗുന്ജ്ജനെ  തറപ്പിച്ചൊന്നു നോക്കി.  എന്നിട്ട് മുന്നോട്ടു പോകാന്‍ കൈ കൊണ്ട് ആംഗ്യം നല്‍കി.  അത് കാണാത്ത മട്ടില്‍  അവിടെ തന്നെ നിന്ന് അവള്‍ പതിഞ്ഞ സ്വരത്തില്‍ യാചിച്ചു.

"സേട്ട് ... എനിക്കൊരു കാല്‍ക്കിലോ ആട്ട തരൂ ... കാശ് ഞാന്‍ നാളെ കളിച്ചു കിട്ടിയാല്‍
തരാം "

ഒരു പൊട്ടി ചിരിയായിരുന്നു അതിനുള്ള മറുപടി!!.

"നീ കുറെ കളിക്കും ... ഈ നേത്താവലിയില്‍ ആര്‍ക്കു കാണണം നിന്റെ കളി?
നിങ്ങള്‍ക്കീ ജന്മം  ദൈവം വിധിച്ചത് പട്ടിണിയാണ് ... നിനക്ക് ആട്ട തന്ന്  പട്ടിണി മാറ്റി
ഞാന്‍ ദൈവ ഹിതത്തിനെതിരായി പ്രവത്തിച്ചു കൂടാ ....
എനിക്ക് ദൈവ ശിക്ഷ ലഭിക്കും ."

സേട്ടിന്റെ  തത്വ ശാസ്ത്രം  താള ബോധമില്ലാത്ത ഏതോ വാദ്യക്കാരന്റെ പെരുമ്പറവാദനം പോലെ അവളുടെ കാതുകളില്‍ മുഴങ്ങവേ ശരീരമാകെ വിറകൊള്ളുന്നത്‌ അവള്‍ അറിഞ്ഞു.   കണ്ണുകളെ ഇരുള്‍ മൂടാന്‍ തുടങ്ങി .  ആ ഇരുളില്‍ നിന്നും വെള്ളകെട്ടിന് നടുവിലെ കൂടാരം തെളിഞ്ഞു വരുന്നു .

ചലനമറ്റു കിടക്കയാണ് ഭോല അതിനുള്ളില്‍ .  കൂടാരത്തിന് മുകളില്‍ തത്തി കളിച്ചിരുന്ന കാറ്റ്
പെട്ടന്നൊരു സംഹാരഭാവം കൈകൊണ്ട് കൂടാരത്തിന്റെ  മുകളെടുക്കുന്നു.
കാറ്റിന്റെ താണ്ഡവം നിലയ്ക്കുന്നില്ല. ഭോലയുടെ ശരീരത്തില്‍ നിന്ന്  മുഷിഞ്ഞ പുതപ്പു തട്ടി
പറിക്കയാണ്  കാറ്റ്.  നഗ്നമായ ആ അസ്ഥിപന്ജ്ജരത്തിന്റെ മാറ് പിളര്‍ന്നു
ജീവന്റെ പക്ഷി  മേല്‍ഭാഗം തുറന്ന  കൂടാരത്തില്‍ നിന്ന് വിഹായസ്സിലേക്ക് പറന്നകലുന്നത്  അവള്‍ മനസ്സില്‍ കണ്ടു.  ആ മുഖം ഈച്ചകള്‍ പൊതിഞ്ഞു വികൃതമാക്കിയിരിക്കുന്നു.  ചെവികള്‍ രണ്ടിലും കൈചേര്‍ത്ത്‌ അവളലറി വിളിച്ചു

" ഭോലാ ..."

അവളുടെ ദീന നാദം നേത്താവലി കവലയില്‍ അലിഞ്ഞലിഞ്ഞില്ലാതായി.
അവള്‍ കിതക്കയാണ്.

ഒരു  ദീര്‍ഘ നിശ്വാസത്തിനു ശേഷം ഏതോ ഭ്രാന്തമായ ഒരാവേശം അവളെ  മുന്നോട്ടു നയിച്ചു.  ആ പദ ചലനങ്ങള്‍ക്കൊപ്പം അവളുടെ ചുണ്ടുകളും ചലിച്ചു കൊണ്ടിരുന്നു.

 "ഞങ്ങള്‍ക്കും ജീവിക്കണം ... ഒരു നേരമെങ്കിലും റൊട്ടി കഴിച്ച്  .....
ഞങ്ങള്‍ക്കും ജീവിക്കണം "

പകലിന്റെ നിറം വല്ലാതെ മങ്ങി കഴിഞ്ഞു.  ക്ഷീണിച്ച കണ്ണുകളാല്‍ ചുറ്റിലും അമ്മയെ തിരയുകയാണ് രാജു. ഒടുവില്‍ അവന്‍ അമ്മയെ കണ്ടെത്തി.  റോഡരികില്‍  നിര്‍ത്തിയിട്ട റിക്ഷയില്‍ ചാരി നിന്ന്  നിഴല്‍ രൂപങ്ങളോട് വില പറയുകയാണവള്‍ !
ഇരുളിന്  കനമേറുമ്പോള്‍ പങ്കിട്ടു നല്‍കാനുള്ള അവളുടെ  മാംസത്തിന്റെ വില !!

രാജുവിന്റെ തളര്‍ന്ന കൈകള്‍ തീര്‍ക്കുന്ന ഡോളക്ക് നാദം അപ്പോഴും  ഒരു തേങ്ങലായ്
നേത്താവലിയിലെ കവലയില്‍ മുഴങ്ങി കൊണ്ടിരുന്നു.


* ആട്ട ... ധാന്യ മാവ്‌
** കൊയില ... കല്‍ക്കരി 





പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 15:44 112 അഭിപ്രായ(ങ്ങള്‍) Email This BlogThis! Share to Twitter Share to Facebook
ലേബലുകള്‍: കഥ
Older Posts Home
Subscribe to: Posts (Atom)
പ്രിയ വായനക്കാര്‍ക്ക് തുഞ്ചാണിയിലേക്ക് സ്വാഗതം !!!!

തുടിതാളം ബ്ലോഗ്ഗിലേക്ക്

Thudithalam

Followers


Popular Posts

  • ചേമ്പിലക്കുടയും തെക്കന്‍കാറ്റും
    " ഹോ.. വല്ലാത്ത മഴ ട്രെയിനുകള്‍ ഓടുന്നുവോ ആവോ ? സ്കൂള്‍ ബസ്‌ വന്നോ എന്ന് നോക്ക്യേ ..." അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട...
  • ജന്നത്തുല്‍ ഫിര്‍ദൌസ്
    മക്ക പിടിച്ചടക്കാന്‍ എത്തിയ അബ്രഹത്തിന്റെ ആനപ്പടയെ കല്ലെറിഞ്ഞു തുരത്തിയ അബാബില്‍ പക്ഷി കൂട്ടങ്ങള്‍!! അവ മാനത്ത് തീര്‍ത്ത അന്ധകാരത്തെ മനസില...
  • വേനല്‍പൂവുകള്‍
    മുംബൈ വി ടി  (ഇന്ന് മുംബൈ സി എസ് ടി)  യിലെ എട്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ വണ്ടി  എത്തിച്ചേര്‍ന്നത്‌ വൈകുന്നേരം അഞ്ചു മണിക്ക്.  ശ്രീകൃഷ്ണ ട...
  • നേത്താവലിയിലെ കാറ്റ്
    ഇരുണ്ട ആകാശത്തില്‍ അങ്ങിങ്ങായ്‌  ചില നേരിയ  രേഖകള്‍ കോറിയിട്ട് ഒരു വെള്ളി വെളിച്ചം ഗുന്ജ്ജന്റെ മുഖത്തു പതിച്ചു.  സജലങ്ങളായ അവളുടെ കണ്‍കോണു...
  • അതിഥി ദേവോ ഭവ:
    മുംബൈയില്‍ എത്തി ആദ്യ കുറച്ചുനാള്‍ ഞാന്‍ നാട്ടുകാരനും എന്‍റെ  ബന്ധുവുമായ  ചന്ദ്രേട്ടനോടൊപ്പമാണ്  താമസിച്ചത്.  അദ്ദേഹത്തിന്‍റെ വിവാഹശേഷം ...
  • പ്രയാണം
    ഉച്ച വെയിലിന്‍ ചൂട് കുറയാന്‍ തുടങ്ങുന്നതെ ഉള്ളൂ.  കാലത്തിറക്കിയ ഇളനീര്‍ ഭൂരിഭാഗവും വിറ്റ് പോയിരിക്കുന്നു.  അവശേഷിക്കുന്ന അഞ്ചാറെണ്ണം മുന...
  • പാത്തൂന്റെ പാസ്‌
    എന്റെ കുട്ടികാലത്ത് മതുപ്പുള്ളി  എന്ന എന്റെ ഗ്രാമത്തില്‍ റേഷന്‍ കട നടന്നിരുന്നത് സെന്ററിലുള്ള ഞങ്ങളുടെ മൂന്നു മുറി കെട്ടിടത്തിലായിരുന്നു....
  • തമ്പും തേടി
    ഭഗവതിക്കാവിലെ കൊടിയേറ്റുത്സവത്തിന്‍ നാളിലാണ്‌ കാര്‍ത്തു ആദ്യമായി കൊച്ചമ്പ്രാനെ കണ്ടത്.  ആരവങ്ങള്‍ക്കിടയില്‍ നാലഞ്ച് വാല്യക്കാര്‍ക്ക് നടുവി...
  • മോന്തികൂട്ടം
    ഗ്രാമത്തെ  ഇരുകരകള്‍ ആയി വിഭജിക്കുന്നത് നടുവില്‍ പരന്നു കിടക്കുന്ന വിശാലമായ നെല്‍പാടമാണ്.  പാടത്തിനു നടുവിലൂടെ തെക്കെകരയെയും വടക്കേകരയും ബ...
  • മിച്ചഭൂമി
    എഴുപതുകളിലെ എന്റെ ഗ്രാമം .  കാര്‍ഷിക വൃത്തിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഭൂരിഭാഗം വരുന്ന ഗ്രാമീണ ജനത . അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷ...
Powered by Blogger.

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Blog Archive

  • ▼  2014 (1)
    • ▼  January (1)
      • ചേമ്പിലക്കുടയും തെക്കന്‍കാറ്റും
  • ►  2013 (1)
    • ►  March (1)
  • ►  2012 (5)
    • ►  September (1)
    • ►  June (1)
    • ►  March (2)
    • ►  January (1)
  • ►  2011 (8)
    • ►  December (1)
    • ►  October (1)
    • ►  September (2)
    • ►  August (2)
    • ►  July (2)

About Me

My photo
വേണുഗോപാല്‍
മുംബൈ, മഹാരാഷ്ട്ര, India
താളങ്ങളുടെ നാട് എന്ന് ഞങ്ങള്‍ ഓമനപ്പേര് വിളിക്കുന്ന പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട് ജനനം. പെരിങ്ങോട് ഹൈസ്കൂള്‍ , പട്ടാമ്പി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇരുപതാം വയസ്സില്‍ പ്രവാസിയായി മുംബൈ നഗരത്തിലേക്ക്. താളങ്ങളുടെ നാട്ടില്‍ നിന്നും മഹാനഗരത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ നഷ്ട്ടമായ ജീവിത താളം വീണ്ടെടുക്കാന്‍ വര്‍ഷങ്ങളോളം പ്രവാസത്തിന്റെ കടുത്ത പാതകളിലൂടെ തളര്‍ന്നും നിവര്‍ന്നും ഗമനം. ഇടക്കെങ്ങോ കൈമോശം വന്ന എഴുത്തും വായനയും തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഈ-എഴുത്തും വായനയും തുടങ്ങി വെച്ചു. വഴി കാണിക്കുക. തെറ്റുകള്‍ തിരുത്തിത്തരുക.
View my complete profile

Total Pageviews

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Facebook Badge

Venu Gopal

Create Your Badge

ജാലകത്തിലേക്ക്...

ജാലകം

Blogroll

 
(c) Copyright 2010 THUNCHANY. Designed by Blogspot Templates
Supported by Video Game Music, Website Hosting, VPS Hosting