ഉച്ച വെയിലിന്‍ ചൂട് കുറയാന്‍ തുടങ്ങുന്നതെ ഉള്ളൂ. കാലത്തിറക്കിയ ഇളനീര്‍ ഭൂരിഭാഗവും വിറ്റ് പോയിരിക്കുന്നു. അവശേഷിക്കുന്ന അഞ്ചാറെണ്ണം മുന്നിലേക്ക് നീക്കി വെച്ച് വശങ്ങള്‍ പൂതലിച്ച മരമേശക്ക് പുറകില്‍ മോഹന്‍ ഇരുപ്പുറപ്പിച്ചു.
തിരകളുടെ നനുത്ത തലോടലുകള്‍ ഏറ്റുവാങ്ങി മയങ്ങുന്ന തീരം. മണലില്‍ കുത്തി നിര്‍ത്തിയ നാല് മുളങ്കാലുകള്‍ക്ക് മുകളില്‍ പ്ലാസ്റ്റിക് പായ മറച്ച ഇളനീര്‍ക്കട. തീരത്ത് അവിടവിടെ കൊച്ചു കൂട്ടങ്ങളായി വളര്‍ന്നു പൊങ്ങിയ ചെടികള്‍ ഉച്ചവെയില്‍ തല്ലിക്കെടുത്തിയ ഉന്മേഷം വീണ്ടെടുക്കാനുള്ള തത്രപ്പാടില്‍ ആടിയുലയുകയാണ്.
അമ്മയുടെ മരണ ശേഷം അനാഥത്വം പതിച്ചു കിട്ടി ഈ തീരത്തണയുമ്പോള്‍ മുതുകില്‍ മുദ്രണം ചെയ്ത അമ്മാവന്റെ തുകല്‍ ബെല്‍റ്റിന്റെ പാടുകള്‍ മാഞ്ഞിരുന്നില്ല. പകല്‍ മുഴുവന്‍ ഇളനീര്‍ വിറ്റു രാത്രിയില്‍ മുളങ്കാലുകളോട് ചേര്‍ത്തുകെട്ടിയ മേശമേല്‍ അമ്മയുടെ ഓര്‍മ്മകളില്‍ മുങ്ങിപൊങ്ങിക്കിടക്കുമ്പോള്‍ നാളത്തെ പുലരിയിലേക്ക് കണ്ണുകള്‍ തുറന്നു പിടിച്ചിരിക്കും. അത്തരം ഉറക്കമില്ലാത്തൊരു രാത്രിയിലാണ് നിലക്കാത്ത കിതപ്പോടെ അവരോടിയെത്തിയത്. കിഷോര്‍ എന്ന പത്തു വസ്സുകാരനും അതെ പ്രായക്കാരി തമന്നയും .
" ബചാവോ ഭയ്യ ... പോലീസ് ഗല്ലി ഗല്ലി സെ സബ് കോ ഉടാ ലെ ജാ രഹാ ഹേ"
വിറയലോടെ അതിലേറെ ദൈന്യതയോടെയുള്ള ആ തെരുവ് പിള്ളേരുടെ വാക്കുകള്‍ കേട്ടതും മറിച്ചൊന്നു ചിന്തിച്ചില്ല. ഇരുവരെയും മേശക്കടിയിലേക്ക് തള്ളിയിട്ടു കാലിചാക്കിട്ടു മൂടിയപ്പോള്‍ മുതല്‍ അവര്‍ തനിക്കും ഈ തീരത്തിനും സ്വന്തമാവുകയായിരുന്നു.
കാലത്ത് വണ്ടിയില്‍ നിന്നും ഇളനീര്‍ ഇറക്കാന്‍ തന്നെ സഹായിച്ചു കഴിഞ്ഞാല്‍ തീരത്തെ പൊതിയുന്ന മഞ്ഞിലേക്ക് അവര്‍ നടന്നു മറയും. വൈകുന്നേരങ്ങളില്‍ അതെ മഞ്ഞിന്‍ മറ പിടിച്ചു തിരികെയെത്തി മേശക്കടിയില്‍ ചുരുളും. മാതാപിതാക്കളുടെ രൂപം പോലും ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അവരോട് വല്ലതും കഴിച്ചുവോ എന്ന് ചോദിച്ചാല്‍ മുന്‍കൂട്ടി തയ്യാറാക്കി വെച്ച ഉത്തരം പോലെ കഴിച്ചു എന്നവര്‍ ഒരേ സ്വരത്തില്‍ മറുപടി നല്‍കിയിരിക്കും,
വെയിലാറാന്‍ തുടങ്ങിയിരിക്കുന്നു. സായാന്ഹത്തിന്റെ അന്ത്യപാദത്തിലാണ് തീരം സജീവമാകുന്നത്. കടയ്ക്കല്‍പ്പം മാറി സിമന്റ് ബെഞ്ചിലിരിക്കുന്ന യുവതി ആരെയോ തിരയുകയാണ്. കയ്യിലെ തൂവാലയാല്‍ ഉപ്പ് കാറ്റടിച്ചു വരണ്ട മുഖവും കഴുത്തും തുടക്കുന്നതോടൊപ്പം അവള്‍ ചായം തേച്ച ചുണ്ടുകള്‍ തമ്മില്‍ ചേര്‍ത്തു നനക്കുന്നതും കാണാം.
"തൊടാ ഔര്‍ ഇന്തസാര്‍ ...... വോ ജരൂര്‍ ആയേഗാ ...."
ബെഞ്ചിന് പുറകിലെ ബോണ്‍സായി മരത്തണലില്‍ മുഷിഞ്ഞു കിടന്ന ഭ്രാന്തന്റെ ജല്‍പ്പനങ്ങള്‍ അവളെ അലസോരപ്പെടുത്തുന്നുണ്ട്.
കാതങ്ങള്‍ക്കപ്പുറമുള്ള ബുദ്ധവിഹാരത്തില്‍ നിന്നുയരുന്ന പെരുമ്പറ നാദം അന്തരീക്ഷത്തില്‍ അലിഞ്ഞലിഞ്ഞില്ലാതാവുന്നു. വരിയായ് നീങ്ങുന്ന പെന്‍ഗ്വിന്‍ കൂട്ടങ്ങളെ അനുസ്മരിപ്പിക്കും വിധം വിഹാരത്തിലേക്ക് നടന്നകലുന്ന ബുദ്ധഭിക്ഷുക്കള്‍ . തീരത്തുപേക്ഷിച്ച ജീര്‍ണ്ണിച്ച തോണിക്ക് മുകളില്‍ ചിറകുണക്കുന്ന കടല്‍ കാക്കകള്‍ . പൂപ്പല്‍ പിടിച്ച തോണിയുടെ പാര്‍ശ്വങ്ങളില്‍ ഇര തേടിയാവാം ഇടയ്ക്കിടെ അവ കൊക്ക് ചേര്‍ക്കുന്നുണ്ട്.
തിരകള്‍ കരയിലേക്ക് അടിച്ചു കയറ്റുന്ന നനഞ്ഞ മണലില്‍ ചിപ്പികള്‍ തേടുന്ന തെരുവ് പിള്ളേരോടൊപ്പം കിഷോറും ചേര്‍ന്നിരിക്കുന്നു. കടല്‍ ജലത്തെ ഭയന്നാകാം അവരുടെ കളികള്‍ അകലേയിരുന്നു വീക്ഷിക്കയാണ് തമന്ന. ആരോ പാതി കടിച്ചെറിഞ്ഞ ആപ്പിള്‍ അവള്‍ക്കരികെ ഉറുമ്പരിച്ചു കിടക്കുന്നുണ്ട്. മെലിഞ്ഞു കരിവാളിച്ച ഉടലിന് ചേരാത്ത വലിയ വയറില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന പാതി കീറിയ ട്രൌസര്‍ മുകളിലോട്ടു വലിച്ചു കയറ്റി ഉറുമ്പരിച്ച ആപ്പിളിലേക്ക് നോക്കി നില്‍ക്കുന്ന ഒരു മൂന്നു വയസ്സുകാരന്‍. ഇടയ്ക്കിടെ അവന്‍ ആപ്പിളിനെയും തമന്നയെയും മാറി മാറി നോക്കുന്നുണ്ട്.
വെയില്‍ അല്‍പ്പം കൂടെ കുറഞ്ഞിരിക്കുന്നു. തീരത്തെ ജന സാന്ദ്രത വര്‍ദ്ധിക്കാന്‍ തുടങ്ങി. കാത്തിരുപ്പിനൊരറുതിയെന്നോണം സിമന്റ് ബെഞ്ചിലിരുന്ന യുവതി കറുത്ത് കുറുകിയ ഒരു യുവാവിനെ കെട്ടി പുണര്‍ന്നു നടന്നകലാനുള്ള തയ്യാറെടുപ്പിലാണ്. രണ്ടടി മുന്നോട്ടു നീങ്ങിയതും അവരെ തടഞ്ഞു നിര്‍ത്തി യുവാവിനെ ഇക്കിളിയാക്കി കാശിരക്കുന്ന രണ്ടു ഹിജഡകള്‍. ഹിജഡകളുടെ തലോടലിനനുസരിച്ചു വളഞ്ഞു പുളയുന്ന യുവാവിനെ നോക്കി ചിരിക്കയാണ് തമന്നയിപ്പോള്‍ . ആ തക്കം മുതലെടുത്ത് ആപ്പിള്‍ കൈക്കലാക്കിയ ബാലന്‍ അത് തൂത്തു വൃത്തിയാക്കി ഭക്ഷിക്കാനുള്ള ശ്രമത്തിലാണ്.
വര്‍ണ്ണ തൂവലുകള്‍ കൊണ്ടലങ്കരിച്ച ഒരു കുതിര വണ്ടി പാഞ്ഞടുക്കുന്നു. ഈറന്‍ മണല്‍ത്തരികള്‍ തൂത്തെറിഞ്ഞു കുതിക്കുന്ന കുതിരക്കാലിന്‍ ചലനങ്ങള്‍ക്കൊപ്പം ആടിയുലയുന്ന വണ്ടിയില്‍ കടല്‍ കാഴ്ചകള്‍ കണ്ടു രസിക്കുന്നൊരു സായിപ്പും മദാമ്മയും. ദൂരദര്‍ശിനിയിലൂടെ അനന്തതയിലേക്ക് നോട്ടമയക്കുന്നതോടൊപ്പം അസുഖകരമായ വണ്ടിയുടെ വേഗത കുറക്കാന്‍ വണ്ടിക്കാരനെ ഓര്‍മ്മിപ്പിക്കുന്നുണ്ടവര്‍
വണ്ടിയില്‍ നിന്നും താഴെയിറങ്ങിയ മദാമ്മ കുട്ടികളുടെ കളികള്‍ ക്യാമറയില്‍ പകര്‍ത്തുകയാണിപ്പോള്‍ . അല്‍പ്പ നേരത്തിനു ശേഷം കുട്ടികളെയും കൊണ്ട് വണ്ടി വീണ്ടും സവാരി തുടരുന്നു . സന്തോഷത്താല്‍ മതിമറന്ന ആ പട്ടിണി കൂട്ടത്തില്‍ നിന്നും നിലക്കാത്ത ആര്‍പ്പുവിളികള്‍ ഉയര്‍ന്നു കൊണ്ടിരുന്നു.
തോളില്‍ തൂങ്ങുന്ന തുകല്‍ ബാഗില്‍ നിന്നും പുറത്തെടുത്ത വര്‍ണ്ണ കടലാസുകളില്‍ പൊതിഞ്ഞ മാധുര്യം ഓരോരുത്തര്‍ക്കും നല്‍കുകയാണ് സായിപ്പ്. കുട്ടികള്‍ക്കിടയില്‍ ആഹ്ലാദത്താല്‍ മതിമറന്ന് തുള്ളുകയാണ് കിഷോറും തമന്നയും. ആ നിമിഷങ്ങളില്‍ അവര്‍ക്കൊപ്പം അവരെപ്പോലെ അനാഥനായ തന്റെ മനസ്സും ആനന്ദിക്കയാണെന്ന് മോഹന്‍ അറിയാതെ അറിഞ്ഞു.
അസ്തമയ ശോണിമ കടല്‍ ജലത്തില്‍ വീണു പടരാന്‍ തുടങ്ങിയിരിക്കുന്നു. പരസ്പരം കെട്ടിപ്പുണര്‍ന്നും കളിപറഞ്ഞും നീങ്ങുന്ന പ്രണയ ജോടികള്‍ . പകല്‍ മറയുന്നതിനു മുന്‍പേ തന്നെ വിളക്ക്കാലുകള്‍ക്കടിയില്‍ ഉന്തു വണ്ടികളും കൊണ്ട് കച്ചവടക്കാര്‍ നിരന്നു കഴിഞ്ഞു. ബെല്‍പൂരി, പാനിപൂരി, സാന്‍ഡ്വിച്, ഐസ് ക്രീം തുടങ്ങിയ വേറിട്ട രുചികള്‍ അവര്‍ വില്പ്പനക്കായ് നിരത്തിയിരിക്കുന്നു. താങ്ങാനാവാത്ത ശരീര ഭാരവും പേറി പഞ്ചാബികളും ഗുജറാത്തികളുമടങ്ങുന്ന കൊച്ചുകൂട്ടങ്ങള്‍ വണ്ടികളെ ചുറ്റിപ്പറ്റി നിന്നു.
"ഭയ്യ ... ഹം ആനെ കോ ദേര്‍ ഹോയെഗാ ... അന്ഗ്രെസ് ലോഗ് ഖാന ഖിലാ രഹാ ഹെ..."
കിഷോറിന്റെ ശബ്ദം കേട്ടാണ് തീരക്കാഴ്ച്ചകളില്‍ നിന്നും മടങ്ങിയത്. വിദേശികള്‍ ഒരു നേരത്തെ ആഹാരം അവര്‍ക്ക് വാങ്ങി നല്‍കുന്നു എന്ന വലിയ സന്തോഷത്തിലാണ് കുട്ടികളിപ്പോള്‍ .സായിപ്പിനും മദാമ്മക്കും ഒപ്പം തുള്ളി ചാടി നടന്നകലുന്ന അവരെ നോക്കി മനസ്സ് മന്ത്രിച്ചു. ഇന്നെങ്കിലും അവര്‍ വയര്‍ നിറയെ ആഹാരം കഴിക്കട്ടെ .....
ഇരുട്ട് പരക്കാന്‍ തുടങ്ങിയിരിക്കുന്നു. നിയോണ്‍ വിളക്കുകളുടെ തിളക്കം തീരത്തെ വിഴുങ്ങാനെത്തുന്ന ഇരുട്ടിനെ വെല്ലുവിളിക്കുന്നുണ്ടെങ്കിലും അവിടവിടെ ഒറ്റതിരിഞ്ഞു നില്‍ക്കുന്ന തെങ്ങിന്‍ മറപ്പറ്റി പാത്തും പതുങ്ങിയും ഇരുട്ട് തീരത്ത് കയറാന്‍ ശ്രമം നടത്തുന്നുണ്ട്.
ബാക്കി വന്ന ഇളനീര്‍ ചാക്കിലാക്കി മേശക്കടിയില്‍ തള്ളി ഇന്നത്തെ വിറ്റുവരവ് എണ്ണി തിട്ടപ്പെടുത്തി പോക്കറ്റില്‍ നിക്ഷേപിക്കുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് വിറയാര്‍ന്ന രണ്ടു കൈകള്‍ മോഹന്റെ കാല്‍കളില്‍ പിടിമുറുക്കിയത്.
ഒരു നിമിഷം സ്തംഭിച്ചു നിന്ന തന്നെ നോക്കി തൊഴുകൈകളോടെ ഒരു യുവതി.
അവള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. മുഖ മണ്ഡലത്തില്‍ വിഷാദം വീണുകിടന്ന അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.
" ആരാ ... എന്ത് വേണം ? "
തൊണ്ടയില്‍ കുരുങ്ങി കിടന്ന അത്രയും വാക്കുകള്‍ പുറത്തെത്തിക്കാന്‍ മോഹന്‍ നന്നേ പണിപ്പെട്ടു. യുവതിയോടൊപ്പം അയാളും വിറക്കുന്നുണ്ട്. തൊഴുതു നില്‍ക്കുന്ന അവളെ പിടിച്ചു കുലുക്കി നീ ആരാണ് എന്ന് വീണ്ടുമന്വേക്ഷിക്കാന്‍ തുടങ്ങിയതും അതിനുത്തരമെന്നോണം തന്റെ മുന്നിലേക്ക് കൊടുംകാറ്റ് പോലൊരുവന്‍ ആര്‍ത്തലച്ചെത്തിയതും ഒരുമിച്ചായിരുന്നു.
"എയ് അണ്ണാ...... ചോട് ദോ ഉസ്ക്കോ "
അലര്‍ച്ച കണക്കെയുള്ള അവന്റെ ആജ്ഞ കേട്ടതും യുവതി ഭയന്ന് വിറച്ചു മോഹനെ കെട്ടിപിടിച്ചു കഴിഞ്ഞിരുന്നു. മേശമേല്‍ കിടന്ന ഇളനീര്‍ വെട്ടുകത്തി കയ്യിലെടുത്തു മുന്നോട്ടാഞ്ഞതും അവന്‍ വല്ലാതൊന്നു ഞെട്ടിയതായി മോഹന് തോന്നി.
എവിടെ നിന്നോ വീണു കിട്ടിയ ധൈര്യം മുന്‍നിര്‍ത്തി മോഹന്‍ ചോദിച്ചു.
"അഗര്‍ ചോട്ന നഹിന്‍ ചാഹ്തെ ഹെ തോ ...... "
കൊടുംകാറ്റില്‍ ഉലയുന്ന കരിമ്പന കണക്കെ കുലുങ്ങി കുലുങ്ങിയുള്ള അവന്റെ കനമുള്ള ചിരി ഒരു അട്ടഹാസത്തിലേക്ക് വഴിമാറിയതു വളരെ പെട്ടെന്നായിരുന്നു.
" സാലാ .. ചാര്‍ ടക്കെ ക്കാ മദ്രാസി .... ബായിഗിരി ദിഗാത്ത ഹെ ക്യാ ... വോ ബി അപ്നെ പാസ് ...... തുമാരാ ജാന്‍ ലേക്കെ ബി മെ ഉസ്കോ ലേ ജായേഗാ മാ ...."
അവന്‍ പറഞ്ഞു മുഴുമിപ്പിക്കും മുന്‍പേ മോഹന്‍ കയ്യിലിരുന്ന വെട്ടുകത്തി അവനു നേരെ വീശി കഴിഞ്ഞിരുന്നു.
ഒട്ടും പ്രതീക്ഷിക്കാതിരുന്ന മോഹന്റെ നീക്കത്തില്‍ നിന്നും രക്ഷപ്പെടാന്‍ തിടുക്കത്തില്‍ പിന്നോട്ട് മാറിയപ്പോള്‍ മണലില്‍ മലര്‍ന്നു വീണ അവന്റെ മുഖത്തേക്ക് കാലുകളാല്‍ മണല്‍ കോരിയിട്ടു മറ്റൊന്നും ചിന്തിക്കാതെ അവളെയും വലിച്ചു കൊണ്ടോടുകയായിരുന്നു. തീരത്ത് നിന്നും റോഡില്‍ എത്തിയ ശേഷവും ഭീതി വിട്ടകലാത്തതിനാല്‍ തിരിഞ്ഞു നോക്കാന്‍ മനസ്സനുവദിച്ചില്ല.
അടയാള വിളക്കുകള്‍ തെളിയാന്‍ കാത്തു കിടന്ന വാഹന വ്യൂഹങ്ങളെയും തടയണകളില്ലാതെ ഒഴുകിക്കൊണ്ടിരുന്ന ജനനദികളെയും മറികടന്നു കൊണ്ടുള്ള ആ ഓട്ടത്തിന് പ്രത്യേക ലക്ഷ്യമൊന്നും ഇല്ലായിരുന്നുവെങ്കിലും ഒഴുകുന്ന ആള്‍ക്കൂട്ടത്തിലൂടെ ഓടിയെത്തിയത് ദാദര്‍ സ്റേഷന്റെ ഏഴാം നമ്പര്‍ പ്ലാട്ഫോമിലാണ്.
പ്ലാട്ഫോം വിടാന്‍ തുടങ്ങുന്ന ഒരു ദീര്‍ഘദൂര വണ്ടിയുടെ വാതിലിലേക്ക് വീണ്ടും ആ ഓട്ടം നീളുകയാണ്. പാളത്തിലുരഞ്ഞു കേഴുന്ന വണ്ടിച്ചക്രങ്ങള്‍ക്ക് വേഗത കൂടുന്നുണ്ട് . ഒരു വിധത്തില്‍ അവളേയും തൂക്കിയെടുത്തു വണ്ടിക്കകത്തെത്തിയപ്പോള്‍ മാത്രമാണ് ശ്വാസം നേരെ വീണത്.
വണ്ടിക്കകത്തേക്ക് തങ്ങള്‍ പ്രവേശിച്ച രീതി ഒട്ടും ഇഷ്ടപ്പെടാത്ത വിധം പലരും പലതും പിറുപിറുക്കുന്നുണ്ട്.
ഇങ്ങനെ മരിക്കേണ്ട വല്ല കാര്യവുമുണ്ടോ? സമയത്തിനു സ്റേഷനില്‍ എത്തേണ്ടേ എന്നൊക്കെ ചോദിക്കുന്നവര്‍ക്ക് തങ്ങള്‍ നേരിട്ട പരീക്ഷണങ്ങളെക്കുറിച്ച് എന്തറിയാന്‍?
അവള്‍ ആകെ തളര്‍ന്നിരിക്കുന്നു. വാടിക്കരിഞ്ഞ ഒരു ചേമ്പിന്‍തണ്ട് പോലെ തന്റെ ദേഹത്ത് വീണു കിടന്ന അവളോട് മോഹന്‍ വീണ്ടും ചോദിച്ചു.
നീ ആരാ ..?
എന്താ നിന്റെ പേര് ...?
ഉത്തരമായി അവള്‍ നല്‍കിയ ചില ആംഗ്യ വിക്ഷേപങ്ങള്‍ കണ്ടു മോഹന്റെ നെഞ്ച് പിടച്ചു.
അവള്‍ ഊമയാണ്. താനാരെന്നു വെളിപ്പെടുത്താന്‍ കഴിയാത്ത നിസ്സഹായ.
വണ്ടിക്കിപ്പോള്‍ വേഗത ഇരട്ടിച്ചിരിക്കുന്നു. സീറ്റുകളിലും സീറ്റുകള്‍ക്ക് ഇടയില്‍ പേപ്പര്‍ വിരിച്ചും ആളുകളിരിക്കുന്നു. വാതിലിനോടു ചേര്‍ന്നുള്ള ഇടുങ്ങിയ മൂലയില്‍ അവളെയും ചേര്‍ത്തു പിടിച്ചു അയാളുമിരുന്നു. തറയില്‍ ചിതറി കിടന്ന കടലാസ്സു തുണ്ടുകളും ഭക്ഷണാവശിഷ്ടങ്ങളും അതൊരു ജനറല്‍ ബോഗി തന്നെ എന്ന സൂചന നല്‍കിയത് മോഹന് തെല്ലാശ്വാസം പകരുന്നുണ്ട്
നേരം പാതി രാത്രിയോടടുക്കുന്നു. പലയിടങ്ങളിലും യാത്രക്കാരെ ഇറക്കിയും കേറ്റിയും വണ്ടി ഓടി കൊണ്ടിരുന്നു . ഭയവും ക്ഷീണവും കീഴ്പ്പെടുത്തിയ അവള്‍ മോഹന്റെ തോളില്‍ തല ചായ്ച്ചുറങ്ങുകയാണ് ചിന്തകള്‍ കാട് കയറുന്നു. ഈ ഊമയെയും കൊണ്ട് തന്റെ ഈ യാത്ര എങ്ങോട്ടാണ്? ഇവള്‍ ആര് .. എന്ത് എന്നോന്നുമറിയാതെ ......... !!!
അടുത്ത ഏതെങ്കിലും സ്റേഷനില്‍ വണ്ടി നിര്‍ത്തുമ്പോള്‍ അവളറിയാതെ ഇറങ്ങി രക്ഷപ്പെട്ടാലോ?
ഏതോ കരാള ഹസ്തത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ഈ മിണ്ടാപ്രാണിയെ മറ്റു പലര്‍ക്കും പിച്ചി ചീന്താന്‍ എറിഞ്ഞു കൊടുക്കുന്നത് പാപമല്ലേ എന്ന മനസ്സിന്റെ മറു ചോദ്യത്തിന് മുന്നില്‍ ഒരു നിമിഷം ചെറുതായൊന്നു നടുങ്ങിയോ?
ആ പാപ ചിന്ത നല്‍കിയ കുറ്റ ബോധത്തില്‍ നിന്നുള്ള മുക്തിക്കെന്നോണം കണ്ണീര്‍ ചാലുകളുണങ്ങിയ അവളുടെ കവിളുകളില്‍ വിരലുകളാല്‍ തലോടി കൊണ്ടിരിക്കവേ പതിയേ അയാളും ഉറക്കത്തിലേക്ക് വഴുതി വീഴുകയായിരുന്നു.
പേപ്പര്‍ .. പേപ്പര്‍ ... പത്രവില്‍പ്പനക്കാരന്റെ അസുഖകരമായ വിളിയാണ് മോഹനെ ഉറക്കത്തില്‍ നിന്നുണര്‍ത്തിയത്. വണ്ടി ചാലിസ്ഗാവ് എന്ന സ്റേഷനില്‍ ആണിപ്പോള്‍ . ഇത് വടക്ക് ദിശയിലേക്കുള്ള ഏതോ വണ്ടിയായിരിക്കാമെന്നയാളൂഹിച്ചു
തലേ രാത്രിയിലെ നടുക്കം ഇനിയും
മാറിയിട്ടില്ല. ഒരു കൊച്ചു കുട്ടിയെപ്പോലെ തന്റെ മടിയില്‍ തല
ചായ്ച്ചുറങ്ങുകയാണ് അവളിപ്പോഴും. പോക്കറ്റില്‍ നിന്നും ചില്ലറ നല്‍കി പത്രം
വാങ്ങിക്കുമ്പോള്‍ തീരത്ത് നടന്ന സംഭവം മനസ്സില്‍ വീണ്ടും വീണ്ടും
തെളിയുകയായിരുന്നു.
പത്രം കയ്യിലെടുത്തപ്പോള്‍ തന്നെ കൈകള്‍ വിറക്കാന്‍ തുടങ്ങിയിരുന്നു. ആദ്യതാളിലെ വാര്‍ത്തയില്‍ അറിയാതെ കണ്ണുടക്കിയപ്പോള്‍ അയാള്‍ ഒരു അഗ്നികുണ്ഡത്തിനു നടുവിലേക്ക് എടുത്തെറിയപ്പെട്ട വിധം എരിപൊരി കൊണ്ടു.
"തെരുവ് കുട്ടികളെ ഉപയോഗിച്ച് നീല ചിത്ര നിര്‍മ്മാണശ്രമം . വിദേശ ദമ്പതികള്‍ ദാദറിലെ ഹോട്ടലില്‍ അറസ്റ്റില്‍ ....
പത്രം കയ്യിലെടുത്തപ്പോള്‍ തന്നെ കൈകള്‍ വിറക്കാന്‍ തുടങ്ങിയിരുന്നു. ആദ്യതാളിലെ വാര്‍ത്തയില്‍ അറിയാതെ കണ്ണുടക്കിയപ്പോള്‍ അയാള്‍ ഒരു അഗ്നികുണ്ഡത്തിനു നടുവിലേക്ക് എടുത്തെറിയപ്പെട്ട വിധം എരിപൊരി കൊണ്ടു.
"തെരുവ് കുട്ടികളെ ഉപയോഗിച്ച് നീല ചിത്ര നിര്‍മ്മാണശ്രമം . വിദേശ ദമ്പതികള്‍ ദാദറിലെ ഹോട്ടലില്‍ അറസ്റ്റില്‍ ....
കുട്ടികള്‍ താമസിച്ചിരുന്ന ഇളനീര്‍ക്കടയുടമയുടെ തീരോധാനത്തില്‍ ദുരൂഹത...
സംസ്ഥാനം വിട്ടു പോകാതിരിക്കാന്‍ പോലീസ് തിരച്ചില്‍ വ്യാപകം"
വാര്‍ത്തക്കൊപ്പം ചേര്‍ത്ത കിഷോറിന്റെയും തമന്നയുടെയും ചിത്രങ്ങളില്‍ നിന്നും നോട്ടം പിന്‍ വലിക്കവേ
സ്പോടനസജ്ജമായ ഒരഗ്നിപര്‍വ്വതം അയാളില്‍ രൂപം കൊണ്ടിരുന്നു. നിമിഷങ്ങള്‍ പോകെ പോകെ ആ ജ്വാലാമുഖിയുടെ ശിരസ്സില്‍ നിന്നും തീയും പുകയും ബഹിര്‍ഗമിക്കുന്നതയാളറിഞ്ഞു.
ദിഗന്തങ്ങള്‍ പൊട്ടുമാറുച്ഛത്തില്‍ ഒരു സ്പോടനം ഏതു നിമിഷത്തിലും
നടന്നേക്കാമേന്നയാള്‍ ഭയന്നു. അയാള്‍ വല്ലാതെ കിതക്കുന്നുണ്ട്.
രക്ഷപ്പെട്ടേ മതിയാകൂ. അപ്പോള്‍ ഇവളോ?
രക്ഷപ്പെട്ടേ മതിയാകൂ. അപ്പോള്‍ ഇവളോ?
ആകാശത്തിനു താഴെ സ്വന്തമെന്നവകാശപ്പെടാന്‍ ആരുമില്ലാത്തവരെ പല രീതിയിലും സമൂഹം ചൂഷണം ചെയ്തു കൊണ്ടിരിക്കുമെന്ന വലിയ സത്യം അനുഭവിച്ചറിഞ്ഞ നിമിഷങ്ങളാണ് പിന്നിട്ടത്. വയ്യ...ഇനിയും പലരാല്‍ പിച്ചിചീന്തപ്പെടാന്‍ ഇവളെ പെരുവഴിയിലുപേക്ഷിച്ചു പോകാന്‍ തനിക്കാവില്ല . ഇവളെ രക്ഷപ്പെടുത്തിയേ മതിയാകൂ. അയാളുടെ മനസ്സ് മന്ത്രിച്ചു..
വണ്ടി ചീറിപ്പായുകയാണ്. വണ്ടിയുടെ ചലനത്തിനോപ്പം
വാതിലുകളിലൂടെയും ജനലുകളിലൂടെയും ചൂളം വിളിയുമായെത്തിയ കാറ്റ് അയാളിലെ
തീയണക്കാന്‍ പര്യാപ്തമായില്ല. അണക്കാനാവത്ത വിധം ആ അഗ്നി അയാളുടെ മനോമുകുരത്തിലേക്ക്
ശക്തിയോടെ പടര്‍ന്നേറുകയാണ്. ആളിപ്പടരുന്ന തീയില്‍ നീറി നീറി അയാളൊരു
തീപ്പക്ഷി ആയി പരിണമിക്കുകയാണിപ്പോള്‍ . അഗ്നിച്ചിറകുകള്‍ വിടര്‍ത്തി പറക്കാനൊരുങ്ങുന്ന പക്ഷി.
തളര്‍ന്നു മയങ്ങുന്ന അവളുടെ മുഖമിപ്പോള്‍ സൂര്യരശ്മിയേറ്റ മഞ്ഞുതുള്ളി പോലെ തിളങ്ങുന്നതായയാള്‍ക്ക് തോന്നി. കണ്ണുകള്‍ സജലങ്ങളായി കാഴ്ച മറയും മുന്‍പേ അവളുടെ നെറ്റിയില്‍ കൊക്കുരുമ്മിയശേഷം അവളേയും ചിറകിലെറ്റി കുതിച്ചു പായുന്ന തീവണ്ടിയുടെ തുറന്ന വാതായനത്തിലൂടെ ആ പക്ഷി പുറത്തേക്ക് പറന്നു...... അനന്ത വിഹായസ്സിലേക്ക് ...
തളര്‍ന്നു മയങ്ങുന്ന അവളുടെ മുഖമിപ്പോള്‍ സൂര്യരശ്മിയേറ്റ മഞ്ഞുതുള്ളി പോലെ തിളങ്ങുന്നതായയാള്‍ക്ക് തോന്നി. കണ്ണുകള്‍ സജലങ്ങളായി കാഴ്ച മറയും മുന്‍പേ അവളുടെ നെറ്റിയില്‍ കൊക്കുരുമ്മിയശേഷം അവളേയും ചിറകിലെറ്റി കുതിച്ചു പായുന്ന തീവണ്ടിയുടെ തുറന്ന വാതായനത്തിലൂടെ ആ പക്ഷി പുറത്തേക്ക് പറന്നു...... അനന്ത വിഹായസ്സിലേക്ക് ...
99 അഭിപ്രായ(ങ്ങള്‍):
ആകാശത്തിനു താഴെ സ്വന്തമെന്നവകാശപ്പെടാന്‍ ആരുമില്ലാത്തവരെ പല രീതിയിലും സമൂഹം ചൂക്ഷണം ചെയ്തു കൊണ്ടിരിക്കുമെന്ന വലിയ സത്യം അനുഭവിച്ചറിഞ്ഞ നിമിഷങ്ങളാണ് പിന്നിട്ടത്. വയ്യ...ഇനിയും പലരാല്‍ പിച്ചിചീന്തപ്പെടാന്‍ ഇവളെ പെരുവഴിയിലുപേക്ഷിച്ചു പോകാന്‍ തനിക്കാവില്ല . ഇവളെ രക്ഷപ്പെടുത്തിയേ മതിയാകൂ. അയാളുടെ മനസ്സ് മന്ത്രിച്ചു..
ആരെന്നറിയാത്ത ഒരു പെണ്ണിനുവേണ്ടി ഗുണ്ടകളെ പേടിച്ച് നാടുവിടേണ്ടിവന്ന ഇളനീര്‍കച്ചവടക്കാരന്‍. മനുഷ്യമനസിലെ മരിക്കാത്ത നന്മയുടെ ഒരുദാഹരണം. ആ തെരുവുകുട്ടികള്‍ എന്തുകൊണ്ടോ സ്ലം ഡോഗ് മില്യണയറിലെ കുട്ടികളെ ഓര്‍മ്മിപ്പിച്ചു. വായിക്കുമ്പോള്‍ മനസ്സില്‍ അവരുടെ രൂപമാണ് കടന്നുവന്നത്. പറഞ്ഞിരിക്കുന്ന പ്രായത്തിലെ സാമ്യം കൊണ്ടാവണം. സായിപ്പും മദാമ്മയും അവരോട് അടുപ്പം കാണിച്ചപ്പോഴേ സംശയം തോന്നിയിരുന്നു, പക്ഷെ അതിങ്ങനെയാവും എന്ന് കരുതിയില്ല.
പതിവുപോലെ വേണുജിയുടെ ഭാഷയും അവതരണവും തന്നെ ഇവിടെയും താരം. ബീച്ചിലെ കാഴ്ചകളുടെ വിവരണം നല്ല വിഷ്വലൈസേഷന്‍ തരുന്നു.
പക്ഷെ ആ ക്ലൈമാക്സ് - അത് ട്രാജഡി ആക്കേണ്ടിയിരുന്നോ? കഥാകൃത്ത് മനസ്സുവച്ചിരുന്നെങ്കില്‍ അവരെ രക്ഷിക്കാമായിരുന്നില്ലേ?
ആരോരുമില്ലാത്തവരുടെ ജീവിതം അഴലേറിയത് തന്നെ
കഥയിലേ ഓരോ മുഖവും മിഴിവോടെ വരച്ചുകാട്ടിയിരിയ്ക്കുന്നു
വായന ആരംഭിച്ചത് മുതല്‍ വീര്‍പ്പുമുട്ടലോടെയാണ് ഈ
മനോഹരമായ കഥ വായിച്ചവസാനിപ്പിക്കാന്‍ കഴിഞ്ഞത്.!,!ഇളനീര്‍ വില്പനക്കാരന്‍ മോഹന്‍ നന്മയുടെ
മങ്ങാത്ത അപൂര്‍വ്വസുന്ദരമായ പ്രകാശമായി മനസ്സില്‍
ഒളിമിന്നി നില്‍ക്കുന്നു.ലളിതമനോഹരമായ ശൈലി.
ഉള്ളില്‍ നൊമ്പരമായി മാറുന്ന കഥാപാത്രങ്ങള്‍
അഭിനന്ദനങ്ങള്‍ അവതരണമികവിന്.
ആശംസകളോടെ
നല്ല കഥ...
നന്മയുടെ പ്രയാണം....
നല്ല അവതരണം..
അനുമോദനങ്ങള്‍
ഒറ്റപ്പെട്ട് പോകുന്നവർക്കേ ആ വേദന ശരിക്കറിയാൻ കഴിയൂ. ഒരു നിമിഷം നമുക്കാരുമില്ലെന്ന് വെറുതെ തോന്നുന്നത് പോലും നമുക്ക് എത്ര അസഹ്യമാണ് അല്ലെ?.
മികച്ച അവതരണം, ഓരോ കഥാപാത്രവും മനസിൽ ആഴത്തിൽ പതിഞ്ഞു പോകുന്നത് ഈ എഴുത്തിന്റെ മിടുക്ക് തന്നെ.
കുറച്ചുകാലം ബോംബെയില്‍ ഉണ്ടായിരുന്നതുകൊണ്ടു കരിക്ക് കച്ചവടവും ചുറ്റുപാടുകളും ഒക്കെ നന്നായി കണ്ടിട്ടുണ്ട്. ഇവിടെ അതൊരു ഫിലിം പോലെ അവതരിച്ചപ്പോള്‍ ആ കാഴ്ചകള്‍ മനസ്സില്‍ ഓടിയെത്തി. എത്ര മനസ്സാക്ഷി ഉള്ളവനും പ്രതികരിക്കാന്‍ വേണ്ടി നാവനക്കാന്‍ പോലും കഴിയാത്ത ബോബെയില്‍ ഇത്തരം കഴ്ചകള്‍ കണ്ട് സ്ഥലം കാലിയാക്കേണ്ട സന്ദര്‍ഭങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നതും ഓര്‍ത്തു പോകുന്നു.
നന്നായി അവതരിപ്പിച്ച ലളിതമായ വായന
കഥ തീക്ഷ്ണമാണ്... അതുകൊണ്ട് ഞടുക്കമുണ്ട് ഇങ്ങനെ എഴുതുമ്പോഴും...
ചൂഷണങ്ങളുടെ വിവിധ ചിത്രങ്ങള്‍ക്കിടയില്‍ മോഹനെന്ന കഥാപാത്രം മനസ്സില്‍ നന്മയുടെ സൌരഭ്യവും നിസ്സഹായതയുടെ വേദനയും പകരുന്നു.... അഭിനന്ദനങ്ങള്‍.
ഇനി ഒരു ചെറിയ ടെക്നിക്കല്‍ പ്രോബ്ലം എന്‍റെ നിസ്സാരബുദ്ധിയില്‍ തോന്നിയത്...
ആദ്യം മോഹന്‍ എന്നു പറയുന്നുണ്ട് കഥാകൃത്ത്...
പിന്നെ കുറച്ചു സമയം മോഹന്‍റെ മനസ്സ് കഥ പറയുന്നു...
വീണ്ടും മോഹന്‍ എന്നു കഥാകൃത്ത്...
അതു കഴിഞ്ഞ് തീരെ അയാള്‍ എന്ന് കഥാകൃത്ത് എഴുതുമ്പോള്‍ ഒരു ചേര്‍ച്ചക്കുറവില്ലേ...
അല്‍പം ധിറുതി ആയിപ്പോയോ എന്ന് എനിക്കൊരു സംശയം..
വേണുമാഷ് ആയതുകൊണ്ട് മാത്രം ഇത്രയും എഴുതിയെന്നേയുള്ളൂ.
സംശയം ശരിയായില്ലെന്നുണ്ടെങ്കില്‍ ജസ്റ്റ് ഫൊര്‍ഗെറ്റ് ആന്‍ഡ് ഫൊര്‍ഗിവ് മി...
ഒരിക്കല്‍ക്കൂടി എല്ലാ ആശംസകളും.
പശ്ചാത്തലങ്ങൾ വലരെ ലളിതമായി പറഞ്ഞു വെച്ചപ്പോൾ ശരിക്കും മനസ്സിൽ തെളിഞ്ഞു ഓരോ രംഗങ്ങളും. കഥയുടെ ക്ലൈമാക്സ് ട്രാജടിയാണെങ്കിലും അതു പരഞ്ഞ രീതി എത്ര മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ...
ഒരു കടൽ തീരം കണ്മുന്നിൽ വരച്ചു കാണിച്ചു.. പിന്നെ പതിയെ കഥയിലേക്ക്.. നന്നായി പറഞ്ഞു.....
ക്ലൈമാക്സ് ഇത് വേണ്ടായിരുന്നു.... എന്ന് മാത്രം തോന്നി..
സസ്നേഹം..
വളരെ നന്നായി
കടപ്പുറവും, തെരുവ് ജീവിതവും ട്രെയിനും എല്ലാം വായനക്കാരന് സിനിമാ ഫ്രെയ്മില്‍ എന്നപോലെ വിഷ്വലൈസ് ചെയ്യാനാവും വിധം മനോഹരമായ എഴുത്ത്.
ഭാഷയുടെ ചാരുത വേണുവേട്ടന്റെ എല്ലാ കഥകളിലെയും പോലെതന്നെ ഈ വായനയും മധുരകരമാക്കുന്നു.
മുന്നിലെ വഴികളെല്ലാം അടഞ്ഞുപോയപ്പോള്‍ വാതില്‍ തുറന്നു പറന്നുപോയ പക്ഷികള്‍!!
അത് തന്നെയാണ് വ്യത്യസ്തമായ ക്ലൈമാക്സ്. നല്ലതും!
ആപത്തിൽ പെട്ട ഒരാളെ രക്ഷിക്കാൻ മനസ്സ് കാണിച്ച ഒരു വലിയ മനസ്സിനുടമ ജീവിതത്തെ പേടിക്കരുതായിരുന്നു ... എഴുത്തിനുപയോഗിച്ച ഭാഷയെയും ശൈലിയെയും അഭിനന്ദിക്കുന്നു
ഓരോ ഫ്രൈമും നന്നായി അവതരിപ്പിച്ച ഒരു തിരകഥ പോലി തോന്നി. എന്നാല്‍ അവസാനം എന്തോ ധൃതി പിടിച്ചു തീര്‍ത്ത പോലെയും. പിന്നെ ക്ലൈമാക്സിലെ ട്രാജഡിയോടല്‍പ്പം വിയോജിപ്പുമുണ്ട്. അഭിനന്ദനങ്ങള്‍.
നല്ലൊരു പ്രമേയം.
വേണ്വേട്ടാ തനിക്കാരുമല്ലാത്ത ഒരു ഇളം പെണ്ണിന്റെ ജീവന് വേണ്ടി തന്റെ അഭയകേൻഫ്രത്തിൽ നിന്ന് നാട് വിടേണ്ടി വന്ന ഒരു ഇളനീർ കച്ചവടക്കാരൻ.! കൊള്ളാം രസമായിട്ടുണ്ട്. നല്ല വിഷയവും, അവതരണവും. വളരെ നന്നായിട്ടുണ്ട്.
ആശംസകൾ.
കാര്യമല്ല:-
1.ഇടക്കിടെ വരുന്ന ഹിന്ദി ഡയലോഗുകൾ കൊണ്ട് വേണ്വേട്ടൻ ഒരു കാര്യം വളരെ കണിശമായി വ്യക്തമാക്കിയിരിക്കുന്നു.
തന്നെപ്പോലെ ഹിന്ദി അറിയ്ണോർക്ക് മാത്രമേ ഇത്തരത്തിലൊരു കഥ എഴുതാനാവൂ ന്ന്.!
2.ആ ബോൺസായ് മരത്തിന്റെ ചുവട്ടിൽ കിടക്കുന്ന ഭ്രാന്തന്റെ വർത്തമാനം നമ്മുടെ ആസ്ഥാന ബുദ്ധിജീവികളുടെ ലാബിലേക്ക് പരിശോധനയ്ക്കയച്ചാൽ,
തല ചായ്ക്കാൻ ബോൺസായ് മരച്ചുവട് തിരഞ്ഞെടുത്തതിന് കാരണവും,
ഭ്രാന്തൻ അത്തരം വാക്കുകൾ പുലമ്പിയതിനുള്ള കാരണവും,
ആ പുലമ്പലുകളുടെ അർത്ഥവ്യതിയാനവും എല്ലാം കൂടി ഇവിടാകെ ബുദ്ധിജീവി മയമാവും.!
ലാബിലേക്ക് അയക്കുന്നോ വേണ്വേട്ടാ ?
ആദ്യം കേട്ടറിഞ്ഞ ബോംബെ കണ്ട പ്രതീതി ,
പിന്നെ ജന നദിയിൽ ഒരു തുരുത്ത് തേടി പായുന്ന ജീവിതങ്ങൾ,
വേണുവേട്ടന്റെ സ്വത സിദ്ധമായ ശൈലിയിൽ
വീണ്ടും വിസ്മയിപ്പിച്ചു ...
നല്ല അവതരണം വേണു ജി. ഓരോ രംഗങ്ങളും കൃത്യമായി വായനയിൽ തെളിയും വിധം എഴുതി. അൽപ നേരം ആ കടൽക്കരയിൽ ഇരുന്നു ഞാനും. മഹാ നഗരത്തിൽ ഇങ്ങിനെയൊക്കെ എന്തും എപ്പോഴും സംഭവിക്കാം എന്ന മുന്നറിവു ഉള്ളത് കൊണ്ട് കടൽക്കര കാഴ്ചകളിൽ അസ്വാഭാവികത തോന്നിയില്ല.
മികച്ച അവതരണത്തിനു അഭിനന്ദനങ്ങൾ
കുതിച്ചുപായുന്ന തീവണ്ടിയുടെ തുറന്ന വാതായനത്തിലൂടെ പുറത്തേക്കു പറന്ന ആ പക്ഷിയിലേക്ക് കഥയെ വളർത്തിക്കൊണ്ടു വന്ന ആഖ്യാനമികവുതന്നെയാണ് ഈ കഥയിലെ ഏറ്റവും ശ്രദ്ധേയമായ വശം....
സ്വന്തം ജീവിത പരിസരങ്ങളിൽ നിന്ന് കഥക്കുള്ള അസംസ്കൃത പദാർത്ഥങ്ങൾ ശേഖരിച്ച്, അടുക്കും ചിട്ടയിലും കഥപറയാൻ വേണുവേട്ടന് പ്രത്യേക പ്രാവീണ്യമുണ്ട്. കുറേ നാളുകളുടെ ഇടവേളക്കു ശേഷം വന്ന കഥ പ്രതീക്ഷക്കൊത്ത് ഉയർന്നു.....
ഒരു നല്ല കഥ....ഇത് കഥ തന്നെ ആയിരിക്കട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.
ചൈൽഡ് അബ്യുസ് വാർത്തകൾ വായിക്കുന്നത് തന്നെ മനസ്സിന് വിഷമം ഉണ്ടാകാറുണ്ട് . മനുഷ്യർ രേക്കാൾ മൃഗങ്ങള് ഭേദപ്പെട്ടവർ ആണ് എന്ന് പലപ്പോഴും തോന്നുകയും ചെയ്യും ഇതൊക്കെ വായിക്കുമ്പോൾ .
തുഞ്ചാണിയിലേക്കുള്ള ഓരോ വരവിലും നല്ല രചനകൾ വായിക്കാനാകുന്നു എന്ന് പറയുന്നതിൽ സന്തോഷമുണ്ട് .
എല്ലാ ആശംസകളും.
നല്ല പഞ്ചുള്ള കഥ, നല്ല അവതരണം
ആശംസകൾ....................
ഭംഗിയായി വരച്ചിട്ട ക്യാൻവാസിൽ തീർത്ത മനോഹരമായ കഥ.
ഒരു കൈത്താങ്ങ് ആവശ്യമുള്ള എത്രമാത്രം നിസ്സഹായരാണ് നമുക്ക് ചുറ്റും ജീവിതം കഷ്ടപ്പെട്ട് ആടിത്തീർക്കുന്നത്
ചുറ്റുപാടില്‍ നിന്ന്എടുത്ത കഥ യുടെ ത്രെഡിനെ പശ്ചാത്തല നിര്‍മിതി കൊണ്ടും കഥാ പാത്ര നിര്‍മാണം കൊണ്ടുംവായനയുടെ ഏറ്റവും നല്ല ആസ്വാദനത്തിലേക്ക് എത്തിച്ച മനോഹരമായ സൃഷ്ടി എന്നതിലപ്പുറം ഇന്നിന്‍റെ മാധ്യമ ലോകത്തിന്‍റെ ചീഞ്ഞളിഞ്ഞ സംസ്കാരത്തെ തുറന്നു കാണിക്കുകയും വലിച്ചെറിയപെടുന്നതും പിച്ചി ചീന്തുന്നതുമായ ബാല്യ കൌമാരങ്ങളെ കുറിചുള്ള ആധിയും മനോഹരമായി എയുതി ചേര്‍ത്ത സുന്ദര കഥ
വേണുജി അഭിനന്ദനങ്ങള്‍
നല്ല കഥ.
അഭിനന്ദനങ്ങൾ, വേണുവേട്ടാ!
എത്ര ഒതുക്കത്തോടെയാണെന്നൊ കഥ പറഞ്ഞിരിക്കുന്നത്...അഭിനന്ദനങ്ങള്‍..!
വായനക്കപ്പുറവും ചില കഥാപാത്രങ്ങള്‍ കൂടെ സഞ്ചരിക്കുന്നുണ്ട്...നന്ദി.
പശ്ചാത്തല വര്‍ണ്ണം കൃത്യമായി വിതറിയാണ് കഥയാരംഭിക്കുന്നത്..
കഥ നടക്കുന്നത് എവിടെയെന്നു കൃത്യമായ വരികളിലൂടെ നമ്മെ അനുഭവിപ്പിക്കുന്നുണ്ട്.. ഇനി വരാന്‍ പോകുന്ന സംഭവങ്ങള്‍ നമ്മുടെ മനസിലേക്ക് ആഴത്തില്‍ ഇറങ്ങണമെങ്കില്‍ ഈ പശ്ചാത്തല പരിചയം അത്യാവശ്യമാണ്.ചെറിയ വിശദീകരണങ്ങള്‍ പോലും കൃത്യതയോടെ നല്‍കിയ ആ വിവരണം ഏറെ ആകര്‍ഷിച്ചു.
അവസാനം ദുരന്തമാകട്ടെ സന്തോഷമാകട്ടെ അത് അനുഭവേദ്യമാക്കാന്‍ കഴിയുന്നതിലാണ് ഒരു കഥാകൃത്ത് വിജയിക്കുന്നത് എന്ന് ഉറച്ചു വിശ്വസിക്കുന്നതിനാല്‍ അവസാന വരിയാണ് ഇതിലെ രത്നശോഭ
ആദ്യാവസാനം വരെയും ജീവന്‍ തുടിച്ചു നിന്ന കഥ.. അതിലുപരി ഒന്നും പറയാനില്ലെനിക്ക്. വാക്കുകളിലൂടെ സൃഷ്ടിച്ച ആ കടല്‍ തീരം, മനസ്സില്‍ മായാതെ നില്‍ക്കുന്നു...
നന്നായി നിരീക്ഷിച്ച ശേഷം എഴുതിയതാണോരോ ഫ്രെയിമുകളും.
കടൽ തീരവും മറ്റും വളരെ മനോഹരമായ അവതരണം.
കഥ പറയാനുള്ള ചാതുരി വ്യക്തമാക്കിയ അവതരണ ഭംഗി തന്നെ.
ആശംസകൾ വേണുവേട്ടാ...
നേരില്‍ കണ്ടനുഭവിച്ചത് പോലെ തോന്നുന്നു വേണുവേട്ടാ.. സമ്മതിച്ചിരിക്കുന്നു സൂപ്പര്‍. കഥയുടെ പശ്ചാത്തലം ഒരുക്കിയത് ഗംഭീരം! അതെ അത് അവസാനിപ്പിച്ചതും അനുവാചകന്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ...
നമ്മുടെ തെരുവുകളില്‍ ഇനി ഒരു പെണ്ണിന്റെയും മാനം പിച്ചിചീന്തപ്പെടാതിരിക്കട്ടെ
ഭാവുകങ്ങള്‍ ഭാവുകങ്ങള്‍... ഒപ്പം പ്രാര്‍ത്ഥനയും
ഒരു എം ടി സ്ക്രിപ്റ്റിലെന്ന വണ്ണം ദൃശ്യവർണ്ണമാർന്ന കഥ ഒറ്റയിരുപ്പിൽ വായിച്ചു. ക്ലൈമാക്സ് കഥയ്ക്കും കാലത്തിനും ചേരും വിധം തന്നെ. അസത്യം വാഴുമ്പോൾ സത്യത്തിനു ആത്മഹുതിയെ മാർഗ്ഗമുള്ളൂ. കഥ അസ്സലായി.
നല്ല കഥ. കണ്മുന്നില്‍ നടക്കുന്നതുപോലെ അനുഭവവേദ്യം. അഭിനന്ദനങ്ങള്‍..
നല്ല കഥ, നന്നായി വരച്ചു കാണിച്ചു. അഭിനന്ദനങ്ങള്‍..
കഥ വളരെ മനോഹരമായി . കഥാവസാനം ഗംഭീരവും. വളരെ ചിട്ടയായി അവതരിപ്പിച്ച ഒരു കഥ. കുറച്ചു താമസിച്ചാലെന്താ വന്നപ്പോള്‍ സൂപ്പര്‍ കഥയുമായി അല്ലെ ആ വരവ് :)
മനുഷ്യനെ വക ഭേതങ്ങളുള്ളൂ മനുഷ്യത്വത്തിനില്ല ... നന്മയുള്ളവരെ ക്രൂഷിക്കുമ്പോഴും നന്മ മരിക്കുന്നുമില്ല .... ആശംസകള്‍ വേണുവേട്ടാ....
കഥയൊരു കുളിരായി പിന്നെ കനലായി ഒടുവില്‍ കണ്ണുനീരായി ...
ഈ ആവിഷ്കാര മികവിനെ ഒരിക്കല്‍ കൂടെ നമിക്കുന്നു ...
നല്ല കഥ......
katha vaayichu venugopal.. samoohathile oru page.
ഇക്കഥയിൽ അധികം വളവുതിരിവുകൾ ഇല്ലാതെ കഥ നേരിട്ട് പറയുന്ന ഒരു രീതിയാണ് അവലംബിച്ചിട്ടുള്ളത്. അപ്പോഴും വായനയുടെ രസച്ചരട് മുറിയാതെ സൂക്ഷിക്കുന്നതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ പാത്രസൃഷ്ടിയും ഭാഷയും സമാസമം നിൽക്കുന്നതിനാൽ ഒട്ടും അസ്വാഭാവികതയും അനുഭവപ്പെടുന്നില്ല. എങ്കിലും, കുറച്ചും കൂടെ ക്ഷമ കാണിച്ചിരുന്നെങ്കിൽ എന്ന് വായനക്കിടയിലും വായിച്ച് അവസാനിപ്പിച്ചതിന് ശേഷവും തോന്നി. ഒന്നൂടെ ഒന്ന് മെലിഞ്ഞിട്ട് ഒന്നൊതുങ്ങാൻ ഉള്ളതുപോലെ... കഥ പറയുന്ന പ്രമേയം മൊത്തം ആതുരതയെയും ഒര്മ്മിപ്പിക്കുകയും നടുക്കികളയുകയും ചെയ്യുന്നുണ്ട്. നാളുകള്ക്ക് ശേഷം കാണുമ്പോൾ വേണുവേട്ടന് സൌഖ്യം ആശംസിച്ച് മടങ്ങുന്നു.
മനോഹരം തീഷ്ണം തീവ്രം
ഇതിനേക്കാൾ കൂടുതലോ കുറവോ പറയാൻ എന്റെ കയ്യിലെ ഭാഷയ്ക് കഴിവില്ല..
കടല്‍ത്തീരവര്‍ണ്ണനയില്‍ കഥാപാശ്ചാത്തലം മനസ്സില്‍ ഭീതിയോടെ പതിഞ്ഞു.അവതരണത്തില്‍ സമൂഹത്തില്‍ ഇപ്പോഴും നഷ്ടപ്പെട്ടുപോകാതെ കാണപ്പെടുന്ന ഒരു ധീരനായകന്റെ നന്മ മനസ്സിനെ സ്പര്‍ശിച്ചു.കഥാന്ത്യത്തില്‍ ഇന്നത്തെ ചില സാഹചര്യങ്ങളില്‍ നിസ്സഹായരായിപ്പോകേണ്ടിവരുന്ന മനുഷ്യാവസ്ഥയെ നടുക്കത്തോടെ തിരിച്ചറിഞ്ഞു.അതുകൊണ്ടു തന്നെ കഥയുടെ വായനക്കുശേഷവും കഥാപാത്രങ്ങള്‍ മരിക്കാനോ ജീവിക്കാനോ കഴിയാതെ മനസ്സില്‍ പിടഞ്ഞുകൊണ്ടിരിക്കുന്നു.
പ്രിയ സുഹൃത്തിന് ആശംസകള്‍ ..അഭിനന്ദനങ്ങള്‍
മനസ്സിൽ തറയ്ക്കുന്ന ചിത്രം. മിഴിവോടെ, ശക്തിയോടെ അവതരിപ്പിച്ചു.ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ പകച്ചുഴലുന്ന ജീവിതങ്ങൾക്ക് എവിടെയാണഭയം?..
അപ്രതീക്ഷിതമായി പുതിയ പോസ്റ്റ് കണ്ടപ്പോള്‍ ഏറെ സന്തോഷം വേണുവേട്ടാ ,,
------------------------------------------------------------------------------
തിരക്കുള്ള ഒരു ബീച്ചിലെ ഇളനീര്‍ കച്ചവടക്കാരനിലൂടെ കഥ പുരോഗമിക്കുമ്പോള്‍ ബീച്ചില്‍ കാണുന്ന കാഴ്ചകള്‍ മനോഹരമായി അവതരിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു ,,അത് പോലെ നിസ്സാഹായരായ തമന്നെ യെയും ,ഊമ പെണ്ണിനെയും സംരക്ഷിക്കുന്ന നായകന്‍ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന നഗരവാസികളില്‍ നിന്നും വേറിട്ട് നില്‍ക്കുകയും ചെയ്യുന്നു ,
എങ്കിലും കഥയുടെ അവസാനത്തില്‍ ,എന്തിനു വേണ്ടിയാണോ ആ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചത് അതിനേക്കാള്‍ വലിയ ഒരു ദുരന്തത്തിലേക്ക് അയാള്‍ തന്നെ വഴി തുറക്കുക വഴി പെണ്ണിന്റെ ജീവനേക്കാള്‍ വലുത് അവളുടെ മാനം തന്നെയാണ് എന്ന ഒരു സന്തേഷം എന്ന സംശയം വായനക്കാരനു നല്‍കാന്‍ കഥാകാരന് കഴിഞ്ഞു ,,
വേണുവേട്ടാ...മികവുറ്റ അവതരണം. ഓരോ കഥാപാത്രവും മനസ്സിനെ സ്പര്‍ശിച്ചു, മായാതെ നില്‍ക്കുന്നു..
അഭിനന്ദനങ്ങള്‍!
നേരിട്ട് കണ്ട അനുഭവങ്ങളേപ്പോൽ ,
ഒട്ടും കൂട്ടിചേർക്കലുകളില്ലാതെ അവിടെയൊക്കെ
നടമാടികൊണ്ടിരിക്കുന്ന തീവ്രാനുഭങ്ങളിൽ നിന്നും രക്ഷപ്പെട്ട് പോകാനാകാത്തവരുടെ ചിത്രമാണ് ഭായ് ഇവിടെ വാക്കുകളിലൂടെ വരച്ചിട്ടിരിക്കുന്നത്..
അഭിനന്ദനങ്ങൾ..
വേണുവേട്ടാ , ഒരു നല്ല കഥ പറഞ്ഞു. അതും നല്ലൊരു ഫ്രെയിമില്‍ വ്യക്തമായ കാഴ്ച്ചകളോടെ ലളിതഭാഷയില്‍.. പക്ഷെ, ചിലയിടങ്ങളില്‍ ഒഴുക്ക് നഷ്ടപ്പെട്ടോ എന്നൊരു സംശയം. ( ഒരു പക്ഷെ എന്‍റെ സംശയം മാത്രമാകാം.) പിന്നെ മനപൂര്‍വ്വം ചില കഠിനവാക്കുകള്‍ തിരുകികയറിയതുപോലെയും അനുഭവപ്പെട്ടു. ഇത് രണ്ടു മാറ്റി നിര്‍ത്തിയാല്‍ വായനക്കാരനോട് നേരിട്ട് സംവദിക്കുന്ന ഒരു നല്ല കഥ വായിച്ച സംതൃപ്തി.! ( അവസാന ട്രാജഡിയോട് ഒട്ടും യോജിക്കുന്നില്ല )
തുഞ്ചാണിയിലെ ഈ കഥയും മികവുറ്റതായി അഭിനന്ദനങ്ങള്‍. ഇന്നത്തെ ലോകത്ത് മറ്റുള്ളവരെ സഹായിക്കാന്‍ മനസ്സുള്ളവര്‍ വിരളം.ഇളനീര്‍ കച്ചവടക്കാരന്‍ മോഹന്‍ മനസ്സില്‍ തങ്ങി നില്‍ക്കും ഒരു നേരത്തെ ഭക്ഷണം കിട്ടുമെന്ന സന്തോഷത്തോടെ പോകുന്ന 'കിഷോറും തമന്നയും' ചെന്നെത്തുന്നത് ..... വല്ലാത്ത ഒരു വിഷമത്തോടെ മാത്രമേ ഓര്‍മ്മിക്കാന്‍ കഴിയൂ, ഈ ലോകത്ത് രക്ഷിക്കാന്‍ നിവര്‍ത്തിയില്ലങ്കില്‍ പരലോകത്ത് എത്തിക്കുക എന്നാ മോഹന്‍റെ നിലപാടിനെ കുറ്റപ്പെടുത്താന്‍ കഴിയുന്നില്ല, നിസ്സാഹായതയില്‍ നിന്ന് ഉരുത്തിരിഞ്ഞതാവം ആ തീരുമാനം..
നല്ല കഥ!
നല്ല കഥ, വേണു മാഷേ.
നല്ല ആശയം, അവതരണം...
മനോഹരമായിരിക്കുന്നു വേണുവേട്ടാ .
ഭാഷയുടെ ലാളിത്യം കൊണ്ട് ഒരുക്കി വെക്കുന്ന ഹൃദ്യമായ വായനകളാവും നിങ്ങളുടെ കഥകൾ . നോവും നൊമ്പരവും സ്നേഹവും ഏറിയും കുറഞ്ഞും നിൽക്കുന്ന കഥാപാത്രങ്ങളും .
ഇഷ്ടായി . എന്നിരുന്നാലും ട്രാജഡിയിൽ അവസാനിക്കുന്ന കഥകൾ , അത് കഥയാണെങ്കിലും വല്ലാത്തൊരു വേദനയാണ് . കഥാപാത്രങ്ങൾ നമ്മൾ കൂടെ കൂട്ടിയവർ ആണെങ്കിൽ പ്രത്യേകിച്ചും
കുറെ കാലത്തിനു ശേഷമാണ് വേണു വെട്ടന്റെ മറ്റൊരു കഥ വായിക്കുന്നത് വായിച്ച കഥകൾ ഇപ്പോഴും മനസ്സിൽ നില്ക്കുന്നുണ്ട്. ഒട്ടും നഷ്ടമായില്ല ഈ കഥയും നല്ല കഥ, നല്ല അവതരണം, എനിക്ക് ഏറെ ഇഷ്ടം തോന്നിയത് ഈ കഥയിലെ ചില വർണനകളും പഥപ്രയോഗങ്ങളുമാണ് , ബോംബെ പോലുള്ള വലിയ നഗരങ്ങളിൽ താമസിച്ചു ഒരു പാട് അനുഭവങ്ങൾ വേണു വെട്ടാനു ഉണ്ട് എന്ന് കഥകളിൽ നിന്നും മനസ്സിലാക്കാൻ പറ്റുന്നുണ്ട്, പലതും ഭാവനയിലൂടെ എഴുത്തിന്റെ ലോകത്തേക്ക് കൊണ്ട് വരുമ്പോൾ അത് ശരിക്കും വായനക്കാരുടെ മനസ്സിലേക്ക് ആഴത്തിൽ എത്തിക്കാൻ വേണുവേട്ടന് കഴിയുന്നു. ഇനിയും നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ..
ചിരകിലെറ്റി കുതിച്ചു പായുന്ന തീവണ്ടിയുടെ തുറന്ന വാതാനയത്തിലൂടെ ആ പക്ഷി പുറത്തേക്ക് പറന്നു ....
അനന്ത വിഹായസ്സിലെയ്ക്ക് .......
വീണ്ടും നല്ലൊരു കഥ സമ്മാനിച്ചതിന് നന്ദി ....എല്ലാ വിധ ആശംസകളും ...
മനോഹരമായ ഒരു ക്യാൻവാസിൽ വരിച്ചിട്ട ചിത്രംപോലെ ..........നല്ല കഥ
കുറേ കാലത്തിനു ശേഷമാണ് മറ്റൊരു കഥ.അവതരണ മികവു എടുത്തു പറയുന്നില്ല.അഭിനന്ദനങ്ങള്‍ !
വേണുവേട്ടന്റെ ഒരു കഥ കണ്ടീട്ട് ഇത്തിരി നാളായീ ..
ഒരു തീരം വരച്ചിടുന്നുണ്ട് ഈ കഥയിലൂടെ ..
മുംബൈയിലേ ഒരു കടല്‍തീരത്തേക്ക് മനസ്സിനേ
പതിയെ കെട്ടഴച്ച് വിടുന്നുണ്ട് വരികളൊരൊന്നും ...!
ദാരിദ്രത്തിന്റെയും , അനാഥത്വത്തിന്റെയും
അലകള്‍ , മോഹനെന്ന കഥപാത്രത്തിന്റെ
ഉള്ളിലൂടെ പകര്‍ന്ന് വയ്ക്കുമ്പൊള്‍ , ചൂഷണത്തിന്റെ
പുകമറകളില്‍ ചില നേരുകളേ തെളിയിച്ച് കാട്ടുന്നുണ്ട് ..
ലോകം മുഴുവനും , എന്തിനോ ഉള്ള ഓട്ടത്തിലാണ്
ചിലര്‍ കാശിന് വേണ്ടു എന്തും ചെയ്യാന്‍ തയ്യാര്‍
ചിലര്‍ കാമപൂര്‍ത്തികരണത്തിന് കണ്ണും കെട്ടുന്നു ...!
മോഹനെന്ന നല്ല മനസ്സുകളുടെ ഉടമകളേ കാലം
വാര്‍ത്തെടുക്കട്ടെ , അവര്‍ക്ക് ജീവിക്കുവാനുള്ള
വിശാലമായ ലോകം ഉണ്ടാകട്ടെ , അഗ്നി ചിറകുകളില്‍
പറന്നു പൊകാതെ , മണ്ണില്‍ ചവിട്ടി നില്‍ക്കാന്‍ അവര്‍ക്ക്
ത്രാണി നല്‍കുവാന്‍ സമൂഹത്തിനാവട്ടെ ..........!
സ്നേഹശംസകള്‍ പ്രീയ ഏട്ടാ ...!
നന്നായി അവതരിപ്പിച്ചു...
വേണുവേട്ടന്റെ എഴുത്തിന്റെ ഗ്രാഫ് മുകളിലോട്ടു ഉയരുന്നത് കാണുമ്പോള്‍ കൂടുതല്‍ സന്തോഷം....
ആശംസാസ്
മനസ്സില്‍ തട്ടുന്ന കഥാപാത്രങ്ങള്‍ ...വളരെ നന്നായി അവതരിപ്പിച്ചു വേണുവേട്ടന്‍ ...
അഭിനന്ദനങ്ങള്‍ ..!
വേണുവേട്ടാ .. കുറെ കാലത്തിനു ശേഷം തുഞ്ചാണിയിൽ നിന്നൊരു കഥ കൂടി വായിക്കാൻ പറ്റി . വേണുവേട്ടന്റെ കഥകളുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വച്ചാൽ,, കഥയെക്കാൾ മനോഹരമായി വാക്കുകൾ കൊണ്ട് വരച്ചു കാണിക്കുന്ന കഥാ പശ്ചാത്തലം ആണെന്ന് പറയേണ്ടി വരും . അത്ര മനോഹരമായാണ് ആദ്യത്തെ ആ സീനൊക്കെ വായിക്കുന്ന ആളുകളുടെ മനസ്സിൽ രൂപപ്പെടുന്നത് .
വായിച്ചു വരുന്ന ആദ്യ ഭാഗത്ത് എനിക്ക് അനുഭവപ്പെട്ട ഒരേ ഒരു കല്ല് കടി പറയട്ടെ . മോഹനെ കുറിച്ച് വിവരിച്ച ശേഷം വരുന്ന ഒരു ഖണ്ഡികയിൽ തനിക്കും ഈ തീരത്തിനും അവർ സ്വന്തമാകുകയായിരുന്നു എന്ന് പറയുന്നുണ്ടല്ലോ .. സത്യത്തിൽ അങ്ങിനൊരു പ്രയോഗം അവിടെ ആവശ്യമുണ്ടായിരുന്നോ ?
ആദ്യ ഭാഗം പച്ചയ്യായ ജീവിതത്തെ ആവാഹിച്ചു കൊണ്ടുള്ള ഒരു കഥ പറച്ചിൽ ആയിരുന്നു . അത് വളരെ മികച്ച രീതിയിൽ തന്നെ വേണുവേട്ടൻ കൈകാര്യം ചെയ്തിട്ടുമുണ്ട് . ഇടക്കുള്ള ഹിന്ദി സംഭാഷണങ്ങളും മറ്റും ശരിക്കും കഥയുടെ വായനക്ക് അനുകൂലമായി തന്നെ ചേർത്തിട്ടുണ്ട് . കഥയിലേക്ക് ഒരപചരിതയായ സ്ത്രീ കടന്നു വരുന്നിടത്ത് നിന്ന് അത് വരെയുള്ള കഥയുടെ സ്വഭാവം ആകെ മാറി മറയുന്നു . വില്ലനോടുള്ള ചെറുത്തു നിൽപ്പിനും വെല്ലു വിളിക്കും ശേഷം ആ സ്ത്രീയെയും കൊണ്ട് മോഹൻ ദൂരേക്ക് പായുന്ന സീൻ തൊട്ടു എന്റെ വായനയുടെ ആസ്വാദനത്തിന്റെ ഗ്രാഫ് ഒരിത്തിരി താഴോട്ടെക്കാണ് കൊണ്ട് പോയത്.
മോഹൻ അവളെയും കൊണ്ട് നിർത്താതെ പായുന്നു . സിഗ്നലും റോഡും എല്ലാം മുറിച്ചു കടന്നുള്ള ആ ഓട്ടം പിന്നീട് നിൽക്കുന്നത് ഓടി തുടങ്ങുന്ന ഒരു ട്രെയിനിലേക്കുള്ള എടുത്തു ചട്ടത്തോടെയാണ്. ഇവിടെ കഥയിൽ ആവശ്യമില്ലാത്ത ഒരു റെയ്സ് ത്രില്ലിംഗ് സ്വഭാവം കൊണ്ട് വരാൻ വേണുവേട്ടൻ ശ്രമിച്ചു എന്ന് തോന്നുന്നു . ഇവിടുന്നങ്ങോട്ടുള്ള കഥ പറച്ചിൽ നാടകീയമായി തോന്നി .. അതെ സമയം കഥയിൽ ചൂണ്ടി കാണിക്കുന്ന വസ്തുതകൾ എല്ലാം സാമൂഹ്യ പ്രസക്തവുമാണ് . എന്നിട്ടും ആ ഭാഗത്തെ വായനയിൽ വല്ലാത്തൊരു ലാഗ് അനുഭവപ്പെട്ടു എങ്കിൽ അത് വേണുവേട്ടന്റെ അശ്രദ്ധയാണ് . ആർക്കോ വേണ്ടി വേഗം എഴുതി അവസാനിപ്പിക്കാനുള്ള ഒരു ധൃതി അപ്പോഴേക്കും വേണുവേട്ടനെ അപ്പോഴേക്കും കീഴടക്കിയിരുന്നു എന്ന് തോന്നുന്നു .
ചില സംഗതികൾ ഇങ്ങിനെയൊക്കെ ഗ്രാഫ് താഴോട്ടു കൊണ്ട് പോയെങ്കിലും കഥ അവസാനിക്കുന്ന ഭാഗത്തെ എഴുത്ത് ഒരുപാടിഷ്ടമായി . ആ ട്രെയിനിൽ നിന്ന് ചാടുന്ന രംഗം വിശദീകരിക്കാൻ ഉപയോഗിച്ച ഭാഷാ സാഹിത്യം അഭിനന്ദനീയമാണ് . അവിടെ പോലും വേണുവേട്ടൻ എഴുത്ത് പെട്ടെന്ന് അവസാനിപ്പിക്കാനായി എന്തോ ധൃതി കൂട്ടുന്ന പോലെ തോന്നി എന്നത് ഖേദകരമാണ് .
വേണുവേട്ടന്റെ ഇത് വരെയുള്ള കഥകൾ തുലനം ചെയ്യുമ്പോൾ ഈ കഥയിലൂടെ എനിക്ക് കിട്ടിയ ആസ്വാദനം നന്നേ കുറവാണ് . നന്നായി എഴുതുന്ന ഒരാളിൽ നിന്നും ഒരു വായനക്കാരൻ പ്രതീക്ഷിക്കാത്തതും അത് തന്നെ . അതിനർത്ഥം ഈ കഥ നന്നേ മോശമാണ് എന്നുമല്ല കേട്ടോ .. ഒരു പരിധിക്കപ്പുറം ഈ കഥ നന്നാക്കാൻ വേണുവേട്ടൻ ശ്രമിച്ചില്ല എന്നത് തന്നെയാണ് എല്ലാത്തിനും കാരണം.
കഥയിലെ ഏറ്റവും ഇഷ്ടമായ സംഗതി ആദ്യ പകുതിയാണ് .. ഞാൻ നേരത്തെ പറഞ്ഞ പോലെ , വാക്കുകൾ കൊണ്ട് വായനക്കാരന്റെ മനസ്സിൽ കഥാപശ്ചാത്തലം മനോഹരമായി വരച്ചു തരുന്നു. ഇപ്പോഴും ആ സീനുകൾ എന്റെ മനസ്സിൽ നിറഞ്ഞു നില്ക്കുന്നു ..
ഇനിയുമിനിയും നല്ല കഥകൾ പിറക്കട്ടെ .. കൂടുതലായി തന്നെ പ്രതീക്ഷിക്കുന്നു .. ആശംസകളോടെ ..
കടലോരക്കാഴ്ച്ച്കളില്‍ ശെരിക്കും മനസ്സുടക്കി..നന്നായി പറഞ്ഞു വേണുജീ..
ആകാശത്തിനു താഴെ സ്വന്തമെന്നവകാശപ്പെടാന്‍ ആരുമില്ലാത്തവരെ പല രീതിയിലും സമൂഹം ചൂക്ഷണം ചെയ്തു കൊണ്ടിരിക്കുമെന്ന വലിയ സത്യം അനുഭവിച്ചറിഞ്ഞ നിമിഷങ്ങളാണ് പിന്നിട്ടത്...
നല്ല കഥാതന്തു, അവതരണം...നല്ലോണം ഇഷ്ടായി...ഇനിയും എഴുതുമല്ലോ?
ഹിന്ദി ടൈപ്പ് ചെയ്യുമ്പോള്‍ ശരിക്കുള്ള ഉച്ചാരണം വരുന്നില്ല, അല്ലെ, അക്ഷരപ്പിശകുകള്‍ ചിലയിടത്തുണ്ട്...
സന്തോഷം, വേണുജി...ആശംസകളും...:)
നല്ല കഥ,ഒരു ദൃശ്യാവിഷ്ക്കാരം പോലെ ഒരുക്കിയെടുത്തിരിക്കുന്നു ലളിതവും മനോഹരവുമായ വാക്ക്ചാതുരിയാല്‍..
പതിവുപോലെ മികച്ച രചന.
കിടു കഥ. പോളപ്പനായി അവതരിപിച്ചു
http://velliricapattanam.blogspot.in/2013/03/blog-post.html
aksharangal kondu mayaajaalam theerthallooo . irutham vanna ezhuthu reethi idavelakal kodukkaruthu iniyum ezhuthanam. oru novalinte thudakkam pole..vaayanayude layanam pettennu theerthu . avathrana reethiku oru nooru salaammm aashmsakal ttooo
വളരെ നല്ല കഥ.
വാക്കുകള്‍ കാഴ്ചകള്‍ ആക്കുന്ന എഴുത്ത് മികച്ചത്.
ഒട്ടും വിരക്തി തോന്നാതെ തുടക്കം മുതല്‍ അന്ത്യം വരെ ഒരു വായന. അത് ആ എഴുത്തിന്റെ വശ്യത കൊണ്ട് തന്നെ
അഭിനന്ദനങ്ങള്‍
എല്ലാവരും കഥയെ കീറി മുറിച്ചു എഴുതിയല്ലൊ..
ഇനി ഒരു വിശദീകരണം ആവശ്യമില്ല എന്ന്
തോന്നുന്നു. വളരെ നന്നായി എഴുതിയ ഒരു
കഥ വേണുവേട്ടാ.ആശംസകൾ
നല്ല കഥ, മാഷേ.അഭിനന്ദനങ്ങള്‍
നല്ല കഥ. ഇഷ്ടമായി.
വൈകി... വന്നു... കീഴടക്കി !!!
നേരത്തെ വായിച്ചിരുന്നു, ഇപ്പോഴാണ് കമന്റാനുള്ള സമയം കിട്ടിയത്.
ആസ്വാദന കുറിപ്പ് എഴുതാന്‍ ഒന്നും ഞാന്‍ ആളല്ല, ഒരു നല്ല കഥ വായിച്ച സന്തോഷം പങ്കു വെയ്ക്കുന്നു.
വിവരണത്തില്‍ നിന്ന് തന്നെ മുംബൈ കടല്‍ത്തീരം മനസ്സിലെത്തി... ഒരു താളത്തില്‍ പോയ കഥ പെട്ടന്ന് ആരോ ഫാസ്റ്റ് ഫോര്‍വേഡ് ചെയ്ത പോലെ തോന്നി കുറച്ചു കഴിഞ്ഞപ്പോള്‍ - ഒടുവില്‍ ഹൃദയത്തെ പൊള്ളിച്ചു കൊണ്ട് ആ 'പക്ഷി' പറന്നകന്നു...
ഹിന്ദി എഴുതുമ്പോള്‍ ഉണ്ടായ പ്രശ്നമാവണം, ചില പിശകുകള്‍ കണ്ടു..
സ്ഥലകാല ബോധം നഷ്ടപ്പെട്ടു വായിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നതാ കഥ തീര്‍ന്നിരിക്കുന്നു.
വേണുവേട്ടന്‍ ടച്ച് നിലനിര്‍ത്തിയ ഒരു കഥ.... ഒരു സ്ലോ സ്റ്റാര്‍ട്ട് ആയിരുന്നെങ്കിലും സംഭവങ്ങളുടെ ഒരു ചങ്ങല തന്നെ തുടര്‍ന്ന് സൃഷ്ടിക്കപ്പെട്ടു.... കഥപോയ വഴികള്‍ എല്ലാം വിഷമങ്ങള്‍ നിറഞ്ഞതായിരുന്നു എങ്കിലും ഞാന്‍ ശരിക്കും ഞെട്ടിയത് ആ കുട്ടികളുടെ നീലച്ചിത്ര വാര്‍ത്ത കണ്ടപ്പോള്‍ ആണ്... ഇത്രയും പരീക്ഷണങ്ങള്‍ നേരിട്ട ഒരു നായകന് ആത്മഹത്യ ചെയ്യാന്‍ തോന്നുമോ വേണുവേട്ട??? അത് വേണ്ടാരുന്നു എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി.... ചാടിയിട്ടും മരിക്കാത്ത മോഹന്‍റെ ജീവിതം ഇതിന്‍റെ രണ്ടാം ഭാഗം ആയി ഞാന്‍ പ്രതീക്ഷിചോട്ടെ??? ആശംസകള്‍....
മികച്ച അവതരണം വേണുവേട്ടാ, അല്പം വൈകിയെങ്കിലും നല്ല ഒരു കഥ വായിച്ചു.....
വായിച്ചു അഭിപ്രായം പങ്കു വെച്ച എല്ലാവര്‍ക്കും നന്ദി..
ഒരു പറിച്ചു നടലിന്‍റെ കൃത്യാന്തര ബാഹുല്യങ്ങളില്‍ ഇത് വായനക്കെടുക്കാന്‍ വൈകി. പതിവ് പോലെ മനോഹരമായി പറഞ്ഞു വച്ച കഥ. ഇത് കഥ മാത്രമാകട്ടെ എന്നാഗ്രഹിച്ചു പോകുന്നു. നിരാലംബമായ എത്ര ജീവനുകള്‍ വീണ്ടും വീണ്ടും അനാഥത്വത്തിലേക്കെടുത്തെറിയപ്പടുന്നു! സഹായിക്കുന്നവന്‍ കൊടും കുറ്റവാളിയായി മാറുന്ന ആസുരമായ കാലത്തെ ഓര്‍മ്മപ്പെടുത്തി ഒരു പൌരന്‍റെ കടമ നിര്‍വചിച്ചിരിക്കുന്നു വേണുവേട്ടാ താങ്കള്‍, നന്ദി
നല്ല കഥ ,കൂടുതലൊന്നും പറയാനറിയില്ല വേണുവേട്ടാ
വേണുവേട്ടാ ഇവിടെ എത്താന്‍ ഒത്തിരി വൈകി , മനോഹരമായ കഥ , എല്ലാ ഭാവുകങ്ങളും !
നല്ല കഥ..മനോഹരമായിരിക്കുന്നു..
ചിന്തയെ പിടിച്ചുകുലുക്കിയ വിവരണരീതി.ഇന്നിന്റെ ലോകത്ത് നന്മചെയ്യുന്നവർക്കും ജീവിതം വഴിമുട്ടുന്നു.അപ്പോൾ ജീവിതത്തിൽനിന്നും ഒളിച്ചോടി മരണത്തെ പുൽകുന്നു. ഈ കാലത്തിനുനേരേ പിടിച്ച ദർപ്പണമാണ് താങ്കളുടെ കഥ. ആശംസകൾ by-ഭാസ്കരൻ ഉണ്ണിത്താൻ ശശീന്ദ്രകുമാർ
ക്ലൈമാക്സിലെത്തിയപ്പോൾ കഥയ്ക്ക് പെട്ടന്ന് വേഗം വർദ്ധിച്ചതുപോലെ തോന്നുന്നു. ജീവിതത്തിൽ അങ്ങനെ ഉണ്ടാവാറുണ്ട്. ഇഴഞ്ഞു നീങ്ങുന്ന ജീവിതങ്ങൾ പെട്ടന്നൊരു നിമിഷത്തിൽ മിന്നൽ വേഗം കൈവരിക്കാറുണ്ട്. എങ്കിലും കഥയിൽ അതിനൊരു താളപ്പിഴവ് അനുഭവപ്പെടും. ഇത്രയും വേഗമേറിയ ഒരു ക്ലൈമാക്സിന്, ആരംഭത്തിലെ വിശാലമായ കഥപറച്ചിൽ ഒരു ചേരായ്മ പോലെ തോന്നുന്നു..
well narrated story... loved it,... congrats
ഇഷ്ടായി
തമന്നമാർ നിറഞ്ഞിരിക്കുന്നു എങ്ങും .. അവരുടെ കഥകൾ കൊണ്ട് ഇനിയും മുറിവേൽക്കട്ടെ ..
നന്നായി എഴുതി . ആശംസകൾ ...
നീണ്ടു പോയ പോലെ -- പെട്ടെന്നൊരു ഗതി മാറ്റവും .. ഇഷ്ടം ആശംസകൾ !
നല്ല ചിട്ടയോടെ അവതരിപ്പിച്ച ഈ കഥ വളരെ ഇഷ്ടമായി . വർണ്ണനകൾ ഒട്ടും മുഷിപ്പിച്ചില്ല . ആശംസകൾ
ഒറ്റ വീര്‍പ്പിനു വായിച്ചുതീര്‍ത്തു. വളരെ നല്ല ഒരു പ്രമേയം. പക്ഷെ പ്രാചീന പദ്യങ്ങളിലെ, ഉച്ചവെയിലിന്‍ ചൂട് തുടങ്ങിയ പ്രയോഗങ്ങള്‍ കഥയുടെ കരുത്തിനെ ബാധിക്കുന്നില്ലേ എന്നൊരു സംശയം.
സ്‌നേഹാശംസകള്‍
കഥ ഇഷ്ടമായി ആശംസകള്‍ @PRAVAAHINY
നല്ല കഥ. അൽപം ദൈർഘ്യമുണ്ടെങ്കിലും മുഷിയാതെ ആസ്വദിച്ചുതന്നെ വായിച്ചു. ആശംസകൾ
മനോഹരമായ ഭാഷയും അവതരണവും. ഉദ്വേഗമുണര്‍ത്തുന്ന കഥാഗതി. വേണുവേട്ടാ, എല്ലാംകൊണ്ടും നന്നായിരിക്കുന്നു. പിന്നെ മാധ്യമധര്‍മ്മമനുസരിച്ച് കുട്ടികളെ കുറ്റകൃത്യങ്ങളില്‍ പിടിച്ചാല്‍ സാധാരണ അവരുടെ ചിത്രം പ്രസിദ്ധീകരിക്കാറില്ല. മുംബൈയിലെ പത്രങ്ങള്‍ എങ്ങനെയാണെന്നറിയില്ല. എങ്കിലും കഥയില്‍ ചോദ്യമില്ലല്ലോ അല്ലേ?...
കുറച്ചുകാലത്തിനു ശേഷമാണ് തുഞ്ചാണിയില്‍ വരുന്നത്. ഈ കഥയും ഒരു തലശ്ശേരി ബിരിയാണി കഴിച്ച പ്രതീതി ഉണ്ടാക്കുന്നുണ്ട്. കഥാതന്തു മനസ്സില്‍ തട്ടി. ഒരൊഴുക്കു കുറഞ്ഞുപോയോ എന്നൊരു സംശയം ഇല്ലാതില്ല. വീണ്ടും കാണാം.
ഹൃദയത്തിൽ തട്ടുന്ന വായന .. !
കഥ നന്നായി. ഉദ്വേഗം നിലനിർത്തുന്ന ആഖ്യാനം. നന്മയോടുള്ള ഉന്മുഖത്വം കഥയുടെ അന്തർധാരയായി വർത്തിക്കുന്നത് ശ്രദ്ധേയമായി. ആശംസകൾ.
ഇടയ്ക്കെപ്പോഴോ വന്നു വായിച്ചു പോയിരുന്നു - കമന്റ് ഇപ്പോഴാ ഇടാനായത്. കഥയുടെ പ്രമേയം വളരെ ശക്തം,പക്ഷെ അവസാനം വ്യക്തമായില്ല വേഗത്തില്‍ നിര്‍ത്തിയത് പോലെ തോന്നി മാഷെ..... കഥയ്ക്ക് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല :). ആശംസകള്‍
ഹൃദയസ്പര്‍ശിയായ കഥ ,ഭംഗിയായ അവതരണം ,ആശംസകള്‍ വേണുവേട്ടാ .
ആകാംക്ഷ നിറഞ്ഞ വായന തന്നു..അന്ത്യം വേദനയും...
ആശംസകൾ
വേണുവേട്ടാ ,, തുന്ജാണി യില്‍ പുതിയൊരു കഥ വായിക്കാന്‍ കൊതി തോന്നുന്നു :)
വേണു ചേട്ടാ ... നല്ല കഥ ... ഇഷ്ട്ടമായി ഒത്തിരി
വീണ്ടും വരാം
സസ്നേഹം,
ആഷിക് തിരൂർ
ഫൈസല്‍ബാബു പറഞ്ഞതിനു ചുവടെ ഞാനും കൈയ്യൊപ്പിടുന്നു.....
കഥ വായിച്ചു...വളരെ നന്നായിട്ടുണ്ട്...ആശംസകള്‍... :)
PUTHIYA KATHAYKKAYI NJANUM AKAMKSHAYODE KATHIRIKKUNNU. SHUBHASYA SHEEGRAM...
കമന്റ് 100 :)
എന്താ മാഷേ, പുതുതായൊന്നും എഴുതുന്നില്ലേ?
Post a Comment