skip to main | skip to sidebar

Pages

  • Home
  • കഥ
  • കവിത
  • നര്‍മ്മം
  • അനുഭവം
  • യാത്ര
  • നുറുങ്ങുകള്‍

THUNCHANY

December 15, 2011

തമ്പും തേടി

ഭഗവതിക്കാവിലെ കൊടിയേറ്റുത്സവത്തിന്‍ നാളിലാണ്‌ കാര്‍ത്തു ആദ്യമായി കൊച്ചമ്പ്രാനെ കണ്ടത്.  ആരവങ്ങള്‍ക്കിടയില്‍ നാലഞ്ച് വാല്യക്കാര്‍ക്ക് നടുവില്‍ കണ്ട ആ സുന്ദരരൂപം അവളെ വല്ലാതെ ആകര്‍ഷിച്ചു.  

അപ്പന്‍ പറേന്നത്‌ ശര്യാ... കോതമ്പിന്‍റെ നെറാ.... അവളുടെ ചുണ്ടുകള്‍ പിറുപിറുത്തു.  ഒത്ത ഉയരം. രോമാവൃതമായ നെഞ്ചില്‍, തൂങ്ങിയാടുന്ന സ്വര്‍ണാഭരണങ്ങള്‍. തോള്‍ മറച്ച് അരയോളം നീളുന്ന കസവ് വേഷ്ടി. കാവില്‍ മുറുകിക്കൊണ്ടിരുന്ന മേളപ്പെരുക്കം കൊട്ടിക്കയറിയത് കാര്‍ത്തുവിന്‍റെ നെഞ്ചിലേക്കായിരുന്നു.

"
നമ്മക്കിബടന്നു മാറിനിക്കാം... തമ്പ്രാനാത്രേ... നോട്ടം പെണ്ണുങ്ങടെ മൂട്ടിലാ..."
 
അസ്വാരസ്യം നിറഞ്ഞ ചിരുതയുടെ വാക്കുകളാണ് കാര്‍ത്തുവിനെ ചിന്തകളില്‍നിന്നും തിരികെ കൊണ്ടുവന്നത്.

"ഓരൊക്കെ ബല്ല്യ ആള്‍ക്കാരാ... തോന്നാസ്യം പറേണ്ട..."
അല്പം നീരസത്തോടെയാണ് കാര്‍ത്തു ചിരുതയോട് പ്രതികരിച്ചത്.  ആദ്യ കാഴ്ചയില്‍ത്തന്നെ തമ്പ്രാന്‍ ദൈവതുല്യനായി അവളില്‍ കുടിയേറിക്കഴിഞ്ഞിരുന്നു.

തമ്പ്രാന്‍റെ നോട്ടം കാര്‍ത്തുവിലേക്കാണ്  എന്ന് തിരിച്ചറിഞ്ഞ ശിങ്കിടി നാണുനായര്‍ പറഞ്ഞു,
"
നമ്മടെ കോരന്‍റെ മോളാ.... പാവം... തള്ളല്ല്യാത്ത കുട്ട്യാ.."

നാണു നായരുടെ വാചകം സുഖിക്കാത്ത തമ്പ്രാന്‍ അല്പം തീഷ്ണമായ ഒരു നോട്ടത്തോടെ നായരുടെ നേരെ തിരിഞ്ഞു,
" 
പാവാണോ, പണക്കാരാണോ...ന്ന് നോം തന്നോട് ചോദിച്ചോ?  വങ്കത്തരങ്ങള്‍ മേലാല്‍ നമ്മോട് വിളമ്പണ്ട ..."

മുന്നോട്ടു നടന്ന തമ്പ്രാനു പിറകെ തലചൊറിഞ്ഞ് നടക്കുമ്പോഴും തമ്പ്രാന്‍റെ വിവിധ നിറങ്ങള്‍ പലപ്പോഴായി കണ്ടറിഞ്ഞ  നാണുനായര്‍ എന്തോ പിറുപിറുത്തു കൊണ്ടിരുന്നു.  ഉദരനിമിത്തം തമ്പ്രാനു പുറകെ വേഷം കെട്ടി ആടുമ്പോള്‍ പോലും നായരിലെ  പിതാവിന്
പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല......കാരണം  നായരും രണ്ടു പെണ്മക്കളുടെ അച്ഛനല്ലേ! 

ദേവന്‍ എന്ന് വിളിക്കുന്ന ദേവനുണ്ണി.....
കിരീടം വയ്ക്കാത്ത രാജാക്കന്മാര്‍ എന്ന് നാടാകെ ഘോഷിക്കുന്ന മാളികപ്പുരയിലെ ഇളയ സന്തതിയാണ്. 

 ഒരു ദേശത്തിന്‍റെ പകുതിയിലധികം ഭൂസ്വത്തും, രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ പലതരം ബിസിനസ്സും നിരവധി കമ്പനികളും, ആനയും അമ്പാരിയുമൊക്കെയായി മേലാളപ്പെരുമ വിളിച്ചോതിനടക്കുന്ന മാളികപ്പുര വീട്ടിലെ പുറംപണിക്കാരനാണ് കോരന്‍.
 
തെങ്ങുകളുടെ കട കിളയ്ക്കുക, തോട്ടം നനയ്ക്കുക, വളം ചെയ്യുക, പശുക്കളെ കുളിപ്പിക്കുക, കൊമ്പന്മാരായ ശിവനും കൃഷ്ണനും തീറ്റയ്ക്ക്  പനമ്പട്ട വെട്ടിശേഖരിക്കുക... ഇതൊക്കെയായിരുന്നു കോരന് നിര്‍വഹിക്കാനുള്ള കൃത്യങ്ങള്‍.

 
മാളികപ്പുരയിലെ കുശിനിക്കാരന്‍ കുഞ്ഞുണ്ണി മൂപ്പന്‍റെ ഔദാര്യത്താല്‍ മൃഷ്ട്ടാന്നം സുഭിക്ഷമായതിനാല്‍ കയ്യിലെത്തുന്ന കൂലി അതേപടി കവലയിലെ ഷാപ്പില്‍ മുടക്കി, അടിയുറയ്ക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷമേ കോരന്‍ കുടിലിലേയ്ക്ക് മടങ്ങൂ. വീടിനു  മുന്നിലെ പാടത്തിന്‍ കരയിലെത്തിയാല്‍ അക്കരേയ്ക്കു നോക്കി  "മോളെ കാര്‍ത്തോ...."  എന്ന് നീട്ടി വിളിക്കും.  

 കാറ്റിന്‍റെ താളത്തില്‍ നൃത്തം വയ്ക്കുന്ന പാട്ടവിളക്കിന്‍റെ നാളം നീട്ടി അപ്പനെ എതിരേറ്റ് കുടിയില്‍ എത്തിക്കുന്നത് കാര്‍ത്തുവിന്‍റെ ദിനചര്യകളുടെ ഭാഗമായിരുന്നു.  കുടിലില്‍ എത്തിയാല്‍പ്പിന്നെ കരച്ചിലും ഏറ്റുപറച്ചിലും തുടങ്ങും. അതിനു കാരണങ്ങള്‍ ഏറെയാണ്‌...

ചിലപ്പോള്‍ വയസ്സറിയിച്ചു കാലം കുറച്ചായിട്ടും മംഗല്യം കനിയാത്ത മകളുടെ വിധിയെക്കുറിച്ചോര്‍ത്താണ് രോദനമെങ്കില്‍, മറ്റൊരിക്കല്‍ തലയും മുലയും വളര്‍ന്ന മകള്‍ക്ക്  കൂട്ടാകേണ്ട പെറ്റമ്മ നഷ്ടമായതിനാലാകാം.  കരച്ചിലിനിടയില്‍  എന്നെയും
മകളെയും ജീവിക്കാന്‍വിട്ട് നീ ഒറ്റയ്ക്കെന്തിനു പോയി....? എന്ന് മണ്മറഞ്ഞ പത്നിയോട് ചോദിക്കുന്ന  പതിവുചോദ്യം  ആവര്‍ത്തിച്ചു കൊണ്ടിരിക്കും.
                                                                                                                                                   
അപ്പാക്ക്‌ കള്ള് ചെല്ലുമ്പോ മാത്രം കാണുന്ന ഈ ഏനക്കേടിനെ പഴിച്ച് മുനിഞ്ഞു കത്തുന്ന വിളക്കിന്‍ നാളത്തെ കൈകൊണ്ടു വീശിക്കെടുത്തി പായിലേക്ക് ചരിയുമ്പോള്‍  ആ പാവം പെണ്ണിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരിക്കും. ചാണകം മെഴുകിയ നിലത്തു വിരിച്ച പായയില്‍ ഉറക്കം വരാതെ സമയം തള്ളിനീക്കുമ്പോള്‍ മനസ്സില്‍  തെളിയുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ നെഞ്ചിലിഴയുന്ന സ്വര്‍ണനൂലുകളുമായി കസവുപുതച്ച് മന്ദഹസിച്ചുനില്‍ക്കുന്ന കൊച്ചമ്പ്രാനും സ്ഥാനം പിടിച്ചിരിക്കുന്നു എന്നവള്‍ അറിഞ്ഞു.

 
ഉച്ചക്കഞ്ഞിയ്ക്ക് ഊട്ടുപുരമുറ്റത്ത്‌ കുഴിച്ച കുഴിയില്‍ വാഴയില വാട്ടി  തിരുകുമ്പോള്‍ മുന്നില്‍ വന്ന തമ്പ്രാന്‍ ചോദിച്ചു, 
"
കോരാ... നിന്‍റെ മകള്‍ക്ക്  താഴെകരവരെ വന്ന് വീടും മുറ്റോക്കെ സ്ഥിരായിട്ട് ഒന്നു തൂത്തു തൊടച്ചൂടെ?  രണ്ടു നാഴികടെ പണ്യെ ഒള്ളൂ. മുഴോന്‍ ദിവസത്തെ കൂലി വാങ്ങിക്കോ..."

തിരുവായ്ക്ക് എതിര്‍ വായില്ലല്ലോ... തമ്പ്രാന്‍റെ കല്പനയ്ക്ക് മറുപടിയായി കോരന്‍ ഒന്നും ഉരിയാടിയില്ല...  പിറ്റേന്ന് പാടത്തിന്‍റെ മറുകരയിലുള്ള താഴെകര എസ്റ്റേറ്റ്‌ ബംഗ്ലാവിലേയ്ക്ക്  മകളെ പണിയ്ക്കായി അയയ്ക്കുമ്പോള്‍ ആ പിതാവ് പ്രാര്‍ഥിച്ചു,  " തൈവങ്ങളെ... ന്‍റെ കുട്ട്യേ കാത്തോളണേ..."
 
നിറമുള്ള സ്വപ്നങ്ങള്‍ക്ക് പുറമേ കോളനിയിലെ അസ്വാതന്ത്ര്യത്തില്‍നിന്നും അല്‍പ്പനേരത്തേയ്ക്കെങ്കിലും ഒരു മോചനം... അത് കാര്‍ത്തുവില്‍  ഏറെ സന്തോഷം പകര്‍ന്നു.
 
മഞ്ഞു തുള്ളികളുടെ നനവുപുരണ്ട് പാടവരമ്പില്‍ വീണുമയങ്ങുന്ന നെല്ക്കതിരുകളെ കാല്‍ കൊണ്ട് വകഞ്ഞുമാറ്റി മുന്നോട്ടുനടക്കുമ്പോള്‍ താഴെകര ബംഗ്ലാവിനെ  കുറിച്ച് ചിരുത പറഞ്ഞ കാര്യങ്ങള്‍ അവളോര്‍ത്തു. 

  കണ്ണെത്താദൂരത്ത് പരന്നുകിടക്കുന്ന റബ്ബര്‍മരങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന അരുവി... അരുവിക്കരയില്‍ ബംഗ്ലാവ്...  ബംഗ്ലാവിനുചുറ്റും വിവിധവര്‍ണ്ണങ്ങളില്‍ പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന പൂന്തോട്ടം. നാനാതരം കിളികളുടെ നാദം. താഴ്ന്ന കൊമ്പുകളില്‍ അങ്ങോട്ടുമിങ്ങോട്ടും പറക്കുന്ന മയിലുകള്‍. പാറകളില്‍ത്തട്ടി ചിതറുന്ന അരുവിയിലെ ജലത്തില്‍ സൂര്യരശ്മികള്‍ തീര്‍ക്കുന്ന വര്‍ണ്ണവില്ലുകള്‍.  ഏതോ സ്വപ്നലോകത്തേക്ക് എടുത്തെറിയപ്പെട്ട കാര്‍ത്തു, കാര്യസ്ഥന്‍ കേശവന്‍ ബംഗ്ലാവിന്‍റെ വാതില്‍ തുറന്നുകൊടുക്കുമ്പോഴും സ്വപ്നത്തില്‍നിന്ന് ഉണര്‍ന്നിരുന്നില്ല.

"
കാര്‍ത്തോ..... ഇവിടെ കാണണതും നടക്കണതും പൊറത്ത്‌ പോയി വിളമ്പണ്ട... കൊല്ലിനും കൊലക്കുംവരെ മറുചോദ്യം ഇല്ല്യ, മനസ്സിലായോ...?"

കേശവന്‍  പറഞ്ഞ വാചകത്തിന്‍റെ പൊരുള്‍ ഗ്രഹിക്കാനാകാതെ നനച്ചതുണികൊണ്ട് നിലം തുടയ്ക്കുമ്പോള്‍ അവള്‍ കരുതി, ചിരുതക്കും കേശവനും  ഒക്കെ തമ്പ്രാക്കളോട്  അസൂയയാ... എന്തിനും കുറ്റം മാത്രേ കാണൂ.  അവള്‍ക്കീ ജോലിനല്‍കിയ കൊച്ചമ്പ്രാന്‍റെ നല്ല മനസ്സ്‌ അവള്‍ക്കു
കാണാതിരിക്കാനായില്ല.

 
ഒരു തണുത്ത കരസ്പര്‍ശം തോളില്‍ വീണപ്പോള്‍ കാര്‍ത്തു ഞെട്ടിത്തിരിഞ്ഞു. പെട്ടെന്ന് മുന്നില്‍ കണ്ട തമ്പ്രാനു മുന്നില്‍ അവള്‍ ചൂളിപ്പോയി. അവള്‍ എഴുന്നേറ്റ് തമ്പ്രാനുമുന്നില്‍ തല കുനിച്ചു നിന്നു.
"ഇന്ന് പൊയ്ക്കോ..." കൂലിക്കൊപ്പം ഒരു കടലാസുപൊതി  കൂടി അവള്‍ക്കുനേരെ നീട്ടി തമ്പുരാന്‍ പറഞ്ഞു.

പാടവരമ്പിലൂടെ കുടില്‍ ലക്ഷ്യമാക്കി നടക്കുമ്പോള്‍ തമ്പ്രാന്‍ നല്‍കിയ സമ്മാനം എന്താണെന്ന് അറിയാന്‍  ഒരു ജിജ്ഞാസ അവളില്‍ ഉടലെടുത്തു. സമ്മാനപ്പൊതി തുറന്ന അവള്‍ വല്ലാത്ത ഒരുതരം വശ്യസുഗന്ധത്താല്‍ വലയം ചെയ്യപ്പെട്ടു. ഹായ്... സെന്റ്‌... അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു...
പിന്നീട് ഓരോ ദിവസവും അവള്‍ വളരെ ഉത്സാഹവതിയായി അണിഞ്ഞൊരുങ്ങി ബംഗ്ലാവിലെത്തി. ഉണ്ടില്ലെങ്കിലും ഉടുത്തൊരുങ്ങി നടക്കുന്നതില്‍ ചെറുപ്പം മുതലേ കാര്‍ത്ത്യായനി ശ്രദ്ധിച്ചിരുന്നു. കോരന്റെ സുന്ദരിയായ ഈ  മകള്‍ക്കുപിറകെ കഴുകന്‍കണ്ണുകള്‍ ഏറെയെന്നതിനാല്‍ അമ്മ നഷ്ടപ്പെട്ട മകളെ കുടിലില്‍ നിന്നു പുറത്തിറങ്ങാന്‍ കോരന്‍ സമ്മതിച്ചിരുന്നില്ല. പക്ഷെ തമ്പ്രാക്കള്‍ ആജ്ഞാപിച്ചാല്‍ എന്തുചെയ്യും. തന്‍റെ നിവൃത്തികേടിനെ പഴിക്കയല്ലാതെ.
 
കൂരയിലെ  നാല് ചുമരുകള്‍ക്കുള്ളില്‍ മാത്രം ലോകം  കണ്ടുവളര്‍ന്ന കീഴാള പെണ്ണിന് താന്‍ കാണാത്ത കാഴ്ചകള്‍ കാണുമ്പോഴും ഭൌതികനേട്ടം ജീവിതസമവാക്യങ്ങളില്‍ വരുത്തുന്ന വ്യതിയാനം അനുഭവിച്ചറിയുമ്പോഴും മേലാളന്‍ ഒരുക്കുന്ന കെണി കാണാന്‍ കഴിയുന്നതെങ്ങിനെ?


നാളുകള്‍ പോകെപ്പോകെ തമ്പ്രാന്‍ നീട്ടിയ ഔദാര്യങ്ങള്‍ പണമായും പണ്ടമായും വന്ന് കാര്‍ത്തുവിനുമേല്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ തമ്പ്രാന്‍ നല്‍കിയ സുഗന്ധം വാരിപ്പൂശി  സ്വന്തം ശരീരം തമ്പ്രാന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ അവള്‍ നിര്‍ബന്ധിതയായി. എസ്റ്റേറ്റ്‌ ബംഗ്ലാവിന്‍റെ അകത്തളങ്ങളില്‍ വച്ച്  പലപ്പോഴായി തമ്പ്രാന്‍ പകര്‍ന്നുനല്‍കിയ ചൂടും ചൂരും ഏറ്റുവാങ്ങി നൂലറ്റ പട്ടം കണക്കേ അവള്‍ അനന്തവിഹായസ്സില്‍ നാളുകള്‍ പാറി നടന്നെങ്കിലും, ചലനഗതിയില്‍ രൂപംകൊണ്ട പിഴവുകളാല്‍ ആടിയുലഞ്ഞു  നിലംപതിച്ചത് പൊടുന്നനെയായിരുന്നു.

മാസക്കുളി തെറ്റിയ കാര്യം തമ്പ്രാനെ അറിയിച്ചപ്പോള്‍ അശേഷം കൂസലില്ലാതെ അദ്ദേഹം പറഞ്ഞു...
 
"
ന്‍റെ കാര്‍ത്തോ... ഇതൊക്കെ ഒരു വിഷയാ...
ആ കാളിയെ ഞാന്‍ വിളിച്ചു  പറയാം..
രണ്ടു നാഴിക... അവളെല്ലാം ശര്യാക്കിത്തരും..."

 
തമ്പ്രാന്‍ നിര്‍ദേശിച്ച കാളിയെ ഉപയോഗിച്ചുള്ള പ്രാകൃത ഗര്‍ഭഛിദ്രത്തില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത് നാട്ടില്‍ പാട്ടായതിനാല്‍ കാര്‍ത്തു അതിനു വിസമ്മതിച്ചു.
 
"
ഓള് ആളെ കൊല്ലും... ക്ക്... പേട്യാ" കാര്‍ത്തു പറഞ്ഞു.

"
ന്ന..  ഒരു കാര്യം ചെയ്യാ... അങ്ങട് പ്രസവിച്ചോള..."

കേണുകരഞ്ഞുകൊണ്ടവള്‍ പറഞ്ഞു,  "ന്നെ....  കൈവിടല്ലേ തമ്പ്രാ....."

"കൂടെ കെടന്നോരെ മുഴോന്‍ വേളികഴിക്കാന്‍ പറ്റോ കാര്‍ത്തോ...?  നെനക്ക് കാശെത്ര വേണം... അത് പറഞ്ഞോ.... ക്ഷീണം കാണും... നാളെത്തൊട്ട് പണിക്കു വരണ്ട.  ഞാന്‍ വേറെ ആളെ നോക്കാം..."
 
തമ്പ്രാന്‍ ചവച്ചുതുപ്പിയ ഏതോ ഉച്ചിഷ്ടം.... അതാണ്‌ താനെന്നു  തിരിച്ചറിഞ്ഞ കാര്‍ത്തു താന്‍ ചെന്നുപതിച്ച ആഴത്തെക്കുറിച്ച് അപ്പോഴാണ്‌ ചിന്തിച്ചത്. 

വിങ്ങുന്ന മനസ്സും തളര്‍ന്ന ശരീരവുമായി ബംഗ്ലാവിന്‍റെ പടികള്‍ ഇറങ്ങുമ്പോള്‍ കിളികളുടെ പാട്ട് നിലച്ചിരുന്നു.  തോട്ടത്തിലെ പൂക്കള്‍ക്ക് നിറം നഷ്ടപെട്ടിരുന്നു .   അരുവിയുടെ ഒഴുക്കിന്‍റെ നാദം അവള്‍ക്കു കേള്‍ക്കാനായില്ല.  പറക്കുന്ന മയിലുകളെ അവള്‍ കണ്ടില്ല. റബ്ബര്‍ മരച്ചില്ലകള്‍ നിശ്ചലമായിരുന്നു. കാറ്റുപോലും തന്നെ വെറുത്തുവോ എന്നവള്‍ സംശയിച്ചു.

 
രണ്ടുനാള്‍ പണിക്കുപോകാതെ കുടിലില്‍ തന്നെ ചടഞ്ഞിരുന്ന മോളോട് കോരന്‍ ചോദിച്ചു, "ന്താ കുട്ട്യേ... അനക്ക്... സൊകല്ല്യെ?"

"
എനക്ക്  വയ്യ അപ്പ ... 
ഒറ്റയ്ക്ക് ഇനി പൊറുക്കാന്‍ വയ്യ... അപ്പനിഷ്ടള്ള ആരാച്ചാ പറഞ്ഞോ...
ഞാ  കൂടെ എറങ്ങാം...''

ആരെ കാണിച്ചാലും "കറുത്തിട്ടാണ്... കണ്ണ് കൊള്ളൂല, മുടി കൊള്ളൂല" എന്നൊക്കെ പറയാറുള്ള മകളുടെ പെട്ടെന്നുള്ള ഈ മാറ്റം കോരനെ തെല്ല് അമ്പരപ്പിച്ചുവെങ്കിലും തന്‍റെ കണ്ണടയുന്നതിനു മുന്‍പ് അവളെ ആര്‍ക്കെങ്കിലും പിടിച്ചേല്‍പ്പിക്കാന്‍ കഴിയുമല്ലോ എന്നോര്‍ത്ത് അയാള്‍  ആശ്വസിച്ചു.

 
പതിവുപോലെ അന്നും അന്തിക്കള്ള് മോന്തി തല ഉയര്‍ത്തിനോക്കിയപ്പോള്‍ മുന്നില്‍ക്കണ്ട ആ രൂപത്തെ കോരന്‍ അടിമുടി ഒന്ന് വീക്ഷിച്ചു. നല്ല കരിവീട്ടിയില്‍ കടഞ്ഞെടുത്ത പോലുള്ള ശരീരം...  നെറ്റിയിലേക്ക്  വീണുകിടക്കുന്ന ചുരുളന്‍ തലമുടി. മുട്ടിനു മുകളില്‍ ചുറ്റിയ കള്ളിമുണ്ടിനുചേര്‍ന്ന ചുവപ്പുനിറത്തില്‍ ഒരു ബനിയന്‍. കഴുത്തില്‍ ടവല്‍ കൊണ്ടൊരു കെട്ട്.  തന്നെ നോക്കി കള്ള് മോന്തിക്കൊണ്ടിരുന്ന അവന്‍റെ മുഖത്തെ ചിരി കോരന് ഏറെ ബോധിച്ചു. ഷാപ്പിനു മുന്നിലെ ഒഴിഞ്ഞ പറമ്പില്‍ കയര്‍ കെട്ടി വൃത്താകൃതിയില്‍  തീര്‍ത്ത സ്ഥലത്ത് സൈക്കിള്‍ അഭ്യാസം നടത്തുന്നവനാണെന്ന് അടുത്തിരുന്ന ആരോ പരിചയപെടുത്തി. രണ്ടു ദിവസം കഴിഞ്ഞാല്‍ ഇവിടം വിട്ട് അടുത്ത സ്ഥലത്തേക്ക് പോകുമത്രേ. കുറച്ചു നേരത്തെ മൗനത്തിനുശേഷം കോരന്‍ ചോദിച്ചു...

"
എന്താന്‍റെ പേര്?""വേലായുധന്‍...."

"
അനക്ക് പെണ്ണും പെടക്കൊഴീം ഒന്നൂല്ല്യെ?'"
തല ഉയര്‍ത്താതെതന്നെ അയാള്‍ ഉത്തരം പറഞ്ഞു...
"
ഇണ്ടാര്‍ന്നു... ഓള് ചത്ത്‌.. ഇപ്പൊ ഒറ്റത്തടി... സര്‍ക്കസ്സുനടത്തി വല്ലോം  കിട്ടോണ്ട് തീറ്റേം കുടീം.... പിന്നെ ഇത് പോലെ വല്ല ഷാപ്പിന്റേം കോലായില്  ചുരുളും..."

ഉള്ളിലുയര്‍ന്ന ആകാംക്ഷ പുറത്തുകാണിക്കാതെ കോരന്‍ വീണ്ടും ചോദിച്ചു,
"
ഇങ്ങനെ മത്യോ... പെണ്ണൊക്കെ കെട്ടി ഒരു കുടുംബോക്കെ വേണ്ടേ?"
ബീഡിക്കറ പുരണ്ട പല്ലുകള്‍ കാണിച്ചുചിരിച്ച് വേലായുധന്‍ ഒരു മറുചോദ്യം നീട്ടി...
 
"
ഊര് തെണ്ടി നടക്കണ എനക്കാരാ പെണ്ണ് തരാ?"

"ഞാന്‍ തന്നാലോ.... ? "

ഒരു വെറുംവാക്ക് പോലെ തന്‍റെ മുന്നിലേയ്ക്കെറിഞ്ഞ ചോദ്യത്തിന്‍റെ ഉത്തരംതേടി വീശിത്തെളിച്ച ചൂട്ടുവെളിച്ചത്തില്‍ കോരനെ അനുഗമിക്കുമ്പോള്‍ വേലായുധന്‍റെ മനസ്സില്‍ പുതിയൊരു  വെളിച്ചം പരക്കുകയായിരുന്നു.   കത്തിത്തീര്‍ന്ന ചൂട്ടുകുറ്റി  കാല്‍ കൊണ്ട് ചവിട്ടിക്കെടുത്തി  കോരന്റെ കുടിലില്‍  കാല്‍വച്ചപ്പോള്‍  മുന്നില്‍ക്കണ്ട കാര്‍ത്തുവിനെ ആ നിമിഷം തന്നെ വേലായുധന്‍  മനസാ വരിച്ചുകഴിഞ്ഞിരുന്നു. വിളക്കിന്‍ വെട്ടത്തില്‍  ആ മുഖം തിളങ്ങിയപ്പോള്‍ എത്ര സുന്ദരിയാണ് ഇവളെന്നു അവന്‍റെ  മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.
കാര്യങ്ങള്‍ മകളെ ധരിപ്പിച്ച്‌ കോരന്‍ പറഞ്ഞു...

"
മറ്റന്നാള്‍ ഇബിടുന്നു പോണത്രെ... അപ്പോള്‍ നാളെ ന്നെ ചാത്തമ്മാരടെ മുന്നി വെച്ച്  താലിച്ചരട് കെട്ടാ... ഒരൂസം അപ്പന്‍റെ കൂടെ ഇണ്ടല്ലോ... പിന്ന എടക്കൊക്കെ ബന്നു കണ്ടാ മതി ട്ടാ...
" അപ്പന്‍ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അവള്‍ കണ്ടു.  പക്ഷെ ഒന്നും കാണാനാകാത്തവിധം ഒരു  നിസ്സംഗത അവളെ ആവരണം ചെയ്തിരുന്നു. രണ്ടാംകെട്ടുകാരനായതിനാലാകാം അവളുടെ മുഖത്ത് ഈ  വിഷാദം എന്ന് വേലായുധനും ധരിച്ചു.
പിറ്റേന്ന്  ഭഗവതിക്കാവില്‍ തൊഴാന്‍ പോയപ്പോഴാണ് കൂട്ടുവന്ന ചിരുത പറഞ്ഞത്,

 
"കാര്‍ത്തോ... അറിഞ്ഞാ... ഇയ്യ് പോന്നേപ്പിന്നെ എസ്റ്റേറ്റ്‌ പണിക്കു നിര്‍ത്ത്യ തെക്കേലെ മാളൂനെ തമ്പ്രാന്‍ പെഴപ്പിച്ച്...  ഓരെ കൊണ്ട് ശവം തീറ്റിക്കും ന്ന് പറഞ്ഞാത്രേ ഓള് നെഞ്ചത്തടിച്ച് എറങ്ങിപ്പോയത്.... അപ്പനെ ഓര്‍ത്താരിക്കും  അന്നേ ഒന്നും ചെയ്യാണ്ട് വിട്ടേ...
ഞാന്‍ പറേമ്പോ  ഇയ്യ് എന്താ പറഞ്ഞെ... ഓര് ബല്ല്യോരാ.... ഫൂ... 

"  കാറിത്തുപ്പി ചിരുത പറഞ്ഞ ഈ വാര്‍ത്ത കാര്‍ത്തുവില്‍ യാതൊരു ഭാവഭേദവും പകര്‍ന്നില്ല. തനിക്കു പിറകെ മറ്റൊരു ഇര കൂടി ... എന്ന് ചിന്തിച്ച് മൗനം പേറി അവള്‍ ചിരുതയ്ക്കൊപ്പം നടന്നു.

 
താലികെട്ട് കഴിഞ്ഞ് ആചാരോപചാരങ്ങള്‍ക്ക്  ശേഷം ചാത്തന് നിവേദിച്ച കള്ളും കോഴീം തീര്‍ത്ത്‌ കാരണവര്‍മാര്‍ മടങ്ങിയപ്പോള്‍ പാതിരാത്രി കഴിഞ്ഞിരുന്നു. എണ്ണകഴിഞ്ഞ് അണയാന്‍ തുടങ്ങിയ വിളക്കിന്‍നാളം ഊതിക്കെടുത്തി വേലായുധനില്‍ നിന്നും വമിക്കുന്ന ബീഡിച്ചൂരും വിയര്‍പ്പിന്‍ നാറ്റവും സ്വീകരിക്കുമ്പോള്‍ താഴെകര ബംഗ്ലാവിന്‍റെ അകത്തളങ്ങളില്‍വച്ച് തമ്പ്രാനില്‍ നിന്നേറ്റുവാങ്ങിയ സുഗന്ധം അവളെ വല്ലാതെ  അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

നിര്‍വികാരത പുതച്ച അവളുടെ ഉടലില്‍ പേമാരിയായ് പതിച്ച വേലായുധന്‍റെ  പൌരുഷം മന്ദമന്ദം പെയ്തൊഴിഞ്ഞ് തളര്‍ച്ചയിലേക്ക് വഴുതിവീണ നിമിഷങ്ങളില്‍ അവന്‍ ചോദിച്ചു....
" 
അനക്കെന്നെ ഇഷ്ടായില്ലേ.. കാര്‍ത്തോ?"ജീവനില്ലാത്ത ഒരു ചിരി പകരം നല്‍കി അയാളുടെ മാറിലേക്ക്‌ ചായുമ്പോള്‍ താനയാള്‍ക്ക് നല്‍കുന്ന വഞ്ചന പൊതിഞ്ഞ സ്നേഹം അവളെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു.

 
അപ്പന്‍റെ കാല്‍ തൊട്ടുവന്ദിച്ച് കോളനിയുടെ   പടിയിറങ്ങുമ്പോള്‍  ഓര്‍മ്മകള്‍ ഹൃദയം കീറിമുറിക്കുന്ന ഈ ദേശത്തേക്ക് ഇനിയൊരിക്കലും  തിരിച്ചുവരാതിരുന്നെങ്കില്‍ എന്നവള്‍  ആശിച്ചു.

തോളില്‍ തൂക്കിയ തുണിയുടെ മാറാപ്പും പേറി വേലായുധന് പിറകെ പാടം പിന്നിട്ടപ്പോള്‍ കാടിറങ്ങിവന്ന ഏതോ കൂട്ടനിലവിളിക്ക്‌ മുന്നില്‍ പായയില്‍ പൊതിഞ്ഞ ഒരു  മൃതദേഹം ചുമന്ന് ഏതാനും പേര്‍ കടന്നുപോയതവള്‍ കണ്ടു. തമ്പ്രാന്‍ പെഴപ്പിച്ച തെക്കേലെ മാളു വിഷംകുടിച്ചുചത്തുവെന്ന് കൂട്ടത്തില്‍ ആരോ പറഞ്ഞത് കേള്‍ക്കാതിരിക്കാന്‍ അവള്‍ കൈത്തലം  കൊണ്ട് ചെവികള്‍ക്ക് മറ തീര്‍ത്തിരുന്നു.  

 അടികള്‍ അമര്‍ത്തിച്ചവിട്ടി അടുത്ത തമ്പു തേടി യാത്ര തുടരുമ്പോള്‍ തമ്പ്രാന്‍റെ മാറിലെ സ്വര്‍ണനൂലുകള്‍,  പത്തി വിടര്‍ത്തിയാടുന്ന  ഉഗ്രസര്‍പ്പങ്ങളായി രൂപം പ്രാപിച്ചു ഗ്രാമജനതയെ വിഷം തീണ്ടുന്ന ചിത്രം മാത്രമായിരുന്നു അവള്‍ക്കു മുന്നില്‍...


(അറുപതുകളിലെ മേലാള മേല്‍കൊയ്മയുടെ തേര്‍വാഴ്ചയില്‍ കാലിടറി വീണ ജീവിതങ്ങള്‍ .... അപമാന ഭാരത്താല്‍ ജീവിതം ഹോമിച്ചവര്‍ ..മേലാളരുടെ ബീജവും ഉദരത്തില്‍ പേറി മറ്റു ചിലര്‍ക്ക് പിറകെ പലായനം ചെയ്തവര്‍... ചവിട്ടിയരക്കപെട്ട ആ ജീവിതങ്ങളുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഈ വരികള്‍ സമര്‍പ്പിക്കുന്നു ) 


പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 08:51 93 അഭിപ്രായ(ങ്ങള്‍) Email This BlogThis! Share to Twitter Share to Facebook
ലേബലുകള്‍: കഥ
Newer Posts Older Posts Home
Subscribe to: Posts (Atom)
പ്രിയ വായനക്കാര്‍ക്ക് തുഞ്ചാണിയിലേക്ക് സ്വാഗതം !!!!

തുടിതാളം ബ്ലോഗ്ഗിലേക്ക്

Thudithalam

Followers


Popular Posts

  • ചേമ്പിലക്കുടയും തെക്കന്‍കാറ്റും
    " ഹോ.. വല്ലാത്ത മഴ ട്രെയിനുകള്‍ ഓടുന്നുവോ ആവോ ? സ്കൂള്‍ ബസ്‌ വന്നോ എന്ന് നോക്ക്യേ ..." അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട...
  • ജന്നത്തുല്‍ ഫിര്‍ദൌസ്
    മക്ക പിടിച്ചടക്കാന്‍ എത്തിയ അബ്രഹത്തിന്റെ ആനപ്പടയെ കല്ലെറിഞ്ഞു തുരത്തിയ അബാബില്‍ പക്ഷി കൂട്ടങ്ങള്‍!! അവ മാനത്ത് തീര്‍ത്ത അന്ധകാരത്തെ മനസില...
  • വേനല്‍പൂവുകള്‍
    മുംബൈ വി ടി  (ഇന്ന് മുംബൈ സി എസ് ടി)  യിലെ എട്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ വണ്ടി  എത്തിച്ചേര്‍ന്നത്‌ വൈകുന്നേരം അഞ്ചു മണിക്ക്.  ശ്രീകൃഷ്ണ ട...
  • നേത്താവലിയിലെ കാറ്റ്
    ഇരുണ്ട ആകാശത്തില്‍ അങ്ങിങ്ങായ്‌  ചില നേരിയ  രേഖകള്‍ കോറിയിട്ട് ഒരു വെള്ളി വെളിച്ചം ഗുന്ജ്ജന്റെ മുഖത്തു പതിച്ചു.  സജലങ്ങളായ അവളുടെ കണ്‍കോണു...
  • അതിഥി ദേവോ ഭവ:
    മുംബൈയില്‍ എത്തി ആദ്യ കുറച്ചുനാള്‍ ഞാന്‍ നാട്ടുകാരനും എന്‍റെ  ബന്ധുവുമായ  ചന്ദ്രേട്ടനോടൊപ്പമാണ്  താമസിച്ചത്.  അദ്ദേഹത്തിന്‍റെ വിവാഹശേഷം ...
  • പ്രയാണം
    ഉച്ച വെയിലിന്‍ ചൂട് കുറയാന്‍ തുടങ്ങുന്നതെ ഉള്ളൂ.  കാലത്തിറക്കിയ ഇളനീര്‍ ഭൂരിഭാഗവും വിറ്റ് പോയിരിക്കുന്നു.  അവശേഷിക്കുന്ന അഞ്ചാറെണ്ണം മുന...
  • പാത്തൂന്റെ പാസ്‌
    എന്റെ കുട്ടികാലത്ത് മതുപ്പുള്ളി  എന്ന എന്റെ ഗ്രാമത്തില്‍ റേഷന്‍ കട നടന്നിരുന്നത് സെന്ററിലുള്ള ഞങ്ങളുടെ മൂന്നു മുറി കെട്ടിടത്തിലായിരുന്നു....
  • തമ്പും തേടി
    ഭഗവതിക്കാവിലെ കൊടിയേറ്റുത്സവത്തിന്‍ നാളിലാണ്‌ കാര്‍ത്തു ആദ്യമായി കൊച്ചമ്പ്രാനെ കണ്ടത്.  ആരവങ്ങള്‍ക്കിടയില്‍ നാലഞ്ച് വാല്യക്കാര്‍ക്ക് നടുവി...
  • മോന്തികൂട്ടം
    ഗ്രാമത്തെ  ഇരുകരകള്‍ ആയി വിഭജിക്കുന്നത് നടുവില്‍ പരന്നു കിടക്കുന്ന വിശാലമായ നെല്‍പാടമാണ്.  പാടത്തിനു നടുവിലൂടെ തെക്കെകരയെയും വടക്കേകരയും ബ...
  • മിച്ചഭൂമി
    എഴുപതുകളിലെ എന്റെ ഗ്രാമം .  കാര്‍ഷിക വൃത്തിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഭൂരിഭാഗം വരുന്ന ഗ്രാമീണ ജനത . അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷ...
Powered by Blogger.

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Blog Archive

  • ►  2014 (1)
    • ►  January (1)
  • ►  2013 (1)
    • ►  March (1)
  • ►  2012 (5)
    • ►  September (1)
    • ►  June (1)
    • ►  March (2)
    • ►  January (1)
  • ▼  2011 (8)
    • ▼  December (1)
      • തമ്പും തേടി
    • ►  October (1)
    • ►  September (2)
    • ►  August (2)
    • ►  July (2)

About Me

My photo
വേണുഗോപാല്‍
മുംബൈ, മഹാരാഷ്ട്ര, India
താളങ്ങളുടെ നാട് എന്ന് ഞങ്ങള്‍ ഓമനപ്പേര് വിളിക്കുന്ന പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട് ജനനം. പെരിങ്ങോട് ഹൈസ്കൂള്‍ , പട്ടാമ്പി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇരുപതാം വയസ്സില്‍ പ്രവാസിയായി മുംബൈ നഗരത്തിലേക്ക്. താളങ്ങളുടെ നാട്ടില്‍ നിന്നും മഹാനഗരത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ നഷ്ട്ടമായ ജീവിത താളം വീണ്ടെടുക്കാന്‍ വര്‍ഷങ്ങളോളം പ്രവാസത്തിന്റെ കടുത്ത പാതകളിലൂടെ തളര്‍ന്നും നിവര്‍ന്നും ഗമനം. ഇടക്കെങ്ങോ കൈമോശം വന്ന എഴുത്തും വായനയും തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഈ-എഴുത്തും വായനയും തുടങ്ങി വെച്ചു. വഴി കാണിക്കുക. തെറ്റുകള്‍ തിരുത്തിത്തരുക.
View my complete profile

Total Pageviews

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Facebook Badge

Venu Gopal

Create Your Badge

ജാലകത്തിലേക്ക്...

ജാലകം

Blogroll

 
(c) Copyright 2010 THUNCHANY. Designed by Blogspot Templates
Supported by Video Game Music, Website Hosting, VPS Hosting