ഇരുണ്ട ആകാശത്തില്‍ അങ്ങിങ്ങായ് ചില നേരിയ രേഖകള്‍ കോറിയിട്ട് ഒരു വെള്ളി വെളിച്ചം ഗുന്ജ്ജന്റെ മുഖത്തു പതിച്ചു. സജലങ്ങളായ അവളുടെ കണ്‍കോണുകള്‍ക്ക് തിളക്കം നല്‍കി ആ വെളിച്ചം മറഞ്ഞപ്പോള്‍ പിറകെ ഒരു മേഘഗര്‍ജനം ഭൂമിയില്‍ വീണു ചിതറി. ആ ശബ്ദമുയര്‍ത്തിയ ഭീതിയില്‍ അലമുറയിട്ടു കരയുകയാണ് തേജ. പത്തു വയസ്സുകാരന്‍ രാജു കൊച്ച്ചനിയത്തിയെ മുറുകെ പുണര്‍ന്ന് ആശ്വസിപ്പിക്കുന്നുണ്ട്. വെള്ളക്കെട്ടുകള്‍ക്ക് നടുവിലെ മണ്‍തിട്ടകളില്‍ ഉയര്‍ത്തിയ പ്ലാസ്റ്റിക് കൂടാരങ്ങളിലെ വിളക്കിന്‍ നാളങ്ങള്‍ കാറ്റിന്റെ കുസൃതിയില്‍ അണയണോ അതോ തുടര്‍ന്ന് കത്തണോ എന്ന ആശങ്കയില്‍ ആണ്.
വക്കു ചളുങ്ങിയ വട്ടപാത്രത്തില്‍ രണ്ടു പിടി *ആട്ടയില്‍ ഉപ്പു ചേര്‍ത്തു കുഴക്കുകയാണ് ഗുഞ്ഞ്ജന്‍.
കല്ലടുപ്പിനു മുകളിലെ ചപ്പാത്തി തവക്കടിയില്‍ പുകയുന്ന **കൊയില കുത്തി ഇളക്കി ഊതി കൊണ്ടിരിക്കേകൊടും തണുപ്പിലും താന്‍ വല്ലാതെ വിയര്‍ക്കുന്നുവോ എന്നവള്‍ സംശയിച്ചു. കൂട്ടുകാരന്‍ പൂച്ചയുടെ കഴുത്തില്‍ ഒരു ചുവപ്പ് നാട കെട്ടുകയാണ് രാജു. ഇടയ്ക്കിടെ വിശക്കുന്നു എന്നവന്‍ അമ്മയെ ഓര്‍മിപ്പിക്കുന്നുണ്ട്. ചൂട് പിടിച്ച തവക്ക് മുകളില്‍ ചപ്പാത്തി വേവാനിട്ട് പുറത്തു മഴ കനക്കുന്നത് നോക്കി ഗുന്ജ്ജനിരുന്നു. അടുപ്പിലെ കൊയിലയോടൊപ്പം അവളുടെ മനസ്സും പഴുത്തു ചുവക്കയാണ് എന്നവള്‍ക്ക് തോന്നി.
മൂലയ്ക്ക് മാറ്റിയിട്ട വൃത്തികെട്ട ഭാണ്ഡം പോലെ ചുരുണ്ട് കിടക്കയാണ് ഭോല. തെരുവ് സര്‍ക്കസ്സിനു
മുന്നോടിയായി മുഴക്കുന്ന ഡോളക്ക് നാദത്തെ അനുസ്മരിപ്പിക്കും വിധം അയാള്‍ തീവ്രമായി ചുമച്ചു
കൊണ്ടിരുന്നു. അയാള്‍ക്ക് അസുഖം കൂടുതലാണ്. കടുത്ത പനിയും ചുമയും അയാളെ സംസാരിക്കാന്‍ പോലും ശേഷിയില്ലാത്ത വിധം തളര്‍ത്തിയിട്ടുണ്ട്. ഭക്ഷണം വെറും വെള്ളം മാത്രമാക്കി ശ്വാസം നില നില്‍ക്കുന്ന അസ്ഥിപന്ജരമായി അയാള്‍ ചുരുങ്ങിയിരിക്കുന്നു.
നാളെ ബാസന്തിയെ കണ്ട് അല്‍പ്പം പണം ചോദിക്കാം . അവള്‍ പിഴയാണെന്ന് എല്ലാരും പറയുന്നു. ഇല്ലായ്മയില്‍ സഹായിക്കുന്ന അവളുടെ പിന്നാമ്പുറ കഥകള്‍ താന്‍ എന്തിനറിയണം? ഭോലയെ വൈദ്യനെ കാണിക്കാതെ വയ്യ. മക്കള്‍ക്ക് റൊട്ടി കൊടുത്ത് ഭര്‍ത്താവിന്റെ ചുണ്ടിലേക്ക് ചൂടാറിയ കാപ്പി പകര്‍ന്നു നല്‍കവേ പുറത്തു മരിച്ചു കിടന്ന ഇരുളിന്റെ മുഖത്തേക്ക് മിന്നല്‍ വീണ്ടും വെളിച്ചമെറിഞ്ഞു കൊണ്ടിരുന്നു. തളം കെട്ടിയ നിശബ്ദത ഭഞ്ജിച്ചു മഴ കൂരക്കു മുകളിലെ പ്ലാസ്റിക് പാളിയില്‍ തീര്‍ക്കുന്ന ചന്നം പിന്നം ശബ്ദം വേറിട്ട് കേള്‍ക്കാം. നേത്താവലി എന്ന ഈ ഗ്രാമത്തില്‍ ഊര് തെണ്ടികളായ തങ്ങള്‍ തമ്പടിച്ചിട്ട് മാസങ്ങള്‍ ആയെന്നവളോര്‍ത്തു. അസ്വാസ്ഥ്യം കൂടും വിധമുള്ള ഭോലയുടെ ചുമ അവളുടെ കണ്‍കളില്‍ കയറാന്‍ വെമ്പുന്ന നിദ്രയെ ആട്ടിയകറ്റുകയാണ്. ഈ രാത്രി ഒന്ന് വേഗത്തില്‍ അവസാനിച്ചെങ്കില്‍ എന്നവള്‍ ആശിച്ചു.
നേരം നന്നായി വെളുക്കുന്നതിനു മുന്‍പ് തന്നെ അവള്‍ ബാസന്തിയുടെ കൂടാരത്തിലെത്തി.
" ഭോലക്ക് വയ്യ ... കടുത്ത ജ്വരം "
കിതച്ചു കൊണ്ടാണവള്‍ അതത്രയും പറഞ്ഞു തീര്‍ത്തത്.
"വൈദ്യനെ കാണിച്ചില്ലേ ?" ബാസന്തി തിരക്കി ...
"കുടിയില്‍ ആട്ട വാങ്ങാന്‍ കാശില്ല"
അവളുടെ കണ്ണുകളിലെ നനവ് പതുക്കെ കവിളുകളില്‍ പടരുന്നത് ബാസന്തി കണ്ടു.
"നീ കരയാതെ ... ആത്മാറാമിന്റെ തള്ള് വണ്ടിയില്‍ നമ്മുക്കോനെ വൈദ്യന്റെ അടുത്തു കൊണ്ടുവാം "
ഒരു പക്ഷി തൂവല്‍ തൂക്കിയെടുക്കും പോലെ ഭോലയുടെ ശരീരം കൈത്തണ്ടയില്‍ കോരി വണ്ടിയില്‍
കിടത്തിയപ്പോള്‍ ആത്മാറാമിന്റെ കൈകള്‍ പോള്ളിയിരുന്നു.
"കടുത്ത ജ്വരം ... ആവതില്ല .. വെക്കം പോകാം "
കുറച്ചു പുകയില കറുത്ത പല്ലിനും ചുണ്ടിനും ഇടയില്‍ തിരുകി അയാള്‍ വണ്ടി വലിക്കാന്‍ തുടങ്ങി.
ഗ്രാമപാതയിലൂടെ നീങ്ങുന്ന കൈവണ്ടിക്ക് പുറകെ കണ്ണീരാല്‍ കുതിര്‍ന്ന മുഖവുമായി ബാസന്തിക്കൊപ്പം ഗുഞ്ഞ്ജന്‍ നടന്നു.
സര്‍ക്കാര്‍ വൈദ്യരുടെ ആശുപത്രി മുറ്റത്ത് വണ്ടി നിര്‍ത്തി കൂടി നിന്ന രോഗികളോടായി ആത്മാരാം
പറഞ്ഞു.
"കടുത്ത ജ്വരം ... ആവതില്ല .. വെക്കം വൈദ്യരെ കാട്ടണം"
രോഗികള്‍ മാറി കൊടുത്ത വഴിയിലൂടെ ഭോലയെ കൈകളിലെടുത്ത് അയാള്‍ അകത്തേക്ക് നടന്നു.
വൈദ്യരെ കണ്ടു വന്ന ബാസന്തി ഗുന്ജ്ജനെ ആശുപത്രി മുറ്റത്തെ ഒഴിഞ്ഞ കോണിലേക്ക് വിളിച്ചു.
"ക്ഷയമാ .. മൂര്‍ചിചിരിക്കണ് ... തുപ്പണതും തൂറണതും ഒക്കെ നോക്കീം കണ്ടും വേണം ..
യ്യും കുട്ട്യോളും അടുത്തു എട പഴകണ്ട ... പട്ടണത്തില്‍ കൊണ്ടോണം ന്ന പറേണത്...
ജ്വരം കുറയാന്‍ മരുന്ന് തന്നിട്ടുണ്ട് "
ബാസന്തിയുടെ വാകുകള്‍ക്ക് ഗുന്ജ്ജന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും സൃഷ്ടിക്കാനായില്ല.
എങ്കിലും ആ മിഴികള്‍ പെയ്തു കൊണ്ടിരുന്നു .
മടക്ക യാത്രയില്‍ ബാസന്തി പറഞ്ഞു
"അന്നേ കാണാന്‍ ചേലുണ്ട് ... ഇക്ക് തരനതിലും പത്തുറുപ്പിക കൂടുതല്‍ തരാന്‍ ആളും ണ്ട് ... അന്ന്
യ്യ് ശീലാവത്യാര്‍ന്നു ..
ഇപ്പഴും ചോയിക്കാ .. ഇങ്ങനെ പട്ടിണി കിടന്നു ദീനം വന്നു മരിക്കണാ?"
"എന്നാലും ബാസന്ത്യേ.. അന്റെ കയുത്തില്‍ കുങ്കന്‍ കെട്ടിയ ചരടില്ലേ ?"
ഗുന്ജ്ജന്റെ മറുചോദ്യം കേട്ടതും ബാസന്തിയുടെ ക്രോധമുയര്‍ന്നു.
ഫൂ... വായില്‍ നിറഞ്ഞ മുറുക്കാന്‍ ദ്രാവകം നീട്ടി തുപ്പി ബാസന്തി പറഞ്ഞു ...
"കുങ്കന്റെ ചരട് ... ഒനാണു എന്നെ ആദ്യം വിറ്റു കാശ് വാങ്ങീത് " അതൊരട്ടഹാസമായി ഗുഞ്ഞ്ജന് തോന്നി.
" മാനം പോയോള്‍ക്ക് പിന്നെന്തു മാനക്കെട് ?
അനക്കറിയോ ... നാട്ടിലെ എല്ലാ സെട്ടുമാര്ടെം മുന്നില്‍ ബാസന്തി കൈ നീട്ടിട്ടിണ്ട് .. ഒരു
ചായ കാശിന്.. കയ്യിലെ അമ്പത് പൈസാ തന്നു എന്പതു വയസ്സാരന്‍ നോക്കനത് നമ്മടെ മാറിലും ചന്തീലും...."
"കാഴ്ച കോലം പോലെ നാട് മുഴോന്‍ തെണ്ടി നടന്നു പാതിരക്ക് പൈപ്പ് വെള്ളം കുടിച്ചു ഉറങ്ങാതെ
കയിഞ്ഞ ആ കാലം ഇക്കിനി വേണ്ട... ഇപ്പം ബാസന്തിക്ക് എല്ലാണ്ട്... കാശിന് കാശ് ...
ഹോട്ടല് തീറ്റ .. സില്‍മാ ... അങ്ങനെ എല്ലാം. ഇരുട്ടിയാല്‍ കവലേലെ റിക്ഷക്ക് ഉള്ളില്‍ അയ്യഞ്ചു മിനുട്ട് കയറി ഇറങ്ങും .. നോട്ടുകളാ കയ്യില്‍ വരാ .. അന്നോട് പറാന്‍ വയ്യ .. ഇയ്യ് കവലയില്‍ കുത്തി മറഞ്ഞ് കുട്ട്യോള്‍ക്ക് വല്ലോം വാങ്ങിചോടക്ക് "
ബാസന്തിയുടെ മുഖത്ത് ഒരു യുദ്ധ വിജയത്തിന്റെ സംതൃപ്തി ഗുഞ്ഞ്ജന് ദര്‍ശിക്കാനായി !!
ആ തള്ള് വണ്ടിക്കൊപ്പം അവരും മുന്നോട്ടു ചലിക്കുകയാണ് ..
ചുമക്കാന്‍ ശക്ത്തി ഇല്ലാഞ്ഞാകാം ഭോലയില്‍ നിന്നും നേരിയ ഞരക്കങ്ങള്‍ മാത്രമേ പുറത്തു വരുന്നുള്ളൂ . കത്തുന്ന വിറകു കൊള്ളി കയ്യിലെടുക്കും പോലെയാണ് അത്മാറാം ഭോലയെ കൂടാരത്തിലെക്കെടുത്തു കിടത്തിയത് . ഏത് നിമിഷവും ഇവന്റെ അന്ത്യമായേക്കാം എന്നാവും അന്നേരം അയാള്‍ ചിന്തിച്ചത്.
"വൈദ്യന്‍ തന്ന ഗുളിക കൊട് ..... ഓന്‍ വല്ലാതെ വെറക്കിണ് " ... അല്‍പ്പം പുകയില കൂടി
വായില്‍ ഇട്ടു ആത്മാറാം ഗുന്ജ്ജനോട് പറഞ്ഞു..
ഭോലക്ക് ഗുളിക കൊടുത്ത് സര്‍ക്കസ് സാമഗ്രികളെടുത്തു കവലയിലെക്കിറങ്ങും മുന്‍പ് ഗുഞ്ഞ്ജന്‍ അയാളെ ഒന്ന് കൂടി നോക്കി. കണ്‍ തുറന്ന് അവളെ യാത്രയയക്കാന്‍ പോലും അശക്തനാണയാള്‍. മുഷിഞ്ഞ പുതപ്പു നിവര്‍ത്തി അയാളെ മൂടുമ്പോള്‍ വിണ്ടു കീറിയ അയാളുടെ ചുണ്ടുകളില്‍ ഈച്ചകള്‍ പാറുന്നതവള്‍ ശ്രദ്ധിച്ചു.
വലതു കയ്യില്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ച പൂച്ചയും ഇടതു തോളില്‍ തൂങ്ങുന്ന ഡോളക്കുമായി മഴ
വെള്ള ചാലുകള്‍ വീണ പാതയിലൂടെ നേത്താവലി കവലയിലേക്കു നടക്കയാണ് രാജു.
ഡോളക്കിന്റെ വലുപ്പ കൂടുതല്‍ മൂലം അവന്‍ ഒരു വശം ചെരിഞ്ഞാണ് നടക്കുന്നത് . റോഡില്‍ കിടന്ന തകര പാട്ട തട്ടി തെറിപ്പിച്ചാണ് അവന്റെ നടത്തം. തലയിലെ ചാക്ക് കെട്ടും
തോളിലെ മുഷിഞ്ഞ മാറാപ്പിലെ തേജയെയും ചുമന്നു ഗുഞ്ഞ്ജന്‍ അവനെ അനുഗമിക്കുന്നുണ്ട് . ഓരോ തവണയും ഇരട്ടി ആവേശത്തോടെ ആ പാഴ് വസ്തു തട്ടി തെറിപ്പിക്കുന്ന രാജുവില്‍ പതിവിനു
വിപരീതമായ എന്തോ അസാധാരണത്വം അവള്‍ ദര്‍ശിച്ചു . അവനു വിശക്കുന്നുണ്ടാകാം....
അതിജീവനത്തിന്റെ വികൃത മുഖത്തേക്കുള്ള കടുത്ത പ്രഹരങ്ങളായി ഗുഞ്ഞ്ജന്‍ ആ കുഞ്ഞു കാലിളക്കങ്ങളെ വായിച്ചെടുത്തു. കത്തുന്ന വിശപ്പിനോടുള്ള അവന്റെ പ്രതിഷേധം ഡോളക്കില്‍ അടിച്ചു തീര്‍ത്തു കവലയില്‍ ആളെ കൂട്ടുകയാണവനിപ്പോള്‍ .
കണ്ടു മറന്ന മേയ്യാട്ടങ്ങളില്‍ പുതുമ പോരാഞ്ഞാകാം ഏറെ നേരത്തെ ഗുന്ജന്റെ കസര്‍ത്തിനു ശേഷവും ഡോളക്കിനു മുന്നില്‍ വെച്ച പാത്രത്തില്‍ നാണയമൊന്നും വീണില്ല. നെറ്റിയിലെ വിയര്‍പ്പു തുടച്ചു മാറ്റി മണ്ണില്‍ കളിക്കുന്ന തേജയെ മടിയില്‍ വെച്ചു വേവലാതി പൂണ്ട് അവള്‍
രാജുവിനരികിലിരുന്നു. അവന്റെ കുഞ്ഞു കൈകള്‍ തളര്‍ന്നു തുടങ്ങി എന്നറിയിക്കും വിധം ഡോളക്ക് നാദം നേര്‍ത്തിരിക്കുന്നു.
പടിഞ്ഞാറ് ചുവക്കാന്‍ തുടങ്ങി. നിരാശ പേറുന്ന മനസ്സുമായി അവള്‍ നാത്തു സേട്ടിന്റെ കടക്കു മുന്നിലേക്ക് നടന്നു. തലയിലെ ഗാന്ധി തൊപ്പി നേരെ വെച്ച് സേട്ട് ഗുന്ജ്ജനെ തറപ്പിച്ചൊന്നു നോക്കി. എന്നിട്ട് മുന്നോട്ടു പോകാന്‍ കൈ കൊണ്ട് ആംഗ്യം നല്‍കി. അത് കാണാത്ത മട്ടില്‍ അവിടെ തന്നെ നിന്ന് അവള്‍ പതിഞ്ഞ സ്വരത്തില്‍ യാചിച്ചു.
"സേട്ട് ... എനിക്കൊരു കാല്‍ക്കിലോ ആട്ട തരൂ ... കാശ് ഞാന്‍ നാളെ കളിച്ചു കിട്ടിയാല്‍
തരാം "
ഒരു പൊട്ടി ചിരിയായിരുന്നു അതിനുള്ള മറുപടി!!.
"നീ കുറെ കളിക്കും ... ഈ നേത്താവലിയില്‍ ആര്‍ക്കു കാണണം നിന്റെ കളി?
നിങ്ങള്‍ക്കീ ജന്മം ദൈവം വിധിച്ചത് പട്ടിണിയാണ് ... നിനക്ക് ആട്ട തന്ന് പട്ടിണി മാറ്റി
ഞാന്‍ ദൈവ ഹിതത്തിനെതിരായി പ്രവത്തിച്ചു കൂടാ ....
എനിക്ക് ദൈവ ശിക്ഷ ലഭിക്കും ."
സേട്ടിന്റെ തത്വ ശാസ്ത്രം താള ബോധമില്ലാത്ത ഏതോ വാദ്യക്കാരന്റെ പെരുമ്പറവാദനം പോലെ അവളുടെ കാതുകളില്‍ മുഴങ്ങവേ ശരീരമാകെ വിറകൊള്ളുന്നത് അവള്‍ അറിഞ്ഞു. കണ്ണുകളെ ഇരുള്‍ മൂടാന്‍ തുടങ്ങി . ആ ഇരുളില്‍ നിന്നും വെള്ളകെട്ടിന് നടുവിലെ കൂടാരം തെളിഞ്ഞു വരുന്നു .
ചലനമറ്റു കിടക്കയാണ് ഭോല അതിനുള്ളില്‍ . കൂടാരത്തിന് മുകളില്‍ തത്തി കളിച്ചിരുന്ന കാറ്റ്
പെട്ടന്നൊരു സംഹാരഭാവം കൈകൊണ്ട് കൂടാരത്തിന്റെ മുകളെടുക്കുന്നു.
കാറ്റിന്റെ താണ്ഡവം നിലയ്ക്കുന്നില്ല. ഭോലയുടെ ശരീരത്തില്‍ നിന്ന് മുഷിഞ്ഞ പുതപ്പു തട്ടി
പറിക്കയാണ് കാറ്റ്. നഗ്നമായ ആ അസ്ഥിപന്ജ്ജരത്തിന്റെ മാറ് പിളര്‍ന്നു
ജീവന്റെ പക്ഷി മേല്‍ഭാഗം തുറന്ന കൂടാരത്തില്‍ നിന്ന് വിഹായസ്സിലേക്ക് പറന്നകലുന്നത് അവള്‍ മനസ്സില്‍ കണ്ടു. ആ മുഖം ഈച്ചകള്‍ പൊതിഞ്ഞു വികൃതമാക്കിയിരിക്കുന്നു. ചെവികള്‍ രണ്ടിലും കൈചേര്‍ത്ത് അവളലറി വിളിച്ചു
" ഭോലാ ..."
അവളുടെ ദീന നാദം നേത്താവലി കവലയില്‍ അലിഞ്ഞലിഞ്ഞില്ലാതായി.
അവള്‍ കിതക്കയാണ്.
ഒരു ദീര്‍ഘ നിശ്വാസത്തിനു ശേഷം ഏതോ ഭ്രാന്തമായ ഒരാവേശം അവളെ മുന്നോട്ടു നയിച്ചു. ആ പദ ചലനങ്ങള്‍ക്കൊപ്പം അവളുടെ ചുണ്ടുകളും ചലിച്ചു കൊണ്ടിരുന്നു.
"ഞങ്ങള്‍ക്കും ജീവിക്കണം ... ഒരു നേരമെങ്കിലും റൊട്ടി കഴിച്ച് .....
ഞങ്ങള്‍ക്കും ജീവിക്കണം "
പകലിന്റെ നിറം വല്ലാതെ മങ്ങി കഴിഞ്ഞു. ക്ഷീണിച്ച കണ്ണുകളാല്‍ ചുറ്റിലും അമ്മയെ തിരയുകയാണ് രാജു. ഒടുവില്‍ അവന്‍ അമ്മയെ കണ്ടെത്തി. റോഡരികില്‍ നിര്‍ത്തിയിട്ട റിക്ഷയില്‍ ചാരി നിന്ന് നിഴല്‍ രൂപങ്ങളോട് വില പറയുകയാണവള്‍ !
ഇരുളിന് കനമേറുമ്പോള്‍ പങ്കിട്ടു നല്‍കാനുള്ള അവളുടെ മാംസത്തിന്റെ വില !!
രാജുവിന്റെ തളര്‍ന്ന കൈകള്‍ തീര്‍ക്കുന്ന ഡോളക്ക് നാദം അപ്പോഴും ഒരു തേങ്ങലായ്
നേത്താവലിയിലെ കവലയില്‍ മുഴങ്ങി കൊണ്ടിരുന്നു.
* ആട്ട ... ധാന്യ മാവ്
** കൊയില ... കല്‍ക്കരി