skip to main | skip to sidebar

Pages

  • Home
  • കഥ
  • കവിത
  • നര്‍മ്മം
  • അനുഭവം
  • യാത്ര
  • നുറുങ്ങുകള്‍

THUNCHANY

December 15, 2011

തമ്പും തേടി

ഭഗവതിക്കാവിലെ കൊടിയേറ്റുത്സവത്തിന്‍ നാളിലാണ്‌ കാര്‍ത്തു ആദ്യമായി കൊച്ചമ്പ്രാനെ കണ്ടത്.  ആരവങ്ങള്‍ക്കിടയില്‍ നാലഞ്ച് വാല്യക്കാര്‍ക്ക് നടുവില്‍ കണ്ട ആ സുന്ദരരൂപം അവളെ വല്ലാതെ ആകര്‍ഷിച്ചു.  

അപ്പന്‍ പറേന്നത്‌ ശര്യാ... കോതമ്പിന്‍റെ നെറാ.... അവളുടെ ചുണ്ടുകള്‍ പിറുപിറുത്തു.  ഒത്ത ഉയരം. രോമാവൃതമായ നെഞ്ചില്‍, തൂങ്ങിയാടുന്ന സ്വര്‍ണാഭരണങ്ങള്‍. തോള്‍ മറച്ച് അരയോളം നീളുന്ന കസവ് വേഷ്ടി. കാവില്‍ മുറുകിക്കൊണ്ടിരുന്ന മേളപ്പെരുക്കം കൊട്ടിക്കയറിയത് കാര്‍ത്തുവിന്‍റെ നെഞ്ചിലേക്കായിരുന്നു.

"
നമ്മക്കിബടന്നു മാറിനിക്കാം... തമ്പ്രാനാത്രേ... നോട്ടം പെണ്ണുങ്ങടെ മൂട്ടിലാ..."
 
അസ്വാരസ്യം നിറഞ്ഞ ചിരുതയുടെ വാക്കുകളാണ് കാര്‍ത്തുവിനെ ചിന്തകളില്‍നിന്നും തിരികെ കൊണ്ടുവന്നത്.

"ഓരൊക്കെ ബല്ല്യ ആള്‍ക്കാരാ... തോന്നാസ്യം പറേണ്ട..."
അല്പം നീരസത്തോടെയാണ് കാര്‍ത്തു ചിരുതയോട് പ്രതികരിച്ചത്.  ആദ്യ കാഴ്ചയില്‍ത്തന്നെ തമ്പ്രാന്‍ ദൈവതുല്യനായി അവളില്‍ കുടിയേറിക്കഴിഞ്ഞിരുന്നു.

തമ്പ്രാന്‍റെ നോട്ടം കാര്‍ത്തുവിലേക്കാണ്  എന്ന് തിരിച്ചറിഞ്ഞ ശിങ്കിടി നാണുനായര്‍ പറഞ്ഞു,
"
നമ്മടെ കോരന്‍റെ മോളാ.... പാവം... തള്ളല്ല്യാത്ത കുട്ട്യാ.."

നാണു നായരുടെ വാചകം സുഖിക്കാത്ത തമ്പ്രാന്‍ അല്പം തീഷ്ണമായ ഒരു നോട്ടത്തോടെ നായരുടെ നേരെ തിരിഞ്ഞു,
" 
പാവാണോ, പണക്കാരാണോ...ന്ന് നോം തന്നോട് ചോദിച്ചോ?  വങ്കത്തരങ്ങള്‍ മേലാല്‍ നമ്മോട് വിളമ്പണ്ട ..."

മുന്നോട്ടു നടന്ന തമ്പ്രാനു പിറകെ തലചൊറിഞ്ഞ് നടക്കുമ്പോഴും തമ്പ്രാന്‍റെ വിവിധ നിറങ്ങള്‍ പലപ്പോഴായി കണ്ടറിഞ്ഞ  നാണുനായര്‍ എന്തോ പിറുപിറുത്തു കൊണ്ടിരുന്നു.  ഉദരനിമിത്തം തമ്പ്രാനു പുറകെ വേഷം കെട്ടി ആടുമ്പോള്‍ പോലും നായരിലെ  പിതാവിന്
പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല......കാരണം  നായരും രണ്ടു പെണ്മക്കളുടെ അച്ഛനല്ലേ! 

ദേവന്‍ എന്ന് വിളിക്കുന്ന ദേവനുണ്ണി.....
കിരീടം വയ്ക്കാത്ത രാജാക്കന്മാര്‍ എന്ന് നാടാകെ ഘോഷിക്കുന്ന മാളികപ്പുരയിലെ ഇളയ സന്തതിയാണ്. 

 ഒരു ദേശത്തിന്‍റെ പകുതിയിലധികം ഭൂസ്വത്തും, രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ പലതരം ബിസിനസ്സും നിരവധി കമ്പനികളും, ആനയും അമ്പാരിയുമൊക്കെയായി മേലാളപ്പെരുമ വിളിച്ചോതിനടക്കുന്ന മാളികപ്പുര വീട്ടിലെ പുറംപണിക്കാരനാണ് കോരന്‍.
 
തെങ്ങുകളുടെ കട കിളയ്ക്കുക, തോട്ടം നനയ്ക്കുക, വളം ചെയ്യുക, പശുക്കളെ കുളിപ്പിക്കുക, കൊമ്പന്മാരായ ശിവനും കൃഷ്ണനും തീറ്റയ്ക്ക്  പനമ്പട്ട വെട്ടിശേഖരിക്കുക... ഇതൊക്കെയായിരുന്നു കോരന് നിര്‍വഹിക്കാനുള്ള കൃത്യങ്ങള്‍.

 
മാളികപ്പുരയിലെ കുശിനിക്കാരന്‍ കുഞ്ഞുണ്ണി മൂപ്പന്‍റെ ഔദാര്യത്താല്‍ മൃഷ്ട്ടാന്നം സുഭിക്ഷമായതിനാല്‍ കയ്യിലെത്തുന്ന കൂലി അതേപടി കവലയിലെ ഷാപ്പില്‍ മുടക്കി, അടിയുറയ്ക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷമേ കോരന്‍ കുടിലിലേയ്ക്ക് മടങ്ങൂ. വീടിനു  മുന്നിലെ പാടത്തിന്‍ കരയിലെത്തിയാല്‍ അക്കരേയ്ക്കു നോക്കി  "മോളെ കാര്‍ത്തോ...."  എന്ന് നീട്ടി വിളിക്കും.  

 കാറ്റിന്‍റെ താളത്തില്‍ നൃത്തം വയ്ക്കുന്ന പാട്ടവിളക്കിന്‍റെ നാളം നീട്ടി അപ്പനെ എതിരേറ്റ് കുടിയില്‍ എത്തിക്കുന്നത് കാര്‍ത്തുവിന്‍റെ ദിനചര്യകളുടെ ഭാഗമായിരുന്നു.  കുടിലില്‍ എത്തിയാല്‍പ്പിന്നെ കരച്ചിലും ഏറ്റുപറച്ചിലും തുടങ്ങും. അതിനു കാരണങ്ങള്‍ ഏറെയാണ്‌...

ചിലപ്പോള്‍ വയസ്സറിയിച്ചു കാലം കുറച്ചായിട്ടും മംഗല്യം കനിയാത്ത മകളുടെ വിധിയെക്കുറിച്ചോര്‍ത്താണ് രോദനമെങ്കില്‍, മറ്റൊരിക്കല്‍ തലയും മുലയും വളര്‍ന്ന മകള്‍ക്ക്  കൂട്ടാകേണ്ട പെറ്റമ്മ നഷ്ടമായതിനാലാകാം.  കരച്ചിലിനിടയില്‍  എന്നെയും
മകളെയും ജീവിക്കാന്‍വിട്ട് നീ ഒറ്റയ്ക്കെന്തിനു പോയി....? എന്ന് മണ്മറഞ്ഞ പത്നിയോട് ചോദിക്കുന്ന  പതിവുചോദ്യം  ആവര്‍ത്തിച്ചു കൊണ്ടിരിക്കും.
                                                                                                                                                   
അപ്പാക്ക്‌ കള്ള് ചെല്ലുമ്പോ മാത്രം കാണുന്ന ഈ ഏനക്കേടിനെ പഴിച്ച് മുനിഞ്ഞു കത്തുന്ന വിളക്കിന്‍ നാളത്തെ കൈകൊണ്ടു വീശിക്കെടുത്തി പായിലേക്ക് ചരിയുമ്പോള്‍  ആ പാവം പെണ്ണിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരിക്കും. ചാണകം മെഴുകിയ നിലത്തു വിരിച്ച പായയില്‍ ഉറക്കം വരാതെ സമയം തള്ളിനീക്കുമ്പോള്‍ മനസ്സില്‍  തെളിയുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ നെഞ്ചിലിഴയുന്ന സ്വര്‍ണനൂലുകളുമായി കസവുപുതച്ച് മന്ദഹസിച്ചുനില്‍ക്കുന്ന കൊച്ചമ്പ്രാനും സ്ഥാനം പിടിച്ചിരിക്കുന്നു എന്നവള്‍ അറിഞ്ഞു.

 
ഉച്ചക്കഞ്ഞിയ്ക്ക് ഊട്ടുപുരമുറ്റത്ത്‌ കുഴിച്ച കുഴിയില്‍ വാഴയില വാട്ടി  തിരുകുമ്പോള്‍ മുന്നില്‍ വന്ന തമ്പ്രാന്‍ ചോദിച്ചു, 
"
കോരാ... നിന്‍റെ മകള്‍ക്ക്  താഴെകരവരെ വന്ന് വീടും മുറ്റോക്കെ സ്ഥിരായിട്ട് ഒന്നു തൂത്തു തൊടച്ചൂടെ?  രണ്ടു നാഴികടെ പണ്യെ ഒള്ളൂ. മുഴോന്‍ ദിവസത്തെ കൂലി വാങ്ങിക്കോ..."

തിരുവായ്ക്ക് എതിര്‍ വായില്ലല്ലോ... തമ്പ്രാന്‍റെ കല്പനയ്ക്ക് മറുപടിയായി കോരന്‍ ഒന്നും ഉരിയാടിയില്ല...  പിറ്റേന്ന് പാടത്തിന്‍റെ മറുകരയിലുള്ള താഴെകര എസ്റ്റേറ്റ്‌ ബംഗ്ലാവിലേയ്ക്ക്  മകളെ പണിയ്ക്കായി അയയ്ക്കുമ്പോള്‍ ആ പിതാവ് പ്രാര്‍ഥിച്ചു,  " തൈവങ്ങളെ... ന്‍റെ കുട്ട്യേ കാത്തോളണേ..."
 
നിറമുള്ള സ്വപ്നങ്ങള്‍ക്ക് പുറമേ കോളനിയിലെ അസ്വാതന്ത്ര്യത്തില്‍നിന്നും അല്‍പ്പനേരത്തേയ്ക്കെങ്കിലും ഒരു മോചനം... അത് കാര്‍ത്തുവില്‍  ഏറെ സന്തോഷം പകര്‍ന്നു.
 
മഞ്ഞു തുള്ളികളുടെ നനവുപുരണ്ട് പാടവരമ്പില്‍ വീണുമയങ്ങുന്ന നെല്ക്കതിരുകളെ കാല്‍ കൊണ്ട് വകഞ്ഞുമാറ്റി മുന്നോട്ടുനടക്കുമ്പോള്‍ താഴെകര ബംഗ്ലാവിനെ  കുറിച്ച് ചിരുത പറഞ്ഞ കാര്യങ്ങള്‍ അവളോര്‍ത്തു. 

  കണ്ണെത്താദൂരത്ത് പരന്നുകിടക്കുന്ന റബ്ബര്‍മരങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന അരുവി... അരുവിക്കരയില്‍ ബംഗ്ലാവ്...  ബംഗ്ലാവിനുചുറ്റും വിവിധവര്‍ണ്ണങ്ങളില്‍ പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന പൂന്തോട്ടം. നാനാതരം കിളികളുടെ നാദം. താഴ്ന്ന കൊമ്പുകളില്‍ അങ്ങോട്ടുമിങ്ങോട്ടും പറക്കുന്ന മയിലുകള്‍. പാറകളില്‍ത്തട്ടി ചിതറുന്ന അരുവിയിലെ ജലത്തില്‍ സൂര്യരശ്മികള്‍ തീര്‍ക്കുന്ന വര്‍ണ്ണവില്ലുകള്‍.  ഏതോ സ്വപ്നലോകത്തേക്ക് എടുത്തെറിയപ്പെട്ട കാര്‍ത്തു, കാര്യസ്ഥന്‍ കേശവന്‍ ബംഗ്ലാവിന്‍റെ വാതില്‍ തുറന്നുകൊടുക്കുമ്പോഴും സ്വപ്നത്തില്‍നിന്ന് ഉണര്‍ന്നിരുന്നില്ല.

"
കാര്‍ത്തോ..... ഇവിടെ കാണണതും നടക്കണതും പൊറത്ത്‌ പോയി വിളമ്പണ്ട... കൊല്ലിനും കൊലക്കുംവരെ മറുചോദ്യം ഇല്ല്യ, മനസ്സിലായോ...?"

കേശവന്‍  പറഞ്ഞ വാചകത്തിന്‍റെ പൊരുള്‍ ഗ്രഹിക്കാനാകാതെ നനച്ചതുണികൊണ്ട് നിലം തുടയ്ക്കുമ്പോള്‍ അവള്‍ കരുതി, ചിരുതക്കും കേശവനും  ഒക്കെ തമ്പ്രാക്കളോട്  അസൂയയാ... എന്തിനും കുറ്റം മാത്രേ കാണൂ.  അവള്‍ക്കീ ജോലിനല്‍കിയ കൊച്ചമ്പ്രാന്‍റെ നല്ല മനസ്സ്‌ അവള്‍ക്കു
കാണാതിരിക്കാനായില്ല.

 
ഒരു തണുത്ത കരസ്പര്‍ശം തോളില്‍ വീണപ്പോള്‍ കാര്‍ത്തു ഞെട്ടിത്തിരിഞ്ഞു. പെട്ടെന്ന് മുന്നില്‍ കണ്ട തമ്പ്രാനു മുന്നില്‍ അവള്‍ ചൂളിപ്പോയി. അവള്‍ എഴുന്നേറ്റ് തമ്പ്രാനുമുന്നില്‍ തല കുനിച്ചു നിന്നു.
"ഇന്ന് പൊയ്ക്കോ..." കൂലിക്കൊപ്പം ഒരു കടലാസുപൊതി  കൂടി അവള്‍ക്കുനേരെ നീട്ടി തമ്പുരാന്‍ പറഞ്ഞു.

പാടവരമ്പിലൂടെ കുടില്‍ ലക്ഷ്യമാക്കി നടക്കുമ്പോള്‍ തമ്പ്രാന്‍ നല്‍കിയ സമ്മാനം എന്താണെന്ന് അറിയാന്‍  ഒരു ജിജ്ഞാസ അവളില്‍ ഉടലെടുത്തു. സമ്മാനപ്പൊതി തുറന്ന അവള്‍ വല്ലാത്ത ഒരുതരം വശ്യസുഗന്ധത്താല്‍ വലയം ചെയ്യപ്പെട്ടു. ഹായ്... സെന്റ്‌... അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു...
പിന്നീട് ഓരോ ദിവസവും അവള്‍ വളരെ ഉത്സാഹവതിയായി അണിഞ്ഞൊരുങ്ങി ബംഗ്ലാവിലെത്തി. ഉണ്ടില്ലെങ്കിലും ഉടുത്തൊരുങ്ങി നടക്കുന്നതില്‍ ചെറുപ്പം മുതലേ കാര്‍ത്ത്യായനി ശ്രദ്ധിച്ചിരുന്നു. കോരന്റെ സുന്ദരിയായ ഈ  മകള്‍ക്കുപിറകെ കഴുകന്‍കണ്ണുകള്‍ ഏറെയെന്നതിനാല്‍ അമ്മ നഷ്ടപ്പെട്ട മകളെ കുടിലില്‍ നിന്നു പുറത്തിറങ്ങാന്‍ കോരന്‍ സമ്മതിച്ചിരുന്നില്ല. പക്ഷെ തമ്പ്രാക്കള്‍ ആജ്ഞാപിച്ചാല്‍ എന്തുചെയ്യും. തന്‍റെ നിവൃത്തികേടിനെ പഴിക്കയല്ലാതെ.
 
കൂരയിലെ  നാല് ചുമരുകള്‍ക്കുള്ളില്‍ മാത്രം ലോകം  കണ്ടുവളര്‍ന്ന കീഴാള പെണ്ണിന് താന്‍ കാണാത്ത കാഴ്ചകള്‍ കാണുമ്പോഴും ഭൌതികനേട്ടം ജീവിതസമവാക്യങ്ങളില്‍ വരുത്തുന്ന വ്യതിയാനം അനുഭവിച്ചറിയുമ്പോഴും മേലാളന്‍ ഒരുക്കുന്ന കെണി കാണാന്‍ കഴിയുന്നതെങ്ങിനെ?


നാളുകള്‍ പോകെപ്പോകെ തമ്പ്രാന്‍ നീട്ടിയ ഔദാര്യങ്ങള്‍ പണമായും പണ്ടമായും വന്ന് കാര്‍ത്തുവിനുമേല്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ തമ്പ്രാന്‍ നല്‍കിയ സുഗന്ധം വാരിപ്പൂശി  സ്വന്തം ശരീരം തമ്പ്രാന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ അവള്‍ നിര്‍ബന്ധിതയായി. എസ്റ്റേറ്റ്‌ ബംഗ്ലാവിന്‍റെ അകത്തളങ്ങളില്‍ വച്ച്  പലപ്പോഴായി തമ്പ്രാന്‍ പകര്‍ന്നുനല്‍കിയ ചൂടും ചൂരും ഏറ്റുവാങ്ങി നൂലറ്റ പട്ടം കണക്കേ അവള്‍ അനന്തവിഹായസ്സില്‍ നാളുകള്‍ പാറി നടന്നെങ്കിലും, ചലനഗതിയില്‍ രൂപംകൊണ്ട പിഴവുകളാല്‍ ആടിയുലഞ്ഞു  നിലംപതിച്ചത് പൊടുന്നനെയായിരുന്നു.

മാസക്കുളി തെറ്റിയ കാര്യം തമ്പ്രാനെ അറിയിച്ചപ്പോള്‍ അശേഷം കൂസലില്ലാതെ അദ്ദേഹം പറഞ്ഞു...
 
"
ന്‍റെ കാര്‍ത്തോ... ഇതൊക്കെ ഒരു വിഷയാ...
ആ കാളിയെ ഞാന്‍ വിളിച്ചു  പറയാം..
രണ്ടു നാഴിക... അവളെല്ലാം ശര്യാക്കിത്തരും..."

 
തമ്പ്രാന്‍ നിര്‍ദേശിച്ച കാളിയെ ഉപയോഗിച്ചുള്ള പ്രാകൃത ഗര്‍ഭഛിദ്രത്തില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത് നാട്ടില്‍ പാട്ടായതിനാല്‍ കാര്‍ത്തു അതിനു വിസമ്മതിച്ചു.
 
"
ഓള് ആളെ കൊല്ലും... ക്ക്... പേട്യാ" കാര്‍ത്തു പറഞ്ഞു.

"
ന്ന..  ഒരു കാര്യം ചെയ്യാ... അങ്ങട് പ്രസവിച്ചോള..."

കേണുകരഞ്ഞുകൊണ്ടവള്‍ പറഞ്ഞു,  "ന്നെ....  കൈവിടല്ലേ തമ്പ്രാ....."

"കൂടെ കെടന്നോരെ മുഴോന്‍ വേളികഴിക്കാന്‍ പറ്റോ കാര്‍ത്തോ...?  നെനക്ക് കാശെത്ര വേണം... അത് പറഞ്ഞോ.... ക്ഷീണം കാണും... നാളെത്തൊട്ട് പണിക്കു വരണ്ട.  ഞാന്‍ വേറെ ആളെ നോക്കാം..."
 
തമ്പ്രാന്‍ ചവച്ചുതുപ്പിയ ഏതോ ഉച്ചിഷ്ടം.... അതാണ്‌ താനെന്നു  തിരിച്ചറിഞ്ഞ കാര്‍ത്തു താന്‍ ചെന്നുപതിച്ച ആഴത്തെക്കുറിച്ച് അപ്പോഴാണ്‌ ചിന്തിച്ചത്. 

വിങ്ങുന്ന മനസ്സും തളര്‍ന്ന ശരീരവുമായി ബംഗ്ലാവിന്‍റെ പടികള്‍ ഇറങ്ങുമ്പോള്‍ കിളികളുടെ പാട്ട് നിലച്ചിരുന്നു.  തോട്ടത്തിലെ പൂക്കള്‍ക്ക് നിറം നഷ്ടപെട്ടിരുന്നു .   അരുവിയുടെ ഒഴുക്കിന്‍റെ നാദം അവള്‍ക്കു കേള്‍ക്കാനായില്ല.  പറക്കുന്ന മയിലുകളെ അവള്‍ കണ്ടില്ല. റബ്ബര്‍ മരച്ചില്ലകള്‍ നിശ്ചലമായിരുന്നു. കാറ്റുപോലും തന്നെ വെറുത്തുവോ എന്നവള്‍ സംശയിച്ചു.

 
രണ്ടുനാള്‍ പണിക്കുപോകാതെ കുടിലില്‍ തന്നെ ചടഞ്ഞിരുന്ന മോളോട് കോരന്‍ ചോദിച്ചു, "ന്താ കുട്ട്യേ... അനക്ക്... സൊകല്ല്യെ?"

"
എനക്ക്  വയ്യ അപ്പ ... 
ഒറ്റയ്ക്ക് ഇനി പൊറുക്കാന്‍ വയ്യ... അപ്പനിഷ്ടള്ള ആരാച്ചാ പറഞ്ഞോ...
ഞാ  കൂടെ എറങ്ങാം...''

ആരെ കാണിച്ചാലും "കറുത്തിട്ടാണ്... കണ്ണ് കൊള്ളൂല, മുടി കൊള്ളൂല" എന്നൊക്കെ പറയാറുള്ള മകളുടെ പെട്ടെന്നുള്ള ഈ മാറ്റം കോരനെ തെല്ല് അമ്പരപ്പിച്ചുവെങ്കിലും തന്‍റെ കണ്ണടയുന്നതിനു മുന്‍പ് അവളെ ആര്‍ക്കെങ്കിലും പിടിച്ചേല്‍പ്പിക്കാന്‍ കഴിയുമല്ലോ എന്നോര്‍ത്ത് അയാള്‍  ആശ്വസിച്ചു.

 
പതിവുപോലെ അന്നും അന്തിക്കള്ള് മോന്തി തല ഉയര്‍ത്തിനോക്കിയപ്പോള്‍ മുന്നില്‍ക്കണ്ട ആ രൂപത്തെ കോരന്‍ അടിമുടി ഒന്ന് വീക്ഷിച്ചു. നല്ല കരിവീട്ടിയില്‍ കടഞ്ഞെടുത്ത പോലുള്ള ശരീരം...  നെറ്റിയിലേക്ക്  വീണുകിടക്കുന്ന ചുരുളന്‍ തലമുടി. മുട്ടിനു മുകളില്‍ ചുറ്റിയ കള്ളിമുണ്ടിനുചേര്‍ന്ന ചുവപ്പുനിറത്തില്‍ ഒരു ബനിയന്‍. കഴുത്തില്‍ ടവല്‍ കൊണ്ടൊരു കെട്ട്.  തന്നെ നോക്കി കള്ള് മോന്തിക്കൊണ്ടിരുന്ന അവന്‍റെ മുഖത്തെ ചിരി കോരന് ഏറെ ബോധിച്ചു. ഷാപ്പിനു മുന്നിലെ ഒഴിഞ്ഞ പറമ്പില്‍ കയര്‍ കെട്ടി വൃത്താകൃതിയില്‍  തീര്‍ത്ത സ്ഥലത്ത് സൈക്കിള്‍ അഭ്യാസം നടത്തുന്നവനാണെന്ന് അടുത്തിരുന്ന ആരോ പരിചയപെടുത്തി. രണ്ടു ദിവസം കഴിഞ്ഞാല്‍ ഇവിടം വിട്ട് അടുത്ത സ്ഥലത്തേക്ക് പോകുമത്രേ. കുറച്ചു നേരത്തെ മൗനത്തിനുശേഷം കോരന്‍ ചോദിച്ചു...

"
എന്താന്‍റെ പേര്?""വേലായുധന്‍...."

"
അനക്ക് പെണ്ണും പെടക്കൊഴീം ഒന്നൂല്ല്യെ?'"
തല ഉയര്‍ത്താതെതന്നെ അയാള്‍ ഉത്തരം പറഞ്ഞു...
"
ഇണ്ടാര്‍ന്നു... ഓള് ചത്ത്‌.. ഇപ്പൊ ഒറ്റത്തടി... സര്‍ക്കസ്സുനടത്തി വല്ലോം  കിട്ടോണ്ട് തീറ്റേം കുടീം.... പിന്നെ ഇത് പോലെ വല്ല ഷാപ്പിന്റേം കോലായില്  ചുരുളും..."

ഉള്ളിലുയര്‍ന്ന ആകാംക്ഷ പുറത്തുകാണിക്കാതെ കോരന്‍ വീണ്ടും ചോദിച്ചു,
"
ഇങ്ങനെ മത്യോ... പെണ്ണൊക്കെ കെട്ടി ഒരു കുടുംബോക്കെ വേണ്ടേ?"
ബീഡിക്കറ പുരണ്ട പല്ലുകള്‍ കാണിച്ചുചിരിച്ച് വേലായുധന്‍ ഒരു മറുചോദ്യം നീട്ടി...
 
"
ഊര് തെണ്ടി നടക്കണ എനക്കാരാ പെണ്ണ് തരാ?"

"ഞാന്‍ തന്നാലോ.... ? "

ഒരു വെറുംവാക്ക് പോലെ തന്‍റെ മുന്നിലേയ്ക്കെറിഞ്ഞ ചോദ്യത്തിന്‍റെ ഉത്തരംതേടി വീശിത്തെളിച്ച ചൂട്ടുവെളിച്ചത്തില്‍ കോരനെ അനുഗമിക്കുമ്പോള്‍ വേലായുധന്‍റെ മനസ്സില്‍ പുതിയൊരു  വെളിച്ചം പരക്കുകയായിരുന്നു.   കത്തിത്തീര്‍ന്ന ചൂട്ടുകുറ്റി  കാല്‍ കൊണ്ട് ചവിട്ടിക്കെടുത്തി  കോരന്റെ കുടിലില്‍  കാല്‍വച്ചപ്പോള്‍  മുന്നില്‍ക്കണ്ട കാര്‍ത്തുവിനെ ആ നിമിഷം തന്നെ വേലായുധന്‍  മനസാ വരിച്ചുകഴിഞ്ഞിരുന്നു. വിളക്കിന്‍ വെട്ടത്തില്‍  ആ മുഖം തിളങ്ങിയപ്പോള്‍ എത്ര സുന്ദരിയാണ് ഇവളെന്നു അവന്‍റെ  മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.
കാര്യങ്ങള്‍ മകളെ ധരിപ്പിച്ച്‌ കോരന്‍ പറഞ്ഞു...

"
മറ്റന്നാള്‍ ഇബിടുന്നു പോണത്രെ... അപ്പോള്‍ നാളെ ന്നെ ചാത്തമ്മാരടെ മുന്നി വെച്ച്  താലിച്ചരട് കെട്ടാ... ഒരൂസം അപ്പന്‍റെ കൂടെ ഇണ്ടല്ലോ... പിന്ന എടക്കൊക്കെ ബന്നു കണ്ടാ മതി ട്ടാ...
" അപ്പന്‍ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അവള്‍ കണ്ടു.  പക്ഷെ ഒന്നും കാണാനാകാത്തവിധം ഒരു  നിസ്സംഗത അവളെ ആവരണം ചെയ്തിരുന്നു. രണ്ടാംകെട്ടുകാരനായതിനാലാകാം അവളുടെ മുഖത്ത് ഈ  വിഷാദം എന്ന് വേലായുധനും ധരിച്ചു.
പിറ്റേന്ന്  ഭഗവതിക്കാവില്‍ തൊഴാന്‍ പോയപ്പോഴാണ് കൂട്ടുവന്ന ചിരുത പറഞ്ഞത്,

 
"കാര്‍ത്തോ... അറിഞ്ഞാ... ഇയ്യ് പോന്നേപ്പിന്നെ എസ്റ്റേറ്റ്‌ പണിക്കു നിര്‍ത്ത്യ തെക്കേലെ മാളൂനെ തമ്പ്രാന്‍ പെഴപ്പിച്ച്...  ഓരെ കൊണ്ട് ശവം തീറ്റിക്കും ന്ന് പറഞ്ഞാത്രേ ഓള് നെഞ്ചത്തടിച്ച് എറങ്ങിപ്പോയത്.... അപ്പനെ ഓര്‍ത്താരിക്കും  അന്നേ ഒന്നും ചെയ്യാണ്ട് വിട്ടേ...
ഞാന്‍ പറേമ്പോ  ഇയ്യ് എന്താ പറഞ്ഞെ... ഓര് ബല്ല്യോരാ.... ഫൂ... 

"  കാറിത്തുപ്പി ചിരുത പറഞ്ഞ ഈ വാര്‍ത്ത കാര്‍ത്തുവില്‍ യാതൊരു ഭാവഭേദവും പകര്‍ന്നില്ല. തനിക്കു പിറകെ മറ്റൊരു ഇര കൂടി ... എന്ന് ചിന്തിച്ച് മൗനം പേറി അവള്‍ ചിരുതയ്ക്കൊപ്പം നടന്നു.

 
താലികെട്ട് കഴിഞ്ഞ് ആചാരോപചാരങ്ങള്‍ക്ക്  ശേഷം ചാത്തന് നിവേദിച്ച കള്ളും കോഴീം തീര്‍ത്ത്‌ കാരണവര്‍മാര്‍ മടങ്ങിയപ്പോള്‍ പാതിരാത്രി കഴിഞ്ഞിരുന്നു. എണ്ണകഴിഞ്ഞ് അണയാന്‍ തുടങ്ങിയ വിളക്കിന്‍നാളം ഊതിക്കെടുത്തി വേലായുധനില്‍ നിന്നും വമിക്കുന്ന ബീഡിച്ചൂരും വിയര്‍പ്പിന്‍ നാറ്റവും സ്വീകരിക്കുമ്പോള്‍ താഴെകര ബംഗ്ലാവിന്‍റെ അകത്തളങ്ങളില്‍വച്ച് തമ്പ്രാനില്‍ നിന്നേറ്റുവാങ്ങിയ സുഗന്ധം അവളെ വല്ലാതെ  അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

നിര്‍വികാരത പുതച്ച അവളുടെ ഉടലില്‍ പേമാരിയായ് പതിച്ച വേലായുധന്‍റെ  പൌരുഷം മന്ദമന്ദം പെയ്തൊഴിഞ്ഞ് തളര്‍ച്ചയിലേക്ക് വഴുതിവീണ നിമിഷങ്ങളില്‍ അവന്‍ ചോദിച്ചു....
" 
അനക്കെന്നെ ഇഷ്ടായില്ലേ.. കാര്‍ത്തോ?"ജീവനില്ലാത്ത ഒരു ചിരി പകരം നല്‍കി അയാളുടെ മാറിലേക്ക്‌ ചായുമ്പോള്‍ താനയാള്‍ക്ക് നല്‍കുന്ന വഞ്ചന പൊതിഞ്ഞ സ്നേഹം അവളെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു.

 
അപ്പന്‍റെ കാല്‍ തൊട്ടുവന്ദിച്ച് കോളനിയുടെ   പടിയിറങ്ങുമ്പോള്‍  ഓര്‍മ്മകള്‍ ഹൃദയം കീറിമുറിക്കുന്ന ഈ ദേശത്തേക്ക് ഇനിയൊരിക്കലും  തിരിച്ചുവരാതിരുന്നെങ്കില്‍ എന്നവള്‍  ആശിച്ചു.

തോളില്‍ തൂക്കിയ തുണിയുടെ മാറാപ്പും പേറി വേലായുധന് പിറകെ പാടം പിന്നിട്ടപ്പോള്‍ കാടിറങ്ങിവന്ന ഏതോ കൂട്ടനിലവിളിക്ക്‌ മുന്നില്‍ പായയില്‍ പൊതിഞ്ഞ ഒരു  മൃതദേഹം ചുമന്ന് ഏതാനും പേര്‍ കടന്നുപോയതവള്‍ കണ്ടു. തമ്പ്രാന്‍ പെഴപ്പിച്ച തെക്കേലെ മാളു വിഷംകുടിച്ചുചത്തുവെന്ന് കൂട്ടത്തില്‍ ആരോ പറഞ്ഞത് കേള്‍ക്കാതിരിക്കാന്‍ അവള്‍ കൈത്തലം  കൊണ്ട് ചെവികള്‍ക്ക് മറ തീര്‍ത്തിരുന്നു.  

 അടികള്‍ അമര്‍ത്തിച്ചവിട്ടി അടുത്ത തമ്പു തേടി യാത്ര തുടരുമ്പോള്‍ തമ്പ്രാന്‍റെ മാറിലെ സ്വര്‍ണനൂലുകള്‍,  പത്തി വിടര്‍ത്തിയാടുന്ന  ഉഗ്രസര്‍പ്പങ്ങളായി രൂപം പ്രാപിച്ചു ഗ്രാമജനതയെ വിഷം തീണ്ടുന്ന ചിത്രം മാത്രമായിരുന്നു അവള്‍ക്കു മുന്നില്‍...


(അറുപതുകളിലെ മേലാള മേല്‍കൊയ്മയുടെ തേര്‍വാഴ്ചയില്‍ കാലിടറി വീണ ജീവിതങ്ങള്‍ .... അപമാന ഭാരത്താല്‍ ജീവിതം ഹോമിച്ചവര്‍ ..മേലാളരുടെ ബീജവും ഉദരത്തില്‍ പേറി മറ്റു ചിലര്‍ക്ക് പിറകെ പലായനം ചെയ്തവര്‍... ചവിട്ടിയരക്കപെട്ട ആ ജീവിതങ്ങളുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഈ വരികള്‍ സമര്‍പ്പിക്കുന്നു ) 


പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 08:51 Email This BlogThis! Share to Twitter Share to Facebook
ലേബലുകള്‍: കഥ

93 അഭിപ്രായ(ങ്ങള്‍):

khaadu.. said...

കഥ വായിച്ചു... നല്ല ഭാഷ... നല്ല അവതരണം...
കഥയില്‍ പുതുമ ഇല്ല എന്ന് എഴുതാനാണ് കരുതിയത.. പക്ഷെ അവസാനം നിങ്ങളുടെ തന്നെ സമര്‍പ്പണം കണ്ടപ്പോള്‍ ആ കമ്മന്റിനു അര്‍ത്ഥമില്ലെന്ന് മനസ്സിലായി....

എന്തായാലും ആ പഴയ ഭാഷയില്‍ തന്നെയുള്ള എഴുത്ത് വായന സുഖം തന്നു...


അഭിനനദനങ്ങള്‍....

15 December 2011 at 10:41
സേതുലക്ഷ്മി said...

കഥയുടെ അവതരണം നന്നായി.കേട്ടും പറഞ്ഞും പുതുമ പോയ പ്രമേയമാണെന്നത് വിശദീകരണത്തിലൂടെ ന്യായീകരിക്കാം.
ഒരു സംശയം മാത്രം. അറുപതുകളിൽ, തമ്പ്രാന്റെ വീട്ടിൽ പുലയർക്കു പ്രവേശനം ഉണ്ടായിരുന്നോ...?

15 December 2011 at 11:44
വേണുഗോപാല്‍ said...

ശ്രീമതി സേതുലക്ഷ്മി ,,,
ശരിയായ ചോദ്യം ...
തമ്പ്രാന്മാര്‍ താമസിക്കുന്ന ഇല്ലങ്ങളില്‍ തീര്‍ച്ചയായും ഇല്ലായിരുന്നു. അവിടെ നായര്‍ മുതല്‍ ഉന്നത കുലജാതര്‍ക്കെ പ്രവേശനം ഉണ്ടായിരുന്നുള്ളൂ .
പക്ഷെ സുഖ ഭോഗങ്ങള്‍ക്കും ... ഉല്ലാസ വേളകള്‍ ചിലവിടാനും മറ്റും വേദികള്‍ ആകുന്ന എസ്റ്റേറ്റ്‌ ബംഗാള്വുകളിലും മറ്റും ആരെയും പ്രവേശിപ്പിക്കുമായിരുന്നു എന്നാണ് കേട്ടറിവ് .. നന്ദി വായനക്ക്

15 December 2011 at 11:53
Unknown said...

വേണു ഏട്ടാ ... നല്ല അവധരണം. പണ്ടത്തെ കാലത്തേക്ക് കൈപിടിച്ച് കൊണ്ട് പോയപോലെ . പുതിയ തലമുറ നോവലിലും , സിനിമയിലും മാത്രം കണ്ടു പരിചയിച്ച വഴികളിലൂടെ യുള്ള യാത്ര പോലെ തോന്നി . പാലെരിമാനിക്യത്തിലെ അഹമെദ് ഹാജി യെ യാണ് ഓര്മ വന്നത്. അടുത്ത കാലത്ത് കണ്ട ഈ സിനിമയിലെ കഥാപാത്രം പോലെ തോന്നിയത് കൊണ്ട് കഥയില്‍ ഒരു പുതുമയില്ലെങ്കിലും എഴുത്തിലെ മനോഹാരിത അത് മറികടക്കുന്നു .

15 December 2011 at 12:05
ഷബീര്‍ - തിരിച്ചിലാന്‍ said...

എഴുത്തിന് ഒരു പ്രൊഫഷണല്‍ ടച്ച് കൈവന്നിരിക്കുന്നു. മനോഹരമായി എഴുതിയിരിക്കുന്നു. നല്ല വായനാ സുഖം നല്‍കാനായി ഈ പോസ്റ്റിന്

പതിവിന് വിപരീതമായി എന്തെങ്കിലും സംഭവിക്കും എന്ന ആകാംഷയോടെയാണ് വായിച്ചത്. നിരാശനായി എന്നുമാത്രമല്ല കഥയില്‍ ഒരു പുതുമയും അവകാശപ്പെടാനില്ല.

ഇതേ അവതരണമികവില്‍ പുതിയ പ്രമേയങ്ങളുമായി വരുമെന്ന് പ്രതീകഷിക്കുന്നു. വായിക്കാനും, അനുമോദിക്കാനും, വിമര്‍ശിക്കാനും ഇവിടെ തന്നെയുണ്ട്.

15 December 2011 at 12:13
Naushu said...

മനോഹരമായി അവതരിപ്പിച്ചു....
ആശംസകള്‍ !

15 December 2011 at 12:32
majeed alloor said...

തമ്പ്രാൻ`മാരുടെ കൊള്ളരുഥയ്മകൾ എമ്പാടുമുടണ്ട്, കാലം മാറിയപ്പോൾ അത് നടക്കാതായി, അതിലുള്ള ഈർഷ്യ ഇടക്കൊക്കെ ബഹിർഗമിക്കാറുണ്ട്.. കൊള്ളരുതാത്തവരു കാര്യക്ഷമതയില്ലാത്തവരുമെന്ന് ആക്ഷേപിക്കുന്നത് അവർണർക്ക് സ്ഥാനങ്ങൾ നിഷേധിക്കാനാൺ`.. രാഷ്ട്രീയകാരിലും മറ്റും അതിൻറെ പ്രേതങ്ങൽ ഇന്നും കാണാം..?!

15 December 2011 at 12:37
Jefu Jailaf said...

എഴുത്തിന്റെ മനോഹാരിത തെളിഞ്ഞു നില്‍ക്കുന്നു വേണുവേട്ടാ.. ലളിത സുന്ദരം...

15 December 2011 at 13:20
ശ്രീജിത് കൊണ്ടോട്ടി. said...
This comment has been removed by the author.
15 December 2011 at 13:23
ശ്രീജിത് കൊണ്ടോട്ടി. said...

ഇതൊരു കഥയേ അല്ല.! പോയകാലത്ത് ജാതീയ മേല്‍ക്കോയ്മ നടത്തിയ ലൈഗിക തേര്‍വാഴ്ചയില്‍ അഭിമാനവും, സ്വാതന്ത്ര്യവും ബലികഴിക്കെണ്ടിവന്ന അനേകായിരങ്ങളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച മാത്രം. തീണ്ടലും, അയിത്തവും, ശുദ്ധിയുമൊക്കെ കൊടികുത്തിവാണിരുന്ന കാലത്തും തമ്പുരാന്റെ ചില "കമ്പങ്ങള്‍ക്ക്" അവയൊന്നും വിഘാതം ആയിരുന്നില്ലല്ലോ.! ഇത്തരം വിഷയങ്ങള്‍ ആസ്പദമാക്കി നിരവധി സൃഷ്ടികള്‍ പിറവികൊണ്ടിട്ടുണ്ട് എന്നത് ശരിതന്നെ. നീറുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ പലപ്പോഴും പുതുമയോ, ആസ്വാദ്യതയോ ദര്‍ശിക്കാനാവില്ല. തകരുന്ന നാലുകെട്ടിന്റെയും, ക്ഷയിക്കുന്ന പാരമ്പര്യതത്തിന്റെയും വേദനകളെ പര്‍വ്വതീകരിച്ച് വിലപിക്കുന്ന സാഹിത്യപ്രതിഭകള്‍ പലപ്പോഴും ഇത്തരം അരാജക ഭൂതകാലനങ്ങളെ ഗൌനിക്കാറില്ല. അല്‍പ്പം നാടകീയത കൂടിപ്പോയോ എന്നൊരു സംശയം ഉണ്ടെങ്കിലും വിഷയം മനോഹരമായി അവതരപ്പിച്ചു. വേണുവേട്ടാ അഭിനന്ദനങ്ങള്‍... തുഞ്ചാണിയില്‍ വീണ്ടും വരാം... :)

15 December 2011 at 13:23
ഷാജു അത്താണിക്കല്‍ said...

നല്ല ഒരു മൂഡ് ക്രിയേറ്റ് ചൈതു, ഒരു പഴമയുടെ ചൂര്.........
ആശംസകള്‍

15 December 2011 at 13:25
ആചാര്യന്‍ said...

യജമാനന്മാരുടെ ആട്ടും കൂത്തും മേടിച്ചു ഇന്നും കഴിയേണ്ടി വരുന്ന ലക്ഷക്കണക്കിന് ഭാരതീയര്‍ക്കും ഇത് സമര്‍പ്പിക്കാം എന്തേ അതെന്നെ..

15 December 2011 at 14:06
ശ്രീക്കുട്ടന്‍ said...

അറുപതുകളില്‍ മാത്രമല്ല ഇന്നും അനസ്യൂതം തുടര്‍‍ന്നുകൊണ്ടിരിക്കുന്ന ഒന്നു തന്നെയാണ് വേണുവേട്ടന്‍ പറഞ്ഞുവച്ചിരിക്കുന്നത്.ഇരയുടേയും വേട്ടക്കാരന്റേയും മേലാളമേല്‍ക്കോയ്മയില്‍ മാത്രം മാറ്റങ്ങള്‍ സംഭവിച്ചുവെന്നു മാത്രം.പിന്നെ പുലയര്‍ക്കും പറയര്‍ക്കും മറ്റു താഴ്ന്ന ജാതിക്കാര്‍ക്കുമൊന്നും സവര്‍ണ്ണരുടെ മുന്നില്‍ വഴിനടക്കാന്‍ കൂടി അവകാശമില്ലാതിരുന്ന കാലത്ത് വേണുവേട്ടന്‍ പറഞ്ഞിരിക്കുന്ന കഥയിലെ സംഭവം അത്ര വിശ്വസനീയമല്ല.അതും തമ്പ്രാന്റെ വീട്ടിലെ ജോലിയ്ക്ക് നിര്‍ത്തി പിഴപ്പിക്കുക എന്നതൊക്കെ..പിന്നെ അന്നത്തെക്കാലത്ത് കാര്യം സാധിക്കുവാനായി സെന്റും മറ്റു സമ്മാനങ്ങളുമൊക്കെ നല്‍കിയെന്നതും.....

15 December 2011 at 14:07
Arunlal Mathew || ലുട്ടുമോന്‍ said...

വളെരെ നന്നായി അവതരിപിച്ചു... പഴയ കാലത്തേക്ക് ഒരു മടക്കയാത്ര... ഒരു പ്രത്യേക ഫീല്‍...

15 December 2011 at 14:15
anamika said...

ഇന്നും പത്രത്തില്‍ നമ്മള്‍ വായിക്കുന്നത് തന്നെയാ... ആദിവാസി ഊരുകളില്‍ അവിവാഹിതരായ അമ്മമാര്‍ കൂടുന്നു എന്ന്... താഴെക്കിടയില്‍ ഉള്ളവരെ ചവിട്ടിതാഴ്തുന്നതില്‍ മേലാളന്മാര്‍ സന്തോഷം കണ്ടെത്തുന്നു... ഈ ഇടയില്‍ പേപ്പറില്‍ വായിച്ചിരുന്നു... പുലയ സമൂഹത്തില്‍ പെട്ട ഒരു വില്ലജ് ഓഫീസര്‍ സ്ഥലം മാറി പോയപ്പോള്‍ അവിടെ ചാണകം തേച്ചു ശുദ്ധിപ്പെടുത്തി എന്ന്... ഇന്നും നിലനില്‍ക്കുന്ന ഒരു വകഭേദം തന്നെയാണിത്... പക്ഷെ സ്ത്രീ ശരീരത്തിന് ജാതി ബാധകമല്ലെന്ന് തോന്നുന്നു...

15 December 2011 at 14:41
Biju Davis said...

നല്ല അവതരണം, വേണുജി!

അന്നു രാജാക്കന്മാർ, ഇന്ന് മന്ത്രിമാർ, അധികാരികൾ എന്ന വ്യത്യാസം മാത്രം.

പുതുമയുള്ള വിഷയങ്ങളുടെ അഭാവമാകില്ല താങ്കളെകൊണ്ട് ഇതെഴുതിച്ചത്; മറിച്ച്, പഴയ ചില ഓർമ്മകൾ നമുക്കെഴുതിയേ തീരൂ... അത് വായനക്കാർക്ക് ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിയ്ക്കാം.

അഭിനന്ദനങ്ങൾ!! പ്രത്യേകിച്ച് കൈയടിയ്ക്കുവേണ്ടി കളിയ്ക്കാതിരുന്നതിനു.. :)

15 December 2011 at 14:55
Biju Davis said...

നല്ല അവതരണം, വേണുജി!

അന്നു രാജാക്കന്മാർ, ഇന്ന് മന്ത്രിമാർ, അധികാരികൾ എന്ന വ്യത്യാസം മാത്രം.

പുതുമയുള്ള വിഷയങ്ങളുടെ അഭാവമാകില്ല താങ്കളെകൊണ്ട് ഇതെഴുതിച്ചത്; മറിച്ച്, പഴയ ചില ഓർമ്മകൾ നമുക്കെഴുതിയേ തീരൂ... അത് വായനക്കാർക്ക് ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിയ്ക്കാം.

അഭിനന്ദനങ്ങൾ!! പ്രത്യേകിച്ച് കൈയടിയ്ക്കുവേണ്ടി കളിയ്ക്കാതിരുന്നതിനു.. :)

15 December 2011 at 15:03
Vp Ahmed said...

പ്രമേയത്തില്‍ പുതുമയൊന്നും ഇല്ലെങ്കിലും അവതരണം കൊണ്ട് ഹൃദ്യമായി. ആശംസകള്‍

15 December 2011 at 15:32
റോസാപ്പൂക്കള്‍ said...

ഇഷ്ടപ്പെട്ടു ഈ നല്ല കഥ.
എത്രയോ കാര്‍ത്തുമാര്‍ പണ്ടു കാലത്ത് ഇങ്ങനെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകും

15 December 2011 at 15:34
ബെഞ്ചാലി said...

തൊടുന്നത് തെറ്റായിട്ടും വൃത്തികേടുകൾക്കുപയോഗിക്കാം.. സ്പർശിക്കാതെ എങ്ങിനെയാണാവോ കാര്യം സാധിക്കുന്നത് ;)

നല്ല എഴുത്ത്.. അഭിനനദനങ്ങള്‍.

15 December 2011 at 15:40
ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വരികള്‍ക്ക് നേര്‍ക്കാഴ്ചകള്‍ പകരുന്ന വായനാസുഖമുണ്ട്.ചുറ്റുവട്ടത്തുള്ള ഒരു കഥാപാശ്ചാത്തലം വര്‍ണ്ണനയില്‍ മനോഹരമായി തെളിഞ്ഞു.ലളിതമായ,ഹൃദ്യമായ ഭാഷയും പ്രയോഗങ്ങളും.കഥയിലൂടെ ഒരു കാലത്തിലേക്ക് തന്നെ സഞ്ചരിച്ചു.
ആശംസകളോടെ..

15 December 2011 at 15:57
Kalavallabhan said...

മേലാളരും കീഴാളരുമില്ലാത്ത
സമകാലികരുടെ കഥയും
വിഭിന്നമല്ല. അല്ലേ ?
പട്ടാപ്പകലെന്നോ
അന്തിയെന്നോ വ്യത്യാസമില്ല
പ്രലോഭനങ്ങളുമില്ല
ഒറ്റയ്ക്കു കിട്ടിയാൽ
ഇരപിടിക്കുന്നതു പോലെ ചാടിവീഴും
കോരനു മാത്രമല്ല
പെൺകുട്ടികളുള്ള
എല്ലാ മാതാപിതാക്കളുടെയും ഉള്ളിൽ ആധിയാണ്‌.
കഥ നന്നായി.
ആശം സകൾ

15 December 2011 at 16:01
ഷാജി പരപ്പനാടൻ said...

Nice story ...best wishes

15 December 2011 at 16:05
റോസാപ്പൂക്കള്‍ said...

ഇഷ്ടപ്പെട്ടു ഈ നല്ല കഥ.
എത്രയോ കാര്‍ത്തുമാര്‍ പണ്ടു കാലത്ത് ഇങ്ങനെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകും

15 December 2011 at 16:06
Yasmin NK said...

നന്നായി പറഞ്ഞു. പാലേരി മാണിക്യത്തിലെ അഹമ്മാദാജിയേയാണു ഓര്‍മ്മ വന്നത്. അല്ലെങ്കിലും പെണ്ണിന്റെ കാര്യം വരുമ്പോള്‍ തമ്പ്രാനും ഹാജിയാരും ഒക്കെ ഒന്നു തന്നെ. അവിടെ ജാതീമില്ല,വര്‍ണ്ണവുമില്ല,വെറും ശരീരം മാത്രം.

15 December 2011 at 16:53
സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

പഴയ പ്രമേയത്തെ പുതുമയുള്ള അവതരണം കൊണ്ട് ഗംഭീരമാക്കി വേണുച്ചേട്ടന്‍. അഭിനന്ദനങ്ങള്‍!!!

15 December 2011 at 17:42
TPShukooR said...

കഥ ഹൃദ്യമായി തോന്നി. ലളിതമായ ഭാഷ. നല്ല അവതരണം.

15 December 2011 at 17:53
- സോണി - said...

ഏറെ പറഞ്ഞുകേട്ട് പഴകിയ പ്രമേയം ആയിരുന്നിട്ടുകൂടി നന്നായി അവതരിപ്പിച്ചു.
ആശാരി പിഴവ് തീര്‍ത്ത്‌ തെളിഞ്ഞു വരുന്നുണ്ട്,
ഇനി വളയാത്ത നല്ല തടികൂടി കിട്ടിയാല്‍ മതി.
അടുത്ത കഥയില്‍ അതും ഉണ്ടാവുമെന്ന് എനിക്കറിയാം...
ആ അവതരണഭംഗിയ്ക്ക് ഒരു ക്ലാപ്.

15 December 2011 at 18:36
എന്‍.പി മുനീര്‍ said...

ജന്മികള്‍ വ്യവഹരിച്ചിരുന്ന കാലത്തെ സംഭവങ്ങള്‍ കഥയില്‍ നന്നായി അവതരിപ്പിച്ചു

15 December 2011 at 19:28
കുസുമം ആര്‍ പുന്നപ്ര said...

പഴയപ്രമേയത്തിലല്ല അവതരണത്തിലാണ് പുതുമ വേണ്ടത്. നല്ല കഥ.നല്ല അവതരണം

15 December 2011 at 19:32
Absar Mohamed said...

കഥ നന്നായി അവതരിപ്പിച്ചു...
പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി....
ഭാഷ പ്രയോഗവും അവസാനം വരെ താളം തെറ്റാതെ കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞു...
കഥ വായിക്കുമ്പോള്‍ അറിയാതെ തകഴി മനസ്സിലേക്ക് കടന്നു വന്നു....

കഥയില്‍ നിന്നും ഇന്നത്തെ കാലത്തും പ്രസക്തമായ ഒരു വരി "നോട്ടം പെണ്ണുങ്ങടെ മൂട്ടിലാ..."
ഹഹ...

അഭിനന്ദനങ്ങള്‍ വേണുജീ....

15 December 2011 at 19:53
Manoraj said...

ഒട്ടേറെ നമ്മള്‍ കേട്ട പ്രമേയവും കഥാപാത്രങ്ങളും. വേണുവിന്റെ സമര്‍പ്പണം ഒന്നുകൊണ്ട് മാത്രം പഴമയെ പരാമര്‍ശിക്കുന്നില്ല. ഇതില്‍ ഒരിടത്തും വേണുവിന്റെ ടച്ച് ഇല്ല. അതാണ് എനിക്ക് ഏറ്റവും വിഷമമായി തോന്നിയത്. കാരണം പണ്ടുമുതലേ നമ്മള്‍ വായിച്ച പ്രമേയവും അതേ ശൈലിയും അതേ കഥാപാത്രങ്ങളെയും ബ്ലോഗിലാക്കി എന്ന് മാത്രം. പക്ഷെ പഴയ ആ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ എന്ന നിലക്ക് , ആ കാലത്തെ വായിക്കാത്തവര്‍ക്കുള്ള ഒരു ഓര്‍മ്മയെന്ന നിലയില്‍ ഇത് നന്നായി.

15 December 2011 at 20:24
ഒരു കുഞ്ഞുമയിൽപീലി said...

മനോഹരമായി വേണുട്ടാ.......അക്ഷരങ്ങളില്‍ നല്ല ഒതുക്കം ..പറഞ്ഞ രീതി ഒരുപാടിഷ്ടമായി....ലളിതമായി പറഞ്ഞു ..ഇനിയും എഴുതുക എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

15 December 2011 at 21:00
Echmukutty said...

ഇതെങ്ങനെയാണ് പഴയ പ്രമേയമാകുന്നത്? ജാതീയതയും ദാരിദ്ര്യവും കൊടികുത്തി വാഴുന്ന ഭാരതദേശത്ത് ഈ കഥ ഇന്നും പല നാടുകളിലും നടന്നുകൊണ്ടിരിയ്ക്കുന്നു.അറപ്പ് തോന്നുന്നതുകൊണ്ട് ഉയർന്ന ജാതിക്കാരൻ താഴ്ന്ന ജാതിക്കാരിയെ ബലാത്സംഗം ചെയ്യില്ലെന്നും താഴ്ന്ന ജാതിക്കാരി കള്ളം പറയുകയാണെന്നും അതുകൊണ്ട് ഉയർന്ന ജാതിക്കാരനെ വെറുതെ വിടണമെന്നും വിധിയ്ക്കുന്ന നമ്മുടെ നാട്ടിൽ ഈ കഥയുടെ പരിസരം ഒരിയ്ക്കലും പഴയതാകാൻ പറ്റില്ല.
സ്ത്രീ ശരീരത്തിന് ജാതിയും മതവുമൊന്നുമുണ്ടാകാറില്ല. പലപ്പോഴും അത് വെറും ഒരു ശരീരം മാത്രമാകാറുണ്ട്......

കഥ നന്നായി. അഭിനന്ദനങ്ങൾ.

15 December 2011 at 22:13
sunil vettom said...

ഇതിന്നും നടക്കുന്നു ,മുള്ളുകളില്‍ വീഴുന്ന പാഴിലകളെ പോലെ സ്ത്രീ ജന്‍മ്മം ,പുതിയ പേരുകള്‍ ലേബലുകള്‍ ഒക്കെ വന്നു എന്നു മാത്രം ,ചൂഷകന്റെ കയ്യില്‍ സ്ത്രീ എന്നും കളിപ്പാട്ടങ്ങളെ പോലെ തന്നെ .

തീരെഞ്ഞെടുത്ത വിഷയം നന്നായി
ഭാവുകങ്ങളോടെ ..സുനില്‍

15 December 2011 at 22:33
Pradeep Kumar said...

പ്രമേയങ്ങളെ പഴയത് പുതിയത് എന്നിങ്ങനെ അറകളിലാക്കിത്തിരിക്കുന്നതിനോട് എനിക്കു യോജിപ്പില്ല.... പ്രണയം, കാമം, ചതി, വിശപ്പ്, മരണം... എന്നിങ്ങനെ ഒന്നു ശ്രമിച്ചാല്‍ എണ്ണിത്തീര്‍ക്കാന്‍ കഴിയുന്നത്ര പരിമിതമായ മനുഷ്യജീവിത ഭാവങ്ങളുടെ വിവിധ രീതിയിലുള്ള പെര്‍മുട്ടേഷനുകളും കോമ്പിനേഷനുകളുമാണ് ഓരോ കഥകളും എന്ന അഭിപ്രായമാണ് എനിക്കുള്ളത്... ഇതില്‍ ഇല്ലാത്തത് മറ്റെവിടെയും കാണില്ല എന്ന് മഹാഭാരതത്തെക്കുറിച്ചു പറയാറുണ്ട്. പൂര്‍വ്വസൂരികള്‍ പറഞ്ഞുവെച്ചതിനപ്പുറമുള്ള മാനുഷികഭാവങ്ങളൊന്നും പുതുതായി ആരം നിര്‍മിക്കുന്നുമില്ല... അതുകൊണ്ടു തന്നെ ഇവിടെയുള്ള പ്രമേയത്തിന്റെ പഴമ-പുതുമ എന്ന രീതിയിലുള്ള വിലയിരുത്തലിന് പ്രസക്തിയില്ല...

ശ്രീജിത്ത് പറഞ്ഞതുപോലെ കഥ എന്നതിനപ്പുറം ഒരു കാലഘട്ടത്തിലെ സാമൂഹികാവസ്ഥയെ അടയാളപ്പെടുത്തുവാനാണ് വേണുവേട്ടന്‍ ശ്രമിച്ചത് എന്നാണ് എനിക്കു തോന്നിയത്...

ലളിതവും നേര്‍രേഖയിലുള്ളതുമായ ഒരു ഭാഷയിലൂടെ നന്നായി ഉദ്ദേശിച്ച കാര്യം അവതരിപ്പിച്ചിരിക്കുന്നു...

15 December 2011 at 23:03
സിയാഫ് അബ്ദുള്‍ഖാദര്‍ said...

കേട്ട് മറന്ന ഒരു കഥ ,പലപ്പോഴും ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ നല്ലതാണ് ,ആശംസകള്‍ ..

15 December 2011 at 23:09
M. Ashraf said...

നന്നായി പറഞ്ഞു.ഇന്നും ഇതൊക്കെ അവശേഷിക്കുന്നു. അല്ലെങ്കില്‍ അതൊക്കെ ആഗ്രഹിക്കുന്ന ചിലരെങ്കിലുമുണ്ട്. നല്ല രചനക്ക് അഭിനന്ദനങ്ങള്‍.

15 December 2011 at 23:15
പരദേശി said...

കേട്ട് പരിചയിച്ച ഭാഷ...ഒരു നിമിഷം കഥ കാരന്റെ ഭൂമികയെ കുറിച്ചോര്‍ത്തു പോയി.കോടി കുത്തി വാണിരുന്ന ജന്മിത്വവും ..വളരന്കുന്നും മിച്ച ഭൂമി സമരവും.....അത് നടത്തിയ പ്രസ്ഥാനവും...എല്ലാം ഓര്‍മ്മ വരുന്നു...

15 December 2011 at 23:29
നാമൂസ് said...

പുതിയ കാലത്ത് പുതിയ രീതിയില്‍ ഇത്തരം അനീതികള്‍ നടക്കുന്നുണ്ട് എന്നത് ആര്‍ക്കാണ് അറിയാത്തത്..? .
എങ്കില്‍, ഈ കഥയെ പഴയൊരു കാലം എന്നു പറഞ്ഞ് തള്ളാനൊക്കുന്നതല്ലെന്നു സാരം.
അപ്പോള്‍, കഥയില്‍ പറയാന്‍ ശ്രമിക്കുന്ന വിഷയം പോയ കാലത്തും പുതിയ കാലത്തും ഒരുപോലെ പരിചിതമാണ്.
ഇത്തരം അനുഭവങ്ങളില്‍ യാതൊരു വിധ യുക്തിയും കാണാത്ത കണ്ട് കടുത്ത അതിക്രമമാണ് നടക്കുന്നത്.
പോയ കാലത്തെ മുലക്കരത്തിന് എന്ത് യുക്തിയായിരുന്നു ഉണ്ടായിരുന്നത് എന്ന് ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്.
പോയ കാലത്ത് 'ജാതി' എങ്കില്‍ ഇന്നതിനു കാരണം പണമെന്ന ഒറ്റ ജാതിയാണെന്ന് മാത്രം..!
രണ്ടിന്റെയും പ്രയോക്താക്കള്‍ ഒന്നെന്ന അറിവില്‍ ഞാനീ കഥയെ കാലികം എന്നു തന്നെ വിളിക്കുന്നു.

ഭാഷ്യ കൊണ്ടും, അതിന്റെ സ്വഭാവം കൊണ്ടും കഥ അതിന്റെ സത്യത്തെ പറയുന്നു.
ആശംസകള്‍..!

16 December 2011 at 01:07
ഫൈസല്‍ ബാബു said...

അവതരണം നന്നായി ..ഒരു പക്ഷെ ഒരു പാട് കഥയില്‍ ഈ വിഷയം ചര്‍ച്ചചെയ്തതുകൊണ്ടാവാം പലര്‍ക്കും ആവര്‍ത്തനം എന്ന് തോന്നിയത് ..നല്ല രചനകള്‍ വായിക്കാന്‍ ഇനിയും വരാം !!

16 December 2011 at 14:47
മനോജ് കെ.ഭാസ്കര്‍ said...

പ്രാദേശിക ഭാഷയുടെ ഉപയോഗത്തിലൂടെ അനുവാചകരെ അറുപതുകളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. ഒരു ചലച്ചിത്രം കാണുന്ന പ്രതീതി ഉളവാക്കാനും കഴിഞ്ഞു, പ്രത്യേകിച്ച് കഥയുടെ അന്ത്യത്തില്‍. പദ്മരാജന്റെ(തിരക്കഥ) രതിനിര്‍വേദത്തിന്റെ ഒടുവില്‍ അപ്പു പട്ടണത്തിലേക്ക് യാത്രയാവുമ്പോള്‍ കാണുന്ന അതേ കാഴ്ച.
നല്ല രചനയ്ക്ക് ആശംസകള്‍......

16 December 2011 at 15:21
വര്‍ഷിണി* വിനോദിനി said...

വായിച്ച് ഇരിയ്ക്കാണ്‍ ഞാന്‍ എന്താ പറയാ എന്നോര്‍ത്ത്..
വെറുതനെ ഓര്‍ത്തു ഞാന്‍ അവള്‍ക്ക് അമ്മ ഉണ്ടായിരുന്നെങ്കില്‍ എന്ന്..
ഒരു പെണ്‍കുഞ്ഞിന്‍റെ വളര്‍ച്ചയിലെ ഭാവ വിത്യാസങ്ങള്‍ അമ്മയ്ക്കല്ലേ മനസ്സിലാക്കാന്‍ കഴിയൂ...
അന്നവള്‍ക്ക് സമ്മാനപ്പൊതി കിട്ടിയ നാള്‍ അമ്മ അവളെ വിലക്കിയിരുന്നെങ്കില്‍, അല്ലേല്‍ വരും വരായ്കളെ കുറിച്ച് മനസ്സിലാക്കി കൊടുത്തിരുന്നെങ്കില്‍...അല്ലെങ്കില്‍ പ്രകൃതിയിലെ നീച മുഖങ്ങളെ കുറിച്ച് പറഞ്ഞു കൊടുത്തിരുന്നെങ്കില്‍ അവള്‍ക്ക് ഇങ്ങനെ ഒരു വിപത്ത് സംഭവിയ്ക്കുമായിരുന്നോ..
അന്നത്തെ കാലഘട്ടമല്ലേ ഒന്നും നിര്‍വചിയ്ക്കാനാവില്ലാ...
എങ്കിലും ആശിച്ചു പോവുകയാണ്‍ പ്രാര്‍ത്ഥിയ്ക്കാണ്‍ പെണ്മക്കള്‍ക്ക് അവരുടെ അമ്മയെ നഷ്ടാവാതിരിയ്ക്കാന്‍..
എല്ലാം ദൈവ നിശ്ചയം..
പിന്നെ, കാലം....ഓരോ ഘട്ടങ്ങളും ഓരോ മേല്‍ക്കോയ്മയ്ക്ക് അടിമപ്പെട്ടു വരികയല്ലേ...ഒന്നും പറയാന്‍ വയ്യ...
സത്യം പറഞ്ഞാല്‍ സങ്കടാവാണ്‍...സ്ഥിതിഗതികള്‍ക്ക് വലിയ മാറ്റങ്ങളൊന്നും ഇല്ലല്ലോ എന്നോര്‍ത്ത്..

നന്ദി ട്ടൊ...നല്ലൊരു വായനയ്ക്ക്...അഭിനന്ദനങ്ങള്‍...!

16 December 2011 at 15:37
Unknown said...

പുതിയ തലമുറയ്ക്ക് പഴയ കാലത്തെ സാമൂഹ്യ തിന്മകള്‍ മനസ്സിലാക്കി തന്ന കഥ ......
ഈ കഥക്ക് ആശംസകള്‍

16 December 2011 at 21:25
sobha venkiteswaran said...

വളരെ നല്ല കഥ ...
അഭിപ്രായങ്ങളില്‍ പ്രമേയ പുതുമ , പഴമ എന്നതൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടു കണ്ടു .
ഈ കഥ പറയുന്ന വിഷയം ഇപ്പോള്‍ സംഭവിക്കാത്തത് ആണോ ?
രൂപവും ഭാവവും മാറുന്നു എന്ന ഒരു വ്യത്യാസം മാത്രമേ കണ്ടു വരുന്നുള്ളൂ .... കൊല്ലങ്ങള്‍
കഴിഞ്ഞാലും വിഷയങ്ങള്‍ ഒരു വിധത്തിലും മാറുന്നില്ല .
സുന്ദരമായ വാചകങ്ങളും , ശൈലിയും ഉപയോഗിച്ച് പറഞ്ഞ ഈ കഥ പ്രശംസ അര്‍ഹിക്കുന്നു

16 December 2011 at 21:40
Ismail Chemmad said...

മികച്ച അവതരണം വേണുജീ..
ഇന്നും പ്രസക്തമായ പ്രമേയം.

16 December 2011 at 23:18
Artof Wave said...

നല്ല കഥ

16 December 2011 at 23:45
‍ആയിരങ്ങളില്‍ ഒരുവന്‍ said...

പ്രമാണി കുടുംബങ്ങളിൽ പുറം ജോലിക്ക് നിന്നിരുന്നതും വന്ന് പോയിരുന്നതുമായ കീഴാളാരും അടിയാളരുമായ സുന്ദരികളായ പെൺകുട്ടികളെ പിഴപ്പിക്കുക എന്നത് അവിടുത്തെ തമ്പ്രാക്കന്മാരുടെ അവകാശമായിരുന്നു എന്ന് കരുതി പോന്നിരുന്ന ആ കാലഘട്ടത്തിന്റെ ഒരു ചെറിയ പരിശ്ചേദനം ഒരു കഥയായി പ്രതിഭലിപ്പിക്കാൻ നന്നായി കഴിഞ്ഞു.. ആശംസകൾ..!!

17 December 2011 at 01:24
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

നല്ല അവതരണം

17 December 2011 at 05:54
വേണുഗോപാല്‍ said...

സുഹൃത്തുക്കളെ
ഈ എളിയവന്റെ പോസ്റ്റ്‌ വന്നു വായിച്ചും അഭിപ്രായം പറഞ്ഞും പ്രോത്സാഹനങ്ങള്‍ തന്ന എല്ലാവര്‍ക്കും നന്ദി രേഖപെടുത്തുന്നു .
മുകളില്‍ പങ്കു വെച്ച അഭിപ്രായങ്ങളുടെ വൈവിധ്യം എനിക്ക് ഏറെ ഇഷ്ടമായി .
ഖാധുവിന്റെ പ്രമേയ പുതുമയില്ലയ്മയില്‍ തുടങ്ങി ഷബീറിന്റെ നിരാശയിലൂടെ, പുരോഗമിച്ച അഭിപ്രായങ്ങള്‍ തികച്ചും നല്ല വിചാരങ്ങള്‍ ആണ് കൈമാറിയത് .
ശ്രീ കുട്ടന്റെ അഭിപ്രായം കാലിക ബോധം എഴുത്തുകാരനില്‍ ഉണ്ടാവണം എന്ന് ചൂണ്ടി കാണിച്ചപ്പോള്‍
ശ്രീജിത്ത്‌ കൊണ്ടോട്ടിയുടെ വിശകലനത്തില്‍ അമിത നാടകീയത ഒഴിവാക്കണം എന്ന നിര്‍ദേശം ഏറെ സ്വീകാര്യമായി.
വളരെ മികച്ച അഭിപ്രായങ്ങള്‍ പങ്കിട്ട മറ്റു വായനക്കാര്‍ സൂക്ഷ്മമായി കഥ വായിച്ചു പോരായ്മകള്‍ ചൂണ്ടി കാണിച്ചത് എഴുത്തിന്റെ ലോകത്തെ ഒരു തുടക്കകാരന് നല്‍കിയ മികച്ച പ്രോത്സാഹനം ആണ് .. ഒരിക്കല്‍ കൂടി വായനക്കാര്‍ക്ക് എന്റെ നന്ദി രേഖപെടുത്തുന്നു .

17 December 2011 at 07:45
മൻസൂർ അബ്ദു ചെറുവാടി said...

പറയുന്ന വിഷയങ്ങളിലെ പുതുമ മാറ്റി നിര്‍ത്തി എങ്ങിനെ പറഞ്ഞു എന്ന് നോക്കാം.
മനോഹരമായ ആവിഷ്കാരം. തുടക്കം മുതല്‍ അവസാനം വരെ നല്ല ഒഴുക്കോടെ വായിക്കാന്‍ പറ്റി.
പലരുംപറഞ്ഞ പോലെ വേണു ജീയുടെ അവതരണ മികവ് അത് സാധ്യമാക്കി.
നല്ല കഥയ്ക്ക് അഭിനന്ദനങ്ങള്‍

17 December 2011 at 11:31
kaattu kurinji said...

ഫ്യുദല്‍ വ്യവസ്ഥിതിയുടെ പുനരാവിഷ്കാരം. നന്നായിരിക്കുന്നു വേണുജി.

17 December 2011 at 11:46
kochumol(കുങ്കുമം) said...

വേണുവേട്ടന്‍ വായനക്കാരെ പഴയ കാലഘട്ടത്തിലേക്ക് കൂട്ടികൊണ്ടു പോയി...നന്നായി ...പെണ്ണിന്റെ കാര്യം വരുമ്പോള്‍ എല്ലാരും ഒക്കെ മറക്കും ..വീട്ടില്‍ കയറ്റാറില്ലായിരുന്ന ഒരു നായര്‍ സമുദായത്തിലെ പുറം പണിക്കാരിക്ക് വന്ന ഗതികേട് നല്ല അറിയാം നിക്ക് ...അവരുടെ മകള്‍ ഞങ്ങളുടെ വീട്ടില്‍ പണിക്ക് വരാറുണ്ട് ...സത്യത്തിനു അവള്‍ ഒരു കീഴ്ജാതിക്കാരി ആണോ ? പക്ഷെ അത് ആരേലും അന്ഗീകരിക്കുമോ ?

17 December 2011 at 13:11
പൊട്ടന്‍ said...

ഒരു നല്ല വായന നല്‍കിയതിനു നന്ദി.

17 December 2011 at 13:46
സീത* said...

നല്ലൊരു കഥ..പ്രമേയത്തിൽ ആവർത്തന വിരസതയൊന്നും തോന്നിയില്ല കാരണം പറയുന്ന വശ്യമായ ശൈലി തന്നെ...ആശംസകൾ...

17 December 2011 at 16:06
Hashiq said...

വേണുവേട്ടാ, വിശദമായ വായന അല്പം താമസിച്ചു. നല്ല അവതരണം. പണ്ടത്തെ പല കാര്യങ്ങളും ഇന്ന് വേറെ പലരാലും മറ്റു പല വഴിക്കും നടക്കുന്നു.

17 December 2011 at 23:27
കൊമ്പന്‍ said...

ന്റെ വേണുജീ വരാന്‍ അല്‍പ്പം വൈകി ക്ഷമിക്കുക ഇത് തുഞ്ചാണി അല്ല പോന്നാണി ആണ്
ഭൂര്‍ഷകാല ഘട്ടത്തിന്റെ യാത്ര്ത്യ ചരിത്രം സുന്ദര മായി ആഖ്യാനിച്ചു പ്രശംസിക്കാന്‍ കൊമ്പന്റെ കയ്യില്‍ വാക്കുകള്‍ ഇല്ല

17 December 2011 at 23:31
K@nn(())raan*خلي ولي said...

@@
വേണുജീ,
ഇത്രേം മനോഹരമായ എഡിറ്റിങ്ങും അവതരണഭംഗിയും ഉള്ളൊരു പോസ്റ്റ്‌വായിക്കാന്‍ വൈകിയതില്‍ ഞാനെന്റെ തുടയിലൊരു നുള്ള് കൊടുക്കട്ടെ.
മെയില്‍ കിട്ടിയപ്പോള്‍ വരാന്‍കഴിയാത്തതിനാല്‍ എന്റെ ഇന്‍--ബോക്സിനു തീകൊടുത്താലോ എന്നാലോചിക്കുവാ!
വേണുജിയുടെ ബ്ലോഗ്‌ വായിക്കാന്‍ വൈകിയ എനിക്കിന്ന് അത്താഴം വേണ്ട!
ഇത് സത്യം സത്യം സത്യം!

**

18 December 2011 at 00:19
Mohiyudheen MP said...

വേണു ഭായ്‌, ചില സാങ്കേതിക കാരണങ്ങളാല്‍ ഈ പോസ്റ്റ്‌ വായിക്കാന്‍ അല്‍പം വൈകി. താങ്കളുടെ രചന വൈഭവം കെങ്കേമം. കീഴാളരെ കാര്യ സാധ്യത്തിനായി ഉപയോഗിച്ചിരുന്ന തമ്പ്രാക്കളുടെ സമ്പ്രദായം വളരെ തന്‍മയത്തത്തോടെ വരച്ച്‌ കാട്ടി. ഈ തമ്പുരാന്‍മാരെ ചാണകത്തില്‍ മുക്കിയ ചൂല്‌ കോണ്‌ട്‌ പുറത്തടിക്കണം. കാലം കുറെ മാറി, തമ്പ്രാന്‍മാര്‍ നാട്‌ നീങ്ങി. പുരോഗമന പ്രസ്ഥാനങ്ങളുടെ ഉദയമായപ്പോള്‍.. ഇപ്പോള്‍ പിന്നെ തമ്പ്രാന്‍മാര്‍ക്ക്‌ പകരം ആ സ്ഥാനത്തേക്ക്‌ ഉപവിഷ്ടരായി മറ്റ്‌ ഉന്നത മേധാവികള്‍... എല്ലാം കണക്കാ... എടുത്ത്‌ പറയാവുന്ന പോരായ്മ, വിഷയം ആവര്‍ത്തന വിരസതയുണ്‌ടാക്കി, മുമ്പ്‌ പരഞ്ഞ്‌ കേട്ടതും, വായിച്ചറിഞ്ഞതുമയുള്ള വിഷയം, അത്‌ വേണു ഭായിയുടെ തൂലികയിലൂടെ , ഭാവനയിലൂടെ അറിഞ്ഞപ്പോള്‍ മധുര തരമായി. എഴുത്തും വിവരണവും വളരെ നന്നായി.

18 December 2011 at 03:19
വേണുഗോപാല്‍ said...

കനൂരാന്‍ ഗുരുക്കള്‍ ഡയട്ടിങ്ങില്‍ ആണോ ?
അഭിപ്രായം ഇഷ്ടായി .. ഇത് സത്യം ..സത്യം ..സത്യം
മന്‍സൂര്‍ , റെജിയ , കൊച്ചുമോള്‍ , പൊട്ടന്‍ , സീത ,ഹാഷിക്
എല്ലാവര്ക്കും നന്ദി ..
മൂസാ .. ക്ഷമ ചോദിക്കാന്‍ ഞാനാര തമ്പ്രാനോ ?
നന്ദിയുണ്ട്.. വരവിനും വായനക്കും
മോഹി.. താങ്കളുടെ അഭിപ്രായം അതര്‍ഹിക്കുന്ന ഗൌരവത്തില്‍
തന്നെ സ്വീകരിക്കുന്നു ...
ഒരിക്കല്‍ കൂടി നന്ദി പ്രിയരേ ...

18 December 2011 at 07:15
valsan anchampeedika said...

നല്ല തുടക്കം. ധാരാളം വായിക്കുക.

18 December 2011 at 23:20
കെ.എം. റഷീദ് said...

സുന്ദരമായ ഭാഷയില്‍ നൊമ്പരം ഉണര്‍ത്തുന്ന ഒരു കഥ. അല്ല ഒരുപാടുജീവിതങ്ങളില്‍ ആരുടെയോ അനുഭവം

19 December 2011 at 19:12
ജന്മസുകൃതം said...

ആദ്യമായാണ്‌ ഇവിടെ ...വരാന്‍ കുറെ വൈകിയോ അന്ന് സംശയം...
എല്ലാം വായിക്കാം.
പോസ്ടിടുമ്പോള്‍ അറിയിക്കുമല്ലോ.
ആശംസകളോടെ....

19 December 2011 at 22:45
Arif Zain said...

വേണൂ, നമ്മുടെ നാട് പിന്നിട്ട ഒരു കാലത്തിന്‍റെ വിവരണമാണിത്. നേരിട്ട് പരിചയമില്ലെങ്കില്‍ കൂടി പരിചയമുള്ളവരെ എമ്പാടും കണ്ടിട്ടുണ്ട്. കഥകളിലൂടെയും ലേഖനങ്ങളിലൂടെയും ഈ ചിത്രം ഒരു പാട് തവണ കാണുകയും അറിയുകയും ചെയ്തിട്ടുണ്ട്. നമ്മുടെ നാട് നേടിയെടുത്ത സാംസ്കാരിക വളര്‍ച്ചയും പക്വതയും നാമറിയുക ഈ തിരിഞ്ഞു നോട്ടത്തിലൂടെയാണ്. അതൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. നന്നായി. പിന്നിട്ട വഴികള്‍ എത്ര ദുര്‍ഘടവും അഴുക്ക് നിറഞ്ഞതുമായിരുന്നുവെന്നു പുതു തലമുറക്ക്‌ അറിവ് കൊടുക്കാനും ഇത് മതി. അന്നത്തെ സമൃദ്ധിയും മൃഷ്ടാന്നം ഭുജിച്ചു കഴിഞ്ഞു കൂടാനുള്ള വകയും നല്‍കിയ ആലസ്യത്തില്‍ നിന്നായിരുന്നു ഒരു ചെറു ന്യൂനപക്ഷം ഈ വേണ്ടത്തരങ്ങള്‍ ചെയ്തു കൂട്ടിയത്. ഇന്ന് ഇത്തരത്തില്‍ സുഭിക്ഷതയും ആലസ്യവും അനുഭവിക്കുന്നവരുടെ എണ്ണം കൂടി. സ്ഥിതി പഴയത് തന്നെ. മാറ്റമുള്ളത് പീഡിതര്‍ക്ക് അല്‍പം സ്വാധീനവും തന്റേടവും ഒക്കെ കൂടി എന്നുള്ളതാണ്. അത് കൊണ്ട് പഴയ സര്‍വം സഹ കാര്ത്തു‍മാര്‍ ഇന്ന് കുറവാണ്. നമ്മുടെ രാഷ്ട്രീയാവബോധം, മാധ്യമങ്ങളുടെ ഇടപെടല്‍ എന്നിവയെല്ലാം ഉത്തരേന്ത്യയെ അപേക്ഷിച്ചു പാവപ്പെട്ടവന് അല്‍പം ശ്രദ്ധ നേടിക്കൊടുക്കുന്നുണ്ട്. ഒരായിരം നന്ദി. കുറ്റമറ്റ വേണുവിന്‍റെ രചനാ രീതിയും ഇരുത്തം വന്ന എഴുത്തുകാരന്‍റെ കയ്യടക്കവും അറിവും ഈ പോസ്റ്റിന്റെ നാല് മൂലയിലും ചന്ദ്രനെ വിളക്കിചേര്‍ത്തിരിക്കുന്നു. അടുത്ത പോസ്റ്റിനു വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിച്ചു.

20 December 2011 at 09:00
keraladasanunni said...

വായിക്കാന്‍ തോന്നുന്ന വിധമുള്ള നല്ല എഴുത്ത്. ഇനി പോസ്റ്റ് ഇടുമ്പോള്‍ അറിയിക്കുമല്ലോ.

20 December 2011 at 17:25
പട്ടേപ്പാടം റാംജി said...

എല്ലാരും പറഞ്ഞത്‌ പോലെ അവതരണം നന്നായിരിക്കുന്നു. പലപ്പോഴും മറന്നു തുടങ്ങിയിരിക്കുന്ന മേലാളന്മാരുടെ മേല്‍ക്കോയ്‌മയുടെ ചിത്രം ഓര്‍മ്മിപ്പിച്ചത്‌ ഇന്നും മാറ്റ് പല രൂപത്തിലും തിരിച്ച് വരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇഷ്ടപ്പെട്ടു.

21 December 2011 at 00:09
SK Shafeeq said...

മനോഹരമായ അവതരണം .തുടക്കത്തില്‍ തന്നെ കഥാവസാനം മനസ്സിലാക്കാന്‍ കഴിഞ്ഞു ..പിന്നെ ഇത് കഥയല്ലല്ലോ യാഥാര്‍ത്യങ്ങളുടെ മുഖങ്ങള്‍ കാട്ടി തന്നു മനോഹരമായ വരികള്‍ ....വല്ല്യേട്ടന് ഒരായിരം ആശംസകള്‍ ഒപ്പം എന്‍റെ സ്നേഹ ചുംബനവും

21 December 2011 at 02:38
Joselet Joseph said...

വേണുജി, കഥയിലെ പുതുമയോ, പഴമയോ അല്ല, എഴുത്തിന്‍റെ മനോഹാരിതയാണ് ഞാന്‍ എവിടെ കണ്ടത്. മടുപ്പുളവാക്കാത്ത, സാഹിത്യത്തിന്‍റെ അനാവശ്യ ഏച്ചുകെട്ടലുകളില്ലാത്ത സുന്ദരവരികള്‍! ഇനിയും പുഞ്ചപ്പാടത്ത് വന്നു തെറ്റ് കുറ്റങ്ങള്‍ തിരുത്തിതെരുമെന്നു പ്രത്യാശിച്ചുകൊണ്ട്‌ ഒത്തിരി ആശംസകള്‍!

21 December 2011 at 10:24
Manef said...

വേണുജീ സുപ്പര്‍...അവതരണം കൊണ്ട് ആ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.

മേലാലന്മാരാല്‍ ഹോമിക്കപ്പെട്ട പാവപ്പെട്ട പെണ്‍കുട്ടികളുടെ ഓര്മക്ക് മുന്നില്‍ എന്റെ ബാഷ്പാഞ്ജലി!
സാങ്കേതിക പെരുമയുടെ അനന്തര ഫലമായി ഒരുപാട് ചതിക്കുഴികളില്‍ പെണ്‍കുട്ടികള്‍ അകപ്പെടുന്നുന്ടെന്കിലും കാലചക്രം കറങ്ങി കീഴാളന്‍ സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞ ഇന്നത്തെ അവസ്ഥ തന്നെ നല്ലത്.

22 December 2011 at 11:41
Noushad Koodaranhi said...

വേണുജീ..... അതി മനോഹരം....!
പ്രമേയത്തിലെ പുതുമയുടെ കുറവ്,
അവതരണത്തിന്റെ മിഴിവില്‍
മാഞ്ഞു പോകുന്നു...
നല്ല കയ്യൊതുക്കം..മനോഹരമായ ഭാഷ....
തുടരൂ.....!!!

22 December 2011 at 19:32
MINI.M.B said...

ഒരു സിനിമയിലെന്ന പോലെ നിറഞ്ഞു നില്‍ക്കുന്ന ചിത്രങ്ങള്‍.. സംഭവങ്ങള്‍..

25 December 2011 at 22:15
sarath sankar said...

കഥ നന്നായിരിക്കുന്നു ... പുതുമ എല്ലായ്പ്പോഴും കഥയ്ക്ക് ഉണ്ടാകണം എന്നില്ലല്ലോ ??? എഴുതിലാനല്ലോ എല്ലാ കാര്യവും അങ്ങനെ നോക്കിയാല്‍ താങ്കളുടെ ഈ കഥ വളരെ നന്നായിരിക്കുന്നു എന്ന് നിസംശയം പറയാം ... വായനക്കാരനെ പിടിച്ചിരുത്താന്‍ കഴിഞ്ഞാല്‍ പിന്നെ കഥയുടെ പുതുംയെക്കള്‍ പ്രധാനം അതിന്റെ ആശയത്തിനാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു ...

എല്ലാ ഭാവുകങ്ങളും നേരുന്നു ....

26 December 2011 at 22:38
Satheesan OP said...

നല്ല എഴുത്ത് ഒരുപാടിഷ്ടായി ...

27 December 2011 at 14:57
വേണുഗോപാല്‍ said...

വത്സന്‍ജി , റഷീദ് ജി , ശ്രീമതി ലീല , ആരിഫ്‌ ജി , കേരളദാസനുണ്ണി സര്‍ , രംജി സര്‍ , ഷഫീക് , ജോസ്ലെറ്റ് , മനെഫ് , നൌഷാദ് ജി , മിനി ., ശരത് ശങ്കര്‍ , സതീശന്‍ ....
എല്ലാവര്ക്കും നന്ദി ... വരവിനും വായനക്കും .. വിലയേറിയ അഭിപ്രായങ്ങള്‍ക്കും

27 December 2011 at 15:39
Anil cheleri kumaran said...

തീർച്ചയായും നടന്നിരിക്കാവുന്നത്.. :(

29 December 2011 at 21:38
ഷെരീഫ് കൊട്ടാരക്കര said...

കൃത്യമായി അറുപതുകളെ നിര്‍വചിച്ച കഥ.ഞാന്‍ കാണുന്ന ഒരു പ്രത്യേകത, അറുപതുകളില്‍ ഈ ശൈലിയില്‍ കഥ എഴുതുക എളുപ്പമാണ്. കാരണം ആശയവും പശ്ചാത്തലവും സുപരിചിതമായിരിക്കും. പക്ഷേ 2011ല്‍ ഈ കഥ എഴുതുക ദുഷ്കരമാണ്.കാരണം ഈ ആശയവും പശ്ചാത്തലവും നിലവില്‍ ഇല്ല. അത് രണ്ടും കഥകൃത്ത് തന്റെ ഓര്‍മ്മകളില്‍ നിന്നോ പറഞ്ഞറിവില്‍ നിന്നോ പുന:സൃഷ്ടിക്കേണ്ടിയിരിക്കുന്നു. അതല്‍പ്പം ബുദ്ധിമിട്ടുള്ള കാര്യമാണ്. അത് വിദഗ്ദമായി ഇവിടെ ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങള്‍.

30 December 2011 at 21:10
Mohammed Kutty.N said...

Dear sir,ഇവിടെ വരാനും ഇതു വായിച്ചു രണ്ടു വരി കുറിക്കാനും കഴിയാതെ വന്നത് മനപ്പൂര്‍വമല്ല.ശൈത്യം വരുമ്പോള്‍ ഉണ്ടാകുന്ന ശ്വാസം മുട്ടലും അടിമുടി കടച്ചിലും പൊരിച്ചിലുമാണ് കാരണം. പഴയ ആ 'വല്യമ്പ്രാന്മാരു'ടെപുത്തനവതാരങ്ങള്‍ ഇന്നും വിലസുന്നുണ്ട് -പുതിയ രൂപങ്ങളില്‍ ,ഭാവങ്ങളില്‍ ...!വിതുരയും സൂര്യനെല്ലിയും,ശാരി -സൗമ്യമാരുടെ വനരോദനങ്ങളും പുതിയ 'വരേണ്യ'കുതൂഹലങ്ങള്‍ മാത്രമായി ചോദ്യം ചെയ്താലും നീതി കിട്ടാത്ത ദൈനമുഖങ്ങളായി നമുക്കു മുമ്പില്‍ ...!വിഷയം വളരെ ഗൗരവമായി അവതരിപ്പിച്ചു.നന്ദി.

31 December 2011 at 07:33
ഇലഞ്ഞിപൂക്കള്‍ said...

മികച്ച ശൈലി.. യാഥാര്‍ത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥ.. ഒരുപാട് ഇഷ്ടായി.

3 January 2012 at 12:29
Akbar said...

ഇങ്ങിനെ ഒരു കഥ ബൂലോകത്ത് പിറന്നത്‌ കണ്ടില്ല. കഥ വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ അതെന്നെ പഴയ കാലഘട്ടത്തിലെ കേട്ടുകേളിവിയിലെ ജന്മി കുടിയാന് വ്യവസ്ഥിതികളുടെ ഇരുണ്ട ഇന്നലകളിലേക്ക് കൂട്ടിക്കൊണ്ട് പോയി.

കാര്‍ത്തുവിലൂടെ ഉച്ചനീചത്വങ്ങളുടെ സ്വയം പ്രഖ്യാപിത രീതിശാസ്ത്രത്തിനു മുകളില്‍ കയറി നിന്നു ഒരു കാലത്ത് തമ്പ്രാക്കള്‍‍ മടിക്കുത്ത് ചവിട്ടി മെതിച്ച അടിയാത്തി പെണ്ണുങ്ങളുടെ ദൈന്യമുഖത്തെ ലളിത സുന്ദരമായ ആഖ്യാനത്തിലൂടെ ഒരു ക്യാന്‍വാസിലെന്ന പോലെ വരച്ചിടാന്‍ കഥാകാരനായി.

ഉദരത്തിലെ പാപ വിത്തിന് പിതൃത്വവും സ്ത്രീത്വത്തിനു മാനവും നേടാന്‍ ആത്മ വഞ്ചനയുടെ ഉള്ളു നീറ്റലുമായി വേലായുധനെ അനുഗമിക്കുന്ന കാര്‍ത്തു, വഞ്ചനക്ക് മരണത്തിലൂടെ പ്രതികരിക്കുന്ന മാളു, റാന്‍മൂളിയായ കാര്യസ്ഥന്‍, ഇങ്ങിനെ ഏതാനും നിസ്സഹായരായ കഥാപാത്രങ്ങളുടെ അന്തര്‍ സംഘര്‍ഷങ്ങളിലൂടെ ഒരു കാലഘട്ടത്തിന്റെ അപ്രിയ സത്യങ്ങളിലേക്ക്‌ കഥ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു.

വാക്കുകളിടെ നിയന്ത്രണത്തിലൂടെ ഒതുക്കത്തോടെയുള്ള വിവരണവും രതിയും ലംഗികതയുമൊക്കെ ഒട്ടും അശ്ലീലമാക്കാതെ, വള്ഗറാക്കാതെ പറഞ്ഞതും കഥയുടെ എടുത്തു പറയാവുന്ന മികവാണ്. ഒരു ഉദാഹരണം മാത്രം താഴെ കൊടുക്കാം.

("നാളുകള്‍ പോകെപ്പോകെ തമ്പ്രാന്‍ നീട്ടിയ ഔദാര്യങ്ങള്‍ പണമായും പണ്ടമായും വന്ന് കാര്‍ത്തുവിനുമേല്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ തമ്പ്രാന്‍ നല്‍കിയ സുഗന്ധം വാരിപ്പൂശി സ്വന്തം ശരീരം തമ്പ്രാന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ അവള്‍ നിര്‍ബന്ധിതയായി. എസ്റ്റേറ്റ്‌ ബംഗ്ലാവിന്‍റെ അകത്തളങ്ങളില്‍ വച്ച് പലപ്പോഴായി തമ്പ്രാന്‍ പകര്‍ന്നുനല്‍കിയ ചൂടും ചൂരും ഏറ്റുവാങ്ങി നൂലറ്റ പട്ടം കണക്കേ അവള്‍ അനന്തവിഹായസ്സില്‍ നാളുകള്‍ പാറി നടന്നെങ്കിലും, ചലനഗതിയില്‍ രൂപംകൊണ്ട പിഴവുകളാല്‍ ആടിയുലഞ്ഞു നിലംപതിച്ചത് പൊടുന്നനെയായിരുന്നു.")

വേണുഗോപാല്‍ ജി. താങ്കളിലെ മികച്ച കഥാകാരന് എന്റെ അഭിനന്ദനങ്ങള്‍.

3 January 2012 at 12:44
സങ്കൽ‌പ്പങ്ങൾ said...

പഴമയുടെ സൌന്ദര്യത്തിനു നന്ദി.നന്നായി പറഞ്ഞിരിക്കുന്നു,

3 January 2012 at 12:51
ഗീത said...

ഇന്നും ഇതൊക്കെ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ നടക്കുന്നുണ്ട്. മേലാളരും കീഴാളരും എന്നതിനു പകരം കാശെറിയാൻ പറ്റുന്നവരും അതില്ലാത്തവരും എന്നൊരു വ്യത്യാസമേയുള്ളൂ.

5 January 2012 at 23:32
Rishad said...

വായിച്ചു , മനസ്സില്‍ തട്ടി .. ബ്ലോഗ്‌ വായനയില്‍ ഇത്ര മൂല്യമുള്ള കഥകള്‍ വിരളമാണ്.. താങ്കളിലെ കഥാകാരന് അഭിനന്ദനങ്ങള്‍‍ .. ഇനിയും ഇത്തരം സൃഷ്ടികള്‍ സമ്മാനികുമെന്നു പ്രതീക്ഷിക്കുന്നു ..

6 January 2012 at 16:52
മണ്ടൂസന്‍ said...

അറുപതുകളിലെ മേലാള മേല്‍കൊയ്മയുടെ തേര്‍വാഴ്ചയില്‍ കാലിടറി വീണ ജീവിതങ്ങള്‍ .... അപമാന ഭാരത്താല്‍ ജീവിതം ഹോമിച്ചവര്‍ ..മേലാളരുടെ ബീജവും ഉദരത്തില്‍ പേറി മറ്റു ചിലര്‍ക്ക് പിറകെ പലായനം ചെയ്തവര്‍... ചവിട്ടിയരക്കപെട്ട ആ ജീവിതങ്ങളുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഈ വരികള്‍ സമര്‍പ്പിക്കുന്നു

ഇതു വേണൂജിയുടെ സമർപ്പണമാണ്. അതുകൊണ്ട് ഞാൻ പറയണം എന്ന് മനസ്സിൽ കരുതിയ വാക്കുകളൊന്നും എഴുതുന്നില്ല. ഒരു എഴുപതുകളിലെ നസീർ-കൊട്ടാരക്കര പടം കണ്ട പോലെ ഒരു അനുഭവം. നാമൂസ് പറഞ്ഞപോലെ ഇത്തരം കാര്യങ്ങൾ ഈ അതിവിപ്ലവകാലത്തും അരങ്ങേറുന്നുണ്ട് എന്നത് ഒരു സത്യം തന്നെയാണ്. ആളുകളുടെ അവസ്ഥകളിലേ മാറ്റമുള്ളൂ. അവസാനം ഇങ്ങനേയൊക്കെത്തന്നെ ആയിരിക്കും. വേണൂജിയുടെ ആ സമർപ്പണമാണ് എന്നെക്കുണ്ട് ഇത്രയൊക്കെ എഴുതിച്ചത്. എന്തായാലും ആശംസകൾ.

9 January 2012 at 12:20
Typist | എഴുത്തുകാരി said...

ഇതു കഥയല്ല, പഴയ കാലത്തെ ഒരു ജീവിതം തന്നെയല്ലേ.

13 January 2012 at 14:57
Njanentelokam said...

എല്ലാരും പറഞ്ഞതെ എനിക്കും പറയാനുള്ളൂ ....
അവതരണം നന്നായീന്ന് .....
അടുത്ത തവണ മാറ്റി പറയാന്‍ അവസരം തരൂ ...

14 January 2012 at 12:00
Villagemaan/വില്ലേജ്മാന്‍ said...

നല്ല ഒരു കഥ..ലാളിത്യത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍,വേണുജീ

15 January 2012 at 22:27
ജാനകി.... said...

വേണുജി.....
പഴയകാലത്തേയ്ക്ക് ഒന്നു പോയി വന്ന പോലെ....
കേട്ടും വായിച്ചും അറിഞ്ഞ ജന്മിത്തകാലങ്ങൾ ഒരു അഭ്രപാളിയിൽ മുന്നിൽ തെളിഞ്ഞു മറഞ്ഞപോലെ....
അങ്ങിനെ അങ്ങിനെ ഇനിയും എന്തൊക്കെയോ ഈ അഭിപ്രായകോളത്തിൽ എഴുതി വയ്ക്കണമെന്നു തോന്നിപ്പിക്കുന്നു ഈ കഥ...ഇതു കഥയാകുമോ...അനുഭവിച്ചജന്മങ്ങൾ മുന്നിൽ വരില്ലെന്നുറപ്പുള്ളിടത്തോളം കാലം ഇതൊരു കഥയാണു....
നന്നായിരിക്കുന്നു വളരെ വളരെ......

18 January 2012 at 18:33
aathmaavu said...

വേണുവേട്ടാ , കൊള്ളാം, വായിക്കുവാന്‍ നന്നായിരുന്നു !!!
ഇന്നത്തെ തംബ്രാക്കന്മാരുടെ സ്ഥിതി ഒന്ന് വിശകലനം ചെയ്താല്‍ കൊള്ളാം !!
തമ്പ്രാന്‍ എന്നും കൊള്ളരുതാത്തവന്‍ ആയി പോയി !!! പുനൂല്‍ ഇട്ടവന്‍ എല്ലാം തമ്പ്രാന്‍ ആയി പോയി !!! പാവപെട്ട തമ്പ്രാന്‍ ഉണ്ടോ ആവോ ഏതെങ്കിലും കഥയില്‍ ?

19 January 2012 at 13:23
വേണുഗോപാല്‍ said...

ഇവിടെയെത്തി പോസ്റ്റ്‌ വായിച്ചു അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി ....

19 January 2012 at 23:50
മാണിക്യം said...

"തുഞ്ചാണി"കാണിച്ചു തന്നതിന് കണ്ണൂരാന് വീണ്ടും നന്ദി ..
ഈ കഥ അറുപതുകളില്‍ മാത്രമല്ല ഇന്നും തുടരുന്നു..
ഇന്നത്തെ കൊച്ചുമുതലാളിമാര്‍- മന്ത്രിപുത്രന്മാര്‍ തുടങ്ങിയവര്‍
'ദേവനുണ്ണിയേക്കാളും ഒട്ടും മോശമല്ലല്ലൊ
(തമ്പ്രാക്കന്മാരെന്ന് വിളിക്കുന്നില്ല എന്നല്ലെയുള്ളു)
ഒരേ ഒരു ചോദ്യമെ ഉള്ളു
എന്നാണ് ഈ ഭൂമിയില്‍ പെണ്‍മക്കളുള്ള മതാപിതാക്കള്‍
മനസ്സമാധാനത്തോടെ ജീവിക്കുക?
അതെന്നെങ്കിലും സാധിക്കുമോ?

22 January 2012 at 22:07
ഗൗരിനാഥന്‍ said...

കേട്ടറിവ് മാത്രമുള്ള കാലഘട്ടത്തെ കുറിച്ചാണല്ലോ..പണ്ട് ഇത്തരത്തിലുള്ള ചില നാടകങ്ങള്‍ കണ്ടിരുന്നു..ആ ഓര്‍മ്മയിലേക്കിത് കൊണ്ട് പോയി

24 January 2012 at 01:00
Muralee Mukundan , ബിലാത്തിപട്ടണം said...

പഴയകാലത്ത് നടന്ന സംഗതികൾ നല്ല ശൈലിയിൽ അവതരിപ്പിച്ചതാണ് ഈ കഥയുടെ മേന്മ കേട്ടൊ ഭായ്

10 February 2012 at 22:51
അഷ്‌റഫ്‌ സല്‍വ said...

ഒരു പക്ഷെ ആ കാലഘട്ടത്തിലെ കഥകള്‍ കാരണവന്മ്മാരില്‍ നിന്ന് കേട്ടറിഞ്ഞില്ലാത്തവര്‍ക്ക് ഇത് അവിശ്വസനീയമായി തോന്നാം,
പക്ഷെ ഇന്നിന്റെ അധികാരി വര്‍ഗങ്ങള്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ കാലം ഇതിനെ മായിചിട്ടില്ല പകരം മാറ്റി എഴുതിയിട്ടെ ഉള്ളൂ എന്ന് നമുക്ക് തോന്നി പോകുന്നു ,
സമസ്ത മേഘലയിലും മുതലെടുപ്പിന്റെ ആസ്വാദനത്തിന്റെ കണ്ണുകള്‍ കരങ്ങള്‍ കവിതകള്‍ കാണുമ്പോള്‍ ഭയം തോന്നുന്നു ,
ഇല്ലങ്ങളിലേക്ക് പ്രവേശം നിഷേധിക്കപ്പെട്ട പെണ്‍കുട്ടികളുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന കാമാര്‍ത്തി പൂണ്ട തമ്പുരാക്കന്മ്മാരെ ,ചക്കയും തേങ്ങയും കൊടുത്ത കാമാസക്തി മാറ്റിയിരുന്ന "ആജിയക്കന്മ്മാരെ" എനിക്കറിയാം, അവരുടെ വീര ചരിതങ്ങള്‍ അവര്‍ തന്നെ വിളമ്പിയത് കേട്ടിരുന്നിട്ടുണ്ട് ...
വേണുവേട്ടന്റെ കഥകളില്‍ എല്ലാം കാണുന്നു സമൂഹത്തില്‍ താഴയ പെട്ടവരുടെ ശബ്ദം.

8 May 2012 at 19:25

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)
പ്രിയ വായനക്കാര്‍ക്ക് തുഞ്ചാണിയിലേക്ക് സ്വാഗതം !!!!

തുടിതാളം ബ്ലോഗ്ഗിലേക്ക്

Thudithalam

Followers


Popular Posts

  • ചേമ്പിലക്കുടയും തെക്കന്‍കാറ്റും
    " ഹോ.. വല്ലാത്ത മഴ ട്രെയിനുകള്‍ ഓടുന്നുവോ ആവോ ? സ്കൂള്‍ ബസ്‌ വന്നോ എന്ന് നോക്ക്യേ ..." അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട...
  • ജന്നത്തുല്‍ ഫിര്‍ദൌസ്
    മക്ക പിടിച്ചടക്കാന്‍ എത്തിയ അബ്രഹത്തിന്റെ ആനപ്പടയെ കല്ലെറിഞ്ഞു തുരത്തിയ അബാബില്‍ പക്ഷി കൂട്ടങ്ങള്‍!! അവ മാനത്ത് തീര്‍ത്ത അന്ധകാരത്തെ മനസില...
  • വേനല്‍പൂവുകള്‍
    മുംബൈ വി ടി  (ഇന്ന് മുംബൈ സി എസ് ടി)  യിലെ എട്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ വണ്ടി  എത്തിച്ചേര്‍ന്നത്‌ വൈകുന്നേരം അഞ്ചു മണിക്ക്.  ശ്രീകൃഷ്ണ ട...
  • നേത്താവലിയിലെ കാറ്റ്
    ഇരുണ്ട ആകാശത്തില്‍ അങ്ങിങ്ങായ്‌  ചില നേരിയ  രേഖകള്‍ കോറിയിട്ട് ഒരു വെള്ളി വെളിച്ചം ഗുന്ജ്ജന്റെ മുഖത്തു പതിച്ചു.  സജലങ്ങളായ അവളുടെ കണ്‍കോണു...
  • അതിഥി ദേവോ ഭവ:
    മുംബൈയില്‍ എത്തി ആദ്യ കുറച്ചുനാള്‍ ഞാന്‍ നാട്ടുകാരനും എന്‍റെ  ബന്ധുവുമായ  ചന്ദ്രേട്ടനോടൊപ്പമാണ്  താമസിച്ചത്.  അദ്ദേഹത്തിന്‍റെ വിവാഹശേഷം ...
  • പ്രയാണം
    ഉച്ച വെയിലിന്‍ ചൂട് കുറയാന്‍ തുടങ്ങുന്നതെ ഉള്ളൂ.  കാലത്തിറക്കിയ ഇളനീര്‍ ഭൂരിഭാഗവും വിറ്റ് പോയിരിക്കുന്നു.  അവശേഷിക്കുന്ന അഞ്ചാറെണ്ണം മുന...
  • പാത്തൂന്റെ പാസ്‌
    എന്റെ കുട്ടികാലത്ത് മതുപ്പുള്ളി  എന്ന എന്റെ ഗ്രാമത്തില്‍ റേഷന്‍ കട നടന്നിരുന്നത് സെന്ററിലുള്ള ഞങ്ങളുടെ മൂന്നു മുറി കെട്ടിടത്തിലായിരുന്നു....
  • തമ്പും തേടി
    ഭഗവതിക്കാവിലെ കൊടിയേറ്റുത്സവത്തിന്‍ നാളിലാണ്‌ കാര്‍ത്തു ആദ്യമായി കൊച്ചമ്പ്രാനെ കണ്ടത്.  ആരവങ്ങള്‍ക്കിടയില്‍ നാലഞ്ച് വാല്യക്കാര്‍ക്ക് നടുവി...
  • മോന്തികൂട്ടം
    ഗ്രാമത്തെ  ഇരുകരകള്‍ ആയി വിഭജിക്കുന്നത് നടുവില്‍ പരന്നു കിടക്കുന്ന വിശാലമായ നെല്‍പാടമാണ്.  പാടത്തിനു നടുവിലൂടെ തെക്കെകരയെയും വടക്കേകരയും ബ...
  • മിച്ചഭൂമി
    എഴുപതുകളിലെ എന്റെ ഗ്രാമം .  കാര്‍ഷിക വൃത്തിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഭൂരിഭാഗം വരുന്ന ഗ്രാമീണ ജനത . അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷ...
Powered by Blogger.

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Blog Archive

  • ►  2014 (1)
    • ►  January (1)
  • ►  2013 (1)
    • ►  March (1)
  • ►  2012 (5)
    • ►  September (1)
    • ►  June (1)
    • ►  March (2)
    • ►  January (1)
  • ▼  2011 (8)
    • ▼  December (1)
      • തമ്പും തേടി
    • ►  October (1)
    • ►  September (2)
    • ►  August (2)
    • ►  July (2)

About Me

My photo
വേണുഗോപാല്‍
മുംബൈ, മഹാരാഷ്ട്ര, India
താളങ്ങളുടെ നാട് എന്ന് ഞങ്ങള്‍ ഓമനപ്പേര് വിളിക്കുന്ന പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട് ജനനം. പെരിങ്ങോട് ഹൈസ്കൂള്‍ , പട്ടാമ്പി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇരുപതാം വയസ്സില്‍ പ്രവാസിയായി മുംബൈ നഗരത്തിലേക്ക്. താളങ്ങളുടെ നാട്ടില്‍ നിന്നും മഹാനഗരത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ നഷ്ട്ടമായ ജീവിത താളം വീണ്ടെടുക്കാന്‍ വര്‍ഷങ്ങളോളം പ്രവാസത്തിന്റെ കടുത്ത പാതകളിലൂടെ തളര്‍ന്നും നിവര്‍ന്നും ഗമനം. ഇടക്കെങ്ങോ കൈമോശം വന്ന എഴുത്തും വായനയും തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഈ-എഴുത്തും വായനയും തുടങ്ങി വെച്ചു. വഴി കാണിക്കുക. തെറ്റുകള്‍ തിരുത്തിത്തരുക.
View my complete profile

Total Pageviews

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Facebook Badge

Venu Gopal

Create Your Badge

ജാലകത്തിലേക്ക്...

ജാലകം

Blogroll

 
(c) Copyright 2010 THUNCHANY. Designed by Blogspot Templates
Supported by Video Game Music, Website Hosting, VPS Hosting