skip to main | skip to sidebar

Pages

  • Home
  • കഥ
  • കവിത
  • നര്‍മ്മം
  • അനുഭവം
  • യാത്ര
  • നുറുങ്ങുകള്‍

THUNCHANY

October 26, 2011

മിച്ചഭൂമി


എഴുപതുകളിലെ എന്റെ ഗ്രാമം .
 കാര്‍ഷിക വൃത്തിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഭൂരിഭാഗം വരുന്ന ഗ്രാമീണ ജനത .

അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷന്‍ ഇല്ലാത്തതിനാല്‍ ഗ്രാമത്തില്‍ കളവുകളും ഇല്ലായിരുന്നു .


ജന്മിത്വം അതിന്റെ ഉത്തുംഗത്തില്‍  വാഴുന്നു . പാട്ടവും പതവും ദു:സ്വപ്നങ്ങള്‍ ആയെത്തി കര്‍ഷകന്റെ ഉറക്കം കെടുത്തിയിരുന്ന നാളുകള്‍. ഏതു രാഷ്ട്രീയ പാര്‍ട്ടിക്കും  വളരാന്‍ വളകൂറുള്ള മണ്ണായി എന്റെ ഗ്രാമം നില കൊണ്ടു .  എന്നിരുന്നാലും അല്പം വിപ്ളവ സ്വഭാവമുള്ള ഊഷര പാര്‍ട്ടിയോടായിരുന്നു ജനങ്ങള്‍ക്ക്‌ ആഭിമുഖ്യം .  അനങ്ങാപ്പാറ നയം സ്വീകരിച്ച കോമള പാര്‍ട്ടിയില്‍ ആകര്‍ഷകമായ ഒരു ഘടകവും അവര്‍ കണ്ടില്ലായിരിക്കാം


കുഞ്ഞന്‍ സഖാവ് എന്ന് ഗ്രാമം ചൊല്ലി വിളിക്കുന്ന പട്ടിക ജാതി യുവാവ് കുഞ്ഞന്‍ . കേവലം എഴാം ക്ലാസ് വിദ്യാഭ്യാസക്കാരനെങ്കിലും  ലോക വിവരങ്ങള്‍ പത്ര വായനയിലൂടെ ഗ്രഹിച്ചെടുക്കുന്ന വിവരശാലി. നാട്ടുകാരുടെ ഏതു പ്രശ്ന പരിഹാരത്തിനും അവര്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്കും മുന്‍ നിരയില്‍ തന്നെ ഈ ഊഷര പാര്‍ട്ടി  സഖാവ് കാണും .

മുക്കിലെ ചായ കടയില്‍ കാലത്തെത്തുന്ന മാതൃഭൂമി ദിനപത്രം ഉച്ചത്തില്‍ വായിച്ചു നാട്ടു  വര്‍ത്തമാനവും ലോക വിവരങ്ങളും ശ്രോതാക്കള്‍ക്ക് പകര്‍ന്നു നല്‍കുന്ന സഖാവ് നാട്ടിലെ വിവരമില്ലാത്തോര്‍ക്കൊരു വിസ്മയമായിരുന്നു . റഷ്യയിലെ സോഷ്യലിസവും , ക്യൂബയിലെ ബാഹ്യ ശക്തികളുടെ ഇടപെടല്‍ ശ്രമങ്ങളും സഖാവ് ആംഗ്യ വിക്ഷേപങ്ങള്‍ക്കൊപ്പം വിളമ്പുമ്പോള്‍ നാട്ടുകാര്‍ ഹുറേ ... ഹുറേ .. എന്ന് മനസ്സില്‍ പറഞ്ഞു .


ആയിടെ നഗരത്തില്‍ ഊഷര പാര്‍ട്ടി ആയിരങ്ങളെ അണിനിരത്തി സംഘടിപ്പിക്കുന്ന മത സൌഹാര്‍ദ്ദ റാലിയില്‍ പങ്കെടുക്കാന്‍ ഗ്രാമത്തില്‍ നിന്നും പോയ കാല്‍ നട പ്രചാരണ ജാഥയില്‍ വിദ്യാര്‍ഥിയായ  ഞാനും പങ്കെടുത്തു  . കാലത്ത് ചെറിയൊരു അംഗ സംഖ്യയോടെ തുടങ്ങിയ ജാഥ ഗ്രാമ വീഥികള്‍ പിന്നിട്ടു കവലയിലെത്തി . കവലയില്‍ കവിത ചൊല്ലുകയായിരുന്ന കവി അച്യുതന്‍ നമ്പൂതിരി സഖാവിനോട്   " കുഞ്ഞാ എന്താ കാര്യം ? " എന്ന് തിരക്കി .  മത സൌഹാര്‍ദ്ദം .... പാലക്കാട് വരെ  കാല്‍നട ജാഥ .... രണ്ടു ദിവസം കഴിഞ്ഞാല്‍ റാലി ...... രണ്ടു ദിവസം ഭക്ഷണം പാര്‍ട്ടി വക .... ""പറഞ്ഞു തീരുന്നതിനു മുന്‍പേ കവി ജാഥയുടെ ഭാഗമായി കഴിഞ്ഞു . തോളില്‍ തൂങ്ങുന്ന തുണി സഞ്ചിയില്‍ കവിതകള്‍ ഭദ്രമാണെന്ന് ഉറപ്പു വരുത്തി ഘോര ഘോരം മുദ്രാവാക്യം മുഴക്കി കവി ജാഥക്ക് ആവേശം നല്‍കി . ആനയും അമ്പാരിയും ഉള്ള ഇല്ലത്തു ജനിച്ച അച്യുതന്‍ നമ്പൂതിരി കാലത്തിന്‍ കുത്തൊഴുക്കില്‍ അഷ്ടിക്കു വകയില്ലാത്ത തെരുവ് തെണ്ടി ആയതും വിധി വൈപരീത്യം .


വൈകുന്നേരം ജാഥ ക്യാമ്പ്‌ ചെയ്ത ഇടത്താവളം ഭാരത പുഴക്കരയിലുള്ള ഏതോ സ്കൂള്‍ ആയിരുന്നു. സ്കൂളിന്റെ വിശാലമായ  ഹാളില്‍ വിശ്രമത്തിനായി പുല്പായകള്‍ നിരത്തിയിട്ടിരുന്നു. സ്കൂള്‍ മുറ്റത്തെ സ്റ്റേജില്‍ കലാപരിപാടികള്‍ നടക്കുന്നു  .. പുറകുവശത്ത് സ്ഥലവാസികള്‍ ആഹാരം ഒരുക്കുന്ന തിരക്കിലാണ് . നമ്പൂതിരി നീട്ടി ചൊല്ലുന്ന കവിത ദേശവാസികള്‍ മധുരം നുകരുന്ന പോലെ ശ്രവിച്ചു കൊണ്ടിരിക്കുന്നു .
" ഇവിടെയെന്തിനാര്‍ത്തരെ പരസ്പരം വഴക്കുകള്‍...
മനുജനെ പിണക്കിടാനോരുക്കിടും കുരുക്കുകള്‍"


അര്‍ത്ഥവത്തായ ആ കവിത കേട്ട്  സത്യത്തില്‍ എന്നിലും രോമാഞ്ചമുണ്ടായി ...
ഭക്ഷണം കഴിച്ചു കഴിഞ്ഞു വിരിച്ചിട്ട പായകളില്‍ അംഗങ്ങള്‍ നിരന്നു കിടന്നപ്പോള്‍   നമ്മുടെ പാവം മൊയ്തുട്ടി കിടന്ന സ്ഥലം നമ്പൂരിക്ക് അടുത്തായി പോയി .  അതത്ര രസിക്കാത്ത നമ്പൂരി പറഞ്ഞു " മോയ്തുട്ടീ .... കാര്യം മത സൌഹാര്‍ദ്ദം  ഒക്കെ വേണം .... ന്നാലും ത്തിരി മാറി കിടന്നോളൂ "  ഉടലാകെ ചൊറിഞ്ഞു കയറിയ മൊയ്തുട്ടിയുണ്ടോ വിടുന്നു . "ജീവന്‍ കെടക്കണേല്‍ മാപ്പിളടെ കഞ്ഞി ബെള്ളം വേണം ... ന്നിട്ടും മാപ്പിള ഹറാമാ... ഇമ്മാതിരി ഇബിലോസ്ള്  ഇണ്ടെങ്കി പിന്നെങ്ങിനാ നാട് നന്നാവാ....?  മൊയ്തുട്ടിവാക്യം കേള്‍ക്കാത്ത  മട്ടില്‍ തുണി സഞ്ചി തലയിണയാക്കി നമ്പൂരി ചുരുണ്ടപ്പോള്‍  ആ  മഹാകവിയുടെ ഹൃദയ വ്യാപ്തി ഓര്‍ത്തു  ഞാന്‍ ഊറി ചിരിച്ചു പോയി . ജാത്യാലുള്ളതു തൂത്താല്‍ പോകില്ലല്ലോ !


റാലി വന്‍ വിജയമാക്കി ഗ്രാമത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഗ്രാമത്തിലെ കൃഷിയിറക്കിയ നിലങ്ങള്‍ മുഴുവന്‍ വരളാന്‍ തുടങ്ങിയിരുന്നു . ഗ്രാമത്തിലെ വിശാലമായ അമ്പലക്കുളം സുബ്രമണ്യന്‍ ചിറ എന്ന പേരില്‍ നിറഞ്ഞു പരന്നു കിടന്നു . അമ്പലകുളത്തിലെ വെള്ളം കൃഷിക്ക് വിട്ടു നല്‍കാന്‍ കഴിയില്ലെന്ന അമ്പല കമ്മിറ്റിയുടെ വാദം ഊഷര പാര്‍ട്ടിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല . കുറയും തോറും ഉറവയെടുത്തു നിറയുന്ന ഈ ജലം കര്‍ഷകര്‍ക്ക് നല്‍കില്ലെന്ന അമ്പലക്കാരുടെ വാദ മുഖം ശരിയല്ലെന്ന്  പ്രഖ്യാപിച്ചു കുഞ്ഞന്‍ രംഗത്തെത്തി . ഇതൊരു അനീതിയായി കണ്ടു ഗ്രാമീണരെ സംഘടിപ്പിച്ചു ചിറയിലേക്ക്  മാര്‍ച്ച്  നടത്താന്‍ സഖാവ് തീരുമാനിച്ചു .

ചിറ പൊളിക്കുക ...
ജലം നല്‍കുക ..........
എന്ന മുദ്രാവാക്യവുമായി സഖാവിന്റെ നേതൃത്വത്തില്‍ ജനം ചിറയിലേക്ക്  മാര്‍ച്ച് നടത്തി ... 

ഏതോ അത്യാഹിതവുമായി ബന്ധപെട്ടു ചാലിശ്ശേരി സ്റ്റേഷനില്‍ ഉള്ള മുഴുവന്‍ പോലീസുകാരും മറ്റെങ്ങോ   നിയോഗിതരായതിനാല്‍ നാട്ടുകാരന്‍ കൂടിയായ അപ്പു നായര്‍ പോലീസിനു ആണ്  ചിറ ഡ്യൂട്ടി വീണു കിട്ടിയത്  . സ്ഥലത്തെത്തി  ജനക്കൂട്ടം നിരീക്ഷിച്ച  അപ്പു പോലീസിന്റെ കാല്‍ കൂട്ടിയിടിക്കാന്‍ തുടങ്ങി. നിക്കണോ ..തിരിച്ചു പോണോ?  എന്തായാലും നാട്ടുകാര്‍ ആണല്ലോ . കൊല്ലില്ല എന്ന് കരുതാം . അപ്പോള്‍ ഉദിച്ച ഒരു ആശയം പ്രാവര്‍ത്തികമാക്കാന്‍ അപ്പു നായര്‍ ജീപ്പ്  ഡ്രൈവറുടെ കയ്യില്‍ ഹാന്‍ഡ്‌ മൈക്ക് കൊടുത്തു . ജനം അകലെ നിന്നും പോലിസിനെ കണ്ടെങ്കിലും എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് മനസ്സിലായില്ല .  ജീപ്പ് ഡ്രൈവര്‍ ഷൂട്ട്‌ എന്ന് മൈക്കില്‍  അലറിയതും അപ്പു നായര്‍ ലാത്തി ഏതാണ്ട് തോക്ക് പിടിക്കും പോലെ തോളില്‍ ചേര്‍ത്ത്  ഉടലല്‍പ്പം വളച്ചു  മുന്നോട്ടു ഓരോ അടി വീതം  വെക്കാന്‍ തുടങ്ങി ... ചലനത്തിന് അകമ്പടിയായി ഡ്രൈവറുടെ " ജനം പിരിഞ്ഞു   പോണം ... വെടി വെക്കും എന്ന അനൌണ്‍സ്മെന്റ്   മുഴങ്ങി കൊണ്ടിരുന്നു  ... അകലെ നിന്നും തോക്കാണോ ലാത്തിയാണോ  അപ്പു നായര്‍ ചൂണ്ടിയതെന്നറിയാതെ ജനം ഭയന്ന്  പല വഴിക്കും ഓടി . പക്ഷെ കുഞ്ഞന്‍ സഖാവ് പിന്മാറിയില്ല . ആളുകള്‍ ഓടിയതും പൂര്‍വസ്ഥിതി വീണ്ടെടുത്ത അപ്പുനായര്‍ അനുനയത്തില്‍ കുഞ്ഞനെ വിളിച്ചു ജീപ്പില്‍ കയറ്റി. സ്റ്റേഷന്‍ ലക്ഷ്യമാക്കി ജീപ്പ് കുതിച്ചു .


സ്റ്റേഷനില്‍ എത്തിയതും  ഏതോ കേസിന് തുമ്പുണ്ടാക്കാന്‍ കഴിയാത്ത ദേഷ്യം മുഴുവന്‍ എസ്. ഐ. ഇട്ട്യാര കുഞ്ഞന്‍ സഖാവിന്റെ കൂമ്പിനിടിച്ച് തീര്‍ത്തു.  ഇടി മുറിയില്‍ നിന്നും കിതച്ചു  പുറത്തു വന്ന ഇട്ട്യാര അപ്പു നായരോട് ശബ്ദമുയര്‍ത്തി ചോദിച്ചു . ഈ പാര്‍ട്ടിക്ക്  വേറെ നേതാക്കള്‍ ആരും ഇല്ലെടോ ? കുഞ്ഞന്റെ കുടക്കാല് പോലുള്ള ശരീരത്തില്‍ ഇടിച്ചു ബോറടിച്ചത് കൊണ്ടാകാം മാംസളമായ മറ്റു ശരീരങ്ങള്‍ എസ് ഐ അന്വേഷിക്കുന്നത്  എന്ന് അപ്പു നായര്‍ ഊഹിച്ചു . ക്ഷേത്ര സമിതി ഇട്ട്യാരക്ക് എന്തോ നല്‍കിയിട്ടുണ്ടെന്ന് നിനച്ചു  നില്‍ക്കുമ്പോള്‍ ഏന്തി വലിഞ്ഞു വരുന്ന കുഞ്ഞനെ കണ്ടു സഹതാപം പൂണ്ടു അപ്പു നായര്‍ ചോദിച്ചു  .  ' എന്തിനാ കുഞ്ഞാ ...... ഈ തല്ലോള്ളിത്തരത്തിനൊക്കെ   പോണത്..... ?  ചോദ്യം കേട്ടതും  കുഞ്ഞന്‍ കൊടുത്ത മറുപടി അപ്പു നായരെ ഞെട്ടിച്ചു ..."നായരെ .... ഞങ്ങള്‍ തീയില്‍ കുരുത്തവരാ .. ങ്ങടെ ഈ ടോര്‍ച് വെളിച്ചം പോലുള്ള വെയിലില്‍ വാടില്ല.....ഓര്‍ത്തോളിന്‍  "  രണ്ടു കൈ കൊണ്ടും നടുവിന് താങ്ങ് കൊടുത്താണ് അത്രയും പറഞ്ഞൊപ്പിച്ചത് .   ചിറയില്‍ നിന്ന് പിരിഞ്ഞോടിയ ജനം മുതിര്‍ന്ന നേതാക്കളുമായി എത്തിയപ്പോള്‍ രണ്ടു കണ്ണില്‍ നിന്നും സുബ്രമണ്യന്‍ ചിറ തുറന്നു വിട്ട പോലെ ജലമൊലിപ്പിച്ചു നില്‍ക്കുന്ന കുഞ്ഞന്‍ സഖാവിനെയാണ്‌  കണ്ടത് .


അത്തരം സംഭവങ്ങള്‍ ഒന്നും കുഞ്ഞന്‍ സഖാവിന്റെ വീര്യം ചോര്‍ത്തിയില്ല .  പതിന്മടങ്ങ്‌  ശക്തിയോടെ ഊഷര പാര്‍ട്ടി പരിപാടികളില്‍ സഖാവ് സജീവ സാന്നിധ്യമായി  നില കൊണ്ടു.  പാര്‍ടിയുടെ അടുത്ത പരിപാടി അമ്പാടി മനയ്ക്ക് കീഴിലുള്ള ഏക്കര്‍ കണക്കിന് മിച്ച ഭൂമി പിടിചെടുത്തു ഭൂരഹിതര്‍ക്ക്  വിതരണം ചെയ്യുക എന്നതായിരുന്നു . സ്ഥലത്തെ പ്രധാന നേതാവ്  മകളുടെ ജോലിസ്ഥലമായ ഡരാദൂനില്‍ സുഖവാസത്തിനു പോയതിനാല്‍ സമരത്തിന്റെ ചുക്കാന്‍ പിടിക്കാനുള്ള നിയോഗം കുഞ്ഞനെ തേടിയെത്തി. ഗ്രാമ ജനത ഇളകി മറിഞ്ഞു . മണ്ണില്ലാത്തവന്‍ മണ്ണിനു വേണ്ടി കുഞ്ഞന്റെ പുറകില്‍ അണി നിരന്നു. അങ്ങനെ മിച്ച ഭൂമിയില്‍ കോടി കുത്തുന്ന ആ ദിവസം സമാഗതമായി .


ഒരു കാഴ്ചക്കാരനെ പോലെ ഞാന്‍ അവിടെയെത്തിയപ്പോള്‍ ഗ്രാമ വാസികള്‍ പലയിടത്തായി കുടിലുകള്‍  തീര്‍ത്തു കോടി നാട്ടിയ കാഴ്ച കണ്ടു . ഭൂവുടമ  പോലിസിനെ വിളിച്ചിട്ടുണ്ടെങ്കിലും കിലോമീറ്ററുകള്‍ താണ്ടി പോലിസ്  എത്താന്‍ സമയമെടുക്കും . എന്നാലും എത്തി കഴിഞ്ഞാലുള്ള കാഴ്ച കാണാന്‍ ജനങ്ങളോടൊപ്പം വെയില്‍ വക വെക്കാതെ ഞാനും കാത്തു നിന്നു.


കാത്തിരുപ്പിനോടുവില്‍ പോലിസ് ജീപ്പ് എത്തി . ജീപ്പ് കണ്ടതും മുദ്രാവാക്യം വിളികള്‍
ഉച്ചസ്ഥായിയിലായി . കുടില്‍ കേട്ടിയവരെല്ലാം കുഞ്ഞന്‍ സഖാവിനു പുറകില്‍ കവാടത്തില്‍ നിരന്നു. 

എസ്  ഐ  ഇട്ട്യാര.. നാലഞ്ചു കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പം ജീപ്പില്‍ നിന്ന് ചാടിയിറങ്ങി .
ഇട്ട്യാരയെ കണ്ടതും എന്നിലും ദേഷ്യം നുരഞ്ഞു .
                                                                                                                                                                  പണ്ടൊരിക്കല്‍    സെക്കന്റ്‌ ഷോ കണ്ടു ലൈറ്റ്  ഇല്ലാത്ത സൈക്കിളില്‍ മുന്‍പിലും പിറകിലും കൂട്ടുകാരെ  വെച്ച് വന്ന  പാവം എന്റെ വഴി തടഞ്ഞവാനാ  ഈ കാട്ടുപന്നി ...... അന്ന്  ഒരു ദയയുമില്ലാതെ  രണ്ടുചക്രത്തിന്റെയും വാല്‍ട്യൂബ് വലിച്ചു പോക്കറ്റിലിട്ടു പാതിരാക്ക്‌ കിലോമീറ്ററുകള്‍ എന്നെകൊണ്ട് സൈക്കിള്‍ തള്ളിച്ച ആ ദുഷ്ട്ടനെ സമരക്കാര്‍ തല്ലി കൊന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു. പക്ഷെസംഭവിച്ചത് മറിച്ചായിരുന്നു.


പോലിസ് തിരിച്ചു പോകുക ..
പോലിസ്  പുല്ലാണ്......
എന്നൊക്കെവിളിച്ച സമരക്കാര്‍ പോലിസ് മുന്നോട്ടടുക്കും തോറും പതുക്കെ പതുക്കെ പുറകിലോട്ടുവലിഞ്ഞുകൊണ്ടിരുന്നു.

കുഞ്ഞന്‍ മാത്രം തെല്ലും കുലുക്കമില്ലാതെ നിന്നിടത്തു തന്നെ നില കൊണ്ടു . ആ നില്‍പ്പ് കണ്ടു കലി കയറിയ ഇട്ട്യാര കൈ കറക്കി സഖാവിന്റെ മോന്തക്ക്  ഒരെണ്ണം   ചാര്‍ത്തി. മുന്‍പില്‍ ഇരുട്ട് മാത്രം...... ഏതോ മൃദുലമല്ലാത്ത പ്രതലത്തില്‍ മുതുകടിച്ചു വീണപ്പോള്‍ ആണ്  തന്നെ ജീപ്പിലേക്കു എടുത്തെറിയുകയായിരുന്നുവെന്ന്  സഖാവറിഞ്ഞത്........ 


സഖാവ് അറസ്റ്റില്‍ ആയെങ്കിലും സമരം ശക്തിയോടെ  തുടരുകയും വിജയിക്കുകയും ചെയ്തു. പക്ഷെ നാളുകള്‍ ആശുപത്രി കിടക്കയില്‍ ചിലവഴിച്ചു തിരിച്ചെത്തിയ സഖാവിനു നല്‍കാന്‍ പ്രാദേശിക നേതാക്കളുടെ മക്കള്‍ക്കും , മരുമക്കള്‍ക്കും പേരകിടാങ്ങള്‍ക്കും വീതം വെച്ചു കഴിഞ്ഞ ഭൂമിയില്‍ മിച്ഛമോന്നുമില്ലായിരുന്നു.


*അടി കുറിപ്പ് ...* ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത്  ഞാന്‍ പറഞ്ഞ ഈ അനുഭവം തികച്ചും ഗൌരവമേറിയ ഒന്നാണ് . വിവിധ സമരങ്ങളില്‍  നാം കണ്ട ഈ മനുഷ്യന്‍ ... ഇന്ന് അതിജീവനത്തിനുള്ള സമരത്തിലാണ് . പല  സമര മുഖങ്ങളില്‍ നിന്നും മര്‍ദ്ദനം  ഏറ്റു വാങ്ങിയ ഇദ്ദേഹം കാഴ്ച നഷ്ട്ടപെട്ട ഇടതു കണ്ണും , ഭാഗികമായി ചലന ശേഷി നശിച്ച ഇടതു കാലും വൈകല്യങ്ങളായി കാണാതെ ഇന്നും കൂലി വേലയെടുത്തു ജീവിക്കുന്നു. അതെ സമയം കോമള പാര്‍ട്ടിയില്‍  നിന്നും കാലു മാറിയെത്തിയ പലരും ഇന്ന് ഊഷര പാര്‍ട്ടിയുടെ പ്രാദേശികനേതാക്കളായി വിലസുന്നു. സഖാവ് കുഞ്ഞന്‍ ഒരു സാധാരണ  പ്രവര്‍ത്തകനായി ഇന്നും പാര്‍ട്ടിയില്‍ തുടരുന്നു. ഇത് പോലെ നിരവധി കുഞ്ഞന്മാര്‍ നമുക്ക് ചുറ്റുമുണ്ട് . 


തങ്ങളുടെ യവ്വനം മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തീരെഴുതി അവസാനം ജീവിതത്തിന്റെ പുറംപോക്കിലേക്ക്  ചവിട്ടിതെറിപ്പിക്കപ്പെടുന്നവര്‍.. സിദ്ധാന്തങ്ങളുടെ കാവല്‍ക്കാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ കാണാതെ പോകുന്ന ഇത്തരം ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ ... അവര്‍ക്ക് മുന്നില്‍ ഈ പ്രവാസിയുടെപ്രണാമം. 
പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 21:29 81 അഭിപ്രായ(ങ്ങള്‍) Email This BlogThis! Share to Twitter Share to Facebook
ലേബലുകള്‍: കഥ
Newer Posts Older Posts Home
Subscribe to: Posts (Atom)
പ്രിയ വായനക്കാര്‍ക്ക് തുഞ്ചാണിയിലേക്ക് സ്വാഗതം !!!!

തുടിതാളം ബ്ലോഗ്ഗിലേക്ക്

Thudithalam

Followers


Popular Posts

  • ചേമ്പിലക്കുടയും തെക്കന്‍കാറ്റും
    " ഹോ.. വല്ലാത്ത മഴ ട്രെയിനുകള്‍ ഓടുന്നുവോ ആവോ ? സ്കൂള്‍ ബസ്‌ വന്നോ എന്ന് നോക്ക്യേ ..." അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട...
  • ജന്നത്തുല്‍ ഫിര്‍ദൌസ്
    മക്ക പിടിച്ചടക്കാന്‍ എത്തിയ അബ്രഹത്തിന്റെ ആനപ്പടയെ കല്ലെറിഞ്ഞു തുരത്തിയ അബാബില്‍ പക്ഷി കൂട്ടങ്ങള്‍!! അവ മാനത്ത് തീര്‍ത്ത അന്ധകാരത്തെ മനസില...
  • വേനല്‍പൂവുകള്‍
    മുംബൈ വി ടി  (ഇന്ന് മുംബൈ സി എസ് ടി)  യിലെ എട്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ വണ്ടി  എത്തിച്ചേര്‍ന്നത്‌ വൈകുന്നേരം അഞ്ചു മണിക്ക്.  ശ്രീകൃഷ്ണ ട...
  • നേത്താവലിയിലെ കാറ്റ്
    ഇരുണ്ട ആകാശത്തില്‍ അങ്ങിങ്ങായ്‌  ചില നേരിയ  രേഖകള്‍ കോറിയിട്ട് ഒരു വെള്ളി വെളിച്ചം ഗുന്ജ്ജന്റെ മുഖത്തു പതിച്ചു.  സജലങ്ങളായ അവളുടെ കണ്‍കോണു...
  • അതിഥി ദേവോ ഭവ:
    മുംബൈയില്‍ എത്തി ആദ്യ കുറച്ചുനാള്‍ ഞാന്‍ നാട്ടുകാരനും എന്‍റെ  ബന്ധുവുമായ  ചന്ദ്രേട്ടനോടൊപ്പമാണ്  താമസിച്ചത്.  അദ്ദേഹത്തിന്‍റെ വിവാഹശേഷം ...
  • പ്രയാണം
    ഉച്ച വെയിലിന്‍ ചൂട് കുറയാന്‍ തുടങ്ങുന്നതെ ഉള്ളൂ.  കാലത്തിറക്കിയ ഇളനീര്‍ ഭൂരിഭാഗവും വിറ്റ് പോയിരിക്കുന്നു.  അവശേഷിക്കുന്ന അഞ്ചാറെണ്ണം മുന...
  • പാത്തൂന്റെ പാസ്‌
    എന്റെ കുട്ടികാലത്ത് മതുപ്പുള്ളി  എന്ന എന്റെ ഗ്രാമത്തില്‍ റേഷന്‍ കട നടന്നിരുന്നത് സെന്ററിലുള്ള ഞങ്ങളുടെ മൂന്നു മുറി കെട്ടിടത്തിലായിരുന്നു....
  • തമ്പും തേടി
    ഭഗവതിക്കാവിലെ കൊടിയേറ്റുത്സവത്തിന്‍ നാളിലാണ്‌ കാര്‍ത്തു ആദ്യമായി കൊച്ചമ്പ്രാനെ കണ്ടത്.  ആരവങ്ങള്‍ക്കിടയില്‍ നാലഞ്ച് വാല്യക്കാര്‍ക്ക് നടുവി...
  • മോന്തികൂട്ടം
    ഗ്രാമത്തെ  ഇരുകരകള്‍ ആയി വിഭജിക്കുന്നത് നടുവില്‍ പരന്നു കിടക്കുന്ന വിശാലമായ നെല്‍പാടമാണ്.  പാടത്തിനു നടുവിലൂടെ തെക്കെകരയെയും വടക്കേകരയും ബ...
  • മിച്ചഭൂമി
    എഴുപതുകളിലെ എന്റെ ഗ്രാമം .  കാര്‍ഷിക വൃത്തിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഭൂരിഭാഗം വരുന്ന ഗ്രാമീണ ജനത . അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷ...
Powered by Blogger.

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Blog Archive

  • ►  2014 (1)
    • ►  January (1)
  • ►  2013 (1)
    • ►  March (1)
  • ►  2012 (5)
    • ►  September (1)
    • ►  June (1)
    • ►  March (2)
    • ►  January (1)
  • ▼  2011 (8)
    • ►  December (1)
    • ▼  October (1)
      • മിച്ചഭൂമി
    • ►  September (2)
    • ►  August (2)
    • ►  July (2)

About Me

My photo
വേണുഗോപാല്‍
മുംബൈ, മഹാരാഷ്ട്ര, India
താളങ്ങളുടെ നാട് എന്ന് ഞങ്ങള്‍ ഓമനപ്പേര് വിളിക്കുന്ന പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട് ജനനം. പെരിങ്ങോട് ഹൈസ്കൂള്‍ , പട്ടാമ്പി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇരുപതാം വയസ്സില്‍ പ്രവാസിയായി മുംബൈ നഗരത്തിലേക്ക്. താളങ്ങളുടെ നാട്ടില്‍ നിന്നും മഹാനഗരത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ നഷ്ട്ടമായ ജീവിത താളം വീണ്ടെടുക്കാന്‍ വര്‍ഷങ്ങളോളം പ്രവാസത്തിന്റെ കടുത്ത പാതകളിലൂടെ തളര്‍ന്നും നിവര്‍ന്നും ഗമനം. ഇടക്കെങ്ങോ കൈമോശം വന്ന എഴുത്തും വായനയും തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഈ-എഴുത്തും വായനയും തുടങ്ങി വെച്ചു. വഴി കാണിക്കുക. തെറ്റുകള്‍ തിരുത്തിത്തരുക.
View my complete profile

Total Pageviews

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Facebook Badge

Venu Gopal

Create Your Badge

ജാലകത്തിലേക്ക്...

ജാലകം

Blogroll

 
(c) Copyright 2010 THUNCHANY. Designed by Blogspot Templates
Supported by Video Game Music, Website Hosting, VPS Hosting