skip to main | skip to sidebar

Pages

  • Home
  • കഥ
  • കവിത
  • നര്‍മ്മം
  • അനുഭവം
  • യാത്ര
  • നുറുങ്ങുകള്‍

THUNCHANY

September 16, 2011

പാത്തൂന്റെ പാസ്‌



എന്റെ കുട്ടികാലത്ത് മതുപ്പുള്ളി  എന്ന എന്റെ ഗ്രാമത്തില്‍ റേഷന്‍ കട നടന്നിരുന്നത് സെന്ററിലുള്ള ഞങ്ങളുടെ മൂന്നു മുറി കെട്ടിടത്തിലായിരുന്നു. കട നടത്തിയിരുന്നത് മുഹമ്മദ്‌ കുട്ടി എന്ന മയമുട്ടി. ആദ്യ മുറിയില്‍ അഗതി വിലാസം ... ഹോട്ടല്‍ പോഹാളിയ എന്നൊക്കെ നാട്ടുകാര്‍ ഓമന പേരിട്ടു വിളിക്കുന്ന ഞങ്ങളുടെ ചായക്കട. രണ്ടാമത്തേതില്‍ റേഷന്‍ കട .. മൂന്നാമത് മുറി റേഷന്‍ കടയുടമ തന്നെ നടത്തുന്ന പലചരക്ക് കട(ഇറക്കുന്ന റേഷന്‍ സാധനങ്ങള്‍ മുഴുവന്‍ വില്കുന്നത് ഈ കടയിലൂടെ എന്ന് നാട്ടില്‍ തൌധാരം) . ആ പ്രദേശത്തെ  ഏക ഷോപ്പിംഗ്‌ കോംപ്ളക്സ് ഇത് മാത്രമായതിനാല്‍ ഒരു വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഉടമസ്ഥാവകാശം അനുഭവിക്കുന്ന പ്രതീതിയായിരുന്നു ഞങ്ങള്‍ക്ക് . റേഷന്‍ കട മയമുട്ടി ഒരു സരസന്‍. വഴിയെ പോകുന്ന എന്തും ഏതും മയമുട്ടി കൈവെക്കും. ചായക്കട  ബെഞ്ചില്‍ റേഷന്‍ കട ഭാഗത്തേക്ക് തിരിഞ്ഞിരുന്നു പത്രം വായിക്കുന്ന അച്ഛന്റെ പൊക്കാന്‍ ആകാത്ത കുമ്പ നോക്കി

'" നായരച്ചാ .. സര്‍ക്കാര്‍   റേഷന്‍ പീടിക വാടക ഇങ്ങക്ക് തര്നത്  നാട്ടാര്ക് പച്ചരി ബാങ്ങാന്‍ നിക്കാള്ള സ്ഥലത്തിനാ. അബടെ കേറ്റി ഇങ്ങടെ പള്ള പരത്തീടാനല്ല " എന്ന് ഒരു താക്കീത്.

സ്ഥലത്തെ പ്രധാന പയ്യന്‍സ് ആണ് കാദര്‍ എന്ന് വിളിക്കുന്ന അബ്ദുല്‍ ഖാദര്‍. ഗ്രാമത്തില്‍  കോളേജില്‍ പോകുന്ന രണ്ടു മെമ്പറില്‍ ഒരാള്‍ ആയതിനാല്‍ എന്തിനും തര്‍ക്കുത്തരം... റെഡി ഉത്തരം . ഒരു നാള്‍ ആനകുട മുറിച്ചു തയ്ച്ച പോലൊരു കുപ്പായവും താടിയും കഴിഞ്ഞു താഴോട്ടു വളച്ച മീശയും പേറി കടന്നു പോയ കാദറിനെ കണ്ടു മയമുട്ടി ചോദിച്ചു.

"  ഇന്ന് എബടടാ എയുന്നള്ളിപ്പ്..?

തറച്ചു നോക്കിയ കാദരിനോട് വീണ്ടും ....

അന്റെ കൊമ്പും നെറ്റിപട്ടോം കണ്ടു ശോയിച്ചതാ...? "

ഉത്തരം ഉടന്‍ വന്നു

" ഇന്ന് ഇങ്ങടെ ബീടര്ടെ രണ്ടാം കേട്ടാ... അയിന്റെ എയുന്നള്ളിപ്പിനു പോകാ ...ഇങ്ങളും ബരീന്‍ '"

ഉത്തരം സുഖിച്ച ശ്രോതാവ് വെടി വാസു ചോദിച്ചു

" ആരാ കാദറോ......  പുയ്യാപ്ല ..?"
ഓര്ടെ പണ്ടത്തെ പറ്റാരന്‍ തന്നെ ..ബീരാന്‍. "

മുഖത്ത് എന്തോ വീണു പൊട്ടിയ പോലെ മയമുട്ടി സ്വയം പറഞ്ഞു

" ഹറാം പെറപ്പാ ... ഒരു കാര്യം തവധരിക്കാന്‍ കൊള്ളൂല ".

എന്നിട്ട് മുഖം മറ്റാരും കാണാതിരിക്കാന്‍ പത്രം നിവര്‍ത്തി ചരമ വാര്‍ത്തകള്‍ വായിക്കാന്‍ തുടങ്ങി  . കലി അടങ്ങുന്നില്ല . തരിഞ്ഞു കടക്കു മുന്നിലിരുന്നു ബീഡി ഈച്ചയ്ക്ക് വെച്ച് കളിക്കുന്ന അബ്ദുള്ള, കുഞ്ഞന്‍ എന്നിവരെ നോക്കി പറഞ്ഞു  ..

" റേഷന്‍ പീട്യെന്റെ മുമ്പിലാടാ ഇങ്ങടെ ഈച്ചേം പൂച്ചേം കളി"? 
ഇക്ക മതുപ്പുള്ളീല് ഈച്ച ഇങ്ങടെ റേഷന്‍ പീട്യാല്  മാത്രാ ... അതോണ്ടല്ലേ ഞമ്മ  ഇബടെ കളിക്കനത് " 
അത് അബ്ദുല്ലാന്റെ  മറുപടി 

വൈകുന്നേരങ്ങളില്‍ അരി വാങ്ങാന്‍ എത്തുന്നവര്‍ രണ്ടു പേര്‍ ..  സുന്ദരീം..... പാത്തുവും... ഉടല്‍ ആസകലം കറുത്ത പെയിന്റ് തേച്ച പോലുള്ള  സുന്ദരിയുടെ മേനിയഴക് നോക്കി മയമുട്ടി പറയും

" ന്റെ സുന്ദരീ .. അന്നെ കണ്ടാല്‍ സുബര്‍ക്കതീന്നു ബന്ന  ഹൂറിടെ മോന്ജാ.." 

കൂടെ ഒരുപദേശവും 

" ബൈന്നാരം കുളിച്ചു കൊറച്ചു ബെണ്ണീര്‍ എടുത്തു ഒരു കുറി നെറ്റീല്  ബരച്ചോ ... നാട്ടാര് ഇരുട്ടത്ത്‌ അന്നെ തട്ടാണ്ട് ഇരിക്കാന്‍ ഒരടയാളം " ......

. കൂടി നിന്നവരുടെ ചിരി ഉയരുമ്പോള്‍  സുന്ദരി തിരിച്ചടിക്കും ..

" മൂപ്പരെ ... ന്റെ കാര്യം ഞാന്‍ നോക്ക്യോലാം.. ഇങ്ങള് കുടീ ചെന്ന് ബീടര്‍ക്ക് അടയാളം ബെക്കിന്‍"  
എല്ലാര്ക്കും കലിയടക്കാന്‍ മയമുട്ടിക്കാന്റെ ബീടര്‍ കൌസുമ്മ താത്താടെ ഒരു ജന്മം അങ്ങിനെ .

എന്നും കടയടക്കാന്‍ നേരത്ത് ഓടി കിതച്ചെത്തുന്ന പറ്റുകാരി പാത്തു .  ' ഇക്കാ.... അടക്കല്ലേ.'.. "എന്ന്  അലറീട്ടാ ഓള്‍ടെ ബരവ്. " നിര വാതില്‍ നാലെണ്ണം അടച്ചു കഴിഞ്ഞ മയമുട്ടി ചോദിക്കും 

  
" ന്റെ പാത്തോ... അനക്ക് മേണ്ടി പാതിരാ ബരെ ബെളക്കും കത്തിച്ചു ബിടിരിക്കണോ  ?"

  അരി തൂക്കിയിടുമ്പോള്‍  പാത്തു പറയും ..." ചാക്കിന്റെ മോളീന്ന് നല്ല അരി തരീന്‍ ... ന്നലെ കൊണ്ടോയത്  പാതിരാക്ക്‌ നോക്കീപ്പോ പൈതി അരി ചോരിന്റെ മോളിലാ ..."
(അരിയിലെ കീടങ്ങള്‍ അരിയും വലിച്ചു ചുവരില്‍ കേറിയതിന്റെ ഹാസ്യാവിഷ്കാരം നടത്തിയതാണ് പാത്തു )


തലേന്ന് അരി വാങ്ങിച്ചു പോയ പാത്തുവിനെ പിറ്റേന്ന് റേഷന്‍ കട തുറക്കുന്നതിനു മുന്‍പ് കടക്കു മുന്നില്‍ കണ്ടു എന്തോ കുഴപ്പമുണ്ടെന്നു കരുതി  അച്ഛന്‍ തിരക്കി .. 

എന്താ പാത്തു  ത്ര കാലത്ത് ? 

"നായരച്ചാ ... ന്റെ പാസ് (റേഷന്‍ കാര്‍ഡിനു ഞങ്ങടെ നാട്ടില്‍ ഇങ്ങിനെയും പറയും) ന്നലെ ഇബടെ മറന്നൂ ന്നു തോന്നണ്.. കാണാല്ല". 

മയമുട്ടി വന്നു കട തുറന്നു പാസ്സന്വേഷണം തകൃതിയായി നടക്കുമ്പോള്‍ പാത്തുവിന്റെ ചെക്കന്‍ ഓടി കിതച്ചെത്തി . കാല്‍മുട്ട് വരെ ഊര്‍ന്നിറങ്ങിയ അര കളസവും വായിലോട്ടു ഒഴുകിയിറങ്ങുന്ന മൂക്കീരും ഒറ്റ ബലിക്ക് മോളി കേറ്റി ഓന്‍ മോയിഞ്ഞു .. ഉമ്മാ..പാസ്‌ കിട്ടി. അതിശയം പുറത്തു കാട്ടാതെ പാത്തു ചോദിച്ചു. 

എബട്ന്നു ..? 

ഉപ്പാന്റെ പയം കഞ്ഞീന്നു  .... 

അള്ളാ... പയം കഞ്ഞീന്നു പാസോ? മയമുട്ടിക്കു കാര്യം പിടി കിട്ടിയില്ല. പുറകെ പോയി അന്വേഷിച്ചപ്പോള്‍ സംഭവമിങ്ങനെ......

തലേന്ന് വാങ്ങി  കൊണ്ട്  പോയ ഒരു കിലോ അരി കഴുകാതെ അതെ  പടി കലത്തില്‍ തട്ടിയ പാത്തു സഞ്ചിക്കകത്തു കിടന്ന പാസ്‌ എടുക്കാന്‍ മറന്നു. പാസ്‌ വെന്തു പയംകഞ്ഞി ആയി.  വിവരമറിഞ്ഞ മയമുട്ടി  തലയ്ക്കു കൈവെച്ചു ഇങ്ങിനെ പറഞ്ഞു . 

" റബ്ബുല്‍ ആലമീനായ തമ്പുരാനെ... ഏര്‍വാടി തങ്ങളെ .... ആവശ്യത്തിനും അനാവശ്യത്തിനും ബാരിക്കൊരി കൊടുക്കണ ങ്ങള് ഈ പാത്തൂന്റെ തലേല്‍  അമ്പത് ഗ്രാം ബെളിവ് കൊടുത്തെങ്കില് .....  "

ഇപ്പോള്‍ ഗ്രാമത്തില്‍ ആരോടെങ്കിലും പാത്തുവിനെ കണ്ടോ എന്ന് ചോദിച്ചാല്‍ ഉടന്‍ മറു ചോദ്യം വരും ..." ഏത്.. ഞമ്മടെ പാസ്‌ പുയുങ്ങിയ പാത്തോ?"


ഈച്ചയ്ക്ക് ബീഡി വെക്കല്‍ ഞാന്‍ എന്റെ ഗ്രാമത്തില്‍ മാത്രം കണ്ട നേരമ്പോക്കാണ്. അതിന്റെ പ്രയോക്താവും ഗുണഭോക്താവും അബ്ദുള്ള തന്നെ . രണ്ടു പേര്‍ ഓരോ ബീഡി വീതം വെക്കും . ഏതു ബീഡിയില്‍ ഈച്ച കയറുന്നുവോ അതിന്റെ ഉടമക്ക് രണ്ടു ബീഡിയും . ബീഡിയില്‍ ആരുമറിയാതെ ശര്‍ക്കര തേച്ചു ഒരു ദിവസം പത്തു നാല്പതു ബീഡി അബ്ദുള്ള ഈച്ചയെ കൊണ്ട് സമ്പാദിക്കും എന്നും തൌധാരം .

പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 18:12 94 അഭിപ്രായ(ങ്ങള്‍) Email This BlogThis! Share to Twitter Share to Facebook
ലേബലുകള്‍: നര്‍മ്മം

September 10, 2011

മാനിഷാദ

അമ്പെയ്ത നിഷാദനോട് മാനിഷാദ അരുളിയ വാല്മീകി രാമായണം മാറ്റി വെക്കാം...
പുരുഷ ഗണത്തിനു മുഴുവന്‍ അപമാനത്തിന്റെ ആഴമേറിയ മുറിവുകള്‍ സമ്മാനിച്ച മറ്റൊരു വാല്മീകി.  ആ നരാധമന്റെ വേട്ടക്കിരയായി മുപ്പത്തി ഏഴു വര്‍ഷം....
ശ്വാസം തങ്ങി നില്‍ക്കുന്ന  മാംസ പിണ്ഡം കണക്കെ ആശുപത്രി കിടക്കയില്‍ ദയാവധം പോലും അനുവദിച്ചു നല്‍കാതെ അവള്‍ ...
ഹല്‍ധിപൂരിന്റെ സ്വന്തം പുത്രി.... അരുണ ഷാന്‍ബാഗ്‌ . 
 ആ നാമം പോലും നമ്മള്‍ മറന്നു കഴിഞ്ഞു !!!!!.

ആതുര ശുശ്രൂഷ രംഗത്ത് രാപ്പകല്‍ ഭേദമേന്യേ സേവന നിരതരായ നമ്മുടെ സഹോദരിമാര്‍ ‍.
സഹ പ്രവര്‍ത്തകരാലും രോഗികളാലും പീഡനത്തിന്നിരയായി പിച്ചി ചീന്ത പെടുന്ന അവരുടെ ജീവിതങ്ങള്‍ ‍.  പ്രഭാതങ്ങളില്‍ ചായക്കൊപ്പം വായിച്ചു തള്ളുന്ന ഈ വാര്‍ത്തകള്‍ നമുക്ക് ഓര്‍ത്തു വെക്കേണ്ട കാര്യമില്ലല്ലോ!




നാല്പതു  വര്‍ഷങ്ങള്‍ മുന്‍പ് വടക്കന്‍ കര്‍ണാടക ജില്ലയിലെ ഹല്‍ധിപൂര്‍ എന്ന ഗ്രാമത്തില്‍ നിന്നും ഒരു പൂമ്പാറ്റ പാറി പറന്നു മുംബയിലെത്തി. വേദനിക്കുന്നവര്‍ക്ക്  സ്നേഹവും ശുശ്രൂഷയും പകര്‍ന്നു നല്‍കുന്ന  അഗതികളുടെ മാതാവിന്റെ പാത പിന്തുടരാന്‍ കൊതിച്ച അവള്‍ മുംബയിലെ പരേലില്‍ കെ ഇ എം (കിംഗ്‌  എഡ്വാര്‍ഡ് മെമ്മോറിയല്‍ ) ആശുപത്രിയില്‍ നേഴ്സ് ആയി സേവനം ആരംഭിച്ചു.  അതീവ സുന്ദരിയും സുശീലയുമായ അവള്‍ തൊഴില്‍ രംഗത്തും സഹപ്രവര്‍ത്തകര്‍ക്കിടയിലും ഏറെ ഇഷ്ടപെട്ടവളായി മാറി.  അതിനാല്‍ തന്നെ അവളെ ജീവിത സഖിയാക്കാന്‍ ഒരു സഹ പ്രവര്‍ത്തകന്‍ തയ്യാറായി. വിവാഹ നിശ്ചയവും നടന്നു.

ആയിരത്തി തൊള്ളായിരത്തി എഴുപത്തി മൂന്ന്‌ ....
നവംബര്‍ ഇരുപത്തി ഏഴ്....
ആ ദിനം അവളുടെ ജീവിതത്തിന്റെ വെളിച്ചം തല്ലി കെടുത്തി ....
ഇരുളിന്റെ കംബളം പുതപ്പിച്ചു.

ആശുപത്രി മുറിയില്‍ വസ്ത്രം മാറ്റുകയായിരുന്ന അവളെ സഹ പ്രവര്‍ത്തകനും ആശുപത്രി തൂപ്പുകാരനുമായ സോഹന്‍ലാല്‍ ബര്‍ത്ത ബാല്മീകി എന്ന വിടന്‍ ആക്രമിച്ചു. അവന്റെ കൈകളില്‍ കിടന്നു പിടഞ്ഞ ആ കിളുന്തു കഴുത്തില്‍ നായ ചങ്ങലയിട്ടു മുറുക്കി പ്രകൃതി വിരുദ്ധ രതിക്ക് വിധേയയാക്കി.  അഞ്ചിന്ദ്രിയങ്ങളും തകര്‍ത്ത് ആ കാട്ടാള കരങ്ങള്‍ മുറുക്കിയ ചങ്ങല  തലച്ചോറിലേക് ജീവവായു വിതരണം തടസ്സപെടുത്തി  . ജീവച്ചവാവസ്ഥ (കോമ) യിലേക് വീണു പോയ ആ കോമള ശരീരം പിന്നീടിത് വരെ ചലിച്ചിട്ടില്ല.

സഹ പ്രവര്‍ത്തകരുടെ പ്രക്ഷോഭങ്ങള്‍ക്കും മുറവിളികള്‍ക്കുമൊടുവില്‍ ആശുപത്രി മേധാവികള്‍ മോക്ഷണം , കൊലപാതക ശ്രമം തുടങ്ങിയ കുറ്റം ചാര്‍ത്തി (വിവാഹം നിശ്ചയിച്ചു കഴിഞ്ഞതിനാല്‍ ബലാത്സംഗ കുറ്റം ചുമത്താന്‍ ആകില്ല എന്നായിരുന്നു ആശുപത്രി അധികൃതരുടെ പക്ഷം )  പ്രതിക്കെതിരെ കേസ് നല്‍കി ... 

എന്ത് സംഭവിക്കാന്‍ ? ഏഴ് വര്‍ഷത്തെ ജയില്‍ വാസം!!! . 
ശിക്ഷ കഴിഞ്ഞു കുറ്റവാളി സസുഖം കുടുംബത്തോടൊപ്പം വസിക്കുമ്പോള്‍ മറുവശത്ത് പിങ്കി വിരാണി എന്ന എഴുത്തുകാരി നല്‍കിയ ദയാവധ ഹര്‍ജി തള്ളി സുപ്രീം  കോടതി വീണ്ടും അരുണയുടെ  ദേഹിക്കു ദേഹം വിട്ടൊഴിയാന്‍ സമയം നീട്ടി നല്‍കി .

മുപ്പത്തി ഏഴ് വര്‍ഷം ആശുപത്രി കിടക്കയില്‍ തങ്ങളുടെ കുഞ്ഞാറ്റയുടെ പരിചരണം ഏറ്റെടുത്ത സഹ പ്രവര്‍ത്തകര്‍ കോടതി വിധി മധുരം വിളമ്പിയാണ് ആഘോക്ഷിച്ചതെന്നു പറഞ്ഞാല്‍ ആ ശ്വാസം നിലനില്‍ക്കാനുള്ള അവരുടെ അതിയായ ആഗ്രഹം,  മൃതപ്രായമായ ആ ശരീരത്തോട് അവര്‍ക്കുള്ള സ്നേഹം എല്ലാം വിളിച്ചറിയിക്കുന്നു .

ഈയിടെ അരുണയുടെ ശരീരം ആശുപത്രിയില്‍ നിന്ന് മാറ്റാനുള്ള മുനിസിപ്പല്‍ അധികൃതരുടെ ശ്രമവും അവര്‍ ചെറുത്തു തോല്പിച്ചു.   ആ മുഖം നോക്കി കണ്ണ് നിറയ്ക്കുമ്പോഴും ആ പഴയ പൂമ്പാറ്റയായി ഒരു സ്വപ്നത്തിലെങ്കിലും അവളൊന്നു പറന്നെങ്കില്‍ എന്നവര്‍ ആഗ്രഹിച്ചു പോകുന്നു.

കാലം കഥയാക്കി മാറ്റിയ അരുണയെ  കുറിച്ചോര്‍ത്തു മനം വിങ്ങുമ്പോഴും ഇത്തരം ഹീന കൃത്യങ്ങള്‍ ചെയ്തിട്ടും കുറ്റക്കാരെ  സമൂഹത്തില്‍ സുഖവാസം നടത്താന്‍ വിടുന്ന നമ്മുടെ നാറിയ വ്യവസ്ഥിതിയെ നോക്കി... അമര്‍ഷം ജലമോഴിച്ചു കെടുത്തിയ തീകൊള്ളി പോലെ ഉള്ളിലെവിടെയെങ്കിലും പുകയാന്‍ വിട്ടു കാത്തിരിക്കാം ...

നിസ്സംഗതയുടെ മേലാപ്പില്‍ ... അടുത്ത അരുണ ജനിക്കും വരെ ...
പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 18:21 25 അഭിപ്രായ(ങ്ങള്‍) Email This BlogThis! Share to Twitter Share to Facebook
Newer Posts Older Posts Home
Subscribe to: Posts (Atom)
പ്രിയ വായനക്കാര്‍ക്ക് തുഞ്ചാണിയിലേക്ക് സ്വാഗതം !!!!

തുടിതാളം ബ്ലോഗ്ഗിലേക്ക്

Thudithalam

Followers


Popular Posts

  • ചേമ്പിലക്കുടയും തെക്കന്‍കാറ്റും
    " ഹോ.. വല്ലാത്ത മഴ ട്രെയിനുകള്‍ ഓടുന്നുവോ ആവോ ? സ്കൂള്‍ ബസ്‌ വന്നോ എന്ന് നോക്ക്യേ ..." അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട...
  • ജന്നത്തുല്‍ ഫിര്‍ദൌസ്
    മക്ക പിടിച്ചടക്കാന്‍ എത്തിയ അബ്രഹത്തിന്റെ ആനപ്പടയെ കല്ലെറിഞ്ഞു തുരത്തിയ അബാബില്‍ പക്ഷി കൂട്ടങ്ങള്‍!! അവ മാനത്ത് തീര്‍ത്ത അന്ധകാരത്തെ മനസില...
  • വേനല്‍പൂവുകള്‍
    മുംബൈ വി ടി  (ഇന്ന് മുംബൈ സി എസ് ടി)  യിലെ എട്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ വണ്ടി  എത്തിച്ചേര്‍ന്നത്‌ വൈകുന്നേരം അഞ്ചു മണിക്ക്.  ശ്രീകൃഷ്ണ ട...
  • നേത്താവലിയിലെ കാറ്റ്
    ഇരുണ്ട ആകാശത്തില്‍ അങ്ങിങ്ങായ്‌  ചില നേരിയ  രേഖകള്‍ കോറിയിട്ട് ഒരു വെള്ളി വെളിച്ചം ഗുന്ജ്ജന്റെ മുഖത്തു പതിച്ചു.  സജലങ്ങളായ അവളുടെ കണ്‍കോണു...
  • അതിഥി ദേവോ ഭവ:
    മുംബൈയില്‍ എത്തി ആദ്യ കുറച്ചുനാള്‍ ഞാന്‍ നാട്ടുകാരനും എന്‍റെ  ബന്ധുവുമായ  ചന്ദ്രേട്ടനോടൊപ്പമാണ്  താമസിച്ചത്.  അദ്ദേഹത്തിന്‍റെ വിവാഹശേഷം ...
  • പ്രയാണം
    ഉച്ച വെയിലിന്‍ ചൂട് കുറയാന്‍ തുടങ്ങുന്നതെ ഉള്ളൂ.  കാലത്തിറക്കിയ ഇളനീര്‍ ഭൂരിഭാഗവും വിറ്റ് പോയിരിക്കുന്നു.  അവശേഷിക്കുന്ന അഞ്ചാറെണ്ണം മുന...
  • പാത്തൂന്റെ പാസ്‌
    എന്റെ കുട്ടികാലത്ത് മതുപ്പുള്ളി  എന്ന എന്റെ ഗ്രാമത്തില്‍ റേഷന്‍ കട നടന്നിരുന്നത് സെന്ററിലുള്ള ഞങ്ങളുടെ മൂന്നു മുറി കെട്ടിടത്തിലായിരുന്നു....
  • തമ്പും തേടി
    ഭഗവതിക്കാവിലെ കൊടിയേറ്റുത്സവത്തിന്‍ നാളിലാണ്‌ കാര്‍ത്തു ആദ്യമായി കൊച്ചമ്പ്രാനെ കണ്ടത്.  ആരവങ്ങള്‍ക്കിടയില്‍ നാലഞ്ച് വാല്യക്കാര്‍ക്ക് നടുവി...
  • മോന്തികൂട്ടം
    ഗ്രാമത്തെ  ഇരുകരകള്‍ ആയി വിഭജിക്കുന്നത് നടുവില്‍ പരന്നു കിടക്കുന്ന വിശാലമായ നെല്‍പാടമാണ്.  പാടത്തിനു നടുവിലൂടെ തെക്കെകരയെയും വടക്കേകരയും ബ...
  • മിച്ചഭൂമി
    എഴുപതുകളിലെ എന്റെ ഗ്രാമം .  കാര്‍ഷിക വൃത്തിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഭൂരിഭാഗം വരുന്ന ഗ്രാമീണ ജനത . അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷ...
Powered by Blogger.

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Blog Archive

  • ►  2014 (1)
    • ►  January (1)
  • ►  2013 (1)
    • ►  March (1)
  • ►  2012 (5)
    • ►  September (1)
    • ►  June (1)
    • ►  March (2)
    • ►  January (1)
  • ▼  2011 (8)
    • ►  December (1)
    • ►  October (1)
    • ▼  September (2)
      • പാത്തൂന്റെ പാസ്‌
      • മാനിഷാദ
    • ►  August (2)
    • ►  July (2)

About Me

My photo
വേണുഗോപാല്‍
മുംബൈ, മഹാരാഷ്ട്ര, India
താളങ്ങളുടെ നാട് എന്ന് ഞങ്ങള്‍ ഓമനപ്പേര് വിളിക്കുന്ന പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട് ജനനം. പെരിങ്ങോട് ഹൈസ്കൂള്‍ , പട്ടാമ്പി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇരുപതാം വയസ്സില്‍ പ്രവാസിയായി മുംബൈ നഗരത്തിലേക്ക്. താളങ്ങളുടെ നാട്ടില്‍ നിന്നും മഹാനഗരത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ നഷ്ട്ടമായ ജീവിത താളം വീണ്ടെടുക്കാന്‍ വര്‍ഷങ്ങളോളം പ്രവാസത്തിന്റെ കടുത്ത പാതകളിലൂടെ തളര്‍ന്നും നിവര്‍ന്നും ഗമനം. ഇടക്കെങ്ങോ കൈമോശം വന്ന എഴുത്തും വായനയും തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഈ-എഴുത്തും വായനയും തുടങ്ങി വെച്ചു. വഴി കാണിക്കുക. തെറ്റുകള്‍ തിരുത്തിത്തരുക.
View my complete profile

Total Pageviews

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Facebook Badge

Venu Gopal

Create Your Badge

ജാലകത്തിലേക്ക്...

ജാലകം

Blogroll

 
(c) Copyright 2010 THUNCHANY. Designed by Blogspot Templates
Supported by Video Game Music, Website Hosting, VPS Hosting