ഉച്ച വെയിലിന്‍ ചൂട് കുറയാന്‍ തുടങ്ങുന്നതെ ഉള്ളൂ. കാലത്തിറക്കിയ ഇളനീര്‍ ഭൂരിഭാഗവും വിറ്റ് പോയിരിക്കുന്നു. അവശേഷിക്കുന്ന അഞ്ചാറെണ്ണം മുന്നിലേക്ക് നീക്കി വെച്ച് വശങ്ങള്‍ പൂതലിച്ച മരമേശക്ക് പുറകില്‍ മോഹന്‍ ഇരുപ്പുറപ്പിച്ചു.
തിരകളുടെ നനുത്ത തലോടലുകള്‍ ഏറ്റുവാങ്ങി മയങ്ങുന്ന തീരം. മണലില്‍ കുത്തി നിര്‍ത്തിയ നാല് മുളങ്കാലുകള്‍ക്ക് മുകളില്‍ പ്ലാസ്റ്റിക് പായ മറച്ച ഇളനീര്‍ക്കട. തീരത്ത് അവിടവിടെ കൊച്ചു കൂട്ടങ്ങളായി വളര്‍ന്നു പൊങ്ങിയ ചെടികള്‍ ഉച്ചവെയില്‍ തല്ലിക്കെടുത്തിയ ഉന്മേഷം വീണ്ടെടുക്കാനുള്ള തത്രപ്പാടില്‍ ആടിയുലയുകയാണ്.
അമ്മയുടെ മരണ ശേഷം അനാഥത്വം പതിച്ചു കിട്ടി ഈ തീരത്തണയുമ്പോള്‍ മുതുകില്‍ മുദ്രണം ചെയ്ത അമ്മാവന്റെ തുകല്‍ ബെല്‍റ്റിന്റെ പാടുകള്‍ മാഞ്ഞിരുന്നില്ല. പകല്‍ മുഴുവന്‍ ഇളനീര്‍ വിറ്റു രാത്രിയില്‍ മുളങ്കാലുകളോട് ചേര്‍ത്തുകെട്ടിയ മേശമേല്‍ അമ്മയുടെ ഓര്‍മ്മകളില്‍ മുങ്ങിപൊങ്ങിക്കിടക്കുമ്പോള്‍ നാളത്തെ പുലരിയിലേക്ക് കണ്ണുകള്‍ തുറന്നു പിടിച്ചിരിക്കും. അത്തരം ഉറക്കമില്ലാത്തൊരു രാത്രിയിലാണ് നിലക്കാത്ത കിതപ്പോടെ അവരോടിയെത്തിയത്. കിഷോര്‍ എന്ന പത്തു വസ്സുകാരനും അതെ പ്രായക്കാരി തമന്നയും .
" ബചാവോ ഭയ്യ ... പോലീസ് ഗല്ലി ഗല്ലി സെ സബ് കോ ഉടാ ലെ ജാ രഹാ ഹേ"
വിറയലോടെ അതിലേറെ ദൈന്യതയോടെയുള്ള ആ തെരുവ് പിള്ളേരുടെ വാക്കുകള്‍ കേട്ടതും മറിച്ചൊന്നു ചിന്തിച്ചില്ല. ഇരുവരെയും മേശക്കടിയിലേക്ക് തള്ളിയിട്ടു കാലിചാക്കിട്ടു മൂടിയപ്പോള്‍ മുതല്‍ അവര്‍ തനിക്കും ഈ തീരത്തിനും സ്വന്തമാവുകയായിരുന്നു.
കാലത്ത് വണ്ടിയില്‍ നിന്നും ഇളനീര്‍ ഇറക്കാന്‍ തന്നെ സഹായിച്ചു കഴിഞ്ഞാല്‍ തീരത്തെ പൊതിയുന്ന മഞ്ഞിലേക്ക് അവര്‍ നടന്നു മറയും. വൈകുന്നേരങ്ങളില്‍ അതെ മഞ്ഞിന്‍ മറ പിടിച്ചു തിരികെയെത്തി മേശക്കടിയില്‍ ചുരുളും. മാതാപിതാക്കളുടെ രൂപം പോലും ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അവരോട് വല്ലതും കഴിച്ചുവോ എന്ന് ചോദിച്ചാല്‍ മുന്‍കൂട്ടി തയ്യാറാക്കി വെച്ച ഉത്തരം പോലെ കഴിച്ചു എന്നവര്‍ ഒരേ സ്വരത്തില്‍ മറുപടി നല്‍കിയിരിക്കും,
വെയിലാറാന്‍ തുടങ്ങിയിരിക്കുന്നു. സായാന്ഹത്തിന്റെ അന്ത്യപാദത്തിലാണ് തീരം സജീവമാകുന്നത്. കടയ്ക്കല്‍പ്പം മാറി സിമന്റ് ബെഞ്ചിലിരിക്കുന്ന യുവതി ആരെയോ തിരയുകയാണ്. കയ്യിലെ തൂവാലയാല്‍ ഉപ്പ് കാറ്റടിച്ചു വരണ്ട മുഖവും കഴുത്തും തുടക്കുന്നതോടൊപ്പം അവള്‍ ചായം തേച്ച ചുണ്ടുകള്‍ തമ്മില്‍ ചേര്‍ത്തു നനക്കുന്നതും കാണാം.
"തൊടാ ഔര്‍ ഇന്തസാര്‍ ...... വോ ജരൂര്‍ ആയേഗാ ...."
ബെഞ്ചിന് പുറകിലെ ബോണ്‍സായി മരത്തണലില്‍ മുഷിഞ്ഞു കിടന്ന ഭ്രാന്തന്റെ ജല്‍പ്പനങ്ങള്‍ അവളെ അലസോരപ്പെടുത്തുന്നുണ്ട്.
കാതങ്ങള്‍ക്കപ്പുറമുള്ള ബുദ്ധവിഹാരത്തില്‍ നിന്നുയരുന്ന പെരുമ്പറ നാദം അന്തരീക്ഷത്തില്‍ അലിഞ്ഞലിഞ്ഞില്ലാതാവുന്നു. വരിയായ് നീങ്ങുന്ന പെന്‍ഗ്വിന്‍ കൂട്ടങ്ങളെ അനുസ്മരിപ്പിക്കും വിധം വിഹാരത്തിലേക്ക് നടന്നകലുന്ന ബുദ്ധഭിക്ഷുക്കള്‍ . തീരത്തുപേക്ഷിച്ച ജീര്‍ണ്ണിച്ച തോണിക്ക് മുകളില്‍ ചിറകുണക്കുന്ന കടല്‍ കാക്കകള്‍ . പൂപ്പല്‍ പിടിച്ച തോണിയുടെ പാര്‍ശ്വങ്ങളില്‍ ഇര തേടിയാവാം ഇടയ്ക്കിടെ അവ കൊക്ക് ചേര്‍ക്കുന്നുണ്ട്.
തിരകള്‍ കരയിലേക്ക് അടിച്ചു കയറ്റുന്ന നനഞ്ഞ മണലില്‍ ചിപ്പികള്‍ തേടുന്ന തെരുവ് പിള്ളേരോടൊപ്പം കിഷോറും ചേര്‍ന്നിരിക്കുന്നു. കടല്‍ ജലത്തെ ഭയന്നാകാം അവരുടെ കളികള്‍ അകലേയിരുന്നു വീക്ഷിക്കയാണ് തമന്ന. ആരോ പാതി കടിച്ചെറിഞ്ഞ ആപ്പിള്‍ അവള്‍ക്കരികെ ഉറുമ്പരിച്ചു കിടക്കുന്നുണ്ട്. മെലിഞ്ഞു കരിവാളിച്ച ഉടലിന് ചേരാത്ത വലിയ വയറില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന പാതി കീറിയ ട്രൌസര്‍ മുകളിലോട്ടു വലിച്ചു കയറ്റി ഉറുമ്പരിച്ച ആപ്പിളിലേക്ക് നോക്കി നില്‍ക്കുന്ന ഒരു മൂന്നു വയസ്സുകാരന്‍. ഇടയ്ക്കിടെ അവന്‍ ആപ്പിളിനെയും തമന്നയെയും മാറി മാറി നോക്കുന്നുണ്ട്.
വെയില്‍ അല്‍പ്പം കൂടെ കുറഞ്ഞിരിക്കുന്നു. തീരത്തെ ജന സാന്ദ്രത വര്‍ദ്ധിക്കാന്‍ തുടങ്ങി. കാത്തിരുപ്പിനൊരറുതിയെന്നോണം സിമന്റ് ബെഞ്ചിലിരുന്ന യുവതി കറുത്ത് കുറുകിയ ഒരു യുവാവിനെ കെട്ടി പുണര്‍ന്നു നടന്നകലാനുള്ള തയ്യാറെടുപ്പിലാണ്. രണ്ടടി മുന്നോട്ടു നീങ്ങിയതും അവരെ തടഞ്ഞു നിര്‍ത്തി യുവാവിനെ ഇക്കിളിയാക്കി കാശിരക്കുന്ന രണ്ടു ഹിജഡകള്‍. ഹിജഡകളുടെ തലോടലിനനുസരിച്ചു വളഞ്ഞു പുളയുന്ന യുവാവിനെ നോക്കി ചിരിക്കയാണ് തമന്നയിപ്പോള്‍ . ആ തക്കം മുതലെടുത്ത് ആപ്പിള്‍ കൈക്കലാക്കിയ ബാലന്‍ അത് തൂത്തു വൃത്തിയാക്കി ഭക്ഷിക്കാനുള്ള ശ്രമത്തിലാണ്.
വര്‍ണ്ണ തൂവലുകള്‍ കൊണ്ടലങ്കരിച്ച ഒരു കുതിര വണ്ടി പാഞ്ഞടുക്കുന്നു. ഈറന്‍ മണല്‍ത്തരികള്‍ തൂത്തെറിഞ്ഞു കുതിക്കുന്ന കുതിരക്കാലിന്‍ ചലനങ്ങള്‍ക്കൊപ്പം ആടിയുലയുന്ന വണ്ടിയില്‍ കടല്‍ കാഴ്ചകള്‍ കണ്ടു രസിക്കുന്നൊരു സായിപ്പും മദാമ്മയും. ദൂരദര്‍ശിനിയിലൂടെ അനന്തതയിലേക്ക് നോട്ടമയക്കുന്നതോടൊപ്പം അസുഖകരമായ വണ്ടിയുടെ വേഗത കുറക്കാന്‍ വണ്ടിക്കാരനെ ഓര്‍മ്മിപ്പിക്കുന്നുണ്ടവര്‍
വണ്ടിയില്‍ നിന്നും താഴെയിറങ്ങിയ മദാമ്മ കുട്ടികളുടെ കളികള്‍ ക്യാമറയില്‍ പകര്‍ത്തുകയാണിപ്പോള്‍ . അല്‍പ്പ നേരത്തിനു ശേഷം കുട്ടികളെയും കൊണ്ട് വണ്ടി വീണ്ടും സവാരി തുടരുന്നു . സന്തോഷത്താല്‍ മതിമറന്ന ആ പട്ടിണി കൂട്ടത്തില്‍ നിന്നും നിലക്കാത്ത ആര്‍പ്പുവിളികള്‍ ഉയര്‍ന്നു കൊണ്ടിരുന്നു.
തോളില്‍ തൂങ്ങുന്ന തുകല്‍ ബാഗില്‍ നിന്നും പുറത്തെടുത്ത വര്‍ണ്ണ കടലാസുകളില്‍ പൊതിഞ്ഞ മാധുര്യം ഓരോരുത്തര്‍ക്കും നല്‍കുകയാണ് സായിപ്പ്. കുട്ടികള്‍ക്കിടയില്‍ ആഹ്ലാദത്താല്‍ മതിമറന്ന് തുള്ളുകയാണ് കിഷോറും തമന്നയും. ആ നിമിഷങ്ങളില്‍ അവര്‍ക്കൊപ്പം അവരെപ്പോലെ അനാഥനായ തന്റെ മനസ്സും ആനന്ദിക്കയാണെന്ന് മോഹന്‍ അറിയാതെ അറിഞ്ഞു.
അസ്തമയ ശോണിമ കടല്‍ ജലത്തില്‍ വീണു പടരാന്‍ തുടങ്ങിയിരിക്കുന്നു. പരസ്പരം കെട്ടിപ്പുണര്‍ന്നും കളിപറഞ്ഞും നീങ്ങുന്ന പ്രണയ ജോടികള്‍ . പകല്‍ മറയുന്നതിനു മുന്‍പേ തന്നെ വിളക്ക്കാലുകള്‍ക്കടിയില്‍ ഉന്തു വണ്ടികളും കൊണ്ട് കച്ചവടക്കാര്‍ നിരന്നു കഴിഞ്ഞു. ബെല്‍പൂരി, പാനിപൂരി, സാന്‍ഡ്വിച്, ഐസ് ക്രീം തുടങ്ങിയ വേറിട്ട രുചികള്‍ അവര്‍ വില്പ്പനക്കായ് നിരത്തിയിരിക്കുന്നു. താങ്ങാനാവാത്ത ശരീര ഭാരവും പേറി പഞ്ചാബികളും ഗുജറാത്തികളുമടങ്ങുന്ന കൊച്ചുകൂട്ടങ്ങള്‍ വണ്ടികളെ ചുറ്റിപ്പറ്റി നിന്നു.
"ഭയ്യ ... ഹം ആനെ കോ ദേര്‍ ഹോയെഗാ ... അന്ഗ്രെസ് ലോഗ് ഖാന ഖിലാ രഹാ ഹെ..."
കിഷോറിന്റെ ശബ്ദം കേട്ടാണ് തീരക്കാഴ്ച്ചകളില്‍ നിന്നും മടങ്ങിയത്. വിദേശികള്‍ ഒരു നേരത്തെ ആഹാരം അവര്‍ക്ക് വാങ്ങി നല്‍കുന്നു എന്ന വലിയ സന്തോഷത്തിലാണ് കുട്ടികളിപ്പോള്‍ .സായിപ്പിനും മദാമ്മക്കും ഒപ്പം തുള്ളി ചാടി നടന്നകലുന്ന അവരെ നോക്കി മനസ്സ് മന്ത്രിച്ചു. ഇന്നെങ്കിലും അവര്‍ വയര്‍ നിറയെ ആഹാരം കഴിക്കട്ടെ .....
ഇരുട്ട് പരക്കാന്‍ തുടങ്ങിയിരിക്കുന്നു. നിയോണ്‍ വിളക്കുകളുടെ തിളക്കം തീരത്തെ വിഴുങ്ങാനെത്തുന്ന ഇരുട്ടിനെ വെല്ലുവിളിക്കുന്നുണ്ടെങ്കിലും അവിടവിടെ ഒറ്റതിരിഞ്ഞു നില്‍ക്കുന്ന തെങ്ങിന്‍ മറപ്പറ്റി പാത്തും പതുങ്ങിയും ഇരുട്ട് തീരത്ത് കയറാന്‍ ശ്രമം നടത്തുന്നുണ്ട്.
ബാക്കി വന്ന ഇളനീര്‍ ചാക്കിലാക്കി മേശക്കടിയില്‍ തള്ളി ഇന്നത്തെ വിറ്റുവരവ് എണ്ണി തിട്ടപ്പെടുത്തി പോക്കറ്റില്‍ നിക്ഷേപിക്കുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് വിറയാര്‍ന്ന രണ്ടു കൈകള്‍ മോഹന്റെ കാല്‍കളില്‍ പിടിമുറുക്കിയത്.
ഒരു നിമിഷം സ്തംഭിച്ചു നിന്ന തന്നെ നോക്കി തൊഴുകൈകളോടെ ഒരു യുവതി.
അവള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. മുഖ മണ്ഡലത്തില്‍ വിഷാദം വീണുകിടന്ന അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.
" ആരാ ... എന്ത് വേണം ? "
തൊണ്ടയില്‍ കുരുങ്ങി കിടന്ന അത്രയും വാക്കുകള്‍ പുറത്തെത്തിക്കാന്‍ മോഹന്‍ നന്നേ പണിപ്പെട്ടു. യുവതിയോടൊപ്പം അയാളും വിറക്കുന്നുണ്ട്. തൊഴുതു നില്‍ക്കുന്ന അവളെ പിടിച്ചു കുലുക്കി നീ ആരാണ് എന്ന് വീണ്ടുമന്വേക്ഷിക്കാന്‍ തുടങ്ങിയതും അതിനുത്തരമെന്നോണം തന്റെ മുന്നിലേക്ക് കൊടുംകാറ്റ് പോലൊരുവന്‍ ആര്‍ത്തലച്ചെത്തിയതും ഒരുമിച്ചായിരുന്നു.
"എയ് അണ്ണാ...... ചോട് ദോ ഉസ്ക്കോ "
അലര്‍ച്ച കണക്കെയുള്ള അവന്റെ ആജ്ഞ കേട്ടതും യുവതി ഭയന്ന് വിറച്ചു മോഹനെ കെട്ടിപിടിച്ചു കഴിഞ്ഞിരുന്നു. മേശമേല്‍ കിടന്ന ഇളനീര്‍ വെട്ടുകത്തി കയ്യിലെടുത്തു മുന്നോട്ടാഞ്ഞതും അവന്‍ വല്ലാതൊന്നു ഞെട്ടിയതായി മോഹന് തോന്നി.
എവിടെ നിന്നോ വീണു കിട്ടിയ ധൈര്യം മുന്‍നിര്‍ത്തി മോഹന്‍ ചോദിച്ചു.
"അഗര്‍ ചോട്ന നഹിന്‍ ചാഹ്തെ ഹെ തോ ...... "
കൊടുംകാറ്റില്‍ ഉലയുന്ന കരിമ്പന കണക്കെ കുലുങ്ങി കുലുങ്ങിയുള്ള അവന്റെ കനമുള്ള ചിരി ഒരു അട്ടഹാസത്തിലേക്ക് വഴിമാറിയതു വളരെ പെട്ടെന്നായിരുന്നു.
" സാലാ .. ചാര്‍ ടക്കെ ക്കാ മദ്രാസി .... ബായിഗിരി ദിഗാത്ത ഹെ ക്യാ ... വോ ബി അപ്നെ പാസ് ...... തുമാരാ ജാന്‍ ലേക്കെ ബി മെ ഉസ്കോ ലേ ജായേഗാ മാ ...."
അവന്‍ പറഞ്ഞു മുഴുമിപ്പിക്കും മുന്‍പേ മോഹന്‍ കയ്യിലിരുന്ന വെട്ടുകത്തി അവനു നേരെ വീശി കഴിഞ്ഞിരുന്നു.
ഒട്ടും പ്രതീക്ഷിക്കാതിരുന്ന മോഹന്റെ നീക്കത്തില്‍ നിന്നും രക്ഷപ്പെടാന്‍ തിടുക്കത്തില്‍ പിന്നോട്ട് മാറിയപ്പോള്‍ മണലില്‍ മലര്‍ന്നു വീണ അവന്റെ മുഖത്തേക്ക് കാലുകളാല്‍ മണല്‍ കോരിയിട്ടു മറ്റൊന്നും ചിന്തിക്കാതെ അവളെയും വലിച്ചു കൊണ്ടോടുകയായിരുന്നു. തീരത്ത് നിന്നും റോഡില്‍ എത്തിയ ശേഷവും ഭീതി വിട്ടകലാത്തതിനാല്‍ തിരിഞ്ഞു നോക്കാന്‍ മനസ്സനുവദിച്ചില്ല.
അടയാള വിളക്കുകള്‍ തെളിയാന്‍ കാത്തു കിടന്ന വാഹന വ്യൂഹങ്ങളെയും തടയണകളില്ലാതെ ഒഴുകിക്കൊണ്ടിരുന്ന ജനനദികളെയും മറികടന്നു കൊണ്ടുള്ള ആ ഓട്ടത്തിന് പ്രത്യേക ലക്ഷ്യമൊന്നും ഇല്ലായിരുന്നുവെങ്കിലും ഒഴുകുന്ന ആള്‍ക്കൂട്ടത്തിലൂടെ ഓടിയെത്തിയത് ദാദര്‍ സ്റേഷന്റെ ഏഴാം നമ്പര്‍ പ്ലാട്ഫോമിലാണ്.
പ്ലാട്ഫോം വിടാന്‍ തുടങ്ങുന്ന ഒരു ദീര്‍ഘദൂര വണ്ടിയുടെ വാതിലിലേക്ക് വീണ്ടും ആ ഓട്ടം നീളുകയാണ്. പാളത്തിലുരഞ്ഞു കേഴുന്ന വണ്ടിച്ചക്രങ്ങള്‍ക്ക് വേഗത കൂടുന്നുണ്ട് . ഒരു വിധത്തില്‍ അവളേയും തൂക്കിയെടുത്തു വണ്ടിക്കകത്തെത്തിയപ്പോള്‍ മാത്രമാണ് ശ്വാസം നേരെ വീണത്.
വണ്ടിക്കകത്തേക്ക് തങ്ങള്‍ പ്രവേശിച്ച രീതി ഒട്ടും ഇഷ്ടപ്പെടാത്ത വിധം പലരും പലതും പിറുപിറുക്കുന്നുണ്ട്.
ഇങ്ങനെ മരിക്കേണ്ട വല്ല കാര്യവുമുണ്ടോ? സമയത്തിനു സ്റേഷനില്‍ എത്തേണ്ടേ എന്നൊക്കെ ചോദിക്കുന്നവര്‍ക്ക് തങ്ങള്‍ നേരിട്ട പരീക്ഷണങ്ങളെക്കുറിച്ച് എന്തറിയാന്‍?
അവള്‍ ആകെ തളര്‍ന്നിരിക്കുന്നു. വാടിക്കരിഞ്ഞ ഒരു ചേമ്പിന്‍തണ്ട് പോലെ തന്റെ ദേഹത്ത് വീണു കിടന്ന അവളോട് മോഹന്‍ വീണ്ടും ചോദിച്ചു.
നീ ആരാ ..?
എന്താ നിന്റെ പേര് ...?
ഉത്തരമായി അവള്‍ നല്‍കിയ ചില ആംഗ്യ വിക്ഷേപങ്ങള്‍ കണ്ടു മോഹന്റെ നെഞ്ച് പിടച്ചു.
അവള്‍ ഊമയാണ്. താനാരെന്നു വെളിപ്പെടുത്താന്‍ കഴിയാത്ത നിസ്സഹായ.
വണ്ടിക്കിപ്പോള്‍ വേഗത ഇരട്ടിച്ചിരിക്കുന്നു. സീറ്റുകളിലും സീറ്റുകള്‍ക്ക് ഇടയില്‍ പേപ്പര്‍ വിരിച്ചും ആളുകളിരിക്കുന്നു. വാതിലിനോടു ചേര്‍ന്നുള്ള ഇടുങ്ങിയ മൂലയില്‍ അവളെയും ചേര്‍ത്തു പിടിച്ചു അയാളുമിരുന്നു. തറയില്‍ ചിതറി കിടന്ന കടലാസ്സു തുണ്ടുകളും ഭക്ഷണാവശിഷ്ടങ്ങളും അതൊരു ജനറല്‍ ബോഗി തന്നെ എന്ന സൂചന നല്‍കിയത് മോഹന് തെല്ലാശ്വാസം പകരുന്നുണ്ട്
നേരം പാതി രാത്രിയോടടുക്കുന്നു. പലയിടങ്ങളിലും യാത്രക്കാരെ ഇറക്കിയും കേറ്റിയും വണ്ടി ഓടി കൊണ്ടിരുന്നു . ഭയവും ക്ഷീണവും കീഴ്പ്പെടുത്തിയ അവള്‍ മോഹന്റെ തോളില്‍ തല ചായ്ച്ചുറങ്ങുകയാണ് ചിന്തകള്‍ കാട് കയറുന്നു. ഈ ഊമയെയും കൊണ്ട് തന്റെ ഈ യാത്ര എങ്ങോട്ടാണ്? ഇവള്‍ ആര് .. എന്ത് എന്നോന്നുമറിയാതെ ......... !!!
അടുത്ത ഏതെങ്കിലും സ്റേഷനില്‍ വണ്ടി നിര്‍ത്തുമ്പോള്‍ അവളറിയാതെ ഇറങ്ങി രക്ഷപ്പെട്ടാലോ?
ഏതോ കരാള ഹസ്തത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ഈ മിണ്ടാപ്രാണിയെ മറ്റു പലര്‍ക്കും പിച്ചി ചീന്താന്‍ എറിഞ്ഞു കൊടുക്കുന്നത് പാപമല്ലേ എന്ന മനസ്സിന്റെ മറു ചോദ്യത്തിന് മുന്നില്‍ ഒരു നിമിഷം ചെറുതായൊന്നു നടുങ്ങിയോ?
ആ പാപ ചിന്ത നല്‍കിയ കുറ്റ ബോധത്തില്‍ നിന്നുള്ള മുക്തിക്കെന്നോണം കണ്ണീര്‍ ചാലുകളുണങ്ങിയ അവളുടെ കവിളുകളില്‍ വിരലുകളാല്‍ തലോടി കൊണ്ടിരിക്കവേ പതിയേ അയാളും ഉറക്കത്തിലേക്ക് വഴുതി വീഴുകയായിരുന്നു.
പേപ്പര്‍ .. പേപ്പര്‍ ... പത്രവില്‍പ്പനക്കാരന്റെ അസുഖകരമായ വിളിയാണ് മോഹനെ ഉറക്കത്തില്‍ നിന്നുണര്‍ത്തിയത്. വണ്ടി ചാലിസ്ഗാവ് എന്ന സ്റേഷനില്‍ ആണിപ്പോള്‍ . ഇത് വടക്ക് ദിശയിലേക്കുള്ള ഏതോ വണ്ടിയായിരിക്കാമെന്നയാളൂഹിച്ചു
തലേ രാത്രിയിലെ നടുക്കം ഇനിയും
മാറിയിട്ടില്ല. ഒരു കൊച്ചു കുട്ടിയെപ്പോലെ തന്റെ മടിയില്‍ തല
ചായ്ച്ചുറങ്ങുകയാണ് അവളിപ്പോഴും. പോക്കറ്റില്‍ നിന്നും ചില്ലറ നല്‍കി പത്രം
വാങ്ങിക്കുമ്പോള്‍ തീരത്ത് നടന്ന സംഭവം മനസ്സില്‍ വീണ്ടും വീണ്ടും
തെളിയുകയായിരുന്നു.
പത്രം കയ്യിലെടുത്തപ്പോള്‍ തന്നെ കൈകള്‍ വിറക്കാന്‍ തുടങ്ങിയിരുന്നു. ആദ്യതാളിലെ വാര്‍ത്തയില്‍ അറിയാതെ കണ്ണുടക്കിയപ്പോള്‍ അയാള്‍ ഒരു അഗ്നികുണ്ഡത്തിനു നടുവിലേക്ക് എടുത്തെറിയപ്പെട്ട വിധം എരിപൊരി കൊണ്ടു.
"തെരുവ് കുട്ടികളെ ഉപയോഗിച്ച് നീല ചിത്ര നിര്‍മ്മാണശ്രമം . വിദേശ ദമ്പതികള്‍ ദാദറിലെ ഹോട്ടലില്‍ അറസ്റ്റില്‍ ....
പത്രം കയ്യിലെടുത്തപ്പോള്‍ തന്നെ കൈകള്‍ വിറക്കാന്‍ തുടങ്ങിയിരുന്നു. ആദ്യതാളിലെ വാര്‍ത്തയില്‍ അറിയാതെ കണ്ണുടക്കിയപ്പോള്‍ അയാള്‍ ഒരു അഗ്നികുണ്ഡത്തിനു നടുവിലേക്ക് എടുത്തെറിയപ്പെട്ട വിധം എരിപൊരി കൊണ്ടു.
"തെരുവ് കുട്ടികളെ ഉപയോഗിച്ച് നീല ചിത്ര നിര്‍മ്മാണശ്രമം . വിദേശ ദമ്പതികള്‍ ദാദറിലെ ഹോട്ടലില്‍ അറസ്റ്റില്‍ ....
കുട്ടികള്‍ താമസിച്ചിരുന്ന ഇളനീര്‍ക്കടയുടമയുടെ തീരോധാനത്തില്‍ ദുരൂഹത...
സംസ്ഥാനം വിട്ടു പോകാതിരിക്കാന്‍ പോലീസ് തിരച്ചില്‍ വ്യാപകം"
വാര്‍ത്തക്കൊപ്പം ചേര്‍ത്ത കിഷോറിന്റെയും തമന്നയുടെയും ചിത്രങ്ങളില്‍ നിന്നും നോട്ടം പിന്‍ വലിക്കവേ
സ്പോടനസജ്ജമായ ഒരഗ്നിപര്‍വ്വതം അയാളില്‍ രൂപം കൊണ്ടിരുന്നു. നിമിഷങ്ങള്‍ പോകെ പോകെ ആ ജ്വാലാമുഖിയുടെ ശിരസ്സില്‍ നിന്നും തീയും പുകയും ബഹിര്‍ഗമിക്കുന്നതയാളറിഞ്ഞു.
ദിഗന്തങ്ങള്‍ പൊട്ടുമാറുച്ഛത്തില്‍ ഒരു സ്പോടനം ഏതു നിമിഷത്തിലും
നടന്നേക്കാമേന്നയാള്‍ ഭയന്നു. അയാള്‍ വല്ലാതെ കിതക്കുന്നുണ്ട്.
രക്ഷപ്പെട്ടേ മതിയാകൂ. അപ്പോള്‍ ഇവളോ?
രക്ഷപ്പെട്ടേ മതിയാകൂ. അപ്പോള്‍ ഇവളോ?
ആകാശത്തിനു താഴെ സ്വന്തമെന്നവകാശപ്പെടാന്‍ ആരുമില്ലാത്തവരെ പല രീതിയിലും സമൂഹം ചൂഷണം ചെയ്തു കൊണ്ടിരിക്കുമെന്ന വലിയ സത്യം അനുഭവിച്ചറിഞ്ഞ നിമിഷങ്ങളാണ് പിന്നിട്ടത്. വയ്യ...ഇനിയും പലരാല്‍ പിച്ചിചീന്തപ്പെടാന്‍ ഇവളെ പെരുവഴിയിലുപേക്ഷിച്ചു പോകാന്‍ തനിക്കാവില്ല . ഇവളെ രക്ഷപ്പെടുത്തിയേ മതിയാകൂ. അയാളുടെ മനസ്സ് മന്ത്രിച്ചു..
വണ്ടി ചീറിപ്പായുകയാണ്. വണ്ടിയുടെ ചലനത്തിനോപ്പം
വാതിലുകളിലൂടെയും ജനലുകളിലൂടെയും ചൂളം വിളിയുമായെത്തിയ കാറ്റ് അയാളിലെ
തീയണക്കാന്‍ പര്യാപ്തമായില്ല. അണക്കാനാവത്ത വിധം ആ അഗ്നി അയാളുടെ മനോമുകുരത്തിലേക്ക്
ശക്തിയോടെ പടര്‍ന്നേറുകയാണ്. ആളിപ്പടരുന്ന തീയില്‍ നീറി നീറി അയാളൊരു
തീപ്പക്ഷി ആയി പരിണമിക്കുകയാണിപ്പോള്‍ . അഗ്നിച്ചിറകുകള്‍ വിടര്‍ത്തി പറക്കാനൊരുങ്ങുന്ന പക്ഷി.
തളര്‍ന്നു മയങ്ങുന്ന അവളുടെ മുഖമിപ്പോള്‍ സൂര്യരശ്മിയേറ്റ മഞ്ഞുതുള്ളി പോലെ തിളങ്ങുന്നതായയാള്‍ക്ക് തോന്നി. കണ്ണുകള്‍ സജലങ്ങളായി കാഴ്ച മറയും മുന്‍പേ അവളുടെ നെറ്റിയില്‍ കൊക്കുരുമ്മിയശേഷം അവളേയും ചിറകിലെറ്റി കുതിച്ചു പായുന്ന തീവണ്ടിയുടെ തുറന്ന വാതായനത്തിലൂടെ ആ പക്ഷി പുറത്തേക്ക് പറന്നു...... അനന്ത വിഹായസ്സിലേക്ക് ...
തളര്‍ന്നു മയങ്ങുന്ന അവളുടെ മുഖമിപ്പോള്‍ സൂര്യരശ്മിയേറ്റ മഞ്ഞുതുള്ളി പോലെ തിളങ്ങുന്നതായയാള്‍ക്ക് തോന്നി. കണ്ണുകള്‍ സജലങ്ങളായി കാഴ്ച മറയും മുന്‍പേ അവളുടെ നെറ്റിയില്‍ കൊക്കുരുമ്മിയശേഷം അവളേയും ചിറകിലെറ്റി കുതിച്ചു പായുന്ന തീവണ്ടിയുടെ തുറന്ന വാതായനത്തിലൂടെ ആ പക്ഷി പുറത്തേക്ക് പറന്നു...... അനന്ത വിഹായസ്സിലേക്ക് ...