skip to main | skip to sidebar

Pages

  • Home
  • കഥ
  • കവിത
  • നര്‍മ്മം
  • അനുഭവം
  • യാത്ര
  • നുറുങ്ങുകള്‍

THUNCHANY

March 02, 2012

മോന്തികൂട്ടം

ഗ്രാമത്തെ  ഇരുകരകള്‍ ആയി വിഭജിക്കുന്നത് നടുവില്‍ പരന്നു കിടക്കുന്ന വിശാലമായ നെല്‍പാടമാണ്.  പാടത്തിനു നടുവിലൂടെ തെക്കെകരയെയും വടക്കേകരയും ബന്ധിപ്പിക്കുന്ന മണ്‍പാത. പാതയ്ക്ക് കുറുകെ ഒഴുകുന്ന തോടും പാതയും ചേര്‍ന്ന് പാടത്തിനു നടുവില്‍ ഒരു അധിക ചിന്ഹം അടയാളപ്പെടുത്തുന്നു.

തോടിനെ പാത മറി കടക്കുന്നിടത്ത് തീര്‍ത്ത കോണ്‍ക്രീറ്റ് പാലത്തിന്റെ വശങ്ങളിലെ  സിമന്റ് തിണ്ണകളില്‍ ആണ് "മോന്തികൂട്ടം" കൂടുന്നത് !

ഗ്രാമത്തിലെ ഇളമുറക്കാരായ ഞങ്ങള്‍ നാലഞ്ചു പേര്‍ മോന്തിക്ക്‌ അതായത് സന്ധ്യക്ക്‌ ഈ പാലത്തില്‍ നടത്തുന്ന സമാഗമത്തെയാണ് മോന്തികൂട്ടം എന്നറിയപ്പെടുന്നത്.

വടക്കെകരക്കാരായ ഞാനും, സുബ്രന്‍ എന്ന സുബ്രമണ്യന്‍ , സുലൈമാന്‍  തുടങ്ങിയവരും തെക്കെകരയില്‍ നിന്ന് അബ്ദുള്ള, അലവി എന്നിവരും ഗ്രാമത്തിലെ ഏക മന്ദബുദ്ധിയായ പന്ത്രണ്ടു വയസ്സുകാരന്‍ കോയയും ചേര്‍ന്നാല്‍ ക്വാറം തികഞ്ഞു.  മോന്തികൂട്ടം കൂടി വൈകീട്ട് ആറു മണിയോടെ തുടങ്ങുന്ന പരദൂഷണം രാത്രി ഒമ്പത് മണി വരെ നീളും.

ആയിടക്കാണ്  കോയമ്പത്തൂരില്‍ ഏതോ കമ്പനിയില്‍  ജോലി ചെയ്തിരുന്ന കരുവാന്‍ പരമു ഭാര്യയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയായ മകള്‍ ലക്ഷ്മിയേയും കൊണ്ട് ജീവിതം ഗ്രാമത്തിലേക്ക് പറിച്ചു നടുന്നത്.  വടക്കെകരയിലെ ലക്ഷം വീട് കോളനിയില്‍ ചുമരുകള്‍ക്ക് പകരം  തെങ്ങോല കുത്തി മറച്ചു മറ  തീര്‍ത്ത കൊച്ചു  കുടിലില്‍ പരമു മകളോടൊപ്പം താമസം തുടങ്ങി.  പരമുവിന്റെ മകള്‍  ലക്ഷ്മി അതീവ സുന്ദരിയായിരുന്നു. ഗ്രാമത്തില്‍ അവളെ മോഹിക്കുന്ന ചെറുപ്പക്കാര്‍ ഏറെയുണ്ടെങ്കിലും സദാ മദ്യപനായ പരമുവിന്റെ ചുവന്ന കണ്ണുകളും കൃശഗാത്രവും  കഴുത്തോളം ഇറക്കിയ മുടിയും പൊക്കിള്‍ വരെ നീണ്ട താടിയും കണ്ടു ഭയന്നാകാം ലക്ഷ്മി വഴി നടക്കുമ്പോള്‍ കേവലം ശാ...ശോ ... ശൂ എന്നി മുരടനക്കങ്ങള്‍ പുറപ്പെടുവിക്കാന്‍ മാത്രം ധൈര്യമേ മിക്ക ചെറുപ്പക്കാരിലും ദര്‍ശിക്കാന്‍ കഴിഞ്ഞുള്ളു.

നാളുകള്‍ പോകെ പോകെ ലക്ഷ്മിക്ക് സുബ്രനോട് ചെറിയ ഒരു അനുരാഗം മുളപൊട്ടി.  മുള പൊട്ടിയ അനുരാഗം വളര്‍ന്നു വളര്‍ന്നു ഏതാണ്ട് ഒരു മരമാകാന്‍ തുടങ്ങിയപ്പോള്‍ സുബ്രന്‍ മോന്തികൂട്ടം ബഹിഷ്കരിച്ചു ലക്ഷം വീട് കോളനിക്ക് കാവല്‍ ഇരിക്കാന്‍ തുടങ്ങി.  പതിവില്ലാതെ ഒരു ദിവസം മുട്ടുകാലില്‍ ഒരു വെച്ച് കെട്ടും പേറി മുടന്തി മുടന്തി മോന്തികൂട്ടത്തിലെത്തിയ സുബ്രനെ കണ്ടു ചിരിയൊതുക്കി ഞങ്ങള്‍ മുടന്തിന്റെ കാരണമാരാഞ്ഞു. മുഖത്തു വിടര്‍ന്ന കള്ളനാണം മറച്ചു പിടിച്ചു അവന്‍ പറഞ്ഞ കഥ കേട്ട് ഞങ്ങള്‍ ഞെട്ടി.

ഞാന്‍ എല്ലാ ദിവസവും ഒരു പട്ടി കണക്കെ ഈ കോളനിയില്‍ നിനക്ക് വേണ്ടി കാവല്‍ ഇരിക്കുന്നതല്ലാതെ ഒരു ദിവസം പോലും നീ നിന്റെ തന്തയെ ഉറക്കി കിടത്തി ഒരു മണിക്കൂര്‍ സമയം  എന്റെ കൂടെ ചിലവിടുന്നില്ലല്ലോ  എന്ന അവന്റെ സങ്കടം പറച്ചിലില്‍  ലക്ഷ്മിക്ക് മനസ്സലിവ്‌ തോന്നുകയും അവന്റെ കാതില്‍ ഒരു സങ്കട നാശിനി മന്ത്രം  മന്ത്രിച്ചു നല്കുകയും ചെയ്തു.  കാതില്‍ മന്ത്രിച്ച മന്ത്രത്തിന്റെ ഉള്ളടക്കം താഴെ പറയും വിധമായിരുന്നു .

എട്ടു മണിയോടെ പരമു എന്ന അച്ഛന്‍ ഉറങ്ങും.  ഏതാണ്ട് എട്ടരയോടെ സുബ്രന്‍ കൂരയുടെ പുറകു വശത്തെത്തണം. അവിടെയെത്തിയാല്‍  മറച്ചു കെട്ടിയ തെങ്ങിന്‍ പട്ടക്കുള്ളിലൂടെ കയ്യിട്ടു  അടുക്കള ചായ്പ്പില്‍ കിടക്കുന്ന ലക്ഷ്മിയുടെ മുടി പിടിച്ചു വലിച്ച് സിഗ്നല്‍ നല്‍കുക.  സിഗ്നല്‍ കിട്ടിയാല്‍   അവള്‍ ഇറങ്ങി പുറത്തു വരും.  ഇതാണ്  പ്ലാന്‍ !!!

സുബ്രന്റെ സമയ ദോക്ഷം  കൊണ്ടാകാം പ്രോഗ്രാം ഫിക്സ് ചെയ്ത ദിവസം നേരത്തെ വീട്ടിലെത്തിയ പരമു അടുക്കള ചായ്പ്പിലിരുന്നു അത്താഴം കഴിഞ്ഞു അവിടെ തന്നെ ചുരുണ്ടു.  ലക്ഷ്മി ആകെ അങ്കലാപ്പിലായി. വിവരം സുബ്രനെ അറിയിക്കാനും മാര്‍ഗമില്ല.  പ്രോഗ്രാമിന്റെ ത്രില്ലില്‍ ദേഹം മുഴുവന്‍ പൌഡര്‍ വാരി പൂശി മണപ്പിച്ചു ഇരുട്ടിന്റെ മറ പിടിച്ചെത്തിയ സുബ്രന്‍ പ്ലാന്‍ ചെയ്ത പ്രകാരം  ചായ്പ്പിന്റെ പട്ട മറക്കിടയിലൂടെ കൈ കടത്തി ലക്ഷ്മിയുടെ മുടിയാണെന്നു കരുതി പരമുവിന്റെ വയറോളം നീണ്ട താടി മൃദുവായി ഒന്ന് രണ്ടു വട്ടം തലോടി.  തലോടലിന്റെ നിര്‍വൃതിയില്‍ പരമു ഉറക്കം ഉണരവെയാണ് താടി പിടിച്ചുള്ള  വലി അല്‍പ്പം ബലത്തില്‍ അനുഭവപെട്ടത്‌  .   എന്തോ വശപിശക് മണത്ത പരമു  ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി.  മുറ്റത്തെത്തിയ പരമുവിനെ കണ്ടതും  സുബ്രന്‍ ജീവനും കൊണ്ട് പറന്നെങ്കിലും അവനു പുറകെ  പരമു പ്രയോഗിച്ച കരിങ്കല്ലില്‍ നിന്നും രക്ഷപെടാനായില്ല.  കോളനി നിവാസികളെ  മുഴുവന്‍ ഉറക്കത്തില്‍ നിന്നുണര്‍ത്തിയ സുബ്രന്റെ അലര്‍ച്ച ഒരു നേര്‍ത്ത രോദനമായി അകന്നകന്നു ഇല്ലാതായപ്പോള്‍  പരമു കുടിലില്‍ കയറി വിളക്ക് തെളിച്ചു മോളെ നോക്കി.  പാവം സുഖ നിദ്രയിലാണ്.  അന്ന് ലക്ഷ്മി നടിച്ച ആ ഉറക്കം വല്ല സിനിമയിലും ആയിരുന്നെങ്കില്‍ അവള്‍ക്കതിനൊരു  ഉര്‍വശി  അവാര്‍ഡ്‌ കിട്ടുമായിരുന്നു.

മോന്തികൂട്ടത്തിലെ പ്രായം കുറഞ്ഞ മെമ്പര്‍ ആയ കോയക്ക്  ഒരു ഇരുപതു വയസ്സുകാരനെക്കാളും വളര്‍ച്ച ഉണ്ടെങ്കിലും മനസ്സ് വെറും അഞ്ചു വയസ്സുകാരന്റെതായിരുന്നു.  മുകള്‍ വശവും അടിവശവും കൂര്‍ത്തു മധ്യ ഭാഗം മാത്രം വീര്‍ത്തിരിക്കുന്ന ഒരു മണ്‍പ്ടാവിനു മുകളില്‍ ഒരു ചെറിയ ഉരുണ്ട തേങ്ങ വെച്ചാല്‍ അത് കോയയായി.  മുട്ടറ്റം നീളുന്ന കളസം ഊര്‍ന്നു വീഴാതിരിക്കാന്‍ അരയിലെ കറുത്ത ചരട് കളസത്തിനു മുകളില്‍ ബെല്‍റ്റ്‌ പോലെ മുറുക്കിയിരിക്കും. മുകളില്‍ ധരിക്കുന്ന ബട്ടണില്ലാത്ത കുപ്പായത്തിന്റെ അടി വശത്തെ മൂല ഫീഡിംഗ് ബോട്ടില്‍ പോലെ എപ്പോഴും വായില്‍ കാണും.

നട്ടുച്ചയ്ക്ക്  ആരെങ്കിലും കോയയെ വിളിച്ചു" ഇപ്പോള്‍ രാത്രിയാണ്  കോയ"  എന്ന് പറഞ്ഞാല്‍ അതും വിശ്വസിക്കുന്ന മന്ദബുദ്ധിയായ കോയക്ക് ഏക ആശ്രയം കൂലി പണിയെടുത്തു അവനെ പോറ്റുന്ന ഉമ്മ കദീസുമ്മ  മാത്രം . ബാപ്പ അവന്റെ  ചെറുപ്പത്തിലെ പരലോകം പുല്‍കി.  ഗ്രാമത്തിലെ വീടുകളിലെ കൊച്ചു കൊച്ചു പണികള്‍ ചെയ്തു കൊടുക്കുന്നതിനാല്‍ കോയയെ ഗ്രാമ വാസികള്‍ക്ക് വലിയ  കാര്യമായിരുന്നു.  ആയതിനാല്‍ ഭക്ഷണ സമയത്ത് ഏതെങ്കിലും വീട്ടുകാര്‍ വിളിച്ചു  അവനു അന്നം നല്‍കുമായിരുന്നു.

മോന്തികൂട്ടത്തിനു  പുളൂസടിക്കിടയില്‍ വെള്ളവും ബീഡിയും മറ്റും എത്തിക്കുന്ന ഡ്യൂട്ടി കൊയക്കായിരുന്നു.  അതിനു പ്രതിഫലം വല്ലപ്പോഴും കിട്ടുന്ന ഒന്നോ രണ്ടോ ബീഡി മാത്രം.  
ഒരു നാള്‍  ബി എസ് എഫില്‍ ജോലി ചെയ്യുന്ന ജവാന്‍ ബാലന്‍ നായര്‍ അവധിയില്‍  നാട്ടിലെത്തിയപ്പോള്‍ വടക്കേ കരയില്‍ നിന്നും തെക്കെകരയിലുള്ള അദ്ധേഹത്തിന്റെ വീട് വരെ പെട്ടി ചുമന്നത് കോയയാണ്.  മിലിട്ടറി നായര്‍ എന്ന് ഗ്രാമം വിളിക്കുന്ന അദ്ദേഹം പ്രതിഫലമായി കോയക്ക്  അമ്പതു പൈസയും ഒരു സിഗരറ്റും നല്‍കി.  അതോടെ കോയക്ക് ഇടയ്ക്കിടെ  സിഗരെട്ടിനോട് ആര്‍ത്തി കൂടി വന്നു. 
 
മിലിട്ടറി  നായരുടെ സിഗരറ്റ് വലി നാട്ടിലെല്ലാവരും ചര്‍ച്ച ചെയ്യുന്ന ഒരു വിഷയം ആണ്.    ഒരു സിഗരറ്റിനു തീ കൊളുത്തി ഒന്നോ രണ്ടോ വട്ടം പുകയെടുത്തതിനു  ശേഷം അത് വലിച്ചെറിയുന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരു രീതി.  ഒരു നാള്‍ പാലത്തില്‍ എത്തിയതും നായര്‍ തന്റെ പാസ്സിംഗ് ഷോ പാക്കറ്റ് പുറത്തെടുത്തു ഒരു സിഗരെട്ടിനു തീ കൊളുത്തി.  ഇത് കണ്ടതും മീന്‍ കണ്ട പൂച്ചയെ പോലെ കോയ മിലിട്ടറിയെ അനുഗമിച്ചു.  ഏത് നിമിഷവും നായര്‍ സിഗരെറ്റ്‌ താഴെയിടാം എന്ന ചിന്തയായിരുന്നു കോയയുടെ മനസ്സില്‍.  നിര്‍ഭാഗ്യമെന്നു പറയട്ടെ സിഗരെറ്റ്‌ താഴെ ഇട്ടതും കോയ അത് എടുക്കാനായി കുനിഞ്ഞെങ്കിലും  നായര്‍ അറ്റന്‍ഷനില്‍ നിന്ന് കാലിലണിഞ്ഞ കനം കൂടിയ റബ്ബര്‍ ചെരുപ്പ് കൊണ്ട് സിഗരെറ്റ്‌ ശരിക്കൊന്നു ചവിട്ടി ഞെരടി പൊടിയാക്കി. 
നിരാശനായ കോയ നായരെ നോക്കി എന്തോ പിറ് പിറുത്തു തിരികെ പോരുന്നത് അതിലെ വന്ന മാനുട്ടി കണ്ടു.  ഓന്‍ കോയാനോട്  ചോദിച്ചു ...

" നാണല്ല്യടാ അനക്ക് നാട്ടാരടെ ബീടികുറ്റിം പെറുക്കി ബലിച്ചു നടക്കാന്‍ ....
നാളെ മാങ്ങ അറവു ഉണ്ട് ....ചാവക്കാടാ ... കൂടെ പോന്നോ .. രണ്ടുറുപ്പ്യ ധീസം ത്തരാം....
ഇജ്ജ് മരം കേറോന്നും  ബേണ്ട... ബള്ളി കൊട്ടേല് താഴെ ബരണ മാങ്ങ പിടിച്ചെറക്കി കൂട്ടിട്ടാ മതി "


സംഗതി കൊള്ളാം എന്ന് തോന്നിയ കോയ മനുട്ടിയോടൊപ്പം ചാവക്കാട് എത്തി മാങ്ങ അറവില്‍ മാനുട്ടിയെ സഹായിക്കാന്‍ തുടങ്ങി.

കൂലി കിട്ടുന്ന കാശില്‍ നിന്ന്   ഒരു പൈസ പോലും ചിലവാകരുതെന്ന നിര്‍ബന്ധ ബുദ്ധിയാല്‍ ഭക്ഷണമൊന്നും കഴിക്കാതെ മൂത്ത മൂന്ന്  മുവാണ്ടന്‍ മാങ്ങയും രണ്ടു ഗ്ലാസ്  വെള്ളവും മാത്രം  ഓരോ  നേരം അകത്താക്കി കോയ രണ്ടു ദിവസം തള്ളി നീക്കി .  ശരിയായ ഭക്ഷണ ക്രമം ഇല്ലാത്തതിനാലും പതിവില്ലാതെ കുറെ മാങ്ങ   അകത്തായതിനാലും   കോയയുടെ ദഹന പ്രക്രിയ താറുമാറായി . രണ്ടിന് പോക്ക് രണ്ടു ദിവസം നടന്നില്ലെങ്കിലും  കോയ അതത്ര കാര്യമായെടുത്തില്ല.

രണ്ടു നാളിന് ശേഷം ചാവക്കാട് നിന്ന തിരിച്ചെത്തിയ  കോയ പുത്തന്‍ ബനിയനു മേല്‍ അത്തറു പൂശി മോന്തികൂട്ടത്തിലെത്തി വിശേഷങ്ങള്‍ വിളമ്പാന്‍  തുടങ്ങി.  ചാവക്കാട് അങ്ങാടിയില്‍ വെച്ച് ബെള്ള ഇംപാല കാറ് കണ്ടതും കടപ്പുറത്തു ബോട്ട്  കണ്ടതും വിവരിക്കുന്നതിനിടയില്‍ എന്തോ പന്തികേടെന്നോണം കോയ ഞെളിപിരി കൊള്ളുന്നുണ്ടായിരുന്നു.

പതിവിനു വിപരീതമായി വയറും വളരെ വീര്‍ത്തിരുന്നതിനാല്‍ കോയയുടെ വയറ്റില്‍ തലോടി  അബ്ദുള്ള അതിശയത്തോടെ ചോദിച്ചു ..!
"എന്താടാ അനക്ക് ... ?"

"ബയരോണ്ട് ബയ്യാ ..... "  കൊയാന്റെ മറുപടി വന്നു.

മുഖത്ത് അല്‍പ്പം ഭയവും ഗൌരവവും കലര്‍ത്തി അബ്ദുള്ള വീണ്ടും ചോദിച്ചു
" ജ്ജ് ചാവക്കാട് ആരടെ കൂടാ കെടന്നത് ....?"

ഉടന്‍ ഉത്തരം വന്നു  "ഞാന്‍ മാനുട്ടിക്കാന്റെ കൂടെ ...."

ഒരു ദീര്‍ഘശ്വാസം വിട്ടു അബ്ദുള്ള അടുത്ത ചോദ്യം തൊടുത്തു.
 "ഓന്‍ അന്നേ കെട്ടി പിടിക്കാറുണ്ടട ..... ?"

"പിന്നല്ല്യെ ... രാത്രി തണുക്കുമ്പ  ന്നെ അമര്‍ത്തി പിടിക്കും " 

കോയ  പറഞ്ഞത് കേട്ട്  ഒരു കൊട്ട അത്ഭുതം ചൊരിഞ്ഞ മുഖവുമായി  അബ്ദുള്ള തലയ്ക്കു കൈ വെച്ച് പറഞ്ഞു.
"ബദരീങ്ങളെ ... ചയിച്ച് പഹയാ ... അനക്ക് പള്ളേല്‍ ഇണ്ട്‌ !!!! "

അബ്ദുല്ലാന്റെ അഭിനയം കണ്ടു ചിരിയടക്കാന്‍ പാട് പെടുമ്പോള്‍ കോയയുടെ  മുഖത്തു വേദന നിമിത്തം മിന്നി മായുന്ന  വിവിധ വര്‍ണ്ണങ്ങള്‍ കാണുകയായിരുന്നു ഞങ്ങള്‍ .

"രണ്ടൂസത്തിനകം ജ്ജ് പേറും... അതുബരെ കുടീന്ന് ബെളീല്‍ ഇറങ്ങണ്ട ...... ബെക്കം പൊയ്ക്കോ...... "

അബ്ദുല്ലാന്റെ ഉപദേശം സ്വീകരിച്ചു വേദന കടിച്ചു പിടിച്ചു കോയ വയറും തടവി കുടിയിലേക്ക് നടന്നു.
ഉമ്മ കൊടുത്ത ചൂടുള്ള കഞ്ഞി മോന്തി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കോയയുടെ മനസ്സില്‍ അബ്ദുള്ളയുടെ വാക്കുകള്‍ ആയിരുന്നു. "പഹയാ അനക്ക് പള്ളേല്‍ ഉണ്ട് !!! "

ആലോചിക്കും തോറും വേദന കൂടി കൂടി വരുന്നു.  കൊളുത്തിട്ട വലിക്കുന്ന വേദന.  തിരിഞ്ഞും മറിഞ്ഞും നോക്കി.  കുറയുന്നില്ല.  കൈകാലിട്ടടിച്ചു നോക്കി.  കാര്യമില്ല.

വീണ്ടും അബ്ദുള്ളയുടെ വാക്കുകള്‍ "രണ്ടൂസത്തിനകം ജ്ജ് പെറും !!! ".

ഈ പ്രസവ വേദന ഇത്ര ഭയങ്കരമാണെന്ന് കൊയാക്ക്  അപ്പോഴാണ്‌ മനസ്സിലായത്‌.
തിരിഞ്ഞും  മറിഞ്ഞും  ഉരുണ്ടും പിരണ്ടും നേരം പോയതല്ലാതെ വേദന കുറയുന്നില്ല. 
അത് കൂടി കൂടി അവസാനം സഹിക്ക വയ്യാതെ വന്നപ്പോള്‍  കോയ വില്ല് പോലെ വളഞ്ഞു പായയില്‍ വീണതും വയറില്‍ നിന്നും എന്തോ പുറത്തു ചാടിയതും ഒരുമിച്ചായിരുന്നു
ബല്ലാത്ത ഒരു സുഖത്തോടൊപ്പം ഹലാക്കിന്റെ ഒരു നാറ്റവും. 

സ്വര്‍ഗീയ സുഖം നേടിയ ആ നിമിഷത്തില്‍ കോയ പായയില്‍ കിടന്നു  ഉറക്കെ വിളിച്ചു കൂവി ....

"ഉമ്മ..ഉമ്മാ.. ബെളക്ക് കൊളുത്തിം .... ഞമ്മള്‍ പെറ്റു......"

കൊയാന്റെ കൂവി വിളി കേട്ട കദീസ്സുമ്മ വിളക്ക് കൊളുത്തി മുറിയിലെത്തിയപ്പോള്‍ കണ്ട കാഴ്ചയില്‍ അവരും ഉറക്കെ ചിരിച്ചു പോയി .
പതുക്കെ പതുക്കെ ആ ചിരി കണ്ണീരിനു വഴി മാറവേ ആ മാതൃ ഹൃദയം പ്രാര്‍ഥിച്ചു ...

" ന്റെ കാല്യാരോട്  തങ്ങളെ .... ന്റെ കണ്ണടഞ്ഞാ ന്റെ കുട്ട്യേ കാത്തോളനെ ......"





പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 14:43 Email This BlogThis! Share to Twitter Share to Facebook
ലേബലുകള്‍: നര്‍മ്മം

87 അഭിപ്രായ(ങ്ങള്‍):

വേണുഗോപാല്‍ said...

എന്റെ പാത്തൂന്റെ പാസ്‌ പോലെ വെറും ഒരു കളിയെഴുത്താണ് ഇതും !!!

ഇത്തരം കളിയെഴുത്തുകളിലൂടെ ഞാന്‍ ജീവിത പാതയില്‍ മറന്നിട്ട് പോന്ന ചില മുഖങ്ങള്‍ ഓര്‍ത്തെടുക്കാന്‍  ശ്രമിക്കാറുണ്ട്.

ഇന്റര്‍നെറ്റ്‌, ടി വി ഇവയോന്നുമില്ലാത്ത ഒരു കാലത്ത് സമയം കൊല്ലാന്‍ സന്ധ്യ നേരങ്ങളില്‍ നാട്ടു വഴികളില്‍ നടക്കുന്ന ചില സുഹൃത് സംഗമങ്ങള്‍. അവയില്‍ ഭാഗഭാക്കാകുന്ന ചില പ്രത്യേക കഥാപാത്രങ്ങള്‍. ശാരീരിക വളര്‍ച്ചക്കൊപ്പം മനസ്സ് വളരാത്ത കൊയയിലെ നിഷ്കളങ്ക കഥാപാത്രം. തന്റെ കാലശേഷം കോയയുടെ കാര്യമോര്‍ത്തു വേവലാതി പെടുന്ന കദീസുമ്മ. കാമുകിയുമായി പ്രണയം പങ്കിടാന്‍ ചെന്നപ്പോള്‍ കല്ലേറ് കൊണ്ട കാമുകന്‍ സുബ്രന്‍.  ഇവരെയൊക്കെ നിങ്ങളും ജീവിത യാത്രയില്‍ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടാകും.. ഓര്‍ത്തു നോക്കൂ  

2 March 2012 at 14:44
Unknown said...

മുഖത് അല്പം ഭയവും ഗൌരവവും കലര്‍ത്തി അബ്ദുള്ള വീണ്ടും ചോദിച്ചു
"ജ്ജ് ചാവക്കാട് ആരുടെ കൂടെയാ കിടന്നത്"
ഞാന്‍ മാനുട്ടിക്കന്റെ കൂടെ
ഒരു ദീര്‍ഘശ്വാസം വിട്ടു അബ്ദുള്ള അടുത്ത ചോദ്യം തൊടുത്തു
"ഓന്‍ അന്നെ കെട്ടി പിടിക്കാര്‍ണ്ടോ ?"
പിന്നില്യെ രാത്രി തണുക്കുമ്പോ ന്നെ അമര്‍ത്തി പിടിക്കും

"ബദ്രീങ്ങളെ .. ചായിച്ചു പഹയാ , അനക്ക് പള്ളേല്‍ ഇണ്ട്"

ഉമ്മാ ............... ഞമ്മള്‍ പെറ്റു ..
--------------------------------
ഹ ഹ വേണു ഏട്ടാ .. ഇതൊക്കെ ഉള്ളതന്നെ ആണോ ?

പാവങ്ങള്‍ , അങ്ങനെ എത്രെ പേരുണ്ട് നമ്മുടെ നാട്ടില്‍ .... പടച്ചോന്‍ കാക്കട്ടെ എല്ലാരേം

മോന്തി കൂട്ടം ഭാഗം ഒന്ന് ..... \\\\ ഭാഗം രണ്ടു ....മൂന്നു ...നാല് waiting
മുംബൈ ജീവിതം ഒന്ന് .... \\\ രണ്ടു ... മൂന്നു ...
ഒരുപാട് ഉണ്ടല്ലോ സ്റ്റോക്ക്‌ ... ഇതൊക്കെ ഞമ്മക്ക് ഒരു ബുക്ക്‌ ആക്കണം

2 March 2012 at 15:13
ദുബായിക്കാരന്‍ said...

വേണുവേട്ടാ , തകര്‍ത്തു. നല്ല നാടന്‍ തമാശ. ഞങ്ങടെ നാട്ടില്‍ ഈ പരദൂഷണ കമ്മിറ്റിക്ക് പഞ്ചായത്ത് കൂടുക എന്നാണു പറയുന്നത്..ഇതുപോലെയുള്ള കഥ പാത്രങ്ങള്‍ എന്റെ നാട്ടിലും ഉണ്ടായിരുന്നു. ഞങ്ങടെ പഞ്ചായത് ടീമിലെ ചേട്ടന്മാരുടെ കല്യാണം കഴിഞ്ഞ്ഞാല്‍ പിറ്റേന്ന് അനുഭവങ്ങള്‍ പങ്കു വെക്കുന്ന ഏര്‍പ്പാട് ഉണ്ടായിരുന്നു. അങ്ങനെ ഒരു ചേട്ടന്റെ കല്യാണം കഴിഞ്ഞു പിറ്റേന്ന് പുള്ളി അനുഭവം പങ്കു വെക്കാന്‍ തുടങ്ങി. ആദ്യ രാത്രിയില്‍ ടെന്‍ഷന്‍ കൊണ്ട് പുള്ളി ഭാര്യയോട് ആദ്യമായി ചോദിച്ച ചോദ്യം കേട്ടപ്പോള്‍ ഞങ്ങള്‍ എല്ലാം ചിരിച്ചു മണ്ണ് കപ്പി. " നിന്റെ അച്ഛന് പയറ്റു കഴിച്ചിട്ട് എത്ര പൈസ കിട്ടീ?
(പയറ്റു എന്നാല്‍ കല്യാണത്തിന് നടത്തുന്ന സഹായക്കുറി)

2 March 2012 at 15:32
മണ്ടൂസന്‍ said...

വേണുവേട്ടാ എന്താ കോയാന്റെ വയറീന്ന് പുറത്ത് ചാടിയത് ? ങ്ങടെ മോന്തിക്കൂട്ട വിശേഷം ജോറായിക്കണൂ. ങ്ങളെല്ലാരും കൂടെ ദിവസവും പച്ചക്ക് തിന്നാറുള്ളത് ആ പാവം 'കോയയെ' ആണല്ലേ ?. അതിനിടയിൽ ഒരു കാര്യം വിട്ടു, മ്മടെ സുബ്രന്റീം ലക്ഷിടീം പ്രേമം അതോടെ പൊളിഞ്ഞോ ? എങ്ങനെ പൊളിയാതിരിക്കും അല്ലേ ? ആശംസകൾ ട്ടോ.

2 March 2012 at 16:23
Manef said...

വേണുവേട്ടാ കോയയ്ക്ക് സുഖപ്രസവം ആയത് ഏതായാലും നന്നായി സിസേറിയന്‍ ഒന്നും വേണ്ടി വന്നില്ലല്ലോ ഭാഗ്യം!

വളരെ നന്നായിട്ടുണ്ട്.... ഭാവുകങ്ങള്‍!

2 March 2012 at 16:59
Echmukutty said...

ആ ഉമ്മയെപ്പോലെ ചിരിയിൽ പൊതിഞ്ഞ വേദന..... കോയയെ കാത്തോളണേ....

എഴുത്ത് വളരെ നന്നായി. ഈ കഥാപാത്രങ്ങൾ ഗ്രാമങ്ങളിൽ, വൻ നഗരത്തിന്റെ ചേരി ഇടവഴിയിൽ...ഒക്കെ ഉണ്ട്. പേരുകളും ഭാഷയും വ്യത്യസ്തമെന്നു മാത്രം.

അഭിനന്ദനങ്ങൾ.

2 March 2012 at 17:27
Njanentelokam said...

ശരിക്കും ഗ്രാമീണാന്തരീക്ഷത്തിലെ അനുഭവങ്ങള്‍ ....
അതിലെ കലര്‍പ്പില്ലായ്മയാണ് ആ ഉമ്മയുടെ പ്രാര്‍ത്ഥന.
സുബ്ബൂന്റെ പ്രേമത്തിനെന്തു സംഭവിച്ചു എന്ന് കൂടി പറയാമായിരുന്നു.
അനുഭവക്കുറിപ്പുകളെ കഥയാക്കി വളര്‍ത്താന്‍ ശ്രമിച്ചില്ല എന്നൊരു പരാതി കൂടി പറഞ്ഞു നിര്‍ത്തുന്നു.

2 March 2012 at 17:32
TPShukooR said...

പാവം കോയ. കൂട്ടുകാര്‍ കളിപ്പിച്ചു വിട്ടു അല്ലെ.
നര്‍മം എന്ന ലേബല്‍ ഉണ്ടെങ്കിലും ബുദ്ധി കുറവുള്ള കോയയുടെ കഥ ഒരു നൊമ്പരം പോലെ തോന്നി. ഇപ്പോള്‍ എന്തായിട്ടുണ്ടാവും അയാള്‍? ജീവിച്ചിരിപ്പുണ്ടോ?

നല്ല അനുഭവക്കുറിപ്പ്.

2 March 2012 at 18:08
Prabhan Krishnan said...

ഇതുപോലൊരു പാടം,പാലം, കൂട്ടം എല്ലാം മനസ്സിൽ കാണുകയായിരുന്നു ഞാനും. അവ്ടെ കോയക്കു പകരം,ഒരു ജോണി..!
കഥകൾ പലവിധം..!

ആസ്വദിച്ചു വായിച്ചു.
ആസംസകളോടെ..പുലരി

2 March 2012 at 18:08
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

വേണുവേട്ടാ .. തമാശ പോസ്റ്റ്‌ ആണെങ്കിലും വരികള്‍ക്കിടയില്‍ വിരിയുന്ന നിഷ്കളങ്ക ഗ്രാമീണ ജീവിതം നന്നായി ആസ്വതിച്ചു .
അതുപോലെ ഓവുപാലത്തില്‍ ഇരുന്നുള്ള ആ പഴയ കാല സൊറ പറചിലിലെക്കും ഓര്‍മ്മകള്‍ പോയി നന്ദി നല്ല ഒരു പോസ്റ്റ്‌ സമ്മാനിച്ചതിന്

2 March 2012 at 18:18
കാവ്യജാതകം said...

രസകരമായ സംഭവം തനതു ശൈലിയിൽ തന്നെ ഭംഗിയാക്കി. മോന്തിക്കൂട്ടത്തിന്റെ വിഭവങ്ങൾ ഇനിയും ശേഷിപ്പുണ്ടാവും പോരട്ടെ...

2 March 2012 at 19:01
പട്ടേപ്പാടം റാംജി said...

ഓര്‍മ്മകളിലെ ഇത്തരം കൂടിചെരലിലൂടെ നര്‍മ്മങ്ങള്‍ക്കൊപ്പം നല്ല പൊതുപ്രവര്‍ത്തനവും നടന്നിരുന്നു. എന്തെങ്കിലും പ്രത്യേകതകള്‍ ഇല്ലാത്ത കഥാപാത്രങ്ങള്‍ വളരെ കുറവായിരിക്കും. പിന്നീട് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ ധാരാളം സംഭവങ്ങളും കിട്ടിയിരിക്കും. എന്തൊക്കെ ആകുമ്പോഴും അതില്‍ വേദന കടിച്ചമര്‍ത്തി ജീവിക്കുന്ന ഉമ്മയെപ്പോലുള്ളവരുടെ ജീവിതവും ഓര്‍മ്മിപ്പിച്ചത്‌ നന്നായി.

2 March 2012 at 19:16
Arif Zain said...

വേണ്വെട്ടാ,രണ്ടു കഥകളും ഒത്തിരി ഇഷ്ടായി. എന്റെ നാട്ടില്‍ കോയ തന്നെയുണ്ട്.പേര് പോലും മാറ്റമില്ലാതെ. ഞങ്ങളെക്കാള്‍ ഒരുപ്പാട് വയസ്സിന് മൂത്തതാണെങ്കിലും കുട്ടികളെപ്പോലെ പെരുമാറുന്ന ഇപ്പോള്‍ അറുപത് കടന്നിരിക്കാവുന്ന കോയ. കാറ്റത്ത്‌ കത്തിച്ചു വെച്ച വിളക്കിന് കാവലിരിക്കുന്ന പോലെ മകനെ കാത്ത ഉമ്മ മരണമടഞ്ഞപ്പോള്‍ വിധവയും രണ്ടു പെണ്‍കുട്ടികളുടെ മാതാവുമായ അയാളുടെ മൂത്ത സഹോദരി ഉമ്മയുടെ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു.
ഗ്രാമത്തിന്റെ കൂട്ടങ്ങളും കുസൃതികളുമൊക്കെ മുറതെറ്റാതെ കൊണ്ട് വരുന്നുണ്ടല്ലോ. അതിലൂടെ ഒരു പാട് പിന്നോട്ട് നടക്കുന്നു. ഒരു സുകൃതമായി അതേറ്റു വാങ്ങട്ടെ.

2 March 2012 at 19:27
സങ്കൽ‌പ്പങ്ങൾ said...

ഗ്രാമത്തിന്റെ നിഷ്കളങ്കതപൊതിഞ്ഞ പോസ്റ്റ് ,കൊയ്യയെയ്യും സുബ്രമണിയനെയുമെല്ലാം എവിടെല്ലാമോ കണ്ടു മറന്നതു തന്നെ..ആശംസകൾ..

2 March 2012 at 20:11
- സോണി - said...

വേണുവേട്ടന്‍ തമാശ എന്ന് പറഞ്ഞു പോസ്റ്റ്‌ ചെയ്താലും, കഥ എന്ന് ലേബല്‍ കൊടുത്താലും, അതൊക്കെ അനുഭവം പോലെതന്നെ തോന്നുന്നു, ശരിക്കും അങ്ങനെ ഒരു കഥാപാത്രം ജീവിച്ചിരുന്നില്ല എന്ന് പറഞ്ഞാല്‍ക്കൂടി വിശ്വസിക്കാന്‍ തോന്നില്ല. ചിലപ്പോള്‍ പലയിടത്തും നേരില്‍ കണ്ടുമുട്ടിയിട്ടുള്ളവരാണ് വേണുവേട്ടന്റെ കഥാപാത്രങ്ങള്‍ എന്നതാവാം കാരണം. അതുകൊണ്ടാവാം, തമാശ വായിച്ചാലും പലപ്പോഴും അതിനിടയില്‍ക്കൂടി നൊമ്പരം തോന്നുന്നത്.

2 March 2012 at 20:46
Joselet Joseph said...

വേണുവേട്ടാ,
കഥവായിച്ചു. നാട്ടിന്‍പുറത്തിന്റെ ചിത്രം വൃത്തിയായി പറഞ്ഞു. ക്ലൈമാക്സില്‍ ഒരു നല്ല പുകില് പ്രതീക്ഷിച്ചെങ്കിലും മനസ് തെല്ല് വേദനിപ്പിച്ചു കളഞ്ഞു. ആശംസകള്‍
സ്നേഹത്തോടെ
ജോസെലെറ്റ്‌.

2 March 2012 at 20:51
khaadu.. said...

വായിച്ചു... നാട്ടിന്‍ പുറത്തെ പരിചിതമായ അന്തിക്കൂട്ടങ്ങള്‍ നന്നായി പറഞ്ഞു... നര്‍മ്മം കുഴപ്പമില്ലെന്ന് പറയുമ്പോഴും എന്റെ ഉള്ളില്‍ തൊട്ടതു ആ ഉമ്മയുടെ വേദനയാണ്... അവസാന വരിയിലെ ആ പ്രാര്‍ത്ഥനയാണ്...
വേണുജി.... നന്മകള്‍ നേരുന്നു...

2 March 2012 at 21:11
Mohammed Kutty.N said...

മൂവന്തിക്കൂട്ടം -ഒരുള്‍ നാടന്‍ ചീന്ത്- അതിന്റെ തനിമയോടെ പറഞ്ഞ ശൈലി രസകരമായിട്ടുണ്ട്.

2 March 2012 at 21:27
രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

വേണുവേട്ടാ....വളരെ നന്നായിരിയ്ക്കുന്നു എഴുത്ത്.അനുഭവങ്ങളിലെ ഹാസ്യവും ചൂടും എല്ലാം അറിയാൻ കഴിയുന്നു....
തുടരുക...ആശംസകൾ.....

ആ പായ കഴുകുന്നേരം ഉമ്മ പറയുന്ന തെറിയാകും ബോൾഡിൽ എന്നാ കരുതിയത്.പക്ഷേ അവിടെയും ആ 'അമ്മ' വിജയിച്ചു.ഏതൊരമ്മയേയും പോലെ.

2 March 2012 at 21:31
ഒരു കുഞ്ഞുമയിൽപീലി said...

വീണ്ടും നമ്മുടെ ഗ്രാമത്തെ ഓര്‍മ്മിപ്പിച്ചു ,ഓരോ വരിയിലൂടെ പോകുമ്പോഴും നമ്മുടെ ഗ്രാമത്തിന്റെ ഭാവം മനസ്സില്‍ പടരുകയായിരുന്നു ഇത് വായിച്ചപ്പോള്‍ പെരിങ്ങോടെ കാണാന്‍ തോന്നുന്നു വല്യെട്ടാ ..വായന സുഖം തന്ന ഈ പോസ്റ്റിനു ഒരായിരം ആശംസകള്‍ ഇനിയും എഴുതുക ഓര്‍മ്മകളെല്ലാം അക്ഷരങ്ങളായ് പെയ്തുതീരട്ടെ വല്യെട്ടാ.......

2 March 2012 at 21:51
വര്‍ഷിണി* വിനോദിനി said...

ഞാൻ വായിയ്ക്കുകയായിരുന്നില്ലാ...കാണുകയായിരുന്നു..
ഓരോ വരികളിലൂടേയും തത്തി കളിച്ച് ന്റെ ഗ്രാമത്തിലും എത്തിപ്പെട്ട പോലെ...
ആ അന്തരീക്ഷത്തിലിരുന്ന് അനുഭവിച്ച വായനാ സുഖം മനസ്സിൻ തൃപ്തി നൽകി...!
എത്ര മനോഹരമായി പറഞ്ഞിരിയ്ക്കുന്നു, ആശംസകൾ ട്ടൊ.!

ഒരു “മീശ മാധവൻ“ കണ്ട പ്രതീതി.. :)

2 March 2012 at 21:52
റിനി ശബരി said...

വേണുവേട്ടാ .. വായിച്ച് വായിച്ച് വന്ന്
അവസ്സാനം ഒന്നു നോവിച്ചുവല്ലൊ ..
ഭംഗിയായ് ,സരസമായീ ,ലളിതമായ്
പറഞ്ഞിരിക്കുന്നു ഒരു ഗ്രാമത്തിന്റെ ചീളുകള്‍ ..
ഇന്നിന്റെ മനസ്സുകള്‍ക്ക് നഷ്ടമായ ചില നന്മകള്‍
ടീവിയും ,കമ്പ്യൂട്ടറും പകുത്തെടുത്ത മൂവന്തികള്‍ ..
അന്നിന്റെ കുസൃതികളില്‍ പോലും നിറഞ്ഞിരുന്നു-
ഒരു നന്മയുടെ കണങ്ങള്‍ ,എട്ടന്‍ വരച്ചിട്ട
ചിത്രത്തില്‍ കഴിഞ്ഞ് പൊയ ചിലതിന്റെ
അവശേഷിപ്പുകളുണ്ട് ..
സുബ്രനും, സുലൈമാനും ,അബ്ദുള്ളയും അലവിയും
കോയയും , പരമുവും ,ലക്ഷ്മിയും
മിലിട്ടറി നായരും ഒക്കെ
പതിയെ മനസ്സിലേക്ക് കയറി വന്നൂ ..
ലക്ഷ്മിയുടെ മുടിയില്‍ തലോടിയ സുബ്രന്
ഒരു ഏറില്‍ മാത്രം കഥ തീര്‍ന്നു പൊയത്
ഭാഗ്യം തന്നെ ,പരമുന്റെ കൈയ്യില്‍ കിട്ടിയിരുന്നെകില്‍ :)
അവതരണ ശൈലീ രസമായിട്ടുണ്ട് ഏട്ടാ !
മലബാറിന്റെ സ്ലാംഗ് അതു പൊലെ വന്നിട്ടുണ്ട്
പലയിടങ്ങളില്‍ ,അതിനൊരു നൈര്‍മല്യവുമുണ്ട് ..
അവസ്സാനം ഒരു ഉമ്മയുടെ അകുലതകളില്‍
വരികള്‍ തീര്‍ത്ത് പൊകുമ്പൊള്‍ എന്തൊ ഒരു -
നോവു വന്നു വീഴുന്നുണ്ട് ,ഉള്ളില്‍ ..
ഇഷ്ടമായേട്ടൊ .. മനസ്സൊന്നോടീ ..പിന്നിലേക്ക് ..

2 March 2012 at 21:55
Ismail Chemmad said...

നന്നായി വേണുവേട്ടാ..
ഗ്രാമങ്ങളിലെ ഇത്തരം കഥാ പാത്രങ്ങള്‍ ഏതു നാട്ടിലും ഉണ്ടാകും.
ഞങ്ങളുടെ നാട്ടില്‍ ഒരു മജീദ്‌ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ആളു ഉശാരായിട്ടോ .
പിന്നെ നാട്ടിലെ ഈ കൂടല്‍ എല്ലാ നാട്ടിലും ഉണ്ട്.

2 March 2012 at 22:15
Elayoden said...

വേണുജി,

നിഷ്കളങ്കമായ ഗ്രാമീണതയുടെ അനുഭവങ്ങിലൂടെയുള്ള നര്‍മ്മത്തില്‍ കുതിര്‍ന്ന ഈ യാത്ര വളരെ നന്നായി. ഗ്രാമങ്ങളില്‍ അന്യം നിന്നും പോകുന്ന പഴയകാല സൌഹൃത കൂട്ടായ്മകള്‍. ഇത്തരം കഥാ പാത്രങ്ങള്‍ മിക്കയിടത്തും ഒരുകാലത്തുണ്ടായിരുന്നു. ഒരു പക്ഷെ ഇതെല്ലാം രൂപത്തിലും ഭാവത്തിലും അല്‍പ്പം മാറ്റം വരുമെങ്കിലും ഇപ്പോഴും ഉണ്ടാവുമായിരിക്കും.

ആശംസകളോടെ.

2 March 2012 at 22:27
kochumol(കുങ്കുമം) said...

വേണുവേട്ടാ നല്ല ചിരിച്ചു എങ്ങിലും മനസ്സ് വല്ലാതെ നൊന്തു ..ന്റെ കണ്ണടഞ്ഞാ ന്റെ കുട്ടിയെ കാത്തോണേ എന്ന ആ അമ്മയുടെ പ്രാര്‍ഥന അതൊരു വിങ്ങലായി കാരണം ...ഇതേപോലെ ഇതിലും ദയനീയമായ എന്ന് വേണം പറയാന്‍ ഒരു കുട്ടി ഉണ്ട് ന്റെ വീടിന്നടുത്ത് ...ആ അമ്മയുടെ സങ്കടം ഞാന്‍ ഒരു പാട് കണ്ടത് കൊണ്ട് മനസ്സറിഞ്ഞു ചിരിക്കാന്‍ തോന്നണില്ല ..ആ കുട്ടിയുടെ മുഖം മനസ്സില്‍ തെളിഞ്ഞു ..ആ അമ്മ മരിച്ചു.. കുട്ടിയെ ഒരമ്മ നോക്കുന്ന പോലെ അച്ചന് നോക്കാന്‍ സാധിക്കില്ല ...അച്ചന്‍ വേറെ വിവാഹം കഴിച്ചു ... മൂത്ത ഒരു സഹോദരന്‍ ഉള്ളത് കൊണ്ട് ആ കുട്ടിയെ കോട്ടയത്തുള്ള ഒരു സ്കൂളില്‍ കൊണ്ടാക്കിയിരിക്കയാണ് ...വല്ലപ്പോളും വീട്ടില്‍ കൊണ്ടുവരും ...എല്ലാരെയും കാണുമ്പോള്‍ ഉള്ള ആ സന്തോഷം ഒന്ന് കാണണ്ടത് തന്നെ ...തിരിച്ചു കൊണ്ടാക്കുമ്പോള്‍ കണ്ണുനിറയും ..ഒന്ന് വായ്‌ തുറന്നു പറയാന്‍ പോലും സാധിക്കില്ല ആ പാവത്തിന് ..

2 March 2012 at 22:59
majeed alloor said...

കൂട്ടു കൂടലിന്‍റേയും കുസൃതികളുടേയും ആ കാലം ഓര്‍ത്തു..
രസകരമായി പറഞ്ഞു..
അബിനന്ദനങ്ങള്‍ ..

2 March 2012 at 23:06
Manoraj said...

ആസ്വാദ്യകരമായ നാട്ടുകൂട്ട വര്‍ത്തമാനങ്ങള്‍. മോന്തിക്കൂട്ടം എന്ന് കേട്ടപ്പോള്‍ അന്തിക്ക് മോന്തിയടിക്കുന്ന (കള്ള്) കൂട്ടമാവും എന്നാണ് ആദ്യം കരുതിയത് :)

2 March 2012 at 23:15
Jefu Jailaf said...

നർമ്മത്തിലാണ്‌ വായന തുടർന്നതെങ്കിലും അവസാനം മനസ്സിൽ തൊടുന്ന വാക്കുകൾ.. വേണുവേട്ടാ ഗ്രാമത്തിന്റെ സുഖാന്തരീക്ഷം നിറയുന്നു ഓരോവരികളിലും.. അഭിനന്ദനങ്ങൾ..

2 March 2012 at 23:16
ഷാജി പരപ്പനാടൻ said...

നിര്‍മ്മലവും നിഷ്കളങ്കവുമായ ഗ്രാമീണ ജീവിതത്തെ സ്വന്തം ശൈലിയില്‍ പകര്‍ത്തുന്നതില്‍ ഒരിക്കല്‍ കൂടി അങ്ങ് വിജയിച്ചിരിക്കുന്നു..വായനയുടെ രസാനുഭവം പകരുന്ന മനോഹരമായ പോസ്റ്റിനു ആശംസകള്‍

2 March 2012 at 23:23
അഷ്‌റഫ്‌ സല്‍വ said...

ഓരോ നാട്ടിലും ഉണ്ടാകും ഇത് പോലെ കോയമാര്‍, അവരെ ചൂഷണം ചെയ്യാനും കളിപ്പിക്കാനും പലരും...മോന്തികൂട്ടം നമ്മളെ നാട്ടില്‍ ഇറച്ചി പീടിക എന്നാ പറയുക....എനിക്കും ഒരു കാലത്ത്‌ അതില്‍ മെമ്പര്‍ ഷിപ്‌ ഉണ്ടായിരുന്നു ....അത് കൊണ്ടാകണം ഈ കഥ സ്വന്തം അനുഭവം പോലെ തോന്നി ...അവസാനം ആ ഉമ്മയുടെ പ്രാര്‍ത്ഥന പല അമ്മമാരില്‍ നിന്നും കേട്ടതാണ്.. അത്തരം കോയമാര്‍ പലരും അമ്മ മാരുടെ മരണ ശേഷം നാട്ടുകാരുടെ ഒരു ഉപകരണം ആയി മാറല്‍ ആണ് പതിവ് .. ദൈവം രക്ഷിക്കട്ടെ ........സുബ്രന്റെയും ലക്ഷ്മിയുടെയും കഥ മറ്റൊരു പോസ്റ്റ്‌ ആക്കാമായിരുന്നു എന്ന് തോന്നി ......നന്മകള്‍ നേരുന്നു ....ഇനിയും വരട്ടെ ഗ്രാമ ചിന്തകള്‍

3 March 2012 at 00:06
ഉസ്മാൻ കിളിയമണ്ണിൽ said...

വരികൾ നിറയെ കാഴ്ചകൾ!
ഓർമ്മയുടെ ഹരിതഭാഷ്യങ്ങൾ !

3 March 2012 at 00:16
Pradeep Kumar said...

എഴുത്ത് ഭംഗിയായി വേണുവേട്ടാ..... - എല്ലാ നാട്ടിലുമുണ്ട് ഇത്തരം അന്തിക്കൂട്ടങ്ങളും കഥാപാത്രങ്ങളും . അതുകൊണ്ടുതന്നെ ഈ എഴുത്തില്‍ ഫിക്ഷന്റെ നേരിയ സ്പര്‍ശം പോലുമില്ല....

നല്ല ആക്ഷേപഹാസ്യം അതിലേക്ക് നിസ്സഹായയായ ഒരു ഉമ്മയുടെ വേദന തിങ്ങിയ മനമുരുകിയ പ്രാര്‍ത്ഥനകൂടിച്ചേര്‍ത്ത് വേണുവേട്ടന്‍ എഴുത്ത് ഹൃദയസ്പര്‍ശിയുമാക്കി.നന്മകള്‍ നേരുന്നു....

3 March 2012 at 00:38
Sureshkumar Punjhayil said...

Janmaangaalkku...!!

Maanoharam, Ashamsakal...!!!

3 March 2012 at 01:11
ആചാര്യന്‍ said...

വളരെ നന്നായി പറഞ്ഞ അന്തിക്കൂട്ടം കഥ ..നാട്ടില്‍ ക്ലബ്ബുകളുടെ വരാന്തയില്‍ ആണ് ഇപ്പോള്‍ പിള്ളേര്‍ കൂടുക..ഒരു ഓര്മ പുതുക്കല്‍ ആയി ..നാട്ടിലെ സകലമാന നുണ കഥകളും കോര്‍ത്തിടുന്ന അന്തിക്കൂട്ടങ്ങള്‍.....

3 March 2012 at 01:43
Sidheek Thozhiyoor said...

നന്നായി പറഞ്ഞു ,ഗ്രാമത്തിന്റെ തെളിമയില്‍ ശുദ്ധമായി...

3 March 2012 at 02:12
‍ആയിരങ്ങളില്‍ ഒരുവന്‍ said...

മോന്തിക്കൂട്ടം നാട്ടിൻ പുറത്ത് കൂടി ഓർമകളെ നടത്തിച്ചു..

കോയമാരെ സഹജീവികളെപ്പോലെ കാണാൻ പ്രായത്തിന്റെ തിളപ്പിൽ ആർക്കും കഴിയില്ല.. അമ്മമാർക്ക് മാത്രമേ അത്തരം മക്കളെക്കുറിച്ച് വേവലാതി ഉണ്ടാകൂ..

തിരോന്തരം കാരനായ എന്നെ ഇങ്ങള "ഭാഷ" കുറച്ച് ബേജാറാക്കീന്..!!

3 March 2012 at 02:14
ഫൈസല്‍ ബാബു said...

പ്രിയപ്പെട്ട വേണുവേട്ടാ ,,,,
ഇത് ഞങ്ങളുടെ ഗ്രാമം തന്നെയല്ലേ വരച്ചു വെച്ചത് ,,,അവിടെയുമുണ്ട് ഇത് പോലെ കുറെ കഥാപാത്രങ്ങള്‍..ഒരു പാട് ഇഷ്ട്ടമായി ഈ മോന്തിക്കൂട്ടങ്ങളെ ,,വേണുവേട്ടന്‍ പറഞ്ഞപോലെ ഓര്‍മ്മകളില്‍ നിന്നും മറന്നു പോവാതിരിക്കാന്‍ ഇത് പോലെ ചില ഡയറിക്കുറി പ്പുകള്‍ ഇങ്ങനെ കുറിച്ചിടുന്നത് നല്ലത് തന്നെ ,,,,അടുത്ത പോസ്റ്റിനായി ആകാംക്ഷയോടെ..

3 March 2012 at 02:42
SUNIL . PS said...

നര്‍മത്തില്‍ ചാലിച്ചെടുത്ത വരികള്‍ , അവസാനം ഒരു നൊമ്പരം ബാക്കിയാക്കുന്നു... അഭിനന്ദനങ്ങള്‍

3 March 2012 at 02:57
Mohamedkutty മുഹമ്മദുകുട്ടി said...

കഥ നന്നായെന്നു പ്രത്യേകം പറയേണ്ടല്ലോ?. എല്ലാവരു പറഞ്ഞ പോലെ അവസാനത്തെ ആ ഉമ്മയുടെ പ്രാര്‍ത്ഥന നൊമ്പരപ്പെടുത്തി. എനിക്കുമുണ്ടൊരു ബന്ധു ഇതു പോലെ. ഒരിക്കല്‍ ഗര്‍ഭമുണ്ടാവുന്നത് തക്കാളി കഴിച്ചിട്ടാണെന്നു അദ്ദേഹത്തെ ആരോ ധരിപ്പിച്ചു. പിന്നെ ആരു തക്കാ‍ളി കഴിക്കുന്നതു കണ്ടാലും മൂപ്പര്‍ പറയും “ അനക്ക് പള്ളേലുണ്ടാവും” എന്ന്.

3 March 2012 at 06:18
വേണുഗോപാല്‍ said...

പോസ്റ്റ്‌ വായിച്ചു അഭിപ്രായം പങ്കു വെച്ച എല്ലാ വായനക്കാര്‍ക്കും നന്ദി ....
തുടര്‍ന്നും ഈ പ്രോല്‍സാഹനം പ്രതീക്ഷിക്കുന്നു

3 March 2012 at 08:47
പൈമ said...

വായിച്ചു നന്നായിട്ടുണ്ട്

3 March 2012 at 10:50
രസികന്‍ said...

വേണു ജീ ... പോസ്റ്റ് വായിച്ചപ്പോള്‍ .... ഇവിടെ എത്താന്‍ വൈകിയോ എന്നൊരു തോന്നല്‍ ബാക്കിയായി ....നന്നായി ... ആശംസകള്‍

3 March 2012 at 11:03
റോസാപ്പൂക്കള്‍ said...

പാവം കോയ എല്ലാരും കൂടെ അതിനെ അങ്ങനെയും ആക്കി.
"ഞമ്മള്‍ പെറ്റു" ന്നു വായിച്ചപ്പോള്‍ ഉറക്കെ ചിരിച്ചു പോയി.

3 March 2012 at 11:11
റോസാപ്പൂക്കള്‍ said...

പാവം കോയ.ഇത്രയ്ക്കു ബുദ്ധിയില്ലാണ്ടായോ.
അവസാന ഭാഗം വായിച്ചപ്പോള്‍ ഉറക്കെ ചിരിച്ചു പോയി.

3 March 2012 at 11:26
Naushu said...

പ്രവാസികളുടെ നഷ്ടങ്ങളാണ് ഇതുപോലുള്ള മോന്തിക്കൂട്ടങ്ങള്‍ ...
ഗ്രാമീണ സൌന്ദര്യം നിറഞ്ഞ പോസ്റ്റ്‌ അസ്സലായിട്ടുണ്ട് !

3 March 2012 at 12:02
Akbar said...

നര്‍മ്മത്തിലൂടെ പറഞ്ഞു വന്ന ഓര്‍മ്മക്കുറിപ്പിനു അപ്രതീക്ഷിത ട്വിസ്റ്റ്‌. മന്ദബുദ്ധിയായ കുട്ടിയുടെ ഭാവിയെ പറ്റിയുള്ള ഉമ്മയുടെ ആധിയില്‍ പോസ്റ്റ് അവസാനിക്കും മുമ്പ് ഓര്‍മ്മകളിലെ ഗ്രാമീണ സന്ധ്യകളിലെ മോന്തിക്കൂട്ടത്തെ ഒരിക്കല്‍ കൂടി വായനയില്‍ പുനര്‍ സൃഷ്ടിക്കാന്‍ എഴുത്തിനു ഏറെക്കുറെ കഴിഞ്ഞു. ആശംസകള്‍.

3 March 2012 at 12:35
Akbar said...

നര്‍മ്മത്തിലൂടെ പറഞ്ഞു വന്ന ഓര്‍മ്മക്കുറിപ്പിനു അപ്രതീക്ഷിത ട്വിസ്റ്റ്‌. മന്ദബുദ്ധിയായ കുട്ടിയുടെ ഭാവിയെ പറ്റിയുള്ള ഉമ്മയുടെ ആധിയില്‍ പോസ്റ്റ് അവസാനിക്കും മുമ്പ് ഓര്‍മ്മകളിലെ ഗ്രാമീണ സന്ധ്യകളിലെ മോന്തിക്കൂട്ടത്തെ ഒരിക്കല്‍ കൂടി വായനയില്‍ പുനര്‍ സൃഷ്ടിക്കാന്‍ എഴുത്തിനു ഏറെക്കുറെ കഴിഞ്ഞു. ആശംസകള്‍.

3 March 2012 at 12:36
Artof Wave said...

വേണുവേട്ട ഈ മോന്തിക്കൂട്ടം അപ്പോള്‍ അവിടെയുണ്ട് അല്ലേ ഞങ്ങളെ നാട്ടിലും ഈ കൂട്ടം ഉണ്ട്
വൈകുന്നേരം കളിയൊക്കെ കഴിഞ്ഞു ഏതങ്കിലും പീടിക ത്തിണയിലാണ് ഈ കൂട്ടം കൂടുക, വൈകുന്നേരത്തിനു മൈമ്പ് എന്നും പറയും ഈ മൈമ്പിന് ചേരുന്ന കൂട്ടം രാത്രി 9 മണി വരെയൊക്കെ നീളുന്നത് കൊണ്ടാവാം ഇതിനെ മോന്തി ക്കൂട്ടം എന്നു പറയുന്നത് വൈകുന്നേരം മൈമ്പ് ആണങ്കില്‍ രാത്രിക്ക് പറയുന്ന പേര് മോന്തി എന്നും, വേണുവേട്ടന്‍ പറഞ്ഞ എല്ലാ കഥാ പാത്രങ്ങളും ഈ മോന്തി ക്കൂട്ടത്തില്‍ ഉണ്ടാവും, ഇത് കൊണ്ട് ഞങ്ങളുടെ നാട്ടിലെ കുട്ടികള്‍ പഠന കാര്യത്തില്‍ ശ്രദ്ധിക്കാതെ ഈകൂട്ടത്തില്‍ ചേര്‍ന്ന് മോശമായ കഥ ഒരു പാടുണ്ട്, ഈ ഒരു കൂട്ടത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി എന്നെയും എന്റെ അനുജന്‍മാരേയും എന്റെ പിതാവ് ദൂരെ ഹോസ്റ്റലില്‍ ചേര്‍ത്തു പഠിപ്പിച്ചത് ഞാന്‍ ഓര്‍ക്കുന്നു....
ഏതായാലും കൊയായുടെ കാര്യം വെന്നുവേട്ടന്‍ വളരെ രസകരമായി അവതരിപ്പിച്ചു, നാട്ടിന്‍ പുറത്തെ വിശേഷങ്ങള്‍ വെന്നുവേട്ടന്റെ ശൈലിയില്‍ വന്നപ്പോള്‍ വായിക്കാന്‍ നല്ല സുഖമുണ്ടായിരുന്നു, തല്ല് കിട്ടിയ സംഭവം അവതരിപ്പിച്ച രീതിയും നന്നായി. ചുരുക്കി പറഞ്ഞാല്‍ ഇത് വായിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ ഗ്രാമത്തിലൂടെ ചുറ്റി ക്കറങ്ങു കയായായിരുന്നു, നല്ല കഥ സമ്മാനിച്ച വെന്നുവേട്ടന് ആശംസകള്‍
ഇനിയും നല്ല കഥയുമായി വരൂ .....

3 March 2012 at 13:03
കൊമ്പന്‍ said...

ഗ്രാമീണ നിസ്കളങ്കതയും കൊച്ചു കുസ്രിതികളും വായിച്ചു പത്തൂന്റെ പാസ്സിന്റെ അവിടുക്ക് എത്തീട്ടില്ല എന്നാലും കൊയാന്റെ പ്രസവം കലക്കി ആ സുബ്രമണ്യ നു വേണുചെട്ടന്റെ ഒരുചായ ഉണ്ട് ട്ടോ

3 March 2012 at 13:38
മൻസൂർ അബ്ദു ചെറുവാടി said...

വേണു ജീ
മോന്തിക്കൂട്ടത്തിന്റെ ബഡായി സദസ്സിലേക്ക് ആവേശത്തോടെയാണ് വന്നത്. വിശേഷങ്ങള്‍ കേള്‍ക്കാന്‍ .
സ്മന്റ്റ് തിണ്ണയുടെ അടുത്തിരുന്നു ഞാനും ആസ്വദിച്ചു നിങ്ങളെ സൊറ പറച്ചില്‍.
സുബ്രന് കിട്ടിയ കോളും, അബ്ദുള്ളയുടെ തമാശയും കോയയുടെ പൊട്ടത്തരവും എല്ലാം നല്ല രസായി ട്ടോ .
പക്ഷെ എനിക്കൊരു ചിന്ന സംശയം, അത് സുബ്രനായിരുന്നോ അതോ....അല്ലേല്‍ വേണ്ട ചോദിക്കുന്നില :)

3 March 2012 at 13:46
chillujalakangal said...

വായിക്കാന്‍ നല്ല്ല രസമുണ്ടായിരുന്നു...ഗ്രാത്തിലെ പരിചയമുള്ള മുഖങ്ങളിലൂടെ കടന്നു പോയി...:)

3 March 2012 at 14:49
Biju Davis said...

ഗ്രാമഭംഗി ഓരോ വരികളിലും തുളുമ്പി നിന്നിരുന്നു. നർമ്മം വീണ്ടും നൊമ്പരമായി മാറി. നന്നായിരിയ്ക്കുന്നു, വേണുജി!

ഒരു മുഴുനീള നർമ്മകഥ - ഒട്ടും വേദനിപ്പിയ്ക്കാത്ത ഒന്ന് - ആ തുലികയിൽ നിന്ന് പ്രതീക്ഷിയ്ക്കുന്നു

3 March 2012 at 16:14
വീകെ said...
This comment has been removed by the author.
3 March 2012 at 17:36
വീകെ said...

ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു ചില ‘കോയ’മാർ. അവർക്ക് പണിക്ക് ബുദ്ധിമുട്ടുണ്ടാവാറില്ലെങ്കിലും പണം മാത്രം ആരും കൊടുക്കാറുണ്ടായിരുന്നില്ല. എല്ല്ലു മുറിയെ പണിയെടുക്കുകയും എരന്നു ജീവിക്കേണ്ടിയും വന്നു പാവങ്ങൾക്ക്.

ആശംസകൾ...

3 March 2012 at 18:00
keraladasanunni said...

പാവം കോയ. എല്ലാ നാട്ടിലും ഇത്തരത്തില്‍ ബുദ്ധി വികസിച്ചിട്ടില്ലാത്ത ചിലരുണ്ടാകും. അവരുടെ
രക്ഷിതാക്കളുടെ സങ്കടം ആരും മനസ്സിലാക്കാറില്ല.

3 March 2012 at 18:37
Absar Mohamed said...

വേണുവേട്ടാ.....
വളരെ നന്നായി എഴുതി.....
തമാശക്കിടയിലും അവസാനത്തെ ആ മാതൃഹൃദയത്തിന്റെ വേദന നന്നായി വരച്ചു കാട്ടി....
താമാശയില്‍ നിന്നും പെട്ടന്ന് നൊമ്പരത്തിലേക്ക് നടത്തിയ ആ ചുവടുമാറ്റം ഹൃദയസ്പര്‍ശിയായിരുന്നു....
ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളെയും വഹിച്ചു സ്പെഷ്യല്‍ സ്കൂളിന്റെ ബസ്സ്‌ പോകുന്നത് കാണുമ്പോള്‍ എന്തോ ഒരു വേദന അറിയാതെ ഉണ്ടാവാറുണ്ട്.

ഒപ്പം ഇന്ന് അന്യമായ ഗ്രാമത്തിലെ സൗഹൃദകൂട്ടങ്ങളെ മനസ്സിലേക്ക് എത്തിച്ചതും നാന്നായി....

നല്ലൊരു എഴുത്തിനു അഭിനന്ദനങ്ങള്‍....

3 March 2012 at 19:30
MINI.M.B said...

നന്നായി, നന്നായി രസിച്ചു തന്നെ വായിച്ചു.

3 March 2012 at 20:34
മാണിക്യം said...

നിഷ്ക്കളമായ മനസ്സുള്ള 'കോയമാര്‍' അന്നും ഇന്നും അവരുടെ സ്ഥിതി മനസ്സിലാക്കാതെ അവരെ ഹാസ്യകഥാപാത്രങ്ങളാക്കുന്നു ജനം. മക്കളുടെ വയ്യായ്ക അറിയുന്ന അമ്മമാര്‍ക്ക് മരണത്തെ അവരവരുടെ രോഗത്തെ ഒക്കെ ഭയമാണ്. "തമ്പുരാനെ! എനിക്കൊന്ന് വയ്യാണ്ടായാല്‍ ന്റെ കുട്ടിക്ക് ആരൊണ്ട്?" എന്ന് ഏങ്ങാത്ത ഒരമ്മ മനസ്സും ഇല്ല.
സുബ്രനും ലക്ഷ്മിക്കും സെല്‍ഫോണില്ലാതെ പോയിട്ടല്ലേ ഏറ് കൊണ്ടത് ഇന്നാണെങ്കില്‍ എസ് എം എസ് അയച്ചേനെ!
ഈ തവണ നാട്ടില്‍ പോയപ്പോള്‍ പണ്ട് കാലത്ത് സജ്ജിവമായിരുന്ന പല കലുങ്കുകളും ആല്‍മരച്ചോടും വിജനമായിരിക്കുന്നു ഒറ്റയ്ക്ക് സന്ധ്യകളെ നോക്കി നിര്‍വികാരനായ വൃദ്ധനെപ്പോലെ നിലകൊള്ളുന്നത് കണ്ടു. തൊട്ടയല്‍വാസിയെ ഇന്ന് ആര്‍ക്കും അറിയില്ല റ്റിവി താരങ്ങളെ കൈരേഖ പോലെ അറിയാം..
വേണു ശരിക്കും മനസ്സില്‍ തട്ടിയ എഴുത്ത് അഭിനന്ദനങ്ങള്‍!!

3 March 2012 at 22:38
ശ്രീജിത് കൊണ്ടോട്ടി. said...

ഇപ്പോഴത്തെ മോന്തിക്കൂട്ടവും, സൊറ പറച്ചിലും ഒക്കെ ഫേസ്ബുക്കിലും, ഗൂഗിളിലുമോക്കെയാണ്. നിഷ്കളങ്കമായ ഗ്രാമീണ അനുഭവങ്ങള്‍ രസകരമായി അവതരിപ്പിച്ചു..

4 March 2012 at 01:52
Mohiyudheen MP said...

വേണുവേട്ട, ഗ്രാമീണതയും നിഷ്ക്കളങ്കതയുമാണ്‌ പഴയ കാല ഗ്രാമങ്ങളുടെ പ്രത്യേകതകള്‍ - പാടവും പാതയും തോടുമുള്ള ദേശങ്ങളാണേല്‍ പാലത്തിന്‍മേലോ മറ്റോ ആവും ഈ കൂട്ടങ്ങളുടെ ഇത്തരം പരിപാടികള്‍. ഇതു പോലെ വിശേഷങ്ങള്‍ പറയാനില്ലാത്തവര്‍ വിരളമായിരിക്കും. പക്ഷെ അത്‌ അതേപടി പകര്‍ത്താനുള്ള കഴിവിനെയാണ്‌ നമ്മള്‍ അഭിനന്ദിക്കേണ്‌ടത്‌. തീര്‍ച്ചയായും അതിഭാവുകത്വമില്ലാതെ ഉള്ളത്‌ ഉള്ള പോലെ പറഞ്ഞിരിക്കുന്നു. മന്ദ ബുദ്ധികളെ മന്ദന്‍മാര്‍ ആക്കുന്നതില്‍ കൂടുതല്‍ ഞങ്ങള്‍ ആസ്വദിച്ചിരുന്നു അഭിനവ ബുദ്ധിമാന്‍മാരായ മണ്‌ടന്‍മാരെ പറ്റിക്കുന്നതിലായിരുന്നു. മുഖ സൌന്ദര്യം വരാന്‍ മുഖത്ത്‌ കയ്പ്‌ വേപ്പ്‌ തേച്ച്‌ പിടിപ്പിച്ചാല്‍ മതിയെന്നും, തല മുടി ചുരുണ്‌ട്‌ കറുത്ത്‌ വളരാന്‍ കോഴിമുട്ട തേച്ചാല്‍ മതിയെന്നും പറഞ്ഞ്‌ ഞങ്ങള്‍ കൂട്ടത്തിലുള്ള ഒന്ന് രണ്‌ട്‌ പേരെ പറ്റിച്ചതായുള്ള കഥ ഇത്‌ വായിച്ചപ്പോഴാണ്‌ ഒാര്‍മ്മയില്‍ തെളിഞ്ഞ്‌ വന്നത്‌. :) ആശംസകള്‍ - ഇനിയും ഇതുപോലെയുള്ള കഥകളും അനുഭവങ്ങളും വരട്ടെ.

4 March 2012 at 02:06
സിയാഫ് അബ്ദുള്‍ഖാദര്‍ said...

എനിക്കുമുണ്ടായിരുന്നു ഒരു സൊറക്കൂട്ടം ,നഷ്ടബോധമുനര്‍ത്തിയ എഴുത്ത് ,,എല്ലാവരും മിടുക്കന്മാര്‍ ആകുമ്പോള്‍ നഷ്ടമാകും ഈ നിഷ്കളങ്ക ജീവിതങ്ങള്‍ ,കുട്ടിതമാഷകള്‍ ...

4 March 2012 at 09:10
Yasmin NK said...

പാവം കോയ, ആ ഉമ്മാക്ക് മനസ്സമാധാനത്തോടെ മരിക്കാന്‍ പോലും കഴിയില്ല, അവര്‍ മരിക്കണേനു മുന്‍പ് കോയ മരിക്കുന്നതാണു നല്ലത്.

നല്ല എഴുത്തിനു ഭാവുകങ്ങള്‍...

4 March 2012 at 11:05
മനോജ് കെ.ഭാസ്കര്‍ said...

ഇത് വെറുമൊരു കളിയെഴുത്തല്ല പഴയകാലത്തിലേക്കുള്ള തിരിച്ചുപോക്ക്...
നല്ല എഴുത്തിന് അഭിനന്ദനങ്ങള്‍.....

4 March 2012 at 15:34
മുകിൽ said...

കൊള്ളാം,ട്ടോ. പക്ഷേ ഇതു കാര്യമായ എഴുത്തു തന്നെയാണു. ഇങ്ങനെ പാടവും പാടത്തിനു നടുവിലൂടെയുള്ള റോഡിലെ കലുങ്കും എല്ലാം ഓര്‍മ്മയില്‍ വരുന്നുണ്ട്. പെണ്‍കുട്ടികള്‍ സന്ധ്യാസമയത്തു നടന്നു പോകുമ്പോള്‍ കണ്ണുകള്‍ നീണ്ടുവരുന്നതും സംസാരം നിശ്ശബ്ദമാവുന്നതും എല്ലാം ഓര്‍മ്മയില്‍ വരുന്നുണ്ട്.

4 March 2012 at 19:11
ബെഞ്ചാലി said...

നിഷ്കളങ്കമായ ഗ്രാമീണ മോന്തിക്കൂട്ടത്തെ കുറിച്ച് നന്നായി എഴുതി. വായനയുടെ ഒടുക്കം വരെ ഞാനും ഗ്രാമീണവാസിയായി. അഭിനന്ദനം

4 March 2012 at 21:06
ente lokam said...
This comment has been removed by the author.
5 March 2012 at 01:11
ente lokam said...

കഥയിലെ നര്മതെക്കാള് ഉപരി

അവതരണ രീതി വളരെ ഇഷ്ടപ്പെട്ടു..

തമാശക്കായി തമാശ എഴുതാതെ, കാര്യങ്ങള്‍

വളരെ തുറന്ന രീതിയില്‍ ഉള്ള എഴുത്ത്, നാടന്‍

ജീവിത കാഴ്ചകളിലേക്ക് വായനക്കാരെ എത്തിക്കുന്ന

തരത്തില്‍ ഉള്ളത് ആയി...അഭിനന്ദനങ്ങള്‍ വേണുജി..‍

5 March 2012 at 01:13
Kalavallabhan said...

എല്ലാ നാട്ടിലും ഇതുപോലെ ഒരോ കൂട്ടങ്ങളും ഒരു മന്ദബുദ്ധിയും ഉണ്ടാകാറുണ്ട്‌ എന്നു തോന്നുന്നു.

നടന്ന സംഭവം വിവരിക്കുമ്പോലെ നർമ്മത്തിൽ ചാലിച്ച്‌ കഥ അവതരിപ്പിച്ചത്‌ വളരെ നന്നായിട്ടുണ്ട്‌.

5 March 2012 at 10:42
Unknown said...

ഗ്രാമത്തിന്റെ നിഷ്കളനഗത മുഴുവന്‍ ഈ പോസ്റ്റില്‍ കാണാന്‍ സാധിക്കുന്നു ,,ഇത് വായിക്കുമ്പോള്‍ അറിയാതെ ഓരോരുത്തരും അവരുടെ കുട്ടികാലെ ഓര്‍ക്കും എന്നതില്‍ യാതൊരു സംശയമില്ല
ഇതില്‍ ഒരു പാലമാണ് എങ്കില്‍ എന്റെ നാട്ടില്‍ ഉപ്പ് പെട്ടിയായിരുന്നു ,അതിനു മുകളില്‍ എത്ര നേരമെങ്കിലും ഇരുന്നാലും ബോര്‍ അടിക്കില്ല ..
നന്ദി മാഷെ

5 March 2012 at 11:17
Vp Ahmed said...

കുട്ടിക്കാലത്തിലേക്ക് കൊണ്ടുപോയി, വേണു.

5 March 2012 at 21:12
വേണുഗോപാല്‍ said...

ശ്രീ പ്രദീപ്‌ പൈമ, റോസിലിജി , നൌശു, അക്ബര്‍ ജി, മജീദ്‌, കൊമ്പന്‍, മന്‍സൂര്‍, പ്രീതി,ബിജു, വി കെ , കേരളെട്ടന്‍, അബ്സാര്‍, മിനി ടീച്ചര്‍, മാണിക്യം ചേച്ചി , ശ്രീജിത്ത്‌, മോഹി, സിയാഫ്‌, യാസ്മിന്‍ ജി, മനോജ്‌, മുകില്‍, ബെന്ചാലി, എന്റെ ലോകം, ശ്രീ കലവല്ലഭാന്‍, മൈ ഡ്രീംസ്‌ തുടങ്ങി എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി .....

6 March 2012 at 15:18
Rashid said...

എന്താണ് ഉമ്മ മുറിയിലെത്തിയപ്പോ കണ്ട കാഴ്ച??? ;ലേശം പിരി കുറവുള്ളവരെ മക്കാറാക്കുന്നത് എല്ലാ നാട്ടിലുമുള്ള ഏര്‍പ്പാട് ആണ്,,,,

6 March 2012 at 17:15
K@nn(())raan*خلي ولي said...

വേണുജിയുടെ ചാറ്റ്/സംസാരത്തിലെ ആ നൈര്‍മല്യം കിട്ടിയത് എങ്ങനെയെന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇത്തരം ഗ്രാമീണ അന്തരീക്ഷം സൂക്ഷിക്കുന്നത് കൊണ്ടാണെന്ന് ഇപ്പം മനസിലായി.
'ഉമ്മ'യുടെ നിഷ്കളങ്കത എത്ര പറഞ്ഞാലാ മതിവരിക?
കോയയെ മറക്കുന്നില്ല.
വേണുജിയുടെ അടുത്ത പോസ്റ്റിനായി കാത്തിരിക്കാന്‍ ഇനിമുതല്‍ കണ്ണൂരാനുമുണ്ടാകും.
(ഇന്ഷാ അല്ലാഹ്)

6 March 2012 at 18:55
അഷ്‌റഫ്‌ മാനു said...

വേണുവേട്ട ..മോന്തികൂട്ടം കലക്കി ..മോന്തിക്ക് മോന്താനായി കൂറെ കൂടിയുട്ടുണ്ടല്ലോ ല്ലേ ...നല്ല അവതരണം ..ഏറെ പ്രതീക്ഷകള്‍ ബാക്കി ..ഭാവുകങ്ങള്‍ ..

7 March 2012 at 05:09
ചീരാമുളക് said...

പാടവും തോടും സിമന്റിട്ട കമാനവും അതിന്മേലെ സ്ഥിരം മോന്തിക്കൂട്ടവുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഒരു മെംമ്പറാവാന്‍ വിലക്കുണ്ടായിരൂന്നു. മോന്റെ വായില്‍ ബീഡിയും പിന്നെപ്പലതും കേറുമെന്നോര്‍ത്തുകൊണ്ടാവാം റെഡ്സിഗ്നല്‍ എന്നും തെളിഞ്ഞു നിന്നത്. ഗ്രാമ്യനൈര്‍മ്മല്യത്തിന്റെ മാഞ്ഞുകൊണ്ടിരിക്കുന്ന ചെറുശേഷിപ്പുകള്‍ മനോഹരമായിപ്പറഞ്ഞറ്ഋ തെല്ലിഷ്ടമായി. നല്ല എഴുത്ത്.

7 March 2012 at 13:53
Anil cheleri kumaran said...

സുന്ദരമായ രചനാ രീതി; നന്നായിട്ടുണ്ട് കഥ.

7 March 2012 at 21:46
ശ്രീ said...

ഗ്രാമീണത നിറഞ്ഞു നില്‍ക്കുന്ന കഥ... ഇഷ്ടമായി മാഷേ.

കോയയെ പോലെ ചിലരുണ്ട്... പലരും ഒരു നേരത്തെ ചിരിയ്ക്ക് വേണ്ടി അവരെ കളിയാക്കുന്നത് കാണുമ്പോള്‍ ചിലപ്പോഴെങ്കിലും വിഷമം തോന്നാറുണ്ട്.

8 March 2012 at 15:10
A said...

അതീവ ഹൃദ്യമായ വായന നല്‍കി. സുബ്രന്റെ കഥയാണ് ഏറെ ചിരിപ്പിച്ചത്.
കോയ ചിരിപ്പിച്ചു പിന്നെ ഒരു വേദനയായി.
ഗ്രാമീണ നൈര്‍മല്ല്യം തുളുമ്പുന്ന ഈ എഴുത്തിനു അഭിനന്ദനങ്ങള്‍

9 March 2012 at 14:54
Akbar said...

ഈ പോസ്റ്റിനെ കുറിച്ചുള്ള ഇരിപ്പിടത്തിന്റെ അഭിപ്രായം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

10 March 2012 at 10:36
viddiman said...

ആരംഭത്തിൽ അല്പം കൂടി നർമ്മം കലർത്താമായിരുന്നു..

ആ ഉമ്മയുടെ വികാരം പോലെ തന്നെ...

വായിച്ചു തീരുമ്പോൾ ആദ്യം ചിരി..

പിന്നെ ആ സഹജീവിയുടെ ഭാവിയോർത്ത് ദുഃഖം..

10 March 2012 at 11:26
ശ്രീക്കുട്ടന്‍ said...

ഞങ്ങളും ഇതേപോലെ വൈകുന്നേഅരങ്ങളില്‍ പാടത്തിനടുത്തുള്ള തോട്ടിനുകുറുകേയുള്ള സ്ലാബിലിരുന്ന്‍ വെടിപറയുമായിരുന്നു.ഇത് വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാനവിടെയായിരുന്നു.എത്ര രസകരമായ കാലമായിരുന്നുവത്...കൊതിയാവുന്നിപ്പോള്‍..

10 March 2012 at 12:17
Muralee Mukundan , ബിലാത്തിപട്ടണം said...

പഴയ ഗ്രാമീണസ്മരണകളിലേക്ക് കൂട്ടികൊണ്ടുപോയിട്ട് ഈ കളിയെഴുത്തിലൂടെ നർമ്മത്താൽ മർമ്മത്തിൽ കുത്തി നൊമ്പരമുണ്ടാക്കിയിരിക്കുകയാണല്ലോ ഭായ് ഈ അനുഭവകഥകളിലൂടെ..
ഇഷ്ട്ടപ്പെട്ടു കേട്ടൊ

13 March 2012 at 02:20
Satheesh Haripad said...

ഇതാണ് യഥാര്‍ത്ഥ നര്‍മ്മം
'കോയയുടെ പ്രസവം' കലക്കി
മോന്തിക്കൂട്ടത്തിന്റെ രസത്തിലെക്ക് ഓര്‍മ്മകള്‍ തിരികെ പോയപ്പോള്‍ ഗ്രാമത്തിലെ ആ കാറ്റ്‌ മനസ്സിനെ കുളിരണിയിപ്പിച്ചു.

ശരിക്ക്‌ ആസ്വദിച്ചു വായിച്ചു.

ആശംസകള്‍
satheeshharipad-മഴചിന്തുകള്‍

14 March 2012 at 12:15
Ajesh Krishnan said...

ഞാനും നാട്ടിലെ മോന്തികൂട്ടം ഓര്‍ത്തുപോയി ഇത് വായിച്ചപ്പോള്‍....

15 March 2012 at 14:20
മാനവധ്വനി said...

ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന എഴുത്ത്..ആശംസകൾ

31 March 2012 at 14:58
kaattu kurinji said...

വെണുവേട്ടന്റെ നേത്താവലിയിലെ കാറ്റ്‌ ഒരു ഉത്തരേന്ത്യന്‍ ഗ്രാമാന്തരീക്ഷത്തിലേക്കാണൂ കൊണ്ട്‌ പോയ്യതെങ്കില്‍ മോന്തിക്കൂട്ടം എനിക്ക്‌ പരിചയമുള്ള മണ്ണിലേക്കും ഭാഷയിലേക്കും എത്തിച്ചു...കൊളുത്തിപ്പിടിച്ച വാക്ക്‌ "മോന്തി" എന്നതു തന്നെ! "നേരം മോന്തിയായി../പരിയമ്പറം/കയ്യും മോറും കഴുകല്‍...ഇതൊക്കെ നമ്മുടെ മാത്രം ഭാഷ അല്ലെ...

15 May 2012 at 11:11
Unknown said...

പോ ഞാന്‍ മിണ്ടൂല... നന്നായി ചിരിച്ച് ചിരിച്ച് പോവാരുന്നു ഞാന്‍, ഒത്തിരി ചിരിച്ചത് 'ഞമ്മള്‍ പെറ്റു;' എന്ന് പറഞ്ഞപ്പോളാണ്. ആ ചിരി പൂര്‍ത്തിയാക്കാന്‍ സമയം തരും മുന്‍പ്‌ അമ്മയുടെ ആധി നിറഞ്ഞ മനസ്സ്‌ ഒരൊറ്റ വരിയില്‍ വരച്ച് കാട്ടി ഹൃദയം പിടപ്പിച്ചു കളഞ്ഞു. 'ചിത്രം' എന്ന ലാലേട്ടന്‍ സിനിമ പോലെ ഉണ്ടായിരുന്നു എഫെക്റ്റ് ചിരി കമ്പ്ലീറ്റ്‌ ചെയ്യാന്‍ സമ്മതിക്കാത്തോണ്ട് ഞാന്‍ മിണ്ടൂല... ആ കോയക്ക് ഇപ്പോള്‍ എന്താണ് അവസ്ഥ?

25 August 2012 at 15:55

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)
പ്രിയ വായനക്കാര്‍ക്ക് തുഞ്ചാണിയിലേക്ക് സ്വാഗതം !!!!

തുടിതാളം ബ്ലോഗ്ഗിലേക്ക്

Thudithalam

Followers


Popular Posts

  • ചേമ്പിലക്കുടയും തെക്കന്‍കാറ്റും
    " ഹോ.. വല്ലാത്ത മഴ ട്രെയിനുകള്‍ ഓടുന്നുവോ ആവോ ? സ്കൂള്‍ ബസ്‌ വന്നോ എന്ന് നോക്ക്യേ ..." അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട...
  • ജന്നത്തുല്‍ ഫിര്‍ദൌസ്
    മക്ക പിടിച്ചടക്കാന്‍ എത്തിയ അബ്രഹത്തിന്റെ ആനപ്പടയെ കല്ലെറിഞ്ഞു തുരത്തിയ അബാബില്‍ പക്ഷി കൂട്ടങ്ങള്‍!! അവ മാനത്ത് തീര്‍ത്ത അന്ധകാരത്തെ മനസില...
  • വേനല്‍പൂവുകള്‍
    മുംബൈ വി ടി  (ഇന്ന് മുംബൈ സി എസ് ടി)  യിലെ എട്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ വണ്ടി  എത്തിച്ചേര്‍ന്നത്‌ വൈകുന്നേരം അഞ്ചു മണിക്ക്.  ശ്രീകൃഷ്ണ ട...
  • നേത്താവലിയിലെ കാറ്റ്
    ഇരുണ്ട ആകാശത്തില്‍ അങ്ങിങ്ങായ്‌  ചില നേരിയ  രേഖകള്‍ കോറിയിട്ട് ഒരു വെള്ളി വെളിച്ചം ഗുന്ജ്ജന്റെ മുഖത്തു പതിച്ചു.  സജലങ്ങളായ അവളുടെ കണ്‍കോണു...
  • അതിഥി ദേവോ ഭവ:
    മുംബൈയില്‍ എത്തി ആദ്യ കുറച്ചുനാള്‍ ഞാന്‍ നാട്ടുകാരനും എന്‍റെ  ബന്ധുവുമായ  ചന്ദ്രേട്ടനോടൊപ്പമാണ്  താമസിച്ചത്.  അദ്ദേഹത്തിന്‍റെ വിവാഹശേഷം ...
  • പ്രയാണം
    ഉച്ച വെയിലിന്‍ ചൂട് കുറയാന്‍ തുടങ്ങുന്നതെ ഉള്ളൂ.  കാലത്തിറക്കിയ ഇളനീര്‍ ഭൂരിഭാഗവും വിറ്റ് പോയിരിക്കുന്നു.  അവശേഷിക്കുന്ന അഞ്ചാറെണ്ണം മുന...
  • പാത്തൂന്റെ പാസ്‌
    എന്റെ കുട്ടികാലത്ത് മതുപ്പുള്ളി  എന്ന എന്റെ ഗ്രാമത്തില്‍ റേഷന്‍ കട നടന്നിരുന്നത് സെന്ററിലുള്ള ഞങ്ങളുടെ മൂന്നു മുറി കെട്ടിടത്തിലായിരുന്നു....
  • തമ്പും തേടി
    ഭഗവതിക്കാവിലെ കൊടിയേറ്റുത്സവത്തിന്‍ നാളിലാണ്‌ കാര്‍ത്തു ആദ്യമായി കൊച്ചമ്പ്രാനെ കണ്ടത്.  ആരവങ്ങള്‍ക്കിടയില്‍ നാലഞ്ച് വാല്യക്കാര്‍ക്ക് നടുവി...
  • മോന്തികൂട്ടം
    ഗ്രാമത്തെ  ഇരുകരകള്‍ ആയി വിഭജിക്കുന്നത് നടുവില്‍ പരന്നു കിടക്കുന്ന വിശാലമായ നെല്‍പാടമാണ്.  പാടത്തിനു നടുവിലൂടെ തെക്കെകരയെയും വടക്കേകരയും ബ...
  • മിച്ചഭൂമി
    എഴുപതുകളിലെ എന്റെ ഗ്രാമം .  കാര്‍ഷിക വൃത്തിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഭൂരിഭാഗം വരുന്ന ഗ്രാമീണ ജനത . അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷ...
Powered by Blogger.

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Blog Archive

  • ►  2014 (1)
    • ►  January (1)
  • ►  2013 (1)
    • ►  March (1)
  • ▼  2012 (5)
    • ►  September (1)
    • ►  June (1)
    • ▼  March (2)
      • നേത്താവലിയിലെ കാറ്റ്
      • മോന്തികൂട്ടം
    • ►  January (1)
  • ►  2011 (8)
    • ►  December (1)
    • ►  October (1)
    • ►  September (2)
    • ►  August (2)
    • ►  July (2)

About Me

My photo
വേണുഗോപാല്‍
മുംബൈ, മഹാരാഷ്ട്ര, India
താളങ്ങളുടെ നാട് എന്ന് ഞങ്ങള്‍ ഓമനപ്പേര് വിളിക്കുന്ന പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട് ജനനം. പെരിങ്ങോട് ഹൈസ്കൂള്‍ , പട്ടാമ്പി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇരുപതാം വയസ്സില്‍ പ്രവാസിയായി മുംബൈ നഗരത്തിലേക്ക്. താളങ്ങളുടെ നാട്ടില്‍ നിന്നും മഹാനഗരത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ നഷ്ട്ടമായ ജീവിത താളം വീണ്ടെടുക്കാന്‍ വര്‍ഷങ്ങളോളം പ്രവാസത്തിന്റെ കടുത്ത പാതകളിലൂടെ തളര്‍ന്നും നിവര്‍ന്നും ഗമനം. ഇടക്കെങ്ങോ കൈമോശം വന്ന എഴുത്തും വായനയും തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഈ-എഴുത്തും വായനയും തുടങ്ങി വെച്ചു. വഴി കാണിക്കുക. തെറ്റുകള്‍ തിരുത്തിത്തരുക.
View my complete profile

Total Pageviews

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Facebook Badge

Venu Gopal

Create Your Badge

ജാലകത്തിലേക്ക്...

ജാലകം

Blogroll

 
(c) Copyright 2010 THUNCHANY. Designed by Blogspot Templates
Supported by Video Game Music, Website Hosting, VPS Hosting