skip to main | skip to sidebar

Pages

  • Home
  • കഥ
  • കവിത
  • നര്‍മ്മം
  • അനുഭവം
  • യാത്ര
  • നുറുങ്ങുകള്‍

THUNCHANY

October 26, 2011

മിച്ചഭൂമി


എഴുപതുകളിലെ എന്റെ ഗ്രാമം .
 കാര്‍ഷിക വൃത്തിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഭൂരിഭാഗം വരുന്ന ഗ്രാമീണ ജനത .

അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷന്‍ ഇല്ലാത്തതിനാല്‍ ഗ്രാമത്തില്‍ കളവുകളും ഇല്ലായിരുന്നു .


ജന്മിത്വം അതിന്റെ ഉത്തുംഗത്തില്‍  വാഴുന്നു . പാട്ടവും പതവും ദു:സ്വപ്നങ്ങള്‍ ആയെത്തി കര്‍ഷകന്റെ ഉറക്കം കെടുത്തിയിരുന്ന നാളുകള്‍. ഏതു രാഷ്ട്രീയ പാര്‍ട്ടിക്കും  വളരാന്‍ വളകൂറുള്ള മണ്ണായി എന്റെ ഗ്രാമം നില കൊണ്ടു .  എന്നിരുന്നാലും അല്പം വിപ്ളവ സ്വഭാവമുള്ള ഊഷര പാര്‍ട്ടിയോടായിരുന്നു ജനങ്ങള്‍ക്ക്‌ ആഭിമുഖ്യം .  അനങ്ങാപ്പാറ നയം സ്വീകരിച്ച കോമള പാര്‍ട്ടിയില്‍ ആകര്‍ഷകമായ ഒരു ഘടകവും അവര്‍ കണ്ടില്ലായിരിക്കാം


കുഞ്ഞന്‍ സഖാവ് എന്ന് ഗ്രാമം ചൊല്ലി വിളിക്കുന്ന പട്ടിക ജാതി യുവാവ് കുഞ്ഞന്‍ . കേവലം എഴാം ക്ലാസ് വിദ്യാഭ്യാസക്കാരനെങ്കിലും  ലോക വിവരങ്ങള്‍ പത്ര വായനയിലൂടെ ഗ്രഹിച്ചെടുക്കുന്ന വിവരശാലി. നാട്ടുകാരുടെ ഏതു പ്രശ്ന പരിഹാരത്തിനും അവര്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്കും മുന്‍ നിരയില്‍ തന്നെ ഈ ഊഷര പാര്‍ട്ടി  സഖാവ് കാണും .

മുക്കിലെ ചായ കടയില്‍ കാലത്തെത്തുന്ന മാതൃഭൂമി ദിനപത്രം ഉച്ചത്തില്‍ വായിച്ചു നാട്ടു  വര്‍ത്തമാനവും ലോക വിവരങ്ങളും ശ്രോതാക്കള്‍ക്ക് പകര്‍ന്നു നല്‍കുന്ന സഖാവ് നാട്ടിലെ വിവരമില്ലാത്തോര്‍ക്കൊരു വിസ്മയമായിരുന്നു . റഷ്യയിലെ സോഷ്യലിസവും , ക്യൂബയിലെ ബാഹ്യ ശക്തികളുടെ ഇടപെടല്‍ ശ്രമങ്ങളും സഖാവ് ആംഗ്യ വിക്ഷേപങ്ങള്‍ക്കൊപ്പം വിളമ്പുമ്പോള്‍ നാട്ടുകാര്‍ ഹുറേ ... ഹുറേ .. എന്ന് മനസ്സില്‍ പറഞ്ഞു .


ആയിടെ നഗരത്തില്‍ ഊഷര പാര്‍ട്ടി ആയിരങ്ങളെ അണിനിരത്തി സംഘടിപ്പിക്കുന്ന മത സൌഹാര്‍ദ്ദ റാലിയില്‍ പങ്കെടുക്കാന്‍ ഗ്രാമത്തില്‍ നിന്നും പോയ കാല്‍ നട പ്രചാരണ ജാഥയില്‍ വിദ്യാര്‍ഥിയായ  ഞാനും പങ്കെടുത്തു  . കാലത്ത് ചെറിയൊരു അംഗ സംഖ്യയോടെ തുടങ്ങിയ ജാഥ ഗ്രാമ വീഥികള്‍ പിന്നിട്ടു കവലയിലെത്തി . കവലയില്‍ കവിത ചൊല്ലുകയായിരുന്ന കവി അച്യുതന്‍ നമ്പൂതിരി സഖാവിനോട്   " കുഞ്ഞാ എന്താ കാര്യം ? " എന്ന് തിരക്കി .  മത സൌഹാര്‍ദ്ദം .... പാലക്കാട് വരെ  കാല്‍നട ജാഥ .... രണ്ടു ദിവസം കഴിഞ്ഞാല്‍ റാലി ...... രണ്ടു ദിവസം ഭക്ഷണം പാര്‍ട്ടി വക .... ""പറഞ്ഞു തീരുന്നതിനു മുന്‍പേ കവി ജാഥയുടെ ഭാഗമായി കഴിഞ്ഞു . തോളില്‍ തൂങ്ങുന്ന തുണി സഞ്ചിയില്‍ കവിതകള്‍ ഭദ്രമാണെന്ന് ഉറപ്പു വരുത്തി ഘോര ഘോരം മുദ്രാവാക്യം മുഴക്കി കവി ജാഥക്ക് ആവേശം നല്‍കി . ആനയും അമ്പാരിയും ഉള്ള ഇല്ലത്തു ജനിച്ച അച്യുതന്‍ നമ്പൂതിരി കാലത്തിന്‍ കുത്തൊഴുക്കില്‍ അഷ്ടിക്കു വകയില്ലാത്ത തെരുവ് തെണ്ടി ആയതും വിധി വൈപരീത്യം .


വൈകുന്നേരം ജാഥ ക്യാമ്പ്‌ ചെയ്ത ഇടത്താവളം ഭാരത പുഴക്കരയിലുള്ള ഏതോ സ്കൂള്‍ ആയിരുന്നു. സ്കൂളിന്റെ വിശാലമായ  ഹാളില്‍ വിശ്രമത്തിനായി പുല്പായകള്‍ നിരത്തിയിട്ടിരുന്നു. സ്കൂള്‍ മുറ്റത്തെ സ്റ്റേജില്‍ കലാപരിപാടികള്‍ നടക്കുന്നു  .. പുറകുവശത്ത് സ്ഥലവാസികള്‍ ആഹാരം ഒരുക്കുന്ന തിരക്കിലാണ് . നമ്പൂതിരി നീട്ടി ചൊല്ലുന്ന കവിത ദേശവാസികള്‍ മധുരം നുകരുന്ന പോലെ ശ്രവിച്ചു കൊണ്ടിരിക്കുന്നു .
" ഇവിടെയെന്തിനാര്‍ത്തരെ പരസ്പരം വഴക്കുകള്‍...
മനുജനെ പിണക്കിടാനോരുക്കിടും കുരുക്കുകള്‍"


അര്‍ത്ഥവത്തായ ആ കവിത കേട്ട്  സത്യത്തില്‍ എന്നിലും രോമാഞ്ചമുണ്ടായി ...
ഭക്ഷണം കഴിച്ചു കഴിഞ്ഞു വിരിച്ചിട്ട പായകളില്‍ അംഗങ്ങള്‍ നിരന്നു കിടന്നപ്പോള്‍   നമ്മുടെ പാവം മൊയ്തുട്ടി കിടന്ന സ്ഥലം നമ്പൂരിക്ക് അടുത്തായി പോയി .  അതത്ര രസിക്കാത്ത നമ്പൂരി പറഞ്ഞു " മോയ്തുട്ടീ .... കാര്യം മത സൌഹാര്‍ദ്ദം  ഒക്കെ വേണം .... ന്നാലും ത്തിരി മാറി കിടന്നോളൂ "  ഉടലാകെ ചൊറിഞ്ഞു കയറിയ മൊയ്തുട്ടിയുണ്ടോ വിടുന്നു . "ജീവന്‍ കെടക്കണേല്‍ മാപ്പിളടെ കഞ്ഞി ബെള്ളം വേണം ... ന്നിട്ടും മാപ്പിള ഹറാമാ... ഇമ്മാതിരി ഇബിലോസ്ള്  ഇണ്ടെങ്കി പിന്നെങ്ങിനാ നാട് നന്നാവാ....?  മൊയ്തുട്ടിവാക്യം കേള്‍ക്കാത്ത  മട്ടില്‍ തുണി സഞ്ചി തലയിണയാക്കി നമ്പൂരി ചുരുണ്ടപ്പോള്‍  ആ  മഹാകവിയുടെ ഹൃദയ വ്യാപ്തി ഓര്‍ത്തു  ഞാന്‍ ഊറി ചിരിച്ചു പോയി . ജാത്യാലുള്ളതു തൂത്താല്‍ പോകില്ലല്ലോ !


റാലി വന്‍ വിജയമാക്കി ഗ്രാമത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഗ്രാമത്തിലെ കൃഷിയിറക്കിയ നിലങ്ങള്‍ മുഴുവന്‍ വരളാന്‍ തുടങ്ങിയിരുന്നു . ഗ്രാമത്തിലെ വിശാലമായ അമ്പലക്കുളം സുബ്രമണ്യന്‍ ചിറ എന്ന പേരില്‍ നിറഞ്ഞു പരന്നു കിടന്നു . അമ്പലകുളത്തിലെ വെള്ളം കൃഷിക്ക് വിട്ടു നല്‍കാന്‍ കഴിയില്ലെന്ന അമ്പല കമ്മിറ്റിയുടെ വാദം ഊഷര പാര്‍ട്ടിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല . കുറയും തോറും ഉറവയെടുത്തു നിറയുന്ന ഈ ജലം കര്‍ഷകര്‍ക്ക് നല്‍കില്ലെന്ന അമ്പലക്കാരുടെ വാദ മുഖം ശരിയല്ലെന്ന്  പ്രഖ്യാപിച്ചു കുഞ്ഞന്‍ രംഗത്തെത്തി . ഇതൊരു അനീതിയായി കണ്ടു ഗ്രാമീണരെ സംഘടിപ്പിച്ചു ചിറയിലേക്ക്  മാര്‍ച്ച്  നടത്താന്‍ സഖാവ് തീരുമാനിച്ചു .

ചിറ പൊളിക്കുക ...
ജലം നല്‍കുക ..........
എന്ന മുദ്രാവാക്യവുമായി സഖാവിന്റെ നേതൃത്വത്തില്‍ ജനം ചിറയിലേക്ക്  മാര്‍ച്ച് നടത്തി ... 

ഏതോ അത്യാഹിതവുമായി ബന്ധപെട്ടു ചാലിശ്ശേരി സ്റ്റേഷനില്‍ ഉള്ള മുഴുവന്‍ പോലീസുകാരും മറ്റെങ്ങോ   നിയോഗിതരായതിനാല്‍ നാട്ടുകാരന്‍ കൂടിയായ അപ്പു നായര്‍ പോലീസിനു ആണ്  ചിറ ഡ്യൂട്ടി വീണു കിട്ടിയത്  . സ്ഥലത്തെത്തി  ജനക്കൂട്ടം നിരീക്ഷിച്ച  അപ്പു പോലീസിന്റെ കാല്‍ കൂട്ടിയിടിക്കാന്‍ തുടങ്ങി. നിക്കണോ ..തിരിച്ചു പോണോ?  എന്തായാലും നാട്ടുകാര്‍ ആണല്ലോ . കൊല്ലില്ല എന്ന് കരുതാം . അപ്പോള്‍ ഉദിച്ച ഒരു ആശയം പ്രാവര്‍ത്തികമാക്കാന്‍ അപ്പു നായര്‍ ജീപ്പ്  ഡ്രൈവറുടെ കയ്യില്‍ ഹാന്‍ഡ്‌ മൈക്ക് കൊടുത്തു . ജനം അകലെ നിന്നും പോലിസിനെ കണ്ടെങ്കിലും എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് മനസ്സിലായില്ല .  ജീപ്പ് ഡ്രൈവര്‍ ഷൂട്ട്‌ എന്ന് മൈക്കില്‍  അലറിയതും അപ്പു നായര്‍ ലാത്തി ഏതാണ്ട് തോക്ക് പിടിക്കും പോലെ തോളില്‍ ചേര്‍ത്ത്  ഉടലല്‍പ്പം വളച്ചു  മുന്നോട്ടു ഓരോ അടി വീതം  വെക്കാന്‍ തുടങ്ങി ... ചലനത്തിന് അകമ്പടിയായി ഡ്രൈവറുടെ " ജനം പിരിഞ്ഞു   പോണം ... വെടി വെക്കും എന്ന അനൌണ്‍സ്മെന്റ്   മുഴങ്ങി കൊണ്ടിരുന്നു  ... അകലെ നിന്നും തോക്കാണോ ലാത്തിയാണോ  അപ്പു നായര്‍ ചൂണ്ടിയതെന്നറിയാതെ ജനം ഭയന്ന്  പല വഴിക്കും ഓടി . പക്ഷെ കുഞ്ഞന്‍ സഖാവ് പിന്മാറിയില്ല . ആളുകള്‍ ഓടിയതും പൂര്‍വസ്ഥിതി വീണ്ടെടുത്ത അപ്പുനായര്‍ അനുനയത്തില്‍ കുഞ്ഞനെ വിളിച്ചു ജീപ്പില്‍ കയറ്റി. സ്റ്റേഷന്‍ ലക്ഷ്യമാക്കി ജീപ്പ് കുതിച്ചു .


സ്റ്റേഷനില്‍ എത്തിയതും  ഏതോ കേസിന് തുമ്പുണ്ടാക്കാന്‍ കഴിയാത്ത ദേഷ്യം മുഴുവന്‍ എസ്. ഐ. ഇട്ട്യാര കുഞ്ഞന്‍ സഖാവിന്റെ കൂമ്പിനിടിച്ച് തീര്‍ത്തു.  ഇടി മുറിയില്‍ നിന്നും കിതച്ചു  പുറത്തു വന്ന ഇട്ട്യാര അപ്പു നായരോട് ശബ്ദമുയര്‍ത്തി ചോദിച്ചു . ഈ പാര്‍ട്ടിക്ക്  വേറെ നേതാക്കള്‍ ആരും ഇല്ലെടോ ? കുഞ്ഞന്റെ കുടക്കാല് പോലുള്ള ശരീരത്തില്‍ ഇടിച്ചു ബോറടിച്ചത് കൊണ്ടാകാം മാംസളമായ മറ്റു ശരീരങ്ങള്‍ എസ് ഐ അന്വേഷിക്കുന്നത്  എന്ന് അപ്പു നായര്‍ ഊഹിച്ചു . ക്ഷേത്ര സമിതി ഇട്ട്യാരക്ക് എന്തോ നല്‍കിയിട്ടുണ്ടെന്ന് നിനച്ചു  നില്‍ക്കുമ്പോള്‍ ഏന്തി വലിഞ്ഞു വരുന്ന കുഞ്ഞനെ കണ്ടു സഹതാപം പൂണ്ടു അപ്പു നായര്‍ ചോദിച്ചു  .  ' എന്തിനാ കുഞ്ഞാ ...... ഈ തല്ലോള്ളിത്തരത്തിനൊക്കെ   പോണത്..... ?  ചോദ്യം കേട്ടതും  കുഞ്ഞന്‍ കൊടുത്ത മറുപടി അപ്പു നായരെ ഞെട്ടിച്ചു ..."നായരെ .... ഞങ്ങള്‍ തീയില്‍ കുരുത്തവരാ .. ങ്ങടെ ഈ ടോര്‍ച് വെളിച്ചം പോലുള്ള വെയിലില്‍ വാടില്ല.....ഓര്‍ത്തോളിന്‍  "  രണ്ടു കൈ കൊണ്ടും നടുവിന് താങ്ങ് കൊടുത്താണ് അത്രയും പറഞ്ഞൊപ്പിച്ചത് .   ചിറയില്‍ നിന്ന് പിരിഞ്ഞോടിയ ജനം മുതിര്‍ന്ന നേതാക്കളുമായി എത്തിയപ്പോള്‍ രണ്ടു കണ്ണില്‍ നിന്നും സുബ്രമണ്യന്‍ ചിറ തുറന്നു വിട്ട പോലെ ജലമൊലിപ്പിച്ചു നില്‍ക്കുന്ന കുഞ്ഞന്‍ സഖാവിനെയാണ്‌  കണ്ടത് .


അത്തരം സംഭവങ്ങള്‍ ഒന്നും കുഞ്ഞന്‍ സഖാവിന്റെ വീര്യം ചോര്‍ത്തിയില്ല .  പതിന്മടങ്ങ്‌  ശക്തിയോടെ ഊഷര പാര്‍ട്ടി പരിപാടികളില്‍ സഖാവ് സജീവ സാന്നിധ്യമായി  നില കൊണ്ടു.  പാര്‍ടിയുടെ അടുത്ത പരിപാടി അമ്പാടി മനയ്ക്ക് കീഴിലുള്ള ഏക്കര്‍ കണക്കിന് മിച്ച ഭൂമി പിടിചെടുത്തു ഭൂരഹിതര്‍ക്ക്  വിതരണം ചെയ്യുക എന്നതായിരുന്നു . സ്ഥലത്തെ പ്രധാന നേതാവ്  മകളുടെ ജോലിസ്ഥലമായ ഡരാദൂനില്‍ സുഖവാസത്തിനു പോയതിനാല്‍ സമരത്തിന്റെ ചുക്കാന്‍ പിടിക്കാനുള്ള നിയോഗം കുഞ്ഞനെ തേടിയെത്തി. ഗ്രാമ ജനത ഇളകി മറിഞ്ഞു . മണ്ണില്ലാത്തവന്‍ മണ്ണിനു വേണ്ടി കുഞ്ഞന്റെ പുറകില്‍ അണി നിരന്നു. അങ്ങനെ മിച്ച ഭൂമിയില്‍ കോടി കുത്തുന്ന ആ ദിവസം സമാഗതമായി .


ഒരു കാഴ്ചക്കാരനെ പോലെ ഞാന്‍ അവിടെയെത്തിയപ്പോള്‍ ഗ്രാമ വാസികള്‍ പലയിടത്തായി കുടിലുകള്‍  തീര്‍ത്തു കോടി നാട്ടിയ കാഴ്ച കണ്ടു . ഭൂവുടമ  പോലിസിനെ വിളിച്ചിട്ടുണ്ടെങ്കിലും കിലോമീറ്ററുകള്‍ താണ്ടി പോലിസ്  എത്താന്‍ സമയമെടുക്കും . എന്നാലും എത്തി കഴിഞ്ഞാലുള്ള കാഴ്ച കാണാന്‍ ജനങ്ങളോടൊപ്പം വെയില്‍ വക വെക്കാതെ ഞാനും കാത്തു നിന്നു.


കാത്തിരുപ്പിനോടുവില്‍ പോലിസ് ജീപ്പ് എത്തി . ജീപ്പ് കണ്ടതും മുദ്രാവാക്യം വിളികള്‍
ഉച്ചസ്ഥായിയിലായി . കുടില്‍ കേട്ടിയവരെല്ലാം കുഞ്ഞന്‍ സഖാവിനു പുറകില്‍ കവാടത്തില്‍ നിരന്നു. 

എസ്  ഐ  ഇട്ട്യാര.. നാലഞ്ചു കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പം ജീപ്പില്‍ നിന്ന് ചാടിയിറങ്ങി .
ഇട്ട്യാരയെ കണ്ടതും എന്നിലും ദേഷ്യം നുരഞ്ഞു .
                                                                                                                                                                  പണ്ടൊരിക്കല്‍    സെക്കന്റ്‌ ഷോ കണ്ടു ലൈറ്റ്  ഇല്ലാത്ത സൈക്കിളില്‍ മുന്‍പിലും പിറകിലും കൂട്ടുകാരെ  വെച്ച് വന്ന  പാവം എന്റെ വഴി തടഞ്ഞവാനാ  ഈ കാട്ടുപന്നി ...... അന്ന്  ഒരു ദയയുമില്ലാതെ  രണ്ടുചക്രത്തിന്റെയും വാല്‍ട്യൂബ് വലിച്ചു പോക്കറ്റിലിട്ടു പാതിരാക്ക്‌ കിലോമീറ്ററുകള്‍ എന്നെകൊണ്ട് സൈക്കിള്‍ തള്ളിച്ച ആ ദുഷ്ട്ടനെ സമരക്കാര്‍ തല്ലി കൊന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു. പക്ഷെസംഭവിച്ചത് മറിച്ചായിരുന്നു.


പോലിസ് തിരിച്ചു പോകുക ..
പോലിസ്  പുല്ലാണ്......
എന്നൊക്കെവിളിച്ച സമരക്കാര്‍ പോലിസ് മുന്നോട്ടടുക്കും തോറും പതുക്കെ പതുക്കെ പുറകിലോട്ടുവലിഞ്ഞുകൊണ്ടിരുന്നു.

കുഞ്ഞന്‍ മാത്രം തെല്ലും കുലുക്കമില്ലാതെ നിന്നിടത്തു തന്നെ നില കൊണ്ടു . ആ നില്‍പ്പ് കണ്ടു കലി കയറിയ ഇട്ട്യാര കൈ കറക്കി സഖാവിന്റെ മോന്തക്ക്  ഒരെണ്ണം   ചാര്‍ത്തി. മുന്‍പില്‍ ഇരുട്ട് മാത്രം...... ഏതോ മൃദുലമല്ലാത്ത പ്രതലത്തില്‍ മുതുകടിച്ചു വീണപ്പോള്‍ ആണ്  തന്നെ ജീപ്പിലേക്കു എടുത്തെറിയുകയായിരുന്നുവെന്ന്  സഖാവറിഞ്ഞത്........ 


സഖാവ് അറസ്റ്റില്‍ ആയെങ്കിലും സമരം ശക്തിയോടെ  തുടരുകയും വിജയിക്കുകയും ചെയ്തു. പക്ഷെ നാളുകള്‍ ആശുപത്രി കിടക്കയില്‍ ചിലവഴിച്ചു തിരിച്ചെത്തിയ സഖാവിനു നല്‍കാന്‍ പ്രാദേശിക നേതാക്കളുടെ മക്കള്‍ക്കും , മരുമക്കള്‍ക്കും പേരകിടാങ്ങള്‍ക്കും വീതം വെച്ചു കഴിഞ്ഞ ഭൂമിയില്‍ മിച്ഛമോന്നുമില്ലായിരുന്നു.


*അടി കുറിപ്പ് ...* ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത്  ഞാന്‍ പറഞ്ഞ ഈ അനുഭവം തികച്ചും ഗൌരവമേറിയ ഒന്നാണ് . വിവിധ സമരങ്ങളില്‍  നാം കണ്ട ഈ മനുഷ്യന്‍ ... ഇന്ന് അതിജീവനത്തിനുള്ള സമരത്തിലാണ് . പല  സമര മുഖങ്ങളില്‍ നിന്നും മര്‍ദ്ദനം  ഏറ്റു വാങ്ങിയ ഇദ്ദേഹം കാഴ്ച നഷ്ട്ടപെട്ട ഇടതു കണ്ണും , ഭാഗികമായി ചലന ശേഷി നശിച്ച ഇടതു കാലും വൈകല്യങ്ങളായി കാണാതെ ഇന്നും കൂലി വേലയെടുത്തു ജീവിക്കുന്നു. അതെ സമയം കോമള പാര്‍ട്ടിയില്‍  നിന്നും കാലു മാറിയെത്തിയ പലരും ഇന്ന് ഊഷര പാര്‍ട്ടിയുടെ പ്രാദേശികനേതാക്കളായി വിലസുന്നു. സഖാവ് കുഞ്ഞന്‍ ഒരു സാധാരണ  പ്രവര്‍ത്തകനായി ഇന്നും പാര്‍ട്ടിയില്‍ തുടരുന്നു. ഇത് പോലെ നിരവധി കുഞ്ഞന്മാര്‍ നമുക്ക് ചുറ്റുമുണ്ട് . 


തങ്ങളുടെ യവ്വനം മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തീരെഴുതി അവസാനം ജീവിതത്തിന്റെ പുറംപോക്കിലേക്ക്  ചവിട്ടിതെറിപ്പിക്കപ്പെടുന്നവര്‍.. സിദ്ധാന്തങ്ങളുടെ കാവല്‍ക്കാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ കാണാതെ പോകുന്ന ഇത്തരം ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ ... അവര്‍ക്ക് മുന്നില്‍ ഈ പ്രവാസിയുടെപ്രണാമം. 
പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 21:29 Email This BlogThis! Share to Twitter Share to Facebook
ലേബലുകള്‍: കഥ

81 അഭിപ്രായ(ങ്ങള്‍):

സേതുലക്ഷ്മി said...

ആദ്യമായാണ്‌ ഇവിടെ.
വേണുഗോപാല്‍ നര്‍മ്മത്തില്‍ ചാലിച്ചാണ് എഴുതിയതെങ്കില്‍ പോലും കുഞ്ഞന്‍ സഖാവിന്റെ ദുരന്തം ഹൃദയത്തെ സ്പര്‍ശിച്ചു. ഏതു നാട്ടിലും ഇതേപോലെ കുറച്ചു പേരുണ്ടായിരുന്നു,അന്ന്. സത്യത്തില്‍ ഇവരുടെയൊക്കെ ത്യാഗം വെറുതെയായില്ലേ എന്ന് തോന്നാറുണ്ട് .

26 October 2011 at 23:02
NABEEL RASHID said...
This comment has been removed by the author.
26 October 2011 at 23:55
Jefu Jailaf said...

ഞാനും നേരിട്ടു കണ്ടിട്ടുണ്ട് ഇത്തരം പാപ്പരായ നേതാക്കളെ. നർമ്മത്തിലാണു തുടങ്ങിയതെങ്കിലും അവസാനഭാഗം ജീവിത പ്രാരാബ്ധങ്ങളുടെ നേർചിത്രമായി വേണുവേട്ടാ.. എന്റെയും പ്രണാമം...

26 October 2011 at 23:56
Pradeep Kumar said...

'വിവിധ സമരങ്ങളില്‍ നാം കണ്ട ഈ മനുഷ്യന്‍ ... ഇന്ന് അതിജീവനത്തിനുള്ള സമരത്തിലാണ് . പല സമര മുഖങ്ങളില്‍ നിന്നും മര്‍ദ്ദനം ഏറ്റു വാങ്ങിയ ഇദ്ദേഹം കാഴ്ച നഷ്ട്ടപെട്ട ഇടതു കണ്ണും , ഭാഗികമായി ചലന ശേഷി നശിച്ച ഇടതു കാലും വൈകല്യങ്ങളായി കാണാതെ ഇന്നും കൂലി വേലയെടുത്തു ജീവിക്കുന്നു' - പറഞ്ഞത് എത്രയോ വലിയ സത്യം.. ഇത്തരം മനുഷ്യര്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ പലകോണുകളിലും ഉണ്ട്.

'അതെ സമയം കോമള പാര്‍ട്ടിയില്‍ നിന്നും കാലു മാറിയെത്തിയ പലരും ഇന്ന് ഊഷര പാര്‍ട്ടിയുടെ പ്രാദേശികനേതാക്കളായി വിലസുന്നു' - ഞാന്‍ കണ്ടിട്ടുണ്ട് ഇത്തരം അമുല്‍ബേബി വിപ്ലവകാരികളെ.

രാജാവ് നഗ്നനാണെന്ന് പറയാനുള്ള ആര്‍ജവം കാണിച്ച എഴുത്തിന് അഭിനന്ദനങ്ങള്‍ വേണുവേട്ടാ...

27 October 2011 at 00:09
‍ആയിരങ്ങളില്‍ ഒരുവന്‍ said...

അധികാര മോഹങ്ങളില്ലാത്ത ഇത്തരം സഖാവ് കുഞ്ഞൻമാരെ എല്ലാക്കാലത്തും ചവിട്ടി മെതിച്ചിട്ടെ ഉള്ളു..

27 October 2011 at 02:25
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

വേണുവേട്ടാ .. ഒരു പാട് പിന്നോട്ട് നടത്തി ഈ എഴുത്ത് .............
സത്യം .. നമുക്ക് ചുറ്റും ഉള്ള ഈ ലോകത്തിന്റെ നേര്‍ക്കാഴ്ച . അവരില്‍ പലരും ഇന്നും ജീവിക്കുന്നു
കുഞ്ഞന്‍ സഖാവിനെ പോലെ ..

27 October 2011 at 09:57
Unknown said...

വളരെ നന്നായി എഴുതി .... കഥാപാത്രങ്ങള്‍ ജീവനോടെ മുന്നിലെത്തുന്ന പ്രതീതി
അഭിനന്ദനങള്‍

27 October 2011 at 10:38
റോസാപ്പൂക്കള്‍ said...

"തങ്ങളുടെ യവ്വനം മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തീരെഴുതി അവസാനം ജീവിതത്തിന്റെ പുറംപോക്കിലേക്ക് ചവിട്ടിതെറിപ്പിക്കപ്പെടുന്നവര്‍.. സിദ്ധാന്തങ്ങളുടെ കാവല്‍ക്കാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ കാണാതെ പോകുന്ന ഇത്തരം ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ ... അവര്‍ക്ക് മുന്നില്‍ ഈ പ്രവാസിയുടെപ്രണാമം. "

എന്റെയും

27 October 2011 at 10:48
sobha venkiteswaran said...

വളരെ മികവുറ്റ എഴുത്ത് ..ഇത്രയും തന്മയത്വത്തോടെ ഗ്രാമീണ കഥാപാത്രങ്ങളെ വരച്ചു കാട്ടാനുള്ള കഴിവിനെ അഭിനന്ദിക്കാതെ വയ്യ . നന്ദി ഈ നല്ല എഴുത്തിനു

27 October 2011 at 10:53
Mohammed Kutty.N said...

70-പതുകളിലെ വിദ്യാര്‍ഥികാലഘട്ടത്തിലേക്ക് ഒരു നിമിഷം തിരിച്ചുപോയി,വായനക്കിടയില്‍.നമ്പൂരി വരുമ്പോള്‍ വഴിയില്‍ നിന്ന് ദൂരെ മാറി നിന്നിരുന്ന അനുഭവമുണ്ട്.ആ കാലമൊക്കെ പോയി.അക്കാലത്തെ 'സഖാക്കളും'കണ്‍ മറഞ്ഞു.ഇന്ന് കുറെ പൊയ്മുഖങ്ങള്‍.അവര്‍ക്ക് കീറിപ്പിഞ്ഞിയ ഒരു പ്രത്യയശാസ്ത്രവും....!ഇന്ന് 'കസേര'വേണം.അതിനു ജനക്കൂട്ടത്തിന്റെ പേരിലുള്ള ചില കോപ്രായങ്ങളും !
അവതരണം അസ്സലായി .സുഖമുള്ള വായനാശൈലി.അഭിനന്ദനങ്ങള്‍ !

27 October 2011 at 11:13
Naushu said...

മനോഹരമായി പറഞ്ഞു....
എല്ലാവിധ ഭാവുകങ്ങളും....

27 October 2011 at 11:55
SK Shafeeq said...

മനോഹരമായ അവതരണത്തില്‍ കൂടി ഒരു യാഥാര്‍ത്ഥ്യം ഈ വരികള്‍ കാണിച്ചു തന്നു ,,,നര്‍മ്മത്തില്‍ കൂടി വേദനയും ...വല്ല്യേട്ടാ മനോഹരം ....

27 October 2011 at 12:26
കൊമ്പന്‍ said...

യഥാര്‍ത്ഥ രാഷ്ട്രീയത്തി ന്‍ അന്ത സത്ത ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിച്ച എല്ലാ രാഷ്ട്രീക്കാരും ഇന്ന് ഇത് പോലെ ജീവിച്ചിരിക്കുന്ന രക്ത സാക്ഷികള്‍ ആണ്
നമുക്കിടയില്‍ ഇതുപോലെ ഒരാളല്ല ഒരായിരം പേരുണ്ട് പക്ഷെ നമ്മള്‍ അവരിലെ നായകത്തെ കാണാതെ പോകുന്നു കുതികാല് വെട്ടിയും കൂട്ടി കൊടുത്തും രാഷ്ട്ര നന്മക്ക് എതിരും പൊതുഖജനാവ്‌ കൊള്ള അടിക്കുന്നവരുമായ രാഷ്ട്രീയ മൂരാച്ചി നേതാവ് വര്‍ഗത്തെ മാത്രമേ നമ്മളും കാണുന്നുള്ളൂ ഈ തുറന്നെയുത്ത് അഭിനന്ദനാര്‍ഹം

27 October 2011 at 12:43
Yasmin NK said...

വളരെ സത്യമാണു താങ്കള്‍ കഥയിലൂടെ പറഞ്ഞ് വെച്ചത്. അഭിനന്ദനങ്ങള്‍..

27 October 2011 at 12:44
ഒരു കുഞ്ഞുമയിൽപീലി said...

വല്യെട്ടാ ....വാക്കുകള്‍ കൊണ്ട് നടത്തിയ ഈ പ്രണാമം ...വളരെ യധികം ഇഷ്ടപ്പെട്ടു ...നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നതാണോ ഈ സഖാവ് ..അത് അഭിമാനം തന്നെ അല്ലെ ....നല്ല വരികളിലൂടെ നന്നായി പറഞ്ഞു .ഇനിയും പ്രതീക്ഷിക്കുന്നു നമ്മുടെ നാടിന്‍റെ അറിയാത്ത കഥകള്‍ .എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

27 October 2011 at 13:01
ഷബീര്‍ - തിരിച്ചിലാന്‍ said...

ഉടുതുണിയ്ക്ക് മറുതുണിയില്ലാത്ത വിപ്ലവ നായകന്മാര്‍... അവര്‍ക്ക് എന്റേയും പ്രണാമം.

(പോസ്റ്റില്‍ നര്‍മ്മത്തിന് ശ്രമിക്കാതിരുന്നെങ്കില്‍ ഒന്നുകൂടെ ഹൃദ്ദ്യമാകുമായിരുന്നു. ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ ത്യാഗങ്ങളല്ലേ.. എന്റെ അഭിപ്രായം മാത്രം)

27 October 2011 at 13:31
Vp Ahmed said...

നിഷ്കളങ്കരായ നേതാക്കന്മാര്‍ അവസാനം പാപ്പരായി തന്നെയാണ് ജീവിക്കുന്നതും മരിക്കുന്നതും. അനുഭവത്തില്‍ തന്നെ കണ്ടിട്ടുണ്ട്. നല്ല പോസ്റ്റ്‌. തിരിഞ്ഞു നോക്കാന്‍ ഏവരെയും പ്രേരിപ്പിക്കട്ടെ.

27 October 2011 at 15:03
ശ്രീക്കുട്ടന്‍ said...

പണ്ട് സ്വജീവന്‍ പോലും തൃണവല്‍ഗണിച്ചുകൊണ്ട് സമരമുഖങ്ങളിലേയ്ക്കിറങ്ങിയ കുഞ്ഞനെപ്പോലുള്ളവര്‍ ഇന്ന്‍ ആത്മാര്‍ത്ഥമായും ഖേദിക്കുന്നുണ്ടാവും..ആര്‍ക്കുവേണ്ടിയായിരുന്നു എന്തിനുവേണ്ടിയായിരുന്നു തങ്ങളുടെ നല്ല കാലവും ദേഹവും വിനിയോഗിച്ചതെന്നോര്‍ത്ത്...നാമറിയാതെ എവിടെയോക്കെയോ ചുമച്ചും കുരച്ചും മരിച്ചതുപോലെ ജീവിയ്ക്കുന്ന എത്രയെത്ര കുഞ്ഞന്‍മാര്‍....സത്യമായും മനസ്സില്‍ വിഷമം നീറിപ്പിടിക്കുന്നു വേണുവേട്ടാ...

27 October 2011 at 15:43
വേണുഗോപാല്‍ said...

ശ്രീമതി സേതുലക്ഷ്മി , പ്രദീപ്‌ മാഷേ, നൌഷു ആദ്യ വരവിനും വായനക്കും നന്ദി
ജെഫു, ജബ്ബാര്‍ജി വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി
വിക്ടര്‍ , റോസിലിജി & ശോഭാജി വരവില്‍ ഏറെ സന്തോഷം ...
മോഹമ്മേദ്‌ കുട്ടി മാഷേ ... പഴയ കാല സത്യം എന്നോ നശിച്ചു കഴിഞ്ഞു ..
നൌഷാദ് മംഗളതോപ്, ഷഫീക് , ഷാജി വായനക്കും അഭിപ്രായത്തിനും നന്ദി

27 October 2011 at 18:11
Arunlal Mathew || ലുട്ടുമോന്‍ said...

നന്നായി എഴുതി
പിന്നെ ഇതിലെ രാഷ്ട്രീയമൊന്നും എനിക്ക് വല്ല്യ പിട്യില്ലട്ടോ... :)

27 October 2011 at 18:37
Arif Zain said...

വളരെ ഗൌരവമുള്ള ഒരു വിഷയം,പക്ഷമില്ലാത്ത ഒരു കാഴ്ചകാരന്‍റെ നിസ്സംഗതയോടെ പറഞ്ഞു പോകുമ്പോഴും വായനക്കാരന്‍റെ ചുണ്ടില്‍ നിന്ന് ചിരിമായുന്നില്ല. അവസാനമെത്തി അത് മായുമ്പോഴാകട്ടെ ചിറപൊട്ടിയൊഴുകുന്ന വേദനയും.
കുഞ്ഞന്മാര്‍ എല്ലാ നാട്ടിലുമുണ്ട്. എന്‍റെ നാട്ടിലും ഊഷര പാര്‍ടിയില്‍ വന്നെത്തിയ പുതു മുതലാളിമാര്‍ പഴയവരുടെ തലമണ്ട ചതച്ചരച്ച് അവരുടെ പുതു തലമുറ വാഹനങ്ങളോട്ടിയിട്ടുണ്ട്, ഫലം കുഞ്ഞന്മാര്‍ കൂട് വിട്ടു താര്‍ത്താരി കുടിയരശില്‍ മഴ പെയ്താല്‍ ഇവിടെ കുട പിടിക്കുന്നവരെന്നു ദുഷ്പേര് പതിച്ചു കിട്ടിയ പാര്‍ടിയില്‍ ചേക്കേറി. ഇനി ഞാന്‍ താങ്കളെ വിടില്ല വേണൂ, വിടില്ല.

27 October 2011 at 19:10
വര്‍ഷിണി* വിനോദിനി said...

കാര്യഗൌരവമുള്ള ഒരു അനുഭവ കുറിപ്പ് വളരെ നല്ല എഴുത്തിലൂടെ അവതരിപ്പിച്ചു...ആശംസകള്‍.

27 October 2011 at 21:32
റശീദ് പുന്നശ്ശേരി said...

സഖാവ് അറസ്റ്റില്‍ ആയെങ്കിലും സമരം ശക്തിയോടെ തുടരുകയും വിജയിക്കുകയും ചെയ്തു. പക്ഷെ നാളുകള്‍ ആശുപത്രി കിടക്കയില്‍ ചിലവഴിച്ചു തിരിച്ചെത്തിയ സഖാവിനു നല്‍കാന്‍ പ്രാദേശിക നേതാക്കളുടെ മക്കള്‍ക്കും , മരുമക്കള്‍ക്കും പേരകിടാങ്ങള്‍ക്കും വീതം വെച്ചു കഴിഞ്ഞ ഭൂമിയില്‍ മിച്ഛമോന്നുമില്ലായിരുന്നു.

കാര്യ പ്രസക്തമായ കുറിപ്പ്
പങ്കു വച്ചതിനു നന്ദി

28 October 2011 at 01:23
സ്വന്തം സുഹൃത്ത് said...

മനോഹരമായിരിക്കുന്നു വേണുവേട്ടാ പത്തു നാല്‍പ്പതു വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഓര്‍മ്മ ..
ഒരു കിടിലന്‍ കഥയ്ക്കുള്ള സന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നു .. എനിക്കുറപ്പുണ്ട്.. ചേട്ടന്റെ മനസ്സില്‍ കമ്മ്യുനിസത്തിന്റെ വേരുകള്‍ പാകിയതീ മനുഷ്യന്റെ പ്രവര്‍ത്തികള്‍ കൂടിയായിരിക്കും..അല്ലേ ? :)

28 October 2011 at 01:34
Aneesh Puthuvalil (അനീഷ്‌ പുതുവലില്‍) ) said...

വളരെ നന്നായി വേണു ചേട്ടാ ഈ കഥ

28 October 2011 at 03:34
kanakkoor said...

കുഞ്ഞന്മാര്‍ വംശനാശം നേരിടുന്ന ഒരു വര്‍ഗമാണ്. നല്ല ഒരു പോസ്റ്റ്‌. പാര്‍ട്ടികളുടെ പുറമ്പോക്കില്‍ എത്തിപോകുന്ന ജീവിതങ്ങളെ നന്നായി വരച്ചുകാട്ടി.
അഭിനന്ദനങ്ങള്‍

28 October 2011 at 08:09
വേണുഗോപാല്‍ said...

കൊമ്പ .. താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ ആണ് ഇന്നിന്റെ സത്യം
മുല്ല ... നന്ദി ഈ വരവിനും വായനക്കും
ഷബീര്‍, ആഹ്മെട്ജി .. നല്ല അഭിപ്രായം
ശ്രീകുട്ടന്‍ ആദ്യത്തെ ഈ വരവിനും മികവുറ്റ അഭിപ്രായത്തിനും നന്ദി
ലുട്ടു .. കുറച്ചു കൂടി പ്രായമാകുമ്പോള്‍ എല്ലാം മനസ്സിലാകും
വര്‍ഷിണി , റഷീദ് ജി , ജിമ്മിച്ച്ച, അനീഷ്‌ , കരകൂര്‍ ... വരവിനും വായനക്കും നന്ദി
ആരിഫ്‌ ജി .. കഥയേക്കാള്‍ പ്രസക്തമായ ഒരു കമന്റ്‌ കൊണ്ട് താങ്കള്‍...!!!!!!!!!! ഈ വരവ് പ്രതീക്ഷിച്ചില്ല .. നന്ദി

28 October 2011 at 08:44
ശിഖണ്ഡി said...

വളരെ നല്ല അനുഭവും....
"അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷന്‍ ഇല്ലാത്തതിനാല്‍ ഗ്രാമത്തില്‍ കളവുകളും ഇല്ലായിരുന്നു"
ഇങ്ങനെ ഒരു കാലം ഉണ്ടായിരുന്നു അല്ലെ?

28 October 2011 at 10:23
Echmukutty said...

ഈ എഴുത്ത് നന്നായി. നമുക്ക് രാഷ്ട്രീയമല്ല ഉള്ളത് അധികാരം നേടാനുള്ള ആഗ്രഹം മാത്രമാണ്. കുഞ്ഞന്മാരെ ഒന്നുമില്ലാത്തവരാക്കുന്നത് അധികാരം മാത്രം മുന്നിൽ കാണുന്നവരാണ്. ഇങ്ങനെ എത്രയെത്ര കുഞ്ഞന്മാരുണ്ട് നമ്മുറ്റെ ഈ ലോകം മുഴുവൻ.......

അഭിനന്ദനങ്ങൾ ഈ എഴുത്തീന്.

28 October 2011 at 10:26
kochumol(കുങ്കുമം) said...

ഒരുപാട് കുഞ്ഞന്മാര്‍ ഉണ്ട് ഇത് പോലെ .. എല്ലാരുടെയും ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി പോലീസ്ന്‍റെ തല്ലു മുടങ്ങാതെ വാങ്ങിയ ഒരു കുഞ്ഞനെ നിക്ക് നന്നായറിയാം ...അവസാനം കൂടെ നിന്ന ഒരൊറ്റ രാഷ്ട്രീയക്കാര്‍ ഇല്ല തിരിഞ്ഞു നോക്കാന്‍ ...അന്ന് ആളാകാന്‍ വേണ്ടി കാണിച്ചത് ഇന്ന് ആ മനുഷ്യനെ തീരാരോഗി ആക്കി മാറ്റിയിരിക്കുന്നു ..തങ്ങളുടെ യവ്വനം മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തീരെഴുതി അവസാനം ജീവിതത്തിന്റെ പുറംപോക്കിലേക്ക് ചവിട്ടിതെറിപ്പിക്കപ്പെടുന്നവര്‍ ആണെന്ന് വളരെ വൈകിയാണ് ഈ കൂട്ടര്‍ മനസ്സിലാക്കുന്നത് .. .അടികൊള്ളാന്‍ ചെണ്ടയും പണം വാങ്ങാന്‍ മാരാരും എന്ന പോലാണ് രാഷ്ട്രീയക്കാര്‍ കാണിക്കുന്നത് .....വേണുവേട്ടന്‍റെ അവതരണം കൊള്ളാം ...

28 October 2011 at 11:09
ഒരു ദുബായിക്കാരന്‍ said...

നര്‍മ്മവും ഗൌരവും കൂടിക്കലര്‍ന്ന ഈ പോസ്റ്റ്‌ ഇഷ്ടായി..അച്യുതന്‍ നമ്പൂതിരിയുടെ മതേതരത്വവും കുഞ്ഞന്‍ സഖാവിന്റെ വിപ്ലവ വീര്യവും കൊള്ളാം..

28 October 2011 at 13:46
Vipin K Manatt (വേനൽപക്ഷി) said...

ഒരു ഗ്രാമത്തിന്റെ കഥ എന്നതില്‍ ഉപരി ആ കാലഘട്ടത്തിന്റെ ചിത്രം തന്നെ വരച്ചു കാട്ടി. മതേതരത്വത്തിനെതിരെ കൊടിപിടിക്കുമ്പോളും അയ്ത്തം മനസ്സില്‍ സൂക്ഷിച്ച നമ്പൂതിരി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
ഏതു പ്രസ്ഥാനമായാലും യഥാര്‍ത്ഥ പ്രത്യശാസ്ത്രം പിന്തുടരുന്നവര്‍ക്ക് പലപ്പോളും ഇതിലെ കഥാപാത്രമായ കുഞ്ഞന്റെ അവസ്ഥ തന്നെയാണ്.
നന്നായി പറഞ്ഞു വേണുവേട്ടാ.

28 October 2011 at 14:13
Biju Davis said...

വേണുജി, ഞാൻ കഥ ആദ്യമേ വായിച്ചിരുന്നു. എന്റെ വായന അഭിരുചി വളരെ വ്യത്യസ്തമാണു, രാഷ്ട്രീയമായ ഒരു തരി പോലും എന്റെ തലയിൽ കയറില്ല..അതു കൊണ്ടു തന്നെ എനിയ്ക്ക് പാത്തൂന്റെ പാസ് ആയിരിയ്ക്കും ഇതിനേക്കാൾ പ്രിയപ്പെട്ടത്.. എന്റെ കമന്റ് മറ്റുള്ളവരെ സ്വാധീനിയ്ക്കേണ്ട എന്നു കരുതി ഞാൻ വൈകിച്ചെന്നെ ഉള്ളു

28 October 2011 at 15:42
Manoraj said...

യൌവനം ഇതുപോലെ തീറെഴുതി കൊടുത്തിട്ട് വെറുതെ വിലപിക്കുന്ന ഒട്ടേറെ പേരുണ്ട്. അവകാശസമരങ്ങളോട് എതിര്‍പ്പില്ലെങ്കില്‍ പോലും സമരപ്രഹസനങ്ങളോട് എന്തോ അത്ര ഇഷ്ടമല്ല. ഇനി അതിനെ അരാഷ്ട്രീയ വാദമെന്ന് വിശേഷിപ്പിച്ചാല്‍ അവരോട് എന്റെ രാഷ്ട്രീയം തെളിയിക്കണമെന്ന് ഒട്ടു തോന്നുന്നുമില്ല.

28 October 2011 at 20:27
anupama said...

പ്രിയപ്പെട്ട വേണുജി,
ഒരു കാലഘട്ടത്തിന്റെ കഥ വളരെ നന്നായി തന്നെ എഴുതി!എല്ലാക്കാലത്തും രക്തസാക്ഷികള്‍ ഉണ്ടാകും!
ചില സത്യങ്ങള്‍ വേദനാജനകമാണ്!
നല്ല ആശയം...!അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനു

28 October 2011 at 20:43
അരുണകിരണങ്ങള്‍ said...

allenkilum thallu kollan chendayum, kaasu vaangan maararum.....oru sathyan anthikadu film kanda feel....narmam ee kathaye kooduthal effective aakkunnu.....

28 October 2011 at 20:49
khaadu.. said...

ആദ്യമായാണ്‌ ഇവിടെ...നല്ല ഹാസ്യതിലൂടെയാണ് എഴുത്ത് പോകുന്നതെന്കിലും ഓരോ കാര്യങ്ങളും മനസ്സില്‍ തട്ടി...

അടികുറിപ്പ് വായിച്ചപ്പോള്‍ ശരിക്കും വേദന തോന്നി.... നല്ല എഴുത്ത്..

ആശംസകള്‍...

28 October 2011 at 21:50
K@nn(())raan*خلي ولي said...

ഇത്രേംനല്ല ശൈലിയില്‍ ഇങ്ങനെയൊക്കെ എഴുതിച്ചിരിപ്പിച്ചു വിറപ്പിച്ച് വില്ലുകുലച്ചു വിജയഭേരി മുഴക്കു വേണുജീ.
നല്ലൊരു ഓര്‍മ്മ ചിരിയോടെയും വേദനയോടെയും അനുഭവിപ്പിച്ചതിനു നന്ദി.

28 October 2011 at 22:04
മൻസൂർ അബ്ദു ചെറുവാടി said...

നര്‍മ്മമല്ല , ഇതിലെ വിഷയത്തെ ഗൌരവമായി തന്നെയാണ് വായിച്ചത് .
ഇങ്ങിനെ തിരസ്കരിക്കപെട്ടവര്‍ കുറേയുണ്ട്.
നല്ല ഭംഗിയും ഒതുക്കവുമുള്ള അവതരണം .
ഇഷ്ടപ്പെട്ടു

29 October 2011 at 13:47
Ismail Chemmad said...

ഒരുപാട് പിന്നിലേക്ക്‌ നടത്തിയ രചന...
പിടിച്ചിരുത്തി വായിപ്പിക്കുന്നു തൂലിക.. ആശംസകള്‍..

29 October 2011 at 13:55
Typist | എഴുത്തുകാരി said...

ഇതുപോലെ അറിയപ്പെടാത്ത എത്രയോ കുഞ്ഞന്മാരുണ്ട് നമ്മുടെ ചുറ്റും!

29 October 2011 at 16:33
ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

കുഞ്ഞന്‍ സഖാവിനെപോലെയുള്ളവര്‍ ഓരോ ഗ്രാമങ്ങളിലും കാണാം അവര്‍ (ഇന്നില്ലട്ടോ)നാട്ടുകാര്‍ക്കും നാടിനും വേണ്ടു ജീവിതം ഉഴിഞ്ഞുവെച്ചവര്‍ ഇത്തിരി ഹാസ്യത്തില്‍ കുടിയാനെങ്കിലും ആ വ്യക്തിയെ നങ്ങളുംഅറിഞ്ഞല്ലോ എല്ലാ ഭാവുകങ്ങളും നേരുന്നു

29 October 2011 at 18:31
Prabhan Krishnan said...

രാഷ്ട്രീയത്തിന്റെ മുഖച്ഛായമാറി..!
തിരിച്ചറിയാനവാത്തവിധം കോലം മാറിയ നായകനിപ്പോഴും.. മാറത്ത മനസ്സുമായി കാലത്തോടു പൊരുതി ജീവിക്കുന്നു.
ജീവനുള്ള രക്ത സാക്ഷിയായി...!

ക്ഷമിക്കുക,
ഇതിലെ ചിരിയെനിക്കു വായിക്കാനായില്ല..!
ആശംസകളോടെ....പുലരി.

29 October 2011 at 18:43
ഷാജു അത്താണിക്കല്‍ said...

ഈ എഴത്തിന് എന്റെ ഒരു സല്യൂട്ട്
ഇനിയും എഴുതുക
വളരെ പ്രാധാന്ന്യമര്‍ഹിക്കുന്ന ഒരു വിശയം നല്ല രസത്തോറടെ വിവരിച്ചു

29 October 2011 at 19:42
Unknown said...

പാവം കുഞ്ഞന്‍ !! മനസ്സില്‍ പറയാനുള്ളതെല്ലാം കുഞ്ഞനെ വെച്ച് പറഞ്ഞു അല്ലെ? ഒരു ജീവിച്ചിരിക്കുന്ന ആത്മാര്‍ഥതയില്‍ അലിഞ്ഞു തീര്‍ന്ന രക്തസാക്ഷിത്വം.. അല്ലെ..?

29 October 2011 at 20:32
നാമൂസ് said...

വേണുജീ. താങ്കള്‍ ഒരു കുഞ്ഞനെ അവതരിപ്പിക്കുമ്പോള്‍ അതൊരു ഗ്രാമ്യ ഭംഗിക്കോ അല്ലെങ്കില്‍ അതിലെ കേവല തമാശകള്‍ക്കോ വേണ്ടിയല്ല. പകരം ശക്തമായ രാഷ്ട്രീയം തന്നെയാണ് കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നത്. .
കുഞ്ഞന്‍ ഒരു ബിംബമാണ്. എന്നും കോടി പിടിക്കാനും ജാഥ നയിക്കാനും സമരം നടത്താനും കൊല്ലാനും ചാകാനും മാത്രം വിധിക്കപ്പെട്ട ഒരു പാവം ജനതയുടെ പ്രതീകം. അധികമായാല്‍, ജനാധിപത്യത്തില്‍ വിരലമാര്‍ത്താനുള്ള അവകാശം മാത്രം. അതിലുമപ്പുറം ഒന്നിനെയും ആഗ്രഹിക്കാന്‍ പാടില്ലാത്ത വിധം അധമരെന്നു വിധിച്ചു അവകാശങ്ങളെ കേടുത്തിയിരിക്കുന്നു കാലങ്ങളോളമായി ഇവിടൊരു കൂട്ടം. കുഞ്ഞന് ശേഷം ഏറ്റവും അവസാനമായി ബാലന് മിസ്റ്റര്‍ ഗണേഷ് എന്നു സംബോധനം ചെയ്യാന്‍ പാടില്ലെന്ന തിട്ടൂരവും..!!

ഇതിനെ ജയിക്കേണ്ടതുണ്ട്, കീഴാളപക്ഷത്തിന്റെ മോചനത്തിന് വേണ്ടി പുതിയതായി ഒന്നിനെയും ആവിഷ്കരിക്കേണ്ടതായിട്ടില്ല. ആദ്യമായി അവരിലുള്ള അധമബോധമാണ് മാറേണ്ടത്. ഒരാള്‍ക്കും മറ്റൊരാളില്‍ നിന്നും വ്യത്യസ്തമായി യാതൊരുവിധ അധികവുമില്ലാ എന്നും ഇനി അഥവാ എന്തെങ്കിലും കല്‍പിച്ചു നല്‍കിയിട്ടുണ്ടെങ്കില്‍ അവരിലെ മനുഷ്യത്വം ഒന്ന് മാത്രമാണ് അതിന് മാനദണ്ഡം എന്നുമുള്ള തിരിച്ചറിവാണ് അവര്‍ക്കാദ്യം വേണ്ടത്. മറ്റൊന്ന്, ഭരിക്കാനും നയിക്കാനും ആവശ്യമായ യോഗ്യത പൊതു ജനതയോടുള്ള സംവേദന ക്ഷമതയാണെന്നും ഒരു പക്ഷെ മറ്റാരേക്കാളും അധികമായി സംവേദന ക്ഷമതയാര്‍ജ്ജിച്ചൊരു സമൂഹം ജനനം തൊട്ടേ രാജ്യത്തിന്റെ നോവും നൊമ്പരവും അറിഞ്ഞു വളര്‍ന്ന തങ്ങളാണെന്നും തങ്ങള്‍ക്കു മാത്രമാണ് ഒരര്‍ഥത്തില്‍ കൂടുതല്‍ രാജ്യത്തിന്റെ ആത്മാവ് തൊട്ടറിയാനുള്ള ശേഷിയെന്നുമുള്ള ബോധ്യം ഉണ്ടാവുകയുമാണ് രണ്ടാമത്തെ കാര്യം.

മറ്റൊന്ന്, രാജ്യത്തെ എല്ലാ വിഭവങ്ങളിലും അതിന്റെ സമാഹരണത്തിലും വിതരണത്തിലും തുല്യാവകാശാമാണെന്നും അത് കൊണ്ട് തന്നെ അതിന്റെ പ്രയോക്താക്കളിലും ഉപഭോക്താക്കളിലും തുല്യാനുപാതം ഉണ്ടായിരിക്കണമെന്നുമുള്ള അവകാശ ബോധാവുമായിരിക്കണം അവരെ നയിക്കേണ്ടത്. കൂടെ, ഞാന്‍ മറ്റൊരാളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയോ എന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ഞാന്‍ മറ്റൊരാളെ അനുവദിക്കുകയോ ചെയ്യുകയില്ല എന്ന നിശ്ചയദാര്‍ഡ്യം ആവണം അവരെ ജീവിപ്പിക്കേണ്ടത്. ഏത് സാഹചര്യത്തിലും ഏതൊരാളെയും ജയിക്കാനുള്ള മത്സരക്ഷമതയാര്‍ജ്ജിക്കുവാനും ഇവര്‍ക്ക് സാധിക്കേണ്ടതുണ്ട്‌. ക്രയശേഷി വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള കൂട്ടായ പ്രവര്‍ത്തനത്തില്‍ ഇവര്‍ ഏര്‍പ്പെടെണ്ടതുണ്ട്. അതിന്നാവശ്യമായ തരത്തില്‍ പണിശാലകളെ പുനരാവിഷ്കരിക്കുകയും പുരുജ്ജീവിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാതെ കണ്ടു കുഞ്ഞന്മാര്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും.

ഒരു അന്തസ്സുള്ള സംസ്കാരത്തിലേക്കുള്ള ആഹ്വാനമായി കുഞ്ഞന്മാര്‍ ശരിയായ രാഷ്ട്രീയ ബോധം നേടട്ടെ.. ബോധവത്കരണം നടത്തട്ടെ..!! ശക്തമായ ഈ രാഷ്ട്രീയ വിചാരത്തിന് വിപ്ലവാഭിവാദനങ്ങള്‍..!!!

29 October 2011 at 21:04
വേണുഗോപാല്‍ said...

ചികൂ ,,, ശ്രീമതി കല, കൊച്ചുമോള്‍ , ശജീര്‍ , വിപിന്‍ '''വരവിനും വായനക്കും ഒരു പാട് നന്ദി
ബിജു ... വായനക്കാരന്റെ അഭിരുചികള്‍ വിവിധ തരത്തിലാണ് ... അത് പ്രകടിപ്പിക്കാനാണല്ലോ അഭിപ്രായം.
ബിജുവിന്റെ അഭിപ്രായത്തില്‍ വായനക്കാരെ സ്വാധിനിക്കാന്‍ എന്തുണ്ട് ? വായനക്കാര്‍ ബിജുവിനെ പോലെ തന്നെ ഭിന്നഭിപ്രായക്കരാണ്.
ആയതിനാല്‍ അഭിപ്രായം വൈകിക്കെണ്ടിയിരുന്നില്ല.. ഈ അഭിപ്രായം വളരെ വിലമതിപ്പുള്ളതാണ് ... നന്ദി ബിജു
മനു ... രാഷ്ട്രീയ വീക്ഷണം പലര്‍ക്കും പല വിധത്തിലാണല്ലോ ....
അനു, അരുണകിരണങ്ങള്‍ , ഖാടു,,, വളരെ നന്ദി ,,, ബ്ലോഗ്ഗില്‍ വന്നതിനും വായനക്കും

29 October 2011 at 21:50
Kattil Abdul Nissar said...

രചനയിലെ നര്‍മ്മം എനിക്ക് ഇഷ്ടപ്പെട്ടു.
ആശംസകള്‍.

29 October 2011 at 23:02
കുഞ്ഞൂസ് (Kunjuss) said...

ഇങ്ങിനെ നാടിന്റെ നന്മക്കായി പൊരുതിയ എത്രയെത്ര കുഞ്ഞന്‍മാര്‍ ... ഒരു കാലഘട്ടത്തിലെ നന്മ നിറഞ്ഞ, സ്വാര്‍ത്ഥതയില്ലാത്ത നേതാക്കളെ ഓര്‍മിപ്പിച്ചതിനു ഏറെ നന്ദി സുഹൃത്തേ....
ഇതിലെ നര്‍മം പോസ്റ്റ്‌ അര്‍ഹിക്കുന്ന തീവ്രത കുറച്ചുവോ എന്നൊരു സന്ദേഹം....!

30 October 2011 at 00:57
Absar Mohamed : അബസ്വരങ്ങള്‍ said...

തൂലിക നന്നായി ചലിച്ചു....
ക്യൂബ മുകുന്ദന്‍ ഓര്‍മയിലേക്ക് വന്നു...
സ്നേഹാശംസകള്‍...

30 October 2011 at 02:07
Unknown said...

അതെ വേണു ഏട്ടാ ... ഒരുപാട് കുഞ്ഞന്‍ മാര്‍ നക്ഷത്രം എണ്ണിയത് കൊണ്ടാണ് ഇന്നും ...............!!

30 October 2011 at 10:00
സീത* said...

ഇത്തരം ചില ജീവനുള്ള രക്തസാക്ഷികൾ ഇന്നും സമൂഹത്തിന്റെ കണ്ണിൽ നിന്നും അകന്നു ജീവിതപ്രാബ്ദങ്ങളുമായി സമരം ചെയ്ത് ജീവിക്കുന്നു എന്നുള്ളത് പരമാർത്ഥം...നന്നായി പറഞ്ഞു നർമ്മത്തിന്റെ മേമ്പൊടിയിൽ..

30 October 2011 at 12:47
ഷാജി പരപ്പനാടൻ said...

അഭിനന്ദനങ്ങള്‍...

30 October 2011 at 19:16
Njanentelokam said...

ആദര്‍ശം വില പറഞ്ഞു വില്‍ക്കുന്നവരുടെ ലോകത്ത് ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് പോലും പ്രസക്തി നഷ്ടപ്പെട്ടു പോയിക്കൊണ്ടിരിക്കുന്നു.

31 October 2011 at 00:37
Lipi Ranju said...

>>തങ്ങളുടെ യവ്വനം മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തീരെഴുതി അവസാനം ജീവിതത്തിന്റെ പുറംപോക്കിലേക്ക് ചവിട്ടിതെറിപ്പിക്കപ്പെടുന്നവര്‍.. സിദ്ധാന്തങ്ങളുടെ കാവല്‍ക്കാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ കാണാതെ പോകുന്ന ഇത്തരം ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ ... << സത്യം , പക്ഷെ, ഇത്തരം കുഞ്ഞന്മാരെ മണ്ടന്മാരായായും ജീവിക്കാന്‍ പഠിച്ചിട്ടില്ലാത്തവരായും ഒക്കെയാണ് ഇന്നത്തെ സമൂഹം കാണുന്നത് ! ഈ ബ്ലോഗ്‌ കാണാന്‍ വൈകിയതില്‍ സങ്കടമുണ്ട്...

31 October 2011 at 03:35
വേണുഗോപാല്‍ said...

കനൂരാന്‍ ഗുരോ .... വരവിനും വായനക്കും സ്നേഹ സലാം
മന്‍സൂര്‍ , ഇസ്മയില്‍ ജി , എഴുത്തുകാരി , ഇടശേരിക്കാരന്‍ , പ്രഭന്‍, ഷാജു , അഖി.. ഏറെ നന്ദിയുണ്ട് ഈ വരവിനും വായനക്കും
നാമൂസ് ജി ... ഈ കമന്റ്‌ ഞാന്‍ എന്റെ ഡയറി താളിലേക്ക് മാറ്റി കഴിഞ്ഞു
അബ്ദുല്‍ നിസ്സാര്‍ജി വീണ്ടും വന്നു തന്ന പ്രോത്സാഹനത്തിനു നന്ദി
കുഞ്ഞൂസ് ... ഈ ആദ്യ വരവിനും വിലയേറിയ അഭിപ്രായത്തിനും നന്ദി
അബ്സാര്‍ ജി , യൂനുസ് , സീതാജി , പരപ്പനാടന്‍ , നാരദന്‍... നന്ദി പറയുന്നു ....ഈ പ്രോത്സാഹനത്തിനു
ലിപി രെഞ്ചൂ.... ഈ ആദ്യ വരവിനും വിലയേറിയ അഭിപ്രായത്തിനും വളരെ നന്ദി

31 October 2011 at 14:30
ചീരാമുളക് said...

പ്രത്യയശാസ്ത്രത്തെയോ ഒരു നല്ല സ്വപ്നത്തെയോ സ്നേഹിക്കുന്നവരും പാര്‍ട്ടിയെയും സ്ഥാനമാനങ്ങളെയും സ്നേഹിക്കുന്നവരും തമ്മിലുള്ള അന്തരമാണ് കുഞ്ഞന്മാരിലൂടെ നാം കാണുന്നത്.
പാവപ്പെട്ടവന്റെ സ്വപ്നങ്ങള്‍ക്ക് വിലയിട്ട് ധനികന്റെ താത്പര്യങ്ങള്‍ക്ക് വേണ്ടി മുട്ടുമടക്കുന്നവര്‍ കുഞ്ഞ്ന്മാരുടെ ആത്മാവിനെ ചവിട്ടി മെതിച്ചുകൊണ്ട് മുന്നോട്ട് പോവുന്നത് നമ്മുടെ രാഷ്ട്രീയ ചരിത്രത്തില്‍ പണ്ടു മുതലേ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഈ പോസ്റ്റിലെ നര്‍മ്മം ഞാന്‍ കണ്ടതേയില്ല മറിച്ച് മര്‍മ്മം എനിക്ക് വല്ലാതെ കൊണ്ടു!

1 November 2011 at 12:03
വാല്യക്കാരന്‍.. said...

>സഖാവ് അറസ്റ്റില്‍ ആയെങ്കിലും സമരം ശക്തിയോടെ തുടരുകയും വിജയിക്കുകയും ചെയ്തു. പക്ഷെ നാളുകള്‍ ആശുപത്രി കിടക്കയില്‍ ചിലവഴിച്ചു തിരിച്ചെത്തിയ സഖാവിനു നല്‍കാന്‍ പ്രാദേശിക നേതാക്കളുടെ മക്കള്‍ക്കും , മരുമക്കള്‍ക്കും പേരകിടാങ്ങള്‍ക്കും വീതം വെച്ചു കഴിഞ്ഞ ഭൂമിയില്‍ മിച്ഛമോന്നുമില്ലായിരുന്നു.<

യാഥാര്‍ത്ഥ്യമാണ് മാഷേ പറഞ്ഞത്..
ഒന്നിനും പ്രതിഫലം കിട്ടില്ല..

സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് മരണശേഷം കിട്ടുന്ന വലിയ ബഹുമതികള്‍ കണ്ടു ജീവിച്ചിരിക്കുന്നവര്‍ക്ക് കണ്ണീരടക്കാം..

നല്ല എഴുത്ത്..
നന്ദി..

1 November 2011 at 15:02
സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

വേണുജി, നൂറു ശതമാനം സത്യമാണ് താങ്കള്‍ പറഞ്ഞത്. പാര്‍ട്ടിയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി ജീവിക്കുന്നവന്‍ പട്ടിയെപ്പോലെ ചത്തിട്ടുള്ള ചരിത്രമാണുള്ളത്. അത് താങ്കള്‍ തമാശ കലര്‍ത്തി പറഞ്ഞു. അഭിനന്ദനങ്ങള്‍!!

2 November 2011 at 15:47
ജെ പി വെട്ടിയാട്ടില്‍ said...

ഈ വഴിക്ക് വീണ്ടും വരാം.
പൂമുള്ളി മനയുള്ള സ്ഥലമല്ലേ പെരിങ്ങോട്, ആറാം തന്‍പുരാനുള്ള കാലത്ത് അവിടെ വരാറുണ്ടായിരുന്നു.

വായനാസുഖമുള്ള എഴുത്ത്. ഭാവുകങ്ങള്‍.

3 November 2011 at 18:42
TPShukooR said...

എഴുത്തിന്റെ ശൈലി വളരെ ഇഷ്ടപ്പെട്ടു.
ഒരു പോലീസ് കാരന് ഇങ്ങനെയും ജനക്കൂട്ടത്തെ പിരിച്ചു വിടാം അല്ലെ.
നന്നായി ആസ്വദിച്ചു. പിന്നെ കറിവേപ്പിലയാകുന്ന പ്രവര്‍ത്തകരുടെ നീണ്ട നിര തന്നെ നമുക്ക് എല്ലാ നാട്ടിലും കാണാം. കാര്യം നേടാന്‍ കാര്യപ്രാപ്തി വേണം. ആദര്‍ശം വേണമെന്നില്ല. എന്നതാണു പൊതുവേ കണ്ടിട്ടുള്ള അനുഭവം.

6 November 2011 at 22:15
Sidheek Thozhiyoor said...

അഭിപ്രായം വായനക്ക് ശേഷം എഴുതാം , ഞാന്‍ ഒരു മെയില്‍ അയച്ചിട്ടുണ്ട് , നോക്കുമെല്ലോ !

6 November 2011 at 22:43
മണ്ടൂസന്‍ said...

അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷന്‍ ഇല്ലാത്തതിനാല്‍ ഗ്രാമത്തില്‍ കളവുകളും ഇല്ലായിരുന്നു .


ഈ പോസ്റ്റ് ഒരു സീരിയസ് വിഷയമാണെന്ന് വായിക്കുമ്പോൾ തന്നെ അനസ്സിലാവുന്നുണ്ട്. പിന്നെന്തിനാ ജീ ഒരു വാൽക്കഷ്ണം ? ഇങ്ങനത്തെ ഒരുപാട് 'കുഞ്ഞന്മാർ' നമ്മളുടെ നാട്ടിലും കാണാൻ കഴിയും. ചോര നീരാക്കി നാടിന് വേണ്ടി പൊരുതിയിട്ട്, അവർ ഇപ്പോൾ അതിനേപ്പറ്റി സംസാരിക്കുന്നത് കേട്ടാൽ അതിർത്തിയിൽ നിന്ന് വന്ന പട്ടാളക്കാരുടെ കഥകളെ കളിയാക്കുന്ന പോലെ ആളുകൾ കളിയാക്കിചിരിക്കുന്നത് കാണാം. നമ്മുടെ നാട്ടിൽ ഇപ്പോഴത്തെ ഈ ജീവിതത്തിനു പറ്റിയ അവസ്ഥയുണ്ടായതെങ്ങനേയെന്ന് ആർക്കും ഇപ്പോൾ കേട്ട് പരിചയം പോലുമില്ല. കഷ്ടം. പിന്നെ ആദ്യം ഞാൻ പറഞ്ഞ വരിയിൽ ഒരു അപാരമായ ഹാസ്യം ഒളിഞ്ഞിരിക്കുന്നു. അഭിഅന്ദനങൾ അഭിവാദ്യങ്ങൾ വേണുജീ.

7 November 2011 at 10:43
മനോജ് കെ.ഭാസ്കര്‍ said...

നല്ല തുഞ്ചാണി തന്നെ വെട്ടി വേണുജി അടിച്ചിരിക്കുന്നു അല്ലെങ്കില്‍ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.

7 November 2011 at 14:57
sangeetha said...

വളരെ നന്നായിരിക്കുന്നു വേണു ഏട്ടാ...

7 November 2011 at 20:15
Kalavallabhan said...

"അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷന്‍ ഇല്ലാത്തതിനാല്‍ ഗ്രാമത്തില്‍ കളവുകളും ഇല്ലായിരുന്നു ."

ഈ പോലീസ് സ്റ്റേഷനുകൾ നിരോധിച്ചാൽ ഒരു പരിധി വരെ കൊള്ളയും കൊലയും നിയന്ത്രിക്കാം അല്ലേ ?

10 November 2011 at 12:04
Satheesan OP said...

ഇഷ്ടായി ..ആശംസകള്‍..

10 November 2011 at 15:29
കുസുമം ആര്‍ പുന്നപ്ര said...

ഈ അനുഭവക്കഥ ഇഷ്ടപ്പെട്ടു.

10 November 2011 at 16:02
കുസുമം ആര്‍ പുന്നപ്ര said...

പോസ്റ്റിടുമ്പോളൊരു മെയിലു തരിക

10 November 2011 at 16:03
വേണുഗോപാല്‍ said...

ചിരാ മുളക് ,
വാല്യക്കാരന്‍ ,
ഷാബൂ,
ജെ പി സര്‍ ,
ഷുക്കൂര്‍,
സിദ്ധിക്ക,
മണ്ടൂസന്‍ ,
മനോജ്‌ ,
സംഗീത ,
കലാവല്ലഭന്‍,
സതീശന്‍ ,
കുസുമം ..... എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി വരവിനും വായനക്കും .. വിലയേറിയ അഭിപ്രായത്തിനും

11 November 2011 at 22:36
പത്രക്കാരന്‍ said...

അവര്‍ കുഞ്ഞന്‍ ആയതിനാലാണ് നാം വമ്പന്‍ ആയത്...
കുഞ്ഞന്‍ ആകാന്‍ അവര്‍ സ്വയം തീരുമാനിച്ചതുമാണ്...
അവരുടെ മുന്നില്‍ നാമാണ് ശരിക്കും കുഞ്ഞന്മാര്‍ ....

13 November 2011 at 17:18
ഉമ്മു അമ്മാര്‍ said...

സഹോദരന്‍ അബ്സ്വാറിന്റെ ബ്ലോഗിലൂടെ ഇവിടെ എത്തി കുറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു ... ഇനിയും വരാം ആശംസകള്‍..

18 November 2011 at 18:03
Villagemaan/വില്ലേജ്മാന്‍ said...

എങ്ങും എത്താത്ത കുഞ്ഞന്മാര്‍ എല്ലാ ഗ്രാമങ്ങളിലും ഉണ്ടാവും...ഒന്നും അറിയാത്ത ഈ കുഞ്ഞന്മാരനല്ലോ മഹാ പ്രസ്ഥാനങ്ങളുടെ ശക്തി!

എഴുപതുകള്‍ എന്ന് കേള്‍ക്കുന്നത് തന്നെ ഒരു തരം അനുഭൂതിയാനെനിക്ക്.. എന്റെ ബാല്യം ഒരിക്കല്‍ കൂടി ഞാന്‍ ഓര്‍ത്തു..കുട്ടി നിക്കറിട്ട പോലീസുകാരെ ഞാന്‍ ഓര്‍ത്തു. പിടി വണ്ടി വലിക്കുന്നവരെ , സൈക്കിളില്‍ ഐസ് മിടായി വിറ്റവരെ ഓര്‍ത്തു. സിനിമാ തീയെട്ടരിനു പുറത്തു കടലക്കാരന്‍ വറുത്ത കടല കുമ്പിളില്‍ തന്നത് ഓര്‍ത്തു..

എല്ലാ അഭിനന്ദനങ്ങളും മാഷെ..

23 November 2011 at 19:06
ജയരാജ്‌മുരുക്കുംപുഴ said...

ABHINANDANANAGAL.............. PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.............

27 November 2011 at 19:07
sunil vettom said...

"ചോദ്യം കേട്ടതും കുഞ്ഞന്‍ കൊടുത്ത മറുപടി അപ്പു നായരെ ഞെട്ടിച്ചു ..."നായരെ .... ഞങ്ങള്‍ തീയില്‍ കുരുത്തവരാ .. ങ്ങടെ ഈ ടോര്‍ച് വെളിച്ചം പോലുള്ള വെയിലില്‍ വാടില്ല.....ഓര്‍ത്തോളിന്‍ " രണ്ടു കൈ കൊണ്ടും നടുവിന് താങ്ങ് കൊടുത്താണ് അത്രയും പറഞ്ഞൊപ്പിച്ചത് "
മനസ്സില്‍ തങ്ങി നില്ക്കുന്നു ഈ കഥാപാത്രം ....വേണുഗോപാല്‍ജീ വളരെ നന്നായി എഴുതി .....

30 November 2011 at 18:52
ഫൈസല്‍ ബാബു said...

വരാന്‍ അല്‍പ്പം വൈകി നര്‍മ്മം ആണെങ്കിലും കഥാപാത്രങ്ങള്‍ നമുക്ക് ചുറ്റും നമ്മോട്‌ ചേര്‍ന്നുനില്‍ക്കുന്നു !! നല്ല രചന വേണുജി

2 December 2011 at 17:20
Mohiyudheen MP said...

താങ്കളുടെ ഈ ലേഖനത്തെ ഞാന്‍ പ്രശംസിക്കുന്നു. അക്ഷര തെറ്റുകളും ആഖ്യാന വൈകല്യങ്ങളും കൊണ്ട്‌ മലീമസമായ ബ്ളോഗെഴുത്തുകളില്‍ നിന്ന്‌ വളരെ വ്യത്യസ്തം.

വിപ്ളവ പാര്‍ട്ടികളില്‍ ജീവന്‍മരണ പോരാട്ടം നടത്തി വിസ്മൃതിയിലാണ്‌ടു പോകുന്ന നിരവധി പേരുണ്ട്‌ എന്നത്‌ യാതാര്‍ത്ഥ്യമാണ്‌. അത്‌ എന്ത്‌ കൊണ്‌ട്‌ സംഭവിക്കുന്നു എന്നുള്ളത്‌ ചിന്തിക്കേണ്‌ടതുണ്‌ട്‌. ബൂര്‍ഷ്വകളുടെ സ്വാധീനം പാര്‍ട്ടി ചട്ടക്കൂടില്‍ ഉണ്‌ടാകുന്നിടത്തോളം ചില പ്രവര്‍ത്തകര്‍ അന്യവല്‍ക്കരിക്കപ്പെടും. അതിന്‌ കുതന്ത്രം കൊണ്‌ട്‌ തന്നെ ജയിക്കുന്നവനേ പിടിച്ച്‌ നില്‍ക്കാന്‍ കഴിയൂ..

ഇവിടെ താങ്കളുടെ ഈ ആര്‍ട്ടിക്കിളിലെ പറയത്തക്ക പോരായ്മ എന്നുള്ളത്‌ താങ്കള്‍ അടിക്കുറിപ്പില്‍ പ്രസ്താവിച്ച പോലെ ഒരു നര്‍മ്മത്തിന്‌റെ മേമ്പൊടി ഇതില്‍ കാണാന്‍ കഴിയുന്നില്ല, അത്‌ വായിക്കുമ്പോള്‍ അനുഭവപ്പെടുന്നില്ല എന്ന്‌ എനിക്ക്‌ തോന്നുന്നു. താങ്കളുടെ എഴുത്തില്‍ കുറവുകളെക്കാള്‍ ഗുണങ്ങളേറെയാണെന്നത്‌ പ്രത്യേകം പരാമര്‍ശിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും... സംഭാഷണ ശകലമെല്ലാം വ്യത്യസ്ഥ വരികളില്‍ കൊടുത്താല്‍ കൂടുതല്‍ മികവുള്ളതാകും എന്ന്‌ എനിക്ക്‌ തോന്നുന്നു..

6 December 2011 at 03:02
സുബൈദ said...

നാണം മറക്കാന്‍ നാണിക്കുന്നവര്‍ (ഒന്നാം ഭാഗം)
ശ്രീ അബ്സര്‍ മുഹമ്മദിന്റെ സ്ത്രീയും വില്‍പനച്ഛരക്കും...എന്ന ഈ പോസ്റ്റില്‍ തുളസി മാളയുടെ കമന്റിനോട് പ്രതികരിച്ചു ഒരു കമന്റ് ചെയ്തിരുന്നു. അവിടെ ഈ വിഷയത്തില്‍ അല്പം വിശദമായ ഒരു പോസ്റ്റു ചെയ്യാം എന്ന് സൂചിപ്പിച്ചിരുന്നു. അതിനുള്ള പരിശ്രമമാണ് ഈ പോസ്റ്റ്‌. തെറ്റ് കുറ്റങ്ങള്‍ ഉണ്ടാകും.... വിമര്‍ശനങ്ങളും അവ ചൂണ്ടിക്കാട്ടുമെന്ന പ്രതീക്ഷയോടെയും അപേക്ഷയോടെയും.......

12 December 2011 at 15:39
മാണിക്യം said...

"സഖാവ് അറസ്റ്റില്‍ ആയെങ്കിലും സമരം ശക്തിയോടെ തുടരുകയും വിജയിക്കുകയും ചെയ്തു. പക്ഷെ നാളുകള്‍ ആശുപത്രി കിടക്കയില്‍ ചിലവഴിച്ചു തിരിച്ചെത്തിയ സഖാവിനു നല്‍കാന്‍ പ്രാദേശിക നേതാക്കളുടെ മക്കള്‍ക്കും , മരുമക്കള്‍ക്കും പേരകിടാങ്ങള്‍ക്കും വീതം വെച്ചു കഴിഞ്ഞ ഭൂമിയില്‍ മിച്ചമോന്നുമില്ലായിരുന്നു...."
സമരം ചെയ്യാന്‍ ഒരു കൂട്ടര്‍, നേതാവാകാന്‍ മറ്റൊരു കൂട്ടര്‍! മെയ്യ് വിയര്‍ത്ത ജോലിയോ സമരമോ ചെയ്ത എത്ര നേതാക്കളുണ്ട് ഇന്ന്? രാഷ്ട്രീയത്തില്‍ വരുന്നത് തന്നെ അതൊരു നല്ല വരുമാനമാര്‍ഗവും, അധികാരം ലഭിക്കുന്നതും,ആണെന്ന് തോന്നുന്നവരാണല്ലൊ.പിന്നെ ഇന്ന് സ്ഥാനമാനങ്ങള്‍ പിന്‍തുടച്ചയും!!

23 January 2012 at 07:32
Muralee Mukundan , ബിലാത്തിപട്ടണം said...

ചരിത്ര സംഭവങ്ങൾ തന്നെയാണല്ലോ ഈ എഴുത്തിന്റെയൊക്കെ കാതൽ അല്ലേ ഭായ്

10 February 2012 at 22:53
Joselet Joseph said...

ഈ പോസ്റ്റ്‌ ഞാന്‍ ഇതുവരെ കാണാത്തതാണ് അത്ഭുതം!
വായനയിലുടനീളം ചുണ്ടില്‍ മായാത്തൊരു ചെറു പുഞ്ചിരി നല്‍കി ഒടുവില്‍ വലിയൊരു ചിന്തയില്‍ കൊണ്ടെട്നിര്‍ത്തി.
ഇന്നിന്റെ രാഷ്ട്രീയം കൈയ്യൊഴിഞ്ഞ കറകളഞ്ഞ വിപ്ലവകാരികള്‍ക്ക് സലാം.
(ലാല്‍സലാം സിനിമ ഒരാവര്‍ത്തികൂടി അടുത്തിടെ കണ്ടതേയുള്ളൂ.)

26 May 2013 at 13:06

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)
പ്രിയ വായനക്കാര്‍ക്ക് തുഞ്ചാണിയിലേക്ക് സ്വാഗതം !!!!

തുടിതാളം ബ്ലോഗ്ഗിലേക്ക്

Thudithalam

Followers


Popular Posts

  • ചേമ്പിലക്കുടയും തെക്കന്‍കാറ്റും
    " ഹോ.. വല്ലാത്ത മഴ ട്രെയിനുകള്‍ ഓടുന്നുവോ ആവോ ? സ്കൂള്‍ ബസ്‌ വന്നോ എന്ന് നോക്ക്യേ ..." അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട...
  • ജന്നത്തുല്‍ ഫിര്‍ദൌസ്
    മക്ക പിടിച്ചടക്കാന്‍ എത്തിയ അബ്രഹത്തിന്റെ ആനപ്പടയെ കല്ലെറിഞ്ഞു തുരത്തിയ അബാബില്‍ പക്ഷി കൂട്ടങ്ങള്‍!! അവ മാനത്ത് തീര്‍ത്ത അന്ധകാരത്തെ മനസില...
  • വേനല്‍പൂവുകള്‍
    മുംബൈ വി ടി  (ഇന്ന് മുംബൈ സി എസ് ടി)  യിലെ എട്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ വണ്ടി  എത്തിച്ചേര്‍ന്നത്‌ വൈകുന്നേരം അഞ്ചു മണിക്ക്.  ശ്രീകൃഷ്ണ ട...
  • നേത്താവലിയിലെ കാറ്റ്
    ഇരുണ്ട ആകാശത്തില്‍ അങ്ങിങ്ങായ്‌  ചില നേരിയ  രേഖകള്‍ കോറിയിട്ട് ഒരു വെള്ളി വെളിച്ചം ഗുന്ജ്ജന്റെ മുഖത്തു പതിച്ചു.  സജലങ്ങളായ അവളുടെ കണ്‍കോണു...
  • അതിഥി ദേവോ ഭവ:
    മുംബൈയില്‍ എത്തി ആദ്യ കുറച്ചുനാള്‍ ഞാന്‍ നാട്ടുകാരനും എന്‍റെ  ബന്ധുവുമായ  ചന്ദ്രേട്ടനോടൊപ്പമാണ്  താമസിച്ചത്.  അദ്ദേഹത്തിന്‍റെ വിവാഹശേഷം ...
  • പ്രയാണം
    ഉച്ച വെയിലിന്‍ ചൂട് കുറയാന്‍ തുടങ്ങുന്നതെ ഉള്ളൂ.  കാലത്തിറക്കിയ ഇളനീര്‍ ഭൂരിഭാഗവും വിറ്റ് പോയിരിക്കുന്നു.  അവശേഷിക്കുന്ന അഞ്ചാറെണ്ണം മുന...
  • പാത്തൂന്റെ പാസ്‌
    എന്റെ കുട്ടികാലത്ത് മതുപ്പുള്ളി  എന്ന എന്റെ ഗ്രാമത്തില്‍ റേഷന്‍ കട നടന്നിരുന്നത് സെന്ററിലുള്ള ഞങ്ങളുടെ മൂന്നു മുറി കെട്ടിടത്തിലായിരുന്നു....
  • തമ്പും തേടി
    ഭഗവതിക്കാവിലെ കൊടിയേറ്റുത്സവത്തിന്‍ നാളിലാണ്‌ കാര്‍ത്തു ആദ്യമായി കൊച്ചമ്പ്രാനെ കണ്ടത്.  ആരവങ്ങള്‍ക്കിടയില്‍ നാലഞ്ച് വാല്യക്കാര്‍ക്ക് നടുവി...
  • മോന്തികൂട്ടം
    ഗ്രാമത്തെ  ഇരുകരകള്‍ ആയി വിഭജിക്കുന്നത് നടുവില്‍ പരന്നു കിടക്കുന്ന വിശാലമായ നെല്‍പാടമാണ്.  പാടത്തിനു നടുവിലൂടെ തെക്കെകരയെയും വടക്കേകരയും ബ...
  • മിച്ചഭൂമി
    എഴുപതുകളിലെ എന്റെ ഗ്രാമം .  കാര്‍ഷിക വൃത്തിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഭൂരിഭാഗം വരുന്ന ഗ്രാമീണ ജനത . അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷ...
Powered by Blogger.

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Blog Archive

  • ►  2014 (1)
    • ►  January (1)
  • ►  2013 (1)
    • ►  March (1)
  • ►  2012 (5)
    • ►  September (1)
    • ►  June (1)
    • ►  March (2)
    • ►  January (1)
  • ▼  2011 (8)
    • ►  December (1)
    • ▼  October (1)
      • മിച്ചഭൂമി
    • ►  September (2)
    • ►  August (2)
    • ►  July (2)

About Me

My photo
വേണുഗോപാല്‍
മുംബൈ, മഹാരാഷ്ട്ര, India
താളങ്ങളുടെ നാട് എന്ന് ഞങ്ങള്‍ ഓമനപ്പേര് വിളിക്കുന്ന പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട് ജനനം. പെരിങ്ങോട് ഹൈസ്കൂള്‍ , പട്ടാമ്പി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇരുപതാം വയസ്സില്‍ പ്രവാസിയായി മുംബൈ നഗരത്തിലേക്ക്. താളങ്ങളുടെ നാട്ടില്‍ നിന്നും മഹാനഗരത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ നഷ്ട്ടമായ ജീവിത താളം വീണ്ടെടുക്കാന്‍ വര്‍ഷങ്ങളോളം പ്രവാസത്തിന്റെ കടുത്ത പാതകളിലൂടെ തളര്‍ന്നും നിവര്‍ന്നും ഗമനം. ഇടക്കെങ്ങോ കൈമോശം വന്ന എഴുത്തും വായനയും തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഈ-എഴുത്തും വായനയും തുടങ്ങി വെച്ചു. വഴി കാണിക്കുക. തെറ്റുകള്‍ തിരുത്തിത്തരുക.
View my complete profile

Total Pageviews

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Facebook Badge

Venu Gopal

Create Your Badge

ജാലകത്തിലേക്ക്...

ജാലകം

Blogroll

 
(c) Copyright 2010 THUNCHANY. Designed by Blogspot Templates
Supported by Video Game Music, Website Hosting, VPS Hosting