മുംബൈയില്‍ എത്തി ആദ്യ കുറച്ചുനാള്‍ ഞാന്‍ നാട്ടുകാരനും എന്റെ ബന്ധുവുമായ ചന്ദ്രേട്ടനോടൊപ്പമാണ് താമസിച്ചത്. അദ്ദേഹത്തിന്റെ വിവാഹശേഷം എന്റെ ജീവിതം അന്റൊപ് ഹില്ലില്‍ തന്നെയുള്ള കമ്പനിയുടെ ബാച്ചിലര്‍ ക്വാര്ട്ടെര്സിലേക്ക് പറിച്ചുനടപ്പെട്ടു.
ഏക്കര്‍ കണക്കിന് സ്ഥലത്ത് പല സെക്ടറുകളിലായി വ്യാപിച്ചു കിടക്കുന്ന സെന്‍ട്രല്‍ ഗവണ്മെന്റ് ജീവനക്കാരുടെ വസതികളില്‍ ഒരു കെട്ടിടത്തിന്റെ നാലാമത്തെ നിലയിലാണ് കമ്പനി വാടകയ്ക്കെടുത്ത രണ്ടു ഫ്ലാറ്റ്. ഒരു മുറിയും അടുക്കളയും മാത്രമുള്ള ഒരു ഫ്ലാറ്റില്‍ കമ്പനി മാനേജര്‍ ഭാര്യയോടൊപ്പം താമസിക്കുന്നു. രണ്ടു മുറിയും അടുക്കളയും അടങ്ങുന്ന മറ്റേ ഫ്ലാറ്റില്‍ ഞങ്ങള്‍ അഞ്ചു ബാച്ചികള്.
ഞാന്‍, അനില്‍, വിജയന്, ജോസ്, ഗിരി എന്നിവരാണ് ആ പഞ്ചപാണ്ഡവര്‍.
റൂമില്‍ സ്റ്റവ്വും പാത്രങ്ങളും ഒക്കെ ഉണ്ടായിരുന്നെങ്കിലും ജോലി ദിനങ്ങളില്‍ ഒരു ചായ പോലും വെച്ചുകുടിക്കാതെ മുഴുവന്‍ സമയ തീറ്റയും ഹോട്ടലുകളില്‍ ആക്കിയായിരുന്നു ഞങ്ങളുടെ ജീവിതം. കാലത്ത് ഓഫീസിലേക്ക് തിരിക്കുമ്പോള്‍ കണ്ണേട്ടന് നടത്തുന്ന ഹോട്ടലായ കൈരളിയില്‍ നിന്നും അപ്പവും മുട്ടക്കറിയും. ഉച്ചക്ക് ഓഫീസിലെ ക്യാന്റീനില്‍ നിന്നും പാതി വെന്ത ചപ്പാത്തിയും പ്ലേറ്റില്‍ ഒഴിച്ചാല്‍ പല വഴിക്കായ് പായുന്ന ഉരുളക്കിഴങ്ങ് കറിയും. അത്താഴമായി കൈരളിയില്‍ നിന്ന് തന്നെ നാലഞ്ചു പൊറോട്ടയും ബീഫും. ഇതായിരുന്നു ഭക്ഷണ ക്രമം.
കൈരളിയിലെ സ്ഥിരം കസ്റ്റമേഴ്സ് ആയതിനാല്‍ രാത്രി പന്ത്രണ്ടുമണിക്ക് പോലും കടയടച്ചു വീട്ടില്‍ പോകാന്‍ നിര്‍വാഹമില്ലാതെ ഞങ്ങളുടെ ആഗമനവും കാത്തിരിക്കും കണ്ണേട്ടന്.
"ഇനി പന്ത്രണ്ടു കഴിഞ്ഞു വന്നാല്‍ നീയൊക്കെ പട്ടിണി കിടക്കും" എന്നൊരു പതിവ് താക്കീത് തരുമെങ്കിലും പിറ്റേ ദിവസവും സ്വന്തം മക്കളെയെന്നപോലെ കണ്ണേട്ടന് എന്ന ആ നല്ല മനുഷ്യന് ഞങ്ങള്‍ക്കായി കാത്തിരിക്കും.
ഞങ്ങളുടെ റൂമിലെ തല മുതിര്‍ന്ന കാരണവര്‍ ആണ് ജോസേട്ടന്. ആലപ്പുഴക്കടുത്തു ചേര്‍ത്തല സ്വദേശിയായ അദ്ദേഹം ഞങ്ങള്‍ക്കെല്ലാം ഒരു ജേഷ്ഠ സഹോദരനെ പോലെയായിരുന്നു. പാചക കലയില്‍ പ്രാവീണ്യം ഏറെയുള്ള അദ്ദേഹത്തിന്റെ പാചകപാടവം അവധി നാളുകളില്‍ മീന്‍ കറി, മട്ടന്‍ കറി, ബീഫ് ഫ്രൈ എന്നിവയൊക്കെയായി ഞങ്ങള്‍ രുചിച്ചറിയാറുണ്ട്.
എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം ജോസേട്ടനെ അല്‍പ്പം നേരത്തെ വീട്ടിലേയ്ക്കയക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാരണം അന്ന് ജോസേട്ടന് കുര്‍ളയില്‍ പോയി ബീഫ് വാങ്ങി ഫ്രൈ ചെയ്തു വെക്കേണ്ടതും അതോടൊപ്പം തന്നെ അടുത്ത ബില്‍ഡിങ്ങിലെ മിലിട്ടറി രാമേട്ടന്റെ വീട്ടില്‍ നിന്നും രണ്ടുകുപ്പി റം കൂടി വാങ്ങി വെക്കേണ്ടതുമുണ്ട്. കൈരളിയില്‍ നിന്നും പത്തിരുപത്തഞ്ചു പൊറോട്ടയും കെട്ടിപ്പൊതിഞ്ഞു വഴി നീളെ പുളുവടിച്ചു ഞങ്ങള്‍ വീട്ടിലെത്തുമ്പോഴേക്കും ജോസേട്ടന് വറുത്ത ബീഫ് പാത്രങ്ങളിലാക്കി മദ്യം വിളമ്പാനുള്ള ഗ്ലാസ് കൂടി കഴുകി നിരത്തിയിരിക്കും.
ജോസേട്ടനും, അനിലും, വിജയനും കൂടി മദ്യപാനസദസ്സ് കൊഴുപ്പിക്കുമ്പോള്‍ അന്ന് കുടിക്കാന്‍ ലൈസന്‍സ് എടുത്തിട്ടില്ലാത്ത ഞാനും ഗിരിയും മൂക്കറ്റം പോത്തും പൊറോട്ടയും കയറ്റി ഈ മദ്യപന്മാര് പറയുന്നതെന്തും ലോക മഹാസംഭവങ്ങള്‍ എന്നു സമ്മതിക്കും വിധം തലയാട്ടിക്കൊണ്ടിരിക്കണം.. അതാണ് നിയമം.
കള്ളുകുപ്പിയുടെ ലേബല്‍ വായിക്കുമ്പോഴേക്കും കിക്ക് ആകുന്ന ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു ലോല ഹൃദയനായ ജോസേട്ടന്. ആയതിനാല്‍ രണ്ടെണ്ണം ചെല്ലുമ്പോഴേക്കും അദ്ദേഹം നാട്ടുവര്‍ത്തമാനങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങും. അന്ന് അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത് അദ്ദേഹത്തിന്റെ സ്ത്രീലമ്പടനാ
പരസ്ത്രീകളിലുള്ള അമിതാസക്തി കൊണ്ടാകാം പാവം നായര്‍ക്ക് കല്യാണം കഴിഞ്ഞു കുറച്ചുദിവസത്തിനകം തന്നെ ഭാര്യയോട് ബൈ പറയേണ്ടി വന്നു. വിഭാര്യനായതോട് കൂടി നായര്‍ കന്നിമാസത്തിലെ ശ്വാന പ്രമുഖനെ പോലെ നാട് മുഴുവന്‍ അലഞ്ഞു തിരിഞ്ഞു രാത്രിയില്‍ വീട്ടില്‍ വന്നു കിടന്നുറങ്ങും.
ഒരു ദിവസം കാലത്ത് കുളിച്ചു കുട്ടപ്പനായി നാട് നിരങ്ങാന്‍ ഇറങ്ങിയപ്പോള്‍ ശകുനം കണ്ടത് വീട്ടിലേക്കു കയറി വരുന്ന ഒരു കാക്കാലനെയും കാക്കാത്തിയെയും.
"അയ്യാ ... ബെശക്കന്നു.. കയിക്കാന്‍ ബല്ലതും താങ്കോ ....."
തമിള്‍ചുവ കലര്‍ന്ന മലയാളത്തില്‍ കാക്കാലന്റെ ഇരക്കല് കേട്ട നായര്‍ പറഞ്ഞു,
"ഇവിടെ ആരുമില്ല..... ചോറും കഞ്ഞിയും ഒന്നും വെപ്പില്ല ... പൊയ്ക്കോ"
അപ്പോഴാണ് മുറ്റത്തെ ഉയരം കൂടിയ പ്ലാവിന്റെ ഉച്ചിയില്‍ നില്ക്കുന്ന വലിയ ചക്ക കാക്കാലന്‍ ശ്രദ്ധിച്ചത്. ചക്ക ചൂണ്ടി കാക്കാലന്‍ വീണ്ടും ചോദിച്ചു
"ഇന്ത ചക്ക കൊടുങ്കോ ..."
കൂടെയുള്ള യൌവനയുക്തയായ കാക്കലത്തിയെ കണ്ണാല്‍ അടിമുടി ഒന്നുഴിഞ്ഞു നായര്‍ പറഞ്ഞു,
"കേറി ഇടാമെങ്കില്‍ ഇട്ടോ ..."
ഇലക്ടിക് പോസ്റ്റ് പോലെ ശിഖരങ്ങള്‍ ഒന്നും ഇല്ലാതെ നില്ക്കുന്ന പ്ലാവിന്റെ ഉച്ചിയിലെ ചക്കയിലേ
"നിനക്ക് ഞാന്‍ ഏണി ചാരി തരാം ... നീ കയറിക്കോ ..... " നായര്‍ മാര്‍ഗ്ഗം നിര്‍ദേശിച്ചു.
നായര്‍ ചാരിയ ഏണിയിലൂടെ കാക്കാലന്‍ പ്ലാവിന്റെ ഉച്ചിയില്‍ എത്തിയതും നായര്‍ ഏണി എടുത്തുമാറ്റി കക്കാത്തിയെ കൈക്ക് പിടിച്ചു അകത്തേക്ക് കയറ്റി വാതിലടച്ചു.
"പിന്നീടെന്തു സംഭവിച്ചു ... ? "
എന്നൊരു ചോദ്യം ഞങ്ങളുടെ മുന്നിലേക്ക് എറിഞ്ഞു കൊണ്ട് കാറ്റിലും കോളിലും അകപ്പെട്ട പായ്വഞ്ചി പോലെ ജോസേട്ടന് ആടിയുലയാന്‍ തുടങ്ങി.
അകത്ത് കയറി വാതിലടച്ചതിനു ശേഷമുള്ള മര്‍മ്മപ്രധാനമായ ഭാഗങ്ങള്‍ നഷ്ടമാകുമെന്നു ഭയന്ന് ഞങ്ങള്‍ ജോസേട്ടനെ തട്ടി ഉണര്‍ത്തി സ്റ്റെഡി ആക്കാന്‍ ശ്രമിക്കയാണ്.
എത്ര നിവര്‍ത്തി വെച്ചാലും വെള്ളം കൂടുതലായ മണ്ണ് കുഴച്ചു പണിത തൃക്കാക്കരപ്പനെ പോലെ ഇടിഞ്ഞു പൊളിഞ്ഞു താഴേക്കു വരികയാണ് ജോസേട്ടന്.
കഥയുടെ ക്ലൈമാക്സ് നഷ്ടമാകും എന്ന് കരുതി ടെന്‍ഷന്‍ അടിച്ച ഗിരി അല്‍പ്പം വെള്ളം കൈക്കുടന്നയിലെടുത്തു ജോസേട്ടന്റെ മുഖത്ത് തളിച്ചതും ഉഷാര്‍ വീണ്ടെടുത്ത ജോസേട്ടന് ഗ്ലാസ്സില്‍ ബാക്കി വന്ന സ്മാള്‍ കൂടെ വിഴുങ്ങി നിവര്‍ന്നിരുന്നു.
"വാതിലടച്ചിട്ടെന്തുണ്ടായി ജോസേട്ടാ ......????"
ആ ചോദ്യം ഞങ്ങള്‍ നാല് പേരുടെ വായില്‍ നിന്നും ഒരുമിച്ചാണ് വീണത് !!!
"കാക്കാത്തി വാവിട്ടു കരഞ്ഞു കൊണ്ടിഴുന്നു ..... " ജോസേട്ടന്റെ നാവു കുഴഞ്ഞു തുടങ്ങി
"പാവം കാക്കാലന്‍ എന്ത് ചെയ്യാന്‍ ...???"
പാതിയടഞ്ഞ കണ്ണുകളാല്‍ ഞങ്ങളെ മാറി മാറി ദയനീയമായി നോക്കിയതും ജോസേട്ടന് തറയില്‍ കമിഴ്ന്നു കിടന്നതും ഒരുമിച്ചായിരുന്നു.
പാവം കാക്കാലന്റെ നിസ്സഹായാവസ്ഥ ഓര്‍ത്ത് ഞങ്ങള്‍ കൂട്ടത്തോടെ ചിരിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് കാളിംഗ് ബെല്‍ ശബ്ദിച്ചത്.
കള്ളുകുപ്പികളെയും ഗ്ലാസുകളെയും അസംബ്ലിക്ക് വരിയായ് നില്ക്കുന്ന സ്കൂള്‍ കുട്ടികളെ പോലെ വാതില്‍ പുറകിലേക്ക് മാറ്റി വെച്ച് ഞാന്‍ വാതില്‍ തുറന്നു.
ഒരു മൂന്നടി അഞ്ചിഞ്ചുകാരനെയും എഴുന്നെള്ളിച്ചു കൊണ്ട് ഞങ്ങളുടെ മാനേജര്‍ മുന്നില്‍. ഞാന്‍ ആ കുള്ളനെ അടിമുടി ശരിക്കൊന്നു നോക്കി. അവന്റെ മൂക്കിനു താഴെ കോംപസ് വെച്ച് വരച്ച കൃത്യതയോടെ വൃത്താകൃതിയിലുള്ള ബുള്‍ഗാന്‍ താടി കണ്ടു എനിക്ക് ചിരി പൊട്ടി...
"ഇത് ഡേവിഡ് ... നാട്ടില്‍ എന്റെ ഭാര്യയുടെ അടുത്ത വീട്ടുകാരന് ആണ്. എന്റെ റൂമിലെ സ്ഥലപരിമിതി വേണുവിന് അറിയാമല്ലോ .... ഒരു രാത്രി ഒന്ന് അഡ്ജസ്റ്റ് ചെയ്യണം" മാനേജര്‍ പറഞ്ഞു.
"അതിനെന്താണ് സാര്‍ ??? ചൂട് കാരണം ഞങ്ങള്‍ ഹാളില്‍ വെറും നിലത്താണ് കിടക്കുന്നത്. ബെഡ്റൂമില്‍ കട്ടിലും കിടക്കയും കാലി. ഒരു പ്രോബ്ലവും ഇല്ല.
എന്നില്‍ പതഞ്ഞു പൊങ്ങുന്ന ആതിഥ്യമര്യാദ കണ്ടു കുള്ളന്റെ ദേഹത്തു രോമങ്ങള്‍ എഴുന്നുനിന്നുവോ എന്നൊരു സംശയം. വാതിലടച്ച് അകത്തു കയറിയതും ഏതോ വിചിത്ര ജീവിയെ കാണും മട്ടില്‍ എല്ലാരും കുള്ളനെ പകച്ചു നോക്കുന്നു.
തീരെ ബോധിച്ചില്ല എന്ന മട്ടില്‍ അടുക്കളയിലേക്കു വലിഞ്ഞു പായ വിരിക്കാനുള്ള തിരക്കിലാണ് അനില്‍. അദേഹത്തിന് ചില രാത്രി ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യേണ്ടതിനാല്‍ അതിനുള്ള സ്വകാര്യത തേടിയാണ് ഈ അടുക്കള ശയനം. കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു വിഹിതം ചിലവാക്കി വാങ്ങി കൂട്ടുന്ന ഇത്തരം ഗ്രന്ഥങ്ങള്‍ അമൂല്യ നിധി ശേഖരം കണക്കെ പെട്ടിയിലടുക്കി സൂക്ഷിക്കുക അദ്ദേഹത്തിന്റെ ശീലമാണ്.
ഇടയ്ക്കു ചില നാളുകളില്‍ ഇല്ലാത്ത പനിയോ വയറുവേദനയോ അഭിനയിച്ച് ഓഫീസില്‍ നിന്നും അവധിയെടുത്ത് ബാക്കിയുള്ളവരും അനിലിന്റെ ഈ ഗ്രന്ഥശേഖരം പാരായണം ചെയ്യാറുണ്ട് എന്നത് അനില്‍ പോലും അറിയാത്ത സത്യം!!!
നല്ല ഒരു സഭയുടെ ആസ്വാദ്യത കളഞ്ഞു കുളിച്ച കുള്ളന്‍ കശ്മലനെ മനസ്സാ പ്രാകി കൊണ്ട് ഹാളില്‍ വിലങ്ങനെ കമഴ്ത്തിയിട്ട ജോസേട്ടനെ നീളത്തില്‍ കിടത്തുന്ന പ്രക്രിയയില്‍ മുഴുകിയിരിക്കയാണ് വിജയനും ഗിരിയും.
അലമാരിയില്‍ അലക്കിവെച്ച കിടക്ക വിരിയെടുത്തു കിടക്കയില്‍ രണ്ടു തട്ട് തട്ടി വിരിച്ച ശേഷം ഞാന്‍ അതിഥിയായ കുള്ളനോട് കിടന്നു കൊള്ളാന്‍ നിര്‍ദേശിച്ചു.
ഇത്രയും തങ്കപ്പെട്ട മനുഷ്യര്‍ ഇന്നത്തെ ലോകത്തു വിരളം എന്നാണ് കുള്ളന്റെ മനസ്സ് ആ സമയം പറയുന്നതെന്നു ഞാന്‍
വായിച്ചെടുത്തു. ലൈറ്റ് കെടുത്തി ഹാളില്‍ വന്നു കിടന്നപ്പോള്‍ വലിയ ഒരു ചിരിയോടെ വിജയനും ഗിരിയും പറഞ്ഞു. അതിഥി ദേവോ ഭവ: ...... ആ വാക്യത്തിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ടു ഞാനും അവരുടെ ചിരിയില്‍ പങ്കു ചേര്‍ന്നു.
രാവേറെ ചെന്നപ്പോള്‍ മൂത്രശങ്ക അകറ്റാന്‍ ഞാനെഴുന്നേറ്റു കക്കൂസിലേക്ക് നടക്കവേ പുറത്തു നിന്നും റൂമില്‍ പ്രതിഫലിക്കുന്ന മങ്ങിയ വെളിച്ചത്തില്‍ കണ്ട കാഴ്ച എന്നെ ഭയപ്പെടുത്തി. കക്കൂസിന് മുന്നില്‍ പേപ്പറില്‍ പൊതിഞ്ഞ ഒരു മനുഷ്യ ശരീരം. വല്ലാത്തൊരുള്‍ഭയത്തോടെ ഞാനെന്റെ കാലുകള്‍ പുറകോട്ടു വലിച്ചു ലൈറ്റ് ഓണ്‍ ചെയ്തു. ആസകലം പേപ്പറില്‍ പൊതിഞ്ഞ ഈ ശരീരം ആരുടെതാണ്???
ബെഡ് റൂമില്‍ നോക്കിയപ്പോള്‍ കട്ടിലില്‍ അതിഥിയില്ല. കമിഴ്ന്നു കിടക്കുന്ന ശരീരം മലര്‍ത്തിയിടാന്‍ ശ്രമിച്ചതും ശരീരം ഉണര്‍ന്നു എണീറ്റിരുന്നു. ആളെ തിരിച്ചറിഞ്ഞ ഞാന്‍ ചിരിയടക്കി ചോദിച്ചു ....
എന്ത് പറ്റി ഡേവിഡ് ???
"എന്റിഷ്ട്ടാ .... ങ്ങടെ ആ കെടക്കയെന്താ മൂട്ട വളര്‍ത്തു കേന്ദ്രാ ,,,,,,,,, ???
"
ഹോ.... മൂട്ടയുണ്ടോ ?? ഒന്നും അറിയാത്തവനെ പോലെ ഞാന്‍ ചോദിച്ചു.
"മൂട്ടണ്ടാന്നാ...... ???? ന്റെ പൊന്നിഷ്ട്ട ..പട്ടി കടിച്ചു വലിക്കും പോലല്ലേ രാത്രി മുഴോന്‍ ന്നെ കടിച്ചു വലിച്ചേ ..... കൊറേ സഹിച്ച്.. ഒടുവില്‍ അലമാരെന്നു കൊറച്ചു പേപ്പറും വാരി ഞാന്‍ ജീവനും കൊണ്ട് ഓടി ഇബടെ വന്നു കെടന്നു"
കക്കൂസില്‍ കയറി അണ പൊട്ടിയ ചിരി പുറത്തു കേള്‍ക്കാതിരിക്കാന്‍ വെള്ളം തുറന്നു വിട്ടുകൊണ്ട് ഞാന്‍ മനസ്സില്‍ ചോദിച്ചു.
എടാ ഉണ്ണാക്കാ ... നീയെന്താ കരുത്യെ ?? നിന്നെ ഫൈബര്‍ ഫോമില്‍ കിടത്തി തറയില്‍ കിടന്നുറങ്ങാന്‍ ഞങ്ങള്‍ വെറും തറകള്‍ ആണെന്നോ ??
പിറ്റേന്നു കാലത്ത് മാനേജരുടെ റൂമിന്റെ ബെല്‍ അടിച്ചു അതിഥിയെ തിരിച്ചേല്പ്പിക്കുമ്പോള് ഡേവിഡിനോട് അദ്ദേഹം ചോദിച്ചു.
"എങ്ങനെയുണ്ടായിരുന്നു ഇന്നലെ ഉറക്കം ?"
"എന്ത് പറയാനെന്റിഷ്ട്ടാ.....? ഇന്നലത്തെ രാത്രിണ്ടലാ.... അത് ... ഈ ജന്മത്ത് ഞാന്‍,,,,,"
ഡേവിഡ് പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്‍പ് ഞങ്ങള്‍ പടികളിറങ്ങി താഴേക്കു സ്കൂട്ടായി.
താഴെ ഇറങ്ങിയ ഞങ്ങള്‍ അഞ്ചു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു ....
"അതിഥി ദേവോ ഭവ:"
97 അഭിപ്രായ(ങ്ങള്):
പാവം അതിഥി. അപ്പോള്‍ അന്നേ കന്നത്തരത്തില് ആളു പുലിയായിരുന്നല്ലേ? ചൂട് എന്ന് ആദ്യം പറഞ്ഞത് പാടേ വിശ്വസിച്ചുപോയതുകൊണ്ട് മൂട്ട എന്നൊരു ചിന്ത മനസിലേയ്ക്ക് വന്നതേയില്ല. എന്നത്തെയും പോലെ, വേണുജിയുടെ ഭാഷയുടെ ഒഴുക്ക് കൊണ്ടും, നര്‍മം കൈകാര്യം ചെയ്യുന്നതിലെ തന്മയത്വം കൊണ്ടും രസിപ്പിച്ച പോസ്റ്റ്. അടുത്ത അനുഭവക്കുറിപ്പിനായി കാത്തിരിക്കുന്നു. ഓരോ സാഹചര്യത്തിലും നര്‍മ്മം കണ്ടെത്താനുള്ള കഴിവ് ... അപാരം തന്നെ...
മുംബൈ വരെ വരുമ്പോള്‍ വേണു ഏട്ടന്റെ വീട്ടില്‍ ഒന്ന് കേറണം എന്ന് ഉള്ളവര്‍ ഇനി ആ വഴിക്ക് വരാതിരികാന് വേണ്ടിയാ അല്ലെ "അതിഥി ദേവോ ഭവ :" .... എന്തൊക്കെ ആയാലും ഇനി അവിടെ വന്നിട്ടേ വേറെ പണിയുള്ളൂ . "ആ നായര്‍ക്കു പിന്നെ എന്ത് പറ്റിയോ ആവോ.....
മൂട്ടകളാണെവിടത്തേയും പ്രശ്നക്കാര്‍..നല്ല പയറുമണീടത്രച്ചേയുള്ള മൂട്ടകള്‍..കടിച്ചു പറിച്ച് കൊന്നു കൊലവിളിക്കുന്ന മൂട്ടകള്‍..മൂട്ടകളില്ലാത്ത ഒരു ബെഡ്ഡ്..അതാണെന്റെ സ്വപ്നം..
രസകരമായ അനുഭവപരമ്പരകള്‍..വേണുവേട്ടാ...സ്പിരിറ്റടിക്കുവാന് ലൈസന്സെടുത്തശേഷമുള്ള കഥകള്‍ വച്ചു താമസിപ്പിക്കണ്ട...
അറിഞ്ഞിട്ട് ഈ തരികിട പണിയൊക്കെ ഒപ്പിച്ചിട്ടും
അവസാനം ആ വചനം ചൊല്ലേണ്ടിയിരുന്നില്ല!
നര്‍മ്മം നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍
ഡേവിഡിനേം ഫിറ്റാക്കി കിടത്താരുന്നു അല്ലേ. ഇനിയിപ്പോ പറഞ്ഞിട്ടെന്താ.. വേണുജി ആയിരുന്നേല്‍ ആതിഥേയര്‍ എന്തു കരുതും എന്നു കരുതി ആ കട്ടിലില്‍ തന്നെ മൂട്ടകള്‍ക്ക് തിന്നാന്‍ കിടന്നു കൊടുക്കുമാരുന്നോ..
ഡേവിഡ് ബുദ്ധിമാനായ മല്‍ബുവായിരുന്നു. കടികൊണ്ട് എന്തു മര്യാദ.
ആശംസകള്‍
ബോംബെ ദിനങ്ങളിലേക്ക് വീണ്ടും. തെളിവ് കിട്ടിക്കാണുമല്ലോ?
വേണുവേട്ടാ..യൂനു പറഞ്ഞ പോലെ ഞങ്ങള്‍ ആ വഴി വരേണ്ടതില്ല ല്ലേ. ..അതൊക്കെ ഞങ്ങള്‍ സഹിക്കാ..പക്ഷെ ആ ജോസേട്ടന് ണ്ടല്ലോ, ആളോട് ആ കഥ ഒന്ന് മുഴുവനാക്കി പറയാന്‍ പറ ട്ടോ. എന്നിട്ട് അതിനെ കുറിച്ച് വേറൊരു പോസ്റ്റും കൂടി അങ്ങട് പോസ്റ്റുക..ഹി ഹി..
ധാരാവിയെ കുറിച്ചുള്ള വല്ല കഥകളും ണ്ടോ ..അത് ഇടക്കൊക്കെ ഒന്ന് പറയണം ട്ടോ.
ആശംസകള്‍ ..വീണ്ടും കാണാം..
കൊള്ളാംട്ടോ. കാക്കാലനും ഡേവിഡും. ബാച്ചി വിശേഷങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ടാവും,ല്ലേ. പോരട്ടെ, പോരട്ടെ..
വേണുവേട്ടാ ഈ നർമ്മം ഇഷ്ടപ്പെട്ടു...
എന്നിട്ട് കാക്കാലൻ എന്തൂട്ട് ചെയ്തു..
പിന്നെ ഒന്നു തോന്നിയത്, ഇതൊരു രണ്ട് മൂന്ന് കഥയാക്കാമായിരുന്നു എന്നാ...
അതിഥി സല്‍ക്കാരം കലക്കി ഇനി ഈ ആയുസ്സില്‍ ആ പുള്ളി നിങ്ങളെ ക്ഷണം സ്വീകരിക്കില്ല
ബാച്ചിലേഴ്സ് റൂമിന്റെ രസകരമായ സംബവങ്ങളിലൂടെ രസായി എഴുതി വേണുജി
ഇത് കൊള്ളാം
എന്തരായാലും ഇനി നാട്ടിൽ വരുമ്പൊ അതിലൂടെ ഒന്ന് വരാം , അന്താണ് പുതിയ സൽക്കാരം എന്നും അറിയാലൊ
പാവം അതിഥി അനുഭവിച്ച വേദന കഥയില്‍ നിന്ന് പുറത്തുവന്ന് വായനക്കാരെപ്പോലും ആക്രമിച്ചു. എന്നാലും എന്റെ ദുഷ്ടന്മാരേ, ഇങ്ങനെയൊക്കെ ചെയ്തിട്ടും യാതൊരു മനപ്രയസവും നിങ്ങള്‍ക്കുണ്ടായില്ലല്ലോ. അല്ലാ, മ്മടെ ജോസേട്ടന് പിന്നെ ഉണര്‍ന്നില്ലേ, അപ്പങ്ങള്‍ കഥയുടെ ബാക്കി ചോദിച്ചോ? നല്ലഷ്ടായി അനുഭവക്കുറിപ്പ്.
മാനേജറുടെ ഭാര്യയുടെ അയല്പക്കകാരനോട് ഇത്രയൊക്കെ ആതിഥ്യമര്യാദ കാട്ടിയാല്‍ മതി. ഇല്ലെങ്കില്‍ പുള്ളി അവിടെ തമ്പടിച്ചു കൂടിയേനെ. വായിച്ചു രസിക്കാന്‍ പറ്റിയ പോസ്റ്റ്.
അപ്പൊ മനപൂര്‍വമായിരുന്നു അല്ലെ...?
ഞാന്‍ ഇവിടെയൊക്കെ തന്നെയുണ്ട് .എന്നാലും ആ ഭാഗത്തേക്ക്..ഊ...ഹും....
ബാച്ചികൾക്കാണോ അനുഭവത്തിന് പഞ്ഞം.. :) വേണുവേട്ടാ നന്നായി..
സാധാരണക്കാരൻ സഞ്ചരിക്കാത്ത വഴികളിലൂടെ നായരെ പറഞ്ഞയച്ച ബിജുവേട്ടാ...:)
@@
ഞങ്ങള്‍ മുംബയ് വഴി വരണോന്ന് കരുതിയതാ.
മൂട്ടകളെ പേടിച്ചു വരുന്നില്ല!
ഉപമകളും ഉള്‍പ്രേക്ഷകളും കൊണ്ട് രോമാലംകൃതമായിരിക്കുന്നു പോസ്റ്റ്. വേണുജിക്കും പാതിരാ-മൂത്രശങ്ക ഉണ്ടായീന്നറിഞ്ഞപ്പോ എന്തെന്നില്ലാത്ത സന്തോഷം!
അസമയത്തുവരുന്ന അതിഥിയും മുട്ടയും ഒരുപോലെയാണ്.
ബിജു ഡേവിസിന്റെ പരകായ പ്രവേശം കൊള്ളാം.
(അന്നുവായിച്ച വിശുദ്ധ ഗ്രന്ഥങ്ങളിലെ ഏതെന്കിലും ഒരു അദ്ധ്യായം അടുത്ത പോസ്റ്റായി പ്രതീക്ഷിക്കാമോ?)
(ശോഭേച്ചിയോടും വിഷ്ണുവിനോടും അന്വേഷണം ഭോല്ദീജിയേ)
**
പുതിയതായിട്ട് വരണ പാവങ്ങക്കിട്ട് പണി കൊടുക്കലാണല്ലെ ഇങ്ങട പണി.. പാവം ഡേവിഡ്..!! വീണ്ടും പോരട്ടെ ബാച്ചി ഡയറിക്കുറിപ്പ്..
നർമ്മം അനുഭവക്കുറിപ്പിൽ നന്നായി ചേർത്ത് വച്ചു.. ആശംസകൾ..!!
ബാച്ചിലേഴ്സിന് ഇങ്ങിനെ മധുരവും കയ്പ്പും നിറഞ്ഞ ഒരു പാട് അനുഭവങ്ങള്‍ പങ്കുവെക്കാനുണ്ടാവും.പക്ഷെ അത് ഭംഗിയുള്ളശൈലിയില് ആവിഷ്കരിക്കാന്‍ സര്ഗസിദ്ധിതന്നെ വേണം.അതിവിടെ പ്രിയ സുഹൃത്ത് വേണുഗോപാല്‍ പതിവുപോലെ പ്രകടിപ്പിക്കുന്നു.
ഏറ്റവും രസകരമായി തോന്നിയത് കാക്കാത്തിയെ റൂമിലടച്ചിട്ട് 'ബാക്കി സംഭവിക്കുന്നത്...'സസ്പെന്സിലാക്കുന്ന, 'മനസ്സില്‍ ലഡു പൊട്ടിക്കുന്ന' നിമിഷമാണ് .അഭിനന്ദനങ്ങള്‍ക്കുമപ്പുറം...
യ്ക്കൊന്ന് മുംബൈയ്ക്ക് വരണം ന്ന് ഭയങ്കര ആഗ്രഹണ്ടായിരുന്നു, ഇതൊക്കെയൊന്ന് ശര്യായാൽ. ഇനിയില്ല,ഇതല്ലേ അങ്കം.! ഈ പറഞ്ഞ കാര്യങ്ങളിൽ എനിക്ക് നല്ല സംശയം ള്ള ഭാഗങ്ങൾ ഞാൻ പറയാം.
1.ആ മദ്യക്കൂട്ടായ്മകളിൽ നിന്ന് വേണ്വേട്ടനും വേറൊരാളും വിട്ട് നിൽക്കാറുണ്ടെന്ന് പറഞ്ഞത്. അൺബിലീവബിൾ,ഡിസ്പോസിബിൾ.!
2.പിന്നെ ആ അമൂല്യ ഗ്രന്ധശേഖരത്തിൽ നിന്ന് വായിക്കാൻ വേണ്വേട്ടനും ലീവെടുത്ത് വരാറില്ലേ ?
3.പിന്നെ ആ കാക്കാലന്റേയും കാക്കാത്തിടേയും സംഭവം പണ്ട് വേണുവേട്ടന് വീട്ടിൽ സംഭവിച്ചതല്ലേ ?
സത്യങ്ങൾ എന്നോട് ഫോൺ വിളിച്ച് പറഞ്ഞാ മതി.! ഞാനതാരോടും പറയുകയേ ഇല്ലാ....!
സത്യങ്ങൾ എന്നോട് ഫോൺ വിളിച്ച് പറയും എന്ന വിശ്വാസത്തോടെ നിർത്തുന്നു.
ഗംഭീരം തകർപ്പൻ ട്ടോ ഇത്.ആശംസകൾ.
വേണുവേട്ടാ മ്മടെ നാട്ടുകാരനിട്ടുതന്നെ പണി കൊടുത്തല്ലേ? എന്തായാലും കലക്കീണ്ട് ട്ടാ ...
സന്തോഷായി ...മകനേ...ഒരു സംശയം?? പോത്തും പൊറോട്ടയും അകത്താക്കി ?? പോത്തിനെ മോത്തമായിട്ടാണോ അതോ ചില്ലറയായിട്ടോ അകത്താക്കിയത് ??
ഈ മൂട്ടകള്‍ വല്ലാത്ത പ്രശ്നം തന്നെ അല്ലെ. ഒരു ഗുണം ഉണ്ട്. ഒരിക്കല്‍ വന്ന അഥിതി പിന്നെ വരില്ല. അനുഭവങ്ങള്‍ രസമായി പറഞ്ഞിരിക്കുന്നു.
ഇത് വല്ലാത്ത ഒരു പണിയായിപ്പോയല്ലോ വേണുവേട്ടാ ...:)) പാവം നായര്‍ ഉഹും ഇനി പട്ടുമെത്ത കൊടുക്കാം എന്ന് പറഞ്ഞാലും നിങ്ങളുടെ അതിഥിയായി ഇനി വരുമെന്ന് തോന്നണില്ലാ ട്ടോ....!ആട്ടെ പിന്നെ ആളെ കണ്ടിട്ടുണ്ടാ ...:))
വേണുവേട്ടാ ...എനിക്കിഷ്ടപ്പെട്ടത് നിങ്ങളുടെ വാക്കുകൊണ്ടുള്ള കസര്‍ത്താണ്...!!ആസ്വദിച്ചു വായിച്ചു ...!!ഉപമയും ഉല്പ്രേക്ഷയും കൊണ്ട് നിറഞ്ഞ ബിരിയാണി ചെമ്പ് പോലത്തെ പോസ്റ്റ് !!
മുംബായ് അനുഭവങ്ങൾ ഇനിയും ഇനിയും പങ്കുവെക്കൂ വേണുവേട്ടാ.... എന്നെപ്പോലൂള്ളവർക്ക് അങ്ങേയറ്റം കൗതുകവും ജിജ്ഞാസയുമുണർത്തുന്നതുമായ അറിവുകളാണവ. ലളിതമായ ഭാഷയിൽ വേണുവേട്ടന് അത് ഭംഗിയായി അക്ഷരങ്ങളിലൂടെ ഞങ്ങൾക്ക് കാണിച്ചുതരുവാനാവുന്നു.
ഏതു ശത്രുവും ഒരിക്കൽ ഉപകാരിയാകും; അല്ലേ വേണ്വേട്ടാ... :)
good
ആ മൂട്ടയെ നിങ്ങള്‍ അപ്പോള്‍ കുടിയിരുത്തിയതാണോ എന്ന സംശയവും സ്വാഭാവികമായി ഉയരുന്നു....
പിന്നെ കുടിക്കാന്‍ ഇപ്പോള്‍ ലൈസന്‍സ് ഉണ്ടെകില്‍ (ഉണ്ടെങ്കില്‍) ആ ലൈസന്‍സ് അങ്ങ് കീറി കളയൂ വേണുവേട്ടാ... :)
അനുഭവങ്ങള്‍ വായിക്കുന്നത് എപ്പോഴും സുഖകരമായ അനുഭവം തന്നെയാണ്...
മറ്റു പോസ്റ്റുകളെ അപേക്ഷിച്ചു ഇതു കൂടുതല്‍ ഹാസ്യാത്മകമായി അവതരിപ്പിച്ചു...
ഇനിയും പോരട്ടേ അനുഭവങ്ങള്‍....
അല്ല. ഈ മൂട്ട മൂട്ട എന്ന് പറഞ്ഞാല്‍ എന്തൂട്ടാ?? ഞാന്‍ ജീവിതത്തില്‍ ഇന്നേ വരെ അങ്ങനെ ഒരു ജീവിയെ കണ്ടിട്ടില്ല....ഓഫീസിലെ സഹപ്രവര്‍ത്തകര്‍ മൂട്ടയെ കൊല്ലുന്ന രീതികള്‍ വര്ണിക്കുമ്പോള് കൊതി തോന്നും.. :(
അനുഭവം ചീറി... ആ മഹനീയ പുസ്തകങ്ങള്‍ ഒന്ന് വായിക്കാന്‍ വേണമായിരുന്നു
മൂട്ട സല്‍ക്കാരം :) നല്ല നര്‍മ്മഭാവന വരികള്‍ വായിക്കുന്തോറും സ്ഥലങ്ങളും കഥാപാത്രങ്ങളും മനസ്സില്‍ തെളിഞ്ഞു .മികവുറ്റ അവതരണം .വല്യേട്ടന് എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
വാട്ടീസടി, വെടിക്കഥ, മഹത്ഗ്രന്ഥപാരായണം! ഒടുക്കത്തെ പണി വന്നു കയറിയവനും. ആകെ മൊത്തം ചാരിത്ര്യ ശുദ്ധിയുള്ള ചെറുപ്പക്കാര്‍:)
"നായര്‍ കൊടുത്ത പുലിവാല്" മുംബൈലും ജോസേട്ടന്റെ നാട്ടിലും.
അല്ലേലും ഈ തൃശൂര്‍കാര്‍ക്ക് ഒരു പണി വേണ്ടതാ...പാലാക്കട്ടുകാരുടെ വകയാകുമ്പോള്‍ ചട്ടീം കലോം പോലെയായിക്കോളും. നാക്കില്‍ മൂട്ട കടിച്ചാല്‍ അത്രയും നേരം ഒരു ശമനം! :)
വേണുവേട്ടന് സരസസുന്ദരമായി എഴുതി.
സ്നേഹാശംസകള്‍.....
ന്നാലും ഇങ്ങനെയുണ്ടോ ഒരു അനുഭവം, കലക്കീന്നു പറഞ്ഞാ മതി!. രാത്രിയിലെ ഗ്രന്ധ പാരായണ ശീലം ഉഗ്രനായി.പ്ലാവില്‍ കയറിയവന്റെ കഥ സസ്പെന്സില് നിര്‍ത്തിയതും മൂട്ട പ്രയോഗവും എല്ലാം ഭേഷായി. കോളേജില്‍ പഠിക്കുമ്പോള്‍ പാതിരാത്രിയില്‍ ഉണര്‍ന്നു മൂട്ടയെ കൊന്നു ചുമരില്‍ തേച്ചിരുന്നതും ആ കൈ മണത്തു നോക്കിയിരുന്നതും ഓര്‍മ്മ വന്നു. ടൈറ്റിലാണെങ്കില്‍ ഉഗ്രന്‍ ! അതിഥി ദേവോ... പിന്നെന്താ..?
ഇഷ്ടമായി ഈ നര്‍മ്മവും.
അല്ലേലും മുംബൈ അങ്ങനെ തന്നെ അല്ലെ ,,
സരസമായ ശൈലിയില്‍ ഇനിയും വരട്ടെ ഇത്തരം ചെറിയ ചെറിയ കുറിപ്പുകള്‍ ...
വേണുവേട്ടാ ആശംസകള്‍
വായിച്ച് ചിരിച്ചു കുറെ, നന്നായിട്ടുണ്ട് കെട്ടോ...നല്ല ഒഴുക്കുണ്ട് എഴുത്തിനു, അത് പോലെ ഉപമകള്‍ കലക്കി.അഭിനന്ദനങ്ങള്‍.
വേണുവേട്ടാ മൂട്ട പുരാണം കലക്കീട്ടോ...
മൂട്ടകളെ കൊല്ലാന്‍ നല്ല ഒരു മരുന്ന് പറഞ്ഞു തരാം Fairy Liquid Soap (Lemon) കുറച്ചു വെള്ളത്തില്‍ നേര്‍പ്പിച്ച് Spray ചെയ്താല്‍ മതി എത്ര കൊടികെട്ടിയ മൂട്ടചട്ടമ്പിയും ചത്തുപോകും. കീടനാശിനി കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഉണ്ടാകുകയും ഇല്ല.
മൂട്ട എന്ന് കേട്ടാലെ പേടിയാണ് എനിക്ക് എന്നെ എവിടെ കണ്ടോ തിരഞ്ഞു പിടിച്ചു കടിക്കുന്ന സാദനങ്ങള് ആണ് .മൂത്തതാണെന്നു ഒരു ബഹുമാനവും ഇല്ലെന്നെ ..ഏതായാലും നല്ല നര്‍മ്മം പതിയിരിക്കുന്നുണ്ട് ..ചിരിച്ചു കലക്കി
വേണുവേട്ടനും ഇടയ്ക്കു ഓഫീസ് ലീവാക്കുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ് പിടി കിട്ടിയത്..വായിക്കാന്‍ നല്ല രസമുള്ള അനുഭവം.ആശംസകള്‍
ഹ ഹ ഹ നല്ല നര്‍മ്മ വിവരണം. മുംബൈ ജീവിതത്തിലെ അനുഭവങ്ങള്‍ നര്‍മ്മത്തില്‍ പറയുമ്പോഴും മഹാ നഗരത്തിലെ ഇടുങ്ങിയ ജീവിതത്തിലെ വിങ്ങലുകള്‍ വായിച്ചെടുക്കാം. തുടരുക. കര്‍മ്മ ഭൂമിയിലെ അതിജീവനത്തിന്റെ സാഹസികതകള്‍. ആശംസകളോടെ.
നര്മ്മപുരാണം കസറീട്ടോ.അഭിനന്ദനങ്ങള്‍.....
അപ്പോളിതിൽ മൂമ്പെയല്ല..
മൂട്ടയാണ് താരം അല്ലേ ഭായ്
രസായി വായിച്ചു, ഒഴുക്കുള്ള വിവരണം.
അതിഥി ദേവോ ഭവ: സംഗതി ചിരിപ്പിച്ചു എന്ന് മാത്രമല്ല ഇതേ അനുഭവം എനിക്കുമുണ്ട്, എന്റെ ഒരു കൂട്ടുകാരന് ആദ്യമായി എന്റെ കൂടെ റൂമിലേക്ക് വന്നു. പിന്നെ നടന്നവയെല്ലാം ഇതേപോലെ തന്നെ. അവന്റെ വെളുത്ത ശരീരം ചുവന്ന് തുടുത്തിരുന്നു... ഇപ്പോള്‍ ഞാന്‍ അവനെ ഇടക്കിടെ അതിഥിയായി ക്ഷണിച്ചാലും അവന് ചിരിച്ച് കൊണ്ട് ആ ക്ഷണം നിരസിക്കും... മൂട്ടകള്‍ മൂട്ടകള്‍ , മൂട്ടകള്‍ക്കെതിരെ ഒരു വിപ്ളവം നയിക്കാന്‍ ഇവിടെ ആരുമില്ലേ
അതെയതെ, അതിഥി ദേവോ ഭവ: (പാവം!)
രസകരമായി എഴുതി, വേണുവേട്ടാ... :)
ഈ മൂട്ടകള്ക്കൊരു കുഴപ്പമുണ്ട് അതിനെ പേടിച്ച് നമ്മളെങ്ങോട്ടു മാറിക്കിടന്നാലും മണം പിടിച്ചെത്തി കടിച്ചുപറിക്കും..!ബാച്ചി ലൈഫില്‍, ഒറ്റമുറിയിലെ ഇരുമ്പുകട്ടിലില്ക്കിടന്ന് മൂട്ടയുടെ ചുടുചുമ്പനം അസ്സാരം ഏറ്റിട്ടുണ്ടേ..യ്..!!
അതിനും വേണം ഒരു ഭാഗ്യം.അല്ലേ വേണൂജീ..!
എഴുത്ത് അസ്സലായി.
ആശംസകള്‍ നേരുന്നു..പുലരി
അതിഥിയെ ആത്മാര്‍ഥതയോടെ സല്ക്കരിച്ചു എന്നാണ് ആദ്യം കരുതിയത്....അവസാനം വരെയും അതിന്റെ "രസം" നിലനിര്‍ത്തി.ബോംബെ ജീവിതം വളരെ സത്യസന്ധമായി അവതരിപ്പിച്ചു.ആശംസകളോടെ...
കഴിഞ്ഞ കാലം എപ്പോഴും ഇങ്ങനെയാണ്.
“നിനൈത്താലേ ഇനിക്കും!”
കൊള്ളാം!
വേണുവേട്ടാ.....എല്ലാരേം പറഞ്ഞ് പറ്റിച്ച് വെച്ചിരിയ്ക്കായിരുന്നല്ലേ...
ഞാനും കരുതി ബാംഗ്ലൂരില്‍ നിന്ന് മുംബയ് വഴി നാട്ടിലേയ്ക്ക് എളുപ്പമാണെന്ന്..
ഇതു വായിച്ച് ഞാന്‍ റൂട്ട് മാറ്റാനൊന്നും പോണില്ലാ ട്ടൊ.. :)
എഴുത്തിനെ കുറിച്ച് എന്താ പറയാ...ഇടയ്ക്ക് ചിരിച്ച് കണ്ണ് നിറഞ്ഞു പോയി...
വായനയ്ക്ക് അനുസരിച്ച് ഭാവമാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടേയിരുന്നു..
നല്ലൊരു അനുഭവ കഥ രസകരമായി എഴുതി...രസകരമായി തന്നെ വായിച്ച് തീര്‍ത്തു...
സന്തോഷം ഏട്ടാ.....നന്ദി..!
ശുഭരാത്രി ട്ടൊ...!
ഹ ഹ അപ്പൊ ഇങ്ങിനെയും ഒന്ന്
പോരട്ടെ ഓരോന്നായി വേണുവേട്ടാ.............
ഞാന്‍ വെള്ളം അടിക്കില്ല ,ലൈസന്‍സ് ഇല്ല പോലും ..ആ ഭാഗത്ത് കള്ളത്തരം എഴുതി അല്ലെ ? :).മൂന്നു പേര്‍ക്ക് കുടിക്കാന്‍ പിന്നെ എന്തിനാ രണ്ടു ഫുള്‍ ?
ആദ്യമേ ചന്ദ്രേട്ടനെ കുറിച്ച് പറയുന്ന സ്ഥലത്ത് ചന്ദ്രേട്ടന്റെ വീട്ടില്‍ ആദ്യമായി പോയ ആ മനോഹരമായ സംഭവത്തിന്റെ ലിങ്ക് കൊടുക്കാമായിരുന്നു ..പുതിയ വായനക്കാര്‍ക്ക് അതോരോര്മ്മപ്പെടുത്തല് ആകും ..:)
അങ്ങനെ ആ കാര്യത്തില്‍ ഒരു തീരുമാനമായി.ഇത് വായിച്ച ആരും ഇനി ആ വഴിക്ക് വരില്ല.
ഹഹാഹ സൂപ്പര്‍ വേണുവേട്ടാ ,,,
കാക്കാലന്റെയും കാക്കാത്തിയുടെയും കഥ ജോസേട്ടന് സസപന്സ് ആക്കിയത് പോലെ വായനക്കാരില്‍ ആ സസ്പന്‍സ് നിലനിര്‍ത്താന്‍ വേണുവേട്ടനായി,,..
-------------------------------------
അതൊക്കെ പോട്ടെ എന്നിട്ടെന്തായി ?? ,,ചുമ്മാ ചോദിച്ചതാ കേട്ടോ സലിം കുമാര്‍ പറഞ്ഞത് പോലെ ശെരിക്കും ബിരിയാണി കൊടുത്തിണ്ടാവുമോ??
അനുഭവത്തിനു നര്‍മ ഭാവന കൊടുത്ത് അവതരിപ്പിച്ചത് ഇഷ്ടായി..
ബാചിലെര്സ് റൂം അല്ലെങ്കിലും ഒരു അനുഭവം തന്നെയാണ്.
നന്മകള് വേണുവേട്ടാ..
കഥ ഉഷാറായി.. വെള്ളമടിക്കരുടെ ഇടയിലെ ജീവിതവുമെല്ലം രസകരമായി.. ആശംസകൾ
കൊടുക്കുന്ന പണി കൊല്ലത്ത് കിട്ടിയില്ലെങ്കിലും കോട്ടയത്ത് എന്തായാലും കിട്ടും എന്നോര്മിപ്പിച്ചു കൊണ്ട്.. രണ്ടു ഇടിവെട്ട് ആശംസകള്‍..
അതിഥി ദേവോ ഭവ : ഇത് വായിച്ചപ്പോള്‍ എന്റെ കോയമ്പത്തൂര്‍ ജീവിതം ഓര്മ വന്നു !! ആ കാക്കാത്തിക്ക് എന്ത് സംഭവിച്ചു എന്ന് ജോസ്ട്ടനോട് പിന്നീട് ചോദിക്കായിരുന്നില്ലേ ?? സംഭവം കലക്കി വേണുവേട്ടാ .
ആളെ കൊത്തിക്കൊണ്ടു പറക്കാന്‍
കൊതുകുകളെ മൂട്ടകള്‍ സമ്മതിക്കേണ്ടേ എന്ന പഴയ കഥ ഓര്‍മ്മവന്നു!
നന്നായി വേണുജീ...
ബാച്ചി കാലമാണ് ജീവിതത്തിലെ ഏറ്റവും നല്ല കാലം !
അനുഭവ പോസ്റ്റുകള്‍ വായിക്കാന്‍ ഒരു പ്രത്യേക സുഖമാ
ഇവിടെ ആ സുഖം നല്ലോണം കിട്ടി
ജോസേട്ടന്റെ ലോല ഹൃദയം പറഞ്ഞ വരികള്‍ കലക്കി
ആശംസകള്‍
കൂടുതല്‍ പോസ്റ്റുകള്‍ വരട്ടെ ..
"ഇങ്ങള് ആളു കൊള്ളാം ഇഷ്ടാ ..
ഇമ്മാതിരി പണി തന്നെ അഥികള്‍ക്ക് ചെയ്തു കൊടുക്കണം കേട്ട "
മൂട്ടകളുടെ കാര്യം പറഞ്ഞാല്‍ ഞങ്ങള്‍ ഗള്‍ഫ് പ്രവാസികള്‍ക്ക് ..
ജീവിതത്തിന്റെ ഭാഗമാണ് .. മൂട്ടയില്ലാതെ എന്താഘോഷം ..
എങ്കിലും , ഈയൊരു ചതി ഉണ്ടാകുമെന്ന് വായിച്ചു വന്നപ്പൊള്‍
ഞാനും കരുതിയില്ല , മാനേജരുടെ ഇഷ്ട തോഴനെന്നെ കരുതിയുള്ളു ..
ആ വെള്ളമടിയുടെ വിവരണം ഒന്നു കൊതിപ്പിച്ചേട്ടൊ സത്യത്തില്‍ ..
പിന്നെ ആരെങ്കിലും വരുമ്പൊള്‍ കതകിന് പിറകിലേക്ക് നിര നിരയായ്
മാറുന്ന ഗ്ലാസ്സുകള്‍ ഓര്‍മകളും , ഒരു ജീവനും നല്കി വരികളില്‍ ..
എന്നത്തേയും പൊലേ ഏച്ചു കെട്ടുകളില്ലാത്ത നാട്ടുപുറത്തുകാരന്റെ
മനസ്സില്‍ നിന്നും ശുദ്ധതയൊടെ പൊഴിഞ്ഞു വീണ വരികള്‍ ..
ഇഷ്ടമായി ഏട്ടാ വീണ്ടുമീ വരികളേയും ഈ മനസ്സിനേയും ..
അതിഥി ഭവ:
മൂട്ട ദൈവങ്ങല്ക്ക് അതിഥിയുടെ ചോര കൊണ്ട് തന്നെ പൂജ നടത്തിയല്ലേ?
കൊള്ളാം... രസ്സായിട്ടുണ്ട്...
അപ്പൊ.. ഈ മൂട്ട എവിടേയും പ്രശ്നക്കാരൻ തന്നേല്ലെ..!! നന്നായിരിക്കുന്നു...
ആശംസകൾ...
ഇത്തിരി വൈകി ട്ടോ വേണുവേട്ടാ. നാട്ടിലല്ലേ ഇവിടെ നെറ്റിന് മുടിഞ്ഞ സ്പീഡ് ആണ്. ഇന്ന് കമ്മന്റ് ടൈപ് ചെയ്തു വെച്ചാല്‍ നാളെ ഇതേ സമയം ആവും ഒന്ന് മലയാളം ആയി കിട്ടാന്‍.
എന്നാലും ആ സല്‍ക്കാരം എനിക്കിഷ്ടായി. ആ ക്ലൈമാക്സ് മിസ്സായ വിഷമം നിങ്ങളെ പോലെ എനിക്കും ഉണ്ട് . പിന്നൊരിക്കല്‍ ചോദിച്ച് പറയണേ.
ആശംസകള്‍
വായിച്ചു,രസിച്ചു....ഇനിയും പോരട്ടേ അനുഭവ കഥകൾ
അനുഭവങ്ങള്‍ തെളിമയോടെ പകര്‍ത്തിയത് വായിച്ചു ചിരിച്ചു.
ഓരോരോ മുഹൂര്‍ത്തങ്ങളും നര്‍മ്മം പകര്‍ന്നു രസകരമായി എഴുതി.
അനുഭവങ്ങളുടെ ശേഖരത്തില്‍ ഇനിയും ഒരു പാട് ബാക്കി കാണുമല്ലോ? അവ കൂടി പങ്കു വെക്കാന്‍ മറക്കണ്ട സര്
പ്രിയരേ ..
അവിചാരിതമായി സംഭവിച്ച ജോലി ഭാരങ്ങളാല്‍ മൂന്ന് മാസങ്ങളോളം പുതുതായി ഒന്നും എഴുതാന്‍ കഴിഞ്ഞില്ല. ആയതിനാല്‍ ബ്ലോഗ്ഗിലെ എന്റെ സാന്നിധ്യം അറിയിക്കാന്‍ ആയി ഞാന്‍ കുറിച്ച ഈ പഴയകാല അനുഭവ കുറിപ്പ് വായിച്ചു നിങ്ങള്‍ തന്ന പ്രോല്‍സാഹനം വളരെ വലുതാണ്. ഈ കുറിപ്പ് വായിക്കാന്‍ സമയം കണ്ടെത്തി അഭിപ്രായങ്ങള്‍ പങ്കിട്ട എന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക് ഈ എളിയവന്റെ നന്ദിയും സ്നേഹവും പകരം നല്കട്ടെ
അതെ വേണുജി...കമന്റ് ഒന്നും
ഇടുന്നില്ല..
ഒരു രഹസ്യം ചോദിച്ചോട്ടെ? മറ്റേ
ഏണി നായര്‍ പിന്നെ മാറ്റിയോ?
ജോസേട്ടന് വല്ലതും പറഞ്ഞാരുന്നോ?
അല്ല കാക്കാലതിക്ക് സുഖം ആണോ എന്ന്
അറിയാന്‍ ചുമ്മാ ചോദിച്ചതാണേ??!!!
ദേ ഞാന്‍ സ്കൂട്ട് അയീട്ടോ...
മാസങ്ങളായി ബ്ലോഗ് വായന നടക്കുന്നില്ല. എന്നാലും ഇതാ വീണ്ടും വന്നു വായിച്ചിരിക്കുന്നു.
മികവുറ്റ ഈ എഴുത്ത് നല്ല വായനക്കും എഴുത്തിനും പ്രചോദനമേകുന്നു.
ഓര്‍ത്ത് ചിരിക്കാന്‍ പറ്റിയ അനുഭവങ്ങളില്‍ ഇതാ ഒന്ന് കൂടി, ആശംസകള്‍ .
നല്ല അനുഭവങ്ങള്‍ ഒഴുക്കുള്ള ഭാഷയില്‍ പറഞ്ഞത് ഇഷ്ടായി. എന്നാലും 'അതിഥിയെ ഇങ്ങിനെ ദേവോ ഭവയാക്കുമെന്നു കരുതിയില്ല..:)
വേണുജി നന്നയിരിക്കുന്നൂ .ഒരുപാട് ചിരിച്ചു ..ഏതാണ്ട് നിങ്ങളുടെ ബചിലെര് റൂമിന്റെ ചുവരില്‍ പറ്റി പിടിച്ചിരുന്ന പല്ലി യെപ്പോലെ എല്ലാം നേരിട്ട് കണ്ട പ്രതീതി
ഏതായാലും ഒരതിഥി ഒരിക്കലെ ദേവോ ഭാവയാകാന് വരൂ .... ഹി ഹി പിന്നാ പൂതി കാണൂല്ല.... നല്ല രസായീട്ടോ എഴുത്ത്........ ആശംസകള്‍ മാഷേ...
രസകരം..
അപ്പൊ ബാച്ചിലെഴ്സിന്റെ റൂമില്‍ ഇതൊക്കെയാ നടക്കുന്നത് അല്ലേ?
നന്നായി എഴുതി.
Echmu Kutty
15:56 (8 minutes ago)
to me
ഭയങ്കരന്മാര്!
ആരും വീട്ടിലു കയറി വരാണ്ടിരിക്കാനാണല്ലേ മിടുക്കായിട്ട് ഒരു മൂട്ടക്കഥ എഴുതിയത്......കൊള്ളാം കേട്ടൊ. ചിരിച്ചു രസിച്ചു.......
എന്റെ കമന്റ് തുഞ്ചാണി ബ്ലോഗ് സ്വീകരിക്കാതെ
മുഖം വീര്‍പ്പിച്ചിരിക്കുന്നു
അനുഭവക്കുറിപ്പ് നല്ല അനുഭവമായി. ഇതിലെ നർമ്മം സുഖകരം.
ഭാവുകങ്ങൾ.
അനുഭവങ്ങള്‍ ...
അവ എന്നും രസകരമാണ്...
ദാ.. ഇത് പോലെ
അപ്പോ അതാണ് കാര്യം.....
കുഴപ്പമില്ല...
രസികന്‍ അവതരണം...
എല്ലാ ഭാവുകങ്ങളും!!!
ചില സാഹചര്യങ്ങളില്‍ മൂട്ടകളും പ്രയോജനപ്പെടും അല്ലേ?...
അയത്നലളിതമായ എഴ്ത്തിന്റെ ഉസ്താദിന് ഒരു വൈകിയ ആശംസ.
എഴുത്തിലെ സ്വാഭാവികത കൊണ്ട് തന്നെ കഥയില്‍ പല ചോദ്യങ്ങളും ശേഷിക്കുന്നു.
സമയം ഉള്ളപ്പോള്‍ ആ ത്രെഡ് കള്‍ ഡെവലപ്പ് ചെയ്യാന്‍ ശ്രമിക്കുക.
അറിയാതെ പോലും ,ഇനിയാരും വീടിന്റെ,പരിസരത്തോട്ടു പോലും വരില്ല ,എന്റമ്മേ ,പാവം അതിഥി !രസകരമായ കഥ .ആശംസകള്‍ !
ഉഗ്രന്‍, അഭിനന്ദനങ്ങള്‍
വായിച്ചു രസിച്ചു..........!!!
നന്നായിട്ടുണ്ട് ചേട്ടാ .........!!
സ്നേഹമഴ*.......!!!
നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു
നന്നായിട്ട് ചിരിപ്പിക്കാന്‍ അറിയാം. പക്ഷെ എല്ലാ തവണയും എനിക്ക് ഡൌട്ട് ഉണ്ട്. ആ കക്കാത്തിക്ക് എന്ത് സംഭവിച്ചു?
മനോഹരമായ രചന വേണുവേട്ടാ. ഇവിടെ എത്താന്‍ വൈകി. join ചെയ്തിട്ടുണ്ട്. വീണ്ടും വരാം.
ഓണാശംസകള്‍.
വീണ്ടും വന്നു ജോയിന്‍ ചെയ്തു ...ഇനിയുമിനിയും ചിരിക്കാന്‍
മണ്ണ് കുഴച്ചുപണിത തൃക്കാക്കരയപ്പനെ പോലെ ഇടിഞ്ഞുപൊളിഞ്ഞു വീഴുന്ന ആ ജോസേട്ട്ന്റെ കന്നിമാസത്തിലെ ശ്വാനപ്രദക്ഷിണക്കാരനായ അയല്ക്കാര്ന് നായരുടെ പ്ലാവിലെ ചക്കയിനിയെന്തായാലും വേണ്ട. എങ്കിലും ആ കാക്കാലന്‍ ഇപ്പോഴും ആ പ്ലാവിലാണോ?..ആതിഥ്യ മര്യാദയില്‍ രോമം എഴുന്നേല്‍പ്പിച്ചത് വെറുതെ ആയല്ലൊ കുള്ളാ.എന്തായാലും ഈ കഥയിലൂടെ ഞാന്‍ സ്കൂട്ടായി പോന്നു...
ഇപ്പോൾ ഞാൻ ദേവനായി വേണുവേട്ടന്റെ പൂമുഖത്തിരിക്കുകയാണ്.
ഇന്നു രാത്രി ഇനി എങ്ങനെയാവുമോ എന്തോ!
നാളെക്കാലത്ത് പറയാം!
ദൈവമേ....ഇന്നാ ജയന് ഡോക്ടര്‍ വന്നു പെട്ടിട്ടുണ്ട്...
പാവത്തിനെ മൂട്ടകള്‍ ബാക്കി വെക്കുമോ...എന്തോ...
അതിഥി ദേവോ ഭവ!!!! :)
എന്റെമ്മോ സമ്മതിക്കണം ..നിങ്ങളെ !
അഥിതി ദേവോ ഭവ ..
ഉഷാറായിട്ടുണ്ട് ...
ആശംസകളോടെ
അസ്രുസ്
വേണുഏട്ടാ നന്നായിരിക്കുന്നു.
വേണുവേട്ടാ.. ഇനി അതിഥികളെ ഇങ്ങനെ ആഢംബരക്കട്ടിൽ നൽകി സ്വീകരിക്കരുത്..
ആശംസകൾ
രസിച്ചു
Post a Comment