മക്ക പിടിച്ചടക്കാന്‍ എത്തിയ അബ്രഹത്തിന്റെ ആനപ്പടയെ കല്ലെറിഞ്ഞു തുരത്തിയ അബാബില്‍ പക്ഷി കൂട്ടങ്ങള്‍!!
അവ മാനത്ത് തീര്‍ത്ത അന്ധകാരത്തെ മനസിലാവാഹിച്ചു കിടക്കയാണ് സൈനബ.
"നാഥാ .... നിന്‍ വിളി എന്തേ വൈകുന്നു ?"
അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു.
തൊഴുത്തിന്നിറയത്തു കണ്‍പൂട്ടിയുറങ്ങുന്ന കാവല്‍ നായ മുസാഫിറിനെ ഈച്ചകള്‍ ശല്യം ചെയ്യുന്നുണ്ട്. തൊഴുത്തിന്‍ കഴുക്കോലില്‍ ഇടയ്ക്കിടെ മുഖം കാട്ടി മടങ്ങുന്ന രണ്ടുനാലെലികളും ചുറ്റിലും വട്ടമിട്ടു പറക്കുന്ന കൊതുകിന്‍ കൂട്ടവും പിന്നെ ഈ നായയും മാത്രമാണല്ലോ അവള്‍ക്കിവിടെ കൂട്ട്.
വാളാരന്‍ കുന്നിന്റെ ചെരുവില്‍ നിന്നും റഷീദ് കൊണ്ട് വന്നതാണവനെ !
ഉരുക്കളെ തെളിച്ചു കുന്നിറങ്ങുമ്പോള്‍ കേട്ട കാക്കകള്‍ കൊത്തി മുറിവേല്‍പ്പിച്ച നായ കുഞ്ഞിന്റെ രോദനം. അവനെ കുന്നിന്‍ ചെരുവില്‍ ഉപേക്ഷിച്ചു പോരാന്‍ തോന്നിയില്ലത്രേ.
റഷീദ് അങ്ങിനെയാണ്. അയാളെ പോലെ അനാഥ ജന്മം വിധിച്ചു കിട്ടിയ ഏതു ജീവനെയും അവഗണിക്കാന്‍ അയാള്‍ക്കാവുമായിരുന്നില്ല!
വഴിയില്‍ നിന്ന് കിട്ടിയത് കൊണ്ടാണവനെ വഴിയാത്രക്കാരന്‍ എന്നര്‍ത്ഥം വരുന്ന മുസാഫിര്‍ എന്ന പേര്‍ വിളിച്ചതെന്ന് റഷീദ് പറഞ്ഞതവളോര്‍ത്തു.
കുളിപ്പിച്ച് വൃത്തിയാക്കി ശരീരത്തിലെ മുറിവുകളില്‍ ഉപ്പും അട്ടക്കരിയും ചേര്‍ത്ത മിശ്രിതം വെച്ച് കെട്ടുമ്പോള്‍ വേദന കൊണ്ട് കരഞ്ഞ മുസാഫിറിനോടൊപ്പം അന്ന് റഷീദും കരഞ്ഞിരുന്നു.
റഷീദിന്റെ കഥയും മറിച്ചായിരുന്നില്ലല്ലോ !
നിറഞ്ഞ നിലാവുള്ള ഒരു രാത്രിയില്‍ പെരുമ്പിലാവ് ചന്ത കഴിഞ്ഞു പോത്തുകളെ തെളിച്ചെത്തിയ ഉപ്പയോടൊപ്പം വന്ന തടിച്ചുരുണ്ട പയ്യന്റെ രൂപം സൈനബയുടെ ഓര്‍മ്മകളില്‍ തെളിഞ്ഞു. പോത്തിന്‍ കൊമ്പില്‍ കെട്ടിയ പന്തത്തിന്‍ വെളിച്ചത്തില്‍ അന്ന് കണ്ട അവന്റെ തിളങ്ങുന്ന കണ്ണുകള്‍.
കയ്യിലെരിയുന്ന ചൂട്ടുകറ്റ തെങ്ങിന്‍ കടക്കല്‍ കുത്തി കെടുത്തി ആരോടെന്നില്ലാതെ ഉപ്പ പറഞ്ഞു !
"ഇബന്‍ റഷീദ് ... ചന്ത പടിക്കല്‍ അരിപ്പ ചൂട്ടു വിക്കണ കുണ്ടനാ.....
യത്തീമാ ....... ഞാന്‍ കൂടെ കൂട്ടി പോന്നു. ബടള്ളത് ബല്ലതും തിന്നു കുടിച്ചു കടേല്‍ നിക്കട്ടെ ...... എറച്ചി എത്തിക്കാന്‍ ഒരു സഹായാവൂലോ.... "
മറുപടിയായി പക്ഷാഘാതം ഗോവണി ചുവട്ടില്‍ തളര്‍ത്തിയിട്ട ഉമ്മയുടെ ജീവനില്ലാത്ത മൂളല്‍ മാത്രം സൈനബ കേട്ടു. അല്ലെങ്കിലും അറവുകാരന്‍ പോക്കരുടെ ബീടര്‍ ആയ നിമിഷം മുതല്‍ അവരുടെ സ്വരത്തിന് മിഴിവില്ലായിരുന്നുവല്ലോ!!
ഉച്ച വരെ കൈതക്കുട്ടയില്‍ പോത്തിറച്ചിയും ചുമന്നു ഗ്രാമ വീഥികളിലൂടെ നാഴികകള്‍ നടക്കും റഷീദ്. വീടുകള്‍ കയറിയിറങ്ങി ഇറച്ചി കൊടുത്ത് തിരികെയെത്തുന്ന അവന്റെ മുഖത്ത് ക്ഷീണത്തിന്‍ നിഴല്‍ പരന്നിരിക്കും. ഉച്ചക്കഞ്ഞി മോന്തി വീണ്ടും വാളാരന്‍ കുന്നിലേക്ക് പോത്തുകളെ തെളിച്ചു നീങ്ങുമ്പോള്‍ നിഴല്‍ പോലെ വാലാട്ടി മുസാഫിറും അവനെ അനുഗമിക്കും. പുഞ്ചിരിയോടെ അവരെ കൈവീശി യാത്രയയക്കാന്‍ കാത്തു നിന്ന ആ നല്ല നാളുകള്‍ ഇന്നും തെളിമയോടെ സൈനബയുടെ ഓര്‍മ്മയിലുണ്ട്.
കാലത്ത് ഓത്തു പള്ളിയിലേക്കുള്ള അവളുടെ യാത്രയും റഷീദിനോടൊപ്പമായിരുന്നു. വഴി നീളെ അവന്‍ പറയുന്ന കഥകളില്‍ പെരുംപിലാവിലെ സിനിമാ കൊട്ടകയും, ചന്ത നാളിലെ കച്ചോടങ്ങളും, ചന്ത പുറകിലെ ഉപ്പാന്റെ പറ്റുകാരി കദീസുമ്മയും മറ്റും ഒന്നിന് പിറകെ ഒന്നായി വന്നു നിറയുമായിരുന്നു.
ഇടയ്ക്കു ഇറച്ചി കുട്ട താഴേയിറക്കി ഇടവഴിയിലേക്ക് ചാഞ്ഞ ചെടികളില്‍ നിന്നും ചാമ്പക്ക പറിച്ചു കൈവെള്ളയില്‍ വെച്ച് തന്നിരുന്ന അവനോട് അറിയാതെ ഒരാരാധന തന്റെയുള്ളില്‍ അന്നേ മുള പൊട്ടിയിരുന്നു.
സ്വര്‍ഗ്ഗത്തിലെ ജന്നത്തുല്‍ ഫിര്‍ദൌസ് എന്ന ആരാമവും, പടച്ചവന്റെ സ്നേഹം ലഭിച്ചവര്‍ക്കു മുന്നില്‍ താനേ തുറക്കുന്ന അതിന്‍ വാതിലുകളും, അവിടെ അള്ളാഹുവൊരുക്കുന്ന പൂക്കളും കായ്കനികളും മറ്റും അവന്‍ വാക്കുകളാല്‍ വരച്ചു വെക്കുമ്പോള്‍ ഒരു മാലാഖയായി മാറി ജന്നത്തുല്‍ ഫിര്‍ദൌസില്‍ പാറി പറന്നു നടക്കുമായിരുന്നു സൈനബ.
"മാളെ...... ച്ചിരി കഞ്ഞി ബെള്ളം കുടിക്കണ്ടേ ?"
കുഞ്ഞുമ്മുത്താന്റെ വിളിയാണ് സൈനബയെ ചിന്തകളില്‍ നിന്നുണര്‍ത്തിയത് !
കുടിയടച്ച് ഉപ്പയും രണ്ടാനമ്മയും പെരുംപിലാവിനു പോയപ്പോള്‍ അവള്‍ക്കു കഞ്ഞി നല്‍കാന്‍ നിയോഗിച്ചതാണവരെ. പെരുന്നാള്‍ കഴിഞ്ഞു അവര്‍ മടങ്ങിയെത്തും വരെ തന്റെ വിസര്‍ജ്ജ്യങ്ങള്‍ വൃത്തിയാക്കുന്നതും ദേഹം തുടച്ചു ശുചിയാക്കുന്നതും അഗതിയായ ഈ വൃദ്ധ തന്നെ.
വരണ്ട ചുണ്ടുകളിലേക്ക് കഞ്ഞി പകര്‍ന്നു നല്‍കുമ്പോള്‍ ഉമ്മയുടെ തറവാടിന്റെ ഗതകാല പ്രതാപങ്ങളും ഉമ്മയുടെ സല്‍വൃത്തികളും ഇടമുറിയാതെ പെയ്യുന്ന പെരുമഴ പോലെ അവരുടെ ചുണ്ടില്‍ നിന്നും പൊഴിഞ്ഞു കൊണ്ടിരിക്കും.
"ഇത്രേം നല്ല മനുസര്‍ക്ക് ഇത്ര വലിയ ശിക്ഷ എങ്ങിനെ നല്‍കുന്നു റബ്ബേ " എന്നൊരു ആത്മഗതവും പേറി കണ്‍ നിറച്ചാണ് അവര്‍ പോയത്. ഉമ്മയെ അടുത്തറിയാവുന്ന ഏതൊരു ഗ്രാമവാസിയുടെയും കണ്ണില്‍ സൈനബ കാണുന്ന പതിവ് കാഴ്ചയാണല്ലോ ആ നനവ്.
ശരീരം തളര്‍ന്നു കിടന്ന ഉമ്മയെ നോക്കി ഒന്നെളുപ്പം മയ്യത്തായെങ്കില്‍ എന്ന് നിരവധി തവണ ബാപ്പ പ്രാകുന്നത് കേട്ടിട്ടുണ്ട്. ഒടുവിലത് ഫലിച്ചപ്പോള്‍ കബറിലെ മണ്ണിന്‍ നനവ് വിടും മുന്‍പ് വീടിനു മുന്‍പില്‍ കുടമണി കിലുക്കവുമായി പാഞ്ഞെത്തിയ കാളവണ്ടിയുടെ കിതപ്പ്. അതൊരു മരവിപ്പായി സൈനബയില്‍ പടരുകയായിരുന്നു. കദീസുമ്മയെ രണ്ടാം ഭാര്യയാക്കി ഉപ്പ വന്ന ആ നിമിഷം ഗോവണി ചുവട്ടില്‍ നിന്നുയര്‍ന്ന അവളുടെ തേങ്ങലിന് മറുപടിയെന്നോണം വന്ന ഉപ്പയുടെ ചോദ്യം ...
"എന്ത്യേ.... ഇബടെ ആരേലും മയ്യത്തായിക്കണാ?"
അന്ന് മുതല്‍ തമ്പുരാന്‍ അവള്‍ക്കു നരകം വിധിച്ചു നല്‍കുകയായിരുന്നു !
എന്തിനും കുറ്റം മാത്രം കൂലി നല്‍കി ജീവിതം ദുസ്സഹമാക്കിയ പോറ്റമ്മയുടെ ചെയ്തികളുടെ നെരിപ്പോടില്‍ ഉരുകി അവസാനിക്കയാണെന്നു തോന്നിയ നാളുകള്‍. റഷീദിക്കയുടെ സ്നേഹം മാത്രമായിരുന്നു ആ നാളുകളിലെ ഏക ആശ്വാസം,
രാപ്പകല്‍ പോത്തിനെ പോലെ പണിയെടുക്കുന്നത് നിന്നെ ഓര്‍ത്ത് മാത്രമാണെന്ന് റഷീദിക്ക പറയുമ്പോള്‍ മനസ്സില്‍ കുടിയേറാന്‍ തുടങ്ങിയ അനാഥത്വത്തെ ആട്ടിയകറ്റുകയായിരുന്നു സൈനബ.
എന്തിനും പോന്ന ഒരുവന്‍ നാഥനായുണ്ട് എന്ന വിശ്വാസം അവളില്‍ നിറഞ്ഞ നിമിഷങ്ങള്‍ ആയിരുന്നു അവ. ആ വിശ്വാസമാണല്ലോ ഉപ്പയോട് ഒരിക്കലും എതിര്‍വാക്ക് പറയാത്ത അവള്‍ക്ക് രണ്ടാനമ്മയുടെ സഹോദരനെ ഭര്‍ത്താവായി വേണ്ടെന്നു പറയാനുള്ള ധൈര്യം നല്‍കിയത്. റഷീദിനോടുള്ള അവളുടെ സ്നേഹം ഉപ്പയോടു വെട്ടി തുറന്നു പറയാനും പ്രേരകമായത് അതെ സനാഥത്വ ചിന്ത തന്നെ.
അന്ന് അവളുടെ നേര്‍ക്കുയര്‍ന്ന ഉപ്പാന്റെ കാലുകള്‍ ചീന്തിയെറിഞ്ഞത് സ്വപ്നങ്ങളുടെ നിറക്കൂട്ടാല്‍ അവള്‍ വരച്ച ജീവിത ചിത്രങ്ങളായിരുന്നു. ആ താഡനം ക്ഷതമേല്‍പ്പിച്ചത് അവളുടെ നെട്ടെല്ലിനോടൊപ്പം അവളെ സ്നേഹിക്കുന്ന നിരവധി ഗ്രാമ മനസ്സുകളെ കൂടിയായിരുന്നു.
വിവരമറിഞ്ഞ് വാളാരം കുന്നിറങ്ങി പാടവും പുഴയും കടന്നു കാറ്റു പോലെ ആശുപത്രിയില്‍ കുതിച്ചെത്തിയ റഷീദിക്കയുടെ കഴുത്തില്‍ കൈമുറുക്കി ഉപ്പ പറഞ്ഞ വാക്കുകള്‍.
"ഹറാം പെറന്ന ഹമുക്കെ .....
തെണ്ടി നടന്ന അനക്ക് ഞമ്മടെ പയങ്കഞ്ഞി കുടിച്ചു തൊക്കും തൊലീം ബെച്ചപ്പോ ഞമ്മടെ മോളോടാ മോഹബത്ത്.....
നാളെ സുബഹിക്ക് മുന്നേ ഈ നാട് ബിട്ടോണം .....
അല്ലെങ്കി അന്നെ കൊത്തിയരിഞ്ഞു പോത്തിറച്ചീന്റെ കൂടെ നാട്ടാര്‍ക്ക് തൂക്കി ബിക്കും ഞാന്‍ .... കേട്ടെടാ..... ഹിമാറെ ...."
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തന്നെ നോക്കി നടന്നു നീങ്ങിയ ഇക്കയുടെ ദൈന്യതയാര്‍ന്ന മുഖം ഇന്നും ഒരു വേദനയായി മനസ്സിലുണ്ട്. ഇക്കയുടെ നന്മക്കായുള്ള പ്രാര്‍ഥനകളായിരുന്നു പിന്നീടെന്നും.
വരവൂരിലെ ഒരു തടി മില്ലില്‍ തടി അറവ് ആണെന്നും ഒരു നാള്‍ വന്നു കൂടെ കൊണ്ട് പോകുമെന്നും ഇക്ക പറഞ്ഞു വിട്ടതായി നായര്‍ വീട്ടിലെ വാസുട്ടന്‍ പറഞ്ഞപ്പോള്‍ ഒരു നിര്‍വ്വികാരതയാണ് തന്നെ ആവരണം ചെയ്തത്. പള്ളി പറമ്പിലെ പച്ച മണ്ണ് മാത്രം സ്വപ്നം കണ്ടു കഴിയുന്ന തനിക്കായി എന്തിന് പാവം ഇക്കയുടെ ജീവിതം ഹോമിക്കണം?
ഇക്ക പോയതോടെ കച്ചവടം നിലച്ച ഇറച്ചിക്കടയടഞ്ഞു കിടന്നു. കൂടെ ഉരുക്കള്‍ ഒഴിഞ്ഞ തൊഴുത്തും!
"തീട്ടോം മൂത്രോം കോരി ന്റെ മൂട് ബിട്ടു ...
ഈ മാരണം എടുത്തു ആ തോയുത്തിലെക്ക് കേടത്ത്യാ ന്താ?
ആ വാക്കുകള്‍ കേട്ട നിമിഷം ഉപ്പ ഒന്ന് ഞെട്ടിയോ?
രണ്ടാനമ്മയുടെ പുതിയ വെളിപാടിനാല്‍ തന്റെ സ്ഥാനം തൊഴുത്തിലേക്ക് പറിച്ചു നടപ്പെട്ടത് ഉപ്പയെ അസ്വസ്ഥനാക്കിയോ?
"ന്നാലും കദ്യാ...... അതിനെ ബല്ല പട്ടീം നായ്ക്കളും കടിച്ചു കൊന്നാലോ?"
"അങ്ങനെ ആ തൊന്തരവ് ങ്ങട് ഒയിയും ...."
പോറ്റമ്മയുടെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ ഉപ്പാന്റെ വാക്കുകള്‍ ഒളിച്ചു കളിച്ചു.
പകല്‍ അവസാനിക്കുന്നു . വിരസതയുടെ നീണ്ട രാത്രി വിരുന്നെത്തുകയാണ്. അതോര്‍ക്കുമ്പോഴേ മനം മടുക്കുന്നു.
ഒരു കറുകപുത്തൂര്‍ പള്ളി നേര്‍ച്ച കഴിഞ്ഞു മടങ്ങുമ്പോള്‍ റഷീദിക്ക വാങ്ങി സമ്മാനിച്ച കസവുറുമാല്‍. അത് നെഞ്ചോട് ചേര്‍ത്തു ഇക്കയുടെ സ്മരണകളില്‍ മുഴുകി നേരം വെളുപ്പിക്കും. ഇടയ്ക്കിടെ നിഴലുകളെ നോക്കി കുരക്കുന്ന മുസാഫിറിനെ അരികില്‍ വിളിച്ചു തലോടും. പട്ടി നജസാണെന്ന് പറഞ്ഞു കദീസുമ്മ എവിടെ കണ്ടാലും ഉപദ്രവിക്കുമെങ്കിലും ഒരു സംരക്ഷകനെ പോലെ ആ മിണ്ടാപ്രാണി തോഴുത്തിന്നിറയത്തു കാവല്‍ കിടക്കും. ജന്മം നല്‍കിയ പിതാവ് നല്‍കാത്ത സംരക്ഷണം ഈ സാധു മൃഗം നല്കുന്നുവല്ലോ എന്നോര്‍ത്ത് സൈനബയുടെ കണ്‍ നിറഞ്ഞു.
നിലാവ് പരന്നു തുടങ്ങി. തോട്ടത്തിലെ കമുങ്ങുകള്‍ക്കിടയില്‍ മറയാന്‍ മനസ്സില്ലാതെ ഇരുട്ട് പതുങ്ങി നിന്നു. തോട്ട പച്ചപ്പില്‍ അവിടവിടെ നനുത്ത മഞ്ഞും നിലാതുണ്ടുകളും ആശ്ലേഷിച്ചു കിടന്നു. തൊട്ടപ്പുറത്തെ നായര്‍ പറമ്പിലെ സര്‍പ്പക്കാവില്‍ നിന്നുയരുന്ന കൂമന്‍ മൂളലുകള്‍ കേള്‍ക്കാം. ഇടയ്ക്കിടെ ആ കാവില്‍ നിന്ന് കാലന്‍കോഴികളും കരയാറുണ്ട്.
കാലന്‍കോഴി കരഞ്ഞാല്‍ അടുത്ത നാളുകളില്‍ തന്നെ മരണവാര്‍ത്തയെത്തും എന്ന് നായരുടെ മകള്‍ സുമ പറയാറുണ്ട്. കല്യാണം കഴിഞ്ഞു വിദേശത്ത് കഴിയുന്ന ആ നല്ല കൂട്ടുകാരി ഇന്നത്തെ തന്റെ ഈ ദുസ്ഥിതി അറിയുന്നുവോ ആവോ ?
"കണ്ട കാഫ്രിങ്ങടെ ചെങ്ങാത്തം കൊണ്ടാ അന്റെ ഈ കുത്തിവയ്ത്തോക്കെ ..."എന്ന് രണ്ടാനമ്മ ഇടയ്ക്കിടെ ശകാരിക്കുമ്പോള്‍ നിന്റെ വരുത്തി ഉമ്മക്ക് എന്നെ കാണുന്നത് ചതുര്‍ഥിയാണെന്ന സുമയുടെ വാക്കുകള്‍. സൈനബ ചിന്തകളില്‍ മുഴുകി കണ്ണടച്ച് കിടന്നു.
പതിവില്ലാത്ത മുസാഫിറിന്റെ സ്നേഹമസൃണമായ മുരളല്‍ കേട്ടാണ് സൈനബ കണ്‍തുറന്നത്. കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മുന്നില്‍ നില്‍ക്കയാണ് റഷീദിക്ക. താന്‍ കിനാവ് കാണുകയാണോ എന്നവള്‍ സംശയിച്ചു. അറിയാതെ അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു.... ഇക്കാ .....
അരികെയിരുന്നു വിറയാര്‍ന്ന കൈകളാല്‍ നീല ഞരമ്പുകള്‍ കെട്ട് പിണഞ്ഞ അവളുടെ കൈകള്‍ പുണര്‍ന്നു അയാള്‍ വിളിച്ചു ...സൈനൂ......
"ഇതെന്താണ് പൊന്നെ ........ഇക്ക ഈ കാണണത്?
അയാളുടെ ഇടറിയ ശബ്ദം പാതി വഴിയില്‍ മുറിഞ്ഞു വീണു.
അല്‍പ്പനേരത്തെ മൌനത്തിനു ശേഷം അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു !
"ഇക്കാ ... പാതി മയ്യത്തായ എനിക്ക് വേണ്ടി..... ങ്ങടെ ജീവിതം ?
അവളുടെ സ്വരമിടറി.
റഷീദിന്റെ കൈകള്‍ അവളുടെ കഴുത്തില്‍ ചേര്‍ത്തു കൊണ്ടവള്‍ പറഞ്ഞു.
"ഈ കൈകള്‍ ബലമായൊന്നമര്‍ന്നാല്‍ നമുക്ക് പുതിയ ദിശകളിലേക്ക് വഴി പിരിയാം ... എനിക്കെന്റെ ഉമ്മയുടെ അടുത്തേക്കും ഇക്കാക്ക് നല്ലൊരു ജീവിതത്തിലേക്കും "
നീണ്ട മൌനത്തിനു ശേഷം സൈനബയില്‍ നിന്നും കേട്ട ആ വാക്കുകള്‍ കൂരമ്പുകളായി റഷീദിന്റെ നെഞ്ചകം തുളച്ചു. അവളെ വാരിയെടുത്തു മാറില്‍ ചേര്‍ത്ത് ആ മുഖത്തേക്കയാള്‍ ഇമ വെട്ടാതെ നോക്കിയിരുന്നു.
അവളുടെ മുഖത്ത് നാളുകള്‍ മുന്‍പ് കണ്ട നിറങ്ങളുടെ മായാജാലങ്ങള്‍ ഒരു വിദൂര സ്മരണ മാത്രമായ് തീര്‍ന്നിരിക്കുന്നു. കുഴിഞ്ഞ കണ്ണുകള്‍ക്ക് ചുറ്റും കറുപ്പ് പടര്‍ന്നു കിടന്നു. പണ്ട് ചുമന്നു തിളങ്ങിയ ചുണ്ടുകള്‍ വെയിലേറ്റു കരിഞ്ഞ ഏതോ പൂവിന്‍ ദലങ്ങളെ ഓര്‍മ്മിപ്പിച്ചു.
തോട്ടത്തിലെ മഞ്ഞിനെ തലോടിയെത്തിയ തണുത്ത കാറ്റ് തഴുകുന്നുണ്ടെങ്കിലും റഷീദിന്റെ നെറ്റിയില്‍ അങ്ങിങ്ങായി വിയര്‍പ്പ് കണികള്‍ ഉരുണ്ടു കൂടിയിരുന്നു. അയാളുടെ കണ്ണില്‍ നിന്നുതിര്‍ന്ന നീര്‍മണികള്‍ ഒന്നൊന്നായ് സൈനബയുടെ മുഖത്ത് വീണു ചിതറി. എന്തോ നിശ്ചയിച്ചുറച്ച മട്ടില്‍ അവളെ കൈകളാല്‍ കോരി ചുമലിലിട്ടു അയാള്‍ നടന്നകന്നു. അയാളുടെ കാലുകളെ തൊട്ടുരുമ്മി ആ കാവല്‍ നായയും അയാളെ അനുഗമിച്ചു.
ഒരു താമരത്തണ്ട് പോലെ റഷീദിന്റെ ചുമലില്‍ മയങ്ങുകകയാണ് സൈനബ.
" നമ്മള്‍ എങ്ങോട്ടാണീ യാത്ര ?"
ആകസ്മികമായി അവളില്‍ നിന്നുയര്‍ന്ന ആ ചോദ്യത്തിന് ഉത്തരം തേടുകയാണ് റഷീദിപ്പോള്‍!
"പണ്ട് ഞാന്‍ നിന്നോട് പറയാറുള്ള ജന്നത്തുല്‍ ഫിര്‍ദൌസ് നീ ഓര്‍ക്കുന്നുവോ ? ആ ഉദ്യാനത്തിന്‍ വാതിലുകള്‍ ഇന്ന് പടച്ചോന്‍ നമുക്കായ് തുറക്കും. എത്രയും പെട്ടെന്ന് നമുക്കവിടെ ചെന്ന് ചേരണം. "
ഒരു ദീര്‍ഘ നിശ്വാസത്തിന്‍ അകമ്പടിയോടെയാണ് റഷീദ് അത്രയും പറഞ്ഞു തീര്‍ത്തത്. തന്റെ ചുമലില്‍ പടര്‍ന്ന നനവ് നല്‍കിയ ചൂടില്‍ നിന്നും അവളുടെ ദുഖം മിഴിനീരായ് പെയ്തൊഴിയുന്നത് അയാളറിഞ്ഞു.
തോട്ടം പിന്നിട്ടു പാടത്തേക്ക് പ്രവേശിച്ചിരിക്കുന്നു അയാളിപ്പോള്‍. പാടത്തിനപ്പുറം പുഴയാണ്. പാടക്കരയിലെ ഏതോ കുടിലില്‍ നിന്നുയര്‍ന്ന മൌലൂദിന്‍ നാദം അയാളുടെ കാല്‍ ചലനങ്ങള്‍ക്കനുസരിച്ചു നേര്‍ത്തുനേര്‍ത്തില്ലാതായി കൊണ്ടിരുന്നു.
"ഈ നേരത്ത് കടത്ത് കിട്ടോ .... ഇക്കാ ?"
നേരിയ സ്വരത്തില്‍ സൈനബയില്‍ നിന്നും പുറത്തു വന്ന ചോദ്യം കേള്‍ക്കാതെ ഉറച്ച കാല്‍വെയ്പ്പുകളോടെ റഷീദ് മുന്നോട്ടുള്ള പ്രയാണം തുടര്‍ന്നു. നാവു പുറത്തിട്ടു വല്ലാതെ കിതച്ചു കൊണ്ട് മുസാഫിറും അയാള്‍ക്കൊപ്പം ഓടുകയാണ് .
മുന്നില്‍ പുഴയിലെക്കുള്ള വഴിയില്‍ വിവസ്ത്രയായി കിടന്ന നിലാവിന്‍ നഗ്നതയില്‍ ചവിട്ടി അയാള്‍ നടന്നകന്നപ്പോള്‍ ആ കാവല്‍ നായ ഇടതടവില്ലാതെ കുരച്ചു കൊണ്ടിരുന്നു.
September 08, 2012
ജന്നത്തുല്‍ ഫിര്‍ദൌസ്
പോസ്റ്റ് ചെയ്തത്
വേണുഗോപാല്‍
ല്‍
01:27
131
അഭിപ്രായ(ങ്ങള്‍)
Email This
BlogThis!
Share to X
Share to Facebook


ലേബലുകള്‍:
കഥ
Subscribe to:
Posts (Atom)