skip to main | skip to sidebar

Pages

  • Home
  • കഥ
  • കവിത
  • നര്‍മ്മം
  • അനുഭവം
  • യാത്ര
  • നുറുങ്ങുകള്‍

THUNCHANY

March 02, 2012

മോന്തികൂട്ടം

ഗ്രാമത്തെ  ഇരുകരകള്‍ ആയി വിഭജിക്കുന്നത് നടുവില്‍ പരന്നു കിടക്കുന്ന വിശാലമായ നെല്‍പാടമാണ്.  പാടത്തിനു നടുവിലൂടെ തെക്കെകരയെയും വടക്കേകരയും ബന്ധിപ്പിക്കുന്ന മണ്‍പാത. പാതയ്ക്ക് കുറുകെ ഒഴുകുന്ന തോടും പാതയും ചേര്‍ന്ന് പാടത്തിനു നടുവില്‍ ഒരു അധിക ചിന്ഹം അടയാളപ്പെടുത്തുന്നു.

തോടിനെ പാത മറി കടക്കുന്നിടത്ത് തീര്‍ത്ത കോണ്‍ക്രീറ്റ് പാലത്തിന്റെ വശങ്ങളിലെ  സിമന്റ് തിണ്ണകളില്‍ ആണ് "മോന്തികൂട്ടം" കൂടുന്നത് !

ഗ്രാമത്തിലെ ഇളമുറക്കാരായ ഞങ്ങള്‍ നാലഞ്ചു പേര്‍ മോന്തിക്ക്‌ അതായത് സന്ധ്യക്ക്‌ ഈ പാലത്തില്‍ നടത്തുന്ന സമാഗമത്തെയാണ് മോന്തികൂട്ടം എന്നറിയപ്പെടുന്നത്.

വടക്കെകരക്കാരായ ഞാനും, സുബ്രന്‍ എന്ന സുബ്രമണ്യന്‍ , സുലൈമാന്‍  തുടങ്ങിയവരും തെക്കെകരയില്‍ നിന്ന് അബ്ദുള്ള, അലവി എന്നിവരും ഗ്രാമത്തിലെ ഏക മന്ദബുദ്ധിയായ പന്ത്രണ്ടു വയസ്സുകാരന്‍ കോയയും ചേര്‍ന്നാല്‍ ക്വാറം തികഞ്ഞു.  മോന്തികൂട്ടം കൂടി വൈകീട്ട് ആറു മണിയോടെ തുടങ്ങുന്ന പരദൂഷണം രാത്രി ഒമ്പത് മണി വരെ നീളും.

ആയിടക്കാണ്  കോയമ്പത്തൂരില്‍ ഏതോ കമ്പനിയില്‍  ജോലി ചെയ്തിരുന്ന കരുവാന്‍ പരമു ഭാര്യയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയായ മകള്‍ ലക്ഷ്മിയേയും കൊണ്ട് ജീവിതം ഗ്രാമത്തിലേക്ക് പറിച്ചു നടുന്നത്.  വടക്കെകരയിലെ ലക്ഷം വീട് കോളനിയില്‍ ചുമരുകള്‍ക്ക് പകരം  തെങ്ങോല കുത്തി മറച്ചു മറ  തീര്‍ത്ത കൊച്ചു  കുടിലില്‍ പരമു മകളോടൊപ്പം താമസം തുടങ്ങി.  പരമുവിന്റെ മകള്‍  ലക്ഷ്മി അതീവ സുന്ദരിയായിരുന്നു. ഗ്രാമത്തില്‍ അവളെ മോഹിക്കുന്ന ചെറുപ്പക്കാര്‍ ഏറെയുണ്ടെങ്കിലും സദാ മദ്യപനായ പരമുവിന്റെ ചുവന്ന കണ്ണുകളും കൃശഗാത്രവും  കഴുത്തോളം ഇറക്കിയ മുടിയും പൊക്കിള്‍ വരെ നീണ്ട താടിയും കണ്ടു ഭയന്നാകാം ലക്ഷ്മി വഴി നടക്കുമ്പോള്‍ കേവലം ശാ...ശോ ... ശൂ എന്നി മുരടനക്കങ്ങള്‍ പുറപ്പെടുവിക്കാന്‍ മാത്രം ധൈര്യമേ മിക്ക ചെറുപ്പക്കാരിലും ദര്‍ശിക്കാന്‍ കഴിഞ്ഞുള്ളു.

നാളുകള്‍ പോകെ പോകെ ലക്ഷ്മിക്ക് സുബ്രനോട് ചെറിയ ഒരു അനുരാഗം മുളപൊട്ടി.  മുള പൊട്ടിയ അനുരാഗം വളര്‍ന്നു വളര്‍ന്നു ഏതാണ്ട് ഒരു മരമാകാന്‍ തുടങ്ങിയപ്പോള്‍ സുബ്രന്‍ മോന്തികൂട്ടം ബഹിഷ്കരിച്ചു ലക്ഷം വീട് കോളനിക്ക് കാവല്‍ ഇരിക്കാന്‍ തുടങ്ങി.  പതിവില്ലാതെ ഒരു ദിവസം മുട്ടുകാലില്‍ ഒരു വെച്ച് കെട്ടും പേറി മുടന്തി മുടന്തി മോന്തികൂട്ടത്തിലെത്തിയ സുബ്രനെ കണ്ടു ചിരിയൊതുക്കി ഞങ്ങള്‍ മുടന്തിന്റെ കാരണമാരാഞ്ഞു. മുഖത്തു വിടര്‍ന്ന കള്ളനാണം മറച്ചു പിടിച്ചു അവന്‍ പറഞ്ഞ കഥ കേട്ട് ഞങ്ങള്‍ ഞെട്ടി.

ഞാന്‍ എല്ലാ ദിവസവും ഒരു പട്ടി കണക്കെ ഈ കോളനിയില്‍ നിനക്ക് വേണ്ടി കാവല്‍ ഇരിക്കുന്നതല്ലാതെ ഒരു ദിവസം പോലും നീ നിന്റെ തന്തയെ ഉറക്കി കിടത്തി ഒരു മണിക്കൂര്‍ സമയം  എന്റെ കൂടെ ചിലവിടുന്നില്ലല്ലോ  എന്ന അവന്റെ സങ്കടം പറച്ചിലില്‍  ലക്ഷ്മിക്ക് മനസ്സലിവ്‌ തോന്നുകയും അവന്റെ കാതില്‍ ഒരു സങ്കട നാശിനി മന്ത്രം  മന്ത്രിച്ചു നല്കുകയും ചെയ്തു.  കാതില്‍ മന്ത്രിച്ച മന്ത്രത്തിന്റെ ഉള്ളടക്കം താഴെ പറയും വിധമായിരുന്നു .

എട്ടു മണിയോടെ പരമു എന്ന അച്ഛന്‍ ഉറങ്ങും.  ഏതാണ്ട് എട്ടരയോടെ സുബ്രന്‍ കൂരയുടെ പുറകു വശത്തെത്തണം. അവിടെയെത്തിയാല്‍  മറച്ചു കെട്ടിയ തെങ്ങിന്‍ പട്ടക്കുള്ളിലൂടെ കയ്യിട്ടു  അടുക്കള ചായ്പ്പില്‍ കിടക്കുന്ന ലക്ഷ്മിയുടെ മുടി പിടിച്ചു വലിച്ച് സിഗ്നല്‍ നല്‍കുക.  സിഗ്നല്‍ കിട്ടിയാല്‍   അവള്‍ ഇറങ്ങി പുറത്തു വരും.  ഇതാണ്  പ്ലാന്‍ !!!

സുബ്രന്റെ സമയ ദോക്ഷം  കൊണ്ടാകാം പ്രോഗ്രാം ഫിക്സ് ചെയ്ത ദിവസം നേരത്തെ വീട്ടിലെത്തിയ പരമു അടുക്കള ചായ്പ്പിലിരുന്നു അത്താഴം കഴിഞ്ഞു അവിടെ തന്നെ ചുരുണ്ടു.  ലക്ഷ്മി ആകെ അങ്കലാപ്പിലായി. വിവരം സുബ്രനെ അറിയിക്കാനും മാര്‍ഗമില്ല.  പ്രോഗ്രാമിന്റെ ത്രില്ലില്‍ ദേഹം മുഴുവന്‍ പൌഡര്‍ വാരി പൂശി മണപ്പിച്ചു ഇരുട്ടിന്റെ മറ പിടിച്ചെത്തിയ സുബ്രന്‍ പ്ലാന്‍ ചെയ്ത പ്രകാരം  ചായ്പ്പിന്റെ പട്ട മറക്കിടയിലൂടെ കൈ കടത്തി ലക്ഷ്മിയുടെ മുടിയാണെന്നു കരുതി പരമുവിന്റെ വയറോളം നീണ്ട താടി മൃദുവായി ഒന്ന് രണ്ടു വട്ടം തലോടി.  തലോടലിന്റെ നിര്‍വൃതിയില്‍ പരമു ഉറക്കം ഉണരവെയാണ് താടി പിടിച്ചുള്ള  വലി അല്‍പ്പം ബലത്തില്‍ അനുഭവപെട്ടത്‌  .   എന്തോ വശപിശക് മണത്ത പരമു  ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി.  മുറ്റത്തെത്തിയ പരമുവിനെ കണ്ടതും  സുബ്രന്‍ ജീവനും കൊണ്ട് പറന്നെങ്കിലും അവനു പുറകെ  പരമു പ്രയോഗിച്ച കരിങ്കല്ലില്‍ നിന്നും രക്ഷപെടാനായില്ല.  കോളനി നിവാസികളെ  മുഴുവന്‍ ഉറക്കത്തില്‍ നിന്നുണര്‍ത്തിയ സുബ്രന്റെ അലര്‍ച്ച ഒരു നേര്‍ത്ത രോദനമായി അകന്നകന്നു ഇല്ലാതായപ്പോള്‍  പരമു കുടിലില്‍ കയറി വിളക്ക് തെളിച്ചു മോളെ നോക്കി.  പാവം സുഖ നിദ്രയിലാണ്.  അന്ന് ലക്ഷ്മി നടിച്ച ആ ഉറക്കം വല്ല സിനിമയിലും ആയിരുന്നെങ്കില്‍ അവള്‍ക്കതിനൊരു  ഉര്‍വശി  അവാര്‍ഡ്‌ കിട്ടുമായിരുന്നു.

മോന്തികൂട്ടത്തിലെ പ്രായം കുറഞ്ഞ മെമ്പര്‍ ആയ കോയക്ക്  ഒരു ഇരുപതു വയസ്സുകാരനെക്കാളും വളര്‍ച്ച ഉണ്ടെങ്കിലും മനസ്സ് വെറും അഞ്ചു വയസ്സുകാരന്റെതായിരുന്നു.  മുകള്‍ വശവും അടിവശവും കൂര്‍ത്തു മധ്യ ഭാഗം മാത്രം വീര്‍ത്തിരിക്കുന്ന ഒരു മണ്‍പ്ടാവിനു മുകളില്‍ ഒരു ചെറിയ ഉരുണ്ട തേങ്ങ വെച്ചാല്‍ അത് കോയയായി.  മുട്ടറ്റം നീളുന്ന കളസം ഊര്‍ന്നു വീഴാതിരിക്കാന്‍ അരയിലെ കറുത്ത ചരട് കളസത്തിനു മുകളില്‍ ബെല്‍റ്റ്‌ പോലെ മുറുക്കിയിരിക്കും. മുകളില്‍ ധരിക്കുന്ന ബട്ടണില്ലാത്ത കുപ്പായത്തിന്റെ അടി വശത്തെ മൂല ഫീഡിംഗ് ബോട്ടില്‍ പോലെ എപ്പോഴും വായില്‍ കാണും.

നട്ടുച്ചയ്ക്ക്  ആരെങ്കിലും കോയയെ വിളിച്ചു" ഇപ്പോള്‍ രാത്രിയാണ്  കോയ"  എന്ന് പറഞ്ഞാല്‍ അതും വിശ്വസിക്കുന്ന മന്ദബുദ്ധിയായ കോയക്ക് ഏക ആശ്രയം കൂലി പണിയെടുത്തു അവനെ പോറ്റുന്ന ഉമ്മ കദീസുമ്മ  മാത്രം . ബാപ്പ അവന്റെ  ചെറുപ്പത്തിലെ പരലോകം പുല്‍കി.  ഗ്രാമത്തിലെ വീടുകളിലെ കൊച്ചു കൊച്ചു പണികള്‍ ചെയ്തു കൊടുക്കുന്നതിനാല്‍ കോയയെ ഗ്രാമ വാസികള്‍ക്ക് വലിയ  കാര്യമായിരുന്നു.  ആയതിനാല്‍ ഭക്ഷണ സമയത്ത് ഏതെങ്കിലും വീട്ടുകാര്‍ വിളിച്ചു  അവനു അന്നം നല്‍കുമായിരുന്നു.

മോന്തികൂട്ടത്തിനു  പുളൂസടിക്കിടയില്‍ വെള്ളവും ബീഡിയും മറ്റും എത്തിക്കുന്ന ഡ്യൂട്ടി കൊയക്കായിരുന്നു.  അതിനു പ്രതിഫലം വല്ലപ്പോഴും കിട്ടുന്ന ഒന്നോ രണ്ടോ ബീഡി മാത്രം.  
ഒരു നാള്‍  ബി എസ് എഫില്‍ ജോലി ചെയ്യുന്ന ജവാന്‍ ബാലന്‍ നായര്‍ അവധിയില്‍  നാട്ടിലെത്തിയപ്പോള്‍ വടക്കേ കരയില്‍ നിന്നും തെക്കെകരയിലുള്ള അദ്ധേഹത്തിന്റെ വീട് വരെ പെട്ടി ചുമന്നത് കോയയാണ്.  മിലിട്ടറി നായര്‍ എന്ന് ഗ്രാമം വിളിക്കുന്ന അദ്ദേഹം പ്രതിഫലമായി കോയക്ക്  അമ്പതു പൈസയും ഒരു സിഗരറ്റും നല്‍കി.  അതോടെ കോയക്ക് ഇടയ്ക്കിടെ  സിഗരെട്ടിനോട് ആര്‍ത്തി കൂടി വന്നു. 
 
മിലിട്ടറി  നായരുടെ സിഗരറ്റ് വലി നാട്ടിലെല്ലാവരും ചര്‍ച്ച ചെയ്യുന്ന ഒരു വിഷയം ആണ്.    ഒരു സിഗരറ്റിനു തീ കൊളുത്തി ഒന്നോ രണ്ടോ വട്ടം പുകയെടുത്തതിനു  ശേഷം അത് വലിച്ചെറിയുന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരു രീതി.  ഒരു നാള്‍ പാലത്തില്‍ എത്തിയതും നായര്‍ തന്റെ പാസ്സിംഗ് ഷോ പാക്കറ്റ് പുറത്തെടുത്തു ഒരു സിഗരെട്ടിനു തീ കൊളുത്തി.  ഇത് കണ്ടതും മീന്‍ കണ്ട പൂച്ചയെ പോലെ കോയ മിലിട്ടറിയെ അനുഗമിച്ചു.  ഏത് നിമിഷവും നായര്‍ സിഗരെറ്റ്‌ താഴെയിടാം എന്ന ചിന്തയായിരുന്നു കോയയുടെ മനസ്സില്‍.  നിര്‍ഭാഗ്യമെന്നു പറയട്ടെ സിഗരെറ്റ്‌ താഴെ ഇട്ടതും കോയ അത് എടുക്കാനായി കുനിഞ്ഞെങ്കിലും  നായര്‍ അറ്റന്‍ഷനില്‍ നിന്ന് കാലിലണിഞ്ഞ കനം കൂടിയ റബ്ബര്‍ ചെരുപ്പ് കൊണ്ട് സിഗരെറ്റ്‌ ശരിക്കൊന്നു ചവിട്ടി ഞെരടി പൊടിയാക്കി. 
നിരാശനായ കോയ നായരെ നോക്കി എന്തോ പിറ് പിറുത്തു തിരികെ പോരുന്നത് അതിലെ വന്ന മാനുട്ടി കണ്ടു.  ഓന്‍ കോയാനോട്  ചോദിച്ചു ...

" നാണല്ല്യടാ അനക്ക് നാട്ടാരടെ ബീടികുറ്റിം പെറുക്കി ബലിച്ചു നടക്കാന്‍ ....
നാളെ മാങ്ങ അറവു ഉണ്ട് ....ചാവക്കാടാ ... കൂടെ പോന്നോ .. രണ്ടുറുപ്പ്യ ധീസം ത്തരാം....
ഇജ്ജ് മരം കേറോന്നും  ബേണ്ട... ബള്ളി കൊട്ടേല് താഴെ ബരണ മാങ്ങ പിടിച്ചെറക്കി കൂട്ടിട്ടാ മതി "


സംഗതി കൊള്ളാം എന്ന് തോന്നിയ കോയ മനുട്ടിയോടൊപ്പം ചാവക്കാട് എത്തി മാങ്ങ അറവില്‍ മാനുട്ടിയെ സഹായിക്കാന്‍ തുടങ്ങി.

കൂലി കിട്ടുന്ന കാശില്‍ നിന്ന്   ഒരു പൈസ പോലും ചിലവാകരുതെന്ന നിര്‍ബന്ധ ബുദ്ധിയാല്‍ ഭക്ഷണമൊന്നും കഴിക്കാതെ മൂത്ത മൂന്ന്  മുവാണ്ടന്‍ മാങ്ങയും രണ്ടു ഗ്ലാസ്  വെള്ളവും മാത്രം  ഓരോ  നേരം അകത്താക്കി കോയ രണ്ടു ദിവസം തള്ളി നീക്കി .  ശരിയായ ഭക്ഷണ ക്രമം ഇല്ലാത്തതിനാലും പതിവില്ലാതെ കുറെ മാങ്ങ   അകത്തായതിനാലും   കോയയുടെ ദഹന പ്രക്രിയ താറുമാറായി . രണ്ടിന് പോക്ക് രണ്ടു ദിവസം നടന്നില്ലെങ്കിലും  കോയ അതത്ര കാര്യമായെടുത്തില്ല.

രണ്ടു നാളിന് ശേഷം ചാവക്കാട് നിന്ന തിരിച്ചെത്തിയ  കോയ പുത്തന്‍ ബനിയനു മേല്‍ അത്തറു പൂശി മോന്തികൂട്ടത്തിലെത്തി വിശേഷങ്ങള്‍ വിളമ്പാന്‍  തുടങ്ങി.  ചാവക്കാട് അങ്ങാടിയില്‍ വെച്ച് ബെള്ള ഇംപാല കാറ് കണ്ടതും കടപ്പുറത്തു ബോട്ട്  കണ്ടതും വിവരിക്കുന്നതിനിടയില്‍ എന്തോ പന്തികേടെന്നോണം കോയ ഞെളിപിരി കൊള്ളുന്നുണ്ടായിരുന്നു.

പതിവിനു വിപരീതമായി വയറും വളരെ വീര്‍ത്തിരുന്നതിനാല്‍ കോയയുടെ വയറ്റില്‍ തലോടി  അബ്ദുള്ള അതിശയത്തോടെ ചോദിച്ചു ..!
"എന്താടാ അനക്ക് ... ?"

"ബയരോണ്ട് ബയ്യാ ..... "  കൊയാന്റെ മറുപടി വന്നു.

മുഖത്ത് അല്‍പ്പം ഭയവും ഗൌരവവും കലര്‍ത്തി അബ്ദുള്ള വീണ്ടും ചോദിച്ചു
" ജ്ജ് ചാവക്കാട് ആരടെ കൂടാ കെടന്നത് ....?"

ഉടന്‍ ഉത്തരം വന്നു  "ഞാന്‍ മാനുട്ടിക്കാന്റെ കൂടെ ...."

ഒരു ദീര്‍ഘശ്വാസം വിട്ടു അബ്ദുള്ള അടുത്ത ചോദ്യം തൊടുത്തു.
 "ഓന്‍ അന്നേ കെട്ടി പിടിക്കാറുണ്ടട ..... ?"

"പിന്നല്ല്യെ ... രാത്രി തണുക്കുമ്പ  ന്നെ അമര്‍ത്തി പിടിക്കും " 

കോയ  പറഞ്ഞത് കേട്ട്  ഒരു കൊട്ട അത്ഭുതം ചൊരിഞ്ഞ മുഖവുമായി  അബ്ദുള്ള തലയ്ക്കു കൈ വെച്ച് പറഞ്ഞു.
"ബദരീങ്ങളെ ... ചയിച്ച് പഹയാ ... അനക്ക് പള്ളേല്‍ ഇണ്ട്‌ !!!! "

അബ്ദുല്ലാന്റെ അഭിനയം കണ്ടു ചിരിയടക്കാന്‍ പാട് പെടുമ്പോള്‍ കോയയുടെ  മുഖത്തു വേദന നിമിത്തം മിന്നി മായുന്ന  വിവിധ വര്‍ണ്ണങ്ങള്‍ കാണുകയായിരുന്നു ഞങ്ങള്‍ .

"രണ്ടൂസത്തിനകം ജ്ജ് പേറും... അതുബരെ കുടീന്ന് ബെളീല്‍ ഇറങ്ങണ്ട ...... ബെക്കം പൊയ്ക്കോ...... "

അബ്ദുല്ലാന്റെ ഉപദേശം സ്വീകരിച്ചു വേദന കടിച്ചു പിടിച്ചു കോയ വയറും തടവി കുടിയിലേക്ക് നടന്നു.
ഉമ്മ കൊടുത്ത ചൂടുള്ള കഞ്ഞി മോന്തി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കോയയുടെ മനസ്സില്‍ അബ്ദുള്ളയുടെ വാക്കുകള്‍ ആയിരുന്നു. "പഹയാ അനക്ക് പള്ളേല്‍ ഉണ്ട് !!! "

ആലോചിക്കും തോറും വേദന കൂടി കൂടി വരുന്നു.  കൊളുത്തിട്ട വലിക്കുന്ന വേദന.  തിരിഞ്ഞും മറിഞ്ഞും നോക്കി.  കുറയുന്നില്ല.  കൈകാലിട്ടടിച്ചു നോക്കി.  കാര്യമില്ല.

വീണ്ടും അബ്ദുള്ളയുടെ വാക്കുകള്‍ "രണ്ടൂസത്തിനകം ജ്ജ് പെറും !!! ".

ഈ പ്രസവ വേദന ഇത്ര ഭയങ്കരമാണെന്ന് കൊയാക്ക്  അപ്പോഴാണ്‌ മനസ്സിലായത്‌.
തിരിഞ്ഞും  മറിഞ്ഞും  ഉരുണ്ടും പിരണ്ടും നേരം പോയതല്ലാതെ വേദന കുറയുന്നില്ല. 
അത് കൂടി കൂടി അവസാനം സഹിക്ക വയ്യാതെ വന്നപ്പോള്‍  കോയ വില്ല് പോലെ വളഞ്ഞു പായയില്‍ വീണതും വയറില്‍ നിന്നും എന്തോ പുറത്തു ചാടിയതും ഒരുമിച്ചായിരുന്നു
ബല്ലാത്ത ഒരു സുഖത്തോടൊപ്പം ഹലാക്കിന്റെ ഒരു നാറ്റവും. 

സ്വര്‍ഗീയ സുഖം നേടിയ ആ നിമിഷത്തില്‍ കോയ പായയില്‍ കിടന്നു  ഉറക്കെ വിളിച്ചു കൂവി ....

"ഉമ്മ..ഉമ്മാ.. ബെളക്ക് കൊളുത്തിം .... ഞമ്മള്‍ പെറ്റു......"

കൊയാന്റെ കൂവി വിളി കേട്ട കദീസ്സുമ്മ വിളക്ക് കൊളുത്തി മുറിയിലെത്തിയപ്പോള്‍ കണ്ട കാഴ്ചയില്‍ അവരും ഉറക്കെ ചിരിച്ചു പോയി .
പതുക്കെ പതുക്കെ ആ ചിരി കണ്ണീരിനു വഴി മാറവേ ആ മാതൃ ഹൃദയം പ്രാര്‍ഥിച്ചു ...

" ന്റെ കാല്യാരോട്  തങ്ങളെ .... ന്റെ കണ്ണടഞ്ഞാ ന്റെ കുട്ട്യേ കാത്തോളനെ ......"





പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 14:43 87 അഭിപ്രായ(ങ്ങള്‍) Email This BlogThis! Share to X Share to Facebook
ലേബലുകള്‍: നര്‍മ്മം

January 21, 2012

വേനല്‍പൂവുകള്‍


മുംബൈ വി ടി  (ഇന്ന് മുംബൈ സി എസ് ടി)  യിലെ എട്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ വണ്ടി  എത്തിച്ചേര്‍ന്നത്‌ വൈകുന്നേരം അഞ്ചു മണിക്ക്.  ശ്രീകൃഷ്ണ ടൈലര്‍ ഷോപ്പില്‍  നിന്നും അമ്മ കടം പറഞ്ഞുവാങ്ങിത്തന്ന ഒരു ജോഡി പാന്റും ഷര്‍ട്ടും, എങ്ങും കളയാതെ സൂക്ഷിക്കണം എന്ന് പറഞ്ഞേല്‍പ്പിച്ച കുറച്ചു പൈസയും  അടങ്ങുന്ന ബാഗും തൂക്കി വണ്ടിയില്‍ നിന്നിറങ്ങി..

മുന്നിലേയ്ക്ക് നടക്കുമ്പോള്‍ കണ്ട മുഖങ്ങളിലെല്ലാം ഞാന്‍ ചന്ദ്രേട്ടനെ തിരയുകയായിരുന്നു.  ഒടുവില്‍ എനിക്കഭിമുഖമായി  നടന്നുവരുന്ന ചന്ദ്രേട്ടനെ കണ്ടപ്പോള്‍ ശ്വാസം നേരെ വീണു.  എന്റെ ഒരകന്ന ബന്ധുവായ  ചന്ദ്രേട്ടന്‍  ഇവിടെ ഏതോ ഒരു വലിയ കമ്പനിയില്‍ ഉദ്യോഗത്തില്‍ കയറിയിട്ട്  കുറച്ചുവര്‍ഷങ്ങളായി.

ചന്ദ്രേട്ടന്‍ താമസിക്കുന്ന അന്റൊപ് ഹില്‍ എന്ന സ്ഥലത്തേക്കുള്ള ലോക്കല്‍ ട്രെയിന്‍ യാത്രാമദ്ധ്യേ ഒരു എക്സ്പോര്‍ട്ട്  കമ്പനിയില്‍ ടൈപിസ്റ്റ്‌  കം ക്ലാര്‍ക്ക് ആയി ഒരു ജോലി ശരിയാക്കിയിട്ടുണ്ടെന്നും മാസം അഞ്ഞൂറ് രൂപയോളം ശമ്പളം കിട്ടുമെന്നും ആറു മാസം കഴിഞ്ഞാല്‍ ജോലി സ്ഥിരമാകും എന്നൊക്കെ അദ്ദേഹം പറഞ്ഞു.   മൂന്നു മുറികള്‍ ഉള്ള ഒരു ഫ്ളാറ്റിന്‍റെ ഒരു മുറിക്ക് മാസ വാടക ഇരുനൂറുരൂപ നല്‍കിയാണ് താമസം എന്നും  പറഞ്ഞു.  മറ്റൊരു മുറിയില്‍ ഒരു യാദവും കുടുംബവും ആണത്രേ താമസം.  നടുവിലെ മുറിയും അടുക്കളയും വീട്ടുടമ വേദ പ്രകാശ് വര്‍മ,  ഭാര്യ കുസും വര്‍മ, അഞ്ചു വയസ്സുകാരന്‍ മകന്‍  ഇവരടങ്ങുന്ന പഞ്ചാബി കുടുംബം ഉപയോഗിക്കുന്നു. ബാത്റൂം, കക്കൂസ് എന്നിവ  മൂന്ന് റൂം നിവാസികളും  ഒരുമിച്ചുപയോഗിക്കുന്നു.

ഫ്ലാറ്റിനു മുന്നിലെത്തി ബെല്ലടിച്ചതും വാതില്‍ തുറന്നത് മിസ്സിസ് വര്‍മ....
"ആന്‍റി.. എ മേരാ ഭായി ഹൈ..."  വിനയത്തോടു കൂടി ചന്ദ്രേട്ടന്‍ മൊഴിഞ്ഞു...

വെളുത്ത് സുമുഖന്‍ ആയ ചന്ദ്രേട്ടന്‍റെ ഗ്ലാമറിന്‍റെ പരിസരത്തെങ്ങും എന്നെ കാണാഞ്ഞത് കൊണ്ടാവാം അവരുടെ മുഖത്ത് നേരിയ സംശയം നിഴലിച്ചിരുന്നു.  എങ്കിലും മുഖത്ത് വരുത്തിയ കൃത്രിമച്ചിരിയോടെ എന്നെ ഒന്ന് തൊഴുതതിനു ശേഷം  അവര്‍ തിരിഞ്ഞുനടന്നു.

പത്തടി നീളവും പത്തടി വീതിയും ഉള്ള മുറിയില്‍ രണ്ടു മേശകള്‍,  ഒരു അലമാര,  ഒരു കട്ടില്‍ എന്നിവയായിരുന്നു  ഫര്‍ണിച്ചര്‍.  ഒരു മേശമേല്‍ പാചക സ്റ്റോവ് വെച്ചിരിക്കുന്നു.  പാചകവും കിടപ്പും എല്ലാം ആ മുറിക്കകത്ത് തന്നെ.

നാട്ടില്‍ വീടിനകത്ത്  ഷര്‍ട്ട്‌ ഒരു അവശ്യവസ്തുവല്ലാത്തതിനാല്‍ ആ രീതി തന്നെ  ഇവിടെയും അവലംബിക്കാന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷെ അത് അധിക സമയം നീണ്ടു നിന്നില്ല.  അസ്ഥികൂടത്തില്‍ കരിഓയില്‍ അടിച്ചപോലുള്ള എന്റെ മേനിയഴക്‌ കണ്ട് ഇക്കിളി കൊണ്ടാണെന്ന് തോന്നുന്നു, മിസിസ് വര്‍മ ചന്ദ്രേട്ടനെ വിളിച്ചു പറഞ്ഞു..

"വേണു കോ ബോലോ ... ഷര്‍ട്ട്‌ പഹന്‍ കെ ഗൂമ്നെ കെ ലിയെ "
സ്നേഹ സ്വരത്തില്‍ ചന്ദ്രേട്ടന്‍ എന്നോട്പറഞ്ഞു ...
"നമ്മുടെ നാടല്ല...  ഇവിടുത്തെ കാറ്റും ചൂടും അസുഖം തരും... ആയതിനാല്‍ എപ്പോഴും ദേഹത്ത് ഒരു ഷര്‍ട്ട്‌ അല്ലെങ്കില്‍ ബനിയന്‍ ധരിക്കുക".

"വല്ലതും കഴിച്ച് കിടന്നോളൂ... കാലത്ത് നേരത്തെ ഇറങ്ങണം,  ഓഫീസില്‍ ആദ്യദിവസം അല്ലെ..."  അദ്ദേഹം  ഓര്‍മ്മിപ്പിച്ചു.

പിറ്റേന്ന് കാലത്ത്  ചായ ശരിയാക്കി ചന്ദ്രേട്ടന്‍ വിളിച്ചപ്പോഴാണ് ഉറക്കമുണര്‍ന്നത്.  മുഖം കഴുകാന്‍ ബാത്റൂമിനടുത്തുള്ള ബേസിനിലേക്ക് കുനിയവേ അടുത്തുള്ള കക്കൂസില്‍ നിന്നൊരു ശബ്ദം.......
"ടട്ടി ധുലാവോ....  ടട്ടി ധുലാവോ..... "

റൂം ഉടമയുടെ മകനാണ്.  വഴിവാണിഭക്കാരെപ്പോലെ അവന്‍  ഈ വിളി രണ്ടുമൂന്നുതവണ ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ ചന്ദ്രേട്ടനോട് ഇതെന്താണ് സംഭവം എന്ന് തിരക്കി.  അവന്‍ കാര്യം സാധിച്ചുകഴിഞ്ഞുവെന്നും  അവന്‍റെ ചന്തി കഴുകിക്കാനും വേണ്ടിയാണത്രേ ആ കൂവല്‍.  ഒന്ന് കഴുകിച്ചേക്ക്  എന്ന് കൂടി ചന്ദ്രേട്ടന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കൊന്നു  ഞെട്ടി.  ബി. കോം. ഡിഗ്രിയെടുത്ത് ഇവിടെ വന്നത് ഈ പഞ്ചാബി  ചെക്കന്‍റെ ചന്തി  കഴുകാനോ?  ഛെ... 

ഏയ്‌... അത് ശരിയാവില്ല... എന്ന് മനസ്സില്‍  പറഞ്ഞു.

എന്‍റെ പകച്ചുനില്‍ക്കല്‍ കണ്ട ചന്ദ്രേട്ടന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു,
" നീ കുറച്ചു വെള്ളം ഒഴിച്ച് കൊടുത്താല്‍ മതി... അവന്‍ കഴുകിക്കൊള്ളും"

ഹാവൂ ആശ്വാസമായി ...
വെറുതെ ടെന്‍ഷനടിച്ചു.

ഒരുകൈ കൊണ്ട് മൂക്ക് പൊത്തി മറുകൈ കൊണ്ട്  ചെക്കന്‍റെ മൂട്ടില്‍ വെള്ളമൊഴിക്കുമ്പോള്‍ അവന്‍ എന്നെ തന്നെ തറപ്പിച്ചു നോക്കിക്കൊണ്ടിരുന്നു.  കാര്യംകഴിഞ്ഞ് പുറത്തുകടന്ന അവന്‍ ഊരിയിട്ട ട്രൌസര്‍ എടുത്തു തോളിലിട്ടു നടക്കാന്‍ തുടങ്ങുമ്പോള്‍ എന്നെ അടിമുടി ഒന്ന് വീക്ഷിച്ചു.  അവന്‍റെ ആസനം കഴുകാന്‍ ജലം പകര്‍ന്നു നല്‍കിയ എന്നെ അവന് ഇഷ്ടമായി എന്ന് തോന്നുന്നു.... ഞാന്‍ ഒന്ന് ഞെളിഞ്ഞുനിന്നു.  പെട്ടെന്ന് അവന്‍റെ വിധം മാറി. ശബ്ദം ഉയര്‍ത്തി അവന്‍ പറഞ്ഞു,
"ക്യാ പാഗല്‍ ആദ്മി  ഹേ ...
കിത്ത്നാ ചില്ലാന പഡ് താ  ഹെ"

ആ വാചകത്തിന്‍റെ അര്‍ത്ഥം എനിക്ക് മനസ്സിലാകാന്‍ മാസങ്ങള്‍ വേണ്ടിവന്നതുകൊണ്ട് അന്നവന്‍ രക്ഷപെട്ടു.

ഒരുക്കങ്ങള്‍ കഴിഞ്ഞ്  ചന്ദ്രേട്ടനൊപ്പം ഓഫീസിലേക്ക് ഇറങ്ങി. വീട്ടില്‍ നിന്നും പത്തുമിനുട്ടോളം നടക്കണം അടുത്തുള്ള കിംഗ്‌ സര്‍ക്കിള്‍  റെയില്‍വേ സ്റ്റേഷനിലെക്ക്.

നടത്തത്തിനിടെ വഴിയരികില്‍ സിമന്റ്ഷീറ്റ് മേഞ്ഞ ഒരു ഷെഡ്‌ കണ്ടു.  അതിനുമുന്നില്‍ മഞ്ഞനിറത്തിലുള്ള പാമോലിന്‍ ഡബ്ബ പോലുള്ള ഡബ്ബകള്‍ പിടിച്ചു വരിയായി നില്‍ക്കുന്ന കുറെ ആളുകള്‍. സംശയ രൂപേണ ഞാന്‍ ചന്ദ്രേട്ടനോട് ചോദിച്ചു...


"ഇവിടെ റേഷന്‍ കട ഇത്ര നേരത്തെ തുറക്കുമോ ? "

പൊട്ടിച്ചിരിച്ചു കൊണ്ട് ചന്ദ്രേട്ടന്‍ പറഞ്ഞു... അത് റേഷന്‍ കടയല്ല കക്കൂസ് ആണെന്ന്....
രണ്ടിന് പോകാനുള്ളവരുടെ നീണ്ട ക്യൂ ...

ചന്ദ്രേട്ടന് ചിരിയടങ്ങുന്നില്ല...
ഒരുവേള ക്യൂവിന്‍റെ ഏറ്റവും പുറകില്‍ നില്‍ക്കുന്നത് ഒരു വയറിളക്കരോഗിയാണെങ്കില്‍ മറുതലയ്ക്കല്‍ എത്തുമ്പോഴേക്കും അയാളുടെ സ്ഥിതി എന്താവുമെന്നോര്‍ത്ത് ഞാനും ചിരിച്ചു പോയി.

ലോക്കല്‍ ട്രയിനിലെ ഉന്തും തളളും കഴിഞ്ഞ് ഓഫീസിലെത്തിയപ്പോള്‍ ദേഹം മുഴുവന്‍ നുറുങ്ങുന്ന വേദന.  എന്‍റെ അസ്വസ്ഥത കണ്ട ചന്ദ്രേട്ടന്‍ പറഞ്ഞു,
"ആദ്യായോണ്ടാ ... കുറച്ചൂസായാല്‍  പരിചയാവും..."
എന്നെ ഓഫീസില്‍ ഏല്‍പ്പിച്ചു ചന്ദ്രേട്ടന്‍ പോകാനൊരുങ്ങി... പോകുമ്പോള്‍  പറഞ്ഞു,
" ഇന്ന് ഒറ്റയ്ക്ക് പോണ്ട ... വൈകീട്ട് ഞാനിതിലെ വരാം"

ഓഫീസില്‍ എന്‍റെ വിഭാഗത്തില്‍ രണ്ടു മലയാളികള്‍കൂടി ഉണ്ടായിരുന്നതിനാല്‍ ഭാഷ ഒരു കീറാമുട്ടിയായില്ല.   പത്തനംതിട്ടക്കാരി ലൂസി മാഡവും, കോട്ടയംകാരന്‍ ഒരു രാജനും. ഇവര്‍ രണ്ടുപേരും കുറഞ്ഞവാടകയുള്ള വീടുകള്‍ തേടി കുറച്ചകലെയാണ് താമസം.  ലൂസി സെന്‍ട്രല്‍ ലൈനില്‍ ഡോമ്പിവല്ലിയിലും രാജന്‍ വെസ്റ്റേണ്‍ ലൈനില്‍ അന്ധേരിയിലും. രാജന്റെ ഡിസ്കിന് സ്ഥാന ചലനം വന്നതിനാല്‍ നടുവില്‍ ഒരടി വീതിയില്‍  ഒരു ബെല്‍റ്റ്‌ സ്ഥിരം ഉണ്ട്.  അന്ധേരിയില്‍നിന്നും ചര്‍ച്ച്ഗേറ്റ് സ്റ്റേഷനില്‍വന്ന് അവിടെനിന്ന് വി ടി യിലുള്ള ഓഫീസിലേക്ക് നടക്കും.  ഓഫീസില്‍ സ്ഥിരം വൈകിയെത്തുന്ന അദ്ദേഹം വണ്ടിയിലെ തിരക്കിനെയും വണ്ടി വൈകി ഓടുന്നതിനെയും പ്രാകിക്കൊണ്ടേ കയറിവരൂ.  ഇടയ്ക്കിടെ വണ്ടിയില്‍ സംഭവിച്ച ചില കഥകളും വിളമ്പും.  അതില്‍ ഒന്നിങ്ങനെ...

ഒരു നാള്‍ ട്രെയിനിനുള്ളില്‍ ഞെങ്ങിഞെരുങ്ങിനില്‍ക്കെ തൊട്ടടുത്ത സീറ്റിലിരിക്കുന്ന വൃദ്ധന്‍ രാജനോട്‌ പറഞ്ഞു...
"ബേട്ടാ ... മഹാലക്ഷ്മി ആയാ തോ ജര ബോല്‍നാ..."

നടുവേദനകൊണ്ട് പൊറുതിമുട്ടിയ രാജന് ആ വാക്കുകള്‍ പഞ്ചാരപ്പായസം പോലെ...
മഹാലക്ഷ്മി എത്തിയാല്‍ കിഴവന്‍ ഇറങ്ങും.  രാജന്‍ ചന്തി കിഴവനോട് ചാരിവെച്ച് സീറ്റ്‌ റിസേര്‍വ് ചെയ്തു....

അടുത്ത സ്റ്റേഷനിലും കിഴവന്‍ ചോദിച്ചു,  "മഹാലക്ഷ്മി പഹൂന്ച്ചാ ക്യാ?"

രാജന്‍ പകുതി കാലും കിഴവന്‍റെ മുതുകില്‍ തിരുകി റിസര്‍വേഷന്‍ ഒന്ന് കൂടി ഉറപ്പിച്ചു....

രണ്ടുസ്റ്റേഷന്‍ കഴിഞ്ഞ് മഹാലക്ഷ്മി എത്തിയപ്പോള്‍ രാജന്‍ കിഴവനെ വിളിച്ചു പറഞ്ഞു...
"ചാച്ചാ ... മഹാലക്ഷ്മി ആ ഗയാ...."

"അച്ചാ ബേട്ട..." എന്നുപറഞ്ഞ് കിഴവന്‍ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍നിന്നും ഒരു പൂവെടുത്ത്  രണ്ടുകണ്ണിലും തൊടീച്ച്  "മഹാലക്ഷ്മി മാതാ.... രക്ഷ കരോ..."  എന്നു പറഞ്ഞ് ജനലിലൂടെ പുറത്തേക്കിട്ട് വീണ്ടും സീറ്റില്‍ ഒന്നുകൂടി ഞെളിഞ്ഞിരുന്നു.

രാജന്‍ എന്തോ കളഞ്ഞുപോയ അണ്ണാനെപ്പോലെ കിഴവനെ നോക്കി പിറുപിറുത്ത് തിരക്കിലൂടെ മുന്നോട്ടുനീങ്ങി, അടുത്ത ഊഴം നോക്കി.

ലൂസി മാഡത്തിന്‍റെ കീഴില്‍ ജോലികളെല്ലാം ഒരുവിധം ഭംഗിയായി പഠിച്ച് മുന്നോട്ടുപോകുമ്പോഴാണ് ആ വാര്‍ത്ത വന്നെത്തിയത്.  കമ്പനിയുടെ ബോംബയിലെ ഓഫീസ് പുനെയിലേക്ക്  മാറ്റുന്നു.  ഒരു മാസത്തെ നോട്ടീസ്.  പൂനെയില്‍ ജോയിന്‍ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് തുടരാം,  അല്ലാത്തവര്‍ക്ക്  ജോലിവിടാം.

അങ്ങിനെ ഞാന്‍ തൊഴില്‍രഹിതനായി.  എന്‍റെ കാല്‍വയ്പിന്‍റെ ഐശ്വര്യമോര്‍ത്ത് വിഷമിച്ചിരിക്കുമ്പോള്‍  ആശ്വാസവാക്കെന്നപോലെ ചന്ദ്രേട്ടന്‍ പറയുമായിരുന്നു,

"നീ വിഷമിക്കാതിരിക്ക്.... നമുക്ക് വേറെ നോക്കാം... ഏറിയാല്‍ പത്തുപതിനഞ്ചുദിവസം.  ആ ദിവസങ്ങളില്‍ ഇവിടെയിരുന്നു ഷോര്‍ട്ട്ഹാന്‍ഡ്‌ എഴുതി സ്പീഡ് ഒന്ന് കൂട്ട്..."

ഒന്നുരണ്ടുദിവസം റൂമില്‍ ചടഞ്ഞുകൂടിയെങ്കിലും ബോറടി കൂടിയതിനാല്‍ മൂന്നാമത്തെ ദിവസം ചന്ദ്രേട്ടന് പിറകെ ഞാനും  പുറത്തിറങ്ങി.  അന്നുമുതല്‍ എന്‍റെ നഗരം തെണ്ടല്‍ ആരംഭിക്കുകയായിരുന്നു.  ട്രെയിന്‍ പിടിച്ച് വി ടി യില്‍ എത്തും.  അവിടെനിന്ന് ഫൌണ്ടയിന്‍, കാല ഗോട എന്നിവിടം ചുറ്റി ജഹാംഗീര്‍ ആര്‍ട്ട്‌ ഗ്യാലറിയില്‍ എത്തും.  അമ്പതുപൈസ ടിക്കറ്റ്‌ എടുത്ത് ഒന്നുരണ്ടുമണിക്കൂര്‍ ചിത്ര പ്രദര്‍ശനം കാണും.  വിശ്വവിഖ്യാതരായ പലരുടെയും വരകളും പെയിന്റിങ്ങുകളും  അവിടെയുണ്ട്. അവിടെ നിന്നിറങ്ങി റിസേര്‍വ്  ബാങ്കിനുമുന്നില്‍ കുറച്ചുനേരം.  അതുകഴിഞ്ഞാല്‍  തൊട്ടടുത്തുള്ള ബ്രിട്ടീഷ്‌ലൈബ്രറിയുടെ പടവുകളില്‍ അല്പം വിശ്രമം.

പല നാടുകളില്‍നിന്നുള്ള പല ഭാഷകള്‍ സംസാരിക്കുന്ന ആയിരക്കണക്കിന് ആളുകള്‍.  നിരനിരയായി നീങ്ങുന്ന വാഹനങ്ങള്‍.  വിവിധ വര്‍ണങ്ങളില്‍ തെളിയുന്ന സിഗ്നല്‍ ലൈറ്റുകള്‍...  വീണ്ടും മുന്നോട്ടു നടന്ന് മ്യുസിയത്തിനുമുന്നിലൂടെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍... കടലിന്‍റെ ഓരംചേര്‍ന്ന് നില്‍ക്കുന്ന ഇലകള്‍ തിങ്ങിയ ഉയരം കുറഞ്ഞ മരച്ചുവട്ടിലെ തുക്കാറാം  വട പാവ് സെന്റര്‍.  അവിടെ നിന്ന് രണ്ടു വടാപാവും രണ്ടു ഗ്ലാസ് വെള്ളവും.  അതാണ്‌ ഉച്ചഭക്ഷണം.  അശരണന്‍റെ അന്നം... അതാണ്‌ മഹാരാഷ്ട്രയില്‍ വടാപാവ്.

ഏതാണ്ട് ഗള്‍ഫ്‌നാടുകളിലെ ഖുബൂസ് പോലെതന്നെ ഒരു ദിവസം ഈ ആഹാരം ആയിരങ്ങള്‍ ഭക്ഷിക്കുന്നു.  ഈ നഗരത്തില്‍ അഞ്ചുരൂപ കിട്ടുന്നവനും അഞ്ചുലക്ഷം ദിവസം കിട്ടുന്നവനും ജീവിക്കുന്നു.  ഒരാള്‍ മൃഷ്ടാന്നം ഭുജിച്ച് രമ്യഹര്‍മ്യശയ്യ തേടുമ്പോള്‍  മറ്റേയാള്‍ ഒരു വട പാവില്‍ അത്താഴമൊതുക്കി റോഡരികില്‍ ഉറങ്ങുന്നു.

താജ്മഹല്‍ ഹോട്ടലിന്‍റെ മുന്നില്‍ കടലോരം ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഗേറ്റ് വേ ഓഫ് ഇന്ത്യ.  ആ  ഭീമന്‍ കവാടത്തിന്‍റെ ശില്പചാതുരി നുകര്‍ന്ന് കടല്‍ക്കാറ്റിന്‍റെ കുളുര്‍തലോടല്‍ ഏറ്റുവാങ്ങി  വെയില്‍ കാഞ്ഞിരിക്കുന്ന സ്വദേശികളും വിദേശികളും.  അവരിലൊരാളായി ഉയരം കുറഞ്ഞ കരിങ്കല്‍ഭിത്തിയില്‍ ഞാനുമിരുന്നു.

ചെറുതിരകളായി ഓടിയണഞ്ഞ് കരിങ്കല്‍ഭിത്തിയില്‍ തട്ടിച്ചിതറുന്ന കടല്‍ജലത്തില്‍ സൂര്യകിരണങ്ങള്‍ ഏല്‍ക്കുമ്പോള്‍ തെളിയുന്ന വിവിധ വര്‍ണങ്ങള്‍.... കാതങ്ങള്‍ക്കപ്പുറം കടലോരത്ത് സ്ഥിതി ചെയ്യുന്ന എലിഫന്റ ഗുഹയിലേക്ക് സന്ദര്‍ശകരെ കയറ്റിപ്പോവുന്ന ബോട്ടുകളുടെ നീണ്ട നിര..... അതിനു  സമാന്തരമായി തിരികെവരുന്ന ബോട്ടുകളുടെ മറ്റൊരു നിരകൂടി കാണാം. കടല്‍നീലിമക്ക്  മുകളില്‍ അലക്ഷ്യമായി പറക്കുന്ന കൊറ്റിക്കൂട്ടങ്ങള്‍..... ഒറ്റ തിരിഞ്ഞു ചെറുനൌകകളില്‍ മത്സ്യബന്ധനം നടത്തുന്ന കോലികള്‍**.  അകലെ മസഗോണ്‍ഡോക്കില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ മുകളില്‍ പാറുന്ന വിവിധ വര്‍ണപതാകകള്‍.  ഇടയ്ക്കിടെ മിന്നല്‍പ്പിണര്‍പോലെ പാഞ്ഞുപോകുന്ന നേവിയുടെ  ബീറ്റ് ബോട്ടുകള്‍.  അങ്ങിനെ കടല്‍ക്കാഴ്ചകള്‍ ഒന്നൊന്നായി കണ്ടിരുന്നു നേരം പോയതറിഞ്ഞില്ല.

അസ്തമയത്തിനു മുന്നോടിയെന്നോണം താജ്ഹോട്ടലിനു മുകളിലെ വന്‍ താഴികക്കുടങ്ങളിലും സ്റ്റോക്ക്‌ എക്സ്ചേഞ്ച് ടവറിന്‍റെ നിറുകയിലും മറ്റു ചെറുകെട്ടിടങ്ങള്‍ക്ക് മുകളിലും സൂര്യന്‍ ചകോരവര്‍ണം വാരിവിതറാന്‍  തുടങ്ങിയിരുന്നു.  ഒരു ദിവസത്തിന്‍റെ അന്ത്യംകൂടി വിളിച്ചോതി ഓഫീസ് വിട്ടിറങ്ങിയ ജനക്കൂട്ടം സാന്ദ്രതയേറിയ നദികളെപ്പോലെ വീഥികള്‍  നിറഞ്ഞൊഴുകുന്നു.  ഇരുട്ടിനു കനം കൂടും മുന്‍പേ വീടണയാന്‍ എനിക്കും തിടുക്കമായി.

അടുത്തദിവസം ചന്ദ്രേട്ടന്‍ ഇറങ്ങിയതിന്‍റെ തൊട്ടുപിറകെ കുളിച്ചു കുട്ടപ്പനായി ഞാനും ഇറങ്ങി.  ഫ്ലാറ്റിന്‍റെ വാതിലടച്ച് പുറത്തുകടന്നതും കയ്യില്‍ ബക്കറ്റും ചൂലുമായി കയറിവരുന്ന കച്ചറവാലയെ കണ്ടു.  ഒരു സ്ഥലത്തേയ്ക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍ വരും ശകുനം മുടക്കാന്‍.... ഇവനൊക്കെ കുറച്ചുകഴിഞ്ഞ് വന്നാലെന്താ....?

തിരിച്ച് ഒരു തവണകൂടി വീട്ടില്‍ക്കയറി ഇറങ്ങിയാലോ എന്ന് ആലോചിച്ചുനില്‍ക്കുമ്പോള്‍ മനസ്സ് ചോദിച്ചു,

"എന്ത് മലമറിക്കണ മഹാകാര്യത്തിനാവോ താന്‍ ശകുനം നോക്കി  പോവുന്നത്?"

ആ ചോദ്യത്തിന്‍റെ അര്‍ത്ഥമുള്‍ക്കൊണ്ട്‌ പടികളിറങ്ങുമ്പോള്‍ കുറുകെ ഓടിപ്പോയ ഒരു കറുത്തപട്ടിയും എന്നെ തെല്ലുവിഷമിപ്പിച്ചു.

വി ടി യില്‍ ട്രെയിനിറങ്ങി റോഡ്‌ മുറിച്ചുകടന്ന് ക്രോസ് മൈതാനത്തിന് അടുത്തെത്തി.  മൈതാനം മുറിച്ചുകടന്നാല്‍ ചര്‍ച്ച്ഗേറ്റ് സ്റ്റേഷന്‍ എത്താം.

ടെലികമ്മ്യൂണിക്കേഷന്‍ ടവറിനുമുകളിലെ വിവിധവലുപ്പത്തില്‍ മാനത്തോട്ടുവിരിയുന്ന കുടകളിലിരുന്ന് തൂവലുണക്കുന്ന പ്രാവുകള്‍.  ചിലവ കൊക്കുരുമ്മുന്നു.  മറ്റുചിലവ കാമുകന്‍റെ പ്രേമകേളികളാല്‍  നാണംപൂണ്ട് തലകുനിച്ചിരിക്കുന്നു.  വെയിലിന് ചൂടേറിത്തുടങ്ങിയെങ്കിലും ക്രോസ്മൈതാനത്തെ പുല്ലില്‍ മയങ്ങിയ മഞ്ഞുതുള്ളികള്‍ ചെരുപ്പിനാല്‍ മുഴുവന്‍ മറയാത്ത എന്‍റെ കാല്‍വിരലുകളെ നനച്ചുകൊണ്ടിരുന്നു.

ചര്‍ച്ച്ഗേറ്റ് സ്റ്റേഷന് മുന്നിലൂടെ ബോര്‍ബോന്‍ സ്റ്റേഡിയത്തിന്‍റെ അരികില്‍ എത്തി.  തുറന്നുകിടന്ന കവാടത്തിലൂടെ അകത്തേക്ക് നോക്കി.  ഗ്യാലറിയില്‍ നാലഞ്ചുപേര്‍ കാഴ്ചക്കാരായുണ്ട്.  ഏതോ രണ്‍ജി മത്സരം നടക്കുന്നുവെന്നുതോന്നി.

ക്വീന്‍സ് 'നെക് ലെയ്സ്' എന്നറിയപ്പെടുന്ന മറൈന്‍ലൈന്‍സിലൂടെ നടന്ന് നരിമാന്‍പോയന്റില്‍ എത്തി.  അംബരചുംബികളായ നിരവധി സൗധങ്ങള്‍.  എക്സ്പ്രസ്സ്‌ ടവേര്‍സ്, എയര്‍ ഇന്ത്യ ബില്‍ഡിംഗ്‌, ഒബെറോയ് ടവര്‍ എന്നിങ്ങനെ നിരനിരയായി കെട്ടിടങ്ങള്‍.  സിഗ്നലിനടുത്തുള്ള ഷാലിമാര്‍ എന്ന കെട്ടിടത്തിനുമുന്നിലെ  ഉയരംകുറഞ്ഞ മതിലില്‍ മുന്നില്‍ പരന്നുകിടക്കുന്ന കടലിനെ നോക്കി ഇരുപ്പുറപ്പിച്ചു.

റോഡിനപ്പുറം വരിയായി  നില്‍ക്കുന്ന തണല്‍മരങ്ങള്‍ക്കടിയിലെ സിമന്റ്ബെഞ്ചുകളില്‍ കമിതാക്കള്‍ നേരത്തേകൂട്ടി സ്ഥലം പിടിച്ചിരിക്കുന്നു.  അവരില്‍ കൌമാരക്കാരോടൊപ്പം മദ്ധ്യവയസ്ക്കരെയും കാണാമായിരുന്നു.  ഒരുപക്ഷെ  അവരെല്ലാം   എന്നെപോലെതന്നെ  തൊഴില്‍രഹിതരായിരിക്കും.

തൊട്ടപ്പുറത്തെ ഹോട്ടല്‍കെട്ടിടത്തിന്‍റെ വൃത്താകൃതിയിലുള്ള മട്ടുപ്പാവില്‍ വെയില്‍ കാഞ്ഞുകൊണ്ടൊരു സായിപ്പ് നില്‍ക്കുന്നു. മുടികളില്‍ തടവിക്കൊണ്ട് അയാള്‍ കയ്യിലുള്ള ഏതോ പത്രം പാരായണം ചെയ്യുകയാണ്.

പരന്നു കിടക്കുന്ന കടലിന്റെ അനന്തതയില്‍ നോക്കിയിരിക്കവെ മുഹമ്മദ്‌ റാഫിയുടെ ഒരു ഗാനത്തിന്‍റെ ഈണം ചിരട്ടയും  വടിയും കൊണ്ട് തീര്‍ത്ത വീണയില്‍മീട്ടി  ഒരുത്തന്‍ നടന്നുവരുന്നത് കണ്ടു.
"ബഹാരോം ഫൂല്‍ ബര്‍സാ ദോ..
മേരി മെഹബൂബ് ആയാ ഹേ...
മേരി മെഹബൂബ് ആയാ ഹേ..."

തലയിലേറ്റിയ ചൂരല്‍ക്കുട്ടയില്‍ കളിവീണകള്‍ ചുമന്നുപോകുന്ന അയാള്‍ കയ്യിലെ കൊച്ചുവീണയില്‍ തീര്‍ക്കുന്ന നാദത്താല്‍ തെരുവുകളെ വിസ്മയിപ്പിക്കുന്നു.  മട്ടുപ്പാവില്‍ വെയില്‍കൊണ്ട് നില്‍ക്കുന്ന സായിപ്പ് വീണാനാദത്തില്‍ മയങ്ങി, തല റോഡിലേക്ക് നീട്ടി ചോദിക്കുന്നു.

"ഹായ് മാന്‍... ഹൌ മച്ച്?"
"ത്രീ ഹന്‍ട്രെഡ്..."

വീണവില്‍പ്പനക്കാരന്‍റെ ഉത്തരം കേട്ട് ഞാന്‍ ഞെട്ടി.  കാട്ടുകള്ളാ... സായിപ്പാണെന്ന് കരുതി ഇങ്ങനെ പറ്റിക്കാമോ?  ഒരു രൂപയുടെ സാധനത്തിനു മുന്നൂറു ഇരട്ടി വിലയോ?
"നോ .. നോ... ഐ വില്‍ ഗിവ് വന്‍ ഹന്‍ട്രെഡ്.."

സായിപ്പും വീണക്കാരന് മുറിക്കാന്‍ പറ്റിയ പാര്‍ട്ടി തന്നെ.  താഴെവന്ന് നൂറിന്‍റെ നോട്ടും കൊടുത്ത് വീണവാങ്ങി സായിപ്പ് ഉള്ളിലേക്ക് പോയതും വീണക്കച്ചവടക്കാരന്‍ അപ്രത്യക്ഷനായതും ഒരുമിച്ചായിരുന്നു.

അഞ്ചു മിനുട്ട് കഴിഞ്ഞു കാണില്ല  ... ഒരു അട്ടഹാസത്തോടെ മട്ടുപ്പാവില്‍വന്ന് സായിപ്പ് ചോദിച്ചു,
" ഹായ്... വേര്‍ ഈസ്‌ ദാറ്റ്‌ ബാസ്റ്റാട് ?"

സായിപ്പിന്‍റെ വീണയില്‍ നാദം നിലച്ചിരിക്കുന്നു  എന്ന് ആ ചോദ്യത്തില്‍നിന്നും എനിക്ക് മനസ്സിലായി.
"ഹി ഹാസ്‌ ഗോണ്‍...." ഞാന്‍ സായിപ്പിനോടായി പറഞ്ഞു.

സായിപ്പ്  കയ്യിലിരുന്ന വീണ തലയ്ക്കു ചുറ്റും കറക്കി  റോഡിലേക്ക് ഒരു ഏറുവച്ചുകൊടുത്തു.  എന്നിട്ടും അയാള്‍ക്ക്‌ കലിയടങ്ങുന്നില്ല..


"യൂ ഇന്ത്യന്‍സ്.. ബ്ലഡി ബെഗ്ഗെര്‍സ്... എന്നുറക്കെ വിളിച്ചുപറഞ്ഞ് അയാള്‍ മുറിയുടെ  മട്ടുപ്പാവിലേക്ക് തുറക്കുന്ന വാതില്‍ വലിയൊരു ശബ്ദത്തോടെ വലിച്ചടച്ചു.

ഒരു ഇന്ത്യക്കാരനു അഭിമാനിക്കാന്‍ പറ്റിയ വാക്കുകള്‍!!!
ഒരു തെണ്ടി ഇന്ത്യക്കാരന്‍ നിമിത്തം സായിപ്പിന്‍റെ തെറി മൊത്തം ഇന്ത്യക്കാര്‍ക്കും... ഞാന്‍ ഹര്‍ഷ പുളകിതനായി.

വീണ്ടും ഞാന്‍ ചിന്തയിലേക്ക് മടങ്ങി...

അമ്മ ഇപ്പോള്‍ എന്ത് ചെയ്യുകയാവും?
നാട്ടുകാര്‍ ഹോട്ടല്‍ പോഹാളിയ എന്നോമനപ്പേരിട്ടു വിളിക്കുന്ന ഞങ്ങളുടെ ചായക്കടയിലെ അടുപ്പില്‍ പുകയുന്ന വിറകുകൊള്ളികളില്‍ സങ്കടം ഊതി തീര്‍ക്കയായിരിക്കും.  അല്ലെങ്കില്‍ മറുനാട്ടില്‍ കഷ്ടപെടുന്ന മകനെയോര്‍ത്ത് കണ്ണീര്‍ വാര്‍ക്കുകയാവും.

അമ്മയെക്കുറിച്ച് ഓരോന്ന് ചിന്തിച്ചിരിക്കുമ്പോള്‍ മുന്നില്‍ മറ്റൊരമ്മ... ഒരു മദാമ്മ...

എനിക്ക് നേരെ ഒരു ക്യാമറ നീട്ടി അവര്‍ ചോദിക്കുന്നു,
"....ക്യാന്‍ യു ടേക്ക് എ സ്നാപ്...?"
ആദ്യം ഒന്ന് പകച്ചെങ്കിലും ക്യാമറ കയ്യില്‍വാങ്ങി കടലിനുമുന്നില്‍ ചിരിച്ചു കൊണ്ട് നിന്ന അവരുടെ ഒരു ചിത്രം ക്ലിക്ക് ചെയ്തു.

ക്യാമറയില്‍ എല്ലാം അവര്‍ തന്നെ സെറ്റ്  ചെയ്തിരുന്നതിനാല്‍ വെറുതെ ക്ലിക്കുക മാത്രം ചെയ്‌താല്‍ മതിയായിരുന്നു. അങ്ങിനെ രണ്ടു മൂന്നു തരത്തില്‍ അവരെ ക്ലിക്കി കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു,

" കം വിത്ത് മി... " ഈ  മദാമ്മ എന്നെ എവിടെ കൊണ്ട് പോവുന്നു എന്ന് ഞാന്‍ ശങ്കിച്ച് നില്‍ക്കെ അടുത്ത് കണ്ട ഒരു ടാക്സിയില്‍ കയറിയിരുന്ന് അവര്‍ ഡ്രൈവറോട് പറഞ്ഞു... "ഹാങ്ങിംഗ് ഗാര്‍ഡന്‍".

അത് കേട്ടപ്പോള്‍ ഞാന്‍ സന്തോഷിച്ചു.  മദാമ്മ സ്ഥലങ്ങള്‍ ചുറ്റിക്കാണാന്‍ ഇറങ്ങിയതാണെന്ന് മനസ്സിലായി.  കൂടെ ക്ലിക്കി നടന്ന് ചിലവില്ലാതെ സ്ഥലങ്ങളൊക്കെ കാണാമല്ലോ എന്ന് ഞാനും കരുതി.  കയ്യിലെ തുകല്‍ബാഗില്‍നിന്നും സ്വര്‍ണനിറമുള്ള  സിഗരെറ്റ്‌ പാക്കറ്റ് പുറത്തെടുത്തുതുറന്ന് ഒരെണ്ണം ചുണ്ടില്‍ വെച്ച് എന്നോട് ചോദിച്ചു... "യു വാന്റ്..?"

സിഗറെറ്റും കള്ളും ഒന്നും ഒരിക്കലും തൊടരുതെന്ന് പറഞ്ഞു യാത്രയാക്കിയ അമ്മയുടെ മുഖം മുന്നില്‍... 
"നോ...."   എന്‍റെ മറുപടി കേട്ട് ചുവപ്പുചായംതേച്ച ചുണ്ട് പിളര്‍ത്തി അവര്‍ ചിരിച്ചു.

"ഐ ആം കാതറിന്‍ വാര്‍ണര്‍.... "

"വാട്ട്‌ ഈസ്‌ യുവര്‍ നെയിം ?"
"മൈ നെയിം ഈസ്‌ വേണുഗോപാല്‍ ......"

നഴ്സറിക്കുട്ടികള്‍ നല്‍കുന്നപോലുള്ള എന്‍റെ ഉത്തരം കേട്ട് അവര്‍ വീണ്ടും ചിരിച്ചു.. എന്നിട്ട് പറഞ്ഞു...
"ഐ വില്‍ കാള്‍ യു ഗോപാല്‍.... "
വണ്ടി ഹാങ്ങിംഗ് ഗാര്‍ഡന്‍ എത്തി.


അവിടെയെല്ലാം ചുറ്റിനടന്ന് കുറെ ഫോട്ടോകള്‍ എടുത്തു.  പിന്നെ മറ്റൊരു ടാക്സിയില്‍ നെഹ്‌റു പ്ലാനെട്ടോറിയം, ഹാജി അലി, മഹാലക്ഷ്മി മന്ദിര്‍...  ചുറ്റിത്തിരിഞ്ഞു മൂന്നു മണിയോടെ ചര്‍ച്ച്ഗേറ്റില്‍ തിരിച്ചെത്തി.

വയറിനകത്ത്‌ സര്‍ക്കസ്സിലെ മരണക്കിണര്‍ പരിപാടി തുടങ്ങിയിരിക്കുന്നു. വിശന്നു കണ്ണ് കാണാന്‍ വയ്യ.

അംബാസഡര്‍ എന്ന നക്ഷത്ര ഹോട്ടലിന്‍റെ എയര്‍ കണ്ടീഷന്‍ഡ് റെസ്റ്റോറന്റില്‍ ഒരു മേശക്കു ഇരുവശത്തായി ഞങ്ങള്‍ ഇരുന്നു. വിശപ്പ്‌ പാരമ്യത്തില്‍ എത്തിയിരിക്കുന്നു. മേശയിലെ കിത്താബില്‍ നോക്കി അവര്‍ എന്നോട് ചോദിച്ചു....

" വെജ് ഓര്‍ നോണ്‍ വെജ്..."
"എന്തെങ്കിലും വേഗം പറ വല്യമ്മേ... എന്‍റെ കാറ്റു പോവുന്നു" എന്ന് പറയാനാണ്  തോന്നിയത്.   കടിച്ചുപിടിച്ചു ഞാന്‍ പറഞ്ഞു..  " എനി തിംഗ് വില്‍ ഡു."

അവര്‍ വീണ്ടും ചിരിച്ചു...  ഈ വല്യമ്മ എന്നെ കളിയാക്കുകയാണോ എന്ന് സംശയം തോന്നി. അവര്‍ സപ്ലയറെ വിളിച്ച് എന്തോ ഓര്‍ഡര്‍ ചെയ്തു.

ഒരു നാടകക്കാരന്‍റെ വേഷത്തില്‍ തലക്കെട്ടും കുപ്പായവും ഒക്കെയായെത്തിയ അയാള്‍  ആദ്യം ഒരു തുണിയും രണ്ടു സ്പൂണും കൊണ്ടുവന്നു.  പിന്നെ ഒരു ട്രേയില്‍ രണ്ടു ഗ്ലാസ് വെള്ളം.  എന്‍റെ ക്ഷമ നശിച്ചുതുടങ്ങിയിരുന്നു.  അല്പസമയത്തിനകം രണ്ടു ചെറിയ പ്ലേറ്റ് വന്നു.  ഞാന്‍ അയാളെ വളരെ ദയനീയമായി നോക്കിയത് കൊണ്ടാകാം ഇത്തവണ അയാള്‍ അകത്തേക്ക് അല്‍പ്പം കൂടി വേഗതയിലാണ് പോയത്. കുറച്ചു കഴിഞ്ഞപ്പോള്‍ വലിയ രണ്ടു പ്ലേറ്റ് എടുത്ത് അയാള്‍ മടങ്ങിവന്നു.

"ഇതൊക്കെ ഒരുമിച്ച് കൊണ്ടുവന്നുകൂടെടാ പന്നി....?"  എന്ന്  അയാളോട് ചോദിക്കാന്‍ എനിക്ക് തോന്നി.  പക്ഷെ ഞാന്‍ സംയമനം പാലിച്ചു.  കാത്തിരിപ്പിനൊടുവില്‍ ഭക്ഷണം എത്തി. അപ്പോഴേക്കും ട്രേയില്‍ വെച്ച രണ്ടു ഗ്ലാസ്‌  വെള്ളവും ഞാന്‍ കുടിച്ചുതീര്‍ത്തിരുന്നു.

ചൂടോടെ  വിളമ്പിയ ബട്ടര്‍ ചിക്കനില്‍ നാന്‍ മുക്കി അകത്താക്കുമ്പോള്‍ ഭക്ഷണത്തിനു മുന്നില്‍ കണ്ണടച്ച് കുരിശുവരയ്ക്കുകയായിരുന്നു മദാമ്മ.  അവരുടെ പ്രാര്‍ത്ഥന കഴിഞ്ഞപ്പോഴേക്കും ഞാന്‍  രണ്ടു നാന്‍ തിന്നു കഴിഞ്ഞിരുന്നു. ചായംതേച്ച ചുണ്ടുകള്‍ക്കിടയിലൂടെ ശ്രദ്ധയോടെ നാന്‍ തിരുകുമ്പോള്‍ അവര്‍ എന്നോട് ഇന്ത്യന്‍ മസാലകളുടെ മണത്തെക്കുറിച്ചും എരിവിനെക്കുറിച്ചും  എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

നല്ല ഒരു ശ്രോതാവിനെപ്പോലെ തലകുലുക്കി മൂന്നാമത്തെ  നാനും അകത്താക്കുമ്പോള്‍ രാജസ്ഥാനില്‍വെച്ച് അവര്‍ കഴിച്ച ചിക്കന്‍ തിക്കയെ കുറിച്ചാണ് അവര്‍ സംസാരിച്ചു കൊണ്ടിരുന്നത്.  അത് കഴിച്ചതിനുശേഷം അവര്‍ നേരിട്ട പ്രശ്നങ്ങള്‍ പറഞ്ഞുതുടങ്ങിയപ്പോള്‍  ഞാന്‍  നാലാമത്തെ  നാനും അകത്താക്കിയിരുന്നു.

" മൈ മോഷന്‍ വാസ് എക്സ്ട്രീമ്ലി ലൂസ്, ആന്‍ഡ്‌ ദി വാട്ടര്‍ ലൈക്‌  ഡിസ്ചാര്‍ജ് വാസ്  ഹാവിംഗ് എ ഫൌള്‍ സ്മെല്‍ "

എന്ന് പറഞ്ഞ് അവര്‍ കഥ ഉപസംഹരിച്ചപ്പോഴേക്കും ഭാഗ്യത്തിന് ഞാന്‍ ഗ്ലാസ്ബൌളില്‍ കൊണ്ടുവച്ച ഐസ് ക്രീംകൂടി അകത്താക്കിക്കഴിഞ്ഞിരുന്നു.  ഇടയ്ക്കുകയറി ഞാന്‍ ഒരു താങ്ക്യു പറഞ്ഞത് എന്തിനു വേണ്ടിയാണെന്ന് മനസ്സിലാവാതെ അവര്‍ പകച്ചിരുന്നപ്പോള്‍ ഭൂമിയില്‍ ഇത്തരം ഭക്ഷണങ്ങള്‍ ഒക്കെയുണ്ടല്ലോ എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടുകയായിരുന്നു.

ഹോട്ടലില്‍നിന്നും ഇറങ്ങി മുന്നില്‍ കിടന്ന ടാക്സിക്കു കൈകാണിക്കുമ്പോള്‍ അവര്‍ എന്‍റെ കയ്യില്‍ അല്പം രൂപയും ഒരു വിസിറ്റിംഗ് കാര്‍ഡുംതന്ന് നന്ദിപറഞ്ഞു.

കാറിന്‍റെ വാതിലടച്ച് അവരുടെ കൈവീശലിനോട് വലതുകൈയുയര്‍ത്തി പ്രതികരിച്ചശേഷം എനിക്ക്  തന്ന രൂപ എണ്ണിനോക്കി. എന്‍റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. നൂറിന്‍റെ അഞ്ചുനോട്ടുകള്‍...!
ജോലി ഉണ്ടായിരുന്നെങ്കില്‍ എന്‍റെ ഒരു മാസത്തെ ശമ്പളം.

"എന്നെ അങ്ങോട്ട്‌ ദത്തെടുത്തു കൂടെ എന്‍റെ മദാമ്മച്ചി..."  എന്ന്  മനസ്സില്‍ ചോദിച്ച് ഞാന്‍ വളരെ വേഗം വി ടി യിലേക്ക് നടന്നു. സത്യത്തില്‍ ഞാന്‍ നടക്കുകയായിരുന്നില്ല, ഓടുകയായിരുന്നു.
എത്രയും വേഗം ജി പി ഓ യില്‍ എത്തി ഈ പൈസ അമ്മക്ക് മണി ഓര്‍ഡര്‍  അയക്കുക. അതായിരുന്നു ലക്‌ഷ്യം.

എല്ലാ ദൈവങ്ങളെയും, കാലത്ത് ശകുനംവന്ന കച്ചറക്കാരനെയും മനസ്സില്‍ ധ്യാനിച്ചു.  നാളെ അവനെ കണ്ടാല്‍ ഒരുരൂപ അവനുകൊടുക്കണം.  തന്‍റെ വഴിമുടക്കി ചാടിയ ആ കറുത്ത പട്ടിയെ കണ്ടാല്‍ രണ്ടു ബിസ്കറ്റ് വാങ്ങി അതിനു തിന്നാന്‍ കൊടുക്കണം.

ജി പി ഓ യിലെ ഗ്രൌണ്ട് ഫ്ലോര്‍ കൌണ്ടറില്‍ നിന്നും എം ഓ ഫോം വാങ്ങി എഴുതാന്‍ തുടങ്ങി...

ശ്രീമതി ദേവകി
.......................................
ഫോം എഴുതിത്തുടങ്ങുമ്പോള്‍ത്തന്നെ അതിനു മുകളില്‍വീണ രണ്ടിറ്റുചുടുകണ്ണീര്‍ തുടച്ചുമാറ്റുമ്പോള്‍ അകലെ ഗ്രാമത്തില്‍ തന്നെയോര്‍ത്ത് കണ്ണ് നിറച്ചിരിക്കുന്ന അമ്മയുടെ രൂപമായിരുന്നു ആ ഫോമില്‍ നിറഞ്ഞു നിന്നത്.  ഈ കാശ് കിട്ടുമ്പോള്‍ അമ്മ തന്‍റെ മകനെയോര്‍ത്ത് അഭിമാനിക്കും എന്ന് ഞാന്‍  സമാധാനിച്ചു.

അടുത്ത നാള്‍ അല്പം വൈകിയാണ് ഇറങ്ങിയത്‌. ശകുനം കാണാനായി കച്ചറക്കാരനെ കാത്തെങ്കിലും  അവനെയോ ആ കറുത്ത പട്ടിയേയോ കണ്ടില്ല. വി ടി യില്‍ നിന്ന് വാങ്ങിയ ടൈംസ്‌ ഓഫ് ഇന്ത്യ പത്രവുമായി വീണ്ടും ഷാലിമാര്‍ ബില്‍ഡിംഗ്‌  മതിലില്‍ ഇരുന്നു.

പത്രം തുറന്ന് എന്നത്തെയും പോലെ സിറ്റുവേഷന്‍ വേക്കന്റ് കോളം തന്നെ ആദ്യം നോക്കി. ഒരു ചെറിയ പരസ്യത്തില്‍ കണ്ണുടക്കി.. അതിങ്ങനെയായിരുന്നു.

" എ റേപ്യൂട്ടട് കമ്പനി ഹാവിംഗ് കണ്‍ട്രി വൈഡ് നെറ്റ് വര്‍ക്ക്‌ , റിക്വയര്‍ അക്കൌണ്ട്സ് അസ്സിസ്ടന്റ്സ്  ഫോര്‍ ദെയര്‍ ബോംബെ ഓഫീസ്..."

ആ പരസ്യം തുറന്നു തന്ന വാതിലിലൂടെ അക്കൌണ്ട്സ് അസിസ്റ്റന്റ്‌ ആയി, കാഷിയര്‍, ജൂനിയര്‍ അക്കൌണ്ടന്റ്, സീനിയര്‍ അക്കൌണ്ടന്റ്, അക്കൌണ്ട്സ് ഓഫീസര്‍ എന്നിങ്ങനെ ഉയര്‍ന്നു.  ഇന്ന് ആ കമ്പനിയുടെ ഫിനാന്‍സ് വിഭാഗത്തിന്റെ തലവന്‍ ആയിരിക്കുമ്പോള്‍ ഈ മഹാനഗരം മനസ്സില്‍ വരച്ചിട്ട ചിത്രങ്ങള്‍ മായുന്നില്ല. എങ്കിലും എന്‍റെ വളര്‍ച്ചകാണാന്‍ കാത്തുനില്‍ക്കാതെ എന്നെ വിട്ടുപോയ എന്‍റെ അമ്മ ഇന്നും എന്‍റെ മനസ്സില്‍ ഒരു നൊമ്പരമായി തുടരുന്നു...

------------------------------------------------------------------

**  കോലികള്‍ -മഹാരാഷ്ട്രയിലെ മുക്കുവസമുദായം 

1985 ലെ എന്‍റെ ഡയറിത്താളുകളില്‍ മയങ്ങുന്ന ചില ജീവിതാനുഭവങ്ങളാണ് ഞാന്‍ മുകളില്‍ കുറിച്ചത്.  ഇന്നത്തെ വായനക്കാര്‍ക്കെല്ലാം ഹിന്ദിജ്ഞാനം ഉള്ളതിനാല്‍ ഹിന്ദി സംഭാഷണങ്ങള്‍ മലയാളത്തില്‍ മാറ്റി എഴുതിയിട്ടില്ല.
പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 17:09 133 അഭിപ്രായ(ങ്ങള്‍) Email This BlogThis! Share to X Share to Facebook
ലേബലുകള്‍: അനുഭവം

December 15, 2011

തമ്പും തേടി

ഭഗവതിക്കാവിലെ കൊടിയേറ്റുത്സവത്തിന്‍ നാളിലാണ്‌ കാര്‍ത്തു ആദ്യമായി കൊച്ചമ്പ്രാനെ കണ്ടത്.  ആരവങ്ങള്‍ക്കിടയില്‍ നാലഞ്ച് വാല്യക്കാര്‍ക്ക് നടുവില്‍ കണ്ട ആ സുന്ദരരൂപം അവളെ വല്ലാതെ ആകര്‍ഷിച്ചു.  

അപ്പന്‍ പറേന്നത്‌ ശര്യാ... കോതമ്പിന്‍റെ നെറാ.... അവളുടെ ചുണ്ടുകള്‍ പിറുപിറുത്തു.  ഒത്ത ഉയരം. രോമാവൃതമായ നെഞ്ചില്‍, തൂങ്ങിയാടുന്ന സ്വര്‍ണാഭരണങ്ങള്‍. തോള്‍ മറച്ച് അരയോളം നീളുന്ന കസവ് വേഷ്ടി. കാവില്‍ മുറുകിക്കൊണ്ടിരുന്ന മേളപ്പെരുക്കം കൊട്ടിക്കയറിയത് കാര്‍ത്തുവിന്‍റെ നെഞ്ചിലേക്കായിരുന്നു.

"
നമ്മക്കിബടന്നു മാറിനിക്കാം... തമ്പ്രാനാത്രേ... നോട്ടം പെണ്ണുങ്ങടെ മൂട്ടിലാ..."
 
അസ്വാരസ്യം നിറഞ്ഞ ചിരുതയുടെ വാക്കുകളാണ് കാര്‍ത്തുവിനെ ചിന്തകളില്‍നിന്നും തിരികെ കൊണ്ടുവന്നത്.

"ഓരൊക്കെ ബല്ല്യ ആള്‍ക്കാരാ... തോന്നാസ്യം പറേണ്ട..."
അല്പം നീരസത്തോടെയാണ് കാര്‍ത്തു ചിരുതയോട് പ്രതികരിച്ചത്.  ആദ്യ കാഴ്ചയില്‍ത്തന്നെ തമ്പ്രാന്‍ ദൈവതുല്യനായി അവളില്‍ കുടിയേറിക്കഴിഞ്ഞിരുന്നു.

തമ്പ്രാന്‍റെ നോട്ടം കാര്‍ത്തുവിലേക്കാണ്  എന്ന് തിരിച്ചറിഞ്ഞ ശിങ്കിടി നാണുനായര്‍ പറഞ്ഞു,
"
നമ്മടെ കോരന്‍റെ മോളാ.... പാവം... തള്ളല്ല്യാത്ത കുട്ട്യാ.."

നാണു നായരുടെ വാചകം സുഖിക്കാത്ത തമ്പ്രാന്‍ അല്പം തീഷ്ണമായ ഒരു നോട്ടത്തോടെ നായരുടെ നേരെ തിരിഞ്ഞു,
" 
പാവാണോ, പണക്കാരാണോ...ന്ന് നോം തന്നോട് ചോദിച്ചോ?  വങ്കത്തരങ്ങള്‍ മേലാല്‍ നമ്മോട് വിളമ്പണ്ട ..."

മുന്നോട്ടു നടന്ന തമ്പ്രാനു പിറകെ തലചൊറിഞ്ഞ് നടക്കുമ്പോഴും തമ്പ്രാന്‍റെ വിവിധ നിറങ്ങള്‍ പലപ്പോഴായി കണ്ടറിഞ്ഞ  നാണുനായര്‍ എന്തോ പിറുപിറുത്തു കൊണ്ടിരുന്നു.  ഉദരനിമിത്തം തമ്പ്രാനു പുറകെ വേഷം കെട്ടി ആടുമ്പോള്‍ പോലും നായരിലെ  പിതാവിന്
പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല......കാരണം  നായരും രണ്ടു പെണ്മക്കളുടെ അച്ഛനല്ലേ! 

ദേവന്‍ എന്ന് വിളിക്കുന്ന ദേവനുണ്ണി.....
കിരീടം വയ്ക്കാത്ത രാജാക്കന്മാര്‍ എന്ന് നാടാകെ ഘോഷിക്കുന്ന മാളികപ്പുരയിലെ ഇളയ സന്തതിയാണ്. 

 ഒരു ദേശത്തിന്‍റെ പകുതിയിലധികം ഭൂസ്വത്തും, രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ പലതരം ബിസിനസ്സും നിരവധി കമ്പനികളും, ആനയും അമ്പാരിയുമൊക്കെയായി മേലാളപ്പെരുമ വിളിച്ചോതിനടക്കുന്ന മാളികപ്പുര വീട്ടിലെ പുറംപണിക്കാരനാണ് കോരന്‍.
 
തെങ്ങുകളുടെ കട കിളയ്ക്കുക, തോട്ടം നനയ്ക്കുക, വളം ചെയ്യുക, പശുക്കളെ കുളിപ്പിക്കുക, കൊമ്പന്മാരായ ശിവനും കൃഷ്ണനും തീറ്റയ്ക്ക്  പനമ്പട്ട വെട്ടിശേഖരിക്കുക... ഇതൊക്കെയായിരുന്നു കോരന് നിര്‍വഹിക്കാനുള്ള കൃത്യങ്ങള്‍.

 
മാളികപ്പുരയിലെ കുശിനിക്കാരന്‍ കുഞ്ഞുണ്ണി മൂപ്പന്‍റെ ഔദാര്യത്താല്‍ മൃഷ്ട്ടാന്നം സുഭിക്ഷമായതിനാല്‍ കയ്യിലെത്തുന്ന കൂലി അതേപടി കവലയിലെ ഷാപ്പില്‍ മുടക്കി, അടിയുറയ്ക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷമേ കോരന്‍ കുടിലിലേയ്ക്ക് മടങ്ങൂ. വീടിനു  മുന്നിലെ പാടത്തിന്‍ കരയിലെത്തിയാല്‍ അക്കരേയ്ക്കു നോക്കി  "മോളെ കാര്‍ത്തോ...."  എന്ന് നീട്ടി വിളിക്കും.  

 കാറ്റിന്‍റെ താളത്തില്‍ നൃത്തം വയ്ക്കുന്ന പാട്ടവിളക്കിന്‍റെ നാളം നീട്ടി അപ്പനെ എതിരേറ്റ് കുടിയില്‍ എത്തിക്കുന്നത് കാര്‍ത്തുവിന്‍റെ ദിനചര്യകളുടെ ഭാഗമായിരുന്നു.  കുടിലില്‍ എത്തിയാല്‍പ്പിന്നെ കരച്ചിലും ഏറ്റുപറച്ചിലും തുടങ്ങും. അതിനു കാരണങ്ങള്‍ ഏറെയാണ്‌...

ചിലപ്പോള്‍ വയസ്സറിയിച്ചു കാലം കുറച്ചായിട്ടും മംഗല്യം കനിയാത്ത മകളുടെ വിധിയെക്കുറിച്ചോര്‍ത്താണ് രോദനമെങ്കില്‍, മറ്റൊരിക്കല്‍ തലയും മുലയും വളര്‍ന്ന മകള്‍ക്ക്  കൂട്ടാകേണ്ട പെറ്റമ്മ നഷ്ടമായതിനാലാകാം.  കരച്ചിലിനിടയില്‍  എന്നെയും
മകളെയും ജീവിക്കാന്‍വിട്ട് നീ ഒറ്റയ്ക്കെന്തിനു പോയി....? എന്ന് മണ്മറഞ്ഞ പത്നിയോട് ചോദിക്കുന്ന  പതിവുചോദ്യം  ആവര്‍ത്തിച്ചു കൊണ്ടിരിക്കും.
                                                                                                                                                   
അപ്പാക്ക്‌ കള്ള് ചെല്ലുമ്പോ മാത്രം കാണുന്ന ഈ ഏനക്കേടിനെ പഴിച്ച് മുനിഞ്ഞു കത്തുന്ന വിളക്കിന്‍ നാളത്തെ കൈകൊണ്ടു വീശിക്കെടുത്തി പായിലേക്ക് ചരിയുമ്പോള്‍  ആ പാവം പെണ്ണിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരിക്കും. ചാണകം മെഴുകിയ നിലത്തു വിരിച്ച പായയില്‍ ഉറക്കം വരാതെ സമയം തള്ളിനീക്കുമ്പോള്‍ മനസ്സില്‍  തെളിയുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ നെഞ്ചിലിഴയുന്ന സ്വര്‍ണനൂലുകളുമായി കസവുപുതച്ച് മന്ദഹസിച്ചുനില്‍ക്കുന്ന കൊച്ചമ്പ്രാനും സ്ഥാനം പിടിച്ചിരിക്കുന്നു എന്നവള്‍ അറിഞ്ഞു.

 
ഉച്ചക്കഞ്ഞിയ്ക്ക് ഊട്ടുപുരമുറ്റത്ത്‌ കുഴിച്ച കുഴിയില്‍ വാഴയില വാട്ടി  തിരുകുമ്പോള്‍ മുന്നില്‍ വന്ന തമ്പ്രാന്‍ ചോദിച്ചു, 
"
കോരാ... നിന്‍റെ മകള്‍ക്ക്  താഴെകരവരെ വന്ന് വീടും മുറ്റോക്കെ സ്ഥിരായിട്ട് ഒന്നു തൂത്തു തൊടച്ചൂടെ?  രണ്ടു നാഴികടെ പണ്യെ ഒള്ളൂ. മുഴോന്‍ ദിവസത്തെ കൂലി വാങ്ങിക്കോ..."

തിരുവായ്ക്ക് എതിര്‍ വായില്ലല്ലോ... തമ്പ്രാന്‍റെ കല്പനയ്ക്ക് മറുപടിയായി കോരന്‍ ഒന്നും ഉരിയാടിയില്ല...  പിറ്റേന്ന് പാടത്തിന്‍റെ മറുകരയിലുള്ള താഴെകര എസ്റ്റേറ്റ്‌ ബംഗ്ലാവിലേയ്ക്ക്  മകളെ പണിയ്ക്കായി അയയ്ക്കുമ്പോള്‍ ആ പിതാവ് പ്രാര്‍ഥിച്ചു,  " തൈവങ്ങളെ... ന്‍റെ കുട്ട്യേ കാത്തോളണേ..."
 
നിറമുള്ള സ്വപ്നങ്ങള്‍ക്ക് പുറമേ കോളനിയിലെ അസ്വാതന്ത്ര്യത്തില്‍നിന്നും അല്‍പ്പനേരത്തേയ്ക്കെങ്കിലും ഒരു മോചനം... അത് കാര്‍ത്തുവില്‍  ഏറെ സന്തോഷം പകര്‍ന്നു.
 
മഞ്ഞു തുള്ളികളുടെ നനവുപുരണ്ട് പാടവരമ്പില്‍ വീണുമയങ്ങുന്ന നെല്ക്കതിരുകളെ കാല്‍ കൊണ്ട് വകഞ്ഞുമാറ്റി മുന്നോട്ടുനടക്കുമ്പോള്‍ താഴെകര ബംഗ്ലാവിനെ  കുറിച്ച് ചിരുത പറഞ്ഞ കാര്യങ്ങള്‍ അവളോര്‍ത്തു. 

  കണ്ണെത്താദൂരത്ത് പരന്നുകിടക്കുന്ന റബ്ബര്‍മരങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന അരുവി... അരുവിക്കരയില്‍ ബംഗ്ലാവ്...  ബംഗ്ലാവിനുചുറ്റും വിവിധവര്‍ണ്ണങ്ങളില്‍ പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന പൂന്തോട്ടം. നാനാതരം കിളികളുടെ നാദം. താഴ്ന്ന കൊമ്പുകളില്‍ അങ്ങോട്ടുമിങ്ങോട്ടും പറക്കുന്ന മയിലുകള്‍. പാറകളില്‍ത്തട്ടി ചിതറുന്ന അരുവിയിലെ ജലത്തില്‍ സൂര്യരശ്മികള്‍ തീര്‍ക്കുന്ന വര്‍ണ്ണവില്ലുകള്‍.  ഏതോ സ്വപ്നലോകത്തേക്ക് എടുത്തെറിയപ്പെട്ട കാര്‍ത്തു, കാര്യസ്ഥന്‍ കേശവന്‍ ബംഗ്ലാവിന്‍റെ വാതില്‍ തുറന്നുകൊടുക്കുമ്പോഴും സ്വപ്നത്തില്‍നിന്ന് ഉണര്‍ന്നിരുന്നില്ല.

"
കാര്‍ത്തോ..... ഇവിടെ കാണണതും നടക്കണതും പൊറത്ത്‌ പോയി വിളമ്പണ്ട... കൊല്ലിനും കൊലക്കുംവരെ മറുചോദ്യം ഇല്ല്യ, മനസ്സിലായോ...?"

കേശവന്‍  പറഞ്ഞ വാചകത്തിന്‍റെ പൊരുള്‍ ഗ്രഹിക്കാനാകാതെ നനച്ചതുണികൊണ്ട് നിലം തുടയ്ക്കുമ്പോള്‍ അവള്‍ കരുതി, ചിരുതക്കും കേശവനും  ഒക്കെ തമ്പ്രാക്കളോട്  അസൂയയാ... എന്തിനും കുറ്റം മാത്രേ കാണൂ.  അവള്‍ക്കീ ജോലിനല്‍കിയ കൊച്ചമ്പ്രാന്‍റെ നല്ല മനസ്സ്‌ അവള്‍ക്കു
കാണാതിരിക്കാനായില്ല.

 
ഒരു തണുത്ത കരസ്പര്‍ശം തോളില്‍ വീണപ്പോള്‍ കാര്‍ത്തു ഞെട്ടിത്തിരിഞ്ഞു. പെട്ടെന്ന് മുന്നില്‍ കണ്ട തമ്പ്രാനു മുന്നില്‍ അവള്‍ ചൂളിപ്പോയി. അവള്‍ എഴുന്നേറ്റ് തമ്പ്രാനുമുന്നില്‍ തല കുനിച്ചു നിന്നു.
"ഇന്ന് പൊയ്ക്കോ..." കൂലിക്കൊപ്പം ഒരു കടലാസുപൊതി  കൂടി അവള്‍ക്കുനേരെ നീട്ടി തമ്പുരാന്‍ പറഞ്ഞു.

പാടവരമ്പിലൂടെ കുടില്‍ ലക്ഷ്യമാക്കി നടക്കുമ്പോള്‍ തമ്പ്രാന്‍ നല്‍കിയ സമ്മാനം എന്താണെന്ന് അറിയാന്‍  ഒരു ജിജ്ഞാസ അവളില്‍ ഉടലെടുത്തു. സമ്മാനപ്പൊതി തുറന്ന അവള്‍ വല്ലാത്ത ഒരുതരം വശ്യസുഗന്ധത്താല്‍ വലയം ചെയ്യപ്പെട്ടു. ഹായ്... സെന്റ്‌... അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു...
പിന്നീട് ഓരോ ദിവസവും അവള്‍ വളരെ ഉത്സാഹവതിയായി അണിഞ്ഞൊരുങ്ങി ബംഗ്ലാവിലെത്തി. ഉണ്ടില്ലെങ്കിലും ഉടുത്തൊരുങ്ങി നടക്കുന്നതില്‍ ചെറുപ്പം മുതലേ കാര്‍ത്ത്യായനി ശ്രദ്ധിച്ചിരുന്നു. കോരന്റെ സുന്ദരിയായ ഈ  മകള്‍ക്കുപിറകെ കഴുകന്‍കണ്ണുകള്‍ ഏറെയെന്നതിനാല്‍ അമ്മ നഷ്ടപ്പെട്ട മകളെ കുടിലില്‍ നിന്നു പുറത്തിറങ്ങാന്‍ കോരന്‍ സമ്മതിച്ചിരുന്നില്ല. പക്ഷെ തമ്പ്രാക്കള്‍ ആജ്ഞാപിച്ചാല്‍ എന്തുചെയ്യും. തന്‍റെ നിവൃത്തികേടിനെ പഴിക്കയല്ലാതെ.
 
കൂരയിലെ  നാല് ചുമരുകള്‍ക്കുള്ളില്‍ മാത്രം ലോകം  കണ്ടുവളര്‍ന്ന കീഴാള പെണ്ണിന് താന്‍ കാണാത്ത കാഴ്ചകള്‍ കാണുമ്പോഴും ഭൌതികനേട്ടം ജീവിതസമവാക്യങ്ങളില്‍ വരുത്തുന്ന വ്യതിയാനം അനുഭവിച്ചറിയുമ്പോഴും മേലാളന്‍ ഒരുക്കുന്ന കെണി കാണാന്‍ കഴിയുന്നതെങ്ങിനെ?


നാളുകള്‍ പോകെപ്പോകെ തമ്പ്രാന്‍ നീട്ടിയ ഔദാര്യങ്ങള്‍ പണമായും പണ്ടമായും വന്ന് കാര്‍ത്തുവിനുമേല്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ തമ്പ്രാന്‍ നല്‍കിയ സുഗന്ധം വാരിപ്പൂശി  സ്വന്തം ശരീരം തമ്പ്രാന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ അവള്‍ നിര്‍ബന്ധിതയായി. എസ്റ്റേറ്റ്‌ ബംഗ്ലാവിന്‍റെ അകത്തളങ്ങളില്‍ വച്ച്  പലപ്പോഴായി തമ്പ്രാന്‍ പകര്‍ന്നുനല്‍കിയ ചൂടും ചൂരും ഏറ്റുവാങ്ങി നൂലറ്റ പട്ടം കണക്കേ അവള്‍ അനന്തവിഹായസ്സില്‍ നാളുകള്‍ പാറി നടന്നെങ്കിലും, ചലനഗതിയില്‍ രൂപംകൊണ്ട പിഴവുകളാല്‍ ആടിയുലഞ്ഞു  നിലംപതിച്ചത് പൊടുന്നനെയായിരുന്നു.

മാസക്കുളി തെറ്റിയ കാര്യം തമ്പ്രാനെ അറിയിച്ചപ്പോള്‍ അശേഷം കൂസലില്ലാതെ അദ്ദേഹം പറഞ്ഞു...
 
"
ന്‍റെ കാര്‍ത്തോ... ഇതൊക്കെ ഒരു വിഷയാ...
ആ കാളിയെ ഞാന്‍ വിളിച്ചു  പറയാം..
രണ്ടു നാഴിക... അവളെല്ലാം ശര്യാക്കിത്തരും..."

 
തമ്പ്രാന്‍ നിര്‍ദേശിച്ച കാളിയെ ഉപയോഗിച്ചുള്ള പ്രാകൃത ഗര്‍ഭഛിദ്രത്തില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത് നാട്ടില്‍ പാട്ടായതിനാല്‍ കാര്‍ത്തു അതിനു വിസമ്മതിച്ചു.
 
"
ഓള് ആളെ കൊല്ലും... ക്ക്... പേട്യാ" കാര്‍ത്തു പറഞ്ഞു.

"
ന്ന..  ഒരു കാര്യം ചെയ്യാ... അങ്ങട് പ്രസവിച്ചോള..."

കേണുകരഞ്ഞുകൊണ്ടവള്‍ പറഞ്ഞു,  "ന്നെ....  കൈവിടല്ലേ തമ്പ്രാ....."

"കൂടെ കെടന്നോരെ മുഴോന്‍ വേളികഴിക്കാന്‍ പറ്റോ കാര്‍ത്തോ...?  നെനക്ക് കാശെത്ര വേണം... അത് പറഞ്ഞോ.... ക്ഷീണം കാണും... നാളെത്തൊട്ട് പണിക്കു വരണ്ട.  ഞാന്‍ വേറെ ആളെ നോക്കാം..."
 
തമ്പ്രാന്‍ ചവച്ചുതുപ്പിയ ഏതോ ഉച്ചിഷ്ടം.... അതാണ്‌ താനെന്നു  തിരിച്ചറിഞ്ഞ കാര്‍ത്തു താന്‍ ചെന്നുപതിച്ച ആഴത്തെക്കുറിച്ച് അപ്പോഴാണ്‌ ചിന്തിച്ചത്. 

വിങ്ങുന്ന മനസ്സും തളര്‍ന്ന ശരീരവുമായി ബംഗ്ലാവിന്‍റെ പടികള്‍ ഇറങ്ങുമ്പോള്‍ കിളികളുടെ പാട്ട് നിലച്ചിരുന്നു.  തോട്ടത്തിലെ പൂക്കള്‍ക്ക് നിറം നഷ്ടപെട്ടിരുന്നു .   അരുവിയുടെ ഒഴുക്കിന്‍റെ നാദം അവള്‍ക്കു കേള്‍ക്കാനായില്ല.  പറക്കുന്ന മയിലുകളെ അവള്‍ കണ്ടില്ല. റബ്ബര്‍ മരച്ചില്ലകള്‍ നിശ്ചലമായിരുന്നു. കാറ്റുപോലും തന്നെ വെറുത്തുവോ എന്നവള്‍ സംശയിച്ചു.

 
രണ്ടുനാള്‍ പണിക്കുപോകാതെ കുടിലില്‍ തന്നെ ചടഞ്ഞിരുന്ന മോളോട് കോരന്‍ ചോദിച്ചു, "ന്താ കുട്ട്യേ... അനക്ക്... സൊകല്ല്യെ?"

"
എനക്ക്  വയ്യ അപ്പ ... 
ഒറ്റയ്ക്ക് ഇനി പൊറുക്കാന്‍ വയ്യ... അപ്പനിഷ്ടള്ള ആരാച്ചാ പറഞ്ഞോ...
ഞാ  കൂടെ എറങ്ങാം...''

ആരെ കാണിച്ചാലും "കറുത്തിട്ടാണ്... കണ്ണ് കൊള്ളൂല, മുടി കൊള്ളൂല" എന്നൊക്കെ പറയാറുള്ള മകളുടെ പെട്ടെന്നുള്ള ഈ മാറ്റം കോരനെ തെല്ല് അമ്പരപ്പിച്ചുവെങ്കിലും തന്‍റെ കണ്ണടയുന്നതിനു മുന്‍പ് അവളെ ആര്‍ക്കെങ്കിലും പിടിച്ചേല്‍പ്പിക്കാന്‍ കഴിയുമല്ലോ എന്നോര്‍ത്ത് അയാള്‍  ആശ്വസിച്ചു.

 
പതിവുപോലെ അന്നും അന്തിക്കള്ള് മോന്തി തല ഉയര്‍ത്തിനോക്കിയപ്പോള്‍ മുന്നില്‍ക്കണ്ട ആ രൂപത്തെ കോരന്‍ അടിമുടി ഒന്ന് വീക്ഷിച്ചു. നല്ല കരിവീട്ടിയില്‍ കടഞ്ഞെടുത്ത പോലുള്ള ശരീരം...  നെറ്റിയിലേക്ക്  വീണുകിടക്കുന്ന ചുരുളന്‍ തലമുടി. മുട്ടിനു മുകളില്‍ ചുറ്റിയ കള്ളിമുണ്ടിനുചേര്‍ന്ന ചുവപ്പുനിറത്തില്‍ ഒരു ബനിയന്‍. കഴുത്തില്‍ ടവല്‍ കൊണ്ടൊരു കെട്ട്.  തന്നെ നോക്കി കള്ള് മോന്തിക്കൊണ്ടിരുന്ന അവന്‍റെ മുഖത്തെ ചിരി കോരന് ഏറെ ബോധിച്ചു. ഷാപ്പിനു മുന്നിലെ ഒഴിഞ്ഞ പറമ്പില്‍ കയര്‍ കെട്ടി വൃത്താകൃതിയില്‍  തീര്‍ത്ത സ്ഥലത്ത് സൈക്കിള്‍ അഭ്യാസം നടത്തുന്നവനാണെന്ന് അടുത്തിരുന്ന ആരോ പരിചയപെടുത്തി. രണ്ടു ദിവസം കഴിഞ്ഞാല്‍ ഇവിടം വിട്ട് അടുത്ത സ്ഥലത്തേക്ക് പോകുമത്രേ. കുറച്ചു നേരത്തെ മൗനത്തിനുശേഷം കോരന്‍ ചോദിച്ചു...

"
എന്താന്‍റെ പേര്?""വേലായുധന്‍...."

"
അനക്ക് പെണ്ണും പെടക്കൊഴീം ഒന്നൂല്ല്യെ?'"
തല ഉയര്‍ത്താതെതന്നെ അയാള്‍ ഉത്തരം പറഞ്ഞു...
"
ഇണ്ടാര്‍ന്നു... ഓള് ചത്ത്‌.. ഇപ്പൊ ഒറ്റത്തടി... സര്‍ക്കസ്സുനടത്തി വല്ലോം  കിട്ടോണ്ട് തീറ്റേം കുടീം.... പിന്നെ ഇത് പോലെ വല്ല ഷാപ്പിന്റേം കോലായില്  ചുരുളും..."

ഉള്ളിലുയര്‍ന്ന ആകാംക്ഷ പുറത്തുകാണിക്കാതെ കോരന്‍ വീണ്ടും ചോദിച്ചു,
"
ഇങ്ങനെ മത്യോ... പെണ്ണൊക്കെ കെട്ടി ഒരു കുടുംബോക്കെ വേണ്ടേ?"
ബീഡിക്കറ പുരണ്ട പല്ലുകള്‍ കാണിച്ചുചിരിച്ച് വേലായുധന്‍ ഒരു മറുചോദ്യം നീട്ടി...
 
"
ഊര് തെണ്ടി നടക്കണ എനക്കാരാ പെണ്ണ് തരാ?"

"ഞാന്‍ തന്നാലോ.... ? "

ഒരു വെറുംവാക്ക് പോലെ തന്‍റെ മുന്നിലേയ്ക്കെറിഞ്ഞ ചോദ്യത്തിന്‍റെ ഉത്തരംതേടി വീശിത്തെളിച്ച ചൂട്ടുവെളിച്ചത്തില്‍ കോരനെ അനുഗമിക്കുമ്പോള്‍ വേലായുധന്‍റെ മനസ്സില്‍ പുതിയൊരു  വെളിച്ചം പരക്കുകയായിരുന്നു.   കത്തിത്തീര്‍ന്ന ചൂട്ടുകുറ്റി  കാല്‍ കൊണ്ട് ചവിട്ടിക്കെടുത്തി  കോരന്റെ കുടിലില്‍  കാല്‍വച്ചപ്പോള്‍  മുന്നില്‍ക്കണ്ട കാര്‍ത്തുവിനെ ആ നിമിഷം തന്നെ വേലായുധന്‍  മനസാ വരിച്ചുകഴിഞ്ഞിരുന്നു. വിളക്കിന്‍ വെട്ടത്തില്‍  ആ മുഖം തിളങ്ങിയപ്പോള്‍ എത്ര സുന്ദരിയാണ് ഇവളെന്നു അവന്‍റെ  മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.
കാര്യങ്ങള്‍ മകളെ ധരിപ്പിച്ച്‌ കോരന്‍ പറഞ്ഞു...

"
മറ്റന്നാള്‍ ഇബിടുന്നു പോണത്രെ... അപ്പോള്‍ നാളെ ന്നെ ചാത്തമ്മാരടെ മുന്നി വെച്ച്  താലിച്ചരട് കെട്ടാ... ഒരൂസം അപ്പന്‍റെ കൂടെ ഇണ്ടല്ലോ... പിന്ന എടക്കൊക്കെ ബന്നു കണ്ടാ മതി ട്ടാ...
" അപ്പന്‍ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അവള്‍ കണ്ടു.  പക്ഷെ ഒന്നും കാണാനാകാത്തവിധം ഒരു  നിസ്സംഗത അവളെ ആവരണം ചെയ്തിരുന്നു. രണ്ടാംകെട്ടുകാരനായതിനാലാകാം അവളുടെ മുഖത്ത് ഈ  വിഷാദം എന്ന് വേലായുധനും ധരിച്ചു.
പിറ്റേന്ന്  ഭഗവതിക്കാവില്‍ തൊഴാന്‍ പോയപ്പോഴാണ് കൂട്ടുവന്ന ചിരുത പറഞ്ഞത്,

 
"കാര്‍ത്തോ... അറിഞ്ഞാ... ഇയ്യ് പോന്നേപ്പിന്നെ എസ്റ്റേറ്റ്‌ പണിക്കു നിര്‍ത്ത്യ തെക്കേലെ മാളൂനെ തമ്പ്രാന്‍ പെഴപ്പിച്ച്...  ഓരെ കൊണ്ട് ശവം തീറ്റിക്കും ന്ന് പറഞ്ഞാത്രേ ഓള് നെഞ്ചത്തടിച്ച് എറങ്ങിപ്പോയത്.... അപ്പനെ ഓര്‍ത്താരിക്കും  അന്നേ ഒന്നും ചെയ്യാണ്ട് വിട്ടേ...
ഞാന്‍ പറേമ്പോ  ഇയ്യ് എന്താ പറഞ്ഞെ... ഓര് ബല്ല്യോരാ.... ഫൂ... 

"  കാറിത്തുപ്പി ചിരുത പറഞ്ഞ ഈ വാര്‍ത്ത കാര്‍ത്തുവില്‍ യാതൊരു ഭാവഭേദവും പകര്‍ന്നില്ല. തനിക്കു പിറകെ മറ്റൊരു ഇര കൂടി ... എന്ന് ചിന്തിച്ച് മൗനം പേറി അവള്‍ ചിരുതയ്ക്കൊപ്പം നടന്നു.

 
താലികെട്ട് കഴിഞ്ഞ് ആചാരോപചാരങ്ങള്‍ക്ക്  ശേഷം ചാത്തന് നിവേദിച്ച കള്ളും കോഴീം തീര്‍ത്ത്‌ കാരണവര്‍മാര്‍ മടങ്ങിയപ്പോള്‍ പാതിരാത്രി കഴിഞ്ഞിരുന്നു. എണ്ണകഴിഞ്ഞ് അണയാന്‍ തുടങ്ങിയ വിളക്കിന്‍നാളം ഊതിക്കെടുത്തി വേലായുധനില്‍ നിന്നും വമിക്കുന്ന ബീഡിച്ചൂരും വിയര്‍പ്പിന്‍ നാറ്റവും സ്വീകരിക്കുമ്പോള്‍ താഴെകര ബംഗ്ലാവിന്‍റെ അകത്തളങ്ങളില്‍വച്ച് തമ്പ്രാനില്‍ നിന്നേറ്റുവാങ്ങിയ സുഗന്ധം അവളെ വല്ലാതെ  അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

നിര്‍വികാരത പുതച്ച അവളുടെ ഉടലില്‍ പേമാരിയായ് പതിച്ച വേലായുധന്‍റെ  പൌരുഷം മന്ദമന്ദം പെയ്തൊഴിഞ്ഞ് തളര്‍ച്ചയിലേക്ക് വഴുതിവീണ നിമിഷങ്ങളില്‍ അവന്‍ ചോദിച്ചു....
" 
അനക്കെന്നെ ഇഷ്ടായില്ലേ.. കാര്‍ത്തോ?"ജീവനില്ലാത്ത ഒരു ചിരി പകരം നല്‍കി അയാളുടെ മാറിലേക്ക്‌ ചായുമ്പോള്‍ താനയാള്‍ക്ക് നല്‍കുന്ന വഞ്ചന പൊതിഞ്ഞ സ്നേഹം അവളെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു.

 
അപ്പന്‍റെ കാല്‍ തൊട്ടുവന്ദിച്ച് കോളനിയുടെ   പടിയിറങ്ങുമ്പോള്‍  ഓര്‍മ്മകള്‍ ഹൃദയം കീറിമുറിക്കുന്ന ഈ ദേശത്തേക്ക് ഇനിയൊരിക്കലും  തിരിച്ചുവരാതിരുന്നെങ്കില്‍ എന്നവള്‍  ആശിച്ചു.

തോളില്‍ തൂക്കിയ തുണിയുടെ മാറാപ്പും പേറി വേലായുധന് പിറകെ പാടം പിന്നിട്ടപ്പോള്‍ കാടിറങ്ങിവന്ന ഏതോ കൂട്ടനിലവിളിക്ക്‌ മുന്നില്‍ പായയില്‍ പൊതിഞ്ഞ ഒരു  മൃതദേഹം ചുമന്ന് ഏതാനും പേര്‍ കടന്നുപോയതവള്‍ കണ്ടു. തമ്പ്രാന്‍ പെഴപ്പിച്ച തെക്കേലെ മാളു വിഷംകുടിച്ചുചത്തുവെന്ന് കൂട്ടത്തില്‍ ആരോ പറഞ്ഞത് കേള്‍ക്കാതിരിക്കാന്‍ അവള്‍ കൈത്തലം  കൊണ്ട് ചെവികള്‍ക്ക് മറ തീര്‍ത്തിരുന്നു.  

 അടികള്‍ അമര്‍ത്തിച്ചവിട്ടി അടുത്ത തമ്പു തേടി യാത്ര തുടരുമ്പോള്‍ തമ്പ്രാന്‍റെ മാറിലെ സ്വര്‍ണനൂലുകള്‍,  പത്തി വിടര്‍ത്തിയാടുന്ന  ഉഗ്രസര്‍പ്പങ്ങളായി രൂപം പ്രാപിച്ചു ഗ്രാമജനതയെ വിഷം തീണ്ടുന്ന ചിത്രം മാത്രമായിരുന്നു അവള്‍ക്കു മുന്നില്‍...


(അറുപതുകളിലെ മേലാള മേല്‍കൊയ്മയുടെ തേര്‍വാഴ്ചയില്‍ കാലിടറി വീണ ജീവിതങ്ങള്‍ .... അപമാന ഭാരത്താല്‍ ജീവിതം ഹോമിച്ചവര്‍ ..മേലാളരുടെ ബീജവും ഉദരത്തില്‍ പേറി മറ്റു ചിലര്‍ക്ക് പിറകെ പലായനം ചെയ്തവര്‍... ചവിട്ടിയരക്കപെട്ട ആ ജീവിതങ്ങളുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഈ വരികള്‍ സമര്‍പ്പിക്കുന്നു ) 


പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 08:51 93 അഭിപ്രായ(ങ്ങള്‍) Email This BlogThis! Share to X Share to Facebook
ലേബലുകള്‍: കഥ
Newer Posts Older Posts Home
Subscribe to: Posts (Atom)
പ്രിയ വായനക്കാര്‍ക്ക് തുഞ്ചാണിയിലേക്ക് സ്വാഗതം !!!!

തുടിതാളം ബ്ലോഗ്ഗിലേക്ക്

Thudithalam

Followers


Popular Posts

  • ചേമ്പിലക്കുടയും തെക്കന്‍കാറ്റും
    " ഹോ.. വല്ലാത്ത മഴ ട്രെയിനുകള്‍ ഓടുന്നുവോ ആവോ ? സ്കൂള്‍ ബസ്‌ വന്നോ എന്ന് നോക്ക്യേ ..." അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട...
  • വേനല്‍പൂവുകള്‍
    മുംബൈ വി ടി  (ഇന്ന് മുംബൈ സി എസ് ടി)  യിലെ എട്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ വണ്ടി  എത്തിച്ചേര്‍ന്നത്‌ വൈകുന്നേരം അഞ്ചു മണിക്ക്.  ശ്രീകൃഷ്ണ ട...
  • ജന്നത്തുല്‍ ഫിര്‍ദൌസ്
    മക്ക പിടിച്ചടക്കാന്‍ എത്തിയ അബ്രഹത്തിന്റെ ആനപ്പടയെ കല്ലെറിഞ്ഞു തുരത്തിയ അബാബില്‍ പക്ഷി കൂട്ടങ്ങള്‍!! അവ മാനത്ത് തീര്‍ത്ത അന്ധകാരത്തെ മനസില...
  • നേത്താവലിയിലെ കാറ്റ്
    ഇരുണ്ട ആകാശത്തില്‍ അങ്ങിങ്ങായ്‌  ചില നേരിയ  രേഖകള്‍ കോറിയിട്ട് ഒരു വെള്ളി വെളിച്ചം ഗുന്ജ്ജന്റെ മുഖത്തു പതിച്ചു.  സജലങ്ങളായ അവളുടെ കണ്‍കോണു...
  • അതിഥി ദേവോ ഭവ:
    മുംബൈയില്‍ എത്തി ആദ്യ കുറച്ചുനാള്‍ ഞാന്‍ നാട്ടുകാരനും എന്‍റെ  ബന്ധുവുമായ  ചന്ദ്രേട്ടനോടൊപ്പമാണ്  താമസിച്ചത്.  അദ്ദേഹത്തിന്‍റെ വിവാഹശേഷം ...
  • പ്രയാണം
    ഉച്ച വെയിലിന്‍ ചൂട് കുറയാന്‍ തുടങ്ങുന്നതെ ഉള്ളൂ.  കാലത്തിറക്കിയ ഇളനീര്‍ ഭൂരിഭാഗവും വിറ്റ് പോയിരിക്കുന്നു.  അവശേഷിക്കുന്ന അഞ്ചാറെണ്ണം മുന...
  • പാത്തൂന്റെ പാസ്‌
    എന്റെ കുട്ടികാലത്ത് മതുപ്പുള്ളി  എന്ന എന്റെ ഗ്രാമത്തില്‍ റേഷന്‍ കട നടന്നിരുന്നത് സെന്ററിലുള്ള ഞങ്ങളുടെ മൂന്നു മുറി കെട്ടിടത്തിലായിരുന്നു....
  • മോന്തികൂട്ടം
    ഗ്രാമത്തെ  ഇരുകരകള്‍ ആയി വിഭജിക്കുന്നത് നടുവില്‍ പരന്നു കിടക്കുന്ന വിശാലമായ നെല്‍പാടമാണ്.  പാടത്തിനു നടുവിലൂടെ തെക്കെകരയെയും വടക്കേകരയും ബ...
  • മിച്ചഭൂമി
    എഴുപതുകളിലെ എന്റെ ഗ്രാമം .  കാര്‍ഷിക വൃത്തിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഭൂരിഭാഗം വരുന്ന ഗ്രാമീണ ജനത . അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷ...
  • തമ്പും തേടി
    ഭഗവതിക്കാവിലെ കൊടിയേറ്റുത്സവത്തിന്‍ നാളിലാണ്‌ കാര്‍ത്തു ആദ്യമായി കൊച്ചമ്പ്രാനെ കണ്ടത്.  ആരവങ്ങള്‍ക്കിടയില്‍ നാലഞ്ച് വാല്യക്കാര്‍ക്ക് നടുവി...
Powered by Blogger.

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Blog Archive

  • ▼  2014 (1)
    • ▼  January (1)
      • ചേമ്പിലക്കുടയും തെക്കന്‍കാറ്റും
  • ►  2013 (1)
    • ►  March (1)
  • ►  2012 (5)
    • ►  September (1)
    • ►  June (1)
    • ►  March (2)
    • ►  January (1)
  • ►  2011 (8)
    • ►  December (1)
    • ►  October (1)
    • ►  September (2)
    • ►  August (2)
    • ►  July (2)

About Me

My photo
വേണുഗോപാല്‍
മുംബൈ, മഹാരാഷ്ട്ര, India
താളങ്ങളുടെ നാട് എന്ന് ഞങ്ങള്‍ ഓമനപ്പേര് വിളിക്കുന്ന പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട് ജനനം. പെരിങ്ങോട് ഹൈസ്കൂള്‍ , പട്ടാമ്പി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇരുപതാം വയസ്സില്‍ പ്രവാസിയായി മുംബൈ നഗരത്തിലേക്ക്. താളങ്ങളുടെ നാട്ടില്‍ നിന്നും മഹാനഗരത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ നഷ്ട്ടമായ ജീവിത താളം വീണ്ടെടുക്കാന്‍ വര്‍ഷങ്ങളോളം പ്രവാസത്തിന്റെ കടുത്ത പാതകളിലൂടെ തളര്‍ന്നും നിവര്‍ന്നും ഗമനം. ഇടക്കെങ്ങോ കൈമോശം വന്ന എഴുത്തും വായനയും തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഈ-എഴുത്തും വായനയും തുടങ്ങി വെച്ചു. വഴി കാണിക്കുക. തെറ്റുകള്‍ തിരുത്തിത്തരുക.
View my complete profile

Total Pageviews

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Facebook Badge

Venu Gopal

Create Your Badge

ജാലകത്തിലേക്ക്...

ജാലകം

Blogroll

 
(c) Copyright 2010 THUNCHANY. Designed by Blogspot Templates
Supported by Video Game Music, Website Hosting, VPS Hosting